നിലാവിന്റെ തോഴൻ: ഭാഗം 68
രചന: ജിഫ്‌ന നിസാർ
ഗൂഡമായൊരു ചിരിയോടെ ഷാഹിദ് കയ്യിലുള്ള ഗ്ലാസ് കറക്കി.
അവന്റെ മുന്നിൽ നിൽക്കുന്നവർക്ക് നല്ല ഭയമുണ്ടായിരുന്നുവെന്ന് അവരുടെ മുഖം കാണുമ്പോൾ തന്നെ അറിയാൻ പറ്റും.
അവന്റെ മുഖത്തുള്ള ചിരിയേ തന്നെയാണ് അവരറെ ഭയക്കുന്നതും.
“അപ്പൊ ക്രിസ്റ്റി ഫിലിപ്പിനെതിരെ കളിച്ച ഫസ്റ്റ് പ്ലാൻ… അത് ഞാൻ വിചാരിച്ചതിനേക്കാൾ മനോഹരമായി വിജയം കണ്ടിരിക്കുന്നു… ഗുഡ്.. വെരി ഗുഡ് ”
അവൻ കൂട്ടാളികൾക്ക് നേരെ തിരിഞ്ഞു നിന്നിട്ട് ചിരിയോടെ തന്നെ പറഞ്ഞു.
അവരെല്ലാം പരസ്പരം നെറ്റി ചുളിച്ചു കൊണ്ട് നോക്കി.
എട്ടു നിലയിൽ പൊട്ടിയ പ്ലാൻ ആണ്… ഇവൻ വിജയിച്ചുവെന്ന് അഹങ്കാരത്തോടെ പറയുന്നത്.
“എന്താണ് നിങ്ങൾക്കൊരു സന്തോഷമില്ലാത്തത്. ഇത് സന്തോഷിക്കേണ്ട മൂവ്മെന്റ് ആണ് ഗയ്സ്..”
ഷാഹിദ് വീണ്ടും ചിരിച്ചു.
അപ്പോഴും അവനെന്താണ് ചിന്തിക്കുന്നത് എന്നവർക്ക് മനസ്സിലായില്ല.
അതിന്റെ ഒരു പകപ്പുണ്ട് അവർക്ക് എല്ലാവർക്കും.
“നിങ്ങൾക്കിപ്പോഴും കത്തിയില്ല. അല്ലേ?”
അവൻ വീണ്ടും ചോദിക്കുമ്പോൾ ഉണ്ടന്നോ ഇല്ലായെന്നോ തിരിച്ചറിയാൻ കഴിയാത്ത വിധം അവർ ഒന്ന് തലയാട്ടി.
“പറഞ്ഞു.. തരാം ”
കയ്യിലുള്ള ഗ്ലാസ്സിലെ മദ്യം വായിലേക്ക് കമ്ഴ്ത്തി കൊണ്ടവൻ മുഖം ചുളിച്ചു.
“നിങ്ങളുടെ മനസ്സിൽ ക്രിസ്റ്റിക്കെതിരെ നടത്തിയ പ്ലാൻ വമ്പൻ പരാജയം ആണ്. റൈറ്റ്..?”
അവൻ ചോദ്യത്തോടെ അവരെ നോക്കി.
അതേയെന്ന് തലയാട്ടി കാണിക്കുമ്പോൾ അവർക്കൊരു ജ്യാളതയുണ്ടായിരുന്നു.
“പക്ഷേ… ഇതിങ്ങനെ തന്നെ വരും എന്നെനിക്ക് അറിയാമായിരുന്നു. എത്രയൊക്കെ പഴുത്തടച്ചാലും ഇന്ന് രാവിലെ കോളനിയിൽ ചെന്നവനല്ല ക്രിസ്റ്റി ഫിലിപ്പെന്നത് അവരിൽ ആരെങ്കിലും കണ്ട് പിടിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു ”
ഷാഹിദ് ചിരിയോടെ വീണ്ടും അവരെ നോക്കി.
