നിലാവിന്റെ തോഴൻ: ഭാഗം 66
രചന: ജിഫ്‌ന നിസാർ
കർത്താവെ…
മുറ്റത്തേക്ക് കയറിയതും അവിടെയുള്ള ആൾക്കൂട്ടം കണ്ടിട്ട് ക്രിസ്റ്റി നെഞ്ചിൽ കൈ വെച്ചു.
അവന്റെ കണ്ണുകൾ ആദ്യം ക്രിസ്റ്റീയിലേക്കും പിന്നെ കാറിന്റെ ബാക്കിൽ ഇരിക്കുന്ന ഡെയ്സിയിലേക്കും തെന്നി നീങ്ങി.
തന്റെ മനസ്സിലുള്ള അതേ ആശങ്ക ക്രിസ്റ്റി അവരുടെ മുഖത്തും കണ്ടു.
“നിക്കെടാ.. വണ്ടി നിർത്തട്ടെ ”
കാർ നിർത്തും മുന്നേ ക്രിസ്റ്റി ഡോർ തുറക്കുന്നത് കണ്ടതും ഫൈസി വിളിച്ചു പറഞ്ഞു.
പക്ഷേ അതൊന്നും കേൾക്കാതെ ധൃതിയിൽ ഇറങ്ങി ഓടുകയായിരുന്നു ക്രിസ്റ്റി.
അവന്റെ മനസ്സിനെ ദിൽനയുടെ മുഖമായിരുന്നു ഭയപ്പെടുത്തിയത്.
“മാറിക്കേ..”
മുന്നിൽ നിൽക്കുന്നവരെ വകഞ്ഞു മാറ്റി കൊണ്ടവൻ മുന്നോട്ടു നീങ്ങി.
“നീയൊക്കെ എന്താടാ ഞങ്ങളെ പറ്റി കരുതിയത്? ഇന്നത്തോടെ നിന്റെ അഹങ്കാരം തീർത്തു തരുന്നുണ്ട് ”
അതും പറഞ്ഞു റിഷിന്റെ നേരെ കയ്യോങ്ങി ചെന്നവന് മുന്നിലേക്ക് ക്രിസ്റ്റി കയറി നിന്നു.
അയാൾ അവനെയൊന്ന് ചിറഞ്ഞു നോക്കി.
“എന്താ… എന്താ പ്രശ്നം..?”
ക്രിസ്റ്റി കിതപ്പോടെ ചോദിച്ചു.
“അത് ചോദിക്കാൻ നീ ആരാടാ?”
ആൾക്കൂട്ടത്തിന് വീണ്ടും ജീവൻ വെച്ച് തുടങ്ങി.
വർക്കി പകയോടെ ക്രിസ്റ്റിയെ നോക്കുന്നുണ്ട്.
“എല്ലാം ചെയ്തു വെച്ചിട്ട് ഇപ്പൊ ആളാവാൻ വന്നിരുക്കുവാ.. നശിച്ചവൻ ”
അയാൾ പിറുപിറുത്തു.
“ഞാൻ ഇവന്റെ ഏട്ടൻ. ക്രിസ്റ്റി.. ക്രിസ്റ്റി ഫിലിപ്പ് ”
ക്രിസ്റ്റിയുടെ മുറുക്കമുള്ള സ്വരം.
അടികൊണ്ട് അവശനായ അവസ്ഥയിലും അവന്റെയാ വാക്കുകൾ കേട്ട ആശ്ചര്യത്തോടെ റിഷിൻ മുഖം ഉയർത്തി നോക്കി.
ഏട്ടൻ..
ഇത്രേം ഉറപ്പോടെ പറയുന്നവൻ.
“നീ എന്താടാ ഡബ്ബിളാണോ.. പുന്നാര മോനെ ”
അത് ചോദിച്ചു കൊണ്ടൊരുത്തൻ ക്രിസ്റ്റിയുടെ നേരെ വന്നെങ്കിലും ഫൈസി അവന്റെ മുന്നിലേക്ക് കയറി നിന്നതും ഞെടിയിട കൊണ്ടായിരുന്നു.
