" "
Novel

നിലാവിന്റെ തോഴൻ: ഭാഗം 106

രചന: ജിഫ്‌ന നിസാർ

“ഇനി.. ഇനിയെപ്പഴാ ഉമ്മാന്റുട്ടി ഉമ്മാനെ കാണാൻ വരുന്നത്?”
എന്നത്തേയും പോലെ ലില്ലി യാത്ര പറയാൻ തുടങ്ങിയതും ആസിയുമ്മയുടെ ശബ്ദം ഇടറി.

ഉമ്മാ ന്നും വിളിച്ചോണ്ട് ഷാനവാസ് അവരുടെ അരികിൽ തന്നെ ഉണ്ടാവുമെങ്കിലും ലില്ലി വന്നതോടെയാണ് അവരുടെ ചിരികൾക്കിത്ര ഭംഗിയുണ്ടായതെന്ന് കാണുന്നവർക്ക് തോന്നും.

“നാളെ.. നാളെ വരുമോ?”
ലില്ലിയുടെ മറുപടിയൊന്നും കേൾക്കാഞ്ഞാണ് അവർ വീണ്ടും ചോദിച്ചത് .

“വരും…”
നേർത്തൊരു ചിരിയോടെ ലില്ലി അവരുടെ മെല്ലിച്ച കൈ പൊതിഞ്ഞു പിടിച്ചുകൊണ്ട് ഉറപ്പ് കൊടുത്തു.

അവർ ആവിശ്യപ്പെട്ടില്ലയെങ്കിലും തനിക് വരാതിരിക്കാൻ കഴിയില്ലെന്ന് ലില്ലിയുടെ മനസ്സിലുമുണ്ടായിരുന്നു.

ഇങ്ങോട്ട് പിടിച്ചു വലിച്ചു കൊണ്ട് പോരുന്നൊരു ബാധയെന്റെ ശരീരത്തിലേറിയിരിക്കുന്നു എന്നവൾക്ക് പറയണമെന്നുണ്ടായിരുന്നു.

“അല്ലെങ്കിൽ തന്നെ.. എന്തിനായിപ്പോ പോണേ.. ന്റെ ഷാനൂന്റെ കൈ പിടിച്ചിട്ട് ഓന്റെ പെണ്ണായിട്ട് ഇവിടങ്ങു കൂടാനുള്ളതിന്..”ആസിയുമ്മയുടെ പരിഭവം കേട്ട് കൊണ്ടാണ് ഷാനവാസ് അങ്ങോട്ട്‌ വന്നത്.

ലില്ലി അയാളെ നോക്കാതെ വേഗം തിരിഞ്ഞ് നിന്നു.

“പോവാനായോടോ…?”
കയ്യിലെ വാച്ചിലേക്കൊന്ന് നോക്കിയിട്ട് അയാൾ ലില്ലിയെ നോക്കി.

“മ്മ്..”ചെറിയൊരു ചിരിയോടെ അവൾ മൂളി.

“എങ്കിൽ വാ.. ഞാൻ കൊണ്ട് വിടാം. നല്ല മഴയുണ്ട് പുറത്ത്. ഇനി ഓട്ടോയും ബസ്സുമൊക്കെ പിടിച്ച് താനെപ്പോ വിട്ടീലെത്താനാണ്.”
ഷാനവാസ് പറഞ്ഞു.

ലില്ലി തലയാട്ടി കൊണ്ട് മേശയിലുള്ള അവളുടെ ബാഗ് തോളിൽ തൂക്കി .

“പോയിട്ട് വരാം ട്ടോ ”
ഒരിക്കൽ കൂടി ആസിയുമ്മയോട് യാത്ര പറഞ്ഞു.

“പോയിട്ട് നാളെ വരണം.. വരാം ന്ന് പറഞ്ഞിട്ട് ന്നേ പറ്റിക്കരുത് ”

ലില്ലിയുടെ കവിളിൽ തൊട്ട് കൊണ്ട് ആസിയുമ്മ വീണ്ടും ആവിശ്യപ്പെട്ടത് അത് മാത്രമായിരുന്നു.അപ്പോഴും അവൾ പതിവ് ചിരിയോടെ തലയാട്ടി.

