Novel

നിലാവിന്റെ തോഴൻ: ഭാഗം 65

രചന: ജിഫ്‌ന നിസാർ

“നിന്റെ യൂണിഫോമും സ്കൂൾ ബാഗും അല്ലാതെ ഒന്നും എടുക്കേണ്ട മോളെ “യെന്ന് ക്രിസ്റ്റി പറഞ്ഞത് കൊണ്ട് തന്നെ പിന്നെയാ വീട് പൂട്ടി ഇറങ്ങാനെ ഉണ്ടായിരുന്നുള്ളു.

കൂടെ വരുന്നില്ലന്നും ഹോസ്റ്റലിൽ തന്നെ നിന്നോളാമൊന്നും മീരാ ഇറങ്ങും വരെയും വീണ്ടും വീണ്ടും ക്രിസ്റ്റീയോട് പറയുന്നുണ്ടായിരുന്നു.
എന്തിന്റെ പേരിൽ ആണെങ്കിലും… അച്ഛനാണെന്ന് പറയുന്ന അയാളുടെ മുന്നിൽ ചെന്നു നിൽക്കുന്നതിനെ അവൾ അങ്ങേയറ്റം വെറുത്തു പോയിരുന്നു.

പക്ഷേ ഒരു പരിധിയിൽ കൂടുതൽ അവന് മുന്നിൽ വാശി പിടിക്കാനും അവൾക്ക് വയ്യാ.

അത്രത്തോളം ആത്മാർത്ഥമായി അവൾക്ക് വേണ്ടി ഓരോന്നു ചെയ്തു കൊടുക്കുന്നവനാണ്.

താൻ തനിച്ചായി പോകുമോ എന്ന് തന്നെക്കാൾ വേവലാതിയോടെ ഓർക്കുന്നവനാണ്.

“മോളോന്നു കൊണ്ടും പേടിക്കേണ്ട. ഇതിങ്ങനെ തന്നെ വരണം. കാരണം ദൈവമെന്നത് ഒരു മിഥ്യയല്ല.. അതൊരു സത്യമാണെന്ന് ചിലപ്പോഴെങ്കിലും ചിലർ ഓർക്കാൻ.. ഇങ്ങനെയൊക്കെ ആയി തീർന്നെ തീരൂ.”

പോരാനുള്ള തീരുമാനം ഉറച്ചിട്ടും വീണ്ടും ആകുലതയോടെ നിൽക്കുന്ന മീരയെ ചേർത്ത് പിടിച്ചിട്ട് ഡെയ്സി പറഞ്ഞു.

“ഇച്ഛാ… ഇച്ഛക്കൊരുപാട് ബുദ്ധിമുട്ടാവും ”

മീരാ പതിയെ പറഞ്ഞു കൊണ്ട് മുഖം കുനിച്ചു.

“നിന്നെയെവിടെയെങ്കിലും തനിച്ചു നിർത്തി പോവുന്നതിനോളം ബുദ്ധിമുട്ടൊന്നും തത്കാലം ഈ കാര്യത്തിൽ അവനുണ്ടാവില്ല മോളെ ”

ഡെയ്സി ചിരിയോടെ പറഞ്ഞു.

“ഒന്നും ഓർക്കേണ്ട. നീ പഠിച്ചു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കാനാവുന്ന പ്രാപ്‌തിയായി നിന്നെ നിനക്ക് യോജിക്കുന്ന ഒരുവനെ പിടിച്ചേൽപ്പിക്കുന്നത് വരെയും നിന്റെ ഇച്ഛാ കൂടെയുണ്ടാവുമെന്ന് നിനക്കാരും പറഞ്ഞു തരേണ്ടതില്ലല്ലോ.?ഇനി അങ്ങോട്ട്‌ ഈ അമ്മയും നിന്റെ കൂടെയുണ്ട്.എന്തിനും.”

ഡെയ്സി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞിട്ടും അവളുടെ മുഖം തെളിഞ്ഞിട്ടില്ല.

