Novel

നിലാവിന്റെ തോഴൻ: ഭാഗം 117

രചന: ജിഫ്‌ന നിസാർ

അന്നാണ് മീരയുടെയും ഫൈസിയുടെയും കല്യാണം.

പാത്തുവിനോട് ക്രിസ്റ്റി പറഞ്ഞത് പോലെ.. കഴിഞ്ഞു പോയ ഒരാഴ്ച തിരക്കുകളിൽ നിന്നും തിരക്കിലേക്കുള്ള ഓട്ടത്തിലായിരുന്നു.
അവൻ മാത്രമല്ല…

കുന്നേൽ ഉള്ളവർക്കെല്ലാം അതൊരു വലിയ ആഘോഷം തന്നെയായിരുന്നു.
വീട്ടിലെ വിശാലമായ മുറ്റത്തു പന്തലിട്ട് വേണം എന്റെ മോളുടെ വിവാഹമെന്ന് മറിയാമ്മച്ചി ആഗ്രഹം പറഞ്ഞതോടെ… ഓടിറ്റൊറിയം എന്നുള്ള ഓപ്‌ഷൻ മാറ്റി നിർത്തുകുകയായിരുന്നു.

അതിനാൽ തന്നെയും ഉത്തരവാദിത്തവും ഒരുപാട് കൂടി. ഒരാഴ്ച കൊണ്ട് ഒരുക്കിയെടുക്കേണ്ട നിരവധി തിരക്കുകളുണ്ട് .
അതിനിടയിൽ ക്രിസ്റ്റിക്ക് ഓഫീസിലെ കാര്യങ്ങളും.

രണ്ടിടത്തും ക്രിസ്റ്റിയുടെ സാന്നിധ്യം അത്യാവശ്യമായിരുന്നു.

ഒടുവിൽ ഓഫീസിലെ കാര്യങ്ങൾ സദാശിവനെ ഏല്പ്പിച്ചു കൊടുത്തിട്ട് ക്രിസ്റ്റി പൂർണമായും കല്യാണതിരക്കിലേക്ക് ഊളിയിട്ടു.

ഒന്നിനും ഒരു കുറവും വരരുതെന്ന് അവനൊപ്പം തന്നെ കുന്നേൽ ഉള്ളവരും ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടായിരുന്നു.
കൊച്ചുമോളുടെ കല്യാണത്തിന് വരണമെന്ന് മാത്തച്ഛനാണ് നാട്ടിൽ മുഴുവനും ക്ഷണിച്ചത്.
വർക്കി കയ്യേറിയ കുന്നെലെ കാരണവർ സ്ഥാനവും പവറും അയാൾക്ക് തിരികെ കിട്ടിയിരുന്നു.

ബന്ധം വെച്ച് നോക്കുവാണേൽ.. വർക്കിയുടെ മകളെന്ന അവഗണനയാണ് മീരക്ക് പകർന്നു കിട്ടണ്ടതെങ്കിലും… പരിഗണനയുടെ ഏറ്റവും തീവ്രമായ ഭാവത്തിൽ അവരെല്ലാം തന്നെ ചേർത്ത് പിടിക്കുമ്പോൾ പലപ്പോഴും മീരാ കരച്ചിലൊതുക്കാൻ പാടുപ്പെട്ടിരുന്നു.

സ്നേഹകടല് പോലെ വിശാലമായ കുന്നേൽ കുടുംബത്തിനെ വിട്ട് എങ്ങോട്ടും പോവേണ്ടതില്ലെന്ന് അവൾക്കുള്ളം കൊതിയോടെ ഇടയ്ക്കിടെ ഓർമപെടുത്തും.

അപ്പോഴൊക്കെയും നോട്ടം കൊണ്ടും ഇത്തിരി വാക്കുകൾ കൊണ്ടും കൂടുതൽ മോഹിപ്പിച്ചു കൊണ്ട് ഫൈസി അവളിലേക്ക് കൂടുതൽ സ്നേഹം പകരും….ചേർത്ത് പിടിക്കും

മീരയുടെ വീടിനടുത്തുള്ളവരെ കല്യാണത്തിന് ക്ഷണിക്കാൻ കുന്നേൽ ഉള്ളവർക്കെല്ലാമൊപ്പം ഫൈസി കൂടി പോയിരുന്നു.

