നിലാവിന്റെ തോഴൻ: ഭാഗം 112

നിലാവിന്റെ തോഴൻ: ഭാഗം 112

രചന: ജിഫ്‌ന നിസാർ

കുന്നേൽ ഫിലിപ്പ് മാത്യു എന്നെഴുതിയ കല്ലറക്ക് മുന്നിൽ കയ്യിലുള്ള റോസാ പൂക്കൾ വെച്ച് കൊണ്ട് അന്നാദ്യമായി ക്രിസ്റ്റി തലയുയർത്തി നിന്നു.ഹൃദയം നിറഞ്ഞൊരു ഫീൽ. അപ്പൻ തന്നെയോൽപ്പിച്ചു പോയതെന്തോ.. ചെയ്തു തീർത്തൊരു നിർവൃതി.. തണുത്തൊരു കാറ്റുണ്ട്..അവനെ പൊതിഞ്ഞു കൊണ്ട് ചുറ്റും. അതവന്റെ അപ്പന്റെ തലോടൽ പോലെ മൃദുവായിരുന്നു. കണ്ണുകൾ ഇറുക്കിയടച്ചു നിൽക്കുമ്പോൾ അപ്പൻ തന്നെ ചേർത്ത് നിർത്തി പുൽകുന്നുണ്ട് എന്നൊരു തോന്നൽ... അവനിൽ ശക്തമായിരുന്നു. ഒരുപാട് സന്തോഷമുണ്ടായിട്ടും, ആ നിമിഷം അവന്റെ ഉള്ളിലൂടെ അലറി കുത്തി ഒഴുകി മറിയുന്നത് സങ്കടമാണെന്നായിരുന്നു ഏറ്റവും വിചിത്രം. എന്തൊക്കെ കിട്ടിയാലും... എത്രയൊക്കെ സന്തോഷമുണ്ടയാലും ചിലയോർമകൾക്ക് കണ്ണ് നിറക്കാനാണ് കൂടുതൽ ഇഷ്ടം. പിടച്ചിലോടെ നമ്മളിൽ അലിഞ്ഞു ചേരാനാവും കൂടുതൽ ധൃതി.. പുറമെ മൗനമാണെങ്കിലും ഉള്ള് കൊണ്ട് ക്രിസ്റ്റി അപ്പനോട് വാചാലമായിരുന്നു. എപ്പോഴെത്തെയും പോലെ ഏറെ കൗതുകത്തോടെ അവന് പറയാനുള്ളതെല്ലാം.. കേട്ടിരിക്കുന്ന ഫിലിപ്പിനെ ഓർമകളിലേന്നത് പോലെ അവനും കാണുന്നുണ്ടായിരുന്നു.. നിറഞ്ഞ ചിരിയോടെ അപ്പൻ തന്നെ അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ടെന്ന് തോന്നി. പിന്നിലൂടെ രണ്ടു കൈകൾ കെട്ടിപിടിച്ചു നിന്നപ്പോഴാണ് ക്രിസ്റ്റി കണ്ണ് തുറന്നത്. അപ്പോഴവന്റെ ചുണ്ടുകളിൽ നനുത്തൊരു മന്ദഹാസമുണ്ടായിരുന്നു. "എന്റേതാണ് അപ്പാ..എന്റെ സ്വന്തം ." പാത്തുവിന്റെ കയ്യിൽ പിടിച്ചു നെഞ്ചിലേക്ക് ചേർത്ത് കൊണ്ടവൻ ചിരിയോടെ പറഞ്ഞു. തന്നെയാണ്... അവന്റെ സ്വന്തമാണെന്ന് പറഞ്ഞു കൊണ്ട് അപ്പന് പരിചയപ്പെടുത്തുന്നതെന്ന് മനസ്സിലായതും പാത്തുവിന്റെയും കണ്ണ് കലങ്ങിയിരുന്നു. അത്രമേൽ ഇഷ്ടത്തോടെ അവന് സ്വന്തമെന്ന് പറയാൻ അവളല്ലാതെ വേറെ ആരാണ്? പാത്തുവും കണ്ണടച്ച് കൊണ്ട് കൈകൾ കൂപ്പി. പ്രിയപ്പെട്ടവന്റെ അച്ഛൻ മാത്രമല്ലല്ലോ... അദ്ദേഹമവൾക്ക്, അവളുടെ ഉപ്പാന്റെ ഹൃദയമിടിപ്പ് പോലെ കൊണ്ട് നടന്ന കൂട്ടുകാരൻ കൂടിയാണ്. മനസ്സറിഞ്ഞു കൊണ്ട് തന്നെയാണ് രണ്ട് പേരും പ്രാർത്ഥനയോടെ തിരിഞ്ഞു നടന്നത്. "മറിയാമ്മച്ചി ഇനിയും വന്നില്ലേ?" ക്രിസ്റ്റിയവളെ ചേർത്ത് പിടിച്ചു നടക്കുന്നതിനിടെ പാത്തുവിനോട് ചോദിച്ചു. "ഇല്ല... രണ്ടു വട്ടം വിളിച്ചപ്പോഴും തീർന്നില്ലെന്ന് പറഞ്ഞു വഴക്ക് പറഞ്ഞു " ചിരിച്ചു കൊണ്ട് പാത്തു അവന്റെ കയ്യിൽ തൂങ്ങി. "അതത്ര പെട്ടന്നൊന്നും തീരാത്ത പ്രണയമാണ് പാത്തോ.. കേട്ടിട്ടില്ലേ നീ.. മരണം കൊണ്ട് പോലും മറക്കില്ലന്നൊക്കെ പറയുന്നവരെ.. ഞാനത് നേരിട്ട് കണ്ടത് എന്റെ മറിയാമ്മച്ചിയുടെ അനുഭവം കൊണ്ടാ.. അവരിപ്പോഴും ഇച്ചായാ ന്ന് വിളിക്കുമ്പോ.. കേൾക്കുന്ന നമ്മൾക്ക് തന്നെ അറിയാൻ പറ്റും ആ വിളിയിലെ സ്നേഹം.." ക്രിസ്തിയൊരു ചിരിയോടെ പറഞ്ഞു. "സത്യത്തിൽ അവരുടെ കെട്ട്യോനൊരു ഭാഗ്യദോഷിയാണ് പാത്തോ.. ഇത്രേം സ്നേഹം.. അനുഭവിക്കാൻ കഴിഞ്ഞില്ലല്ലോ. എന്റെ മറിയാമ്മച്ചിയെ ഒറ്റക്കിട്ട് പോയ്‌ കളഞ്ഞില്ലേ..ഇവിടിങ്ങനെ ഒറ്റക്ക് ഉരുകാനല്ലാതെ വേറൊന്നും ചെയ്യാനില്ലല്ലോ.. പാവം.. ഈ പൊട്ടി തെറിച്ചു നടക്കുന്നുവെന്നേയുള്ളൂ..ഉള്ള് കൊണ്ട് അതൊരുപാട് വേദനിക്കുന്നുണ്ട്.." ക്രിസ്റ്റിയുടെ കണ്ണുകളിൽ മറിയാമ്മച്ചിയോടുള്ള സ്നേഹം നിറഞ്ഞു നിൽപ്പുണ്ടായിരുന്നു. പാത്തുവിനെയും കൊണ്ട് ക്രിസ്റ്റി പോയതും അവരുടെ അരികിലേക്കാണ്. "ഇന്ന് എന്നതാ മറിയാമ്മച്ചി വല്ലാതെ നീണ്ടു പോയോ..?" മുണ്ട് മടക്കി കുത്തി അവരുടെ അരികിലേക്ക് ചെന്നിട്ട് ക്രിസ്റ്റി ചോദിച്ചു. "നീ എവിടെ പോയിരുന്നെടാ കുരുത്തം കെട്ടവനെ.. ഇച്ചായൻ നിന്നെ ചോദിച്ചായിരുന്നു " അവനെ കണ്ടതും മരിയ്യമ്മച്ചി കണ്ണുരുട്ടി. "ചോദിക്കും.. എനിക്കറിയാലോ.. എന്നാത്തിനാ കുഞ്ഞേ ഈ സാധനത്തിനെ നീ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നതെന്ന് ഇച്ചായൻ ചോദിക്കുമെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാനിങ്ങോട്ട് വരാഞ്ഞതും.." പാത്തുവിനെ നോക്കി