Novel

നിലാവിന്റെ തോഴൻ: ഭാഗം 67

രചന: ജിഫ്‌ന നിസാർ

ഗൗരിയുടെ നീട്ടി പിടിച്ച കൈ വിരലിലേക്ക് ഡെയ്സി ഊരി നൽകിയ മോതിരം അണിയിക്കുമ്പോൾ അവളെക്കാളേറെ റിഷിൻ വിറക്കുന്നുണ്ടായിരുന്നു.

കോളനിക്കാരുടെ ആവിശ്യമായിരുന്നു അത്.

ഗൗരിയുടെ ജീവിതത്തിന് മേൽ എന്തെങ്കിലുമൊരു ഉറപ്പ് കിട്ടാതെ വെറും വാക്കുകളുടെ വിശ്വാസത്തിൽ മാത്രം പിരിഞ്ഞു പോകാൻ അവർ ഒരുക്കമല്ലായിരുന്നു.

അവരെ പറഞ്ഞിട്ടും കാര്യമില്ല. വർക്കിയുടെ കടുത്ത എതിർപ്പും റിഷിന്റെ അലസത നിറഞ്ഞ ഭാവവും.. ക്രിസ്റ്റിയുടെ വാക്കിലുള്ള വിശ്വാസം കൊണ്ട് മാത്രം കണ്ടില്ലെന്ന് നടിക്കാൻ അവർക്കായില്ല.
ഒടുവിൽ കോളനിയിലെ മുതിർന്ന ആരൊക്കെയോ കൂടി ആലോചിച്ചു അങ്ങനൊരു ഉറപ്പിനെ കുറിച്ച് പറയുമ്പോൾ, അത് അംഗീകരിച്ചു കൊടുക്കുക എന്നതല്ലാതെ ക്രിസ്റ്റിക്ക് മുന്നിലും വേറെ വഴിയൊന്നും തന്നെ ഉണ്ടായിരുന്നില്ല.

തീരുമാനം അറിയാൻ വേണ്ടിയിട്ട് അവൻ നോക്കിയത് ഡെയ്സിയെയാണ്.

മീരയെ വിട്ടിട്ട് പതിയെ ഗൗരിയുടെ അരികിലേക്ക് ഡെയ്സി വന്നു നിന്നു.

“സന്തോഷമായിരിക്കണം.. സമയംമാവുമ്പോൾ അമ്മ വന്നു കൂട്ടിക്കോളാം ”

കണ്ണ് നിറച്ചു തല കുനിച്ചു നിൽക്കുന്നവളുടെ കവിളിൽ പതിയെ തട്ടി കൊണ്ട് പറഞ്ഞിട്ട് സ്വന്തം കൈ വിരലിൽ കിടന്ന മോതിരം ഊരി റിഷിന് നേരെ നീട്ടിമ്പോൾ ആ മുഖത്തെ ഭാവം കണ്ടിട് മറുതൊന്നും പറയാതെ അവനും അത് വാങ്ങി.

കൂടുതൽ ഇടഞ്ഞു നിന്നാൽ തടി കേടാവുമെന്ന് അവൻ കണ്ടും കൊണ്ടും അറിഞ്ഞതാണ്.

ദേഷ്യവും നിസ്സഹായവസ്ഥയും കൊണ്ട് വർക്കി മുരൾച്ച പോലൊരു ശബ്ദമുണ്ടാക്കുന്നത് അവിടാരും ശ്രദ്ധിച്ചത് കൂടിയില്ലായിരുന്നു.

മിണ്ടിയാലും അനങ്ങിയാലും അടി പൊട്ടും എന്നൊരു ഭാവത്തോടെ വർക്കിക്ക് പിന്നിൽ ആളുകൾ അണി നിരന്നു നിൽക്കുമ്പോൾ അന്നോളം തോന്നാത്തൊരു നിസ്സഹാവസ്‌ഥ.. അതയാളുടെ സമനില തെറ്റിക്കുന്നുണ്ടായിരുന്നു.

“നിന്നെ വിശ്വാസമില്ലാഞ്ഞിട്ടല്ല മോനെ.. ഇവനുണ്ടല്ലോ.. ഇവനെ ഒരു കെട്ടില്ലാതെ വിടാൻ പാടില്ല. കാരണം ഇവനെയും ഇയാളെയും ഞങ്ങൾക്കത്ര വിശ്വാസമില്ല. അത് കൊണ്ടാണ്. പിന്നെ രാജേട്ടന്റെ അവസ്ഥ.. ഇതല്ലാതെ മറ്റൊരു വഴിയുമില്ല ”
കൂട്ടത്തിൽ ആരോ വന്നിട്ട് ക്രിസ്റ്റിയുടെ നേരെ നോക്കി പറഞ്ഞു.