വിവാഹഡ്രസ്സ്‌ എടുക്കാനും ആഭരണങ്ങൾ വാങ്ങിക്കാനും ഫൈസിയുടെ കുടുംബത്തോടൊപ്പമാണ് പോയത്.
അത് കൊണ്ട് തന്നെ രണ്ട് പ്രാവശ്യമുള്ള യാത്ര ഒഴിവായി കിട്ടിയിരുന്നു.

“ആഭരണങ്ങളായി ഒന്നും തനിക്ക് വേണ്ടത് മീരയും… എന്റെ പെണ്ണിനുള്ളത് ഞാൻ വാങ്ങിച്ചു കൊടുത്തോളമെന്ന് ഫൈസിയും ഒരുപാട് പറഞ്ഞിട്ടും..ക്രിസ്റ്റിയുടെ നിർബന്ധത്തിനു മുന്നിൽ അതൊന്നും വില പോയില്ല.
അവൾക്കൊപ്പം പാത്തുവിനും ദിലുവിനും കൂടി കല്യാണത്തിന് ഇടാണെന്ന പേരിൽ ക്രിസ്റ്റി ആഭരണങ്ങൾ വാങ്ങിച്ചു കൊടുത്തിരുന്നു.

ഡെയ്സിയും ത്രേസ്യയും മറിയാമ്മച്ചിയും പിന്നെ അവന്റെ പിടിയിൽ വീഴാതെ പൊരുതി നിന്നു.

ലില്ലിയെ കൂട്ടി ഷാനവാസും കൂടി അങ്ങോട്ട് വന്നതോടെ ആരവങ്ങൾക്ക് കൂടുതൽ നിറം കലർന്നു.
ഷാനിക്കയുടെ ഉമ്മയെ വിട്ടിട്ട് കൂടുതൽ നേരം കുന്നേൽ നിൽക്കാൻ അവർക്ക് കഴില്ലെങ്കിലും ഉള്ള സമയം അവരെല്ലാം ഒരുമിച്ചു ആഘോഷമാക്കി.

ഒറ്റ ദിവസം കൊണ്ട് ഷോപ്പിംഗ് പൂർത്തിയാക്കാനായിരുന്നു പ്ലാനെങ്കിലും.. അത് രണ്ടു ദിവസം കൊണ്ടും പിന്നെയും ബാക്കിയായി… അവരെ വെല്ലുവിളിച്ചു.

ഒടുവിൽ ആര്യനൊപ്പം ക്രിസ്റ്റി അവരെ പറഞ്ഞു വിട്ടു.

എന്നിട്ടും തലേന്ന് അർദ്ധരാത്രി വരെയും പിന്നെയും നീണ്ടു പോയ തിരക്കുകൾ.

പാതിരാത്രി കയറി വന്നവനെ കാത്ത് മീരയപ്പോഴും ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു.

ഒന്നും പറയാതെ അവനെ കെട്ടിപിടിച്ചു നിൽക്കുമ്പോൾ രണ്ട് പേരുടെ ഉള്ളിലും ശാരിയുടെ ചിരിയോടെയുള്ള രൂപം കൂടുതൽ മികവോടെ തിളങ്ങുന്നുണ്ടായിരുന്നു.

“നിന്നെ അറിയുന്നവനൊപ്പം തന്നെ ചേർത്ത് വെക്കാനായല്ലോ.. എനിക്കത് മതി. ഒന്നും ഓർത്തു വെറുതെ സങ്കടപ്പെടാതെ പോയ് കിടന്നുറങ് മോളെ..”
അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ടവൻ പറയുമ്പോൾ സന്തോഷം കൊണ്ടായിരുന്നു…രണ്ടു പേരുടെയും കണ്ണ് നിറഞ്ഞു പോയി.

