Novel

നിലാവിന്റെ തോഴൻ: ഭാഗം 114

രചന: ജിഫ്‌ന നിസാർ

ഒരുപാട് പരിചിതമായവരും, ഹൃദയം നിറയെ തന്നോടുള്ള സ്നേഹം കൊണ്ട് നടക്കുന്നവരായിട്ടും ഫൈസിയുടെ കുടുംബത്തിനു മുന്നിലേക്ക് ചായഗ്ലാസ്‌ അടുക്കിയ ട്രേയുമായി പോകുമ്പോൾ മീരാ വിറക്കുന്നുണ്ടായിരുന്നു.

ക്രിസ്റ്റീയോട് ഫൈസി വെറുതെ പറഞ്ഞതായിരുന്നില്ല… തനിക്കിനി കാത്തിരിക്കാൻ വയ്യെന്നുള്ളത്.

തലേന്ന് വൈകുന്നേരം ക്രിസ്റ്റീയും ഫൈസിയും കൂടി ഷാനിക്കയേ കാണാൻ അയാളുടെ വീട്ടിലേക്ക് പോയിരുന്നു.

അതീവസന്തോഷത്തോടെ ആ ഉമ്മയും മകനും അവരെ സ്വീകരിച്ചു.
മനം നിറഞ്ഞു കൊണ്ടവർ പിറ്റേന്ന് വൈകുന്നേരം ചെറിയൊരു ചായ സൽക്കാരം പോലെ വിവാഹം നടത്താമെന്നുറപ്പിച്ചു കൊണ്ടാണ് തിരികെ മടങ്ങിയത്.

ഉമ്മാക്ക് മുന്നിൽ വെച്ചിട്ട് ലില്ലിയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അതാണ്‌ തന്റെ ലൈഫിലെ ഏറ്റവും മികച്ച നിമിഷമെന്ന് ക്രിസ്റ്റിയുടെ കൈ പിടിച്ചു കൊണ്ട് ഷാനവാസ് പറഞ്ഞു.

അതോടെ… വല്ല്യ റിസ്ക്കൊന്നുമില്ലാത്ത ആ ആഗ്രഹം നടത്തി കൊടുക്കണമെന്ന് രണ്ടു പേരും കൂടി തീരുമാനിക്കുകയായിരുന്നു.

പിന്നെയെല്ലാം പെട്ടന്നായിരുന്നു.

ലില്ലി എത്ര വേണ്ടന്ന് പറഞ്ഞിട്ടും വൈകുന്നേരം വീട്ടില്ലെല്ലാവരെയും കൂട്ടി ക്രിസ്റ്റി ടൗണിൽ പോയിരുന്നു.

അവർക്കെല്ലാം ഡ്രസ്സ്‌ എടുത്തതിന് പുറമെ.. ലില്ലിക്കായ് കുറച്ചു ആഭരണം കൂടി ക്രിസ്റ്റി വാങ്ങി.

“ഷോ കാണിക്കാനൊന്നും അല്ല കുഞ്ഞാന്റി. എന്റെയൊരു സന്തോഷത്തിന്. അങ്ങനെ കരുതിയാൽ മതി ”
എനിക്കിതൊന്നും വേണ്ടന്ന് പറഞ്ഞു കണ്ണ് നിറച്ച ലില്ലി ക്രിസ്റ്റിയുടെ ആ ഒറ്റ വാക്കിൽ കീഴടങ്ങി.

പാത്തുവും മീരയും ദിലുവും കൂടി ലില്ലിയെ കളിയാക്കുന്നുണ്ട്.

പക്ഷേ അപ്പോഴെല്ലാം നാണത്തിന് പകരം അവളുടെ മുഖത്തു നിറയുന്നത് അസ്വസ്ത്ഥതയാണെന്ന് മനസ്സിലായതും ക്രിസ്റ്റിയവരെ കണ്ണുകൾ കൊണ്ട് ചെയ്യരുതെന്ന് വിലക്കി.

സന്തോഷത്തിന്റെ പുതിയൊരു ദിവസം കൂടി ഉദിച്ചുയർന്നു.

ഉച്ചയോടെ ഷാനിക്കയുടെ വീട്ടിലേക്ക് പോകാനാണ് അവരുടെ പ്ലാൻ.

അവിടെ ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് അയാൾ വിളിച്ചു പറഞ്ഞിരുന്നു.

രാവിലെ മുതൽ പോകാനുള്ള ഒരുക്കങ്ങളിലേക്കാണ് ഫൈസി വിളിക്കുന്നത്… അവനവന്റെ പെണ്ണിനെ കാണാൻ വരുന്നുണ്ടെന്ന്.

ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും അവനത് കാര്യമായി പറഞ്ഞതാണെന്ന് മനസ്സിലായതും ക്രിസ്റ്റി അവരോടെല്ലാം കാര്യം പറഞ്ഞു.

ഒരു ദിവസം രണ്ടു സന്തോഷമായിരുന്നു അവർക്കെല്ലാം ആ വാർത്ത.

അത് വരെയും ലില്ലിയുടെ കല്യാണം പ്രമാണിച്ച് തകൃതിയായി ഒരുങ്ങി കളിച്ചു ചിരിച്ചു നടന്നിരുന്ന മീരാ ഫൈസി വരുന്നുണ്ടെന്ന് കേട്ടതും വെള്ളത്തിൽ വീണത് പോലായി.

കാര്യം ഉള്ള് പൊട്ടുന്ന പോലുള്ള സന്തോഷം തന്നിൽ നിറയുന്നുണ്ടെങ്കിലും… ഈ അനാവശ്യമായി വലിഞ്ഞു കയറി വന്ന ഭയത്തെ അവളപ്പോൾ പ്രാകുന്നുണ്ടായിരുന്നു.

പാത്തുവിനും ദിലുവും പുതിയൊരു ഇരയെ കിട്ടിയ സന്തോഷവുമുണ്ട്.അതവർ മീരയെ കളിയാക്കി കൊണ്ട് തീർക്കുന്നുമുണ്ട്.

സഹികെട്ടു കൊണ്ട് മീര ക്രിസ്റ്റീയോട് പോയി പരാതി പറഞ്ഞു.

ഒടുവിൽ “ഇനിയെന്റെ കൊച്ചിനെ കളിയാക്കിയ രണ്ടിനേം പിടിച്ചു നല്ല പെട തരുമെന്ന്” ക്രിസ്റ്റി കണ്ണുരുട്ടി പറഞ്ഞതോടെ.. അൽപ്പം കുറച്ചു എന്നല്ലാതെ അവരത് നിർത്തിയൊന്നുമില്ല.

ഫൈസിയും കുടുംബവും വന്നിട്ട് കുന്നേൽ നിന്നും ഷാനിക്കായുടെ വീട്ടിലേക്ക് ഒന്നിച്ചു പോകാമെന്നുള്ള തീരുമാനത്തിൽ എത്തി ചേർന്നു അവരെല്ലാം.

കല്യാണത്തിനുള്ള ഡ്രസ്സും ഒരുക്കങ്ങളും ഉള്ളത് കൊണ്ട് തന്നെ കുറച്ചു ബേക്കറി വാങ്ങി കരുതുക മാത്രമേ ചെയ്യേണ്ടതൊള്ളൂ.

“ഈ കല്യാണമെങ്ങാനും നീ വെട്ടി ചുരുക്കിയ.. പൊന്ന് മോനെ ഈ മറിയാമ്മയുടെ തനി കൊണം നീ കാണുമെന്നു “യാതൊരു അയവുമില്ലാതെ മറിയാമ്മച്ചി അപ്പോൾ തന്നെ ക്രിസ്റ്റിയെ ഓർമ്മിപ്പിച്ചു.

“കെട്ട്യോനെ പറഞ്ഞു മനസ്സിലാക്കിക്കോ.. ഇല്ലേൽ വേറെ ചെക്കനെ നോക്കേണ്ടി വരും. ഈ കുരുത്തം കെട്ടവനെ ഞാൻ തല്ലി കൊല്ലും. അല്ല.. പിന്നെ.. ഇങ്ങനേം ഉണ്ടോ ”
ക്രിസ്റ്റീയോട് പറഞ്ഞിട്ട് കലിപ്പ് തരാത്ത മറിയാമ്മച്ചി പാത്തുവിനോട് കൂടി പറഞ്ഞതും അവരെല്ലാം പൊട്ടിചിരിച്ചു പോയിരുന്നു.

