Novel

നിലാവിന്റെ തോഴൻ: ഭാഗം 63

രചന: ജിഫ്‌ന നിസാർ

“ഇച്ഛാ…”

പാതി ഉറക്കത്തിലാണ് ക്രിസ്റ്റി ഫോൺ എടുത്തത്.

എന്നിട്ടും പാത്തുവിന്റെ ശബ്ദം കേട്ടതോടെ അവൻ കണ്ണുകൾ വലിച്ചു തുറന്നു.

ചെവിയിൽ നിന്നും ഫോൺ എടുത്തിട്ട് സമയം എത്രയായെന്ന് നോക്കി.
നാല് മണി കഴിഞ്ഞിട്ടേ ഒള്ളു.

തൊട്ടരികിലേക്ക് അവനൊന്നു വെറുതെ തിരിഞ്ഞു നോക്കി.

ഫൈസി അപ്പോഴും ചുവരിൽ ചാരി ദൂരേക്ക് നോക്കിയിരിക്കുന്നത് കണ്ടതും അവൻ അമ്പരപ്പോടെ എഴുന്നേറ്റു.

ഇച്ഛാ.. കാതിൽ വീണ്ടും പാത്തുവിന്റെ അക്ഷമയോടെയുള്ള വിളി.
“ഒരു മിനിറ്റ്.. പാത്തോ..”

ക്രിസ്റ്റി പതിയെ പറഞ്ഞു.

“ഡാ…”

ഫൈസിയുടെ കയ്യിലൊന്ന് തൊട്ട് വിളിച്ചപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് തിരികെ എത്തിയത്.

“നീ… കിടന്നില്ലേ ഡാ ”

രാത്രിയിൽ അവനിരുന്നത് പോലെ തന്നെയുള്ള ആ ഇരിപ്പ് കണ്ടതും ക്രിസ്റ്റി നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.

“എനിക്ക്.. എനിക്കുറക്കം വന്നില്ലെടാ..”

ചെറിയൊരു മന്ദഹാസത്തോടെ ഫൈസി പറഞ്ഞു.

“എന്താടാ…വയ്യേ.. നിന്നോട് ഞാൻ പറഞ്ഞതല്ലേ വീട്ടിൽ പോവാൻ..”

ക്രിസ്റ്റി അവന്റെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

‘ഒന്നുല്ലടാ.. എനിക്കുറക്കം വരാഞ്ഞിട്ടാ.. ”
അതും പറഞ്ഞിട്ട് ഫൈസി ഇരിക്കുന്നിടത്തു നിന്നും കൈ കുത്തി എഴുന്നേറ്റു..

മുറ്റത്തപ്പോഴുമൊരു ബൾബ് കത്തി കിടപ്പുണ്ട്.

ഫൈസി അങ്ങോട്ടിറങ്ങി പോകുന്നതും നോക്കിയാണ് ക്രിസ്റ്റി വീണ്ടും ഫോൺ കാതിൽ ചേർത്തത്.

“പാത്തോ..”

ചുവരിലേക്ക് ചാരി ഇരുന്നു കൊണ്ട് ക്രിസ്റ്റി വിളിച്ചു.

“ആഹ്.. ഇച്ഛാ.. ഇങ്ങളെവിടാ..?”

അത് വരെയും കാത്ത് നിന്നതിന്റെ ഒരു ക്ഷമയില്ലായ്മയുണ്ടായിരുന്നു അവളുടെ വാക്കുകൾക്ക്.

“ഞാൻ.. നാട്ടിൽ ഇല്ലടാ.. ഇപ്പൊഴുള്ളത് ഇത്തിരി ദൂരെയാണ് ”

അത് അറിഞ്ഞത് പോലെ ചെറിയൊരു ചിരിയോടെയാണ് ക്രിസ്റ്റി ഉത്തരം പറഞത്.

“ദൂരെ ന്ന് പറയുമ്പോ. രാജ്യം വിട്ടോ..ഇച്ഛാ ?”