“ഇച്ഛാ ഇവിടെ തന്നെ ഉണ്ടാവും.. ഫൈസി കാരണം നിനക്ക് വേദനിക്കേണ്ടി വരില്ലെന്ന് എനിക്കുറപ്പുണ്ട്. എന്നാലും… എന്നാലും ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും നിനക്കൊപ്പം ഇച്ഛായുണ്ടെന്ന് എന്റെ മോള് മറക്കരുത്.. എപ്പോ വേണേലും തിരികെയിങ്ങോട്ട് വരാൻ പാകത്തിന് കുന്നേൽ ബംഗ്ലാവിന്റെ വാതിൽ നിനക്ക് മുന്നിൽ തുറന്നു കിടക്കും.. കേട്ടോ ”

മീരയുടെ രണ്ടു കവിളിലും കൈകൾ ചേർത്ത് വെച്ചിട്ട് ക്രിസ്റ്റി പറയുമ്പോൾ… പതിയെ അവൾ തലയാട്ടി.

“പോയി കിടന്നോ… രാവിലെ നേരത്തേ എണീക്കാനുള്ളതല്ലേ..”
ക്രിസ്റ്റി അവളെ പറഞ്ഞു വിട്ട് കൊണ്ട് തന്റെ മുറിയിലേക്ക് നടന്നു.

ശൂന്യമായി കിടക്കുന്ന കിടക്കകണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു..

“ഇവളെവിടെ പോയി…?”
അവൻ വീണ്ടും പുറത്തേക്കിറങ്ങി നോക്കി.

“ഞങ്ങളിന്ന് ഇവിടാ…”
അവൻ തിരികെ വരുമെന്ന് ഉറപ്പുള്ളത് പോലെ മുറിക്ക് പുറത്ത് നിൽക്കുന്ന മീരാ ചിരിയോടെ പറഞ്ഞതും തലയാട്ടി കാണിച്ചിട്ട് കുഞ്ഞോരു ചിരിയോടെ ക്രിസ്റ്റി അകത്തേക്ക് കയറി പോയി.

കുളിച്ചു കഴിഞ്ഞു കിടക്കയിലേക്ക് കിടക്കുമ്പോഴും അവൻ വാതിലടച്ചില്ല.

കാരണം ഏത് പാതിരാത്രിയിലും തന്റെ നെഞ്ചിലെ ചൂടിലേക്ക് പതുങ്ങി കിടക്കുന്നവൾ തേടി വരുമെന്ന് അവനുറപ്പുണ്ടായിരുന്നു.

വിചാരിച്ചത് പോലെ തന്നെ… അതിരാവിലെ അലാറം കേട്ട് ഉണരുമ്പോൾ പറ്റി പിടിച്ചു കൊണ്ട് പാത്തുവുണ്ട് നെഞ്ചിൽ.

അവളെ ഗാഡമായി ഒന്ന് പുണർന്ന് കൊണ്ടവൻ എഴുന്നേൽക്കും മുന്നേ പാത്തു അവനിലേക്ക് കൂടുതൽ ചേർന്നു കിടന്നു.

“എഴുന്നേൽക്ക് പാത്തോ.. ഇന്നിനി ഈ കിടപ്പ് കിടന്നാൽ ശെരിയാവില്ല കേട്ടോ.. ആകെ താളം പിഴക്കും ”
അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു കൊണ്ട് ക്രിസ്റ്റി അവളെ കൂടി വിളിച്ചുണർത്തി..

ഉറക്കം തികയാതെ അവനിലേക്ക് വീണ്ടും വീണ്ടും പറ്റി ചേർന്നവളോട് കല്യാണത്തിന് ഈ കോലത്തിൽ പോവേണ്ടി വരുമെന്ന് ക്രിസ്റ്റി ഓർമ്മിപ്പിച്ചതോടെ ഉറക്കം വലിച്ചെറിഞ്ഞു കൊണ്ട് പെണ്ണ് ചാടി എഴുന്നേറ്റു.

പിന്നെയെല്ലാം പെട്ടന്നായിരുന്നു.
എല്ലാവർക്കും അവരുടേതായ ജോലികൾ.

ആര്യൻ കൂടെയുള്ളത് ക്രിസ്റ്റിക്ക് വളരെ ആശ്വാസമായിരുന്നു.രണ്ടു ദിവസം മുന്നേ തന്നെ അവൻ അവിടെത്തിയിരുന്നു.