ഡെയ്സിയെയും മീരയെയും ആൾക്കൂട്ടത്തിനിടയിൽ കൂടി വഴി ഉണ്ടാക്കി കൊടുത്തു കൊണ്ടവൻ സിറ്റൗട്ടിലേക്ക് കയറ്റി നിർത്തിയിരുന്നു.
മറിയാമ്മച്ചിയും ദിലുവും അവിടെ നെറ്റി ചുളിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു.
ഡെയ്സിയുടെ കൂടെ മീരയെ കണ്ടതും അവർ രണ്ടാളും അത്ഭുതത്തോടെ നോക്കുന്നത് ഫൈസി കണ്ടിരുന്നു.
അപ്പോഴും ഭയമോ ആശങ്കയോ എന്നറിയാത്ത വിധം പതറി കൊണ്ട് നോക്കുന്ന മീരയുടെ നേരെ ഒന്ന് കൂടി നോക്കിയിട്ടവൻ ക്രിസ്റ്റിയുടെ അരികിലേക്ക് ചെന്നത്.
“ആദ്യം നീ കാര്യം പറയെടാ മോനെ.. എന്നിട്ട് മതി കൈ ഉയർത്തുന്നത് “ഫൈസി അവനെ പിടിച്ചു പിന്നിലേക്ക് തള്ളി കൊണ്ട് പറഞ്ഞു.
വന്നവരുടെയെല്ലാം മുഖം വീണ്ടും ദേഷ്യം നിറഞ്ഞു.
“ദേ ചെറുക്കാ.. വെറുതെ ആളാവാൻ നോക്കാതെ മാറി നിൽക്കുന്നതാ നിനക്ക് നല്ലത്. നിന്നോട് ഞങ്ങൾക്കൊന്നും പറയാനുമില്ല. ഉള്ളത് അവനോടാ.. ഇവന്റെ ചേട്ടൻ എന്ന് പറയുന്നൊരു ചെറ്റ. അവനിന്ന് ഞങ്ങളുടെ കോളനിയിൽ വന്നിട്ട് ഷോ കാണിച്ചു പോന്നതാ.വിടില്ലവനെ…”
ഏതോ ഒരുത്തൻ ക്രിസ്റ്റിയെ നോക്കി തീഷ്ണതയോടെ പറഞ്ഞതും അവൻ ഫൈസിയെ നോക്കി നെറ്റി ചുളിച്ചു.
“ഏയ്… നിങ്ങൾ എന്തൊക്കെയോ തെറ്റ്ദ്ധാരണ കൊണ്ട് പറയുന്നതാ. നിങ്ങളിപ്പോ പറഞ്ഞ റിഷിൻ ചെറിയാൻ എന്ന് പറഞ്ഞവന്റെ ചേട്ടൻ..അത് ഞാനാണ്. കുന്നേൽ ക്രിസ്റ്റി ഫിലിപ്പ്.”
ക്രിസ്റ്റി വീണ്ടും ഉറക്കെ പറയുമ്പോൾ അവരെല്ലാം പരസ്പരം നോക്കുന്നുണ്ട്.
താനറിയാത്ത എന്തോ ഒന്ന് സംഭവവച്ചിട്ടുണ്ട് എന്ന് ക്രിസ്റ്റിക്ക് ഉറപ്പായി.
“നീയാണോ… ക്രിസ്റ്റി ഫിലിപ്പ്. കുന്നേൽ ക്രിസ്റ്റി ഫിലിപ്പ് ”
അവരിൽ ഒരുത്തൻ വീണ്ടും അവനോട് ചോദിച്ചു.
“നിനക്കെന്താടാ മലയാളം മനസ്സിലാവില്ലേ .?”
ഫൈസി അവന്റെ നേരെ നോക്കി ദേഷ്യത്തോടെ ചോദിച്ചു.
റിഷിന്റെ അടുത്ത് മുഖം കുനിച്ചു നിൽക്കുന്ന പെൺകുട്ടിയിലായിരുന്നു ക്രിസ്റ്റിയുടെ കണ്ണുകൾ.