പാത്തുവിന്റെ കുറുമ്പുള്ള സ്വരം.
അത് ആസ്വദിക്കാൻ പറ്റിയൊരു മൂഡിൽ ആയിരുന്നില്ല അവനെന്നത് അവളറിഞ്ഞതുമില്ല .

“എന്താ ഒന്നും മിണ്ടാത്തെ ..?”

അവൾ വീണ്ടും ചോദിച്ചു.

ക്രിസ്റ്റി ഒന്ന് ശ്വാസമെടുത്തു.

“എനിക്.. എനിക്ക് നിന്നോട് സംസാരിക്കാനുണ്ട് പാത്തോ. ”

ശാന്തമായി അവൻ പറഞ്ഞു.

“എങ്കിലത് പറ ഇച്ഛാ ”
അവളും ആകാംഷയിലാണ്.

“അതിങ്ങനെ.. ഫോണിൽ കൂടി പറയേണ്ട കാര്യമല്ലെന്റെ പാത്തോ ”
ആ മനസ്സറിഞ്ഞത് കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“പിന്നെപ്പഴാ നമ്മളിനി കാണുന്നത്?”

ആ ചോദ്യത്തിന് പെട്ടന്നൊരു ഉത്തരം കൊടുക്കാൻ അവനായില്ല.
പാതിരാത്രി വരെയും ഇന്നലെ മനസ്സിനെ പിടിച്ചുലച്ച ഒരു ചോദ്യം അതായിരുന്നു.

മീരയെ ഇനി ആരെ ഏല്പിക്കും എന്നുള്ളത്.

തനിക്കിവിടെ നിൽക്കാനാവില്ല.

അവൾക്കും തനിച്ചു പറ്റില്ലയിവിടെ .

വർക്കിയുള്ളയിടത്തേക്ക് അവളെ ഒപ്പം കൂട്ടാനും കഴിയില്ല.

എത്രയൊക്കെ ഓർത്തിട്ടും അറ്റമില്ലാത്ത ആ ചോദ്യത്തിനവസാനം എപ്പഴോ ഉറങ്ങി പോവുകയായിരുന്നു.

“ഇച്ഛാ…”
ഇപ്രാവശ്യം അൽപ്പം ദേഷ്യം കലർത്തിയിട്ടുണ്ട് പ വിളിയിൽ.

“സ്വസ്ഥമായൊന്ന് സംസാരിക്കാനാണ് ഞാൻ ഉറക്കോം കളഞ്ഞിട്ട് ഈ നേരത്ത് വിളിച്ചത്. എന്നിട്ടിപ്പോ.. മിണ്ടാനും വയ്യേ..”

പരിഭവം പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

“ഇന്ന് വൈകുന്നേരം എങ്ങനെയെങ്കിലും നിനക്ക്.. നിനക്കൊന്ന് പുറത്തിറങ്ങാൻ പറ്റുവോ..?”
ക്രിസ്റ്റി പെട്ടന്ന് ചോദിച്ചു.

അവളെ കാണേണ്ടത് അത്യാവശ്യമാണ്.

അവളൊടെല്ലാം പറയണം.

“എന്തിനാ?”

“പറ.. ഇറങ്ങി വരാൻ പറ്റുവോ?”
അവൻ ചോദ്യം വീണ്ടും ആവർത്തിച്ചു.

“ഞാൻ ശ്രമിക്കാം..”അവനെയൊന്ന് കാണാൻ കുന്നോളം ആഗ്രഹം ഉള്ളിലുണ്ടായിട്ടും
അവൾക്കുറപ്പു പറയാൻ ആവില്ലായിരുന്നു.

“റിസ്ക് എടുക്കരുത്. നിനക്കിറങ്ങി വരാൻ പറ്റിയ സിറ്റുവേഷനാണെങ്കിൽ നമ്മളിന്നാള് കണ്ട ആ തോട്ടിൻ കരയിലേക്ക് വാ. ഞാൻ അവിടെ നിൽക്കാം ”

ക്രിസ്റ്റി പറഞ്ഞു.

“എനിക്ക്… എനിക്ക് കാണാൻ ആഗ്രഹണ്ട് ”
പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.