ഫൈസിയുടെ വീട്ടിൽ കല്യാണത്തിരക്കാണ്.
ഒരാഴ്ച കൊണ്ട് അവനും ഒരുപാട് കടമ്പകളും കടമകളും ചാടി തീർക്കേണ്ടതുണ്ട്.

അത് പോലെ തന്നെ ഷാനിക്കയുടെ സാന്നിധ്യവും.

കുന്നേൽ തന്നെയുള്ള മുതിർന്നൊരു ഏട്ടനെ പോലെ മുണ്ടും മടക്കി കുത്തി എല്ലാത്തിനും അയാൾ കൂടി ഉത്സാഹിച്ചതോടെ ക്രിസ്റ്റിയുടെ മുക്കാലും ഭാരം ഒഴിഞ്ഞു പോയിരുന്നു.

“ഇനി ഞാൻ നോക്കി കൊള്ളാം.. നീ പോയി റിഷിയെ കൂട്ടിയിട്ട് വാ എന്നും പറഞ്ഞു കൊണ്ടവനെ പറഞ്ഞു വിട്ടതും ഷാനിക്ക തന്നെയാണ്.

ഒന്ന് തലയാട്ടി കൊണ്ട് അകത്തേക്ക് പോകാൻ തുടങ്ങിയവൻ പുറത്തെ ആരവം കേട്ടാണ് തിരിഞ്ഞു നോക്കിയത്.

ഗൗരിയുടെ കൂട്ടരാണ്.

ഏറെ സന്തോഷത്തോടെ തന്നെ ക്രിസ്റ്റി അവരെയും സ്വീകരിച്ചു. പ്രതീക്ഷിച്ചതിലും മികച്ചൊരു സ്വീകരണമായിരുന്നു അവർക്കവിടെ കിട്ടിയത്.

“ഞാനൊരിടം വരെയും പോകുവാണ്.. ഇവിടെ ഒന്ന് നോക്കിക്കോണെ ”
തനിക്കൊപ്പം അവരെയും ചേർത്ത് നിർത്തും പോലെ ക്രിസ്റ്റി അത് പറഞ്ഞതോടെ അവരെല്ലാം ഒന്നിച്ചു ഉത്സാഹത്തോടെ ഓരോന്നും സ്വയം ഏറ്റടുത്തു ചെയ്യാൻ തുടങ്ങി.

നേർത്തൊരു ചിരിയോടെ ഷാനിക്കയേയും ആര്യനെയും നോക്കിയൊന്ന് കണ്ണ് ചിമ്മി കാണിച്ചിട്ട് ക്രിസ്റ്റി അകത്തേക്ക് ചെന്നു.

അവൻ മുകളിലേക്ക് കയറുന്നത് കണ്ടതും പാത്തുവും അവനൊപ്പം ചെന്നു.

‘എന്തിനാ ഇച്ഛാ ഇത്രേം ടെൻഷൻ.. ഏഹ്? ”
അവനിടാനുള്ള ഷർട്ട് ഷെൽഫിൽ നിന്നെടുത്തു കൊടുത്തു കൊണ്ട് പാത്തു ക്രിസ്റ്റിയെ നോക്കി.

മുഖം കഴുകി തുടച്ചു കൊണ്ട് തോർത്ത്‌ അവൾക്ക് നേരെ നീട്ടി ക്രിസ്റ്റിയൊന്ന് ചിരിച്ചു.

“നിന്നോടാര് പറഞ്ഞെടി പാത്തോ എനിക്ക് ടെൻഷനുണ്ടെന്ന്?” ഇട്ടിരുന്ന ഷർട്ട് അഴിച്ചെടുക്കുന്നതിനിടെ ക്രിസ്റ്റി തല ചെരിച്ചു കൊണ്ട് അവളോട് ചോദിച്ചു.

“പിന്നെ… എന്നോടാരേലും പറഞ്ഞിട്ട് വേണമല്ലോ എനിക്കീ മനസ്സറിയാൻ?”
പാത്തു മുഖം ചുളിച്ചു.

അവനൊന്നും മിണ്ടാതെ അവളുടെ നേരെ കൈ നീട്ടി.