“ഏയ്.. ഞാനങ്ങനെ ചെയ്യുവോ?”
ക്രിസ്റ്റി ചേർത്ത് പിടിക്കാൻ വന്നത് മറിയാമ്മച്ചി കുതറി മാറി.

“നീ ചെയ്യുമെടാ.. ചെയ്യും. ഇത്രേം അറു പിശുക്കനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ”

മറിയാമ്മച്ചി വിടാനുള്ള ഭാവമില്ല.

“ശെടാ.. ഇല്ലെന്ന് പറഞ്ഞില്ലേ.. നമ്മളിത് ആഘോഷമായി തന്നെ നടത്തും. ഇന്നോളം ഈ നാട് കണ്ടിട്ടില്ലാത്ത അത്രേം ആഘോഷത്തിൽ…സത്യം..”
ക്രിസ്റ്റിയവരുടെ കവിളിൽ പിടിച്ചു വലിച്ച് കൊണ്ട് പറഞ്ഞു.

“നടത്തിയ നിനക്ക് കൊള്ളാം ”
അവരപ്പോഴും ചുണ്ട് കോട്ടി.

“റിഷി വരട്ടെ… എന്നിട്ട് നമ്മളിത് പൊളിക്കും.ല്ലേ അമ്മേ..?”

ഡെയ്സിയേ നോക്കി ക്രിസ്റ്റി പറഞ്ഞു.

അവർ സന്തോഷത്തോടെ മീരയെ ചേർത്ത് പിടിച്ചു കൊണ്ട് തലയാട്ടി.

“എന്റേം കുഞ്ഞാന്റിടേം കല്യാണം ചുരുക്കിയെന്നുള്ള പരാതി ഇതോടെ തീർന്നു കിട്ടും ”

ത്രേസ്യയുടെ തോളിൽ കയ്യിട്ട് കൊണ്ട് ക്രിസ്റ്റി ആവേശത്തിൽ പറഞ്ഞു.

“ആഹ്.. ആ പരാതി അത്ര പെട്ടന്നൊന്നും പോകേല… നീ അതങ്ങനെ മുക്കി കളയാനും നോക്കണ്ട ”
മറിയാമ്മച്ചി അപ്പോഴും പറയുന്നുണ്ട്.

“ദേ… ഈ സാധനത്തിനെ ഞാൻ പൊക്കിയെടുത്തു വല്ല കിണറ്റിലും കൊണ്ടിടും കേട്ടോ..”
ക്രിസ്റ്റി പല്ല് കടിച്ചു കൊണ്ട് അവർക്ക് നേരെ ചെന്ന് പറഞ്ഞു.

“നീ ഒലത്തും.. അതിനുള്ള പവറൊന്നും കുന്നേൽ ക്രിസ്റ്റിക്ക് ഇപ്പഴും ഇല്ലടെ..”
അവർക്കപ്പോഴും കൂസലൊന്നുമില്ല.

ക്രിസ്റ്റിയെന്തോ മറുപടി പറയാൻ തുടങ്ങിയപ്പോഴാണ് ഫൈസിയും കുടുംബത്തിന്റെയും വരവറിയിച്ചു കൊണ്ട് പുറത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത്.

അതോടെ മീരാ ചാടി എഴുന്നേറ്റു അടുക്കളയിലേക്ക് ഓടി.
അവരെല്ലാം ചിരിയോടെ പരസ്പരം നോക്കി.

“എന്നെ കിണറ്റിലിടാൻ നടക്കാതെ അങ്ങോട്ട്‌ ഇറങ്ങി ചെല്ലടാ ”
മീരാ പോയ വഴിയേ നോക്കി നിൽക്കുന്ന ക്രിസ്റ്റിയെ പിടിച്ചൊരു തള്ള് കൂടി കൊടുത്തിട്ടാണ് മറിയാമ്മച്ചി അടുക്കളയിലേക്ക് നടന്നത്.

നിറഞ്ഞ സന്തോഷത്തോടെ ആദ്യമങ്ങോട്ട് കയറി വന്നത് ഫറയാണ്.
ക്രിസ്റ്റിയെ കെട്ടിപിടിച്ചു കൊണ്ടവൾ സന്തോഷം പ്രകടിപ്പിച്ചു.

