Novel

നിലാവിന്റെ തോഴൻ: ഭാഗം 115

രചന: ജിഫ്‌ന നിസാർ

തനിക്കൊപ്പമുള്ള ക്രിസ്റ്റി തീർത്തും പുതിയ ഒരാളാണെന്ന് പാത്തുവിന് പലപ്പോഴും തോന്നുന്നുണ്ടായിരുന്നു.

വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും… എന്തിന് ഒരു നോട്ടം കൊണ്ട് പോലും തന്നിലൊരു വസന്തം വിരിയിക്കാൻ കഴിവുള്ള മായാജാലകാരനെ പോലെ..

അവൾക്കുള്ളിൽ അവനോടുള്ള പ്രണയം… അതിന്റെ ഏറ്റവും തീവ്രമായ അളവിലായിരുന്നു.

ഇതിനേക്കാൾ കൂടുതൽ ഇനിയൊരാളെ.. ഇനിയാർക്കും.. ഒന്നിനും വേണ്ടി പ്രണയിക്കാനോ കാത്തിരിക്കനോ കഴിയില്ലെണവൾ സ്വയം അഭിമാനിക്കുന്നുണ്ടായിരുന്നു.

“എന്താണ്.. ഇത്രേം കാര്യമായിട്ട് ചിന്തിച്ചു കൂട്ടുന്നത്?”

കയ്യിലുള്ള തോർത്ത്‌ കൊണ്ട് മുഖം അമർത്തി തുടക്കുന്നതിനിടെ ക്രിസ്റ്റി പാത്തുവിനോട് ചോദിച്ചു.

പെട്ടന്ന് അവന്റെ ശബ്ദം കേട്ടതും അവളൊന്നു ഞെട്ടി പോയിരുന്നു.

“എന്തോ കോണിഷ്ട് ആണല്ലോടി.. നിന്റെ മുഖം കണ്ടിട്ട് എനിക്കങ്ങനെ തോന്നുന്നു ”

ക്രിസ്റ്റി തോർത്ത്‌ തിരികെ വിരിച്ചിട്ട് അവളുടെ അരികിലേക്ക് കയറിയിരുന്നു കൊണ്ട് പറഞ്ഞു.

“കള്ളന്മാർക്കങ്ങനെ പലതും തോന്നും.”
പാത്തു അവനെ നോക്കി മുഖം ചുളിച്ചു.

അത് കേട്ട് തലയാട്ടി ചിരിച്ചതല്ലാതെ ക്രിസ്റ്റീയെന്നും പറഞ്ഞില്ല.

“ഞാൻ.. ഞാനിച്ഛയെ കുറിച്ച് തന്നാ ഓർത്തത്..”

കുഞ്ഞൊരു ചിരിയോടെ അവനരികിലേക്ക് നീങ്ങിയിരുന്നിട്ട് ആ കൈകളിൽ ചുറ്റി പിടിച്ചിരുന്നു കൊണ്ട് പാത്തു പറഞ്ഞു.

“ആഹാ.. അത് കൊള്ളാലോ. ഇതിന് മാത്രം ചിന്തിച്ചു കൂട്ടാനുള്ള വകുപ്പുണ്ടോ എന്നേ കുറിച്ച്?”

ക്രിസ്റ്റി അവളെ നോക്കി കൊണ്ട് ചോദിച്ചു.

“പിന്നെയില്ലാതെ…”
പാത്തു മുഖം ഉയർത്തി അവനെ നോക്കി ചിരിച്ചു.

“എങ്കിൽ എനിക്ക് കൂടി പറഞ്ഞു താ പെണ്ണേ.. ഞാനും അറിയട്ടെ.. എന്നെ കുറിച്ചുള്ള നിന്റെ കണ്ട് പിടുത്തങ്ങൾ ”
ക്രിസ്റ്റി അവൾക്ക് നേരെ തിരിഞ്ഞിരുന്നു..

