Novel

നിലാവിന്റെ തോഴൻ: ഭാഗം 118

രചന: ജിഫ്‌ന നിസാർ

പരാതിയും പരിഭവങ്ങൾക്കൊപ്പം അന്യജാതിയിൽ പെട്ടൊരു പെൺകുട്ടിയെ തറവാട്ടിൽ കൈ പിടിച്ചു കയറ്റുന്നൊരു പോഴൻ “എന്നൊരു വിശേഷണം കൂടി മുഹമ്മദിനു ചാർത്തി കിട്ടുന്നത് ഫൈസിയുടെ നെഞ്ചിലാണ് പോറൽ വീഴ്ത്തിയത്.

ചോര പൊടിഞ്ഞ ആ മുറിവോടെ അവൻ ഉപ്പാക്ക് മുന്നിൽ തല കുനിച്ചു.

“ആരോരുമില്ലാത്ത ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്കുന്നൊരു പുണ്യം.. അതാണെന്റെ മോൻ ചെയ്യുന്നത്. പറയുന്നവർ പറയട്ടെടാ ഫൈസി.. പറഞ്ഞിട്ട് അവരങ് പോകുമല്ലോ…. ഉപ്പാന്റെ അഭിമാനമാണെടാ മോനെ ഇയ്യ്.. നിറഞ്ഞ സന്തോഷത്തോടെയാണ് ഞാനീ പറയുന്നതും. സമാധാനത്തോടെ.. സന്തോഷത്തോടെ നീ ജീവിച്ചു കാണാൻ ഞാനെന്തും ചെയ്യും..”

കുനിഞ്ഞു പോയ ആ മുഖം വിരൽ തുമ്പുകൊണ്ടുയർത്തി മുഹമ്മദ്‌ പറയുബോൾ ഫൈസി അയാളെ ഇറുകെ കെട്ടിപിടിച്ചു.

കണ്ട് നിൽക്കുന്നവർക്ക് പോലും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോകുന്ന ആ അവസ്ഥ.

പൊടി മീശ മുളച്ചു കഴിഞ്ഞാൽ പിന്നെ അറിഞ്ഞോ അറിയാതെയോ അകലം വരുന്നൊരു ബന്ധമാണല്ലോ അത്..?

അവനോട് പറയണേ… അവന് കൊടുക്കണേ എന്നും പറഞ്ഞു കൊണ്ട് അച്ഛനും… അച്ഛനോട് പറയണേ.. അച്ഛന് കൊടുക്കണേഎന്ന് മകനും അമ്മമാരെ ഇടനിലകാരായി പ്രഖ്യാപിക്കുന്ന കാലത്തിന്റെ വികൃതിയേറുന്ന അച്ഛൻ മകൻ ബന്ധം.

ചേർത്ത് പിടിക്കുന്നവരും ചേർന്നു നിൽക്കുന്നവരും വിരലിൽ എണ്ണിയെടുക്കാവുന്ന അത്രേം കുറവ്..

അതിനിടയിൽ മകനെ പുണർന്നു നിൽക്കുന്ന അച്ഛനും.. അച്ഛന്റെ തോളിൽ സങ്കടമിറക്കി വെക്കുന്ന മകനും തീർച്ചയായും കണ്ണ് നിറച്ചേക്കും.. സന്തോഷം കൊണ്ട്.

❣️❣️

“റിഷു …”

ചെറുതിലെപ്പഴോ കേട്ട് മറന്ന് പോയ.. അല്ല അവഗണിച്ചു പോയ ആ വിളി വീണ്ടും…

അന്നുള്ളതിനേക്കാൾ ഒരായിരമിരട്ടി സ്നേഹത്തോടെ.. വാത്സല്യത്തോടെ.

റിഷിന്റെ കാലുകൾ മണ്ണിൽ പൂണ്ടു പോയത് പോലെ അവൻ തറഞ്ഞു നിന്ന് പോയി.

“നിന്നെ കൊണ്ട് പോവാനാ റിഷു ഞാൻ വന്നത് ”

കണ്ടിട്ടും താൻ കാണാത്ത പോലെ നടന്നതിന്റെ പരിഭവമെന്നുമില്ല.
അങ്ങേയറ്റം സ്നേഹത്തോടെ തന്നെയാണ് കൈ പിടിച്ചേക്കുന്നത്..
മുന്നിൽ വന്നിട്ട് നിറചിരിയോടെയാണ് ചോദിക്കുന്നത്.

റിഷിന്റെ നെഞ്ചിലെ മുറിവിൽ നിന്നും വീണ്ടും ചോര പൊടിഞ്ഞു.

“എന്തിനാ ചേട്ടായി നിങ്ങളെന്നെ ഇങ്ങനെ സ്നേഹിച്ചു തോല്പ്പിക്കുന്നത്?”
ഉള്ളിലെ ചോദ്യം പക്ഷേ അവന്റെ നാവുകൾ ഏറ്റെടുത്തില്ല.

“നീ എന്റെ അനിയായത് കൊണ്ടെന്ന ക്രിസ്റ്റിയുടെ ഉത്തരം റിഷിന്റെ സ്വന്തം ഹൃദയം തന്നെ അവനെ പരിഹാസത്തോടെ ഓർമ്മിപ്പിച്ചു.

“നിന്നെയെല്ലാവരും കാത്തിരിപ്പുണ്ട് റിഷു.. വാ.. നമ്മുക്ക് വീട്ടിൽ പോകാം ”
ഒരക്ഷരം മിണ്ടാതെ തന്നെ തുറിച്ചു നോക്കി നിൽക്കുന്നവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“ഞാൻ.. ഞാനങ്ങോട്ട് വരുന്നില്ല ചേട്ടായി ”
അങ്ങേയറ്റം ശാന്തതയോടെ റിഷിൻ തന്റെ കയ്യിൽ മുറുകിയ ക്രിസ്റ്റിയുടെ കൈകൾ വേർപ്പെടുത്തി കൊണ്ട് പതിയെ പറഞ്ഞു.