“അമ്മയ്ക്ക്… അമ്മയ്ക്ക് ഇഷ്ടമല്ല.. ഇച്ഛയെ ബുദ്ധിമുട്ടിക്കുന്നത്.. പിന്നെ.. പിന്നെ.. അയാള്.. അയാളുടെ അരികിലേക്ക്..”
നെഞ്ചിൽ കൈ ചേർത്ത് പിടിച്ചു പതിയെ അവളത് പറയുമ്പോൾ.. ഡെയ്സി കുറച്ചു കൂടി അവളിലേക്ക് ചേർന്നിരുന്നിട്ട് മീരയുടെ തോളിൽ കയ്യിട്ട് പിടിച്ചു.

“അമ്മേടെ മോള് ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണല്ലോ എന്ന് കരുതി സന്തോഷിക്കുകയെ ഒള്ളു മോളെ.എന്റെ മോനോട് ഒരുപാട് സ്നേഹം കൂടും…”

“പോവല്ലേ..?”
മീരാ അതിനെന്തോ ഉത്തരം പറയാൻ തുടങ്ങും മുന്നേ അത് ചോദിച്ചു കൊണ്ട് ക്രിസ്റ്റി അങ്ങോട്ട്‌ കയറി വന്നിരുന്നു.

മീര കണ്ണുകളുയർത്തി അവനെ നോക്കി.

“ഇനിയെന്താ ഇച്ചേടെ മോള് ഓർത്തു വേദനിക്കുന്നത്.?ഞാനല്ലേ മോളെ നിന്നെ കൊണ്ട് പോണത്.?നമ്മുടെ വീട്ടിലേക്ക്.നിനക്കിഷ്ടമില്ലാത്തവുടെ നേരെ നിന്റെ കണ്ണുകൾ മാത്രമല്ല.. ഹൃദയം കൂടി കൊട്ടി അടച്ചേക്കുക. പകരം നിന്നെ സ്നേഹിക്കാൻ കഴിയുന്നവർ ഉണ്ട് ഇപ്പൊ അവിടെ. അവരിലേക്ക് മാത്രം നീ നോക്കിയാൽ മതി ”

ഡെയ്സി ഇരിക്കുന്നത്തിന്റെ മറു സൈഡിലേക്ക് ഇരുന്നു കൊണ്ട് ക്രിസ്റ്റി അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു.

അവനെയൊന്ന് നോക്കിയതല്ലാതെ അതിനവൾ ഉത്തരമൊന്നും പറഞ്ഞില്ല.

പുറത്ത് നിന്നും ഫൈസി വിളിക്കുന്നത് കേട്ടിട്ടാണ് പിന്നെ മൂന്ന് പേരും എഴുന്നേറ്റത്.

അടുക്കള വാതിൽ കുറ്റിയിട്ട് ക്രിസ്റ്റി വരുമ്പോഴേക്കും മീരയെയും കൂട്ടി ഡെയ്സി ഉമ്മറത്തേക്ക് എത്തിയിരുന്നു.

ആ നാട് മൊത്തം ആ മുറ്റത്തേക്ക് ഇരച്ചെത്തിയത് പോലെ.
എല്ലാ മുഖങ്ങളിലും സമാധാനമാണ്. ക്രിസ്റ്റിയുടെ കൂടെയാണ് അവൾ പോവുന്നതുള്ളത് അവർക്കെല്ലാം ആശ്വാസമാണ്.

ശാരിയും മീരയും ഒരുമിച്ച് നിൽക്കുന്നൊരു ഫോട്ടോയും കയ്യിൽ പിടിച്ചു കൊണ്ട് നിറ കണ്ണുകളോടെ അവളിറങ്ങി വരുന്ന കാഴ്ച, ഹൃദയഭേദകമായിരുന്നു.

മീരയുടെ ബാഗും യൂണിഫോം അടങ്ങിയ കവറും എടുത്തിട്ട് ടിക്കിയിലേക്ക് വെച്ചത്… ഫൈസിയാണ്.