“ആരുമാറിയാത്തൊരു ഞാനെന്ന ലോകമുണ്ട്.. അവിടെന്റ പ്രണയത്തിന്റെ രാജാവും ”

പതിയെ ക്രിസ്റ്റിയെ നോക്കി പാത്തുവത് പറയുമ്പോൾ കാണാൻ ചേലുള്ള പോലെ അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു.

ഇനിയും തീരാത്ത കൗതുകത്തോടെ… സ്നേഹത്തോടെ ക്രിസ്റ്റി അവളെ നോക്കിയിരുന്നു.

“വീട്ടിലുള്ള ആളെ അല്ലയിപ്പോ ഇച്ഛാ .. ഇവിടെത്തിയത് മുതൽ പുതിയ ഒരു ക്രിസ്റ്റി ഫിലിപ്പ്.. നിറയെ സ്നേഹമുള്ള.. കുസൃതിയുള്ള.. കള്ളത്തരം മാത്രം കയ്യിലുള്ള പുതിയ ഒരാൾ ”
അവനെ നോക്കി പാത്തു വീണ്ടും പറഞ്ഞത് കേട്ടതും ക്രിസ്റ്റി ഉറക്കെ ചിരിച്ചു പോയിരുന്നു.

“അതെന്താടി.. വീട്ടിൽ നിന്നും നിന്നെ ഞാൻ സ്നേഹിച്ചിട്ടില്ലേ..?”
അവന്റെ ചിരിയിലേക്ക് നോക്കിയിരിക്കുന്ന പാത്തുവിന്റെ കവിളിലൊന്നു കുത്തിയിട്ട് ക്രിസ്റ്റി ചോദിച്ചു.

“അങ്ങനല്ല ഇച്ഛാ..”
പാത്തു അവനെ നോക്കി.

“എങ്ങനായാലും എനിക്ക് മനസ്സിലാവും.. നീ ഉദ്ദേശിച്ചത്.. അത് പോരെ?”
അവളെ വലിച്ചു തന്നിലേക്ക് ചേർത്തിരുത്തി കൊണ്ട് ക്രിസ്റ്റിയാ കാതിൽ സ്വകാര്യം പോലെ പറഞ്ഞു.

നാല് ദിവസത്തേക്ക് ഹണിമൂൺ ട്രിപ്പ് പോന്നതാണ് രണ്ടും കൂടി.

ഒറ്റയ്ക്കു പോവുന്നില്ലെന്ന് പറഞ്ഞു നിന്ന പാത്തുവിനെ അവിടെല്ലാരും കൂടി ഓടിച്ചു വിട്ടത് പോലാണ്.

“ഇനിയുള്ള യാത്ര നമുക്കൊരുമിച്ചു പോകാമെന്നു അവൾക്കവർ ഒരേ സ്വരത്തിൽ വാക്ക് കൊടുത്തിരുന്നു.

തിരക്കിലേക്ക് അലിയും മുന്നേ പോയിട്ട് വരാമെന്നു ക്രിസ്റ്റി കൂടി പറഞ്ഞതോടെ പാത്തു പിന്നെ മടിച്ചു നിന്നില്ല.

മറ്റൊന്നിനെ കുറിച്ചും അവൾക്കോർക്കാൻ കൂടി ടൈമില്ലാത്ത വിധം ക്രിസ്റ്റിയവളെ സ്നേഹം കൊണ്ട് മൂടി.

വാക്കുകൾ കൊണ്ടല്ല.. ഹൃദയം കൊണ്ടാണെന്റെ സ്നേഹമെന്നവൻ കൂടെ കൂടെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.

ഒരുപാട് കാലം കൊതിയോടെ നോക്കി കണ്ട് ഉള്ളിലൊതുക്കിയ പല ആഗ്രഹങ്ങളും പാത്തുവിന്റെ കൈ പിടിയിൽ ഒതുങ്ങി പോയിരുന്നു..