“ഞാനിപ്പോ വരാം മ്മാ “ന്നും പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങിയ ഷാനവാസിനു പിറകെ ആസിയുമ്മയെ തിരിഞ്ഞു നോക്കി കൊണ്ട് ലില്ലിയും നടന്നു.

അയാൾ പറഞ്ഞത് പോലെ പുറത്ത് നല്ല മഴയുണ്ടായിരുന്നു.

സമയം നാല് മണി ആയോള്ളൂവെങ്കിലും എങ്ങും ഇരുട്ട് പടർന്നത് പോലൊരു അന്തരീക്ഷം.

പോർച്ചിൽ നിന്നും കാറെടുത്തു കൊണ്ട് മഴ കൊള്ളാതെ അവൾക്ക് കയറാൻ പാകത്തിന് ലില്ലിയുടെ അരികിലേക്ക് നിർത്തി കൊടുത്തു.

ബാഗ് അടക്കി പിടിച്ചു കൊണ്ട് പിന്നിലെ ഡോർ തുറക്കാൻ ലില്ലി ശ്രമിക്കും മുന്നേ ഷാനവാസ് കയ്യെത്തിച്ചു മുന്നിലെ ഡോർ അവൾക്ക് മുന്നിൽ തുറന്നിട്ട്‌ കൊടുത്തു.

അയാൾക്കൊപ്പം മുന്നിലേക്ക് കയറാനൊരു വിമ്മിഷ്ടമുണ്ടായിരുന്നുവെങ്കിലും അയാളുടെ സ്നേഹം നിറഞ്ഞ ആ പരിഗണനയെ അവഹേളിക്കാൻ ലില്ലിക്ക് കഴിയുമായിരുന്നില്ല.

ഷാനവാസ് അവളെ നോക്കുന്നില്ല.. തീരുമാനം അവൾക്കെടുക്കാൻ സ്വതന്ത്ര്യം കൊടുക്കുന്നത് പോലെ ഫോണിലേക്ക് നോക്കി ഇരിപ്പാണ്.

അധികനേരം പുറത്ത് നിൽക്കാതെ ലില്ലി പതിയെ അകത്തേക്ക് കയറിയിരുന്നു.

“സീറ്റ് ബെൽറ്റ്…”ഡോർ അടച്ചിട്ടും പിന്നെന്താ വണ്ടിയെടുക്കാതിരിക്കുന്ന ഷാനവാസിനെ സംശയത്തോടെ തല ചെരിച്ചു നോക്കിയപ്പോൾ അവൾ മുന്നിലേക്ക് കയറിയിരുന്നതിന്റെ എല്ലാ സന്തോഷവും മുഖത്തുദിച്ചു നിൽക്കുന്നൊരു ചിരിയോടെ അയാൾ പറഞ്ഞു.

ലില്ലി വെപ്രാളത്തോടെ സീറ്റ് ബെൽറ്റ് പിടിച്ചിടാൻ ശ്രമിച്ചു.

ഷാനവാസ് നോക്കുന്നുണ്ട് എന്നറിയാവുന്നത് കൊണ്ട് തന്നെ അവൾക്കുള്ളിലെ പരവേശം കയ്യിലും വിറയലായ് പടർന്നു കയറിയിരുന്നു.

“ഞാൻ ശെരിയാക്കി തരാം..”
അവളുടെ ബേജാറു കണ്ടതും കുഞ്ഞൊരു ചിരിയോടെ ഷാനവാസ് പറഞ്ഞു.
ലില്ലി പെട്ടന്ന് അതിന്റെ ഹുക്കിൽ നിന്നും കയ്യെടുത്തു മാറ്റി.

ഒറ്റ നിമിഷം കൊണ്ടയാൾ അത് ശെരിയായി കണക്ട് ചെയ്തു കൊടുത്തു.

“പോവല്ലേ..?”
അതെ ചിരിയോടെ തന്നെ വീണ്ടും ലില്ലിയെ നോക്കി.

ആ നോട്ടം നേരിടാൻ വയ്യെന്നത് പോലെ ലില്ലി മുഖം കുനിച്ചു കൊണ്ടാണ് മൂളിയത്.

