Novel

നിലാവിന്റെ തോഴൻ: ഭാഗം 62

രചന: ജിഫ്‌ന നിസാർ

“നിനക്കെന്താ ദിലു ഇപ്പോഴൊന്നും പറയാനില്ലേ?”

റിഷിന്റെ ശബ്ദത്തിൽ മൊത്തം പുച്ഛമായിരുന്നു.

അത് നല്ലത് പോലെ മനസ്സിലായിട്ടും അവളൊന്നും മിണ്ടിയില്ല.

കിടക്കയിൽ കൂട്ടിയിട്ട അവളുടെ ഡ്രസ്സ് ഒന്നൊന്നായി മടക്കി വെക്കുകയാണ്.

“നിനക്കൊരു ചേട്ടനൊള്ളുവെന്നും അവനൊപ്പം നിന്റെ പേര് ചേർത്ത് പറയുന്നത് പോലും നിനക്ക് അറപ്പാണെന്നും പറഞ്ഞു കൊണ്ട് നടന്ന നീ ആണോ ഇപ്പൊ അവനൊപ്പം ചേർന്നിട്ട് പപ്പയോടു വഴക്കിനു ചെന്നത്. കഷ്ടം. നിനക്കെന്താ ദിലു പറ്റിയത്? ഇത്രേം അധപതിച്ചു പോകാൻ നിനക്കെങ്ങനെ കഴിഞ്ഞു?”

തിരിഞ്ഞു നിൽക്കുന്ന ദിൽനയുടെ കൈ പിടിച്ചു വലിച്ചിട്ട് തനിക്ക് മുന്നിലേക്ക് നീക്കി നിർത്തി റിഷിൻ കടുപ്പത്തിൽ ചോദിച്ചു.

കയ്യിലുള്ള തുണി കിടക്കയിലെക്കിട്ട് കൊണ്ട് ദിൽന ഒരു നിമിഷം അവനെ നോക്കി നിന്നു.

‘എനിക്കെന്താണ് പറ്റിയതെന്ന് ചേട്ടനറിയില്ലേ? ”

ശാന്തമായിരുന്നു അവളുടെ ചോദ്യം.

കണ്ണുകളും കലഹങ്ങളൊന്നുമില്ലാതെ തെളിഞ്ഞു കിടക്കുന്നു.

ചുണ്ടിൽ ചെറിയൊരു ചിരിയുമുണ്ട്.
“അതിപ്പോ.. അത് നിന്റെ തെറ്റല്ലേ.? അത് തിരുത്താനുള്ള വഴിയല്ലേ പപ്പാ കണ്ടു പിടിച്ചതും. പക്ഷേ നീ ചെയ്തത് ഒട്ടും ശെരിയായില്ല ദിലു. ഞാനും പപ്പയും ഉണ്ടായിട്ടും നീ അവനെ.. ചേ ”
ക്രിസ്റ്റിയോടുള്ള ദേഷ്യം കൊണ്ട് റിഷിന്റെ കൈകൾ ദിലുവിന്റെ കയ്യിൽ മുറുകി.

“എനിക്കൊരു ചേട്ടനെ ഒള്ളു എന്ന് ഞാൻ പറഞ്ഞിരുന്നു. ഇപ്പഴും അത് തന്നെ പറയുന്നു. എനിക്കൊരു ചേട്ടനെ ഒള്ളു.. അത് ക്രിസ്റ്റി ഫിലിപ്പെന്ന എന്റെ ചേട്ടായിയാണ് ”

അവന്റെ കയ്യിൽ നിന്നും സ്വന്തം കൈ വേർപ്പെടുത്തി ഒട്ടും പതറാതെ ദിലു പറയുമ്പോൾ റിഷിൻ അവളെ നോക്കി പല്ല് കടിച്ചു.

“കാരണം… ഒരു സഹോദരൻ എന്ന് പറയുന്നത് വലിയൊരു ഉത്തരവാദിത്തമാണ്. ഓരോ പെങ്ങളുടെയും അഹങ്കാരമാണ്.”

അവന് മുന്നിൽ ആ കണ്ണുകളിൽ നോക്കി ദിൽന അത് പറയുമ്പോൾ റിഷിൻ ആ നോട്ടം നേരിടാൻ വയ്യെന്നത് പോലെ നോട്ടം മാറ്റി.

“എനിക്ക് പറ്റിയ തെറ്റാണ്. സമ്മതിച്ചു. പക്ഷേ… പക്ഷേ ആ തെറ്റ് തിരുത്താൻ നിങ്ങൾ കണ്ട് പിടിച്ച വഴിയുണ്ടല്ലല്ലോ.. അതെനിക്ക് മരണം പോലായിരുന്നു. പറഞ്ഞില്ലേ ഞാൻ.. അതും പറഞ്ഞിട്ട് ആദ്യം ഓടി വന്നത് നിങ്ങളുടെ അടുത്തേക്കല്ലേ? അന്ന് പറഞ്ഞതൊക്കെയും നിങ്ങൾ മറന്നു പോയാലും ഞാനെന്റെ മരണം വരെയും മറക്കില്ല. കാരണം അന്ന് ഞാൻ നിങ്ങളുടെ മുന്നിലേക്ക് ഓടി വന്നതെന്റെ ജീവനും കൊണ്ടായിരുന്നു. എല്ലാം പറഞ്ഞിട്ടും അവനൊപ്പം എനിക്ക് പേടിയാണ്.. ആ ചതിയന്റെ കൂടെ എന്നെ വിടരുത് എന്നെല്ലാം കരഞ്ഞു കാലു പിടിച്ചു പറഞ്ഞിട്ടും നിങ്ങള് കേട്ടോ..? എന്റെ.. എന്റെ മനസ്സിലെ ഭയം അൽപ്പം പോലും നിങ്ങൾക്ക് മനസ്സിലായോ..?”

തനിക്കു മുന്നിൽ നിന്ന് കിതക്കുന്ന പെങ്ങളെ നോക്കി റിഷിൻ നാവിറങ്ങിയ പോലെ നിന്ന് പോയി.

അവനൊന്നും പറയാനുണ്ടായിരുന്നില്ല.

അവളാ പറഞ്ഞതെല്ലാം സത്യമാണ്.

“എന്താണ് സംഭവിച്ചത് എന്ന് പോലും ചോദിക്കാത്ത.. അല്ലെങ്കിൽ എനിക്കെന്തെങ്കിലും പറയാനുണ്ടോ എന്ന് പോലും ചോദിക്കാത്ത പപ്പയോടു പിന്നെ ഞാൻ.. ഞാനൊന്നും പറഞ്ഞിട്ടില്ല. നിങ്ങളോട് പറഞ്ഞതിൽ പിന്നെ വേറെ ആരോടും പറയാൻ..എനിക്കങ്ങനെയൊരു മോഹം ഇല്ലായിരുന്നു. മരണം… അത് മാത്രമായിരുന്നു എനിക്ക് മുന്നിലുള്ള ഏക മാർഗം. അത്രത്തോളം ഞാൻ ഭയന്നിരുന്നു റോയ്സെന്ന ചതിയന്റെ കൂടെയുള്ള ജീവിതം.”

ദിലുവിന്റെ കണ്ണുകൾ നിറഞ്ഞു.

“അവിടെയാണ്.. അവിടെയാണ് നിങ്ങളിപ്പോ പറഞ്ഞ എന്റെ ചേട്ടന്റെ വലിയ മനസ്സ് ഞാൻ കാണുന്നത്. ഞാനെന്ന പെങ്ങളോട് ആ മനസ്സിലുള്ള സ്നേഹം അറിയുന്നതും .”

നേർത്തൊരു ചിരി ഉണ്ടായിരുന്നു അത് പറയുമ്പോൾ അവളുടെ മുഖം നിറയെ.

“ഓർമ വെച്ചത് മുതൽ പപ്പയും നിങ്ങളും ചെയ്യുന്നത് പോലെ.. നിങ്ങളെക്കാൾ ആഴത്തിൽ ഞാൻ.. ഞാൻ വേദനിപ്പിച്ചിട്ടേ ഒള്ളു എന്റെ ചേട്ടായിയെ. എന്നിട്ടും മരണകുരുക്കിൽ നിന്നും എന്നെ കൈ പിടിച്ചിറക്കി.. എനിക്ക്.. എനിക്ക് പറയാനുള്ളത് മുഴുവനും കേട്ടു. സാരമില്ലന്ന് പറഞ്ഞിട്ട് എന്നെ.. എന്നെ ചേർത്ത് പിടിച്ചു. എനിക്ക് പറ്റിയ തെറ്റിനെ പോലും മറച്ചു പിടിക്കാൻ ശ്രമിച്ചു. എനിക്ക്.. എനിക്ക് വേണ്ടി റോയ്‌സിനെ തല്ലി..”