നാല് ദിവസത്തെ യാത്ര കഴിഞ്ഞു തിരികെ വന്നവരെ… ശ്വാസം തിരികെ കിട്ടിയത് പോലാണ് കുന്നേൽ ഉള്ളവർ സ്വീകരിച്ചത്.

💞💞

പിറ്റേന്ന് മുതൽ ഓഫിസിൽ പോയി തുടങ്ങണമെന്ന് ക്രിസ്റ്റി പറഞ്ഞതും ഏഴ് തിരിയിട്ട വിളക്ക് പോലെ… അവിടുള്ളവരിൽ പ്രകാശം നിറഞ്ഞു നിന്നിരുന്നു.

മാത്തൻ അഭിമാനത്തോടെ ക്രിസ്റ്റിയെ നോക്കി.

ഡെയ്സി കണ്ണ് നിറച്ചു കൊണ്ടവന്റെ നെറുകയിൽ ചുണ്ട് ചേർത്തു..

നിറഞ്ഞ ചിരിയോടെ അവന്റെ കണ്ണുകൾ മറിയാമ്മച്ചിയുടെ നേരെയും നീണ്ടു..

ഒന്നും പറഞില്ലങ്കിൽ കൂടി വല്ലാത്തൊരു നിർവൃതി ആ കണ്ണിലും മുഖത്തും വന്നു നിറഞ്ഞത് അവന്റെയും ഹൃദയത്തിൽ അത്രമേൽ ആഹ്ലാദം പകർന്നിരുന്നു.

കുഞ്ഞാന്റിയെ കൂടിയൊന്ന് കാണാമെന്നു പറഞ്ഞു കൊണ്ടവൻ അവരെയും കൂട്ടി ഷാനിക്കയുടെ വീട്ടിലേക്കു പോയി.

പ്രതീക്ഷിക്കാതെ അവരെ കണ്ട ലില്ലിയുടെ സന്തോഷം… വാക്കുകൾക്കതീതമായിരുന്നു.

വൈകുന്നേരത്തെ ഭക്ഷണം അവരെല്ലാം അവിടെ നിന്നാണ് കഴിച്ചത്.

ഷാനിക്കയുടെ കൂടെ ലില്ലി ഒരുപാട് സന്തോഷത്തിലാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവർക്കെല്ലാം മനസ്സിലായി.

വിടർന്നു ചിരിച്ചു കൊണ്ട് ആ വീട്ടുകാരിയായി അവളവിടെ ഓടി നടക്കുന്നുണ്ടായിരുന്നു…

💞💞

കുന്നേൽ ഗ്രുപ്പിന്റെ ഓഫീസിൽ.. അപ്പനിരുന്ന കസേരയിലിരിക്കുമ്പോൾ ക്രിസ്റ്റി വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നു.

എവിടെയോ ഇരുന്നിട്ട് അപ്പൻ ഒരുപാട് സന്തോഷത്തോടെ തന്നെ നോക്കി കാണുന്നുണ്ട് എന്നവന്റെ ഹൃദയം പറഞ്ഞു കൊണ്ടേയിരുന്നു.

തനിക്കു മുന്നിൽ തന്നെക്കാൾ സന്തോഷത്തോടെയും നിർവൃതിയുടെയും നിൽക്കുന്ന സദാശിവന്റെ നേരെയും അവന്റെ നോട്ടം നീങ്ങി.

അയാൾക്ക് പിന്നിൽ അഭിമാനം നിറഞ്ഞൊരു ചിരിയോടെ ഫൈസിയും.

ആര്യനെ അറിയിച്ചിരുന്നുവെങ്കിലും അവനെത്താൻ കഴിഞ്ഞിരുന്നില്ല.

“ഞാനെന്റെ ദൗത്യം മനോഹരമായി പൂർത്തിയാക്കി എന്നൊരു ധ്വനി ക്രിസ്റ്റി സദാശിവന്റെ ചിരിയിലും കണ്ണിലും കാണുന്നുണ്ടായിരുന്നു.

