നിലാവിന്റെ തോഴൻ: ഭാഗം 113

നിലാവിന്റെ തോഴൻ: ഭാഗം 113

രചന: ജിഫ്‌ന നിസാർ

"മാമന്റെ മക്കളൊക്കെ സ്കൂളിൽ പോണത് കാണുമ്പോൾ ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു. പിന്നെ പിന്നെ മനസ്സിലായി സങ്കടം കൊണ്ടൊന്നും എന്റെ അവസ്ഥയിലൊരു മാറ്റവും വരുത്തില്ലെന്ന്. അതോടെ അതിലൊരു തീരുമാനമായി " തന്റെ നെഞ്ചിൽ പതുങ്ങി കിടന്നു കൊണ്ട് പറയുന്നവളുടെ നെറുകയിൽ ഉമ്മ വെച്ച് കൊണ്ട് ക്രിസ്റ്റി അവളെയൊന്ന് കൂടി പൊതിഞ്ഞു പിടിച്ചു. "അങ്ങനെ അങ്ങനെ നേടിയെടുത്ത ആഗ്രഹങ്ങളെക്കാൾ ഞാൻ വിട്ടു കളഞ്ഞ ആഗ്രഹങ്ങളാണ് ഇച്ഛാ കൂടുതൽ. എനിക്ക് വേണ്ടാത്തത് കൊണ്ട് വിട്ട് കളഞ്ഞതല്ല കേട്ടോ. മാമിക്ക് വേണ്ടാന്ന് തോന്നുന്ന ആഗ്രഹങ്ങളൊന്നും പിന്നെ എനിക്കും ഉണ്ടാവാൻ പാടില്ലായിരുന്നു. അതായിരുന്നു അവിടുത്തെ നിയമം " പാത്തുവിന്റെ ചുണ്ടിലൊരു വിളറിയ ചിരിയുണ്ട്. ക്രിസ്റ്റി അവളെ പൊക്കിയെടുത്ത് തന്റെ നെഞ്ചിലേക്ക് കിടത്തി. "ഇച്ഛാ..." തന്റെ മേലുള്ള പുതപ്പ് അൽപ്പം തെന്നി മാറിയതും പാത്തു അത് മുറുകെ പിടിച്ചു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി. "കഴിഞ്ഞു പോയതാണേലും അത് പറഞ്ഞിട്ട് നീ കണ്ണ് നിറക്കല്ലെന്റെ പെണ്ണേ... അതൊക്കെ ഉപേക്ഷിച്ചു കളഞ്ഞേക്ക്.. എന്നിട്ട് ഇനിയും അൽപ്പം പോലും നിറം മങ്ങാത്ത ആഗ്രഹങ്ങളിൽ ഏതെങ്കിലും ബാക്കിയുണ്ടെങ്കിൽ.. അത് പറ. ഈ ലോകം മുഴുവനും ചുറ്റി നടന്നിട്ടായാലും ഞാൻ എത്തിച്ചു തരാം.. നിനക്ക് മുന്നിലേക്ക് " പാത്തുവിന്റെ മുഖത്തു വിരൽ ഇഴയിച്ചു കൊണ്ടവൻ പറഞ്ഞു. "ഇനി... ഇനിയങ്ങനെ ആഗ്രഹങ്ങളൊന്നും ബാക്കിയില്ല ഇച്ഛാ.. ദേ.. ഇനിയീ നെഞ്ചിൽ മരണം വരെയും ഇത് പോലെ പറ്റി പിടിച്ചു കിടക്കാൻ മാത്രം ആഗ്രഹമുള്ളു " നക്നമായ അവന്റെ നെഞ്ചിലെ കുരിശ് മാലയിലിൽ ഉമ്മ വെച്ച് കൊണ്ട് പാത്തു പറഞ്ഞു. "നിനക്കിനിയും പഠിക്കാൻ പോണോ..?" അവളെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ കൈ കുത്തി ക്രിസ്റ്റി കട്ടിലിൽ ചാരി എഴുന്നേറ്റിരുന്നു. തന്റെ മേൽ പൊതിഞ്ഞ പുതപ്പിനെ പാത്തുവപ്പോഴും മുറുകെ പിടിച്ചിട്ടുണ്ട്. "പറ... അറക്കൽ എത്തിയിട്ടും കോളേജ് മിസ് ചെയ്തിരുന്നുവെന്ന് നീ എന്നോട് പറഞ്ഞിരുന്നു. ആ മിസ്സിംഗ്‌.. ആ വലിയൊരു ആഗ്രഹം. അതിപ്പോഴും ബാക്കിയുണ്ടോ?" ക്രിസ്റ്റി അവളുടെ കണ്ണിലേക്കു നോക്കി. 'ഉണ്ടെങ്കിൽ..? " പാത്തു കൈ ഉയർത്തി അവന്റെ മീശ പിരിച്ചു. "ഉണ്ടെങ്കിൽ... കോളേജ് തുറക്കുന്ന ആദ്യദിവസം മുതൽ അവിടെ പഠിക്കാൻ.. ഫാത്തിമ ക്രിസ്റ്റി ഉണ്ടായിരിക്കും " അവളുടെ നെറ്റിയിൽ മുട്ടിച്ചു കൊണ്ട് ക്രിസ്തിയൊരു ചിരിയോടെ പറഞ്ഞു. ആ വാക്കിലെ സ്നേഹം... അവൾക്കുള്ളിലും അതേ അളവിൽ ഇരമ്പിഎത്തിയിരുന്നു. അടക്കാൻ കഴിയാത്ത ആവേശത്തിൽ അവളുടെ പല്ലുകൾ ക്രിസ്റ്റിയുടെ കവിളിൽ ആഴത്തിൽ പതിഞ്ഞു. നന്നായി വേദനിച്ചുവെങ്കിലും അവൻ അവളാ പിടി വിടുവോളം കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു. "വേദനിച്ചോ.. സോറി ഇച്ഛാ.." അവന്റെ മുഖത്തെ ഭാവം കണ്ടതും പാത്തു കടിച്ചിടത്തു തന്നെ ഉമ്മ വെച്ച് കൊണ്ട് ചുണ്ട് ചുളുക്കി. "കോളേജിൽ ചേർക്കും മുന്നേ നിന്നെ ഞാൻ ഒന്നാം ക്ലാസ്സിൽ ആക്കി തരേണ്ടി വരുവോ പാത്തോ. അമ്മാതിരി സ്വഭാവമാണല്ലോ.." ക്രിസ്റ്റി ചിരിയോടെ അവളുടെ കവിളിൽ പിടിച്ചു വലിച്ചു. അവളൊന്നും മിണ്ടാതെ ചുണ്ട് കൂർപ്പിച്ചു കൊണ്ടവനെ നോക്കി. "നമ്മുക്കൊരു യാത്ര പോയാലോ?" പിണങ്ങിയ പോലിരിക്കുന്ന പാത്തുവിനെ നോക്കി ക്രിസ്റ്റി ചോദിച്ചു. "എങ്ങോട്ടാ ഇച്ഛാ..." ആ ഒറ്റ ചോദ്യത്തോടെ പിണക്കം മറന്നവൾ വീണ്ടും അവനോട് പറ്റി ചേർന്നു. "അടുത്ത ആഴ്ച മുതൽ ഓഫീസിൽ പോയ്‌ തുടങ്ങണം എനിക്ക്. അതിന് മുന്നേ ഞാനും നീയും മാത്രം ചെറിയൊരു ട്രിപ്പ്‌. ഓഫീസിൽ ജോയിൻ ചെയ്താൽ പിന്നെ കുറച്ചു ദിവസത്തേക്ക് നിന്ന് തിരിയാൻ സമയം