എത്രയൊക്കെ തടഞ്ഞു വെച്ചിട്ടും അത് പറയുമ്പോൾ ദിൽന കരയുന്നുണ്ടായിരുന്നു.

എന്നിട്ടും ചിരിച്ചു കൊണ്ടാവൾ പറയുന്നത്.

“ഒരു സഹോദരൻ എന്താണെന്നും എങ്ങനെ ആയിരിക്കണമെന്നും ഞാൻ അന്നാ അറിഞ്ഞത്.ഒരു സഹോദരനുള്ള കടമകൾ എന്റെ ചേട്ടായി നന്നായ് ചെയ്തു. അത് കൊണ്ട്.. ഞാനിപ്പോഴും പറയും എനിക്കിപ്പോ ഒരു ചേട്ടനെ ഒള്ളു. ഒരിക്കലും അത് നിങ്ങളല്ല.. ഇനി ആവാനും പോണില്ല ”

അവന്റെ നേരെ അവൾ വിരൽ നീട്ടി പറഞ്ഞു.

ഇന്നോളം താൻ കണ്ടവളല്ല ഇപ്പൊ തനിക് മുന്നിൽ നിൽക്കുന്നതെന്ന് റിഷിന് മനസ്സിലായി.അവൾക്കെവിടുന്ന് ഇത്രേം ധൈര്യം കിട്ടിയെന്ന് അവൻ അത്ഭുതപ്പെട്ടു.

“അവനെ നിനക്കറിയില്ല..”

എന്നിട്ടും റിഷിൻ വെറുതെ പറഞ്ഞു നോക്കി.

“എനിക്കിനി അറിയാനൊന്നും ബാക്കിയില്ല.”
അവളും വീറോടെ തന്നെ പറഞ്ഞു.

“എന്തൊക്കെ പറഞ്ഞാലും ഒടുക്കം നിനക്ക് ഞാനും പപ്പയും മാത്രം ഉണ്ടാവുകയുള്ളൂ. അത് മറക്കണ്ട ”

അവൻ പറയുന്നത് കേട്ടിട്ട് ദിൽന പുച്ഛത്തോടെ ചിരിച്ചു.
“അതെനിക്കിപ്പോ നന്നായി അറിയാം.. ആരൊക്കെ എനിക്കൊപ്പം നിൽക്കുമെന്നു പറഞ്ഞു കഴിഞ്ഞെങ്കിൽ.. എനിക്ക് കുറച്ചു ജോലിയുണ്ട് ”

അവനെയൊട്ടും ഗൗനിക്കാതെ ദിൽന വീണ്ടും തിരിഞ്ഞു നിന്നിട്ട് അവൾ ചെയ്തു കൊണ്ടിരുന്ന ജോലിയിലേക്ക് നീങ്ങി.

ഒരു നിമിഷം കൂടി അവളെ നോക്കി നിന്നിട്ട് റിഷിൻ തിരിഞ്ഞു നടന്നു.

അപ്പോഴും ക്രിസ്റ്റീയോടുള്ള ദേഷ്യം അവന്റെ നെഞ്ചിൽ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.

❣️❣️

“അകത്തുണ്ട്.. അങ്ങോട്ട്‌ ചെന്നോളൂ ”

കാറിൽ നിന്നിറങ്ങിയ ഡെയ്സിയെ നോക്കി ഫൈസി പറഞ്ഞു.

ഇത്തിരിയുള്ള ആ മുറ്റത്തു വലിച്ചു കെട്ടിയ പന്തൽ അപ്പോഴും അഴിച്ചിരുന്നില്ല.

ഒഴിഞ്ഞ കസേരകൾ മാത്രം ബാക്കിയായി കിടക്കുന്നു.

വേദനിപ്പിക്കുന്ന ഒരു മൗനം അവിടമിലാകെ പടർന്നു നിൽക്കുന്നുണ്ട്.
ഫൈസിയെ ഒന്ന് കൂടി നോക്കിയിട്ട് ഡെയ്സി പതിയെ അകത്തേക്ക് നടന്നു.

ചിതറി കിടക്കുന്ന കസേരകളെല്ലാം ഫൈസി പൊറുക്കി കൂട്ടി അട്ടിയിട്ടു.
അകത്തേക്ക് ചെല്ലണമെന്നും വേദനിപ്പിക്കുമെങ്കിലും പ്രിയപ്പെട്ടവളെയൊന്നു കാണണമെന്നുമുണ്ടായിരുന്നു അവന്റെ ഉള്ളം നിറയെ.