ഗൗരിയുടെ അച്ഛനാണ് രാജൻ. നിറയെ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും അയാളും അവരുടെ കൂടെ വന്നിട്ടുണ്ട്.
സ്വന്തം മകളുടെ ജീവിതം ഒരു ഞാണിൻമേൽ കളി പോലെ തൂങ്ങി ആടുമ്പോൾ അയാൾക്ക് എത്രയൊക്കെ വയ്യെങ്കിലും വരാതിരിക്കാൻ കഴിഞ്ഞിരുന്നില്ല.

“എനിക്ക്.. എനിക്ക് മനസ്സിലാവും. നിങ്ങൾ അതോർത്തു വിഷമിക്കരുത് ”

രാജനെ ഒന്ന് നോക്കിയിട്ട് ക്രിസ്റ്റി അയാളുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.

“ധൈര്യമായിട്ട് തിരികെ പോകൂ. ഇനിയാരും നിങ്ങളെയോ ഗൗരിയെയോ ഒന്നും പറയില്ല. അത് എന്റെ ഉറപ്പാണ് ”

ക്രിസ്റ്റി പറയുമ്പോൾ… ഉറക്കെ കയ്യടിച്ചു കൊണ്ട് കോളനിക്കാർ അവന്റെ വാക്ക് മനസ്സിലേക്കേറ്റു വാങ്ങി.

ക്രിസ്റ്റിയെ നോക്കി കൈ വീശി കാണിച്ചിട്ട് അവരെല്ലാം പോവാനുള്ള ഒരുക്കങ്ങൾ തുടങ്ങി.

വീണ്ടും മുറ്റം നിറയെ ശബ്ദകോലാഹളങ്ങൾ നിറഞ്ഞു.

കൊല്ലാനുള്ള കലിയോടെ ആ മുറ്റത്തേക്ക് ഇരച്ചു കയറി വന്നവർ നിറഞ്ഞ ചിരിയോടെ കൈ വീശി കാണിച്ചിട്ട് പോകുന്നത് ഡെയ്സി നിറഞ്ഞ കണ്ണോടെയാണ് നോക്കി നിന്നത്.

തൊട്ട് മുന്നിൽ കുന്നേൽ ഫിലിപ്പ് നിൽക്കുന്നത് പോലെ.

ആ കണ്ണിൽ മകനെ ഓർത്തു അഭിമാനം തിളങ്ങുന്നുണ്ടെന്ന് തോന്നി ഡെയ്സിക്ക്.

സ്വന്തം മകനിന്ന് അവന്റെ അച്ഛനോളം വളർന്നിരിക്കുന്നു.

മറ്റൊരാളുടെ കണ്ണീർ തുടക്കാൻ കഴിയുന്ന ദൈവത്തിന്നോളം ഉയരത്തിൽ..

ഏതൊരു അമ്മയുടെയും സ്വപ്നനിമിഷം.

ക്രിസ്റ്റി ഇടയ്ക്കിടെ പുച്ഛത്തോടെ വർക്കിയേ നോക്കുന്നുണ്ട്.

മുഷ്ടി ചുരുട്ടി.. യാതൊന്നും ചെയ്യാൻ കഴിയാതെ.. എന്നാൽ കണ്മുന്നിൽ കാണുന്നതെല്ലാം ചുട്ടെരിക്കാനുള്ള ദേഷ്യത്തോടെ അയാൾ ക്രിസ്റ്റിയെ തുറിച്ചു നോക്കി കൊണ്ട് അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു.

“ഗൗരിയെ വിളിച്ചു കൊണ്ട് ഏറ്റവും അവസാനം തിരിഞ്ഞു നടക്കുന്ന സ്ത്രീ ക്രിസ്റ്റിയെയും ഡെയ്സിയെയും നോക്കി നന്ദിയോടെ കൈ കൂപ്പി കാണുക്കുന്നുണ്ടായിരുന്നു.

“ഗൗരിയുടെ… ആരാ?”
ക്രിസ്റ്റി അവരുടെ അരികിലേക്ക് ചെന്നിട്ട് ചോദിച്ചു.

“അമ്മയാണ് ”
വിതുമ്പി കൊണ്ടവർ സാരി തുമ്പു കൊണ്ട് വാ പൊതിഞ്ഞു പിടിച്ചു.

