നിലാവിന്റെ തോഴൻ: ഭാഗം 104
രചന: ജിഫ്‌ന നിസാർ
ലില്ലി ചെന്നു കോളിങ് ബെൽ അടിച്ചു കാത്തു നിന്നു.
കാത്ത് നിൽക്കാൻ അവളെ പോലെ ക്ഷമയില്ലെന്ന് കലഹിച്ചു കൊണ്ട് മനസ്സിറങ്ങിയോടി അകത്ത് കയറിയിരുന്നു.
എവിടെ പോവുകയാണെന്ന് കുന്നേൽ നിന്നും ഒരുങ്ങിയിറങ്ങി വന്നതും അവിടുള്ളവരെല്ലാം ചോദിച്ചു.
അപ്പോഴാണ് ശെരിക്കും പകച്ചുപോയതും.
സൂപ്പർമാർക്കറ്റിൽ പോവുന്നത് പറയുന്ന പോലല്ല.
ഇതെന്തോ കള്ളത്തരം കാണിക്കുന്നത് പോലെ അവൾക്ക് തന്നെ തോന്നുന്നുണ്ടായിരിന്നു എന്ന് വേണം പറയാൻ.
മനസ്സിലുള്ളത് എങ്ങനെ മറ്റുള്ളവരുടെ മുന്നിൽ പറഞ്ഞു ഫലിപ്പിക്കുമെന്നറിയാതൊരു പതർച്ച.
ആ ഉമ്മയെ ഹൃദയം ഏറ്റെടുത്തത് പോലെ.
അവരെ ഉപേക്ഷിച്ചു കളയാൻ വയ്യെന്ന് മനസ്സിനൊരു വാശിയുള്ളത് പോലെ..
തനിക്കവർ പ്രിയപ്പെട്ട ആരൊക്കെയോ ആയി മാറിയത് പോലെ…
ആ ഉമ്മാന്റെ ചിരിയും തെളിഞ്ഞ മുഖവും ഓർക്കുമ്പോൾ പോരാതിരിക്കാനും കഴിയുന്നുണ്ടായിരുന്നില്ല.
‘സൂപ്പർ മാർക്കറ്റിൽ പോവാണ്. വെറുതെ ഇരിക്കണ്ടല്ലോ “യെന്ന് പറഞ് മുഖത്തു പൊടിഞ്ഞ വിയർപ്പു തുള്ളികൾ തുടച്ചു കൊണ്ട് ധൃതിയിൽ ഇറങ്ങി പോരുകയായിരുന്നു.
ഇനിയും അങ്ങോട്ട് പോകണമോ എന്നാരെങ്കിലും ചോദിക്കുമെന്നോ.. തന്നോട് ഇപ്പൊ പോവണ്ടന്ന് പറയുമോ എന്നൊക്കെയും ഭയന്നതെന്തിനാണെന്ന് അവൾക്കപ്പോഴും മനസ്സിലായില്ല.
“ആഹാ.. താനിയിരുന്നോ..”
നിറഞ്ഞ ചിരിയോടെ ഷാനവാസ് വാതിൽ തുറന്നു കൊണ്ട് ചോദിക്കുമ്പോൾ പൂർവാധികം ശക്തിയോടെ അവളുടെ ഹൃദയം വീണ്ടും കുതിച്ചു തുള്ളി കൊണ്ടിരുന്നു.
“കയറി വാ.. തന്നെ ചോദിച്ചു ഉമ്മയും മറുപടി പറഞ്ഞു ഞാനും മടുത്തു.. ആശ്വാസമായി. താൻ വന്നല്ലോ.”
വാക്കുകളിലെ അതെ ആശ്വാസം ഷാനവാസിന്റെ മുഖത്തും ലില്ലി കണ്ടു.
തന്നെ കണ്ട് തിളങ്ങുന്ന രണ്ട് നക്ഷത്രം അയാളുടെ കണ്ണിൽ മിന്നിമായുന്നതും അവൾ വളരെ വ്യക്തമായും കണ്ടിരുന്നു.
“വാ..”
അവളനങ്ങാതെ നിൽക്കുന്നത് കണ്ടിട്ടായിരുന്നു ഷാനവാസ് വീണ്ടും വിളിച്ചത്.