വല്ലതും കഴിച്ചു കാണുമോ?

ഉണ്ടാവും..

ക്രിസ്റ്റി പറയുന്നതൊന്നും അവളിന്നോളം തട്ടി കളന്നിട്ടില്ല.

ഓരോന്നു ചെയ്യുമ്പോഴും അവന്റെ മനസ്സിൽ നിറയെ അവളായിരുന്നു..

“ഉറങ്ങിയോ…?”

ഡെയ്സി ചോദ്യത്തോടെയാണ് മുറിയിലേക്ക് ചെന്നത്.

“ആഹ്..”

പെട്ടന്ന് ഒരു കൈ കൊണ്ട് മുഖം ഒന്നമർത്തി തുടച്ചിട്ട് ക്രിസ്റ്റി മറുപടി പറഞ്ഞു.
അവൻ കരയുകയായിരുന്നുവെന്ന് കലങ്ങിയ ആ കണ്ണുകൾ കാണെ ഡെയ്സിക്ക് മനസ്സിലായി.

അവന്റെ ഒരു കൈയ്യിൽ മീരാ ഉറക്കത്തിലും മുറുകെ പിടിച്ചിട്ടുണ്ട്.

ഡെയ്സി കൈ നീട്ടി മീരയുടെ നെറുകയിലൊന്നു തലോടി.

“എന്തെങ്കിലും കഴിച്ചോ അവള്?”
ഡെയ്സി ക്രിസ്റ്റിയെ നോക്കി.

“മ്മ് ”

അവരെ നോക്കാതെ അവനൊന്നു മൂളി.

സത്യത്തിൽ ഡെയ്സിയുടെ കൂടെ അവിടെയിരിക്കുമ്പോൾ അവനേറെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു.

ഒരുപാട് ചോദ്യം നെഞ്ചിൽ തികട്ടി വരുന്നുണ്ട്.
പക്ഷേ അതൊന്നും ചോദിക്കാൻ പറ്റിയ ഒരു അവസ്ഥയിലുമല്ല.

“ഇവിടെ ഞാനിരിക്കം. മോൻ പോയെന്നു കിടക്ക് ഇച്ചിരി നേരം. ഒട്ടും വയ്യ നിനക്ക്”

അലിവോടെ ഡെയ്സി പറയുന്നത് കേട്ടതും ക്രിസ്റ്റി അവരെയൊന്നു സൂക്ഷിച്ചു നോക്കി.

ആ കണ്ണുകളിൽ വല്ലാത്തൊരു വേദന പിടയുന്നു.

“ചെല്ലടാ. അമ്മ ഉണ്ടാവും ഇവിടെ.”

കൈ നീട്ടി അവന്റെ കയ്യിലൊന്നു തൊട്ടിട്ടു ഡെയ്സി വീണ്ടും പറഞ്ഞു.

ഒന്ന് തലയാട്ടി കൊണ്ടവൻ മീരയെ നോക്കി.
ഉറക്കിലായിരുന്നിട്ട് കൂടി അവളുടെ പിടുത്തം.. വിടുവിക്കാൻ അവനല്പം ബുദ്ധിമുട്ടി.

അത്രത്തോളം മുറുക്കമുണ്ടായിരുന്നു അതിന്.

അനക്കങ്ങ lളെല്ലാം നിലച്ച ആ വീടിനുള്ളിൽ മുഴുവനും വെളിച്ചമണഞ്ഞത് പോലെ..

ഷീല മാത്രം അപ്പുറത്തെ മുറിയിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ട്.

മറ്റുള്ളവരെല്ലാം തിരിച്ചു പോയിരുന്നു.
ക്രിസ്റ്റി ആ ചെറിയ അടുക്കളയിലേക്കിറങ്ങി നോക്കി.

അനാഥയെ പോലെ…

ശാരിയാന്റിയുടെ വലിയൊരു വിടവുണ്ടവിടെ..

ഈ ലോകത്തിനി ആരെ കൊണ്ടും നികത്താൻ കഴിയാത്ത വിധം വളരെ വലിയൊരു വിടവ്.