പാത്തു അവനിടാനുള്ള ഷർട്ട് ആ കയ്യിലേക്ക് വെച്ച് കൊടുത്തു.

“ടെൻഷൻ… ടെൻഷനുണ്ടെടി. രണ്ടു പ്രാവശ്യം ഞാൻ കാണാൻ ചെന്നിട്ടും മുഖം തരാത്തവനാണ്. ചെയ്തു കൂട്ടിയതെല്ലാം ഓർക്കുമ്പോൾ അവനത്ര മാത്രം കുറ്റബോധമുണ്ടെന്ന് എനിക്ക് കോടതിയിൽ അവസാനമായി അവനെ കണ്ടന്ന് തന്നെ വ്യക്തമായതാണ്.അങ്ങനെയുള്ളവൻ.. അവനിനി എങ്ങനെ പ്രതികരിക്കുമെന്നോർത്ത് എനിക്ക്.. എനിക്ക് നല്ല ടെൻഷനുണ്ട് ”

കയ്യിലുള്ള ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അടർത്തി മാറ്റി അത് ധരിക്കുന്നതിനിടെ ക്രിസ്റ്റി പറഞ്ഞു.

“ഈ സ്നേഹത്തിനു മുന്നിൽ ആർക്കാ ഇച്ഛാ മുഖം തിരിച്ചു കളയാൻ കഴിയുന്നത്.വെറുതെ ടെൻഷനാവാതെ സന്തോഷത്തോടെ പോയിട്ട് അവനെയും കൂട്ടിയിട്ട് വാ ”

പാത്തു അവന്റെ മുഖം പിടിച്ചു താഴ്ത്തി നെറ്റിയിൽ ഒരുമ്മ കൊടുത്തു കൊണ്ടാണ് പറഞ്ഞത്.

ക്രിസ്റ്റിയവളുടെ ഇടുപ്പിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് തന്നിലേക്ക് ചേർത്ത് വെച്ചു.

“ആഹാ.. ഇവിടെ കെട്ടിപിടിച്ചു നിൽപ്പാണോ കർത്താവെ രണ്ടും കൂടി . ചേട്ടായി പോണില്ലേ..?സമയം ഇപ്പൊ തന്നെ വൈകി..”

വാതിൽക്കൽ നടുവിന് കൈ കുത്തി നിന്ന് കൊണ്ട് ദിലു പറയുന്നത് കേട്ടതും ക്രിസ്റ്റീയും പാത്തുവും ഒരുമിച്ച് നോക്കിയത്.

“കുശുമ്പാ പെണ്ണിന്.. ഞാൻ ന്റെ കെട്ട്യോനെ കെട്ടിപിടിച്ചു നിൽക്കുന്നെന് നിനക്കെന്താടി പരട്ടെ?”

പാത്തു ക്രിസ്റ്റിയുടെ തോളിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ടാണ് അത് പറഞ്ഞത്.

“ആഹാ.. അത്രക്കായോ.. ഇങ്ങോട്ട് മാറെടി പരട്ടെ നീ. ചേട്ടായി പോയിട്ട് എന്റെ ഏട്ടനെ കൂട്ടിയിട്ട് വരട്ടെ. എന്നിട്ട് വേണം ഞങ്ങൾക്ക് രണ്ടിനും കൂടി പഴയ പോലെ ഇച്ചേച്ചീടെ കെട്ട്യോനെയിട്ട് പൊരിക്കാൻ ”

പാത്തുവിന്റെ മുന്നിൽ ചെന്നു നിന്നിട്ട് വെല്ലുവിളി പോലെ ദിലു പറഞ്ഞു.

“പിന്നെ… അതിനിച്ചിരി പുളിക്കും. ഇങ്ങട് വാ ഏട്ടനും പെങ്ങളും കൂടി. ന്റെ ഇച്ഛയെ ഇനി വല്ലതും പറഞ്ഞ വിവരമറിയും നീയും നിന്റെ പരട്ട ഏട്ടനും ”

പാത്തു ദിലുവിനെ നോക്കി ചുണ്ട് കോട്ടി.