“വരുന്നില്ലേ…?”
ക്രിസ്റ്റിയുടെ നെറ്റി ചുളിഞ്ഞു.

“എനിക്കറിയാം… ഞാനും എന്റെ പപ്പയെന്ന ചെകുത്താനും ഇറങ്ങി പോന്നതോടെ കുന്നേൽ വീടൊരു സ്വർഗമായിട്ടുണ്ടാകും. ഇനിയുമൊരു അപശകുകം പോലെ.. ഞാൻ.. ഞാങ്ങോട്ട് വരുന്നില്ല ചേട്ടായി. ഇപ്പൊ ഈ സ്നേഹത്തിനു പകരം തരാൻ എന്റെ കയ്യിൽ ഇങ്ങനൊരു ഉപകാരം മാത്രമേ ഒള്ളു ”

ആ മറുപടി തന്നെയായിരുന്നു അവനിൽ നിന്നും പ്രതീക്ഷിക്കുന്നതെങ്കിലും എന്ത് കൊണ്ടോ ആ വാക്കുകളും കണ്ണിലെ നിസംഗതാ ഭാവവും ക്രിസ്റ്റിയുടെ നെഞ്ച് പിടഞ്ഞു.

“അങ്ങനൊന്നും അല്ലടാ മോനെ.. എല്ലാം നിന്റെ തോന്നലാ..”
ക്രിസ്റ്റി വീണ്ടും അവന്റെ കൈ പിടിച്ചു.

“എന്നെ.. എന്നെ തിരിച്ചു വിളിക്കല്ലേ.ചേട്ടായി വിളിച്ച ഞാൻ വന്നു പോകും.. കാരണം നിഷേധം പറയാനാവാത്തൊരു സ്നേഹമുണ്ടാവും ആ വിളിയിൽ.. മാത്രമല്ല.. എന്നെ.. എന്നെ കുറിച്ചിപ്പോ ഓർക്കുന്നത് പോലും ചേട്ടായി മാത്രമേ ഒള്ളു. എല്ലാം എനിക്കറിയാം.. എല്ലാം ഞാനിപ്പോ മനസിലാക്കി. ചേട്ടായി എന്നും ശെരിയായിരുന്നു. പക്ഷേ എനിക്കത് മനസ്സിലാവാൻ ഇച്ചിരി വൈകി…”

റിഷിൻ ക്രിസ്റ്റിയുടെ കൈകൾ പൊതിഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു.

“എടാ….”

ക്രിസ്റ്റിക്ക് പിന്നെ അവനോടെന്ത് പറയാണമെന്നറിയാതൊരു നിസ്സഹായത തോന്നി.

“പോട്ടെ..”

ക്രിസ്റ്റിയെ നോക്കിയൊന്ന് ചിരിച്ചിട്ട് റിഷിൻ വീണ്ടും മുന്നോട്ടു നടന്നു.

“അമ്മ പറഞ്ഞിട്ടാണ് റിഷു ഞാൻ വന്നത് ”
പിന്നിൽ നിന്നും വീണ്ടും ക്രിസ്റ്റിയുടെ സ്വരം.

റിഷിൻ വീണ്ടും നിന്ന് പോയി.

സ്നേഹവും പരിഗണനയും അത്രമേൽ കൊതിക്കുനക്കൊരു മനസ്സ് അവനുള്ളിൽ തുടിക്കുന്നുണ്ടായിരുന്നു.. അപ്പോഴും.

തിരിച്ചു പോ എന്ന് കേഴുന്നുണ്ടായിരിന്നു.

“മീരയുടെയും ഫൈസിയുടെയും കല്യാണമാണിന്ന് . നിന്റെ വരവിനു വേണ്ടിയാണ് കുന്നേൽ കുടുംബം മുഴുവനും ഈ ദിവസം വരെയും കാത്തിരുന്നത്. അവരെയെല്ലാം നിരാശപ്പെടുത്തി കൊണ്ട്.. അത്രയും പേരുടെ സ്നേഹം കണ്ടില്ലെന്ന് നടിച്ചു കൊണ്ട്.. നിനക്ക് പോവാൻ കഴിയുമെങ്കിൽ.. ആയിക്കോ.. ഞാൻ തടയുന്നില്ല ”

ക്രിസ്റ്റി പിന്നിൽ നിന്നും പറഞ്ഞു.

എന്ത് കൊണ്ടോ റിഷിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

“ഇനിയും നമ്മുടെ അമ്മ തോറ്റു കാണാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ… ഇത്രയും നേരം നിനക്ക് വേണ്ടി കാത്തിരുന്ന എന്റെ മനസ്സിലെ സ്നേഹം നിനക്കറിയാൻ കഴിഞ്ഞില്ലെങ്കിൽ… റിഷിയേട്ടൻ കൂടി വന്നിട്ട് മതി കല്യാണമെന്ന് പറഞ്ഞു കാത്തിരിക്കുന്ന നിന്റെ കൂടപ്പിറപ്പിന്റെ ഇത് വരെയും കിട്ടിയിട്ടില്ലാത്ത സ്നേഹം നിനക്ക് തൊട്ടറിയേണ്ടങ്കിൽ.. നീ പോയിക്കോട മോനെ…”

കണ്ണുകൾ നിറഞ്ഞിട്ട് റിഷിന്റെ കവിളിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

അവൻ പതിയെ തിരിഞ്ഞു.

വാ ”

നിറഞ്ഞ ചിരിയോടെ ക്രിസ്റ്റി അവന് വേണ്ടി മുന്നിലെ ഡോർ തുറന്നിട്ട് വീണ്ടും ക്ഷണിച്ചു.

പിന്നേയും ആ ക്ഷണം നിരസിച്ചു പോകാനുള്ള മനഃശക്തി റിഷിനും ഉണ്ടായിരുന്നില്ല.