“ഈ ഇത്തിരി സ്ഥലം… ഇവിടെന്തു വിശേഷപ്പെട്ടതുണ്ടാക്കിയാലും സ്നേഹത്തോടെ തനിക്കൊരു ക്ഷണം ഉറപ്പാണ്.

“ബുദ്ധിമുട്ടില്ലങ്കിൽ വരണേ മോനെയെന്ന് താഴ്മയോടെ എത്ര വട്ടം പറഞ്ഞിരിക്കുന്നു.

തന്റെ ഔദാര്യമാണാ ജീവിതമെന്ന് ഓരോ ദിവസവും മന്ത്രം പോലെ പറയും.

ഓർമകൾ വീണ്ടും ക്രിസ്റ്റിയെ ഞെരിയിക്കാൻ തുടങ്ങി.

തല നന്നായി വേദനിക്കുന്നുണ്ട്.

മനസിനും യാതൊരു സുഖവുമില്ല.

ഗ്യാസ് അടുപ്പിലുണ്ടായിരുന്ന ഒരു പാത്രം തുറന്നു നോക്കിയപ്പോൾ അത് ചായയായിരുന്നു.

ചെറിയൊരു ചൂടുണ്ട്.
ഗ്യാസ് ഓൻ ചെയ്തിട്ട് അവനത് ഒന്നുകൂടി ചൂടാക്കി രണ്ടു ഗ്ലാസ്സിലേക്ക് പകർന്നു.

അതുമായി ഉമ്മറത്തേക്ക് നടന്നു.

“ഇല്ല.. രാവിലെ വരാം ”
അതും പറഞ്ഞിട്ട് ഫോൺ ഓഫ് ചെയ്തു പോക്കറ്റിൽ ഇട്ട് കൊണ്ട് ഉമ്മറത്തെ വലിയ സിമന്റ് തിണ്ണയിൽ ഫൈസി ഇരിപ്പുണ്ടായിരുന്നു.
“വീട്ടിൽ നിന്നാണോ?”

ഒരു ഗ്ലാസ്‌ ചായ അവന് മുന്നേലേക്ക് വച്ചു കൊടുത്തു കൊണ്ട് ക്രിസ്റ്റി ചോദിച്ചു.

“മ്മ് ”
തിരിഞ്ഞു പോലും നോക്കാതെ അവനൊന്നു മൂളി.

‘നിനക്ക് പോണാമെങ്കിൽ പോയിട്ട് വാ. നാളെ രാവിലെയിങ് എത്തിയ മതിയല്ലോ ”
അവനരികിലേക്കിരുന്നു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“വരില്ലെന്ന് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് ”

വല്ലാതെ മുറുക്കമുള്ള ഫൈസിയുടെ സ്വരം.

“ചായ കുടിക്ക്..”

ക്രിസ്റ്റി പറഞ്ഞിട്ടും ഫൈസി അത് പോലെ തന്നെയിരുന്നു.

“മീരാ… അവള് വല്ലതും കഴിച്ചോ?”

വളരെ നേർത്തു പോയിരുന്നു ഫൈസിയുടെ സ്വരം.

“മ്മ്.. കഞ്ഞി കുടിച്ചു. ഇപ്പൊ ഉറക്കമാണ്. അമ്മയുണ്ട് അരികിൽ..”
കയ്യിലെ ചായ കുടിക്കുന്നതിനിടെ ക്രിസ്റ്റി പറഞ്ഞു.

ഫൈസി അപ്പോഴും ഏതോ ചിന്തയോടെ അതേയിരുപ്പ് തന്നെയായിരുന്നു.

❣️❣️

“ആർക്കും ഒരു സംശയവും തോന്നരുത് ”

വണ്ടിയിൽ നിന്നിറങ്ങും മുൻപ് തന്നെ ഷാഹിദ് കൂടെയുള്ളവരോട് പറഞ്ഞു.

“അറിയാം ബോസ്..”

അവരെല്ലാം ഒറ്റകെട്ടായി പറഞ്ഞു.

“ഗുഡ്…”
അവന്റെ ചുണ്ടിലൊരു ഭംഗിയുള്ള ചിരി വിരിഞ്ഞു.