“പക്ഷേ.. പക്ഷേ ഇന്ന് രാവിലെ…”
അവർക്ക് ആശയകുഴപ്പമുണ്ടായിരുന്നു.
രാവിലെ വന്നിട്ട് ക്രിസ്റ്റിയെന്ന് പറഞ്ഞവനുമായി എവിടൊക്കെയോ ചെറിയൊരു ഛായ മാത്രമുള്ളു മുന്നിൽ നിൽക്കുന്നവന്.
അവന്റെ പുച്ഛം നിറഞ്ഞ മുഖമോ കണ്ണിലെ പിടപ്പോ ഒന്നും ഇപ്പൊ മുന്നിൽ നിൽക്കുന്ന ഇവനില്ല.
എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു.
“എന്താ.. എന്താ നിങ്ങളുടെ പ്രശ്നം.. ആദ്യം അതൊന്നു പറഞ്ഞു താ?”
ഗൗരിയിൽ നിന്ന് കണ്ണുകൾ മാറ്റി ക്രിസ്റ്റി മുന്നിൽ നിൽക്കുന്നവരെ നോക്കി.
“നങ്ങളുടെ പ്രശ്നം… ദാ.. ഇവനാ. നിന്റെ പുന്നാര അനിയൻ ”
മുഖം കുനിച്ചു നിൽക്കുന്ന റിഷിന് നേരെ അവരുടെ വിരൽ നീണ്ടു.
ക്രിസ്റ്റി നെറ്റി ചുളിച്ചു.
“പ്ലീസ്.. എനിക്കൊന്നും മനസിലാവുന്നില്ല.. ഒന്ന് തെളിയിച്ചു പറഞ്ഞു താ ”
ക്രിസ്റ്റി റിഷിനെ ഒന്ന് നോക്കിയിട്ട് വീണ്ടും അവരോട് ആവിശ്യപെട്ടു.
അവർ പറയുന്ന വാക്കുകൾ കേട്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി.
കണ്ണുകൾ ദേഷ്യത്തോടെ റിഷിന്റെ നേരെ പാഞ്ഞു.
പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ടാണ് അവൻ ബാക്കി കേൾക്കുന്നത്.
വർക്കിയും അവന്റെ ഭാവങ്ങൾ ശ്രദ്ധിക്കുകയാണ്.
വലിഞ്ഞു മുറുകുന്ന ആ മുഖവും കണ്ണുകളും അയാളുടെ ഹൃദയമിടിപ്പ് കൂട്ടി.
ഇവൻ കൂടി അവരോടൊപ്പം ചേരുമോ എന്നയാൾ വല്ലാതെ പേടിച്ചു.
കാരണം കുന്നേൽ ക്രിസ്റ്റി ഫിലിപ്പ് നീതിക്കും ന്യായത്തിനും നിരക്കാത്തതൊന്നും ചെയ്യില്ലെന്ന് അയാൾക്ക് നല്ലത് പോലെ അറിയാമായിരുന്നു.
“ഇവരീ പറഞ്ഞതെല്ലാം സത്യമാണോ?”
കടുപ്പത്തിൽ ക്രിസ്റ്റി റിഷിന് നേരെ ചെന്നു നിന്നു.
അവൻ മുഖം ഉയർത്തി നോക്കിയത് കൂടിയില്ല.
“നീ ഇന്ന്.. എന്റെ പേരിൽ ആരെ കൂട്ടിയാണ് ഇവരുടെ കോളനിയിൽ പോയി പ്രശ്നമുണ്ടാക്കിയത്? മര്യാദക്ക് ഉള്ളത് പറഞ്ഞോ ”
വീണ്ടും അവന്റെ ചോദ്യം.
“എന്നെയും എന്റെ മകനെയും തകർക്കാൻ വേണ്ടി നീ അല്ലേടാ ഇവരുടെ അടുത്ത് പോയിട്ട് വേണ്ടാത്തത് പറഞ്ഞു കൊടുത്തു പിരി കയറ്റി വിട്ടത്. എന്നിട്ടിപ്പോ അവൻ പൊട്ടൻ കളിക്കുവാ. അവന്റെയൊരു ചോദ്യം ചെയ്യൽ. ”
വർക്കി അവന്റെ നേരെ വന്നിട്ട് ഉറക്കെ പറഞ്ഞതും കൃസ്റ്റി പല്ലുകൾ ഞെരിച്ചു കൊണ്ടയാൾക്ക് നേരെ തിരിഞ്ഞു.
വർക്കിയുടെ ശബ്ദം ഉയർന്നതും മീരാ ഡെയ്സിയുടെ പിന്നിലേക്ക് പതുങ്ങി.
ഡെയ്സി അവളെ പൊതിഞ്ഞു പിടിച്ചു.
“മിണ്ടരുത്… എനിക്ക് ചോദിക്കാനുള്ളത് അതിനി ആരോടായാലും ഞാൻ ചോദിക്കുക തന്നെ ചെയ്യും. നിങ്ങളുടെ ഊഴം ആയിട്ടില്ല. മാറി നിൽക്കങ്ങോട്ട്.”
അവജ്ഞയോടെ വർക്കിയുടെ നേരെ നോക്കി പറയുമ്പോൾ ശാരിയുടെ മുഖമായിരുന്നു അവനുള്ളിലേക്ക് പാഞ്ഞു കയറി വന്നത്.
“റിഷിൻ.. മുഖം കുനിച്ചു നിന്നത് കൊണ്ടായില്ല. മര്യാദക്ക് ഉത്തരം പറഞ്ഞോ. നീ ഇന്ന് ഇവരുടെ കോളനിയിൽ പോയിരുന്നോ?”
വീണ്ടും ക്രിസ്റ്റി അവന് മുന്നിലേക്ക് ചെന്നു.
“ഞാൻ… എനിക്കൊന്നും അറിയില്ല. ഞാൻ എങ്ങോട്ടും പോയിട്ടില്ല ”
തളർച്ചയോടെ പറഞ്ഞിട്ട് റിഷിൻ തൂണിലേക്ക് ചാരി.
“കള്ളം പറയുന്നോടാ..”
വീണ്ടും റിഷിന് നേരെ പാഞ്ഞു വന്നവർക്ക് മുന്നിൽ ക്രിസ്റ്റി കൈ നിവർത്തി നിന്നു.
“ഞാൻ ചോദിക്കും. നീതി നിങ്ങളുടെ കൂടെ ആണെങ്കിൽ.. ഞാനും നിങ്ങളുടെ കൂടെയാണെന്ന് കരുതുക. മാറി നിൽക്ക്.”
ഉറക്കെയുള്ള അവന്റെ സ്വരം.
പിന്നെ ആരും മിണ്ടിയില്ല.
“ഇവൻ… ഇവനെ നീ അറിയുമോ കുട്ടി?”
ക്രിസ്റ്റി ഗൗരിയുടെ മുന്നിലേക്ക് ചെന്നു നിന്നിട്ട് ചോദിച്ചു.
ഗൗരി അവനെ മുഖം ഉയർത്തി നോക്കി.
“ധൈര്യമായി പറഞ്ഞോ.. ആരും നിന്നെ ഒന്നും ചെയ്യില്ല ”
അവന്റെ വാക്കുകൾ നൽകിയ ഉറപ്പിൽ ഗൗരി അറിയാം എന്ന് തലയാട്ടി.
“നീയും ഇവനും സ്നേഹത്തിലാണോ?”
ക്രിസ്റ്റി വീണ്ടും ചോദിച്ചു.
“അതേ..”
ഗൗരി റിഷിനെ ഒന്നു നോക്കിയിട്ട് പതിയെ പറഞ്ഞു.
“ഇവരീ പറഞ്ഞതൊക്കെ സത്യമാണോ.. ഇവനിന്ന് നിന്റെ വീട്ടിൽ വന്നോ?”
“മ്മ്..”
അതിന് ശേഷം നടന്നത് ഓർക്കാനുള്ള ഭയത്തോടെ ഗൗരി മുഖം കുനിച്ചു.
ക്രിസ്റ്റി ഒരു ദീർഘനിശ്വാസത്തോടെ തിരിഞ്ഞു.