അവൻ പതിയെ നടന്നു വന്നിട്ട് ക്രിസ്റ്റി തുറന്നു കൊടുത്തു ഡോറിൽ കൂടി അകത്തേക്ക് കയറി..

ഹൃദ്യമായൊരു ചിരിയോടെ.. ക്രിസ്റ്റി ഡോർ അടച്ചു കൊണ്ട് തിരികെ വന്നു കാറിൽ കയറി…

യാത്രയിലുടനീളം റിഷിൻ അസ്വസ്ഥനായിരുന്നു.

ഒരക്ഷരം മിണ്ടാതെ കണ്ണടച്ച് കൊണ്ട് സീറ്റിലേക്ക് ചാരി കിടക്കുന്നവന്റെ മനസ്സിൽ കുന്നേൽ ചെല്ലുമ്പോൾ അഭിമുഖികരിക്കേണ്ടുന്ന നിരവധി സന്ദർഭങ്ങളും മുഖങ്ങളും ഭയപ്പെടുത്തുന്നുണ്ടെന്ന് ക്രിസ്റ്റിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.

എന്നിട്ടും അവനൊന്നും ചോദിച്ചതുമില്ല..പറഞ്ഞതുമില്ല.

കാരണം അവനറിയാമായിരിന്നു.. കുന്നേൽ ഉള്ളവരാരും മനസ്സിലൊന്നും പുറമെയൊന്നും പ്രകടിപ്പിച്ച് കൊണ്ട് വിഷം ചീറ്റാൻ കഴിയുന്നവരെല്ലെന്നുള്ളത്…

അസഹിഷ്ണുത നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ കുന്നേലെത്തുമ്പോൾ റിഷിന്റെ കണ്ണുകൾ മിഴിഞ്ഞത് പോലുണ്ടായിരുന്നു.
അത്രമാത്രം വലിയൊരു കല്യാണമാണെന്ന് അവനും സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടായിരുന്നില്ല.

“ഇറങ്ങേടാ…”

തന്നെയും പുറത്തുള്ള ബഹളങ്ങളിലേക്കും മാറി മാറി നോക്കുന്ന റിഷിനെ നോക്കി ക്രിസ്റ്റി ചിരിയോടെ പറഞ്ഞു.

“നിനക്കെന്തേലും പറയാനുണ്ടോ റിഷു..?”

അവന്റെ മുഖത്തുള്ള പരുങ്ങുന്ന ഭാവം കണ്ടതും സീറ്റ് ബെൽറ്റ് അഴിച്ചു കൊണ്ട് ഇറങ്ങാൻ തുടങ്ങിയ ക്രിസ്റ്റി അവന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.

“ഈ.. ഈ കല്യാണം കഴിഞ്ഞ ഞാൻ പോകും..”
ക്രിസ്റ്റിയെ നോക്കാതെ മുഖം വീർപ്പിച്ചു കൊണ്ട് പറയുന്നവനെ നോക്കുമ്പോൾ ക്രിസ്റ്റിക്ക് ചിരി വരുന്നുണ്ടായിരുന്നു.

“അപ്പൊ… അപ്പൊഴെന്നെ തടയരുത്..”
മുന്നറിയിപ്പ് പോലെ റിഷിൻ പറഞ്ഞു.

‘എന്നെ തടയരുതേ .. അത് തട്ടി മാറ്റി പോവാൻ എനിക്കാവാത്ത വിധം നിങ്ങളോടെനിക്ക് സ്നേഹമാണ്..’എന്ന് കൂടിയല്ലേ അവനാ പറയുന്നത്

നിസ്സഹായമായൊരു ആവിശ്യപ്പെടൽ!

ക്രിസ്റ്റിക്കവനോട് വല്ലാത്തൊരു വാത്സല്യം തോന്നിയ നിമിഷമായിരുന്നുവത്.

“നീ ഇറങ്.. നമുക്ക് വഴിയുണ്ടാക്കാടാ ”
ക്രിസ്റ്റി കൈ നീട്ടി കൊണ്ടവന്റെ മുടിയൊന്ന് ചിക്കി ചികഞ്ഞു.

“അവരോടും പറയണം..”

റിഷിൻ വീണ്ടും പറഞ്ഞു.

“മ്മ്.. ഏറ്റു ”

“ഞാൻ.. ഞാനെന്തായാലും പോകും ”
റിഷിൻ സ്വയം പറഞ്ഞു പഠിക്കുന്നത് പോലെ അതൊന്ന് കൂടി പറഞ്ഞിട്ടാണ് ഡോർ തുറന്നത്.

ചിരിയൊതുക്കി പിടിച്ചു കൊണ്ട് ക്രിസ്റ്റീയും പുറത്തേക്കിറങ്ങി.

വെയിലിനൽപ്പം കനം വെച്ചത് പോലേ തന്നെ..ആഘോഷങ്ങൾക്കും നിറമേറിയിരുന്നു.

കുന്നേൽ ബംഗ്ലാവൊരു ആവേശത്തിമിർപ്പിലാണ്.

കുന്നേൽ നിന്നും ഫിലിപ്പ് മാത്യു മൺ മറഞ്ഞു പോയതിൽ പിന്നെ.. വർക്കിയുടെ ഭരണപരിഷ്കരണങ്ങളിൽ പെട്ട് അവിടെ നിന്നും പതിയെ പിന്തിരിഞ്ഞു നടക്കേണ്ടി വന്നവരെല്ലാം പരസ്പരം ഓർമകൾ അയവിറക്കി.

നാട്ടിലെ എന്താവിശ്യത്തിനും മുന്നും പിന്നും നോക്കാതെയിറങ്ങി ഇടപെടുന്ന ഫിലിപ്പ് മാത്യുവിനോടുള്ള അതേ സ്നേഹമവർ ക്രിസ്റ്റീയിലേക്കും വെച്ച് മാറിയിരുന്നു, വർക്കിയില്ലാത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ.