കാണത്തില്ല." പാത്തുവിന്റെ നക്നമായ തോളിൽ തലോടി കൊണ്ട് ക്രിസ്റ്റി പറഞ്ഞു. "അപ്പൊ നമ്മൾ ഒറ്റക്കാണോ പോണത്?" പാത്തു അവനിൽ നിന്നും അകന്നിരുന്നു കൊണ്ട് ചോദിച്ചു. "അല്ലടി.. ഹണിമൂൺ പോകാൻ ഞാൻ ടൗണിൽ നിന്നൊരു വണ്ടിക്ക് ആളെ കൂടി വിളിക്കാം. ന്തേയ്‌?" ക്രിസ്റ്റി അവളെ നോക്കി കണ്ണുരുട്ടി. "നമുക്കെല്ലാവർക്കും കൂടി പോകാം ഇച്ഛാ.. ഇന്ന് പള്ളിയിൽ പോയ പോലെ.. ന്തൊരു രസമായിരുന്നു. അങ്ങനെ മതി ഇച്ഛാ.. പ്ലീസ്.. അങ്ങനെ പോയാ മതി " പാത്തു ആവേശത്തിൽ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ഒരുപാട് കാലം ഒറ്റപ്പെട്ടു ജീവിച്ചവളുടെ ആ മനസ്സ്.. അതവനോളം വേറെയാർക്ക് മനസ്സിലാവും. "എല്ലാവരും ഉണ്ടാവുമ്പോൾ നല്ല സന്തോഷമാവും ഇച്ഛാ. ഇപ്പൊ.. ഇപ്പൊ നമ്മൾക്ക് എല്ലാർക്കും കൂടി പോകാം. എന്നിട്ട് പിന്നൊരൂസം ഇച്ഛാ പറഞ്ഞ പോലെ നമ്മൾക്ക് രണ്ടാൾക്കും മാത്രമായും പോവാം " താൻ പറഞ്ഞത് അവനിഷ്ടമായില്ലേ എന്നൊരു അങ്കലാപ്പ് പാത്തുവിന്റെ മുഖം നിറഞ്ഞു കാണുന്നുണ്ടായിരുന്നു. ക്രിസ്റ്റിയവളുടെ സന്തോഷം നോക്കി കാണുവായിരുന്നു.. അത്രമേൽ ആഹ്ലാദത്തോടെ. "ഇച്ഛക്ക് ഇഷ്ടമല്ലങ്കിൽ..." അവനൊന്നും മറുപടി പറയാഞ്ഞത് തന്റെ തീരുമാനം അംഗീകരിക്കാൻ കഴിയാഞ്ഞിട്ടാണെന്ന് കരുതി പാത്തു പെട്ടന്ന് പറഞ്ഞു. "ഇപ്പൊ..ഈ കാര്യത്തിൽ . എന്റെ പാത്തൂന്റെ ഇഷ്ടമാണ് ഇച്ചേടെ ഇഷ്ടം " ക്രിസ്റ്റിയൊരു ചിരിയോടെ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു കൊണ്ട് പറഞ്ഞു. "സത്യം..." പാത്തുവിന്റെ കണ്ണുകൾ വിടർന്നു. "മ്മ്മ് " ക്രിസ്റ്റി ചിരിയോടെ തന്നെ മൂളി. "നമ്മെളെല്ലാരും ചേർന്നു പോകുവോ?" പാത്തു വിശ്വാസമാവാത്തത് പോലെ വീണ്ടും ചോദിച്ചു. "പോവാടി.." "ന്റെ മുത്താണ് " ആഹ്ലാദത്തോടെ അവന്റെ കവിളിൽ രണ്ടു കയ്യും ചേർത്ത് വെച്ചവൾ ചിരിയോടെ പറഞ്ഞു. അവളിൽ ആകെ ബാക്കിയുണ്ടായിരുന്ന ആ പുതപ്പും അവൾ പിടി