നിലാവിന്റെ തോഴൻ: ഭാഗം 71
രചന: ജിഫ്‌ന നിസാർ
ഒരു പ്രാവശ്യം കേട്ടിട്ടും അവഗണിച്ചു വിട്ട ഫോൺ ബെല്ലടി വീണ്ടും തുടർന്നപ്പോൾ ക്രിസ്റ്റി ബൈക്ക് റോഡിനോരം ചേർത്ത് നിർത്തി.
നല്ല മഴ വരുന്നതിന്റെ അടയാളം പോലെ ഇടക്കിടെ ഇടി മുരളുകയും തണുത്ത കാറ്റ് വീശുകയും ചെയ്തപ്പോൾ എത്രയും പെട്ടന്ന് വീട്ടിലെത്താനുള്ള ചിന്തയായിരുന്നു അവനുള്ളിൽ നിറഞ്ഞത്. ഫോണെടുത്തു
പാത്തുവാണ് വിളിക്കുന്നത്.
“പാത്തു….”
ആവേശത്തിൽ അവനെതെടുത്തു കൊണ്ട് വിളിക്കുമ്പോൾ മറുവശം കേൾക്കാൻ കഴിഞ്ഞത് നേർത്ത തേങ്ങലുകളാണ്.
“പാത്തു.. എന്താ.. എന്തിനാ നീ കരയുന്നത്?”
ക്രിസ്റ്റി വെപ്രാളത്തോടെ ചോദിച്ചു.
എന്നിട്ടും കരച്ചിലിന്റെ ശബ്ദം കുറച്ചു കൂടി വ്യക്തമായി കേൾക്കാൻ കഴിഞ്ഞു എന്നതല്ലാതെ അവളുടെ മറുപടിയൊന്നുമില്ല.
“ഡീ.. എന്തെങ്കിലും ഒന്ന് പറ മനുഷ്യന്റെ ടെൻഷൻ കൂട്ടാതെ.. പ്ലീസ് ”
നെറ്റിയിൽ തടവി കൊണ്ട് ക്രിസ്റ്റി അസഹ്യതയോടെ ചോദിച്ചു.
“ഇച്ഛാ…”
കരച്ചിൽ കൊണ്ടുലഞ്ഞു പോയ ആ വിളി അവന്റെ ഇടനെഞ്ചിൽ പ്രകമ്പനം കൊള്ളിച്ചു.
“എന്താ.. എന്താ നിനക്ക് പറ്റിയെ?”
ക്രിസ്റ്റി വീണ്ടും ചോദിച്ചു.
“ഞാൻ… എനിക്കൊന്ന് കാണാൻ തോന്നുന്നു ”
പാത്തു വിങ്ങലോടെ പറഞ്ഞു.
“ഇപ്പഴോ..?”
ക്രിസ്റ്റിയുടെ നെറ്റി ചുളിഞ്ഞു..
“മ്മ്..”
“ഞാൻ അറക്കലോട്ടു വരട്ടെ ”
അവൻ ചോദിച്ചു.
“വരുവോ..?”
“നിനക്കെന്നെ കാണാൻ തോന്നുന്നുവെങ്കിൽ… നീ വിളിച്ചാൽ ഞാൻ വരും. അതിനി നീ ഉള്ള എവിടെക്കാണങ്കിൽ പോലും ഞാൻ വരും…”
യാതൊരു സംശയങ്ങലുമില്ലാതെ ക്രിസ്റ്റി പറഞ്ഞു.
“എനിക്കറിയാം ഇച്ഛാ.. വരും ന്ന് എനിക്കറിയാം ”
കരച്ചിലോടെ തന്നെയാണ് അവൾ പറയുന്നതെന്ന് അവന് മനസ്സിലായി.
“ഷാഹിദ്.. അവനിന്ന് വന്നു. അല്ലേ ?”
തന്നെ കാണാൻ കൊതിച്ചു വരാമെന്നു പറഞ്ഞവൾ ഇന്ന് എത്താതിരുന്നുവെങ്കിൽ അതിനൊറ്റ കാരണമേ ഉണ്ടായിരിക്കൂ എന്നുറപ്പുണ്ടായിരുന്നത് കൊണ്ട് തന്നെ ക്രിസ്റ്റി ചോദിച്ചു.