“വാ..”
ഇറങ്ങിയിട്ടും മുന്നോട്ട് നടക്കാൻ കഴിയാതെ പകച്ചു നിൽക്കുന്നവന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ടാണ് ക്രിസ്റ്റി ആൾക്കൂട്ടത്തിനു നടുവിലൂടെ അകത്തേക്ക് കയറിയത്.

കൈ ഉയർത്തി കാണിക്കുന്നവർക്കും..ഉറക്കെ പേര് വിളിച്ചു കൊണ്ട് വരവറിയിച്ചവർക്കും നേരെ നോക്കി ഹൃദ്യമായൊരു ചിരിയോടെയാണ് ക്രിസ്റ്റി അകത്തേക്ക് ചെല്ലുന്നത്.
അവനൊപ്പമായത് കൊണ്ട് തന്നെ.. റിഷിനിലേക്ക് വെറുപ്പിന്റെ തുറിച്ചു നോട്ടങ്ങളും പിറുപിറക്കലും നീളുന്നുണ്ടായിരുന്നില്ല.

എന്നിട്ടും മുഖം കുനിച്ചു.. ക്രിസ്റ്റി പിടിക്കുന്നത് കൊണ്ട് മാത്രമാണ് റിഷിൻ അകത്തേക്ക് നടക്കുന്നത്.

മുറ്റത്തു കെട്ടിയ കൂറ്റൻ പന്തലിനുള്ളിൽ ഏറെക്കുറെ ആളുകൾ നിറഞ്ഞിട്ടുണ്ട്.

അലങ്കരിച്ച സ്റ്റേജിൽ ബാക്കിയുള്ള അറേൻജ്മെന്റുമായി ആര്യനൊപ്പം പിന്നെയും ആരൊക്കെയോ.

നിർത്താതെ.. ധൃതിയിൽ നടന്നും ഓടിയും വലിയൊരു കല്യാണത്തിന് കുറവുകളൊന്നും വരരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് കൊണ്ട് പരിശ്രമിക്കുന്ന… പ്രിയപ്പെട്ടവരുടെ നേരെ നന്ദിയോടെ നോക്കിയിട്ടാണ് ക്രിസ്റ്റി റിഷിനൊപ്പം ഹാളിലേക്ക് കയറിയത്.

അകത്തേക്ക് കയറിയതും റിഷിന്റെ കൈകൾ വിറച്ചത് ക്രിസ്റ്റി അവനെ ചേർത്ത് പിടിച്ച ഉള്ളം കയ്യിൽ നിന്നുംതിരിച്ചറിഞ്ഞിരുന്നു.

അവനൊന്ന് കൂടി റിഷിന്റെ കയ്യിൽ മുറുകെ പിടിച്ചു.

പുറത്തുള്ളത് പോലെ തന്നെ.. അകത്തും നിറവാണ്.

സന്തോഷത്തോടെ.. ചിരി നിറഞ്ഞ മുഖങ്ങൾക്കിടയിൽ കൂടി അതേ ചിരിയോടെ ക്രിസ്റ്റി നൂണ്ട് കയറി.

“ഇതുങ്ങളെ എല്ലാം കൂടി ഞാനിനി എവിടെ പോയി കണ്ട് പിടിക്കുമെന്റെ കർത്താവേ?”
ചുറ്റും നോക്കി ക്രിസ്റ്റി പതിയെ പറഞ്ഞു.

റിഷിനും പകപ്പ് വിട്ടിട്ടില്ല.

പുറത്ത് നിന്നും കാണുന്നതിനെക്കാൾ പൊലിവുണ്ട്.. അകത്തതിനെന്ന് അവൻ നോക്കി കണ്ടു.

ക്രിസ്റ്റിയെ നോക്കി ചിരിക്കുന്നവരെല്ലാം തന്നെ കൂടി ശ്രദ്ധിക്കുന്നുണ്ടെന്ന് റിഷിന് മനസ്സിലായി.

അതവനിൽ വല്ലാത്തൊരു വീർപ്പുമുട്ടലാണ് നൽകിയത്.

“ഇച്ഛാ…”

ആൾക്കൂട്ടത്തിനിടയിൽ നിന്നും പാത്തുവിന്റെ സ്വരം കാതും ഹൃദയവും ഏറ്റടുത്തു.

ക്രിസ്റ്റി തിരിഞ്ഞു നോക്കുമ്പോൾ…

റെഡ് ചില്ലി കളർ സാരിയിൽ…. രണ്ടൊപ്പിലും രണ്ടടിയിലും ഒതുക്കിയെന്നു മറിയാമ്മച്ചി നിരന്തരം പറയാറുള്ള ആ കല്യാണത്തിന്റെ മുഴുവൻ കുറവും നികത്തി കൊണ്ട്… അതിമനോഹരമായി ഒരുങ്ങിയവൾ.

വൃത്തിയായി ചുറ്റി കെട്ടിയ ഹിജാബിനുള്ളിൽ ഒരമ്പിളി കീറു പോലെ.. അവന് മുന്നിൽ പാത്തു തിളങ്ങി.

മറിയാമ്മച്ചിയുടെ അൽപ്പം ഉയർന്നു കേട്ട ചുമ.. അത് തനിക്കുള്ള വാണിങ് കൂടിയാണെന്ന് മനസ്സിലാക്കി മനസ്സോട്ടുമില്ലാതെയാണ് ക്രിസ്റ്റി പാത്തുവിൽ നിന്നും മഴികൾ പിൻവലിച്ചത്.
അവനടുത്തേക്ക് വരാൻ തുടങ്ങിയവളെ ആരോ പിടിച്ചു നിർത്തി സംസാരിക്കുന്നുണ്ട്.

“അമ്മയെവിടെ..?”
ക്രിസ്റ്റി മറിയാമ്മച്ചിയെ നോക്കി.

“നിന്റമ്മ അവളുടെ മുഖത്തല്ലല്ലോ?”
അവനോട് അൽപ്പം ചേർന്നു നിന്നിട്ട് മറിയാമ്മച്ചി ചോദിച്ചു.