“ചേട്ടായിക്കൊന്നും പറയാനില്ലേ..?”
നെഞ്ചിൽ കൈ നിന്നിട്ട് അവരെ നോക്കിയിട്ട് ചെറിയൊരു ചിരിയോടെ നിൽക്കുന്ന ക്രിസ്റ്റിയെ നോക്കി ദിലു ചോദിച്ചു.

“പിന്നെ… എനിക്കൊത്തിരി പറയാനുണ്ട് ”
ക്രിസ്റ്റി ചിരിയോടെ ദിലുവിനെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് പറഞ്ഞു.

“ആദ്യം നിങ്ങള് ഇച്ചേച്ചിയും മോളും കൂടിയുള്ള ഈ ആക്ടിങ് ഒന്ന് നിർത്തിക്കേ ”
ക്രിസ്റ്റി ചിരിച്ചു കൊണ്ട് പറയുമ്പോൾ പാത്തുവും ദിലുവും പരസ്പരം നോക്കി നാവ് കടിച്ചു.

“എന്നേം എന്റെ അനിയനേം കൂടി നിങ്ങൾ രണ്ടും ചവിട്ടി പുറത്താക്കുവോ ന്നാ ന്റെ പേടി..”
ക്രിസ്റ്റി കണ്ണുരുട്ടി..

“ഏയ്.. അങ്ങനൊരു അപരാദം നമ്മൾ ചെയ്യില്ല.. അല്ലേടി..”
പാത്തു വല്ല്യ കാര്യത്തിൽ ദിലുവിനോട് ചോദിച്ചു.

“ഇല്ലില്ല..”
ദിലുവും സമ്മതിച്ചു.

“അപ്പഴേ… അവനെത്തിയിട്ട് എന്തോ ചീഞ്ഞ കളികൾക്കുള്ള പ്ലാൻ മോളെങ്ങു മാറ്റി വെച്ചോ.. തിരികെ വരുന്നത് ഇവിടുന്ന് പോയ റിഷിൻ ചെറിയാനല്ല. കുന്നേൽ ക്രിസ്റ്റി ഫിലിപ്പിന്റെ അനിയൻ റിഷിനാണ്. അവനെയെനിക്ക് നല്ല വിശ്വാസവുമുണ്ട്.. കേട്ടോടി.. പരട്ടകളെ ”

ക്രിസ്റ്റി വീണ്ടും കണ്ണുരുട്ടി അവരെ നോക്കി.

വീണ്ടും പരസ്പരം നോക്കി, നിഷ്കളങ്കത വാരി വിതറി കൊണ്ട് രണ്ടും തലയാട്ടി കാണിക്കുന്നത് കണ്ടതും ക്രിസ്റ്റി ചിരിച്ചു പോയി..

“മീരാ റെഡിയായി തുടങ്ങിയോ..?”
പാത്തു എടുത്തു വെച്ച വെള്ളമുണ്ടെടുത്ത് ഉടുക്കുന്നതിനിടെ ക്രിസ്റ്റി ചോദിച്ചു.

“ഉയ്യോ.. കർത്താവെ.. അത് പറയാൻ വന്നതാ ഞാൻ.. ഇനി ഞങ്ങടെ ഊഴമാണ്. ഇച്ചേച്ചി വന്നേ..”
ദിലു പാത്തുവിന്റെ കൈ പിടിച്ചു വലിച്ചു.

“എടീ… ഇച്ഛാ പോയിട്ട്..”
പാത്തു ദിലുവിന്റെ കൈ വിടുവിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

“നീ ചെല്ല്.. ഞാൻ പൊയ്ക്കോളാം..”
ചിരിയോടെ ക്രിസ്റ്റി പറഞ്ഞതും ദിലു അവളെയും വലിച്ചു കൊണ്ട് ഓടിയിരുന്നു.

“ഉള്ള പുട്ടിയെല്ലാം വാരി തേച്ചു മുഖം വൃത്തികേടാക്കിയ ഒന്നൂടെ കുളിച്ചിട്ടേ കല്യാണം കാണിക്കൂ രണ്ടിനേം. കേട്ടോ ”

ഓടുന്നവരെ നോക്കി ക്രിസ്റ്റി അൽപ്പം ഉറക്കെ തന്നെ വിളിച്ചു പറഞ്ഞു.