“പക്ഷേ അത് കൊണ്ട് മാത്രം റിസ്ക് എടുക്കരുത്.കേട്ടോ ”

അതേ ആഗ്രഹം എനിക്കുമുണ്ടെന്ന് പറയുന്നതിന് പകരം ക്രിസ്റ്റി അതങ്ങനെയാണ് പറഞ്ഞത്.

സംസാരിക്കാൻ പറ്റിയൊരു മാനസികാവസ്ഥയിൽ അല്ലാ അവനെന്നറിഞ്ഞതും പാത്തു പിന്നെ അധികം പറഞ്ഞു നിൽക്കാതെ ഫോൺ കട്ട് ചെയ്തു പോയി.

ഫോൺ തിരികെ തിണ്ണയിലേക്ക് തന്നെ വെച്ചിട്ട് ക്രിസ്റ്റി തല ചെരിച്ചു നോക്കി.

ഏതൊക്കെയോ പക്ഷികളുടെ ചിലമ്പൽ കേട്ട് തുടങ്ങിയിരിക്കുന്നു… മറ്റൊരു പകലിന്റെ വരവറിയിച്ചു കൊണ്ട്..

ഒരു കസേരയിൽ രണ്ടു കൈകൾ കൊണ്ടും തല താങ്ങി മുഖം കുനിച്ചു കൊണ്ട് ഫൈസി അതൊന്നും തന്നെ അറിയാതെ ഇരിപ്പുണ്ടായിരുന്നു…അപ്പോഴും.

❣️❣️❣️

കോളനിയിലേക്കിറങ്ങുന്ന ഗേറ്റിനരികിൽ ചെന്നിട്ട് ഷാഹിദ് വിട്ടവരെല്ലാം അകത്തേക്ക് നോക്കി.

വെളിച്ചം പടർന്നു തുടങ്ങിയിട്ടില്ല. എന്നിട്ടും അവിമിലാകെ കലപില ശബ്ദം കേൾക്കുന്നുണ്ട്.

ഗേറ്റിനകത്തെക്കും ഡാറിട്ട ചെറിയൊരു പോക്കറ്റ് റോഡുണ്ട്. അതിനിരുവശവും കുഞ്ഞു കുഞ്ഞു വീടുകൾ അടുക്കി വെച്ചത് പോലെ..

റോഡ് സൈഡിൽ തന്നെയുള്ള വലിയൊരു കിണറിന്റെ ചുറ്റും തന്നെയുണ്ട് അവിടെയുള്ള മിക്കവാറും ആളുകൾ.

കുളിയും പല്ല് തേപ്പും..സ്ത്രീകൾ ചിലർ പല നിറങ്ങളിലുള്ള പ്ലാസ്റ്റിക്ക് കുടങ്ങളിൽ വെള്ളം തലയിലും ഊരയിലും ഏറ്റി കൊണ്ട് പോകുന്നു. അതിനിടയിൽ കൂടി കുട്ടികൾ ഓടി കളിക്കുന്നുണ്ട്…അങ്ങനെ അങ്ങനെ അവരെല്ലാം തിരക്കിലാണ്.

വണ്ടിയിലിരിക്കുന്ന ഷാഹിദ് അവരുടെ നോട്ടം കണ്ടതും ഒന്ന് കൈ വിരൽ ഉയർത്തി കാണിച്ചു.

അത് കൂടി കണ്ടത്തോടെ അവരെല്ലാം അകത്തേക്ക് കയറി തുടങ്ങി.

“C Mകോളേജിൽ പഠിക്കുന്ന ഗൗരിയുടെ വീടെതാ..”

ക്രിസ്റ്റിയായി രംഗപ്രവേശനം ചെയ്യേണ്ട ആന്റണി ഒരു കള്ള് കുടിയന്റെ ചേഷ്ടകളോടെ ആ കിണറിനരികിൽ പോയി നിന്നിട്ട്.. അവരെല്ലാം ശ്രദ്ധിക്കണം എന്നുള്ളത് കൊണ്ട് തന്നെ അത്യാവശ്യം ഉറക്കെ ചോദിക്കുമ്പോൾ പെട്ടന്നാ ശബ്ദമെല്ലാം നിലച്ചു.

അവിടെയാകെ ഒരു നിശബ്ദത പടർന്നു.

“നിങ്ങളാര?”

പ്രായം ചെന്ന ഒരാളാണ് ആദ്യം ആ മൗനം ഭേധിച്ചു കൊണ്ട് അവരുടെ അരികിലേക്ക് ചെന്നത്.

“അതൊക്കെ പറഞ്ഞു തരാം. പറഞ്ഞു തന്നിട്ടേ ഈ ക്രിസ്റ്റി ഫിലിപ്പ് ഇവിടെ നിന്നും പോകൂ ”

സ്വന്തം നെഞ്ചിൽ ഊക്കിലിടിച്ചു കൊണ്ട് ആന്റണി സ്വന്തം റോൾ തുടങ്ങി കഴിഞ്ഞിരുന്നു.

“ആദ്യം നിങ്ങളാ തേവിടിച്ചിയുടെ വീട് പറഞ്ഞു താ. വല്ല്യ വീട്ടിലെ ചെക്കന്മാരെ വല വീശി പിടിക്കാനാണോ നിങ്ങളൊക്കെ മക്കളെ കോളേജിൽ വീടുന്നതെന്ന് എനിക്കിന്നറിയണം ”

ആന്റണി ചുറ്റും കൂടിയവരെയെല്ലാം പുച്ഛത്തോടെ നോക്കിയിട്ടാണ് അത് പറഞ്ഞത്.

അത് വരെയും ശാന്തമായിരുന്ന അവരുടെ മുഖമെല്ലാം പെട്ടന്ന് മാറി.

“സൂക്ഷിച്ചു സംസാരിക്കണം ”

ആദ്യം അടുത്തേക്ക് ചെന്നയാൾ തന്നെ ആന്റണിയെ നോക്കി കടുപ്പത്തിൽ പറഞ്ഞു.

ആന്റണിയുടെ പറച്ചിൽ അവർക്ക് ദഹിച്ചില്ലെന്ന് അയാളുടെ മുഖം കണ്ടാൽ തന്നെ അറിയാം.

“ഞാൻ പറയുന്നതാണോ കുറ്റം..?വിളിക്കവളെ.എന്നിട്ട് ചോദിക്ക്..എന്റെ അനിയൻ റിഷിൻ ചെറിയാനെ അവളറിയുമോ എന്ന്…”

ആന്റണി അയാളുടെ നെഞ്ചിൽ പിടിച്ചു തള്ളി കൊണ്ട് പറഞ്ഞു.

“കുന്നേൽ തറവാട്ടിൽ കയറി കൂടാൻ ആ പെണ്ണ് കണ്ടു പിടിച്ച മാർഗമാണ് ഈ ക്രിസ്റ്റിയുടെ അനിയൻ റിഷിൻ.അവളിങ്ങോട്ട് വന്നിട്ട് പ്രേമം പറഞ്ഞത് അവൻ തട്ടി മാറ്റിയപ്പോൾ.. അവളെ പ്രേമിച്ചില്ലെങ്കിൽ കേളേജിൽ മൊത്തം അവനെ നാറ്റിക്കും എന്നാ ആ പുന്നാര മോളുടെ ഭീക്ഷണി ”

യാതൊരു ആവിശ്യമില്ലാഞ്ഞിട്ടും ആന്റണി അനാവശ്യമായി ഉറക്കെ അലറി വിളിച്ചു കൊണ്ടാണ് പറയുന്നതൊക്കെയും.

“ഞങ്ങടെ കുട്ടി അങ്ങനൊന്നും ചെയ്യൂല.നിങ്ങൾക് ആള് മാറിയോ?”
ആ കൂട്ടത്തിൽ തന്നെയുള്ള ഏതോ ഒരാൾ മുന്നോട്ടു വന്നിട്ട് ചോദിക്കുമ്പോൾ ആന്റണി അയാളെ തുറിച്ചു നോക്കി.