“ഇതെല്ലാം അറിഞ്ഞു കൊണ്ട് പിന്നെ അങ്ങോട്ട് പോയത് വിഡ്ഢിത്തമല്ലേ “എന്ന് കൂടി നിൽക്കുന്നവരിൽ പലർക്കും നാവിൽ തുമ്പിനോളം വന്ന ചോദ്യമായിരുന്നു.
അവന്റെ മുഖത്തെ ചിരിയിലേക്ക് നോക്കി അത് ചോദിക്കാൻ അവർക്ക് ധൈര്യം പോരായിരുന്നു.
“കാര്യങ്ങൾ ഞാൻ ഉദ്ദേശിച്ചത് പോലെ തന്നെ നടന്നു. കോളനിക്കാർ കുന്നേൽ ക്രിസ്റ്റി ഫിലിപ്പിന്റെ വാക്കുകൾ വിശ്വാസിച്ചു കൊണ്ട് തിരികെ മടങ്ങി. അത്.. അത് തന്നെ ആയിരുന്നു എനിക്ക് വേണ്ടതും ”
ഷാഹിദിന്റെ മുഖത്തൊരു ക്രൂരത നിറഞ്ഞ ചിരിയുണ്ടായിരുന്നു അത് പറയുമ്പോൾ.
“ഇനി ആ വിശ്വാസം തകർന്ന് പോയാലുള്ള അവസ്ഥ നിങ്ങളൊന്നു ഓർത്തു നോക്കിക്കേ.. ജീവനോടെ വലിച്ചു കീറാൻ ക്രിസ്റ്റിക്ക് നേരെ ആവും കോളനിക്കാർ ആദ്യം ചെല്ലുന്നതും…ശെരിയല്ലേ?”
ഷാഹിദ് പറഞ്ഞു നിർത്തുമ്പോൾ അവനെന്താണ് ഉദ്ദേശിച്ചത് എന്ന് അവർക്കും ഏറെക്കുറെ മനസ്സിലായിരുന്നു.
അവന്റെ കൂർമ ബുദ്ധിയിൽ അവർക്ക് അസൂയ തോന്നി.
“ഇനിയാണ് എനിക്ക് ചെയ്യാനുള്ളത്. ക്രിസ്റ്റി ഫിലിപ്പിനെ പൂട്ടാൻ ഇനിയാണ് ശരിക്കുമുള്ള കളി ”
പക നിറഞ്ഞ കണ്ണോടെ ഷാഹിദ് കൂട്ടാളികളെ നോക്കി ചിരിച്ചു.
“കുന്നേൽ തറവാട്ടിൽ നിന്നും അവനെതിരെ എനിക്കൊപ്പം നിൽക്കാൻ ഒരു തുറുപ്പു ചീട്ട് കൂടി ഞാൻ ഇന്നത്തെ പ്രശ്നത്തിനിടെ കണ്ടെത്തിയിരിക്കുന്നു. ഇനിയെന്റെ കളികളുടെ രീതി മാറും. അവന്റെ വീട്ടിൽ നിന്നും തന്നെ അവനെതിരെ ഞാൻ പട നയിക്കും ”
അത് പറഞ്ഞു കൊണ്ട് ഷാഹിദ് വീണ്ടും ചിരിച്ചു.
വർക്കിയുടെ പക നിറഞ്ഞ മുഖം ഓർമയിൽ കണ്ടെന്നത് പോലെ.. ഷാഹിദിന്റെ ചിരിക്കപ്പോൾ ഏറെ തിളക്കമുണ്ടായിരുന്നു.
❣️❣️❣️
മുറിയിലെത്തി ഒന്ന് കുളിച്ചു കഴിഞ്ഞതിനു ശേഷമാണ് ഫൈസി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി ചെന്നത്.
കുളിച്ചിട്ടും തലയ്ക്കുള്ളിലെ ആ മന്ദത അൽപ്പം പോലും കുറഞ്ഞിട്ടില്ല.
വിശപ്പോ ദാഹമോ ഒന്നും തോന്നുന്നില്ല.
അടുക്കളയിൽ തിരഞ്ഞിട്ടും ആയിഷയെ കാണാത്തത് കൊണ്ട് അവൻ ചാരി വെച്ച അവരുടെ മുറിയുടെ വാതിൽ തുറന്നു നോക്കി.