നേർത്തൊരു ചിരിയോടെ ലില്ലി അയാൾക്കൊപ്പം അകത്തേക്ക് കയറി.
പ്രതീക്ഷിച്ചത് പോലെ തന്നെ.. രണ്ടൂസം കാണാത്തതിന്റെ പരിഭവം ഉമ്മാക്ക് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നുണ്ടായിരുന്നില്ല.
അവളുടെ കൈ പിടിച്ചു അരികിൽ ഇരുത്തിയിട്ടുണ്ട്.
ലില്ലിക്കും അവരുടേയാ സ്നേഹം കാണുമ്പോൾ മനസ്സ് നിറയുന്നുണ്ട്.
വാതിൽക്കൽ അവരെ തന്നെ സൂക്ഷിച്ചു നോക്കി നെഞ്ചിൽ കൈ കെട്ടി നിൽക്കുന്ന ഷാനവാസിനും ഉള്ള് നിറഞ്ഞൊരു ചിരിയുണ്ടായിരുന്നു.
ഉമ്മയോട് സംസാരിക്കുന്നതിനിടെ തന്നെ അവളുടെ കണ്ണുകൾ പലവട്ടം അയാളെയും തഴുകി തലോടി.
തിരിച്ചും…
അവളെറിയാതെ തന്നെ ഓരോ നോട്ടങ്ങളും ഉള്ളിൽ ഉയർത്തുന്നത് പുതുവികാരങ്ങളാണ്.
അന്നോളം അറിയാത്ത.. എന്നാൽ.. എന്താണ് തനിക്കുള്ളിൽ സംഭവിക്കുന്നതെന്ന് പോലുമറിയാതൊരു അനുഭൂതി..
തീർച്ചയായും അതിനൊരു കുളിരുണ്ടായിരുന്നു.തണുപ്പുണ്ടായിരുന്നു.
അടിവയറ്റിൽ നിന്നും.. പാഞ്ഞു കയറുന്ന സുഖമുള്ളൊരു കുളിരും തണുപ്പും.
❣️❣️
ഹോസ്പിറ്റലിൽ ആളനക്കം വെച്ച് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു ക്രിസ്റ്റി ചെല്ലുമ്പോൾ.
അന്ന് കോളേജിൽ പോവേണ്ടത് അത്യാവശ്യമായിരുന്നു.
അതിനാൽ തന്നെയും വെളുപ്പിനെ ഉണർന്നിട് ഹോസ്പിറ്റലിൽ പോണമെന്നു പറഞ്ഞിരുന്നു… ഉറങ്ങും മുൻപ് തന്നെ പാത്തുവിനോട്.
വിളിച്ചുണർത്തി വിട്ടത് അവളാണ്.
പോരും നേരം ഹോസ്പിറ്റലിൽ കൊണ്ട് പോവാനുള്ള ഭക്ഷണവും എടുത്തു തന്നു.
ആളുകൾ ഉണർന്നു തുടങ്ങിയിട്ടേ ഒള്ളു.അതിനാൽ തന്നെയും വലിയ ശബ്ദകോലാഹലങ്ങളുണ്ടായിരുന്നില്ല.
ബൈക്ക് ഒതുക്കി വെച്ചിട്ട് ക്രിസ്റ്റി അതിൽ തൂക്കിയിട്ട ഭക്ഷണകിറ്റുമായി അകത്തേക്ക് നടന്നു.
ക്രിസ്റ്റി ചെല്ലുമ്പോൾ റിഷിൻ എഴുന്നേറ്റു ചുവരിൽ ചാരി ഇരിപ്പുണ്ട്.
അവനരികിൽ അപ്പോഴും വീർത്തു കെട്ടിയ മുഖത്തോടെ ഡെയ്സിയും.
“ഈ മഞ് ഇനിയും ഉരുകി തീർന്നില്ലേ ”
കുഞ്ഞൊരു ചിരിയോടെ അകത്തേക്ക് കയറി ചെല്ലുമ്പോൾ അവനതാണ് ഓർത്തതും.