“C. M കോളേജിൽ BA സെക്കന്റ് ഇയർ പഠിക്കുന്ന ഗൗരി നിങ്ങടെ കുട്ടി തന്നെ അല്ലേ?”

പരിഹാസത്തോടെ ആന്റണി അയാളെ നോക്കി.

കൂടി നിൽക്കുന്ന ജനക്കൂട്ടം പരസ്പരം നോക്കുന്നത് കണ്ടതും ആന്റണി.. കൂടെ ഉള്ളവരെ നോക്കി കണ്ണ് ചിമ്മി.
“അല്ലേ…?”
ഉത്തരം കിട്ടാഞ്ഞതും അയാൾ ഒന്നുകൂടി ചോദിച്ചു.

“അതേ..”
അയാൾക് മുന്നിൽ നിന്നയാൾ ഉത്തരം കൊടുത്തു.

“ദേ..ഇതാണ് എന്റെ അനിയൻ റിഷിൻ.കുന്നേൽ റിഷിൻ ചെറിയാൻ.ചോദിച്ചു നോക്ക് അവനോട് ഞാൻ പറഞ്ഞത് സത്യമാണോ എന്നത്”
ആന്റണി വെല്ലുവിളി പോലെ പറഞ്ഞു.

“ഗൗരി അങ്ങനൊന്നും ചെയ്യൂല ”

എന്നിട്ടും അവരുടെ ഉത്തരം അതായിരുന്നു.

“അങ്ങോട്ട്‌ പറഞ്ഞു കൊടുക്കെടാ..”
തൊട്ട് പിറകിൽ നിൽക്കുന്നവനെ വലിച്ചിട്ട് ആന്റണി മുന്നിലേക്ക് നിർത്തി.

അവനാണ് അവിടെ റിഷിൻ.

“ഇവരീ പറയുന്ന ഗൗരി തന്നെയല്ലേ നീ എന്നോട് പറഞ്ഞ ആളും?”
ആന്റണി അവനെ നോക്കി ഉറക്കെ ചോദിച്ചു.

“വാ തുറന്നു പറയെടാ. നിന്റെ ചേട്ടൻ ക്രിസ്റ്റി ഫിലിപ്പാണ് ചോദിക്കുന്നത്. ഇവിടാരും നിന്നെ ഒന്നും ചെയ്യില്ല. നീ കുന്നേൽ തറവാട്ടിലെ റിഷിൻ ചെറിയാനാണ്. അതിന്റെ ധൈര്യം കാണിക്കെടാ ”

മുൻകൂട്ടി പറഞ്ഞുറപ്പിച്ചത് പോലെ ആന്റണി അവനെ മുഖം നോക്കി അടിച്ചു കഴിഞ്ഞിരുന്നു.

ക്രിസ്റ്റി ഫിലിപ്പെന്ന പേരും കുന്നേൽ ബംഗ്ലാവ് എന്നും അൽപ്പം കനം കൂട്ടി പറയാൻ ആന്റണി മറന്നില്ല.

“അതേ.. ഇവർ പറയുന്ന ഗൗരി തന്നെയാണ്. ഞാൻ.. ഞാനൊരു ടൈം പാസ് ആയിട്ടാണ് അവളുടെ ഇഷ്ടം സ്വീകരിച്ചത്. ഞാൻ.. ഞാൻ ആവിശ്യപ്പെടാതെ തന്നെ അവളെന്തിനും ഒരുക്കമായിരുന്നു. എല്ലാ അർഥത്തിലും ഞങ്ങൾ.. എൻജോയ് ചെയ്തു. പക്ഷേ.. ഇപ്പൊ.. ഇപ്പൊ അവളെന്നെ ബ്ലാക്മെയിൽ ചെയ്യുവാ ക്രിസ്റ്റി ഏട്ടാ. എനിക്കവളെ ഇനി വേണ്ടന്ന് ഞാൻ പറഞ്ഞിട്ടും അവളെന്നെ വിടുന്നില്ല ”

ആന്റണിക്ക് മുന്നിൽ നിന്നിട്ടവൻ അവന്റെ റോളും ഭംഗിയായി അവതരിപ്പിച്ചു തീർക്കുമ്പോൾ ആ കൂടി നിൽക്കുന്നവർക്കൊന്നും പിന്നെ പറയാനില്ലായിരുന്നു.