മഴ തിമിർത്തു പെയ്യുന്നുണ്ട്.

വളരെ പതിയെയാണ് ഷാനവാസ് വണ്ടി ഓടിക്കുന്നത്.
അത് മഴ കാരണമാണോ അതോ ലില്ലിയുടെ കൂടെയുള്ള നിമിഷങ്ങളെ ആസ്വദിക്കാൻ വേണ്ടിയായിരുന്നോ എന്ന് തീർച്ചയില്ല.

പക്ഷേ… പതിയെ പ്രണയഗാനം മൂളുന്ന ആ കാറിനുള്ളിലെ ഓരോ നിമിഷവും അയാൾ അനുഭവിക്കുന്ന സന്തോഷം.. ഒരു ചിരിയായി അവളിലുമുണ്ടായിരുന്നു.

❣️❣️

“ഈ കേസിന്റെ വിധി പറയുന്നതിന് പത്താം തീയതിയിലേക്ക് മാറ്റിയിരിക്കുന്നു ”

മരവിച്ചത് പോലിരിക്കുന്ന ഷാഹിദ് മുഖം ഉയർത്തി നോക്കിയത് കൂടിയില്ല.വിധി എന്താവുമെന്ന് അവനേറെ കുറേ ഉറപ്പിച്ചത് പോലാണ്.

യാതൊരു പഴുതുമില്ലാതെ ക്രിസ്റ്റി സ്വയം അന്വേഷിച്ചു കണ്ടെത്തിയ തെളിവുകളെ ഭേധിക്കാൻ പാകത്തിനൊരു രക്ഷാ മാർഗവും ഷാഹിദിനു മുന്നിൽ ഇല്ലായിരുന്നു.
തെളിവുകളും സാക്ഷികളുമെല്ലാം അവനെ ഒന്നനങ്ങാൻ കൂടി കഴിയാത്ത വിധം പിടിച്ചു ഞെരിച്ചു.

ചിലപ്പോഴൊക്കെയും പണം കൊണ്ട് മാത്രം നീതിയും നിയമവും കൂടെയുണ്ടാവില്ലെന്ന് സാധാരണകാർക്കൊരു ധൈര്യമാവനെങ്ങിലും ഷാഹിദ് എന്നാ കോടീശ്വരന്റെ പതനം ഉപകരിച്ചു.കോടികൾ കൊണ്ട് പൊതിഞ്ഞു പിടിച്ചാലും സത്യം ഒരിക്കൽ മറ നീക്കി പുറത്ത് വരുമെന്ന് ചിലർക്കെങ്കിലും വിശ്വാസമാവാൻ ഉപകാരപെടുമായിരുന്നു.

ഉമ്മയെങ്കിലും തന്നെ കാണാൻ വരുമെന്നും.. അങ്ങനെ രക്ഷപെട്ടു പുറത്ത് ചാടാൻ ഒരു മാർഗ്ഗമുദിക്കുമെന്നും ഷാഹിദ് അവസാനനിമിഷം വരെയും ആഗ്രഹിക്കുന്നുണ്ടായിരുന്നു.

ഒറ്റ ദിവസം ഒന്ന് പുറത്തിറങ്ങി കിട്ടിയാൽ മതി.. പിന്നെ എന്ത് വേണമെന്ന് തനിക്കറിയാം.
പക്ഷേ… സുലേഖ അവന്റെ ഉമ്മ മാത്രമായിരുന്നില്ലെന്നും അവനെ കൂടാതെ അവർക്ക് രണ്ടു പെണ്മക്കൾ കൂടി ഉണ്ടായിരുന്നുവെന്നും..അവർ തെളിയിച്ചു.

ഇങ്ങനൊരു മകൻ ഇനിയില്ലെന്ന് പറഞ്ഞു കൊണ്ടവർ എന്നെന്നേക്കുമായി അവനെ മാറ്റി നിർത്തി കൊണ്ട് പ്രതിഷേധമറിയിച്ചു.