വിട്ടത്തോടെ ഊർന്നു പോയിരുന്നു..... ക്രിസ്റ്റീയൊരു കള്ളചിരിയോടെ അവളെ നോക്കി... ❣️❣️ ഒരു ലുങ്കി തുണിയും ഇന്നർ ബനിയനും.. തലയിലൊരു തോർത്ത്‌ കെട്ടുമായി മുറ്റത്തു നിന്നും ക്രിസ്റ്റി കാർ കഴുകി കൊണ്ടിരിക്കുമ്പോഴാണ് ഫൈസിയുടെ കാർ ഗേറ്റ് കടന്ന് വന്നത്. കയ്യൊന്ന് കഴുകി, തലയിൽ കെട്ടിയ തോർത്ത്‌ അഴിച്ചു കുടഞ്ഞു കൊണ്ട് ചിരിയോടെ ക്രിസ്റ്റി അവന്റെ നേരെ ചെന്നു. "നീ ഇന്നലെ എന്താടാ പള്ളിയിൽ വരാഞ്ഞേ.? വിളിച്ചിട്ടും കിട്ടിയില്ല " ക്രിസ്റ്റി ചോദ്യത്തോടെ ഫൈസിയെ നോക്കി. ഫൈസി കാറിന്റെ ഡോർ അടച്ചു കൊണ്ടവനെ നോക്കി ചിരിച്ചു. "ചുമ്മാ... എനിക്കൊരു മൂഡ് തോന്നിയില്ല." "ഏഹ്.. ഉള്ളതാണോ.. അല്ല.. ഇങ്ങോട്ട് ഇടിച്ചു കയറി വരാൻ ഒരു കാരണം കാത്ത് നടക്കുന്നവനായിരുന്നു നീ.. അതാനെനിക്ക് ഈ പറഞ്ഞതത്ര വിശ്വാസമില്ലാത്തത് " ക്രിസ്റ്റി കളിയാക്കി കൊണ്ട് പറഞ്ഞു. "പോടാ.. ഇന്നലെ വീട്ടുകാർക്കൊപ്പം ഒരു യാത്ര പോവേണ്ടി വന്നു. ഉമ്മാടെ കസിന്റെ വീട്ടിൽ എന്തോ ഫങ്ക്ഷൻ. പോകുമെന്ന് ഉറപ്പില്ലായിരുന്നു.. അതാണ്‌ നിന്നോടും ഞാൻ വരുമെന്ന് ഉറപ്പൊന്നും പറയാഞ്ഞത് " ഫൈസി ചിരിയോടെ പറഞ്ഞു. "അങ്ങനെ പണ... ഞാനും കരുതി " ക്രിസ്റ്റി അവനെ നോക്കി കണ്ണുരുട്ടി. "മീരയെവിടെ.. റെഡിയായില്ലേ?" ഫൈസി ക്രിസ്റ്റിയെ നോക്കി. ക്രിസ്റ്റി മനസ്സിലാവാത്ത പോലെ നെറ്റി ചുളിച്ചു. "ഞാനിന്നലെ പറഞ്ഞിരുന്നു അവളോട്.. ഒരു യാത്ര പോണം റെഡിയായി നിൽക്കാൻ " ഫൈസി വീണ്ടും പറഞ്ഞു. "ഓഓഓ.. അങ്ങനെ.. ഞാൻ അറിഞ്ഞില്ല.. അവളെന്നോട് പറഞ്ഞിട്ടില്ല." ക്രിസ്റ്റി ചിരിയോടെ പറഞ്ഞു. "അല്ലേലും ഇനി എന്തിനാ നീ. എന്റെ പെണ്ണിന് ഞാനുണ്ടല്ലോ" ഫൈസിയൊരു കള്ളച്ചിരിയോടെ ക്രിസ്റ്റിയെ നോക്കി. "ഉവ്വാ.. ഈ ഞാനെപ്പഴാ വീട്ടുകാരെ കൂട്ടി പെണ്ണ് കാണാൻ വരുന്നത്? അത് പറ. അല്ലേൽ ഞാനെന്റെ പെങ്ങളെ കൊള്ളാവുന്ന വേറെയൊരുത്തന് കെട്ടിച്ചു കൊടുക്കും. പിന്നെ അറിഞ്ഞില്ല പറഞ്ഞില്ല എന്നൊന്നും പറഞ്ഞേക്കരുത് " അതേ കള്ളചിരിയോടെ ക്രിസ്റ്റീയും അവനെ നോക്കി. "എങ്കിൽ.. അന്ന് ഞാൻ നിന്റെ ശവമടക്കു നടത്തുമെടാ .. തെണ്ടി " ഫൈസി ക്രിസ്റ്റിയെ നോക്കി ഈണത്തിൽ പറഞ്ഞു. "കയറി വാ.." ക്രിസ്റ്റിക്കൊപ്പം ഫൈസി കൂടി അകത്തേക്ക് കയറി. ❣️❣️ ജീവശ്വാസം തിരിച്ചു കിട്ടിയത് പോലെ മീര തന്റെ വീട്ടിനുള്ളിലേക്ക് ഓടി കയറി. ഭ്രാന്ത് പിടിച്ചത് പോലെ അവൾ ആർത്തിയോടെ അവിടെയെല്ലായിടത്തും ഓടി പാഞ്ഞു നടക്കുന്നത് ഫൈസിയൊരു നോവോടെയാണ് കണ്ടത്. കരഞ്ഞു കലങ്ങിയ കണ്ണോടെ അവളെ നോക്കി നിൽക്കുന്ന ഫൈസിയെ ഏറെ നേരം കഴിഞ്ഞാണ് അവളുടെ കണ്ണിൽപ്പെട്ടത്. അതേ കരച്ചിലോടെ തന്നെ മീരയവന്റെ നെഞ്ചിൽ അള്ളി പിടിച്ചു കിടന്നു. ഫൈസി രണ്ട് കയ്യും കൊണ്ടവളെ ചുറ്റി പിടിച്ചു തന്നിലേക്ക് ചേർത്ത് പുണർന്നു. കുന്നേൽ നിന്നും ഇറങ്ങിയപ്പോൾ തൊട്ട് മീരാ അവനോട് ചോദിക്കുന്നുണ്ടായിരുന്നു, എങ്ങോട്ടാണ് പോണതെന്ന്. പക്ഷേ അവനൊന്നും പറയാതെ സർപ്രൈസ് ആണെന്ന് മാത്രം വീണ്ടും വീണ്ടും അവളോട് ഉത്തരം പറഞ്ഞു. ഒടുവിൽ തന്റെ ഗ്രാമത്തിലേക്കുള്ള മൺവഴിയിലേക്ക് കാറെത്തി നിന്നതും മീരാ അത്ഭുതത്തോടെ ഫൈസിയെ നോക്കി. അവളൊരിക്കലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല അങ്ങോട്ടേക്കാണ് വരവെന്നത്. "എന്നോട് പറഞ്ഞില്ലേ.. ഒരൂസം ഇങ്ങോട്ട് വരണമെന്ന്.. അമ്മയെ മിസ് ചെയ്യുന്നുവെന്ന്. അന്ന്.. അന്ന് ഞാൻ ഉറപ്പിച്ചത മീരാ.. ഈ യാത്ര. ഇന്നാണ് അവസരം കിട്ടിയത് " തന്നെ കെട്ടിപിടിച്ചു നിൽക്കുന്നവളുടെ മുഖം പിടിച്ചിയർത്തി കൊണ്ട് ഫൈസി പറഞ്ഞതും മീര വിതുമ്പി. സ്നേഹത്തിനും അപ്പുറം..