“അനിയന്റെ പ്രണയം അറിഞ്ഞിട്ട്.. അതീ കോളനിക്കാരി പെൺകുട്ടിയോടാണെന്ന് അറിഞ്ഞിട്ട്.. വെള്ളമടിച്ചു പൂസായി ഇവിടുത്തെ ആൾക്കാരെ മൊത്തം തെറി വിളിക്കുന്ന ക്രിസ്റ്റി ഫിലിപ്പായി നീ തകർക്കണം. ഇവിടുത്തെ പെണ്ണിനോടുള്ളത് വെറും ടൈം പാസ് മാത്രമാണെന്ന് ചേട്ടന്റെ ഒറ്റയടിക്ക് സമ്മതിച്ചു കൊടുക്കുകയും ഇനി അവളെ വേണ്ടന്ന് പറയുന്ന അനിയൻ റിഷിൻ ചെറിയാൻ… നിന്നോട് കൂടിയാണ് ഞാൻ പറയുന്നത്…”
വണ്ടിയുടെ പിന്നിൽ ഇരിക്കുന്നവരോട് തിരിഞ്ഞു നോക്കി കൊണ്ട് ഷാഹിദ് പറഞ്ഞു.

കൂളിംഗ് ഗ്ലാസ് ഊരി മാറ്റി അവനൊന്നു കൂടി പുറത്തേക്ക് നോക്കി.

നേരം വെളുത്തു വരുന്നതേയുള്ളു.

ഗൗരിയുടെ വീടിരിക്കുന്ന കോളനിയുടെ അരികിലാണ് അവനും അവന്റെ ഗ്യാങ്ങും.

“നീ റിഷിൻ ചെറിയാൻ . ഇത് നിന്റെ ചേട്ടൻ ക്രിസ്റ്റി ഫിലിപ്പ്.മാറി പോകരുത് ”
തൊട്ടരികിൽ ഇരിക്കുന്നവനോട് ഷാഹിദ് പറയുമ്പോൾ ചിരിയോടെ അവർ രണ്ടാളും പരസ്പരം നോക്കി.

“പരമാവധി രംഗം വശളാക്കിയിട്ട് വേണം തിരികെ വരാൻ. ഈ കോളനിയിൽ ഇനിയാരും കുന്നേൽ വീട്ടിൽ ക്രിസ്റ്റിഫിലിപ്പിനെയും അവന്റെ അനിയൻ റിഷിൻ ചെറിയാനെയും മറക്കാൻ പാടില്ലാത്ത വിധം… എന്തുണ്ടായാലും ഞാൻ നോക്കി കൊള്ളാം. ഇന്നത്തോടെ.. അവന്റെ പ്രണയം പൂത്തിരിയാവണം.കുന്നേൽ തറവാട്ടിൽ ഇവിടെയുള്ളവർ കേറി മേയണം. ”

ഉന്മാദത്തോടെ ഷാഹിദ് വീണ്ടും ചിരിച്ചു.

“അറക്കൽ തറവാട്ടിൽ കയറി കളിക്കാൻ ഉശിരുള്ള ആൺകുട്ടിക്ക് തിരിച്ചു കൊടുക്കുമ്പോൾ അതല്പം പവറോട് കൂടി തന്നെ വേണം.ഇല്ലെങ്കിലത് എനിക്കല്ലേ മോശം.കടന്നാൽ കൂടിളകിയ പോലെ കോളനിക്കാർ കുന്നേൽ തറവാട്ടിൽ കയറി നിരങ്ങണം . ചെയ്യാത്ത തെറ്റിന് ചേട്ടനും അനിയനും തമ്മിൽ തല്ലുന്നത് കാണാൻ ഏറ്റവും മുന്നിൽ ഞാനുണ്ടാകും..”

വന്യമായൊരു തിളക്കമുണ്ടായിരുന്നു ഷാഹിദ് അത് പറയുമ്പോൾ.

“അവൻ അറിയണം.. ഷാഹിദ് വാക്ക് പറഞ്ഞു വെച്ച പെണ്ണിനെ കേറി പ്രേമിച്ചാലുള്ള പ്രത്യാഘാതം.. ജീവിതത്തിൽ ഇനിയൊരിക്കലും ഇമ്മാതിരി വേലക്കിറങ്ങാൻ അവന് തോന്നാത്ത വിധം.. ഇതെന്റെ ഫസ്റ്റ് ഗിഫ്റ്റ്. കുന്നേൽ ക്രിസ്റ്റി ഫിലിപ്പിന്…ഇറങ്ങിക്കോ..”

കൂടെ ഉള്ളവരോട് വീണ്ടും പറഞ്ഞിട്ട് ഷാഹിദ് സ്റ്റിയറിങ്ങിൽ താളമിട്ടു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button