“കരയണ്ട ട്ടോ. എല്ലാം ശെരിയാവും. ഇല്ലെങ്കിൽ നമ്മൾ ശെരിയാക്കും ”
ക്രിസ്റ്റി ചിരിയോടെ അവരെ ചേർത്ത് പിടിച്ചു പറഞ്ഞു.

ഗൗരിയുടെ കണ്ണുകൾ അപ്പോഴും മുഖം കുനിച്ചു.. ചുവരിൽ ചാരി അവശതയോടെ നിൽക്കുന്ന റിഷിന്റെ നേരെയാണ്.

“സാരമില്ല.. പെട്ടന്ന് എല്ലാം ഉൾകൊള്ളാൻ കഴിയാത്ത… അവനിച്ചിരി സമയം കൊടുക്ക്.”

അവളുടെ മനസ്സറിഞ്ഞത് പോലെ ക്രിസ്റ്റി പറഞ്ഞു.

അതിനവൾ ഒന്നും പറയാതെ മുഖം കുനിച്ചു നിന്നു.

ആളൊഴിഞ്ഞ പൂരപറമ്പ് പോലെ… കുന്നേൽ ബംഗാളിവിന്റെ മുറ്റം ഒഴിഞ്ഞു കിടന്നു.

വന്നവരെല്ലാം പോയി കഴിഞ്ഞു.

അത്രേം ആളുകളെ ഒന്നിച്ചു കണ്ടത് കൊണ്ട് അങ്ങോട്ട് വന്ന നാട്ടുകാരും കൂടുതൽ വിശേഷങ്ങൾ ചോദിക്കാൻ നിൽക്കാതെ പെട്ടന്ന് പോയിരുന്നു.

വർക്കിയുടെ ദുഷിച്ച നാവിനെ പേടിച്ചു കൊണ്ടായിരുന്നു പലരും എന്തെന്ന് കൂടുതൽ അറിയാനുള്ള ആഗ്രഹമുണ്ടായിട്ടും അതിനൊന്നും മിനകെടാതെ തിരികെ മടങ്ങിയത്.

എന്തൊക്കെ ആയാലും അവർക്ക് അന്ന് ആഘോഷിക്കാനുള്ള വിഭവങ്ങൾ കിട്ടിയിരുന്നു.
❤️❤️

കുഞ്ഞു നാളിൽ എപ്പഴോ കണ്ടതായ് ഓർമയുണ്ടെന്നതല്ലാതെ അച്ഛൻ എന്നൊരാൾ ജീവിതത്തിലെ ഉണ്ടായിരുന്നില്ല.

അമ്മയോടൊന്നും ചോദിച്ചിട്ടില്ല.

അമ്മ പക്ഷേ… നേരിട്ട ദുരന്തങ്ങളെ ദിവസേന ഓർമിപ്പിക്കാറുണ്ടായിരിന്നു.

അത് കൊണ്ടാവാം.. വെറുപ്പല്ലാതെ വേറൊരു വികാരവും ആ മനുഷ്യനോട്‌ തോന്നിയിട്ടില്ല.

ഇന്നിപ്പോ.. വർഷങ്ങൾക്ക് ശേഷമുള്ള കൂടി കാഴ്ച..

മുഖം നിറയെ രക്തമോലിപ്പിച്ചു നിൽക്കുന്ന അയാളെ കാണുമ്പോൾ മനസ്സിൽ ആളുന്ന കനൽ അൽപ്പം ശമിച്ചത് പോലെ.

പക നിറഞ്ഞൊരു ചിരി ചുണ്ടിൽ മിന്നി മാഞ്ഞത് പോലെ.

കണ്ണെടുക്കാതെ മീരാ വർക്കിയേ തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ടാണ് ക്രിസ്റ്റി അവളുടെ അരികിലേക്ക് ചെന്നത്.
“ഇതൊന്നും കണ്ടു പേടിക്കേണ്ട കേട്ടോ.. ഇതൊക്കെ എന്ത്…”

അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറയുമ്പോൾ..പോലും മീരയുടെ മിഴികളൊന്ന് പിടിച്ചില്ല.

റിഷിൻ അവർ പോയതും വെടിയുണ്ട പോലെ അകത്തേക്ക് പാഞ്ഞു പോയിരുന്നു.

വാ.. അകത്തേക്ക് പോകാം. ”
ക്രിസ്റ്റി മീരയുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു.

“ദാ ബാഗ്”
പിന്നിൽ നിന്നും ഫൈസിയുടെ സ്വരം.

മീരാ തിരിഞ്ഞു നോക്കി.

ഡെയ്സിയാണ് അവനിൽ നിന്നും അത് പിടിച്ചു വാങ്ങിയത്.