ക്രിസ്റ്റീയൊന്നു ഇളിച്ചു കാണിച്ച് കൊടുത്തു.

“അകത്തുണ്ട്.. വാ ”

ഒന്നാമർത്തി മൂളി കൊണ്ട് അവർ ഡെയ്സിയുടെ മുറിയുടെ നേരെ നോക്കി.

“ഞാനെന്റെ പെണ്ണിനെ വായിൽ നോക്കും.. വേണ്ടി വന്ന കെട്ടിപിടിച്ചുമ്മ കൊടുക്കും. അതിന് നിങ്ങക്കെന്താ ഇത്രേം അസൂയ?”
മറിയാമ്മച്ചിയെ ചേർന്നു നടക്കുന്നതിനിടെ ക്രിസ്റ്റി പറഞ്ഞു.

“ഉവ്വാ.. ഇതൊക്കെ നടന്ന മതി ”

കുഞ്ഞോരു ചിരിയോടെ മറിയാമ്മച്ചി പറഞ്ഞു.

“ചുന്ദരി ആയിട്ടുണ്ടല്ലോ..?”
ക്രിസ്റ്റി നടക്കുന്നതിനിടെ തന്നെ ചുണ്ട് കോട്ടി.

“ഓഓഓ… നീ പറഞ്ഞില്ലേലും എനിക്കറിയാടാ ഞാൻ കാണാൻ അൽപ്പം മെനയുണ്ടെന്ന്. ”

അതിനേക്കാൾ അന്തസ്സായി മറിയാമ്മച്ചി അവനെയും പുച്ഛിച്ചു.

“ഇതിനകത്തുണ്ട്.. ചെല്ലങ്ങോട്ട് ”
ഡെയ്സിയുടെ മുറിക്ക് പുറത്ത് നിന്നും പറഞ്ഞിട്ട് മറിയാമ്മച്ചി റിഷിനെയാണ് നോക്കിയത്.

“പ്ലീസ്…”
ആ നോട്ടം കണ്ടതും ക്രിസ്റ്റി ചുണ്ട് ചുളുക്കി കൊണ്ട് പതിയെ പറഞ്ഞു.

റിഷിനോട് ഇപ്പോഴുമുള്ള കലിപ്പ് വിട്ട് മാറാത്ത അവർ വീണ്ടും വല്ലതും മുഖം കറുപ്പിച്ചു കൊണ്ട് അവനോട് വിളിച്ചു പറയുമോയെന്നവൻ നന്നായി ഭയന്നിരുന്നു.
കൂടെയുള്ളവൻ അല്ലങ്കിലേ വല്ലാത്തൊരു അവസ്ഥയിലാണ്.
തിരികെ പോകുമെന്ന് പറഞ്ഞു നിൽക്കുന്നവനാണ്..

അവനെ മനസ്സിലായത് പോലെ.. മറിയാമ്മച്ചി പിന്നൊന്നും പറയാൻ നിൽകാതെ തിരിഞ്ഞു നടന്നു.

“വാ..”

റിഷിനെ തോളിൽ പിടിച്ചു കൊണ്ട് ക്രിസ്റ്റി വാതിൽ തുറന്നു.

റിഷിൻ മുഖം ഉയർത്തി നോക്കുന്നില്ല.

അപ്പോഴും നല്ലത് പോലെ വിറക്കുന്നുണ്ട്.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഡെയ്സി കിടക്കയിൽ നിന്നും പിടഞ്ഞെഴുന്നേറ്റു.

തൊട്ട് മുന്നിൽ.. തോളോട് തോൾ ചേർന്നു നിൽക്കുന്ന രണ്ടു മക്കൾ.

തമ്മിലെ വാശിയും വൈരാഗ്യവും കൊണ്ട് തമ്മിൽ തല്ലിയപ്പോഴെല്ലാം.. മനസ്സിൽ വെറുതെ സങ്കൽപ്പിച്ചു കൊണ്ട് നോവകറ്റിയ ആ നല്ല ചിത്രമാണ് കണ്മുന്നിൽ നിറവോട് കൂടി വിടർന്നു നിൽക്കുന്നത്.

നിറഞ്ഞ ചിരിയോടെ.. അഭിമാനത്തോടെ നിൽക്കുന്നവന്റെ അരികിൽ കുറ്റബോധം കൊണ്ട് കുനിഞ്ഞു പോയ മുഖത്തോടെ മറ്റൊരുവൻ.

ഏറെ നഷ്ളുകളൊന്നും വേണ്ടി വരില്ല ക്രിസ്റ്റീയിലുള്ള ആ ചിരി.. മാറ്റവനിലേക്കും പകർന്നു കിട്ടാണെന്ന് ഡെയ്സിക്ക് തോന്നി.

കാരണം റിഷിനെ ചേർത്ത് പിടിച്ച ആ കൈകൾ… അത് അത്രമാത്രം സുരക്ഷയോടെയാണ്.. സ്നേഹത്തോടെയാണ്.
സന്തോഷം കൊണ്ട് ഡെയ്സിക്ക് ശ്വാസം മുട്ടുന്നത് പോലെ..

“ഞാനെന്റെ വാക്ക് പാലിച്ചിരിക്കുന്നു ”
റിഷിനെ ഡെയ്സിക്ക് മുന്നിലേക്ക് നീക്കി നിർത്തി കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

നിറഞ്ഞ കണ്ണോടെ അവർക്ക് മുന്നിൽ വന്നു നിന്ന ഡെയ്സി ആദ്യം ക്രിസ്റ്റിയുടെ മുഖം പിടിച്ചു താഴ്ത്തി.. അവന്റെ നെറ്റിയിലൊരുമ്മ കൊടുത്തു.

ശേഷം വിറക്കുന്ന കൈകൾ കൊണ്ട് റിഷിന്റെ കവിളിൽ ചേർത്ത് വെച്ചു പിടിച്ചു താഴ്ത്തി ആ നെറ്റിയിലും ചുണ്ട് ചേർക്കുമ്പോൾ.. നിയന്ത്രണം വിട്ടത് പോലെ റിഷിൻ വിങ്ങി കരഞ്ഞിരുന്നു.