നെഞ്ച് നീറുമെന്നുറപ്പുള്ളത് കൊണ്ട് അവൻ അവളെ നോക്കിയതേ ഇല്ലായിരുന്നു.

ക്രിസ്റ്റിയുടെ കൂടെയാണ് അവളിനി എന്നത് അവന് ചെറുതൊന്നുമല്ല ആശ്വാസം പകർന്നത്.

മുന്നിലേക്കുള്ള ഇരുണ്ട വഴിയിലാരോ ഒരു വിളക്ക് കത്തിച്ചു വെച്ചത് പോലെ..

വീടിന്റെ നേർക്കവൾ കൂടെ കൂടെ നോക്കുന്നുണ്ട്.
അപ്പോഴൊക്കെയും ഡെയ്സി അവളെ കൂടുതൽ ചേർത്ത് പിടിച്ചു.

മുൻവാതിൽ അടച്ചു കുറ്റിയിട്ട് കൊണ്ട് ക്രിസ്റ്റി കയ്യിലുള്ള ചാവിയിലേക്ക് ഒരുവട്ടം കൂടി നോക്കി.

“മീരേച്ചി ഇനി ഇങ്ങോട്ട് വരില്ലേ?”

കാറിലേക്ക് കയറും മുന്നേ കുട്ടി പട്ടാളം മീരയുടെ ചുറ്റിലും വേദന തിങ്ങിയ മുഖത്തോടെ നിരന്നു നിന്നു.

അവളുടെ ചിരി മാഞ്ഞതോടെ അവരും കൂടി നിശബ്‍ദമായിരുന്നു.

മീരാ അവരുടെ അരികിൽ പോയി നിന്നിട്ട് ഓരോരുത്തരെയും നോക്കി വെറുതെ ചിരിക്കുക മാത്രം ചെയ്തു.

“ആര് പറഞ്ഞു വരില്ലെന്ന്.. മീരേച്ചി ഇനിം വരും.”

മീരയുടെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് ക്രിസ്റ്റിയാണ് ഉത്തരം പറഞ്ഞത്.

അപ്പോഴും അവളൊന്നും മിണ്ടുന്നില്ല.

“എങ്ങനെ വരും..?”
കുട്ടികൾക്ക് സംശയങ്ങൾ തന്നെയാണ്.
“അതിനല്ലേ ചേട്ടായിയുള്ളത്. സമയം കിട്ടുമ്പോഴൊക്കെ ഞാനും മീരയും വരും. പഴയ പോലെ.. നമ്മൾക്ക് ഒരുമിച്ച് കൂടണം.. വേണ്ടേ…?”

ക്രിസ്റ്റി മുന്നിൽ നിൽക്കുന്നവന്റെ മുടിയൊന്ന് ചിക്കി കൊണ്ട് ചോദിച്ചു.

“ആഹ്.. വേണം..”
അവന്റെ കണ്ണിലും പ്രതീക്ഷകളാണ്.അവൾ പോകുന്നത് അവർക്ക് അത്രയേറെ സങ്കടമാണ്.

മീരയോട് കൂടിയാണ് ക്രിസ്റ്റി അത് പറഞ്ഞത്.
അവൾക്കത് മനസ്സിലായി.

ചുറ്റും ഒന്ന് നോക്കിയിട്ട് ഫൈസിയാണ് ആദ്യം ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നത്.

കണ്ണുകൾ കൊണ്ട് അവരോടെല്ലാം യാത്ര പറഞ്ഞിട്ട് ഡെയ്സിയും കാറിന്റെ പിന്നിലേക്ക് കയറി.

മീരക്ക് കയറാനായി കാറിന്റെ ഡോർ തുറന്നു കിടന്നു.
ക്രിസ്റ്റിയുടെ കൂടെ നടന്നു വന്നിട്ട് അവളരെയും നോക്കാതെ കാറിലേക്ക് കയറി സൈഡ് വിന്റോയിൽ തല താങ്ങിയിരുന്നു.
ആ ഫോട്ടോ അപ്പോഴും മുറുകെ പിടിച്ചിട്ടുണ്ട്.