കണ്ണടച്ച് കാണിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞതും മറിയാമ്മച്ചി മുഖം വീർപ്പിച്ചു. "അവനിപ്പോ പഴയ പോലെയൊന്നും അല്ല ഇച്ചായ. ഒരു പെണ്ണ് കെട്ടിയപ്പോൾ നമ്മളെയൊന്നും വേണ്ടാതായി " മറിയാമ്മച്ചി വീണ്ടും കല്ലറയുടെ നേരെ നോക്കി പറഞ്ഞതും ക്രിസ്റ്റിയുടെ നെഞ്ചോന്നാളി. "ദേ.. പോക്രിത്തരം പറഞ്ഞ ഉണ്ടല്ലോ.. കെട്ട്യോൻ നിക്കുന്നുണ്ടന്നൊന്നും ഞാൻ നോക്കത്തില്ല. കെട്ടിപിടിച്ചു ഉമ്മ വെച്ച് കളയും കേട്ടോ " പറഞ്ഞതും അവനാ കവിളിൽ ചുണ്ട് ചേർത്ത് വെച്ച് കഴിഞ്ഞിരുന്നു. "മോളിങ് വന്നേ..." ചിരിയോടെ പാത്തുവിനെ കൂടി മുന്നിലേക്ക് വലിച്ചു നീക്കി മാറിയമച്ചി ചേർത്ത് പിടിച്ചു. "നമ്മടെ മോന്റെ പെണ്ണാ ഇച്ചായാ.. കർത്താവിന്റെ അരികിലിരുന്ന് പ്രാർത്ഥിക്കുമ്പോൾ മക്കൾക്ക് കൂടിയൊന്ന് കാര്യമായിട്ട് പറഞ്ഞേക്കണേ നിങ്ങള് .. ഒത്തിരി അനുഭവിച്ചവരാ എന്റെ പിള്ളേര്.. ഇനി അതുങ്ങള് സന്തോഷത്തോടെ ജീവിക്കാൻ വേണ്ടിയിട്ട്.." കണ്ണ് നിറച്ചു കൊണ്ട് പാത്തു കൈകൾ കൂപ്പി നിൽക്കുമ്പോൾ.. ക്രിസ്റ്റി ഉള്ളിലെ ഗദ്ഗതം അടക്കി പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. "വന്നേ.. ഇനി മതി. പിന്നെരൂസം വരാം " ഇനിയും അവിടെ നിൽക്കാൻ വയ്യെന്നത് പോലെ ക്രിസ്റ്റി മറിയാമ്മച്ചിയുടെ തോളിൽ പിടിച്ചു കൊണ്ട് മുന്നോട്ടു നടത്തിച്ചു. "പോയേച്ചും വരാം.. കേട്ടോ ഇച്ചായാ .. " തിരിഞ്ഞു നോക്കി കൊണ്ട് അവരപ്പോഴും പറയുന്നുണ്ടായിരുന്നു. പിന്തിരിഞ്ഞു നോക്കുമ്പോൾ ക്രിസ്റ്റി പറഞ്ഞ അതേ കാര്യം തന്നെയായിരുന്നു പാത്തുവും ഓർത്തത്. പാതിയുടെ പ്രണയം മുഴുവനും പകർന്നെടുക്കാതെ മരണത്തിലേക്ക് നടന്നു പോയ ആ നിർഭാഗ്യവനായ മനുഷ്യനെ കുറിച്ച്.. മൂന്ന് പേരും കൂടി വീണ്ടും പള്ളി മുറ്റത്തേക്ക് ചെന്നു. വാക മരത്തിനു ചുറ്റും കെട്ടിയ സിമന്റ് തിണ്ണയിൽ അവരെ കാത്തെന്ന പോലെ ഇരിപ്പുണ്ടായിരുന്നു മറ്റുള്ളവരെല്ലാം. "അച്ചനെ കൂടി കണ്ടിട്ട് പോകാം മോനെ.." ക്രിസ്റ്റിയെ കണ്ടതും മാത്തൻ എഴുന്നേറ്റു. ക്രിസ്റ്റി തലയാട്ടി കൊണ്ട് അയാളുടെ കയ്യിൽ പിടിച്ചു കൊണ്ട് വീണ്ടും