ഡെയ്സിക്ക് മുന്നിൽ അവൻ കൈ കൂപ്പി.

അവനെ തന്നിലേക്ക് ചേർക്കുമ്പോൾ ഇടതു കൈ കൊണ്ടവർ ക്രിസ്റ്റീയെയും ചേർത്ത് പിടിച്ചു.

ഇടവും വലവും ശക്തമായയൊരു കരുത്തു വന്നത് പോലെ ആ അമ്മയുടെ മുഖം പ്രകാശിക്കുന്നുണ്ടായിരുന്നുവപ്പോഴും.

മറിയാമ്മച്ചിയോ പാത്തുവോ.. രണ്ടിൽ ആരോ വിളിച്ചു കൂട്ടിയിട്ട് മാത്തച്ഛന് പിറകെ കുന്നേൽ ഉള്ളവരെല്ലാം ഡെയ്സിയുടെ മുറിയിലേക്ക് ഇടിച്ചു കയറി വന്നു.

വീണ്ടും റിഷിന്റെ മുഖം കുനിഞ്ഞു.

തോളു കൊണ്ടവൻ കണ്ണ് തുടക്കുന്നുണ്ട്.

“ആഹാ..ഇവിടെ നിന്നാൽ മതിയോട മക്കളെ.. പെങ്ങളെ കല്യാണത്തിന് ചേട്ടന്മാർക്ക് എന്തെല്ലാം ജോലിയുണ്ട് ”
മാത്തച്ഛൻ റിഷിന്റെ ചുമലിൽ തട്ടി പറഞ്ഞതോടെ തുടച്ചു കളഞ്ഞ അവന്റെ കണ്ണുകൾ വീണ്ടും നനഞ്ഞു.
റിഷിൻ തല ചെരിച്ചു കൊണ്ട് ക്രിസ്റ്റിയെ നോക്കി.

അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു.

ദിലു കരച്ചിൽ വന്നതൊതുക്കി ക്രിസ്റ്റിയെ നോക്കുന്നുണ്ടായിരുന്നു.

ക്രിസ്റ്റി അവളെ കണ്ണ് കൊണ്ട് അടുത്തേക്ക് വിളിച്ചു.
അവളോടി അവന്റെ നെഞ്ചിൽ പറ്റി ചേർന്നു നിന്നു.

“നിനക്കവനേം കൂട്ടി എന്നോട് തല്ല് പിടിക്കണ്ടെടി?”
ക്രിസ്റ്റി സ്വകാര്യം പോലെ ചോദിച്ചു.

അവൾ അവനെ നോക്കിയൊന്ന് കണ്ണുരുട്ടി.

മീര റിഷിനെ തന്നെ നോക്കി നിൽപ്പാണ്.

ഒരുവേള അവളുടെ കണ്ണുകൾ ക്രിസ്റ്റീയുമായി കോർത്തു.
അവനൊന്നു ചിരിച്ചു കാണിച്ചതോടെ അവൾ അതിനർത്ഥം മനസ്സിലാക്കി റിഷിന്റെ മുന്നിലെത്തി.

“ഏട്ടനെ.. കാത്തിരിക്കായിരുന്നു ”
പതിയെ മുന്നിൽ വന്ന് നിന്നിട്ട് ചിരിയോടെ പറയുന്നവളെ റിഷിൻ ഞെട്ടലോടെയാണ് നോക്കിയത്.

താൻ പ്രതീക്ഷിച്ച വെറുപ്പിന്റെ നേർത്തൊരു കണിക പോലുമില്ല.. അവളുടെയാ കണ്ണുകളിൽ.

ചുറ്റും കാണുന്നതത്രയും സ്നേഹമാണെന്ന തോന്നലിൽ അവൻ വീണ്ടും തളർന്നു. കണ്ണ് നിറഞ്ഞു..

എല്ലാവരും പരിഗണിക്കുന്നു.. സ്നേഹിക്കുന്നു എന്നയോർമ അവന് വേദനയായിരുന്നു അപ്പോൾ നൽക്കുന്നത്.

മറിയാമ്മച്ചി മാത്രം മാറി നിൽപ്പുണ്ട്.

മാത്തച്ഛൻ വീണ്ടും തിരക്കുകളെ കുറിച്ചോർമ്മിപ്പിച്ചതും ക്രിസ്റ്റി പാത്തുവിനെയും വിളിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.

“നല്ലൊരു ദിവസമായിട്ട് മോന്തേം വീർപ്പിച്ചു നിന്നാ ആ മോന്ത ഞാൻ കുത്തി പൊട്ടിക്കും കേട്ടോ ”
പാത്തുവിനേം വിളിച്ചു കൊണ്ട് പോണപോക്കിൽ “എന്റെ പിണക്കം അങ്ങനൊന്നും ഞാനിപ്പോ പറഞ്ഞു തീർക്കാൻ ഉദ്ദേശിചിട്ടില്ലെന്ന് വാശി പിടിച്ചു നിൽക്കും പോലെ ചുവരിൽ ചാരി നിൽക്കുന്ന മറിയാമ്മച്ചിയെ നോക്കി പറഞ്ഞിട്ട് അവനൊന്നു കണ്ണുരുട്ടി കാണിച്ചു.

💞💞
വാതിൽ അടച്ചു ലോക്ക് ചെയ്തു കൊണ്ട് തന്നെ അടിമുടി നോക്കുന്ന ക്രിസ്റ്റിയുടെ നേരെ പാത്തുവിന്റ കണ്ണുകൾ കൂർത്തു.

“ന്തേയ്‌..”

അവൻ ചുണ്ടിൽ കൈ വിരൽ ചേർത്ത് വെച്ചു കൊണ്ട് അതേ നിൽപ്പ് തുടരുന്നത് കണ്ടതും പാത്തു ചോദിച്ചു.