അവളുടെ കണ്ണിൽ അവനോടുള്ള നന്ദിയാണ്. അതങ്ങനെ നിറഞ്ഞു തൂവി ഒരു കടലോളമാഴത്തിൽ.... തിരിച്ചു പോകണമെന്ന് മീരാ പറയും വരെയും ഫൈസി ഒരു നോട്ടം കൊണ്ട് പോലും അവളെ അലോസരപ്പെടുത്താതെ അവിടെ അവൾക്ക് കൂട്ടിരുന്നു. കരയരുതെന്ന് അവനവളോട് പറഞ്ഞില്ല. കാരണം ചില ഓർമകൾ.. കരയിപ്പിക്കുമെന്ന് അവനറിയാമായിരുന്നു. പക്ഷേ ആ പെണ്ണുലഞ്ഞു കരയുമ്പോഴേല്ലാം അവനും ഹൃദയം കടയുന്നുണ്ടായിരുന്നു. എന്നിട്ടും മൗനമായി അവനവൾക്ക് കൂട്ടിരുന്നു... 'ഞങ്ങടെ കല്യാണമാണ് .. വിളിക്കും.. എല്ലാവരും വരണമെന്ന് അവൾ വന്നതറിഞ്ഞു അവളെ കാണാൻ എത്തിയവരോട് ഫൈസിയിടെ കയ്യും പിടിച്ചു പറയുന്നവളിൽ ഒരായിരം നക്ഷത്രങ്ങൾ ഒന്നിച്ചു പൂത്തിറങ്ങിയ ചേലുണ്ടായിരുന്നു.. അതവനുള്ളിലെ പ്രണയം ആളി പടർത്തി . കാത്തിരിക്കാൻ ഇനിയും വയ്യെന്ന് ഹൃദയത്തിന്റെ മുറവിളി അവനും കേൾക്കുന്നുണ്ടായിരുന്നുവപ്പോൾ. വന്നിറങ്ങിയത് പോലല്ല... നിറഞ്ഞ ചിരിയോടെയാണ് മീര പോവാനിറങ്ങിയത്. അവൾ സന്തോഷത്തോടെ ജീവിക്കുകയാണ് എന്നാ തിരിച്ചറിവിൽ അവളെ യാത്രയാക്കുന്ന മീരയുടെ പ്രിയപ്പെട്ടവർക്കും നിറഞ്ഞ മനസ്സ് തന്നെയായിരുന്നു.. ❣️❣️ ഒരുമിച്ചൊരു യാത്ര എന്നുള്ള പ്ലാൻ ക്രിസ്റ്റി കുന്നേൽ അവതരിപ്പിച്ചതും അവരെല്ലാം അത് ഒരേ സ്വരത്തിൽ എതിർത്തു. "ഇപ്പൊ നിങ്ങളൊറ്റക്ക് പോയിട്ട് വാ മക്കളെ. ഇവിടാരും ഇപ്പോളൊരു യാത്രക്ക് പറ്റിയ അവസ്ഥയിലല്ല " മാത്തൻ ക്രിസ്റ്റിയെ നോക്കി പറഞ്ഞു. അത് തന്നെയായിരുന്നു എല്ലാവർക്കും പറയാനുള്ളതും. "ഈ യാത്രയോടെ അതെല്ലാം ശെരിയാവും വല്യപ്പച്ച.. കേട്ടിട്ടില്ലേ.. നമ്മുടെ മൈന്റ് റിഫ്രഷ് ചെയ്യാൻ ഏറ്റവും നല്ലൊരു ഓപ്‌ഷൻ യാത്രയാണ് " പാത്തുവിന്റെ മങ്ങിയ മുഖം കണ്ടതും ക്രിസ്റ്റി ഒരിക്കൽ കൂടി പറഞ്ഞു നോക്കി. ഇവിടെല്ലാരും കൂടിയൊരു യാത്ര പാത്തുവെത്ര കൊതിക്കുന്നുണ്ടെന്ന് മനസ്സിലായിട്ടും അതിലെ അനൗപചാരികത മനസ്സിലാക്കി വരുന്നില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു. അടുത്ത ആഴ്ച ഓഫീസിൽ പോയ്‌ തുടങ്ങുന്ന കാര്യവും ക്രിസ്റ്റി അവരോട് സൂചിപ്പിച്ചു. കാത്തിരിക്കാൻ മുന്നിലൊന്നും ഇല്ലെന്നതിനാൽ നാളെയോ മറ്റന്നാളോ നമ്മൾക്ക് ഒക്കെയാണെന്ന് ഷാനവാസിനെ വിളിച്ചൊന്ന് പറയാൻ കൂടി മാത്തൻ ക്രിസ്റ്റിയെ ഏൽപ്പിച്ചു. അയാളുടെ ഉമ്മയുടെ അവസ്ഥയിൽ... ഇനിയിത് ഇങ്ങനെ നീട്ടി കൊണ്ട് പോവേണ്ടതില്ലെന്ന് അവനും തോന്നി. ആർഭാടമില്ലാത്തതിനാൽ... അല്ല അങ്ങനെ വേണ്ടന്ന് ലില്ലിയും ഷാനിക്കയും നിർബന്ധിച്ചു പറഞ്ഞതിനാൽ കൂടുതലൊന്നും ഒരുങ്ങേണ്ടിയും വരുന്നില്ല. ഫൈസി വന്നിട്ട് അവനെയും കൂട്ടി അതയാളോട് നേരിട്ട് പറയാമെന്നു ക്രിസ്റ്റി ഉറപ്പിച്ചു.അതാണ്‌ അതിന്റെയൊരു ഭംഗി എന്നവന് തോന്നി..... ❣️❣️ ഭക്ഷണം കൂടി കഴിച്ചിട്ടാണ് ഫൈസിയും മീരയും കുന്നേൽ തിരികെയെത്തിയത്. "എടാ.. ഞാൻ നാളെ എന്റെ വീട്ടുകാരെയും കൂട്ടി വരുന്നുണ്ട് കേട്ടോ.. പെണ്ണ് കാണാൻ " മീരാ അകത്തേക്ക് കയറി പോയതും ഫൈസി ക്രിസ്റ്റിയെ നോക്കി ആവേശത്തിൽ പറഞ്ഞു. "അതെന്താടാ നിനക്കിപ്പോൾ പെട്ടന്നങ്ങനെയൊരു തോന്നൽ?" അവനെയൊന്ന് അടിമുടി നോക്കി കൊണ്ട് ക്രിസ്റ്റി നെറ്റി ചുളിച്ചു. "അല്ലടാ.. അത് പിന്നെ..." ഫൈസി അവനെ നോക്കി. "ഏതു പിന്നെ..?" ക്രിസ്റ്റി കുറച്ചു കൂടി അവന്റെ അരികിലേക്ക് നീങ്ങി നിന്നു. 'എടാ.. ഒരു ദുർബല നിമിഷത്തിൽ... " ഫൈസി പാതിയിൽ നിർത്തി അവനെ നോക്കി. ക്രിസ്റ്റി ചുണ്ടുകൾ കൂട്ടി പിടിച്ചു കൊണ്ട് തലയാട്ടി."മ്മ്.. നടന്നത് തന്നെ.. " ഫൈസി പൊട്ടിച്ചിരിച്ചു കൊണ്ടവന്റെ തോളിൽ തല്ലി. "ഒടുക്കത്തെ വിശ്വാസം ആണല്ലേ... പെങ്ങളെ?" ചിരിയോടെ തന്നെ ഫൈസി ചോദിച്ചു. "നിന്നെയും " ക്രിസ്റ്റീയും ചിരിയോടെ കൂട്ടി ചേർത്തു.. "എനിക്കിനിയും വയ്യെടാ കാത്തിരിക്കാൻ.. അവളെ നീ എനിക്ക് താ.. നിന്റെ പെങ്ങളെ ഞാനെന്റെ പ്രാണൻ പോലെ കാത്ത് കൊള്ളാം " ഫൈസിയുടെ സ്വരം പ്രണയം കൊണ്ട് വിങ്ങുന്നുണ്ടായിരുന്നു അത് പറയുമ്പോൾ... ക്രിസ്റ്റിയുടെ ഹൃദയമാപ്പോഴും നിറഞ്ഞു തൂവിയത് സന്തോഷം കൊണ്ടായിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story