“എവിടെ..?”
തല ഉയർത്തി നോക്കിയ അവളുടെ കവിളിൽ ഒന്ന് തട്ടിയിട്ട് അവൻ ചിരിയോടെ അകത്തേക്ക് കൈ ചൂണ്ടിയതും ഫറ അവനെ വിട്ട് അങ്ങോട്ട്‌ ഓടി പോയിരുന്നു.

“കയറി വാ..”
ഹൃദ്യമായ ചിരിയോടെ ക്രിസ്റ്റി മുഹമ്മദിനെയും ആയിഷയെയും ക്ഷണിച്ചു.

ഫൈസി കാറിൽ നിന്നും ഇറങ്ങി വരുന്നതേയുള്ളൂ.

ക്രിസ്റ്റി അവരെയും വിളിച്ചു കൊണ്ട് ഹാളിലേക്ക് ചെന്നു.

അവിടുണ്ടായിരുന്ന മറിയാമ്മച്ചിയും ത്രേസ്യയും ഡെയ്സിയും കൂടി അവരെ സ്വീകരിച്ചിരുത്തി.

മാത്തനൊപ്പം ഹാളിലെ സോഫയിലാണ് മുഹമ്മദ്‌ ഇരുന്നത്.

വിശേഷങ്ങൾ ചോദിക്കുന്നത്തിനിടെയിലേക്കാണ് ഫൈസിയും കയറി വന്നത്.

ക്രിസ്റ്റിയുടെ കൂടെ അവനിവിടെ തന്നെ ചുവരിൽ ചാരി നിന്നു.

“എവിടെ… ന്റെ മോളെ വിളിക്ക്.. ഇത് കഴിഞ്ഞിട്ട് വേണ്ടേ നമ്മൾക്കു പോവാൻ?”
കൂട്ടുകാരന്റെ കല്യാണത്തിന് പോവാനുള്ള ധൃതി മുഹമ്മദിന്റെ വാക്കുകളിൽ പ്രകടമായയിരുന്നു.

ഫൈസി കൂടി വന്നതോടെ.. ക്രിസ്റ്റി ഡെയ്സിയേ നോക്കി.

ചിരിയോടെ ഡെയ്സി എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു.

“വിറക്കുന്നുണ്ടോടാ?”
തൊട്ടരികിൽ നിൽക്കുന്നവന്റെ പരവേശം തിരിച്ചറിഞ്ഞത് പോലെ ക്രിസ്റ്റി അവനരികിലേക്ക് ഒന്നൂടെ ചേർന്നു നിന്നു കൊണ്ട് പതിയെ ചോദിച്ചു.

“ഇച്ചിരി..”
ഫൈസിയും പതിയെ അവനെ നോക്കാതെ മറുപടി പറഞ്ഞു.

“പേടിക്കേണ്ട… ഈ വിറയൽ ഇവിടെ മസ്റ്റാണ് ”
ക്രിസ്റ്റി ചിരിയോടെ പറഞ്ഞതും ഫൈസി അവനെ നോക്കി കണ്ണുരുട്ടി.

ഡെയ്സിയുടെ കൂടെ മുഖം കുനിഞ്ഞു വരുന്നവളെ കാണെ ഫൈസിയുടെ ശ്വാസം പോലും നിലച്ചു പോകുന്ന പരുവത്തിലാണ്.

അവനാ കാഴ്ചയിലുടക്കി പോയിരുന്നു.

മനസ്സിൽ ഒരുപാട് പ്രാവശ്യം റിഹേഴ്‌സൽ നടത്തിയിട്ടുണ്ട് ഇങ്ങനൊരു സീനും അവസ്ഥയും.അവളെയും.
യാഥാർഥ്യം പക്ഷേ… അവനെ അങ്ങേയറ്റം തളർത്തി.

ആയിഷയും മുഹമ്മദും കണ്ണിൽ സ്നേഹം നിറച്ചു കൊണ്ടവളെ നോക്കി.

ഫറ പിന്നെ അവിടെത്തിയത് മുതൽ മീരയുടെ ആളായി മാറി കഴിഞ്ഞിരുന്നു.