നിസ്കാരപായയിലാണ്.
കയ്യിലെ തസ്ബീഹ് മാലയിൽ പ്രാർത്ഥന മന്ത്രം ഉരുവിടുന്നുണ്ട്.
ഫൈസി അങ്ങോട്ട് ചെന്നിട്ടു അവരുടെ മടിയിലേക്ക് തല വെച്ച് കിടന്നു.
പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ അവരൊന്നു ഞെട്ടി പോയി.
“ആഹ്.. ഇയ്യെപ്പളാ ഫൈസ്യേ വന്നേ?”
അവൻ വന്നതൊന്നും അറിയാതെ ആയിഷ ചോദിച്ചു.
“കുറച്ചേരായി..”
ഫൈസി അതേ കിടപ്പിൽ തന്നെ പറഞ്ഞു.
“എന്താ ആ കുട്ടീടെ അവസ്ഥ? എവിടാ അയിനെ ആക്കിയത്? വല്ലാത്തൊരു വിധിയായി പോയി ”
ക്രിസ്റ്റിയുടെ കൂടെ ശാരി ആന്റിയെ കാണാൻ പോകുമ്പോഴെല്ലാം അവിടുത്തെ കാര്യങ്ങൾ ഫൈസി പറഞ്ഞിട്ട് ആയിഷക്ക് അറിയാം.
“ആ ചോദ്യം കൂടി കേട്ടത്തോടെ അവന്റെ ഉള്ളം വീണ്ടും പിടഞ്ഞു.
“പടച്ചോൻ ഒന്നും കാണാതെ ഇങ്ങനൊന്നും ആരോടും ചെയ്യൂല. ന്തായാലും ആ കുട്ടി എടങ്ങേറാവാഞ്ഞ മതിയായിരുന്നു ”
ഫൈസിയുടെ നനഞ്ഞ മുടിയിൽ തലോടി കൊണ്ട് ആയിഷ വീണ്ടും പറഞ്ഞു.
എത്ര ഒതുക്കി പിടിച്ചിട്ടും ആ വാക്കുകൾക്ക് മുന്നിൽ ഫൈസിയുടെ ഹൃദയം പിളർന്നു പോയിരുന്നു.
അറിയാതെ തന്നെ അവന്റെ കണ്ണുകൾ ആ മടിയിലേക്ക് നിറഞ്ഞൊഴുകി തുടങ്ങി…
ഒരു തുടക്കം പോലെ.
❣️❣️
“എന്താണ് ഒരു ഒളിച്ചു കളി.. ഏഹ്?”
തന്റെ മുറിയുടെ വാതിൽക്കൽ വന്നിട്ട് പതുങ്ങി നിന്ന് പാളി നോക്കുന്ന ദിലുവിനെ കൈ മാടി വിളിച്ചിട്ട് അകത്തേക്കിരുത്തി കൊണ്ട് ക്രിസ്റ്റി ചോദിച്ചു.
ഒന്നുമില്ലെന്ന് അവൾ ചുമൽ പൊക്കി കാണിച്ചു.
“ഏയ്.. അത് വെറുതെ.. എന്തോ ഉണ്ട് ”
അവൻ അവൾക്ക് നേരെ തിരിഞ്ഞിരുന്നു.
“ഇല്ലന്നേ..”
ദിലു ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി.
“ഉണ്ടന്നേ…”
അവൻ അവളുടെ മൂക്കിൻ തുമ്പിലൊന്നു തട്ടി.
“മീരാ ആരാണെന്ന് അറിയണം. അതല്ലേ?”
വീണ്ടും ഒന്നും മിണ്ടാതെയിരിക്കുന്നവളെ നോക്കി ക്രിസ്റ്റി ചിരിയോടെ ചോദിച്ചു.
അതേയെന്ന് ദിലു തലയാട്ടി കാണിച്ചു.
“നിന്റെ ചേച്ചിയാണ്. സ്വന്തം കൂടപ്പിറപ്പ് ”
അത് പറയുമ്പോൾ അത്ര അമർത്തി പിടിച്ചിട്ടും ക്രിസ്റ്റിയുടെ പല്ലുകൾ ഞെരിഞ്ഞു.