“നിന്ന് കരയാണ്ട് നീ കാര്യം പറയെന്റെ പാത്തു. എങ്കിലല്ലേ എനിക്കറിയാൻ പറ്റൂ.. എന്താ ഉണ്ടായതെന്ന്.”
അവൻ വീണ്ടും ആവിശ്യപ്പെട്ടു.
“അവൻ പോവേണ്ടന്ന് പറഞ്ഞോ നിന്നോട്?”
ക്രിസ്റ്റി വീണ്ടും ചോദിച്ചു.
പാത്തു വിക്കിയും മൂളിയും ഷാഹിദ് ചെയ്തതും പറഞ്ഞതുമെല്ലാം ക്രിസ്റ്റീയോട് പറഞ്ഞു.
“അവനങ്ങനെ പറഞ്ഞു ന്ന് വെച്ച് പിടിച്ചു കെട്ടിയിട്ടൊന്നും ഇല്ലല്ലോ ന്റെ പാത്തോ.. നീ ഇങ്ങനെ കരയാൻ ”
അവൾ പറഞ്ഞതെല്ലാം കെട്ട് ഒരു നിമിഷത്തെ നിശബ്‍ദക്ക് ശേഷം ക്രിസ്റ്റി ചിരിയോടെ ചോദിച്ചു.
“എനിക്ക് പേടിയാവുന്നു ഇച്ഛാ.. അവന്റെയൊരു ചിരിയും നോട്ടവും.. എനിക്കെന്തോ പോലെ തോന്നുന്നു.”
പാത്തു വീണ്ടും പറഞ്ഞു.
“അറക്കലെ ഫാത്തിമയുടെ കഴുത്തിലൊരു മിന്നു വീഴുന്നുണ്ടെങ്കിൽ അതീ കുന്നേൽ ക്രിസ്റ്റി ഫിലിപ്പിന്റെ കൈ കൊണ്ടായിരിക്കും. നീ ജീവിക്കുന്നത് എന്റെ പാതി ആയിട്ടാവും.. ഞാൻ ജീവനോടെയുണ്ടാവുമ്പോൾ നിന്നെ വേറെ ആരും സ്വന്തമാക്കില്ല. ആ ഉറപ്പ് പോരെ നിനക്കിപ്പോ ”
ക്രിസ്റ്റി ഉറപ്പോടെ ചോദിച്ചു.
അപ്പുറം അനക്കമൊന്നുമില്ല.
“പാത്തോ…”
ക്രിസ്റ്റി ചിരിയോടെ താളത്തിൽ വീണ്ടും വിളിച്ചു നോക്കി.
“മ്മ് ”
ആഹ്ലാദത്തോടെയുള്ള വിളി കേൾക്കലാണ് അതെന്ന് ക്രിസ്റ്റിക്ക് പെട്ടന്ന് മനസ്സിലായി.
“യാത്ര കഴിഞ്ഞു വന്നതല്ലേ.. പേടിയൊക്കെ ദൂരെ കളഞ്ഞിട്ട് പോയി ഫ്രഷ് ആയിട്ട് വന്നു കിടന്നോ . ഇച്ഛാ ഒരു യാത്രയിലാണ്. പറ്റിയാൽ വീട്ടിൽ എത്തിയിട്ട് വിളിക്കാം. കാത്തിരിക്കൂകയൊന്നും വേണ്ട.. ഉറക്കം വരുന്നുണ്ടെങ്കിൽ നീ ഉറങ്ങിക്കോ ട്ടോ ”
സ്നേഹത്തോടെ ക്രിസ്റ്റി പറഞ്ഞു..
അതിലലിഞ്ഞു നിൽക്കുന്നത് പോലെ അവളുടെ ശബ്ദമൊന്നും കേൾക്കുന്നില്ല.
“വെച്ചോട്ടെ ഞാൻ?”
ക്രിസ്റ്റി വീണ്ടും ചോദിച്ചു
“ഇച്ഛാ…”
അതിനുത്തരം പറയാതെ പാത്തു വിളിച്ചു.