ഇറ്റി വീഴാൻ പാകത്തിനൊരു കണ്ണീർ തുള്ളിയാ കണ്ണിൽ ഒളിച്ചിരിക്കുന്നത് മിററിൽ കൂടി ഫൈസി കാണുന്നുണ്ടായിരുന്നു.
കൂടി നിൽക്കുന്നവരോട് കൈ വീശി കാണിച്ചിട്ട് മീരയുടെ ഭാഗത്തെ ഡോർ അടച്ച ശേഷം ക്രിസ്റ്റീയും മുന്നിലേക്ക് കയറി.

ഫൈസി കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുക്കുമ്പോൾ… ഒരു പൊട്ട് പോലെ ഓർമകളുറങ്ങുന്നയിടം മീരയുടെ കണ്ണിൽ നിന്നും പിന്നീലേക്കിറങ്ങിയോടുന്നുണ്ടായിരുന്നു..

❣️❣️
മുന്നിൽ നിൽക്കുന്നവർ റിഷിനെ തുറിച്ചു നോക്കി.
ഷാഹിദ് ഇറക്കിയവൻ റിഷിനോട് നന്നായി സാമ്യമുണ്ടായിരുന്നത് കൊണ്ട് തന്നെ അവർക്ക് പിന്നെ സംശയങ്ങൾ ഇല്ലായിരുന്നു.

“ഞങ്ങളുടെ കോളനിയിൽ വന്നിട്ട് വേണ്ടാതീനം മുഴുവനും വിളിച്ചു പറഞ്ഞിട്ട് പോരുമ്പോൾ ഞങ്ങളിങ്ങനെ വീട്ടിലേക്ക് വരുമെന്ന് നീ ഓർത്തില്ല. അല്ലേടാ? ”

ആ ചോദ്യത്തിനൊപ്പം തന്നെ അത് പറഞ്ഞയാൾ റിഷിനെ പിടിച്ചു സിറ്റൗട്ടിൽ നിന്നും മുറ്റത്തേക്ക് വലിച്ചിറക്കി കഴിഞ്ഞിരുന്നു.

കണ്മുന്നിൽ നടക്കുന്നതിന്റെ പൊരുൾ മനസ്സിലാവാഞ്ഞത് കൊണ്ട് തന്നെ റിഷിന്റെയും വർക്കിയുടെയും കണ്ണുകൾ മിഴിഞ്ഞു പോയിരുന്നു.

“ഏയ്‌. നിങ്ങളൊക്കെ ആരാ..? എന്താ നിങ്ങൾക്ക് വേണ്ടത്?”
റിഷിനെ വലിച്ചിറക്കിയതോടെ വർക്കി ഉറക്കെ ചോദിച്ചു.

“നിനക്കറിയില്ല.. ഞങ്ങൾ ആരാണെന്ന്. അല്ലേടാ?”
അയാൾ വീണ്ടും റിഷിന്റെ കോളറിൽ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു.

വന്നവർക്കെല്ലാം നല്ലത് പോലെ ദേഷ്യമുണ്ടെന്ന് അവരുടെ ചേഷ്ടകളിൽ നിന്നും വർക്കിക്കും റിഷിനും മനസ്സിലായിരുന്നു.

പോര് കോഴികളെ പോലെ ചിറഞ്ഞു നോക്കുന്നുണ്ട് അവരിൽ പലരും.

സ്ത്രീകൾക്ക് പോലും രൗദ്രഭാവം!

കുട്ടികൾ മാത്രം എന്തോ ആഘോഷം നടക്കാൻ പോകുന്നതിന്റെ ആവേശത്തിലാണെന്ന് തോന്നും.

പക്ഷേ എന്താണ് പ്രശ്നമെന്ന് മാത്രം അവർക്കിരുവർക്കും അപ്പോഴും മനസ്സിലായതുമില്ല.

“എന്താ നിങ്ങളുടെ പ്രശ്നം. മര്യാദക്ക് അത് പറ. ഇല്ലെങ്കിൽ ഞാനിപ്പോ പോലീസിനെ വിളിക്കും ”
വർക്കി അവരെ നോക്കി അലറി.