ഫൈസിയിൽ അവന്റെ നോട്ടം എത്തി നിന്നു.
“നീ ഇത് വിട്ടേക്ക് ക്രിസ്റ്റി. അവർ അപ്പനും മോനും എന്താന്ന് വെച്ച തീരുമാനമെടുക്കട്ടെ..”
ഫൈസി റിഷിനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.
ക്രിസ്റ്റിയുടെ കണ്ണുകൾ ഡെയ്സിയുടെ നേരെ ആയിരുന്നു.
ആ ഭാവം അവന് മനസിലാവുന്നില്ല.
ഗൗരിയുടെ നേരെയാണ് കണ്ണുകൾ.
ഇത് പോലൊരു അവസ്ഥയിൽ സ്വന്തം മകളെ കാണേണ്ടി വന്നത് കൊണ്ടായിരിക്കും.. റിഷിനോടുള്ള ചെറിയൊരു അലിവ് പോലും ആ മുഖത്തുണ്ടായിരിന്നില്ല.
ഒരക്ഷരം മിണ്ടുന്നില്ലയെങ്കിലും തന്നെ തുറിച്ചു നോക്കി നിൽക്കുന്ന വർക്കിയേ നോക്കുമ്പോൾ ക്രിസ്റ്റി മുഷ്‌ടി ചുരുട്ടി പിടിച്ചു.
“തെറ്റ് എന്റെ അനിയന്റെ ഭാഗത്ത് തന്നെയാണ്. ഇനി നിങ്ങൾ പറ.. ഞാനെന്ത് വേണം ”
ആൾക്കൂട്ടത്തിന് മുന്നിലേക്കിറങ്ങി നിന്നിട്ട് ക്രിസ്റ്റി ചോദിച്ചു.
“ആ പുന്നാര മോനെ… ഇങ്ങ് ഇട്ട് താ.. ഞങ്ങൾക്ക് വേണ്ടത് അവനെയാണ് ”
ഒരുകൂട്ടം ചെറുപ്പക്കാർ തീരാത്ത കലിയോടെ റിഷിനെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.
“അത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ലല്ലോ…?”
ക്രിസ്റ്റി ചോദിക്കുമ്പോൾ അവരെല്ലാം പരസ്പരം നോക്കി.
“ഇവൻ കാരണം ഞങ്ങൾ നാണം കെട്ടു. ഏതോ ഒരുത്തൻ വന്നു വായിൽ തോന്നിയത് മുഴുവനും വിളിച്ചു പറയുന്നത് കേട്ട് നിൽക്കേണ്ടിയും വന്നു. അത് വിട്ടേക്ക്.. അവനെ ഞങ്ങൾ ചൂണ്ടും.. അങ്ങനെ വിട്ടു കളയാനൊന്നും പോകുന്നില്ല ”
അവരുടെ ഉള്ളിൽ പകയുടെ കനലുകൾ ജ്വലിക്കുന്നത് ക്രിസ്റ്റിക്ക് ആ ഓരോ കണ്ണിലും കാണാമായിരുന്നു.
“ഇവൻ.. ഈ നിമിഷം ഇവളെ സ്വീകരിക്കണം. ഭാര്യയായിട്ട്. അതാ.. അതാ ഞങ്ങൾക്ക് വേണ്ടത്. ഞങ്ങളുടെ ഉള്ളിലെ ദേഷ്യം അൽപ്പമെങ്കിലും കുറയാൻ ഇതല്ലാതെ മറ്റൊന്നും ചെയ്യാനില്ല ”
അന്തിമ തീരുമാനം പോലെ ആൾക്കൂട്ടത്തിൽ നിന്നും അൽപ്പം പ്രായം ചെന്ന ഏതോ ഒരാൾ വിളിച്ചു പറഞ്ഞു.