“ഗൗരിയെ വിളിക്ക്.. അവളോടൊന്ന് ചോദിക്കണമല്ലോ. കാശിനു കുറവുണ്ടെന്ന് കരുതി ഇവിടാരും ഇന്നോളം ഇത്രേം തരം താണ പ്രവർത്തികൾ ചെയ്തിട്ടില്ല. ഇതിങ്ങനെ വിടാൻ പാടില്ല ”

കൂട്ടത്തിൽ നിന്നാരോ വിളിച്ചു പറയുമ്പോൾ ആ ജനക്കൂട്ടം അത് ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
ആന്റണി കൂടെ വന്നവരെ ഗൂഡമായ ചിരിയോടെ നോക്കി.

“നിന്നോട് ഞാൻ ആദ്യം തന്നെ പറഞ്ഞതല്ലെടാ. കുടുംബത്തിന്റെ മാനം കളയാൻ..”
പല്ല് കടിച്ചു കൊണ്ട് ആന്റണി… റിഷിനായി തകർത്താടിയവനെ അടിച്ചു തുടങ്ങി.

അതിനിടയിൽ ആരോ ഗൗരിയെ വിളിക്കാൻ ഓടിയിരുന്നു.

അവളെത്തും മുന്നേ അവനെ അവിടുന്ന് മാറ്റേണ്ടത് അത്യാവശ്യമാണല്ലോ.

വന്നു നിൽക്കുന്നവരിൽ റിഷിൻ ചെറിയാൻ ഇല്ലെന്ന് അവൾക്ക് നന്നായി അറിയാം.

ക്രിസ്റ്റിയെ പിന്നെ അവൾക്കത്ര പരിചയം കാണില്ല.

പ്ലാൻ പോലെ.. ആന്റണി തല്ലി ബോധം പോയവനെ കൂട്ടാളികളിൽ ചിലർ ആന്റണിയെ പിടിച്ചു മാറ്റി.. ബാക്കിയുള്ളവർ അടിയേറ്റ് കിടക്കുന്നവനെയും താങ്ങി എടുത്തു വണ്ടിയിലേക്ക് മടങ്ങി പോയിരുന്നു.

ആന്റണി വീണ്ടും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.

കോളനിക്കാർ ആരും പിന്നെ അയാളോടൊന്നും മിണ്ടുന്നില്ല.
ഇനി ഗൗരി വന്നിട്ടാവാം ബാക്കി എന്നവർ കരുതിയതാവാം.

വിളിക്കാൻ പോയവന് മുന്നിലായ് ഓടി പിടഞ്ഞു വരുന്ന ഗൗരിയെ ആന്റണി പുച്ഛത്തോടെ നോക്കി.

ഇട്ടിരുന്ന ചുരിദാർ ആകെ നനഞ്ഞിട്ടുണ്ടായിരുന്നു.

അവളെതോ ജോലിയിലായിരുന്നിരിക്കാം.
ആന്റണി അവൾക്ക് നേരെ ചെന്ന് നിന്നു.

“നീയാണോ ഗൗരി..?”

കടുപ്പത്തിൽ ചോദിക്കുമ്പോൾ ചുറ്റും കൂടിയവരുടെ കണ്ണുകൾ കൂടി തനിക്കു നേരെയാണെന്ന് ഗൗരി പകപ്പോടെ മനസിലാക്കി.

“ഉത്തരം പറയെടി..”
അയാൾ വീണ്ടും ഒച്ചയിട്ടപ്പോൾ അതേയെന്നവൾ ഭയത്തോടെ തലയാട്ടി കാണിച്ചു.

“നീയും എന്റെ അനിയനുമായി എന്നതാ ഏർപ്പാട്.?”
ആന്റണി വീണ്ടും അവളെ നോക്കി.