പള്ളിയുടെ എതിരെയുള്ള ചെറിയൊരു മുറിയുടെ നേരെ നടന്നു. തൊട്ട് പിറകെ മറ്റുള്ളവരും.. ❣️❣️ വയർ നിറഞ്ഞതോടെ അത് വരെയും ഉണ്ടായിരുന്ന ആവേശത്തിൽ നല്ല മാറ്റം വന്നിരുന്നു മൂന്ന് പേരിലും. വണ്ടിയുടെ പിന്നിലെ സീറ്റിൽ പാട്ടൊക്കെയിട്ട് ആഘോഷമാക്കിയവരാണ്. തിരികെ വീട്ടിലേക്ക് മടങ്ങും വഴി ഭക്ഷണം കൂടി കഴിക്കാമെന്ന് പറഞ്ഞു കൊണ്ട് ക്രിസ്റ്റി അവരെയെല്ലാം ടൗണിലേക്കാണ് കൂട്ടി കൊണ്ട് പോയത്. ദിലുവും പാത്തുവും മീരയും ഒതുങ്ങിയതോടെ തിരിച്ചുള്ള യാത്ര ഏറെക്കുറെ മൗനമായിരുന്നു. നേർത്ത ശബ്ദത്തിൽ പാട്ടുണ്ട്.. എന്നതൊഴിച്ചാൽ എല്ലാവരും ഓരോ ചിന്തകൾ കൊണ്ടുള്ള ചങ്ങലകണ്ണികൾ കൊണ്ട് ബന്ധിതരാണ്. കാണാൻ ചെന്നപ്പോഴുള്ള അച്ചന്റെ വാക്കുകളായിരുന്നു അപ്പോഴും ക്രിസ്റ്റിയുടെ മനസ്സിൽ. "അവനനവന്റെ വിശ്വാസവും മതവും മനസ്സിലല്ലേ വേണ്ടത്. സന്തോഷമായിട്ട്.. സ്നേഹത്തോടെ ജീവിക്കാൻ കഴിയട്ടെ.. കർത്താവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.." ലില്ലിയുടെ വിവാഹത്തിന്റെ കാര്യം ഏറെ സങ്കോചത്തോടെയാണ് അച്ചന്റെ മുന്നിൽ അവതരിപ്പിച്ചത്. പക്ഷേ തികച്ചും അത്ഭുതപ്പെടുത്തി കൊണ്ടദ്ദേഹം സന്തോഷത്തോടെ ലില്ലിയുടെ തലയിൽ കൈ വെച്ച് കൊണ്ട് പറയുമ്പോൾ.. കർത്താവിന്റെ കണ്ണിൽ അൽപ്പം മുൻപ് കണ്ട... അതേ കരുണ ക്രിസ്റ്റി ആ കണ്ണിലും കണ്ടിരുന്നു. 'ലില്ലിയെ എനിക്കറിയാലോ..അത് കൊണ്ട് തന്നെ എനിക്കിങ്ങനെ പറയാനേ കഴിയൂ.. അത്രമാത്രം സന്തോഷമുണ്ട് എനിക്ക്... തീർച്ചയായും വിവാഹതിന് ശേഷം ഭർത്താവിനെയും കൂട്ടി.. ഇങ്ങോട്ട് വരണം. എനിക്കൊന്നു കാണാൻ.. ഇത്രേം നന്മയുള്ള ആ മനുഷ്യനെ.." അദ്ദേഹം ചിരിച്ചു കൊണ്ടാണ് പറഞ്ഞത് മുഴുവനും. "വരാം എന്ന് ലില്ലി നിറഞ്ഞ മനസോടെ ഏൽക്കുകയും ചെയ്തു. മഞ്ഞു പോലെ മൃദുവായി ആ സങ്കടവും പരിഹരിക്കപ്പെട്ട സന്തോഷത്തോടെയാണ് തിരികെയിറങ്ങിയത്. തിരിച്ചവർ കുന്നേൽ വന്നിറങ്ങുമ്പോൾ... സമയം ഒൻപത് മണി കഴിഞ്ഞിരുന്നു. ഭക്ഷണമെല്ലാം കഴിഞ്ഞത് കൊണ്ട് പിന്നേയൊന്നും ചെയാനില്ലാത്തത് കൊണ്ട് എല്ലാവരും അവരവരുടെ മുറികളിലേക്ക് കിടക്കാനായി പോയി.. ❣️❣️ "ദേ പെണ്ണേ.. ഞാനിപ്പോ പൊക്കിയെടുത്ത് ബാത്റൂമിൽ കൊണ്ടിടും കേട്ടോ " കുളിച്ചു കഴിഞ്ഞു വന്നപ്പോഴും ചുരുണ്ടു കൂടി കിടക്കുന്ന പാത്തുവിനെ തട്ടി വിളിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു. വണ്ടിയിൽ ഇരുന്നു തന്നെ മൂന്നും ഉറക്കം പിടിച്ചിരുന്നു. തട്ടി വിളിച്ചാണ് പുറത്തേക്കിറക്കിയതാണ്. ദിലുവും പാത്തുവും ക്രിസ്റ്റിയുടെ കയ്യിൽ തൂങ്ങി അകത്തേക്ക് കയറി. മീരാ ഡെയ്സിയുടെ തോളിലും. 'എനിക്കുറക്കം വന്നിട്ടാ ഇച്ഛാ.. " പാത്തു അവനെ നോക്കി ചിണുങ്ങി. "ഉറങ്ങിക്കോ. പക്ഷേ കുളിച്ചു വന്നിട്ട് കിടന്നാൽ മതി. അതിലെയൊക്കെ പോയതല്ലേ ഇന്ന്. ചെല്ല്.. എണീക്ക് " ക്രിസ്റ്റി തന്നെ അവളെ വലിച്ചു പൊക്കി. "ഇങ്ങനൊരു സാധനം..." അവനെ നോക്കി പിറുപിറുത്തു കൊണ്ട് പാത്തു ഷെൽഫിനിൽ നിന്നും ഒരു ഡ്രസ്സും വലിച്ചെടുത്തു കൊണ്ട് ബാത്റൂമിലേക്ക് കയറി. "വയ്യെങ്കി ഇച്ഛാ കുളിപ്പിച്ച് തരാടി.. വേണോ?" കിടക്കയിൽ ഇരുന്നു കൊണ്ട് അവളെ നോക്കിയൊരു കള്ളചിരിയോടെ ക്രിസ്റ്റി പറഞ്ഞതും അവനെയൊന്ന് തുറിച്ചു നോക്കി കൊണ്ടവൾ അൽപ്പം ഉറക്കെ തന്നെ വാതിലടച്ചു. ക്രിസ്റ്റി ചിരിയോടെ ഫോൺ എടുത്തു കൊണ്ട് മെസ്സേജെല്ലാം നോക്കി. അഞ്ചു മിനിറ്റ് കൊണ്ട് തന്നെ വിറക്കുന്നത് പോലെ തൂങ്ങി പിടിച്ചു വന്നവൾ അവനെയൊന്ന് നോക്കി. "മ്മ്മ്..." ഫോൺ ഓഫ് ചെയ്തു മേശയിലേക്ക് വെച്ചിട്ട് ക്രിസ്റ്റി പുരികം പൊക്കി. "ഇപ്പൊ എന്റെ ഉറക്കം പോയില്ലേ?" പാത്തു അവനെ നോക്കി പറഞ്ഞു. "വെരി ഗുഡ്.. അത് തന്നെ എനിക്കും വേണ്ടത് " ക്രിസ്റ്റീയൊരു കള്ളച്ചിരിയോടെ പറഞ്ഞു. "അത് ശരി.. അപ്പൊ കരുതി കൂട്ടി ആണല്ലേ.." പാത്തു നടുവിന് കൈ കുത്തി നിന്നിട്ട് അവനെ നോക്കി. "പിന്നല്ലാതെ.. ഇച്ചിരി മനസാക്ഷി ഉണ്ടോ ഡീ നിനക്ക്?" അവൻ നേരെയിരുന്നു കൊണ്ടവളെ നോക്കി. "ഏഹ്..." അതിന് മാത്രം താനെന്തു ചെയ്തു എന്നറിയാതെ പാത്തു മുഖം ചുളിച്ചു. "മിനിഞ്ഞാന്നു കല്യാണം കഴിഞ്ഞ എന്നെപോലെയൊരു ചെക്കന്റെ ഉറക്കം മൊത്തം കളഞ്ഞിട്ട് ഒറ്റയ്ക്ക് കിടന്നുറങ്ങാൻ നിനക്ക് മനസാക്ഷി ഉണ്ടോ ന്ന്?" ചുണ്ടിലോളിപ്പിച്ച കള്ളചിരിയോടെ ക്രിസ്റ്റി പറഞ്ഞതും പാത്തു അവനെ നോക്കി മനസ്സിലായത് പോലെ തലയാട്ടി... "ഇങ്ങ് വാ..." അതെ ചിരിയോടെ ക്രിസ്റ്റി കൈ നീട്ടി...