അതിനേക്കാളൊക്കെ പുറമെ.. അവർ ആത്മാഭിമാനമുള്ളൊരു സ്ത്രീ കൂടി ആയിരുന്നുവെന്നും അവനോർക്കാതെ പോയി.

അറക്കലിൽ നിന്നും ഹമീദും നിയാസും പോലീസ് കസ്റ്റഡിയിൽ തന്നെ ആണെന്നും.. അനതികൃതമായി നടത്തിയ അവരുടെ എന്തൊക്കെയോ സ്ഥാപനങ്ങളും ഇടപാടുകളും പോലീസ് ഇടപെട്ട് പൂട്ടിച്ചുവെന്നുമൊക്കെ ഷാഹിദ് അറിയുന്നുണ്ടായിരുന്നു.

അത് കൊണ്ട് ആ വഴിയിൽ കൂടിയൊരു സഹായം.. അതവന്റെ മനസ്സിലുണ്ടായിരുന്നില്ല.അല്ലെങ്കിലും താനവരെ ചതിക്കാനാണ് ശ്രമിച്ചതെന്നറിയെ അവരെങ്ങനെ തന്നെ രക്ഷപെടുത്തിയെടുക്കാനാണ്….

തനിക്കൊപ്പം ചേർന്ന വർക്കിയെയും റിഷിനെയും കൂടി ഇന്ന് കോടതി വിസ്തരിച്ചതോടെ തെളിവുകൾ കൂടുതൽ ശക്തമായി.

വർക്കി ചെറിയാൻ വല്ലാതൊന്നും വിട്ട് പറയാതെ പിടിച്ചു നിന്നുവെങ്കിലും മകന് അന്ന് വരെയും കണ്ടിട്ടില്ലാത്തതത്രേം വീറും വീര്യവുമുണ്ടായിരുന്നു.

അവൻ കുടുങ്ങിയാലും ഷാഹിദ് രക്ഷപെട്ടു പോകരുത് എന്നൊരു വാശിയുള്ളത് പോലെ…

സ്വന്തം അപ്പനാണെന്ന് കൂടി ഓർക്കാതെയാണ് അവൻ വർക്കി ചെറിയാനെ അതിഭയങ്കരമായി വിമർശിച്ചതെന്ന് കൂടി ഷാഹിദ് ഓർത്തു.

പാത്താം തീയതി എന്ന് പറയുമ്പോൾ ഇനിയും അഞ്ചു ദിവസങ്ങൾ കൂടിയുണ്ട്.
അത്രേം ദിവസം ആ പോലീസ്ക്കാർക്കിടയിൽ…

“ഞങ്ങൾക്കും ഉണ്ടെടാ പുന്നാര മോനെ പെൺകുട്ടികൾ ”
ചെകിടടക്കി കിട്ടിയ ഓരോ അടിക്ക് മുന്നേയും പല്ല് കടിച്ചു കൊണ്ടവർ പറയാറുള്ള വാക്കുകൾ.
പുറമെ പരിക്കുകളൊന്നും ഇല്ലെങ്കിലും.. തനിക്കുള്ളം വല്ലാതെ മുറിഞ്ഞു പോയെന്ന് ഷാഹിദ് ഓർത്തു.

ഇനിയും അഞ്ചു ദിവസം താനവർക്കിടയിൽ.. ആ ഓർമയിൽ പോലും ഷാഹിദിന് വേദനിക്കുന്നുണ്ടായിരുന്നു..

യാതൊരു കരുണയുമില്ലാതെപിന്നിൽ നിന്നാരോ പിടിച്ചു തള്ളിയപ്പോഴാണ് അവൻ ഞെട്ടി പോയത്.

പുറത്ത് തടിച്ചു കൂടിയ വലിയ ആൾക്കൂട്ടം അവനെ കൊണ്ട് വരുന്നത് കണ്ടതും കൂവി വിളിക്കാൻ തുടങ്ങി.

തുടരെ മുഖത്തേക്ക് മിന്നിയ ഫ്ലാഷ് ലൈറ്റുകളിൽ നിന്നും രക്ഷപെടാൻ ഷാഹിദ് വിലങ്ങിട്ട കൈ കൊണ്ട് മുഖം മറച്ചു പിടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു…

❣️❣️

അന്നോളം കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ചിരിയാണ് കൂട്ടുകാരന്റെ മുഖത്തു നിറഞ്ഞു നിൽക്കുന്നതെന്ന് തോന്നി ഫൈസിക്ക്.