“മ്മ്മ്മ്ഹ്.. ഞാൻ കാണുവാ നിന്നെ ”
കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് കൊണ്ട് ക്രിസ്റ്റി പതിയെ പറഞ്ഞു.

“രസണ്ടോ..?”
അവന്റെ മുന്നിൽ നിന്നൊന്ന് സ്വയം നോക്കി കൊണ്ട് പാത്തു ആവേശത്തിൽ ചോദിച്ചു.

“പിന്നില്ലാതെ.. എനിക്കങ്ങ് കടിച്ചു പറിക്കാൻ തോന്നുവാ ”

“ഷാളിങ്ങനെ ചുറ്റിയത് ഇഷ്ടയോ?”

“മ്മ്മ്..”

“ഇച്ഛക്ക് കുഴപ്പമില്ലല്ലോ?”
പാത്തുവിന്റെ സംശയം കേട്ടപ്പോൾ ക്രിസ്റ്റിക്ക് ചിരി വന്നു.

“നീ കംഫേർട്ടബ്‌ളല്ലേ?”
ക്രിസ്റ്റി അവളുടെ അരികിലേക്ക് ചെന്നു.

“ഞാൻ പറഞ്ഞിട്ട് ചെയ്തു തന്നതാ.. അമ്മയ്ക്കും മറിയാമ്മച്ചിക്കും നല്ലോണം ഇഷ്ടയി ന്ന് പറഞ്ഞു ”
പാത്തു സന്തോഷത്തോടെയാണ് പറയുന്നത്.

ചിരിയോടെ അവനവളെ കെട്ടിപിടിക്കാൻ ആഞ്ഞു.

“എന്റെ മേക്കപ്പെങ്ങാനും കളഞ്ഞ കൊല്ലും ഞാൻ ”
പാത്തു പിന്നിലേക്ക് മാറി കൊണ്ട് അവന് നേരെ വിരൽ ഉയർത്തി.

“ഒരു മേക്കപ്പിന്റെ വില കൂടിയില്ലെടി എനിക്ക്?”
നടുവിന് കൈ കുത്തി നിന്നിട്ട് ക്രിസ്റ്റി ചോദിച്ചു.

“ഇന്നെനിക്ക് മേക്കപ്പ് മുഖ്യം ബിഗിലെ ”

അതിലൊന്നും വീഴില്ലെന്നത് പോലെ പാത്തു കുറുമ്പോടെ പറഞ്ഞു.

“നിന്നെയെന്റെ കയ്യിൽ കിട്ടുമെടി.. ഞാനെടുത്തോളാം കേട്ടോ ”
ക്രിസ്റ്റി കണ്ണുരുട്ടി കൊണ്ട്.

“ഒരുമണിക്കൂർ കൊണ്ട് ഒരുങ്ങിയതാ ഇച്ഛാ.. ഇനിയും ഒരുങ്ങാൻ സമയമില്ലാഞ്ഞിട്ടല്ലേ. എനിക്കറിയാലോ ഇച്ചേടെ കയ്യിൽ കിട്ടിയാലുള്ള അവസ്ഥ ”
അവൻ പിണങ്ങിയെന്നുള്ള തോന്നലിൽ പാത്തു എണ്ണി പൊറുക്കി പറയുന്നുണ്ട്.

“ആയിക്കോട്ടെ…”
ക്രിസ്റ്റി എന്നിട്ടും വല്ല്യ മൈന്റോന്നും ഇല്ലാത്ത പോലെ പറഞ്ഞു.

“പ്ലീസ് ഇച്ഛാ..”
പാത്തു അവന്റെ അരികിലെത്തി.

ക്രിസ്റ്റി അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു.

“ദേ… ഈ കവിളിങ്ങനെ മേക്കപ്പിട്ട് ചുവപ്പിച്ചതിലും ഭംഗിയായി നിന്നെ മനോഹരിയാക്കാൻ എനിക്കറിയാം. ഞാനൊന്ന് ചേർത്ത് പിടിച്ചാൽ തന്നെയും നീ ബ്ലഷ് അടിച്ചു പോകുമല്ലോ…?”

ക്രിസ്റ്റിയവളുടെ കവിളിൽ തലോടി.

“എന്റെയൊരു ചുംബനം കൊണ്ട് തന്നെ നിന്റെ ചുണ്ടുകൾ ഇതിനേക്കാൾ ഭംഗിയേറുമല്ലോ…?”
അവനവളുടെ ചുണ്ടിലുമൊന്ന് തട്ടി.

പാത്തുവൊന്നും പറയാതെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

“ഡ്രസ്സ്‌ എടുത്തു താ പാത്തോ… ഇല്ലേൽ നീ പറഞ്ഞ പോലെ ഒന്നൂടെ കുളിച്ചു മേക്കപ്പിട്ട് ചുന്ദരിയാവേണ്ടി വരും ”

ക്രിസ്റ്റി കുറുമ്പോടെ അവളുടെ കാതിൽ പറഞ്ഞു.

പാത്തു പിടഞ്ഞു കൊണ്ടവനിൽ നിന്നും അകന്ന് മാറി നിന്നു.

പാത്തുവിന്റെ സാരിയുടെ അതേ കളർ ഷർട്ടും വെള്ളമുണ്ടുമാണ് ക്രിസ്റ്റിയുടെ ഡ്രസ്സ്‌.

പാത്തു ഷെൽഫിൽ നിന്നും അതെടുത്തു.

ബാത്റൂമിൽ പോയെന്നു ഫ്രഷ് ആയി വന്നു കൊണ്ട് ക്രിസ്റ്റി ധൃതിയിൽ അത് ധരിച്ചു.

“ഇച്ഛാ.. പെട്ടന്ന്.. താഴെ നിന്നും വിളിക്കുന്നുണ്ട്”

പാത്തു ധൃതി കൂട്ടി.