“കൊള്ളാം.. നല്ല ഐഡിയ.. പക്ഷേ അതിവിടെ നടക്കത്തില്ല. എന്റെ മോൻ അങ്ങനൊരു ധർമ്മകല്യാണത്തിന് ഒരുക്കവുമല്ല. അതിനല്ല ഞാൻ അവനെ ഇത്രേം വളർത്തിയത്. മര്യാദക്ക് എന്റെ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നതാ നിനക്കൊക്കെ നല്ലത്.. ഇല്ലെങ്കിൽ…”
വർക്കി പറഞ്ഞു മുഴുവനാക്കും മുന്നേ.. മൂന്നാലു ചെറുപ്പക്കാർ അയാൾക്ക് മുന്നിലേക്ക് ചെക്കുന്നതും അയാളെ ചുവരിൽ ചേർത്ത് നിർത്തി അടിക്കുന്നതും ഒറ്റ നിമിഷം കൊണ്ട് കഴിഞ്ഞിരുന്നു.
“ആദ്യം മക്കളെ മര്യാദക്ക് നടക്കാൻ പഠിപ്പിക്കെടാ എരപ്പെ.. എന്നിട്ട് മതി വല്ല്യ ഡയലോഗ് പറയുന്നതൊക്കെ..”
അവർ അടിയുടെ ഇടയിൽ തന്നെ പറയുന്നുണ്ട്.
“ഏയ്.. മതി.. നിർത്ത്..”
ക്രിസ്റ്റി പിടിച്ചു മാറ്റി.
വർക്കി താഴെക്കിരുന്നു പോയിരുന്നു..
അയാളുടെ മുഖം നിറയെ ചോരയൊലിക്കുന്നുണ്ട്.
എന്നിട്ടും കണ്ണുകൾ പകയോടെ ക്രിസ്റ്റിയുടെ നേരെയാണ്.
“ഇവന്റെ കൂടെ കിടന്നവളെന്ന് പഴി കേട്ട ഇവളെ ഇനി ആര് സ്വീകരിക്കാനാണ്. ഇവൻ തന്നെ കെട്ടണം ഇവളെ. ഈ നിമിഷം. അതല്ലാതെ ഇതിനൊരു പ്രതിവിധിയില്ല ”
തീർപ്പ് കൽപ്പിക്കും പോലെ.. അവർ വീണ്ടും ഒന്നിച്ചു പറഞ്ഞു.
സമ്മതം..”
റിഷിനെ ഒന്നു നോക്കിയിട്ട് ക്രിസ്റ്റി ഉറക്കെ പറഞ്ഞു.
“ഇവൻ കാരണം നിങ്ങളുടെ കുട്ടിക്ക് അപമാനം ഉണ്ടായിട്ടുണ്ട് എങ്കിൽ.. തീർച്ചയായും അത് തിരുത്താൻ ഇവൻ തന്നെയാണ് ഉത്തരവാദി. പക്ഷേ അതിന് മുന്നേ നിങ്ങളുടെ കുട്ടി എന്നോട് പറയണം.. ഇവനെ സ്വീകരിക്കാൻ അവൾക്ക് ഇഷ്ടമാണോ എന്നത്..”
ക്രിസ്റ്റി ഉറക്കെ പറഞ്ഞു.
ആൾക്കൂട്ടം പതിയെ ഒന്ന് നിശബ്‍ദമായി.
“നീ പറ.. നിനക്കിവനെ നിന്റെ ജീവിതത്തിൽ ചേർത്ത് വെക്കാൻ ആഗ്രഹമുണ്ടോ. ഇപ്പോഴും ഇവനെ നീ സ്നേഹിക്കുന്നുണ്ടോ?”
ഗൗരിക്ക് മുന്നിൽ വന്നിട്ട് അവൻ ചോദിച്ചു.
നിറഞ്ഞ കണ്ണുകൾ ഉയർത്തി അവൾ അവനെയൊന്ന് നോക്കി.
പിന്നെ പതിയെ ആ നോട്ടം റിഷിനിൽ ചെന്നു നിന്നു.
ചോര പൊടിഞ ആ മുഖം ഇപ്പോഴും ഇടനെഞ്ചിൽ വേദന തീർക്കുന്നു.
ആ വേദന സ്വന്തം ശരീരം കൊണ്ട് അനുഭവിക്കുന്നത് പോലെ നീറുന്നു..