“അവനെയൊന്ന് നേർക്ക്നേർ കാണാൻ പറ്റിയില്ല ”
ആ ചിരിയോടെ തന്നെ ക്രിസ്റ്റി പറഞ്ഞു.

“ഇന്നവനെ ഈ ആൾക്കൂട്ടത്തിന് കയ്യിൽ കിട്ടിയാൽ അവന്റെ പപ്പും പൂടയും പോലും ബാക്കി കിട്ടില്ലെന്ന്‌ നിനക്കറിയില്ലേടാ ചെങ്ങായി ”
ഷാഹിദിനെ കയറ്റി കൊണ്ട് പോകുന്ന വണ്ടിയെ നോക്കി അതേ സംതൃപ്തിയോടെതന്നെയാണ് ഫൈസി അത് പറഞ്ഞത്.

“എന്നാലും കൊമ്പോടിഞ്ഞ അവന് മുന്നിൽ തല ഉയർത്തി പോയി നിൽക്കണമായിരുന്നു എനിക്ക് ”
ക്രിസ്റ്റി വീണ്ടും പറഞ്ഞു.

“അതിനുള്ള അവസരം തീർച്ചയായും കിട്ടുമെടാ. പത്താം തീയതിയല്ലേ വിധി പറയുന്നത്. അന്ന് നമ്മൾ ഉണ്ടാവണം അവന്റെ നേരെ മുന്നിൽ. അതാവും അവന് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ..”
ഫൈസി ക്രിസ്റ്റിയുടെ തോളിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.

റിഷിന്റെ കാര്യത്തിൽ ചെറിയൊരു ആശങ്കയുണ്ടായിരുന്നു അങ്ങോട്ട്‌ വരുമ്പോൾ ക്രിസ്റ്റിക്ക്.

“എന്നെ കുത്തിയ കേസ് ഞാൻ ക്ലോസ് ചെയ്തിട്ടുണ്ട് കേട്ടോ. ഇനി റിഷിനായിട്ട് അതെവിടെയും പറഞ്ഞില്ലെങ്കിൽ അവനൂരി പോരാൻ എളുപ്പമാണ് ”
ക്രിസ്റ്റിയുടെ മനസറിഞ്ഞത് പോലെ ഫൈസി പറയുമ്പോൾ ക്രിസ്റ്റി അവന് മുന്നിൽ വാക്കുകൾ നഷ്ടപ്പെട്ടത് പോലെ നിന്നു.

പക്ഷേ അവർ ഭയന്നത് പോലെ തന്നെ… ചെയ്തു കൂട്ടിയ ചെറുതും വലുതുമായ എല്ലാ കുറ്റങ്ങളുമെല്ലാം അവനൊന്നായി എണ്ണി പറയുന്നുണ്ടായിരുന്നു.

പോലീസ് കൊണ്ട് പോകും മുന്നേ അവനോടതൊന്നു പറയാൻ ക്രിസ്റ്റിക്ക് അവസരം കിട്ടിയതുമില്ല.

ചെയ്തു കൂട്ടിയ തെറ്റുകൾക്ക് ശിക്ഷ ഏറ്റു വാങ്ങി സ്വയം അഗ്നിശുദ്ധി വരുത്താനാണ് അവന്റെ തീരുമാനമെന്ന് ക്രിസ്റ്റിക്കും ഫൈസിക്കും മനസ്സിലായി.

“പോവല്ലേ ടാ…”
ഫൈസി ചോദിച്ചപ്പോൾ ക്രിസ്റ്റി ഒന്ന് തലയാട്ടി.

“നീ ഇങ്ങോട്ട് മാറ്.. ഞാൻ വണ്ടിയെടുക്കാം. ഇനിയാ മുറിവിളകണ്ട ”
ബൈക്കിന് മുന്നിലേക്ക് കയറി ഹെൽമെറ്റ്‌ വെക്കുന്ന ഫൈസിയെ നോക്കി ക്രിസ്റ്റി പറഞ്ഞു.