വാ മോളെ… ”
ഡെയ്സി വന്നിട്ട് മീരയുടെ കൈ പിടിച്ചു.
ദിലുവും മറിയാമ്മച്ചിയും നെറ്റി ചുളിച്ചു കൊണ്ട് നോക്കുന്നുണ്ട്.

വർക്കി കടുത്ത നിരാശയോടെ മുഖത്തോടെ ഗേറ്റിലേക്ക് നോക്കി നിൽപ്പുണ്ട്.
ചുറ്റും നടക്കുന്നതൊന്നും അയാൾ അറിയുന്നില്ലെന്ന് തോന്നി.

അകത്തേക്കു കയറും മുന്നേ.. മീരാ ഫൈസിയെ തിരിഞ്ഞു നോക്കി.
ഇടനെഞ്ചിൽ ആണി പോലെ ആ നോട്ടം തുളച്ചു കയറിയത് പോലെ ഫൈസി ഒന്ന് പിടഞ്ഞു പോയി.

അവൻ വേഗം നോട്ടം മാറ്റി.

“നീ കയറുന്നുണ്ടോ ഡാ?”
ക്രിസ്റ്റി ഫൈസിയോട് ചോദിച്ചു.

“ഇല്ലെടാ.. പോട്ടെ. നല്ല ക്ഷീണം. ഒന്ന് കുളിച്ചിട്ട് ഇത്തിരി ഉറങ്ങണം. എന്നാലേ ഇത് ശെരിയാവൂ ”

തലയൊന്നു കുടഞ്ഞു കൊണ്ട് ഫൈസി പറഞ്ഞു.

“ശെരി.. എങ്കിൽ വിട്ടോ.. എനിക്കും ഒന്ന് കിടക്കണം ”
ക്രിസ്റ്റിയും പറഞ്ഞു.

വർക്കിയേ ഒന്ന് കൂടി നോക്കിയിട്ട് ക്രിസ്റ്റി അകത്തേക്കും ഫൈസി പുറത്തേക്കും നടന്നു.

❤️❤️
കൊറച്ചു കൂടി കുടിക്ക് മോളെ ”
മറിയാമ്മച്ചി വാത്സല്യത്തോടെ മീരായുടെ തലയിൽ തലോടി.

അവൾക്കൊരു ശ്വാസം മുട്ടലാണ് തോന്നിയത്.

ഒറ്റക്കിരിക്കാൻ മാത്രം കൊതിക്കുന്ന ഒരു മനസ്സ് അവൾക്കുള്ളിൽ വീർപ്പുമുട്ടുന്നുണ്ടായിരുന്നു.

മീരാ യെന്ന് പറഞ്ഞപ്പോൾ തന്നെ മറിയാമ്മച്ചിക്ക് ആളെ തിരിഞ്ഞെങ്കിലും ദിലു അപ്പോഴും ഒന്നും മനസിലാവാതെ നിൽപ്പുണ്ടായിരുന്നു.

“നിന്റെ ചേച്ചിയാണെന്ന് മാത്രമാണ് ഡെയ്സി അവളോട് പറഞ്ഞത്.

അതേത് വകുപ്പിൽ ആയിരിക്കും എന്നാണ് ദിലു ഓർത്തതും.

ചേട്ടായി കൂട്ടി കൊണ്ട് വന്നതാണ്.
എന്തെങ്കിലും കാര്യമില്ലാതിരിക്കില്ല എന്നോർത്ത് കൊണ്ട് സമാധാനിച്ചു പിന്നെ.

“മുകളിലെ നിന്റെ മുറിയുടെ അപ്പുറത്തുള്ള മുറി കാണിച്ചു കൊടുക്ക് ദിലു മീരക്ക് ”

ഡെയ്സി ആ
മീരയുടെ ബാഗും യൂണിഫോം അടങ്ങിയ കവറും ദിൽനയുടെ കയ്യിൽ എടുത്തു കൊടുത്തു കൊണ്ട് ആവിശ്യപ്പെട്ടു.

വാ… ”
മറുതൊന്നും പറയാതെ ഒന്ന് തലയാട്ടി കൊണ്ട് ദിലു മീരയെ വിളിച്ചു.

മീരയുടെ കണ്ണുകൾ ക്രിസ്റ്റിയെ തേടുന്നുണ്ടായിരുന്നു.

അവൾക്കെന്തോ അവനെ കാണാൻ തോന്നി.

ഈ വീർപ്പുമുട്ടൽ എങ്കിൽ മാത്രം അവസാനിക്കുകയോള്ളു എന്ന് അവൾക്കറിയാം.