ഉള്ളും ഉയിരും ഒരുപോലെ അവനെ ആഗ്രഹിക്കുന്നു..
അത്രത്തോളം സ്നേഹിച്ചവനാണ്..അവനോടൊപ്പം ഒരു ജീവിതം അതിയായി മോഹിക്കുന്നുണ്ട്.
ടൈം പാസ് എന്നവൻ പറഞ്ഞത് അവൾക്കപ്പോഴും വിശ്വാസമാവാത്തത് കൊണ്ട് തന്നെ…
“എനിക്ക്… എനിക്ക് റിഷിയേട്ടനെ വേണം. ആ കൂടെ ജീവിക്കണം “എന്നവൾ ക്രിസ്റ്റിക്ക് മുന്നിൽ കൈ കൂപ്പി പറഞ്ഞത് അവനോടുള്ള ഇഷ്ടം കൊണ്ട് തന്നെ ആയിരുന്നു.
റിഷിൻ അത് കൂടി കേട്ടത്തോടെ കണ്ണുകൾ ഇറുക്കി അടച്ചു.
പെട്ടു പോയെന്നു അവനുറപ്പായി.
അവിടെ നിന്നുമിറങ്ങി ഓടാൻ ഉള്ളം അലറി വിളിച്ചു പറയുന്നത് അറിയാഞ്ഞിട്ടല്ല.
ഇവരുടെ പിടിയിൽ നിന്നും ഇനിയൊരു രക്ഷ പെടൽ.. അത് മരണത്തിലേക്ക് മാത്രമാണെന്ന് അവനറിയാം.
അത് കൊണ്ടാണ് മിണ്ടാതെ നിന്ന് സഹിക്കുന്നതും.
അവന് ഗൗരിയോട് കടുത്ത അമർഷം തോന്നി… ആ നിമിഷം.
ആരൊക്കെയോ കരുതി കൂട്ടിയുള്ള കളിയാണ്.
പല്ല് കടിച്ചു കൊണ്ടവൻ അപ്പോഴും മുഖം കുനിച്ചു നിന്നു.
“പെട്ടന്നൊരു കല്യാണത്തിന് നമ്മൾ ആരും പ്രിപ്പേഡ് അല്ല. അത് കൊണ്ട്…”
ക്രിസ്റ്റി പാതിയിൽ നിർത്തി അവരെ നോക്കി.
“നമ്മുക്ക്.. നമ്മുക്ക് പിന്നൊരു ദിവസത്തേക്ക് ഇത് നീട്ടി വെച്ചൂടെ..”
“നടക്കില്ല… ”
അവന്റെ ആവിശ്യം അവരാരും അംഗീകരിച്ചില്ല.
“ഇവനെ.. പിന്നെ ഇയാളെ ഞങ്ങൾക്ക് വിശ്വാസമില്ല ”
“എന്നെ നിങ്ങൾക്ക് വിശ്വാസമുണ്ടോ?”
അവൻ വീണ്ടും ചോദിച്ചു.
പരസ്പരം ഒന്ന് നോക്കിയിട്ട് അവരെല്ലാം അതേയെന്ന് പറഞ്ഞു.
“എങ്കിൽ ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു. റിഷിൻ ചെറിയാൻ മൂലം നിങ്ങൾക്കുണ്ടായ മാനക്കേടിന് ഞാൻ നിങ്ങളോട് ക്ഷമയും ചോദിക്കുന്നു. സമാധാനത്തോടെ പിരിഞ്ഞു പോകണം. നിങ്ങളുടെ കുട്ടിക്കൊരു കുഴപ്പവുമുണ്ടാവില്ല. ഇത് എന്റെ വാക്കാണ്.. ഈ ക്രിസ്റ്റി ഫിലിപ്പിന്റെ വാക്ക് ”
വരാനിരിക്കുന്ന വിപത്തുകളൊന്നും തന്നെ അറിയാതെ അങ്ങനൊരു ഉടമ്പടി അവിടെ തീരുമാനിക്കപ്പെടുകയായിരുന്നു.
……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…