ഛർദിച് അവശനായി.. പനിച്ചു വിറച്ചു കിടന്നിട്ടും ഡെയ്സി റിഷിന് നേരെ അലിവിന്റെ ഒരു നോട്ടം പോലും നീട്ടിയില്ലയെന്നത് തലേന്ന് തന്നെ ക്രിസ്റ്റി ശ്രദ്ധിച്ചിരുന്നു.
ആ മനസ്സിലെ വേദന നന്നായി അറിഞ്ഞിരുന്നത് കൊണ്ട് ക്രിസ്റ്റി അതിനെകുറിച്ചൊന്നും പറഞ്ഞതുമില്ല.
“എങ്ങനുണ്ടെടാ…?”
തികച്ചും സ്വഭാവികമായിട്ടാണ് ക്രിസ്റ്റി റിഷിനോടത് ചോദിച്ചത്.
അവൻ പക്ഷേ ക്രിസ്റ്റി കയറി വന്നത് മുതൽ ശ്വാസം പിടിച്ചിരിപ്പാണ്.
ആ മുഖം പോലും ഉയർത്തി നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
കയ്യിലുള്ള കവർ മേശയിലേക്ക് വെച്ച് കൊണ്ട് ക്രിസ്റ്റി തിരിഞ്ഞു നോക്കുമ്പോഴും അവന്റെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെയിരിക്കുന്ന റിഷിനെ അവനൊന്നു തല ചെരിച്ചു നോക്കി.
“നിന്റെ ചെവി അടിച്ചു പോയോട..?”
അത് ചോദിച്ചു കൊണ്ട് ക്രിസ്റ്റി ചെന്നു റിഷിന്റെ നെറ്റിയിൽ കൈ ചേർത്ത് വെച്ച് നോക്കി.
പനിയെല്ലാം നല്ലത് പോലെ കുറഞ്ഞിട്ടുണ്ട്.
റിഷിൻ പൊള്ളിയത് പോലെ ഞെട്ടി കൊണ്ടവനെ നോക്കി.
നോട്ടങ്ങളിടഞ്ഞ നേരം തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.
“പോട്ടെടാ… വേണ്ടാത്തൊന്നും ഓർക്കേണ്ട നീ ഇപ്പൊ.. ഞാനുണ്ടാകും നിന്റെ കൂടെ..നമ്മുക്ക് ശെരിയാക്കാന്ന്…”
അവന്റെ മനസ്സറിഞ്ഞത് പോലെ ക്രിസ്റ്റി ആ തോളിൽ തട്ടി കൊണ്ട് പറഞ്ഞതും റിഷിൻ വിതുമ്പി കൊണ്ടവന്റെ കയ്യിൽ നെറ്റി ചേർത്ത് വെച്ച് കൊണ്ട് കരഞ്ഞു.
സോറി… സോറി… ”
അവ്യക്തമായ ശബ്ദത്തിൽ അവനപ്പോഴും പറയുന്നുണ്ടായിരുന്നു.
ക്രിസ്റ്റി അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പുറത്ത് തട്ടി ആശ്വാസിപ്പിച്ചു.
മറു സൈഡിലെ കിടക്കയിൽ ഇരിക്കുന്ന ഡെയ്സിയുടെ ചുണ്ടിലൊരു പുച്ഛച്ചിരിയുണ്ടായിരുന്നു ആ കാഴ്ച്ച കണ്ടപ്പോൾ…
❣️❣️
ഉറക്കെയാരോ ഒച്ചയിടുന്നത് കേട്ട് കൊണ്ടാണ് ക്രിസ്റ്റി ആ മുറിയിലേക്ക് കയറി ചെന്നത്.
വർക്കി ചെറിയാനെ അന്വേഷിച്ചു ചെന്നപ്പോൾ അയാളെയിപ്പോൾ റൂമിലേക്ക് മാറ്റിയെന്നാണ് അവനറിയാൻ കഴിഞ്ഞത്.
സർക്കാർ ആശുപത്രിയുടെ എല്ലാ അഹന്തയും കൂടെ കൊണ്ട് നടക്കുന്നൊരു നേഴ്സിന് മുന്നിൽ ചൂളി ചുരുങ്ങിയിരിക്കുന്ന വർക്കിയുടെ ദയനീയ കാഴ്ചയാണ് അവനെ സ്വാഗതം ചെയ്തത്.