“ഇവിടിരിക്കെടാ.. ഇല്ലേൽ നീയിപ്പോ വീഴും ”
തൊട്ട് മുന്നിലെ കസേരയിലേക്ക് ഫൈസിയെ പിടിച്ചിരുത്തി കൊണ്ട് ക്രിസ്റ്റി പറഞ്ഞത് കേട്ട് അവരെല്ലാം ചിരിക്കുന്നുണ്ടായിരുന്നു.

ഫൈസി അവനെ നോക്കി പല്ല് കടിച്ചു.
“സൂക്ഷിച്ചു നോക്കിക്കോ മോളെ.. ചെക്കൻ വല്ല പൊട്ടനോ ചട്ടനോ ആണെങ്കിൽ നമ്മൾക്കിത് വിടാം. എന്നിട്ട് വേറെ നോക്കാം ”

മുഖം കുനിച്ചു വരുന്ന മീരയെ നോക്കി ക്രിസ്റ്റി പറഞ്ഞതും ഫൈസിക്ക് അവന്റെ നടുപ്പുറം നോക്കി ഒന്ന് കൊടുക്കാനുള്ള ത്വരയുണ്ടായിരുന്നു.

മനഃപൂർവം സ്കോർ ചെയ്യുവാണ് തെണ്ടി…

അവൻ ക്രിസ്റ്റിയെ തുറിച്ചു നോക്കി കൊണ്ട് പിറുപിറുത്തു.

“ഓഓഓ.. അങ്ങനായാലും കുറ്റമൊന്നും പറയാനൊക്കത്തില്ല മോനെ.. നിന്റെ കൂടെയല്ലേ നടപ്പ്.ചാണകം ചാരിയിട്ട് ചന്ദനം മണുക്കണമെന്ന് പറയുന്നത്.. അതൊക്കത്തില്ലല്ലോ?”
മറിയാമ്മച്ചി ചിരിയോടെ വിളിച്ചു പറഞ്ഞതോടെ ക്രിസ്റ്റി അവരെ തുറിച്ചു നോക്കി.

ഫൈസിയാണെൽ ചിരി അടക്കാൻ കഴിയാതെ തലയറഞ്ഞു ചിരിക്കുന്നുണ്ട്.

സന്തോഷം മാത്രം നിറഞ്ഞ കുറെയേറെ നിമിഷങ്ങൾ.

കുട്ടികൾക്ക് തമ്മിൽ ഇനിയെന്തെങ്കിലും പറയാനുണ്ടോ എന്നുള്ള പതിവ് ക്ളീഷേ ചോദ്യത്തോട് കൂടി അവരാ പരിപാടി ചിരിയോടെ തന്നെ അവസാനിപ്പിച്ചു.

“അധികം വൈകാതെ തന്നെ എന്റെ കുഞ്ഞിനെ ഞാനങ്ങു കൊണ്ട് പോകുമെന്ന് “മുഹമ്മദ്‌ ആവേശത്തിലാണ് പറഞ്ഞത്.

“അതൊക്കെ സമ്മതിച്ചു. പക്ഷേ… കെട്ട് കണ്ട പൊട്ടന്മാർ ചെയ്ത പോലെ രണ്ടൊപ്പിൽ ഒതുക്കാമെന്ന് മക്കള് സ്വപ്നത്തിൽ പോലും കരുതണ്ട..”
മറിയാമ്മച്ചി അപ്പോഴും പറഞ്ഞു.

“ഏയ്… എന്റെ ഒരേയൊരു മോന്റെ കല്യാണത്തിന് ഞാനത്ര പിശുക്കനൊന്നും ആവില്ല. എനിക്കത് നന്നായി തന്നെ ആഘോഷമക്കേണ്ടതാണ്. അത് കൊണ്ട് മറിയാമ്മച്ചി ആക്കാര്യത്തിൽ പേടിക്കേണ്ട.”
മുഹമ്മദ്‌ ഉറപ്പ് കൊടുത്തതോടെ.. മറിയാമ്മച്ചി വെല്ലുവിളി പോലെ ക്രിസ്റ്റിയെ നോക്കി.

അവനാ ഭാവമെല്ലാം ആസ്വദിക്കുകയായിരുന്നു.

മുഹമ്മദും ആയിഷയും ചായ കുടിച് കഴിഞ്ഞയുടനെ ധൃതിയോടെ ഷാനിക്കയുടെ വീട്ടിലേക്ക് പുറപ്പെട്ടിരുന്നു.