ആ ചിരിക്ക് മുന്നിൽ പിണക്കം മറന്നിട്ട് അവളും കൈ ചേർത്തു പിടിച്ചു.. 💞💞 തലേന്ന് വരെയും ഉണ്ടായിരുന്ന പോലല്ല.. അന്നത്തെ രാത്രി ഏറെ അസ്വസ്ഥത നിറഞ്ഞതായിരുന്നു. ഇന്നലെ വരെയും ചെറിയൊരു.. വളരെ ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. രക്ഷപെട്ടു പോകാൻ ചെറിയൊരു പഴുതെങ്കിലും ബാക്കി കാണുമെന്നുള്ളത്. ഇന്നതും അസ്തമിച്ചു കഴിഞ്ഞു. ഇനിയൊരു തിരിച്ചു പോക്കില്ലെന്ന യാഥാർഥ്യമാണ് അസ്വസ്ത്ഥതയുടെ കരിവണ്ടുകളെ പോലെ ചുറ്റും മൂളി പറന്നു രസിക്കുന്നത്. ദേഹത്തു പറ്റി കിടക്കുന്ന നമ്പറെഴുതിയ വെളുത്ത കുപ്പായത്തിലേക്ക് നോക്കുമ്പോഴും ഒന്നും വിശ്വാസമാവുന്നില്ലായിരുന്നു. ഇനിയങ്ങോട്ട് മനം മടുപ്പിക്കുന്ന ഈ ഏകാന്തതയാണ് കൂട്ട്. ഒന്നിരിക്കാൻ പോലും നേരമില്ലാതെ ഓടി പിടഞ്ഞു സമ്പാദിച്ചു കൂട്ടിയതെല്ലാം ഇനിയാർക്കോ ഉപകരിക്കും. രുചിയേറിയ ഭക്ഷണങ്ങൾക്ക് പോലും കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്ന പ്രവണത.. ഇനി ജയിലിലെ ഭക്ഷണം കഴിക്കുമ്പോൾ... കുത്തി നോവിക്കും. പതുത്ത മെത്തയിൽ കിടന്നുറങ്ങിയ രാത്രികളെ , ഇനി തണുത്ത സിമന്റ് തറയിൽ കിടക്കുമ്പോൾ ഓർമ്മിക്കും.. കൂടെയുള്ളവരുടെ കൂർക്കം വലി അരോചകം സൃഷ്ടിച്ചിട്ടും... ഒന്നും മിണ്ടാതെ.. പുറത്ത് കട്ട പിടിച്ചു കിടക്കുന്ന ഇരുട്ടിലേക്ക് തുറിച്ചു നോക്കിയിരിക്കുന്ന രണ്ട് പേര്.. ഷാഹിദും വർക്കിയും അന്നൽപ്പം പോലും ഉറങ്ങാതെ നേരം വെളുപ്പിച്ചപ്പോൾ.. ഏറെ നാളുകൾക്ക് ശേഷം മനഃസമാദാനത്തോടെ ഉറങ്ങി എഴുന്നേറ്റ പ്രസരിപ്പുണ്ടായിരുന്നു റിഷിന്... ❣️❣️ "കാത്തിരുന്നായിരുന്നോ നീ?" ഫൈസി പതിയെ ചോദിക്കുമ്പോൾ മീരയൊന്ന് മൂളി.. "സങ്കടമായോ...ഞാൻ വരാഞ്ഞതിൽ?" പ്രണയം നിറഞ്ഞ അവന്റെ വാക്കുകൾ. ഉണ്ടായിരുന്നോ? അവളാ ചോദ്യം സ്വയം ചോദിച്ചു. ചിലപ്പോൾ ഫൈസി വരുമെന്ന് ഇച്ഛാ പറഞ്ഞത് മുതൽ താനറിയാതെ തന്നെ അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. വരുന്നത് തന്നെക്കാണാനാണ് എന്നായോർമയിൽ അറിയാതെ തന്നെ ഹൃദയം കുതിച്ചു തുള്ളിയിരുന്നു. അവർക്കെല്ലാവർക്കും കൂടെ അത്രേം സന്തോഷമുള്ള നിമിഷം ആസ്വദിക്കുമ്പോഴും ഒന്ന് കണ്ടില്ലല്ലോ... വരുമെന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ എന്നുള്ള പരിഭവം കൊണ്ട് കുഞ്ഞൊരു നോവ് ഉള്ളിലൂടെ മിന്നി മായുന്നുണ്ടായിരുന്നു. "മീരാ.." ഫൈസി വിളിക്കുമ്പോൾ അവളൊന്നു ഞെട്ടി. "പറ... സങ്കടം തോന്നിയോ..?" അവനാ ചോദ്യം വിടാനുള്ള ഭാവമില്ലായിരുന്നു. "മ്മ് " മൂളുമ്പോൾ അറിയാതെ തന്നെ മീരാ തലയിണയിലേക്ക് മുഖം പൂഴ്ത്തി. "ഞാനിപ്പോ വന്നാലോ...?" പെട്ടന്നായിരുന്നു അവന്റെ ചോദ്യം. "യ്യോ..ഇപ്പഴോ?" ചോദ്യത്തോടൊപ്പം തന്നെ മീരാ ചാടി എഴുന്നേറ്റു. "ആഹ്.. ഇപ്പഴേന്താ കുഴപ്പം?" ഫൈസിയൊരു ചിരിയോടെയാണ് ചോദിക്കുന്നത്. "വേണ്ട ഇച്ഛായറിഞ്ഞ.. എന്ത് കരുതും.. വേണ്ട ഫൈസിക്കാ " അവൻ വരാമെന്നു പറഞ്ഞതോടെ ഉള്ളൊന്നു തുടിച്ചുവെങ്കിലും മീര പതിയെ പറഞ്ഞു. "അവനൊന്നും പറയൂലൻറെ പെണ്ണെ..." ഫൈസിയപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു. മീരായൊന്നും മിണ്ടിയില്ല. "വേണ്ടാത്തതൊന്നും ചിന്തിച്ചു കൂട്ടേണ്ട മീരാ.. ഇത് വർക്കിചെറിയാനല്ല. ഫൈസൽ മുഹമ്മദാണ് " അവളെന്താണ് അന്നേരം ചിന്തിച്ചു പോയതെന്ന് വ്യക്തമായും അറിയാവുന്ന പോലെ ഫൈസി പറഞ്ഞതും മീരയുടെ ചുണ്ടിലും കുഞ്ഞൊരു ചിരിയുണ്ടായിരുന്നു. "നാളെ രാവിലെ ഒരുങ്ങിയിരിക്കണേ.. ഞാൻ വരാം.. നമ്മുക്കൊരിടം വരെയും പോവാനുണ്ട് " ഫൈസി പറഞ്ഞു. "എങ്ങോട്ടാ ഫൈസിക്കാ?" മീരാ ആകാംഷയോടെ ചോദിച്ചു. "അത് സർപ്രൈസ്..." ഫൈസിയും ചിരിയോടെ പറഞ്ഞു.. പിന്നെയും ഏറെ നേരത്തെ പ്രണയസല്ലാപതിന് ശേഷം കണ്ണിലുറക്കം പിടിച്ചു തുടങ്ങിയപ്പോഴാണ് അവരാ നിമിഷങ്ങൾ അവസാനിപ്പിച്ചു കൊണ്ട് ഫോൺ ഓഫ് ചെയ്തത്.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story