ദിലുവിന് പിന്നിൽ മുഖം കുനിച്ചു കയറി പോകുന്നവളെ ഡെയ്സിയും മറിയാമ്മച്ചിയും അലിവോടെ നോക്കി.

❤️❤️

അലറി കൊണ്ട് റിഷിൻ ചുവരിൽ ആഞ്ഞടിച്ചു.
മറ്റൊന്നും ചെയ്യാൻ ആവാത്ത ഒരു ദേഷ്യം അവനിൽ നിറഞ്ഞു നിൽപ്പുണ്ട്.

സകല പ്ലാനും അവസാനിച്ചു.
ഒടുക്കം അവൾ തലയിലുമായി.
ഗൗരിയെ ഓർത്തതും അവന്റെ പല്ലുകൾ ഞെരിഞ്ഞു.

“അങ്ങനെ റിഷിനെ പൂട്ടിയെന്ന് ആരും കരുതണ്ട.. കാണിച്ചു തരാം ഞാൻ. അവന്റെയൊരു ഒടുക്കത്തെ വാക്ക് കൊടുക്കൽ ”
മുഷ്‌ടി ചുരുട്ടി കൊണ്ടവൻ പിറുപിറുത്തു.

❣️❣️

“എന്ത് പറ്റി… വയ്യേ?”
ഇടയ്ക്കിടെ നെറ്റിയിൽ കൈ ചേർത്ത് അമർത്തുന്ന ലില്ലിയുടെ അരികിലേക്ക് ചെന്നിട്ട് ഷാനവാസ് ചോദിച്ചു.
പലപ്രാവശ്യമായി അവളുടെ അസ്വസ്ഥത നിറഞ്ഞ മുഖം അയാൾ ശ്രദ്ധിക്കുന്നുണ്ട്.

എത്രയൊക്കെ അടക്കി പിടിച്ചിട്ടും അവളുടെ അരികിലെത്തി അതെന്താണെന്ന് അറിയാതെ തനിക്കൊരു സമാധാനം കിട്ടുന്നില്ലെന്ന് തോന്നിയിട്ടാണ് അയാൾ അവളുടെ നേരെ ചെന്നതും.

“തല.. തലവേദന സർ ”
മുഖം ചുളിച്ചു കൊണ്ട് ലില്ലി പറഞ്ഞു.

ആ മുഖം വാടി പോയിരുന്നു.

“വയ്യെങ്കിൽ പോയി റസ്റ്റ്‌ എടുക്ക്.. വെറുതെ അസുഖം കൂട്ടാൻ ”
അതേ അസ്വസ്ഥതാ വീണ്ടും അയാളെ പൊതിയുന്നുണ്ടായിരുന്നുവപ്പോൾ.

❣️❣️

ക്രിസ്റ്റി മുറിയിലേക്ക് കയറിയതും ഫോൺ ബെല്ലടിച്ചതും ഒരുമിച്ചാണ്.
പാത്തുവാണ്..

അവളുടെ പേര് കണ്ടതും അത് വരെയും നിറഞ്ഞു നിന്ന സംഘർഷം അവൻ മറന്നു പോയിരുന്നു.

“വീട്ടിൽ എത്തിയോ ഇച്ഛാ..?”
ആകാംഷ നിറഞ്ഞ അവളുടെ സ്വരം.

“ദേ ഇപ്പൊ വന്നു കയറിയതേ ഒള്ളു പാത്തോ ”
കിടക്കയിലേക്ക് ഇരുന്നു കൊണ്ട് അവൻ പറഞ്ഞു.

“വൈകുന്നേരം…കാണാൻ പറ്റില്ലേ…?”
അവൾക്ക് അതറിയാൻ ആയിരുന്നു തിടുക്കം.

“നിനക്കിറങ്ങാൻ ബുദ്ധിമുട്ടുണ്ടോ…?”
ക്രിസ്റ്റി തിരികെ ചോദിച്ചു.

“ഇല്ല.. ഞാൻ വരാം.. ഇവിടെ ആ ചെകുത്താൻ ഇല്ല. രാവിലെ പോയതാ.. അത് കൊണ്ട് എനിക്കിറങ്ങി വരാൻ പറ്റും ”
പാത്തു ആവേശത്തിൽ പറയുമ്പോൾ… ക്രിസ്റ്റി ചിരിച്ചു.

അപ്പോഴും അവർക്കെതിരെയുള്ള പുതിയ പടയൊരുക്കങ്ങൾ നടത്തുന്നവൻ അടുത്ത്.. വളരെ അടുത്ത് തന്നെ ഉണ്ടെന്ന് അവർ അറിഞ്ഞതുമില്ല………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button