ആ കാഴ്ച നൽകിയ സംതൃപ്തി നിറഞ്ഞൊരു ചിരിയോടെയാണ് ക്രിസ്റ്റി അകത്തേക്ക് കയറിയതും.
വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും രണ്ടു പേരും തിരിഞ്ഞു നോക്കി.
ക്രിസ്റ്റിയെ കണ്ട നേഴ്സിന്റെ മുഖം ആരെന്നുള്ള ചോദ്യത്തോടെ കൂർത്തു.
അവിടെ നടന്നതെല്ലാം അവനറിഞ്ഞു വെന്ന ഭാവത്തിൽ… ക്രിസ്റ്റിയെ കണ്ടതും വർക്കി ഉടലോടെ ദഹിച്ചത് അവിടെയിരുന്നു ഉരുകി.
“ആരാ..?”
വീണ്ടും അങ്ങേയറ്റം അഹന്ത നിറഞ്ഞ ആ നേഴ്സിന്റ ചോദ്യം.
“ഞാൻ…”
“ഇയാളുടെ ആരെങ്കിലും ആണോ? ”
ക്രിസ്റ്റി ഉത്തരം പറയും മുന്നേ അടുത്ത ചോദ്യമെത്തിയിരുന്നു.
“ഇയാളുടെ ആരുമല്ല. പക്ഷേ ഇയാളെ എനിക്കറിയാം ”
അതേ ചിരിയോടെ തന്നെ വർക്കിയേ നോക്കി ക്രിസ്റ്റി പറഞ്ഞതും.. വർക്കിയുടെ മുഖം കുനിഞ്ഞു.
“പരിചയം പുതുക്കാൻ പറ്റിയ സ്ഥലമല്ല ഇത് ”
ക്രിസ്റ്റിയുടെ ചിരി ഒട്ടും രസിക്കാത്ത പോലെ ആ നേഴ്സ് വീണ്ടും ചുണ്ട് കോട്ടി.
ക്രിസ്റ്റി അതിനുത്തമൊന്നും പറയാതെ വർക്കിയേ തന്നെ നോക്കി.
കഴുത്തൊടിഞ്ഞത് പോലെയുള്ള ആ ഇരിപ്പ് അവനെത്ര കണ്ടിട്ടും മതിയാവുന്നില്ലായിരുന്നു.
“കഴിക്കങ്ങോട്ട്.. എനിക്ക് വേറേം ജോലി ഉള്ളതാ.. ആളും ആൾക്കാരും ഇല്ലാതെ ഇവിടെ വന്നു കിടക്കാൻ ഇത് സത്രമൊന്നുമല്ല. ഹോസ്പിറ്റൽ ആണെന്നുള്ള ഓർമ വേണം.. നിങ്ങക്ക് പറ്റിയ പോലെ കാര്യങ്ങൾ ചെയ്തു തരാൻ ഇത് ഭാര്യവീടുമല്ല. ഇവിടെ കിടന്നു ഒന്നും കഴിക്കാതെ കാഞ്ഞു പോയാ അതിനും ഞങ്ങൾ വേണം ഉത്തരം പറയാൻ.. മനുഷ്യന് പണിയുണ്ടാക്കാനായിട്ട്..”
കയ്യിലുള്ള ഭക്ഷണം വർക്കിയുടെ വായിലേക്ക് കുത്തി കയറ്റും പോലെയുള്ള അവരുടെ പ്രവർത്തിയും സംസാരവും.. എല്ലാത്തിനും പുറമെ യാതൊന്നും ചെയ്യാൻ കഴിയാത്ത വർക്കിയുടെ നിസ്സഹായവസ്ഥയും.
ക്രിസ്റ്റിയുടെ ചിരി കൂടുതൽ മനോഹരമായി.
അയാളുടെ പതനത്തിന്റെ ആദ്യ കാഴ്ച.
അവനുള്ളം വീണ്ടും ഒരു ആശ്വാസം തോന്നി.