“അത്.. അത് അമ്മയും പറഞ്ഞു ചേട്ടായി ”
ദിലു അവനെ നോക്കി പറഞ്ഞു.
“എങ്ങനെ ചേച്ചിയായി എന്നാണവൾക്ക് അറിയേണ്ടതെന്ന് ക്രിസ്റ്റിക്ക് മനസിലായി.
“ഇപ്പൊ എന്റെ മോള് അത്ര മാത്രം അറിഞ്ഞാൽ മതി. സമയമാവുമ്പോൾ എല്ലാം ചേട്ടായി തന്നെ നിനക്ക് പറഞ്ഞു തരാം. അത് പോരെ?”
ക്രിസ്റ്റി അവളുടെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് ചോദിക്കുമ്പോൾ മതിയെന്ന് തലയാട്ടി കാണിച്ചു ദിലു.
“മീരയുടെ കൂടെ ഉണ്ടാവണം കേട്ടോ. അവൾക്കിവിടെ ആരെയും അറിയില്ല. നമ്മളല്ലാതെ ഇനി ആരും അവൾക്കില്ല.”
അത് പറയുമ്പോൾ അവനുള്ളം വല്ലാതെ നീറുന്നുണ്ടായിരുന്നു.
അതും ദിലു തലയാട്ടി സമ്മതിച്ചു.
“ഇന്നിവിടെ വന്നതൊക്ക ആരാ ചേട്ടായി?”
ദിലു വീണ്ടും ചോദിച്ചു.
“അതോ… അത്…”
ക്രിസ്റ്റി അതിനുത്തരം എന്ത് പറയണമെന്നോർത്തു ഒരു നിമിഷം.
പിന്നെ എന്നായാലും എല്ലാം അവളറിയേണ്ടതാണെന്ന് തോന്നി അവൾക്ക് മനസിലാവുന്നത് പോലെ അവനത് പറഞ്ഞു കൊടുത്തു.
“ഇനി.. ഇനി വല്ല്യ പ്രശ്നമുണ്ടാവില്ലേ ചേട്ടായി?”
എല്ലാം കേട്ടു കഴിഞ്ഞതും ദിലു ഭയത്തോടെ ചോദിച്ചു.
“ഏയ്… എന്തൊക്കെ പ്രശ്നമുണ്ടായാലും ചേട്ടായി ഉള്ളടത്തോളം നിങ്ങളെയൊന്നും ആരും ചെയ്യില്ല.. അത് പോരെ?”
അവൻ ചിരിയോടെ ചോദിക്കുമ്പോൾ ദിലു ഒരു നിമിഷം അവനെ തന്നെ മുഖം ഉയർത്തി നോക്കി നിന്നു.
എന്തൊരു വിഡ്ഢിയായിരുന്നു താൻ. ഈ സ്നേഹമാണ്.. കരുതലാണ് ഇത്രേം കാലം മാറ്റി നിർത്തിയതെന്നോർക്കേ അവൾക്ക് വീണ്ടും സങ്കടം വന്നു.
“എന്തേ… കണ്ണ് നിറഞ്ഞല്ലോ?”
ക്രിസ്റ്റി അവളെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു.
“പപ്പയും ഏട്ടനും ഇനി ചേട്ടായിയോട്….”
പാതിയിൽ നിർത്തി കൊണ്ട് ദിലു മുഖം കുനിച്ചു.
“ഇങ്ങനൊന്നും അല്ലെങ്കിലും അവർക്ക് ചേട്ടായി ശത്രുവല്ലേ ദിലു ”
ചിരിയോടെ എങ്കിലും അതവന്റെ വേദനയാണെന്ന് തോന്നി ദിലുവിന്.
‘പക്ഷേ… എനിക്ക് റിഷിയെ അങ്ങനങ്ങ് ഉപേക്ഷിച്ചു കളയാനൊക്കുമോ. അവനെന്റെ അനിയനല്ലേ..? ”
ക്രിസ്റ്റി കണ്ണ് ചിമ്മി കാണിച്ചു.