ദേഷ്യം കൊണ്ടയാൾക്ക് പിടി വിട്ടു പോയിരുന്നു.

“പോലീസും കോടതിയുമൊക്കെ ഞങ്ങളും കണ്ടിട്ടുണ്ടെടോ. അതൊക്കെ കണ്ടും കൊണ്ടും തന്നെയാണ് ഞങ്ങളും ജീവിച്ചത്. പക്ഷേ ഒരു പോലീസും ഇന്നേ വരെയും ഞങ്ങടെ കോളനിയിൽ കയറി കളിച്ചിട്ടില്ല. അങ്ങനെ ഉള്ളയിടത്തേക്കാ ഇന്ന് നിന്റെയീ പുന്നാര മക്കൾ വലിഞ്ഞു കയറി വന്നു ഷോ കാണിച്ചു പോന്നത്. ചത്താലും മറക്കുവോട ഞങ്ങളത് ”

മുന്നിലേക്ക് പാഞ്ഞു വന്നു പറഞ്ഞവന്റെ ദേഷ്യം കാണെ വർക്കി ഒരടി പിന്നിലേക്ക് വെച്ച് പോയി.

റിഷിന്റെ നട്ടെല്ലിൽ കൂടിയൊരു തരിപ്പ് പാഞ്ഞു കയറ്റുന്നുണ്ടായിരുന്നു അയാളുടെ സംസാരം കേൾക്കുമ്പോൾ.

“നിങ്ങൾക്ക് ആള് മാറിയതാവും.. എന്റെ മോൻ ഇന്നെവിടെയും പോയിട്ടില്ല. അല്ല്യോ ഡാ ”
വർക്കി റിഷിനെ നോക്കിയിട്ട് സംശയം തീർക്കുന്നത് പോലെ ചോദിച്ചു.

“കുന്നേൽ വർക്കി ചെറിയാൻ എന്ന് പറയുന്ന മൊതല്.. ഇയാളല്ലേ?”

കൂടി നിൽക്കുന്നവരിൽ ഓരോരുത്തർ വന്നിട്ടാണ് നേരെ ചാടുന്നത്.
തീക്ഷണത നിറഞ്ഞ ആ കണ്ണുകൾ കണ്ടതും വർക്കി അറിയാതെ തന്നെ അതേയെന്ന് തലയാട്ടി കാണിച്ചു.

“ദോണ്ട്.. ലവൻ നിങ്ങടെ മോൻ റിഷിൻ ചെറിയാനല്ലേ?”

അതിനും വർക്കി തലയാട്ടി.
“ഒരുത്തൻ കൂടി ഉണ്ടല്ലോ. ഒരു മിടുക്കൻ. ക്രിസ്റ്റി.. കുന്നേൽ ക്രിസ്റ്റി ഫിലിപ്പ്. എവിടെ അവൻ. വിളിക്കവനെ.. ഞങ്ങൾക്ക് ആദ്യം കാണേണ്ടതും അവനെയാണ് ”

വന്നവന് ഭീക്ഷണിയുടെ സ്വരം.
ക്രിസ്റ്റിയെ കുറിച്ച് കേട്ടത്തോടെ വർക്കിയുടെ നെറ്റി ചുളിഞ്ഞു.

അവനായിരിക്കുമോ ഇനി ഇങ്ങനൊരു കെണി ഒരുക്കിയത്.?
അയാൾക്കുള്ളിൽ സംശയങ്ങളുടെ വിത്ത് മുളപൊട്ടി തുടങ്ങി.

“വിളിച്ചിറക്കി കൊണ്ട് വാട അവളെ ”
ആരോ മുന്നിലുള്ള ജനക്കൂട്ടത്തെ നോക്കി ആർത്തു വിളിക്കുന്നത് കേട്ടതും റിഷിന്റെ ശ്വാസം വിലങ്ങി.