എല്ലാവരിൽ നിന്നും ഒറ്റപെട്ടു ഒറ്റക്കായ് പോയൊരു കുഞ്ഞു ക്രിസ്റ്റി അവനുള്ളിൽ നിന്നും ഉറക്കെ ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുണ്ടായിരുന്നുവപ്പോൾ.
“എനിക്കിത്തിരി കൂടി വെള്ളം…”
യാചിക്കും പോലെ വർക്കിയുടെ പതിഞ്ഞ സ്വരം.
“വെള്ളം.. വെള്ളം ന്നും പറഞ്ഞോണ്ട് അത് മുഴുവനും കുടിച്ചിച്ചാലും എനിക്കാ പണി. മിനിറ്റിന് മിനിറ്റിന് ബാത്റൂമിൽ താങ്ങി കൊണ്ട് പോവാൻ ഇയാളുടെ മറ്റവളൊന്നും ഇല്ല ഇവിടെ.തത്കാലം ഇപ്പൊ ഇത്രേം മതി..”
കാർക്കശ്യം നിറഞ്ഞ ശബ്ദത്തിൽ അതും പറഞ്ഞു കൊണ്ട് ക്രിസ്റ്റിയെ കൂടിയൊന്ന് രൂക്ഷമായി നോക്കി അവർ കയ്യിലുള്ള പാത്രവുമായി തിരികെ നടന്നു.
“ആഹ്.. ഇയാളെ അറിയുമെന്നല്ലേ പറഞ്ഞത്…?”
വീണ്ടും പോവാതെ ക്രിസ്റ്റിയുടെ അരികിലേക്ക് ചെന്നിട്ട് ചോദിച്ചു.
“അറിയാം..”
വർക്കിയേ ഒന്നു നോക്കിയിട്ട് ചിരിയോടെ ക്രിസ്റ്റി പറഞ്ഞു.
“ഇയാൾക്ക് വീടും കുടിയുമൊക്കെ ഉള്ളതാണേൽ അവിടൊന്നു അറിയിക്ക് ഈ സാധനം ഇവിടുള്ള കാര്യം. അല്ലാതെ എല്ലാം കൂടി നോക്കാൻ എനിക്ക് പറ്റില്ല..നാശം പിടിക്കാനായിട്ട്..”
വർക്കിയേ നോക്കി അവജ്ഞയോടെ നേഴ്സ് പറഞ്ഞതും ക്രിസ്റ്റി വീണ്ടും വർക്കിയേ നോക്കി.
“പേടിക്കേണ്ട.. ഇയാളെ കൊണ്ട് പോകാനുള്ള ആളുകൾ ഉടനെ എത്തും.”
അത് പറയുമ്പോൾ അവന്റെ കണ്ണിൽ ജ്വലിക്കുന്ന കനൽ വർക്കി വ്യക്തമായും കണ്ടിരുന്നു.
അമർത്തി മൂളി കൊണ്ട് നേഴ്സ് ഇറങ്ങി പോയതും ക്രിസ്റ്റി ചെന്നിട്ട് വാതിൽ ചേർത്തടച്ചു.
ക്രൂരത നിറഞ്ഞൊരു ചിരിയോടെ തന്റെ നേരെ നടന്നു വരുന്നവനെ നോക്കുമ്പോൾ വർക്കിയുടെ ഹൃദയം അതിദൃതം മിടിക്കുന്നുണ്ടായിരുന്നു.
“കൊള്ളാം…..”
അതേ ചിരിയോടെ തന്നെ ക്രിസ്റ്റി കസേര വലിച്ചു നീക്കി അയാൾക്ക് മുന്നിലേക്ക് ഇരുന്നു.
“രാജ്യം മോഹിച്ചു യുദ്ധത്തിനിറങ്ങിയ വിഡ്ഢിയായ തനിക്ക്.. ഇപ്പൊ കിടപ്പാടം പോലും നഷ്ടം വന്നിരിക്കുന്നു.. കൊള്ളാം ”
അവന്റെ ചുണ്ടിലെ ചിരിയിലേക്ക് വർക്കി പകച്ചു നോക്കി.
ആ ചിരിയെയായിരുന്നു അയാളേറെ ഭയന്നിരുന്നതും.
“ഒരഞ്ചു മിനിറ്റ് കൊണ്ടെനിക്ക് നിന്നെ ഇപ്പൊ തീർക്കാം..”