“ഇനി.. മോൻ വേണം നയിക്കാൻ.. നിനക്കതിന് കഴിയും. കുന്നേൽ ഫിലിപ്പ് മാത്യുവിന്റെ മകന് ബിസിനസ് പാഠങ്ങൾ ആരും പഠിപ്പിച്ചു തരേണ്ടതില്ല ”
ക്രിസ്റ്റിയെ നോക്കി പറയുബോൾ… കാലങ്ങൾക്ക് മുന്നേ മണ്ണിൽ ലയിച്ചു ചേർന്നു പോയ കൂട്ടുകാരനോടുള്ള ഒരിക്കലും അവസാനിക്കാത്ത സ്നേഹവും വിശ്വാസവും ക്രിസ്ടിയാ മനുഷ്യനിൽ കാണുന്നുണ്ടായിരുന്നു.

“അങ്കിൾ… എല്ലാം എന്നേ ഏല്പിച്ചിട്ട് ഇവിടം ഉപേക്ഷിച്ചു പോകുകയാണോ?”
കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് ക്രിസ്റ്റി ചിരിയോടെ ചോദിച്ചു കൊണ്ടയാൾക്ക് മുന്നിലെത്തി.

“എന്നാണോ ഞാൻ പറഞ്ഞത്. വയ്യാതായെടാ മോനെ .. ഓടി ഓടി മടുത്തു ഞാൻ. എനിക്കിനി വിശ്രമം ആവിശ്യമാണ്.”
സദാശിവൻ ക്രിസ്റ്റിയുടെ തോളിൽ ചെറുതായി തട്ടി കൊണ്ട് പറഞ്ഞു.

“വിശ്രമം ആവിശ്യമാണ് എന്നല്ല അങ്കിൾ.. അത് അത്യാവശ്യമായിരിക്കുന്നു.”
ക്രിസ്റ്റി ചിരിയോടെ പറഞ്ഞിട്ട് പോക്കറ്റിൽ നിന്നൊരു കവർ എടുത്തിട്ട് അയാൾക്ക് നേരെ നീട്ടി..

“പാരിതോഷികമാണോടാ..?”
അത് ചോദിക്കുമ്പോൾ ആ വാക്കിൽ വേദനയാണെന്ന് ക്രിസ്റ്റിക്ക് മനസ്സിലായി.

“ഈ സ്നേഹത്തിനു പാരിത്തോഷികം നൽകാൻ മാത്രം കുന്നേൽ ഫിലിപ്പിന്റെ മകൻ വളർന്നിട്ടില്ല അങ്കിൾ.. ഇനിയൊട്ട് വളരുകയുമില്ല ”
അവനാ കൈകൾ മുറുകെ പിടിച്ച് കൊണ്ട് ചിരിയോടെ പറഞ്ഞു.
ഫൈസി ഒരു ചിരിയോടെ അവർക്കിടയിൽ നിന്നും ഇറങ്ങി പുറത്തേക്കിറങ്ങി പോയി.

“ഞാനെന്റെ കടം അല്ല തീർക്കുകയല്ല അങ്കിൾ.. കടമ ചെയ്യുകയാണ്.”
ക്രിസ്റ്റി പറഞ്ഞതും സദാശിവൻ അവനെ നോക്കി.

“നിനക്കെന്നോട് കടമയോ. അതൊന്നുമില്ല ക്രിസ്റ്റി. ഞാനെന്റെ ജോലി ചെയ്യുകയായിരുന്നു. അതിനുള്ള മാന്യമായ ശമ്പളവും എനിക്ക് കിട്ടുന്നുണ്ടായിരുന്നു ”

ക്രിസ്ടിയൊന്ന് ചിരിച്ചു.