നെഞ്ചിൽ ഒരു കരച്ചിൽ വന്നു തിങ്ങിയതും ദിലു അവനെ നോക്കാതെ പുറത്തേക്കിറങ്ങി പോയി.
ആ പോക്ക് നോക്കി ക്രിസ്റ്റി ഒരു നിമിഷം നിന്നു.
പിന്നെ കുളിക്കാൻ വേണ്ടി ഡ്രസ്സ് അഴിച്ചു തുടങ്ങി.
അപ്പോഴും രാവിലെ കോളനിക്കാർ വന്നു പറഞ്ഞു പോയ ചില വാക്കുകൾ ആയിരുന്നു അവന്റെ മനസ്സിൽ.
ആരായിരിക്കും… ഇന്ന് രാവിലെ കുന്നേൽ ക്രിസ്റ്റി ഫിലിപ്പെന്ന പേരിൽ അവരുടെ മുന്നിലേക്ക് ചെന്നിട്ടാവുക?
എന്തായിരിക്കും അവരുടെ ഉദ്ദേശം?
റിഷിൻ അങ്ങനൊരു വിഡ്ഢിത്തം കാണിക്കുമെന്ന് തോന്നുന്നില്ല.കണ്ടിട്ടത്തോളം ഗൗരി അവനൊരു ടൈം പാസ് മാത്രം ആയിരിക്കാനാണ് സാധ്യത.
പിന്നെ ആരായിരിക്കും?
അത്..അതാണ് ആദ്യം കണ്ട് പിടിക്കേണ്ടത്.
എവിടെയോ മുഖം മറച്ചൊരു ശത്രു തനിക്കെതിരെ പട നയിക്കുന്നുണ്ടെന്ന് അവനുറപ്പായി.
അവന്റെ മുഖം വലിഞ്ഞു മുറുകി…
കൂടുതൽ ചിന്തിച്ചു നിൽക്കാൻ സമയമില്ല.
അവിടെ നിന്നും ഇറങ്ങാൻ പറ്റിയാൽ ആ നിമിഷം പാത്തു വിളിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.
അവളെ കാണാൻ പോകണം.മനസ്സിലുള്ള ചിലതെല്ലാം അവളോട് പറയുകയും വേണം.
ക്രിസ്റ്റി വേഗം കുളിക്കാൻ കയറി.
❣️❣️❣️
ഏയ്… താൻ പെട്ടന്ന് റെഡിയായി വാ. നമ്മുക്കൊരിടം വരെയും പോവാനുണ്ട് ”
അതും പറഞ്ഞിട്ട് മുറിയിലേക്ക് ഷാഹിദ് കയറി വന്നതും പാത്തു കിടന്നിടത്തു നിന്നും ചാടി എഴുന്നേറ്റു തട്ടം പിടിച്ചിട്ടു.
“ഞാൻ.. ഞാനിപ്പോ..”
അവൾക്കപ്പോൾ അവനോട് എന്ത് പറയണം എന്നറിയില്ലായിരുന്നു.
വൈകുന്നേരം ക്രിസ്റ്റീയോട് ചെല്ലാമെന്ന് പറഞ്ഞത് ഇവൻ ഇവിടില്ല എന്നുള്ള ഒറ്റ ആശ്വാസത്തിലായിരുന്നു.
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കും വരെയും ഈ പിശാചിനെ കാണാത്തത് കൊണ്ട് മനസ്സിൽ സന്തോഷിക്കുകയായിരുന്നു.
പെട്ടന്ന് എവിടെ നിന്നും പൊട്ടി മുളച്ചതാവോ?
പാത്തു നിന്ന് വിയർത്തു.
അവളുടെ കൈകൾ തട്ടത്തിൽ ഞെരിഞ്ഞു.
“എന്ത് പറ്റിയെടോ?”
അവളുടെ വെപ്രാളം ആസ്വദിച്ചു കൊണ്ട് ഗൂഡമായൊരു ചിരിയോടെ ഷാഹിദ് പാത്തുവിനോട് ചോദിച്ചു.ഒന്നും അറിയാതത് പോലെ.
‘ഒന്നും… ഒന്നുമില്ല ”
അവൾ പതിയെ പറഞ്ഞു.