“നിങ്ങൾ.. നിങ്ങളാര..?”
ഗൗരിയുടെ സ്വരം വിറച്ചിരുന്നു.

“കുന്നേൽ.. ക്രിസ്റ്റി ഫിലിപ്പ്. കേട്ടിട്ടുണ്ടോ നീ?”
പുച്ഛത്തോടെയുള്ള ആ ചോദ്യം കേട്ടതും ഗൗരി ഞെട്ടി കൊണ്ട് പിന്നിലേക്ക് മാറി.

കണ്ടിട്ടില്ലയെങ്കിലും കേട്ടിട്ടുണ്ട്.. കുന്നേൽ ബംഗ്ലാവിനെ കുറിച്ച്.

എപ്പഴോ ക്രിസ്റ്റി ഫിലിപ്പിനെ കുറിച്ചും.

“ഇപ്പൊ മനസ്സിലായോ നിനക്കെന്റെ അനിയനെ..?”
ആന്റണി വീണ്ടും ചോദിച്ചു.

“എനിക്ക്.. ഞാൻ ”

വിരലുകൾ തമ്മിൽ പിണച്ചു കൊണ്ട് ഗൗരി വിക്കി.

“നീ അറിയോ ഗൗര്യേ .. ഇയാൾ പറയുന്നവനെ?”
അവളുടെ അരികിൽ വന്നിട്ടാരോ അവളോട് ചോദിച്ചു.
ഗൗരി അയാളെ പകച്ചു നോക്കി.

“വാ തുറന്നു പറയെടി. നീ അറിയില്ലേ എന്റെ അനിയൻ റിഷിൻ ചെറിയാനെ ..?”

ആന്റണി വിജയച്ചിരിയോടെ ചോദിച്ചു.

“എനിക്ക്.. അറിയാം..”
തല കുനിച്ചു കൊണ്ട് ഗൗരി പറയുമ്പോൾ ആന്റണി തല ഉയർത്തി ചുറ്റും നോക്കി.

“ഇപ്പൊ മനസ്സിലായില്ലേ ഈ ക്രിസ്റ്റി ഫിലിപ്പ് വെറുതെ പറഞ്ഞതല്ലെന്ന്. നിങ്ങൾക്കല്ലായിരുന്നോ സംശയം. ഇപ്പൊ തീർന്നില്ലേ.?”
അയാൾ വീണ്ടും അട്ടഹസിച്ചു.

“എന്റെ അനിയൻ പറഞ്ഞത് നിങ്ങളും കേട്ടതല്ലേ? അവന് കുറച്ചു കാലം കൂടെ നടക്കാൻ ഒരാളെ വേണമായിരുന്നു. ഇവളായിട്ട് അവനൊപ്പം കിടന്നു കൊടുത്തു. ഇനി അതും പറഞ്ഞിട്ട് അവന് പിറകെ തൂങ്ങരുത്. ഇപ്പഴേ പറഞ്ഞേക്കാം. കാശ് വേണമെങ്കിൽ പറഞ്ഞ മതി. എത്തിക്കാം.എന്നാലും കുന്നേൽ ബംഗ്ലാവിൽ കയറി പറ്റാമെന്ന് ആരും വിചാരിക്കണ്ട. ഈ ക്രിസ്റ്റി ജീവനോടെ ഉള്ളപ്പോൾ അത് നടക്കില്ല.. നടത്തില്ല ഞാൻ ”
ആന്റണി വീണ്ടും വീണ്ടും വാക്കുകൾ കൊണ്ട് അവിടെ വലിയൊരു പ്രളയം സൃഷ്ടിക്കുകയാണ്.

കൂടി നിൽക്കുന്നവരെല്ലാം ഗൗരിയെ പൊതിയുന്നു. എന്തൊക്കെയോ ചോദിക്കുന്നു.

ആ അവസരത്തിൽ തിരിഞ്ഞു നടക്കുന്ന ആന്റണിയുടെ ചുണ്ടിൽ സംതൃപ്തിയുടെ ചിരി ഉണ്ടായിരുന്നു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button