“ഏറ്റു…”
ഓടുന്നതിനിടെ ദിലു വിളിച്ചു പറഞ്ഞു.

ക്രിസ്റ്റി ചിരിയോടെ അവന്റെ ഒരുക്കങ്ങളിലേക്ക് കടന്നു.

ഒരുങ്ങി താഴേക്കിറങ്ങും മുന്നേ അവൻ മീരയുടെ മുറിയിലേക്കാണ് ചെന്നത്.

മിതമായ മേക്കപ്പ് മതിയെന്നുള്ള അവളുടെ ശാട്യത്തിനു മുന്നിൽ അടിയറവ് പറഞ്ഞ പോലെ… നല്ല ഭംഗിയായി.. വൃത്തിയായി അവളെ മണവാട്ടിയാക്കി ഒരുക്കി തുടങ്ങിയത് കണ്ടതും ക്രിസ്റ്റി ആത്മനിർവൃതിയോടെ അവളെ നോക്കി നിന്നു.

ഇച്ഛാ… ”
കരച്ചിലൊളിപ്പിച്ച ശബ്ദത്തോടെ അവന്റെ അരികിലേക്ക് ചെന്നു.

“കരഞ്ഞിട്ട് ആ മേക്കപ്പെങ്ങാനും കളഞ്ഞ ചേച്ചിയാണെന്നും നോക്കൂല ഞാൻ.. കുത്തി പരത്തും. മനുഷ്യനിവിടെ വടി പോലെ നിൽക്കാൻ തുടങ്ങിയിട്ട് മണിക്കൂറായി ”
അവൾ കരഞ്ഞേക്കും എന്നൊരു തോന്നലിൽ ദിലു വിളിച്ചു പറഞ്ഞതും മീരക്കൊപ്പം അതിനകത്തുള്ളവരും ചിരിച്ചു പോയിരുന്നു.

“റിഷിനെയും കൊണ്ട് വരാം കേട്ടോ ”
ക്രിസ്റ്റി അവളുടെ കവിളിൽ പതിയെ തട്ടി കൊണ്ട് പറഞ്ഞു.

“മ്മ്… ”

മീരാ ചിരിയോടെ തലയാട്ടി. ബ്യുട്ടീഷൻ ചേച്ചിക്ക് മുന്നിൽ ക്രിസ്റ്റിയെ നോക്കിയിരിക്കുന്ന പാത്തുവിനെ കൂടിയൊന്ന് നോക്കി കണ്ണുകൾ കൊണ്ടൊരു യാത്ര പറഞ്ഞു കൊണ്ട് ക്രിസ്റ്റിയിറങ്ങി.

❣️❣️

“കാല് പിടിച്ചിട്ടായാലും ഞാനവനെ കൊണ്ട് വരും അമ്മേ… ഇങ്ങനെ ടെൻഷനാവല്ലേ?”

ക്രിസ്റ്റി തന്റെ മനസ്സിലെ ആകുലതകളൊതുക്കി കൊണ്ട് ഡെയ്സിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

“എനിക്കറിയാം മോനെ…”
ഡെയ്സി വാത്സല്യത്തോടെ ക്രിസ്റ്റിയുടെ കവിളിൽ തൊട്ടു.

“കാലൊന്നും പിടിക്കേണ്ട നീയവന്റെ..അത്രക്കൊന്നും ഇല്ലവൻ ”
അപ്പോഴും ക്രിസ്റ്റി എവിടെയും അൽപ്പം താഴ്ന്നു കൊടുക്കുന്നത് ആലോചിക്കാൻ പോലും കഴിയാത്ത മറിയാമ്മച്ചി പറയുന്നുണ്ടായിരുന്നു.

“അതൊന്നും വേണ്ടി വരില്ല മറിയെ.. ഇവനൊന്നു ചേർത്ത് പിടിക്കുന്നതോടെ തീരാവുന്ന പരിഭവമേ അവനുണ്ടാവൂ ”
ത്രേസ്യ.. മറിയാമ്മച്ചിയെ ആശ്വാസിപ്പിച്ചു പറഞ്ഞിട്ടും തെളിയാത്ത അവരുടെ മുഖം കണ്ടതും ക്രിസ്റ്റി ചിരിയോടെ ഡെയ്സിയെ വിട്ടിട്ട് മറിയാമ്മച്ചിയെ അണച്ചു പിടിച്ചു.