“ഓ.. അതൊക്കെ ഉണങ്ങിയെടാ..”
ഫൈസി പറഞ്ഞു.

ഒന്ന് മൂളി കൊണ്ട് ക്രിസ്റ്റി അവന് പിന്നിലേക്ക് കയറി.

❣️❣️

ക്രിസ്റ്റി ചെല്ലുമ്പോൾ കാത്തിരിക്കുന്നത് പോലെ മൂവരും സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു.അവനെ കണ്ടതും ചാടി എഴുന്നേൽക്കുന്നുണ്ട്.

ഫൈസിയെ അവന്റെ വീട്ടിലാക്കിയിട്ടാണ് ക്രിസ്റ്റി കുന്നെലോട്ട് ചെന്നത്.

“ഇച്ഛാ ഉച്ചക്ക് വരുമെന്ന് പാത്തു പറഞ്ഞിരിന്നുവല്ലോ.. ന്തേയ്‌ വൈകിയത്?”
ദിലു അവന്റെ ബൈക്ക് മുറ്റത്തേക്ക് കയറ്റിയതും ഓടി ചെന്നു കൊണ്ട് ചോദിച്ചു.

“എനിക്കൊരിടം വരെയും പോവാനുണ്ടായിരുന്നെടി കാന്താരി ”
അരികിലേക്ക് വന്നവളുടെ തലയിലൊരു മേട്ടം കൊടുത്തു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“നമ്മളിന്ന് തോട്ടിൽ പോകുവല്ലേ…?”
തല തിരുമ്മി കൊണ്ടവൾ ആവേശത്തിൽ ചോദിച്ചു.

“അമ്മ വന്നില്ലേ..?”
ക്രിസ്റ്റി അവളെ നോക്കി.

“അമ്മയൊക്കെ ഉച്ചക്ക് തന്നെ എത്തി ”
ദിലു പറഞ്ഞു.

“എന്നിട്ടെവിടെ..?”
ബൈക്ക് സ്റ്റാൻഡിൽ ഇട്ട് കൊണ്ട് ഇറങ്ങുന്നതിനിടെ ക്രിസ്റ്റി ചോദിച്ചു.

“അമ്മയൊക്കെ അകത്തുണ്ട്. ഇച്ഛാ.. ഇത് പറ.. നമ്മക്ക് പോവല്ലേ..”
ദിലു വീണ്ടും ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചു.

“പോവാടി.. ഇപ്പൊ ഇങ്ങ് വാ നീ..”
അവൻ അവളെയും കോർത്തു പിടിച്ച് കൊണ്ട് സിറ്റൗട്ടിലേക്ക് കയറി.

“പോവല്ലേ ഇച്ഛാ..?”
മീരയും അവനെ നോക്കി.

“ആദ്യം നമുക്കൊന്ന് ഷോപ്പിംഗിന് പോയാലോ. പാത്തുന് കുറേ ആവിശ്യസാധനങ്ങളുടെ വലിയ കുറവുണ്ട് ഇവിടെ. അവൾ പറയാഞ്ഞിട്ടാ.ഇന്നലെ എനിക്ക് തിരക്കായോണ്ട് പോവാൻ പറ്റിയില്ലല്ലോ?”

തോളിലുള്ള ബാഗ് പാത്തുവിന്റെ കഴുത്തിലേക്കിട്ട് കൊടുത്തു കൊണ്ട് ക്രിസ്റ്റി മൂവരെയും നോക്കി.

“സെറ്റ്..”
രണ്ടാമതൊന്ന് ആലോചിച്ചു പോലും നോക്കാതെ മീരയും ദിലുവും അപ്പോൾ തന്നെ കൈ പൊക്കി.

“എങ്കിൽ പെട്ടന്ന് പോയി റെഡിയായി വാ…”
ക്രിസ്റ്റി പറഞ്ഞു മുഴുവനാക്കും മുന്നേ മീരയും ദിലുവും പാത്തുവിനെയും പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്ക് ഓടിയിരുന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"