“മ്മ് ”
“I love u”
ആർദ്രത നിറഞ്ഞ അവളുടെ സ്വരം.
“Love u too”
ഉള്ളിലെ സ്നേഹം മുഴുവനും നിറച്ചിട്ട് അവൻ അവൾക്കുള്ള ഉത്തരം പറഞ്ഞു.
“നമ്മളിനി എപ്പഴാ കാണുന്നത്?”
ആ ചോദ്യത്തിൽ തന്നെ ഉണ്ടായിരുന്നു ഒരു നോക്ക് കാണാൻ അവളെത്ര മോഹിക്കുന്നുവെന്നത്.
“പടച്ചോന്റെ ദുനിയാവ് ഇങ്ങനെ നീണ്ടു പരന്നു കിടപ്പല്ലേ ന്റെ പാത്തോ.. മ്മക്ക് കാണാ.. ന്ന് ”
ആ മോഹത്തിന്റെ ആഴം അറിഞ്ഞു കൊണ്ട് തന്നെയാണ് അവനങ്ങനെ പറഞ്ഞതും.
“നീ മുറിയിലാണോ…”
ക്രിസ്റ്റി ചോദിച്ചു.
“അല്ലന്നേ.. ഞാനിവിടെ പുറത്ത്.. ഇച്ഛടെ റബ്ബർ തോട്ടം താജ്മഹൽ കാണുന്ന പോലെ ആവേശത്തിൽ നോക്കി നിൽക്കുവാ ”
പതിഞ്ഞ ചിരിയോടെ അവളത് പറയുമ്പോൾ ക്രിസ്റ്റി ഉറക്കെ ചിരിച്ചു.
“സ്വപ്നം കാണുന്നത് ആ ഷാഹിദ് വാച്ചു ചെയ്യുന്നുണ്ടോ ന്ന് ശ്രദ്ധിക്കണം.. മുകളിലല്ലേ നിന്റെ റൂം?”
“ആ.. അറക്കൽ ആർക്കും വേണ്ടാത്ത.. മുകളിലെ ഏറ്റവും അറ്റത്തെ മുറിയാണ് ഈ എന്റേത്.”
ലേശം പരിഹാസത്തോടെയാണ് അവളത് പറഞ്ഞതും.
“വീഡിയോ കോൾ വിളിക്കാനും വയ്യല്ലോ പെണ്ണേ. ഞാനിപ്പോ റോഡിൽ നിന്നിട്ടാ നിന്നെ വിളിക്കുന്നത്. ഇവിടാണെൽ നല്ല ഇരുട്ടും.”
ക്രിസ്റ്റി ചിരിയോടെ പറഞ്ഞു.
“എവിടെ പോയതാ ഈ നേരത്ത്?”
“വല്യപ്പനേം വല്ലായ്മ്മച്ചിയേം കാണാൻ പോയതാ..”
“ഇച്ഛയെന്നെ ഒരുപാട് ടൈം കാത്ത് നിന്നോ?”
അവളുടെ ചോദ്യത്തിനിടയിൽ തന്നെ പിന്നിലെന്തോ ശബ്ദം കേട്ടെന്ന് തോന്നിയപ്പോൾ ക്രിസ്റ്റി തിരിഞ്ഞു നോക്കി.
മങ്ങിയ വെളിച്ചത്തിൽ അവനൊന്നും കാണാൻ കഴിഞ്ഞില്ല.
പക്ഷേ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു.
“ഞാൻ.. ഞാനിനി വീട്ടിലെത്തിയിട്ട് വിളിക്കാം പാത്തോ. ഇവിടിപ്പോ മഴ പൊടിഞ് തുടങ്ങി. ഞാൻ വേഗം വീട്ടിലോട്ട് ചെല്ലട്ടെ. നീ വെക്ക് ”
ക്രിസ്റ്റി ധൃതിയോടെ പറഞ്ഞിട്ട് അവളുടെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ ഫോൺ കോൾ കട്ട് ചെയ്തു.
ഫോണിൽ വീണ്ടും ഒരു മെസ്സേജും മിസ്ഡ് കോളും ചെയ്തിട്ട് അവൻ ഫോൺ തിരികെ പോക്കറ്റിലിട്ടു.