“നാഥനില്ലാത്ത കുന്നേൽ ഗ്രൂപ്പെന്ന ഈ കളരിയിൽ കയ്യിട്ട് വാരിയെടുക്കാൻ നിരവധി സാധ്യതകളും അവസരങ്ങളും ഉണ്ടന്നിരിക്കെ.. അതിനൊന്നും ശ്രമിക്കാതെ ജോലി തന്നു സഹായിച്ച കൂട്ടുകാരനോടുള്ള സ്നേഹവും ബാധ്യതയും മറന്നു പോകാതെ ഒരാൾക്കും കയ്യിട്ട് വരാനുള്ള അവസരവും കൊടുക്കാതെ ഇത്രേം കാലം എന്റെ അപ്പന്റെ ഈ ബിസിനസ് സാമ്രാജ്യം .. അതിത്രേം കാലം സൂക്ഷിച്ചു കൊണ്ട് നടന്നു എന്നതൊരു ചെറിയ സേവനമായി ഞാൻ കാണുന്നില്ല അങ്കിൾ. കിട്ടുന്ന ശമ്പളം മാത്രമായിരുന്നില്ല അതിന് പിന്നിൽ… ശരിയല്ലേ..?”

ക്രിസ്റ്റി പറഞ്ഞത് കേട്ടതും സദാ ശിവന്റെ കണ്ണ് നിറഞ്ഞു.അയാൾ നേർത്തൊരു ചിരിയോടെ നിന്നു എന്നിട്ടും.

“അപ്പന്റെ സ്ഥാനത്തേക്ക് വർക്കി കയറിയിരിക്കാൻ തുടങ്ങിയത് മുതൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയൊരു ഞാനുണ്ടായിരുന്നു. അങ്കിളാണ് കൂടെ നിന്നതും ധൈര്യം പകർന്നതും.. മറക്കാൻ പാടുണ്ടോ ഞാനത്..”
ക്രിസ്റ്റിയുടെ കണ്ണുകളും ചുവന്നു പോയിരുന്നു..

“വർക്കി ചെറിയാൻ നീട്ടിയ നോട്ടുകെട്ടുകളിലൊന്നും വീണു പോയില്ല. പകരം എന്ത് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും എന്നേ പഠിപ്പിച്ചു..ഇവിടിരിക്കാനും ഇത് നന്നായി മുന്നോട്ട് കൊണ്ട് പോകാനും ഞാൻ പാകപ്പെട്ടു വരുവോളം എന്റെ അപ്പന്റെ സ്ഥാനം എനിക്കായി കാത്ത് സൂക്ഷിച്ചു.. ഒരു ജന്മം കൊണ്ട് തീർത്താൽ തീരുവോ ഞാനീ കടം…”

ക്രിസ്റ്റിയുടെ സ്വരം പോലും വല്ലാതെ ഇടറി പോയിരുന്നു.

“അതാണ്‌ ഞാൻ പറഞ്ഞത്.. ഇത് കടം തീർക്കുകയല്ല അങ്കിൾ.. ഞാനെന്റെ കടമ ചെയ്യുകയാണ്.. അതിൽ നിന്നെന്നെ തടയരുത്…. അതാണെനിക്ക് സങ്കടം ”
ക്രിസ്റ്റി വീണ്ടും സദാശിവന്റെ കൈ പിടിച്ചിട്ട് അവന്റെ കയ്യിലുള്ള കവർ വെച്ച് കൊടുത്തു.

“എമൌണ്ട് ഞാൻ എഴുതിയിട്ടില്ല. പ്രീതിയെ മെഡിസിന് വിടാൻ അങ്കിൾ.. ബ്ലൈഡ് തോമയുടെ കയ്യിൽ നിന്നും വാങ്ങിയ കാശും അതിന്റെ പലിശയും കൂടി അങ്കിളിന് ആവിശ്യമുള്ളതെല്ലാം എഴുതി എടുത്തേക്കണം ”

ക്രിസ്റ്റി ചിരിയോടെ അയാളെ നോക്കി.