ദേഹത്തു നിറയെ അടി കിട്ടിയ ചോരയുമായി അവൾക്കിടയിലൂടെ നടന്നു വരുന്ന ഗൗരി.

അവന് തല കറങ്ങും പോലെ തോന്നി.

വർക്കി അപ്പോഴും ഒന്നും മനസ്സിലാവാതെ നിൽക്കുകയാണ്.

“നിനക്കിവള് വെറും ടൈം പാസ് ആയിരുന്നു അല്ലേടാ..?”

ഏതോ ഒരുത്തൻ വന്നിട്ട് റിഷിന്റെ മുഖം നോക്കി അടിച്ചു.
വിറച്ചു നിൽക്കുകയായിരുന്ന അവൻ ഒറ്റ അടിയോടെ നിലത്തേക്ക് വീണു പോയിരുന്നു.

“ഏയ്… എന്റെ മോൻ..”

“അനങ്ങരുത്… ”
ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിറങ്ങി വന്ന വർക്കിയുടെ നേരെ ആക്ഞ്ഞയുടെ വിരൽ ഉയർന്നു.

അയാളവിടെ തന്നെ നിന്ന് പോയി.

“ഞങ്ങളെ തൊട്ട് കളിച്ചവരാരെയും ഇന്നോളം വെറുതെ വിട്ട ചരിത്രമില്ല.. അതറിയാവോ നിനക്ക്?”
വീണിടത്തു നിന്നും വീണ്ടും റിഷിന്റെ വലിച്ചു പൊക്കി കൊണ്ട് വീണ്ടും അടിക്കാൻ തുടങ്ങി.

രണ്ടടി കൊണ്ട് തീരാവുന്ന സ്റ്റാമിന മാത്രമേ അവൻ ഉരുട്ടി കയറ്റി വെച്ച മസിലിനുള്ളിൽ ഉണ്ടായിരുന്നുള്ളു.

“എവിടെടാ ആ മറ്റവൻ.. കുന്നേൽ ക്രിസ്റ്റി.. വിളിക്കവനെ. അവന്റെ മുന്നിലിട്ട് തന്നെ നിന്നെക്കൊണ്ട് ഇവളുടെ കഴുത്തിൽ താലി കെട്ടിക്കാൻ വന്നതാ ഞങ്ങൾ. വിളിക്കവനെ”

വീണ്ടും പറച്ചിലും അടിയും കഴിഞ്ഞു.

“അവൻ.. അവനെന്തെങ്കിലും ബുദ്ധിമോശം കാണിച്ചു കാണും. അതിനെന്റെ ചെക്കനെ നിങ്ങളിങ്ങനെ തല്ലി കൊല്ലല്ലേ. അവനെന്തു തെറ്റ് ചെയ്തിട്ടാ..?നിങ്ങൾ ചോദിക്കുന്ന ക്രിസ്റ്റി..അവനിവിടില്ല..”
വർക്കി വിളിച്ചു പറഞ്ഞു.

“ഇവനോ.. ഇവൻ ചെയ്ത തെറ്റാ ഈ മുറ്റത്തു നിരന്നു നിൽക്കുന്നത്.”

ഒരുകൂട്ടം ചെറുപ്പക്കാർ മുന്നിലേക്ക് വന്നു.

“നിനക്കൊക്കെ ടൈം പാസിന് പ്രേമിച്ചു രസക്കാൻ ഉള്ളതല്ല ഞങ്ങടെ പെൺകൊച്ചുങ്ങൾ. അത് ഇന്നത്തോടെ ഞങ്ങൾ തീരുമാനം ആക്കി തരും. അതിനു മുന്നേ.. വിളിക്ക്.. അവനെവിടെ ഉണ്ടെങ്കിലും വിളിക്ക്. ഞങ്ങൾക്ക് കാണേണ്ടത് അവനെയാണ് ”

അവരാ പറഞ്ഞു നിർത്തിയതും ക്രിസ്റ്റിയുടെ കാർ വന്നു നിന്നതും ഒരുമിച്ചായിരുന്നു..

……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button