ക്രിസ്റ്റി കണ്ണാടിക്ക് മുന്നിൽ നിന്നിട്ട് ഒരുങ്ങുന്ന തിരക്കിലാണ്.

“ഞാൻ പോയാലോ ന്നാ?”
പാത്തു അവനെ നോക്കി.

“നിക്ക്.. നമ്മുക്ക് ഒരുമിച്ച് ഇറങ്ങാം ”
ക്രിസ്റ്റി വാച്ചെടുത്തു കെട്ടി കൊണ്ട് പറഞ്ഞു.

“കൊള്ളാവോ..?”ഒരുങ്ങി കഴിഞ്ഞ് അവൾക്ക് മുന്നിൽ സ്റ്റടിയായി നിന്ന് കൊണ്ടവൻ ചോദിച്ചു.

മീരക്ക് ആഭരണമെടുത്തപ്പോൾ വാങ്ങിയ ബ്രെസ്ലെറ്റും കഴുത്തിലെ മാലയും അവനൊപ്പം തിളങ്ങുന്നുണ്ടായിരുന്നു.

ഷർട്ടിലും മുണ്ടിലും അവനൊരു പ്രതേകഭംഗിയുണ്ടായിരുന്നു.

പാത്തുവിന്റെ കണ്ണിൽ നിന്നും അവനാ അഭിപ്രായം കണ്ട് പിടിച്ചിരുന്നു.

കണ്ണിമ വെട്ടാതെ തന്നെ നോക്കി നിൽക്കുന്നവളെ ചേർത്ത് പിടിച്ചിട്ട് ധൃതിയിൽ കുറേ ഫോട്ടോയുമെടുത്തിട്ടാണ് ക്രിസ്റ്റിയും പാത്തുവും താഴെക്കിറങ്ങിയത്.

❣️❣️

രാജകുമാരന്റെ പ്രൌഡിയോടെ ഒരുങ്ങിയിറങ്ങി വന്ന ഫൈസിയെ വരവേൽക്കാൻ ക്രിസ്റ്റിക്കൊപ്പം നിൽക്കുമ്പോൾ റിഷിൻ വീണ്ടും വീണ്ടും വിറച്ചു പോകുന്നുണ്ട്.

എവിടെയോ പോയൊളിക്കാൻ വെപ്രാളം പൂണ്ടു നടക്കുന്നവനെ മനഃപൂർവം ഓരോ ജോലിക്ക് വേണ്ടി ഏല്പിക്കുമ്പോൾ താനിതൊന്നും അർഹിക്കുന്നതല്ലെന്ന് റിഷിന്റെ മനസ്സ് നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.
എന്നിട്ടും അൽപ്പം പോലും മാറി നിൽക്കാൻ അവരാരും അവനെ ഒറ്റയ്ക്ക് വിട്ടില്ല.

കോളേജിലെ മുഴുവൻ കൂട്ടുകാരും ഫൈസിയുടെ കൂടെയുണ്ടായിരുന്നു.

ക്രിസ്റ്റിയവനെ കെട്ടിപിടിച്ചു കൊണ്ട് സ്വീകരിച്ചു.

നിറഞ്ഞ ചിരിയോടെ രണ്ടു പേരും ചേർന്നു നിൽക്കുന്നത് കാണാൻ തന്നെ നല്ല ചേലായിരുന്നു.

“ഇതെന്താണ്.. കുഞ്ഞളിയന് എന്നേക്കാൾ നാണമാണല്ലോ?”
മുഖം കുനിച്ചു നിൽക്കുന്ന റിഷിനെ ക്രിസ്റ്റിയെ പോലെ തന്നെ കെട്ടിപിടിച്ചു കൊണ്ട് ഫൈസി അവന്റെ ചെവിയിൽ അവന് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറയുമ്പോൾ ആ പരിഗണനയും റിഷിനുള്ളിലെ അസ്വസ്ഥത കൂട്ടുകയാണ് ചെയ്തത്.
ഫൈസിയോട് ചെയ്തതെല്ലാം ഓർത്തവൻ വീണ്ടും വീണ്ടും വേദനിച്ചു..

“അകത്തേക്ക് വാടാ..”

റിഷിനിൽ നിന്നും വിട്ടകന്ന ഫൈസിയുടെ കൈ പിടിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

അവനൊപ്പം സ്റ്റേജിന് നേരെ നടക്കുമ്പോൾ ഫൈസി റിഷിന്റെ കൈകൾ കൂടി പിടിച്ചിട്ടുണ്ടായിരുന്നു…

അത് വരെയും പതിഞ്ഞ ശബ്ദത്തിൽ മുഴങ്ങി കേട്ടിരുന്ന ഇശാലിന്റെ ഈരടികൾക്ക് കനം വെച്ചിരുന്നു അവൻ വന്നിറങ്ങിയ നിമിഷം തൊട്ട്.താളവും മുറുകി.

നിരവധി കണ്ണുകളും മനസ്സുകളും ആശീർവാദത്തോടെ ഫൈസിയെ തഴുകി. അതിനിടയിൽ കൂടി ഭംഗിയായി ചിരിച്ചു കൊണ്ടവൻ തല ഉയർത്തി പിടിച്ചു നടന്നു.

ക്രിസ്റ്റി തന്നെയാണ് ഫൈസിയെ സ്റ്റേജിലേക്ക് പിടിച്ചു കയറ്റിയത്.

അതിധൃതം മിടിക്കുന്ന മനസോടെ.. തിടുക്കത്തോടെ അവന്റെ കണ്ണുകൾ മീരയെ കാണാൻ ദാഹിക്കുന്നുണ്ടായിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ… രാജകുമാരിയെ പോലെ… ദിലുവിനും പാത്തുവിനുമൊപ്പം നേർത്തൊരു ചിരിയോടെ നടന്നു വരുന്ന മീരയെ കാണെ… ഫൈസി ശ്വാസിക്കാൻ തന്നെ മറന്നത് പോലെ നിന്ന് പോയി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button