“അത്.. അത് നിനക്കെങ്ങനെ..?”
നടുക്കത്തോടെ ക്രിസ്റ്റിയെ നോക്കി.

“എനിക്കറിയാം.. ഞാൻ അറിഞ്ഞിരുന്നു. അങ്കിൾ കൂട്ടിയാൽ കൂടാവുന്ന പരുവത്തിൽ നിന്നും ആ കാശ് പിടി വിട്ട് പോയിട്ടും ഇന്നോളം താൻ അധ്വാനിക്കുന്നതല്ലാതെ കുന്നേൽ ഗ്രൂപ്പിൽ നിന്നും ഒരു രൂപ പോലും എടുത്തിട്ട് തലക്ക് മുകളിൽ വാൾ പോലെ തൂങ്ങി കിടക്കുന്ന ആ കടം തീർക്കാൻ ശ്രമിച്ചിട്ടില്ല എന്നുക്കൂടി എനിക്കറിയാം ”
ക്രിസ്റ്റി അയാളുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.

“വർക്കി നീട്ടിയ കാശ് വാങ്ങി എന്നെന്നേക്കുമായി ആ തലവേദന തീർക്കാമായിരുന്നു.എന്നിട്ടും നീതിക്കും ന്യായത്തിനും വേണ്ടി മാത്രം പൊരുതിയ അങ്കിൾ.. ഇനി അങ്ങോട്ടും ഇവിടെ എനിക്കൊപ്പം വേണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. അതെനിക്കൊരു ധൈര്യം കൂടിയാണ്. പക്ഷേ ഇനി അങ്കിൾ പറഞ്ഞ പോലെ കുറച്ചു റസ്റ്റ്‌ അത്യാവശ്യമാണ്. പക്ഷേ.. അങ്കിൾ ഇവിടുണ്ടായിരുന്ന ടൈമിൽ കിട്ടിയിരുന്ന അതേ സാലറി.. ഇനിയും വീട്ടിലെത്തും.”

കരയാൻ വന്നത് കഷ്ടപ്പെട്ടു അമർത്തി നിൽക്കുന്ന സദാശിവൻ അത് കൂടി കേട്ടതോടെ കണ്ണ് നിറച്ചു കൊണ്ട് തല കുനിച്ചു.

ക്രിസ്റ്റി അയാളെ ചേർത്ത് പിടിച്ചു കൊണ്ട് പുറത്ത് തട്ടി കൊടുത്തു.

“എന്നെ തലയുയർത്തി നിൽക്കാൻ പ്രാപ്‌തനാക്കിയ അങ്കിൾ എനിക്ക് മുന്നിൽ തല കുനിച്ചു നിൽക്കരുത്.. അതെനിക്ക് ഇഷ്ടമല്ല ”

ക്രിസ്റ്റി ചിരിയോടെ പറഞ്ഞതും സദാ ശിവൻ തല ഉയർത്തി..

“എന്റെ ചെങ്ങാതിയുടെ മകൻ.. അവനോളം വളർന്നിരിക്കുന്നു ”
അങ്ങേയറ്റം വാത്സല്യത്തോടെ അയാൾ ക്രിസ്റ്റിയെ നോക്കി.

“പ്രീതിയോട് നാളെ എന്നേ വന്നൊന്ന് കാണാൻ പറയണം. അവൾക്കായ് ഞാനൊരു വെക്കൻസി പറഞ്ഞു വെച്ചിട്ടുണ്ട്.**ഹോസ്പിറ്റലിന്റെ എംഡി എന്റെ ഫ്രണ്ടിന്റെ അച്ഛനാണ് ”

അത് കൂടി പറഞ്ഞതോടെ അയാൾ ക്രിസ്റ്റിയെ കൂടുതൽ ഇറുക്കി കെട്ടിപിടിച്ചു പോയിരുന്നു.