“ആഹ്.. എന്നിട്ടാണോ ഇങ്ങനെ നിൽക്കുന്നത്? പെട്ടന്ന് റെഡിയായി വാ. ഒരു യാത്ര പോകാം ”
അവൻ വീണ്ടും ആവേശത്തിൽ പറഞ്ഞു.
“ഞാൻ… ഞാൻ വരുന്നില്ല. എനിക്കെന്തോ.. നല്ല..”
“പനി വല്ലതുമുണ്ടോ?”
പാത്തു പറഞ്ഞു മുഴുവനാക്കും മുന്നേ ചോദ്യത്തോടെ ഷാഹിദ് അവളുടെ നെറ്റിയിൽ കൈ ചേർത്ത് വെച്ച് കൊണ്ട് ചോദിച്ചു.
പാത്തു പൊള്ളിയത് പോലെ പിന്നിലേക്ക് വലിഞ്ഞു.
അവനൊരു വല്ലാത്ത അധികാരം കാണിക്കുന്നത് പോലെയാണ് പാത്തുവിന് തോന്നിയത്.
“അസുഖമൊന്നും ഇല്ലല്ലോ. പിന്നെന്താടോ.. താൻ റെഡിയായി വന്നേ. ഇവിടെ വന്നിട്ട് താൻ എങ്ങോട്ടും പോയിട്ടില്ലല്ലോ?എനിക്കാണേൽ തനിക്കൊപ്പം സ്പെൻറ് ചെയ്യാൻ ടൈം കിട്ടിയതുമില്ല. ഇപ്പൊ ഒരു ഗ്യാപ് കിട്ടിയതും ഓടി വന്നതാ ”
ഷാഹിദ് വീണ്ടും അവളുടെ കണ്ണിലെക്ക് തന്നെ നോക്കി കൊണ്ട് പറഞ്ഞു.
പാത്തുവിന് പിന്നെ അവനോട് മുടക്ക് പറയാൻ കാരണങ്ങൾ ഏതും ഇല്ലായിരുന്നു.
“എനിക്ക് തന്നോട് സംസാരിക്കാൻ ഉണ്ട്. റെഡിയായി വാ. പെട്ടന്ന് തന്നെ തിരിച്ചു വരാം. ഞാൻ താഴെ ഉണ്ട്.”
അത് വരെയും ഉണ്ടായിരുന്നത് പോലൊരു ഭാവമായിരുന്നില്ല അത് പറയുമ്പോൾ അവനുള്ളതെന്ന് പാത്തുവിന് പെട്ടന്ന് മനസ്സിലായി.
ഒരുതരം ആക്ഞ്ഞ..
വന്നേ പറ്റൂ എന്നൊരു നിർബന്ധബുദ്ധി..
അങ്ങനെ… അങ്ങനെ എന്തെല്ലാമോ..
പെട്ടന്ന് വരണം ”
അവസാനവാക്കെന്നോണം അത് കൂടി പറഞ്ഞിട്ടവൻ തിരിഞ്ഞു നടന്നു.
ഇനി എങ്ങനെ ഇച്ഛയെ കാണും?
നിരാശയോടെ അവളോർത്തത് അതായിരുന്നു.
ഇച്ഛാ തന്നെ കാത്തിരിക്കും.
ആ ഓർമ അവളുടെ കണ്ണ് നിറയിച്ചു.
ഷാഹിദിനെ പിണക്കുന്നതും ബുദ്ധിയല്ലെന്ന് അവൾക്കറിയാം.
ചെകുത്താനെ പോലെയാണ്.
തത്കാലം അവൻ പറയുന്നത് അനുസരിക്കുകയാണ് നല്ലത്.
പാത്തു ഒരു തീരുമാനത്തിലെത്തി.
അവളുടെ മുറിയിൽ നിന്നിറങ്ങി നടക്കുമ്പോൾ അവന്റെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു.
“ഇനി നീയും അവനും കണ്ട് മുട്ടുന്നതെങ്ങനെ…?”
സ്വയം ആ ചോദ്യം അവന്റെ മനസ്സിൽ നിറഞ്ഞു..
…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…