“എന്നെ ഞൊക്കി കൊല്ലാതെ നീ പോവാൻ നോക്കെടാ ചെക്കാ.. സമയമാവുന്നതിനു മുന്നേ ഇങ്ങോട്ട് തന്നെ തിരിച്ചെത്തേണ്ടതല്ല്യോ..?”
വാത്സല്യത്തോടെയുള്ളൂ ആ ശകാരം..

“മുകളിൽ ആ പിള്ളേർ മേക്കപ്പ് ചെയ്യുന്നുണ്ട്.. പോയെന്നു ചുന്ദരിയായിക്കോ വേണേൽ.. വൈകുന്നേരം ഞാൻ കെട്ട്യോന്റെ അടുത്തേക്ക് കൊണ്ട് പോവാം ”
സ്വകാര്യം പോലെ അവരുടെ കാതിൽ മന്ത്രിച്ചു കൊണ്ട്
മനസ്സ് നിറഞ്ഞാണ് ക്രിസ്റ്റി ഇറങ്ങിയത്.

പോവും മുന്നേ മാത്തച്ഛനോട് കൂടി പറയാൻ അവൻ മറന്നില്ല.

“ഞാൻ കൂടി വരണോ ടാ…?”
കാറിലേക്ക് കയറും മുന്നേ എവിടെ നിന്നോ ഓടി പിടഞ്ഞു വന്നു കൊണ്ട് ആര്യൻ ചോദിച്ചു.

തലേന്ന് മുതലുള്ള ക്ഷീണം അവന്റെ മുഖം നിറയെ കാണുന്നുണ്ട്.

“നീ ഇനിയിപ്പോ വീട്ടിലേക്ക് പോയിട്ട് കുറച്ചു നേരം റസ്റ്റ്‌ എടുത്തിട്ട്… ഫ്രഷായി അമ്മയെയും കൂട്ടിയിങ്ങോട്ട് വാ.. അതായിപ്പോ വേണ്ടത് ”
ക്രിസ്റ്റി അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.

“ദേ.. ഇത് കഴിഞ്ഞെടാ…ഞാൻ പൊയ്ക്കോളാം. നീ വിട്ടോ എന്നാ ”

ആര്യൻ ഒരു ചിരിയോടെ പറഞ്ഞു.

❣️❣️

സെൻഡ്രൽ ജയിലിന്റെ മുന്നിൽ കാറൊതുക്കി കാത്തിരിക്കുമ്പോൾ ക്രിസ്റ്റിയുടെ ഹൃദയം തുള്ളുന്നുണ്ടായിരിന്നു.

റിഷിൻ എങ്ങനെ പ്രതികരിക്കുമെന്ന് യാതൊരു ഊഹവുമില്ല.

അത്രത്തോളം മുറിഞ്ഞു പോയൊരു മനസ്സിൽ.. കുറ്റബോധം നിറഞ്ഞു തുളുമ്പുന്ന അവന്റെ മുഖം ഓർക്കുമ്പോഴൊക്കെയും അവനുള്ളിലെ അസ്വസ്ഥത പെരുകുന്നുണ്ടായിരുന്നു.

റഷീദ് ഇടപെട്ടത് കൊണ്ടാണ് ഇത്രയും നേരത്തെ അവന്റെ റിലീസ്സിനുള്ള കാര്യങ്ങൾ ശരിയായത്.
കല്യാണത്തിന് റിഷിൻ വേണമെന്നുള്ള ആഗ്രഹം ക്രിസ്റ്റീയും ഫൈസിയും അയാളോട് പറഞ്ഞിരുന്നു.

പത്തു മിനിറ്റോളം ക്രിസ്റ്റി കാത്തിരുന്നിട്ടാണ് അവന് മുന്നിലെ വലിയ ഇരുമ്പ് വാതിൽ ഒരു മുരൾച്ചയോടെ തുറന്നു കൊണ്ട് റിഷിനിറങ്ങി വന്നത്……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button