 

❣️❣️
കുഞ്ഞൊരു മാല ലില്ലിയുടെ കഴുത്തിലേക്ക് ചേർത്ത് വെക്കുമ്പോൾ ഷാനവാസിന്റെ കണ്ണുകൾ തന്റെ ഉമ്മയുടെ നേരെയായിരുന്നു.

സന്തോഷം കൊണ്ട് വീർപ്പു മുട്ടിയാണ് ആ കിടപ്പെന്നു അയാൾക്ക് മനസ്സിലായി.

ലില്ലി ആകെയൊരു മന്ദതയിലാണ്.

നടക്കുന്നതെല്ലാം അപ്പോഴും ഒരു സ്വപ്നം പോലെ.. അവൾക്ക് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
കുന്നേൽ നിന്നും ചെന്നവരും ഫൈസിയും കുടുംബവും മാത്രമായിരുന്നു അവിടെയും ഉണ്ടായിരുന്നത്.

തികച്ചും സ്വാകാര്യമായൊരു ആഘോഷം.

ഭക്ഷണം കഴിക്കുമ്പോഴും.. അവിടെയുള്ള ഓരോ നിമിഷവും ലില്ലിയെ കുറിച്ചോർത്തു കൊണ്ടുള്ള ഒരു സമാധാനം അവരുടെയെല്ലാം ഉള്ളിൽ നിറഞ്ഞു നിൽപ്പുണ്ടായിരുന്നു.

ഇനിയവൾക്ക് ഹൃദയമുരുകി.. ഒറ്റപെട്ടു കഴിയേണ്ടി വരില്ലെന്ന് അവർക്കുറപ്പുണ്ടായിരുന്നു.

തിരിച്ചു പോരാൻ നേരം കണ്ണ് നിറച്ചു നിന്നവളെ ക്രിസ്റ്റി നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

“എന്തിനാ എന്റെ കുഞ്ഞാന്റി കരയുന്നത്.. ഇനിയങ്ങോട്ട് ചിരിച്ചു കാണാനാണ് ഞങ്ങൾക്കിഷ്ടം ”

ക്രിസ്റ്റി അവളുടെ പുറത്ത് തട്ടി കൊടുത്തു കൊണ്ട് പറഞ്ഞു.

എല്ലാവർക്കും അവളെ പിരിയാനുള്ള സങ്കടമുണ്ടായിരുന്നു.

ത്രേസ്യ മകളെ നോക്കി വിങ്ങി പൊട്ടി.

“കൊച്ചിനെ കൂടി സങ്കടപെടുത്തല്ലേ നീ… അവളു ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ ന്ന് പ്രാർത്ഥനയോടെ യാത്ര പറയെന്റെ ത്രേസ്യേ…”
മറിയാമ്മച്ചി അവരുടെ തോളിൽ പിടിച്ചു കൊണ്ട് അൽപ്പം ശാസനയോടെ പറഞ്ഞു.

മാത്തൻ ഒന്നും പറയാനില്ലാത്ത പോലെ ഷാനവാസിന്റ കയ്യിൽ അമർത്തി പിടിച്ചു.

വിറക്കുന്ന ആ കൈകളിൽ മുറുകെ പിടിക്കുമ്പോൾ അയാൾക്കും അറിയാൻ പറ്റുന്നുണ്ടായിരുന്നു ആ മനസ്സ്.

“നിങ്ങളുടെ മകളെന്റെകൂടെ സന്തോഷത്തോടെയും സമാധാനത്തോടെയും ആയിരിക്കുമെന്ന് വാക്കുകൾ കൊണ്ടല്ല. പ്രവർത്തി കൊണ്ട് തെളിയിക്കാനാണ് എനിക്കിഷ്ടം ”

ആ കൈകൾ പൊതിഞ്ഞു പിടിച്ചു കൊണ്ട് ഷാനവാസ് ചിരിയോടെ പറഞ്ഞു.

ആ വാക്കുകൾ നൽകിയ സന്തോഷത്തിനിടയിലും യാത്ര പറയാൻ നേരം വിതുമ്പുന്ന ലില്ലി അവർക്കുള്ളിൽ നേർത്തൊരു നോവായി മാറിയിരുന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button