പതിഞ്ഞ ശബ്ദത്തിൽ അവനത് പറഞ്ഞതും.. വർക്കി ഞെട്ടി കൊണ്ടവനെ മുഖം ഉയർത്തി നോക്കി.
“എന്റപ്പനെ കൊന്ന നിന്നെ കൊല്ലാൻ ഏറ്റവും അർഹിക്കുന്ന കൈകൾ.. അതെന്റേത് തന്നെയാണ് ”
അവന്റെ ഞെരിഞ്ഞമരുന്ന പല്ലുകൾക്കിടയിൽ കൂടി വരുന്ന ആ വാക്കുകൾ.
ഭയന്നു വിളറി കൊണ്ട് വർക്കി വിറച്ചു തുടങ്ങിയിരുന്നു.
ജീവനോടുള്ള അടങ്ങാത്ത കൊതി അയാളുടെ കണ്ണിൽ ജ്വലിക്കുന്നുണ്ടായിരുന്നു.
അതേ…
അവനെല്ലാം അറിഞ്ഞിരിക്കുന്നു..
അതിനർത്ഥം?
“പക്ഷേ… പക്ഷേ നിന്റെ മരണം അത്ര സിമ്പിളാവരുത്.. ഒരായിരം പ്രാവശ്യം മരണത്തെ നീ ആഗ്രഹിക്കണം… അത്രയും.. അത്രയും നീ നരകിച്ചു തീർന്നാൽ മാത്രമേ ഒരു മകനെന്ന നിലയിൽ എനിക്ക് ആശ്വാസം കിട്ടൂ.. എന്റെ അപ്പനോട് എനിക്ക് നീതി കാണിക്കാൻ പറ്റൂ…”
ഉള്ളിലെ രോഷം കൊണ്ടവൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
വർക്കിക്ക് അവന്റെ നേരെ നോക്കാൻ കൂടി ഭയമുണ്ടായിരുന്നു.
“ഇനി അങ്ങോട്ട് ഓരോ നിമിഷവും നീ നരകിച്ചു തീരും.. അപ്പൊഴോക്കെയും നീ എന്റെ അപ്പനോടും എന്നോടും ചെയ്തു കൂട്ടിയ അനീതി ഓർത്തിട്ട് നീറണം. കുറ്റബോധവും വേദനയും സഹിക്കാൻ വയ്യാതെ നീ മരണം കൊതിക്കണം. നേരും നേരിയുമില്ലാതെ സമ്പാദിച്ചു കൂട്ടിയ പണം.. നിനക്ക് മുന്നിൽ വെറും കടലാസ് കഷ്ണങ്ങളെ പോലെ വിലയില്ലാതായി പോകുന്നതും നീ അറിയണം.. അറിയിക്കും ഞാൻ ”
പല്ല് കടിച്ചു കൊണ്ടവൻ പറയുമ്പോൾ വർക്കിയുടെ ദേഹം വിറക്കുന്നുണ്ടായിരുന്നു.
“എന്നെ ഒന്നും ചെയ്യരുത്.. എന്നോട് പൊറുക്കണം “എന്നവന്റെ കാല് പിടിച്ചു കേഴണമെന്നുണ്ട്.
പക്ഷേ ആ മുഖത്തേക്ക് നോക്കി ഒരക്ഷരം പറയാൻ പോലും കഴിയുന്നില്ല.
ആ കണ്ണുകളുടെ തീക്ഷണത, അതയാളെ പൊള്ളിക്കുന്നുണ്ടായിരുന്നു.
തെറ്റുകളായിരുന്നു..
അവനോട് ചെയ്തു കൂട്ടിയതൊക്കെ തെറ്റുകളായിരുന്നു.
നിസ്സഹായതയുടെ ആദ്യപ്പടിയിൽ വെച്ച് തന്നെ അത് ബോധ്യമാവുന്നുണ്ട്.
ഇനി… ഇനിയാണ് തന്റെ ദുരിതമെന്നുള്ളത് ക്രിസ്റ്റിയുടെ മുഖത്തു നിന്നും വർക്കി കണ്ട് പിടിച്ചിരുന്നു…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…