കാരണം ലക്ഷങ്ങൾ മുടക്കി മെഡിസിൻ പഠിച്ചിറങ്ങിയിട്ടും പിന്നെയും വാരിയെറിയാൻ ലക്ഷങ്ങൾ ഇല്ലെന്നുള്ള ഒറ്റ കാരണം കൊണ്ട് അയാളുടെ മകൾ പ്രീതി… അവൾക്കുള്ള വലിയൊരു പ്രതീക്ഷയായിരുന്നു ആ വാക്കുകൾ.

❣️❣️

മുന്നേ ക്രിസ്റ്റി പറഞ്ഞത് പോലെ തന്നെ.. അവനൊരുപാട് തിരക്കുകൾക്കിടയിൽ കുരുങ്ങി പോയിരുന്നു.

തുടക്കത്തിൽ ഉണ്ടായേക്കാവുന്ന അനേകം പ്രശ്നങ്ങൾക്ക് പരിഹാരം പോലെ സദാശിവൻ നിഴൽ പോലെ അപ്പോഴും അവനൊപ്പം തന്നെ ഉണ്ടായിരുന്നു.

വീട്ടിൽ മീരയും ദിലുവും ഉള്ളത് കൊണ്ട് തന്നെ പാത്തുവിന് അത്ര ബോറടിച്ചു തുടങ്ങിയില്ല.

എങ്കിലും അവന്റെ അഭാവം അവളെ നോവിക്കുന്നുണ്ട്.

വളരെ നേരത്തേ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നവൻ പത്തു മണിക്ക് ശേഷമാണ് തിരികെ എത്തുന്നത്.

മുൻപേ തന്നെ അവനത് സൂചിപ്പിച്ചതിനാൽ അവനെ കുറ്റപ്പെടുത്താനും വയ്യ.

അവനവന്റെ വലിയൊരു സ്വപ്നത്തിലേക്കുള്ള ഓട്ടത്തിലാണെന്ന് കുന്നേൽ ഉള്ളവർക്കെല്ലാം അറിയാം.

വൈകി വന്നാലും… എല്ലാവരിലേക്കും അവനെത്തുന്നുണ്ടായിരുന്നു.

ഏതുറക്കത്തിലും നെറ്റിയിൽ നനുത്തൊരു ചുംബനത്തിന്റെ തണുപ്പോടെ അവന്റെ സ്നേഹം അവരും അനുഭവിക്കുന്നുണ്ടായിരുന്നു…

❣️❣️

കത്തിയെരിയുന്ന ചിതയിലേക്ക് നോക്കുമ്പോൾ ആര്യന് കണ്ണും മനസ്സും ഒരുപോലെ നീറുന്നുണ്ടായിരുന്നു.

എങ്കിലും ഇനിയും വേദനയോടെയുള്ള അച്ഛന്റെ കരച്ചിൽ നിസ്സഹായതയോടെ കേട്ട് നിൽക്കേണ്ടി വരില്ലെന്നുള്ളത് അവനുള്ളിൽ ചെറിയൊരു ആശ്വാസം പകർന്നു.

ഈറനെടുത്തു.. നിൽക്കുന്നവന്റെ തോളോട് ചേർന്നു തന്നെ ക്രിസ്റ്റീയും ഫൈസിയും നിൽപ്പുണ്ടായിരുന്നു.

തലേന്ന് രാത്രി ശ്വാസം മുട്ടൽ കൂടി ആര്യന്റെ അച്ഛനെ ഹോസ്പിറ്റലിലേക്ക് മാറ്റിയത് മുതൽ അവനൊപ്പം എല്ലാത്തിനും ഓടി നടക്കാൻ അവരുണ്ട്.

ഒടുവിൽ എന്നെന്നേക്കുമായി നിലച്ച ആ ശ്വാസം നിലച്ച ശരീരത്തെ നോക്കി തകർന്നിരുന്ന അവന്റെ ശക്തിയായിരുന്നു ആ രണ്ടു കൂട്ടുകാരും……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button