വീണ്ടും ബൈക്ക് സ്റ്റാർട്ട് ചെയ്യും മുന്നേ അവനൊന്നു കൂടി ചുറ്റും നോക്കി.
പിന്നിലെ ഇരുട്ടിൽ ഏതൊക്കെയോ നിഴൽ രൂപങ്ങൾ അവനരികിലേക്ക് നടന്നടുക്കുന്നുണ്ടായിരുന്നു.
അവന്റെ കണ്ണൊന്നു വെട്ടി.ചുണ്ടിലൊരു ചിരി മിന്നി.
അഞ്ചു പേരുണ്ട്.
കണ്ടാൽ കോളേജ് പിള്ളേരെ പോലുണ്ട്.
അവരിലൊരുത്തൻ വന്നിട്ട് ബൈക്കിന്റെ മുന്നിലേക്ക് കേറി നിന്നിട്ട് ക്രിസ്റ്റിയെ സൂക്ഷിച്ചു നോക്കി.
ക്രിസ്റ്റി ബൈക്ക് ഓഫ് ചെയ്തിട്ട് താഴെക്കിറങ്ങി.
“എന്നതാ മക്കളെ കാര്യം?”
ഷർട്ടിന്റെ കൈകൾ മുകളിലേക്ക് തെരച്ചു കയറ്റി കൊണ്ടവൻ ചിരിയോടെ ചോദിച്ചു.
“ചേട്ടനെയൊന്ന് വിശദമായി കാണാനും പരിചയപ്പെടാനും വന്നതാ. അല്ലേടാ ”
അവരിൽ ഒരുത്തൻ ഒരു പുച്ഛചിരിയോടെ കയ്യിലുള്ള ഇരുമ്പ് വടി തലോടി കൊണ്ട് കൂട്ടുകാരെ നോക്കി പറഞ്ഞു.
ക്രിസ്റ്റിയുടെ കണ്ണുകൾ അവരിലെല്ലാം ഒന്ന് തെന്നി നീങ്ങി.
അഞ്ചു പേരുടെയും കയ്യിൽ ചെറുതെങ്കിലും ഓരോ ആയുധമുണ്ട്.
അതിന്റെ ബലത്തിലാണ് നിൽക്കുന്നതെന്ന് കണ്ണിൽ നോക്കിയാൽ അറിയാം.
“നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ നമ്മൾക്കീ മീറ്റ്അപ്പ് പകലിൽ എപ്പഴെങ്കിലും സെറ്റ് ചെയ്യാമായിരുന്നു. ഇതിപ്പോ.. മക്കൾക്ക് ബുദ്ധിമുട്ടായില്ലേ?”
കൈകൾ ഒന്ന് മേലേക്കുയർത്തി ഊറി ചിരിച്ചു കൊണ്ട് ക്രിസ്റ്റി വീണ്ടും പറഞ്ഞതോടെ അവന്മാരുടെ ഭാവം മാറിയിരുന്നു.
“അടിച്ചൊടിക്കെടാ അവന്റെ കാല് ”
കൂട്ടത്തിൽ നേതാവ് എന്ന് തോന്നിയവൻ ശബ്ദം കുറച്ചു കൊണ്ട് അലറും പോലെ പറഞ്ഞതും കൂടെ ഉള്ളവർ ക്രിസ്റ്റിക്ക് നേരെ പാഞ്ചടുത്തു.
“അതിനിച്ചിരി പുളിക്കും. നീയല്ല.. നിന്റെയൊക്കെ അപ്പന്മാർ വിചാരിച്ച പോലും നടക്കുകേല മക്കളെ. ഇത് ഞാൻ നല്ലത് പോലെ കഷ്ടപ്പെട്ടുണ്ടാക്കിയ തടിയാ. നിനക്കൊക്കെ ഗുസ്തി പിടിക്കാൻ എന്റെ പട്ടി ഇട്ട് തരും..”
ആദ്യം തനിക്കു നേരെ വന്നവന്റെ തല്ലിൽ നിന്നും ഒഴിഞ്ഞു മാറി അവന്റെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി കൊണ്ട് ക്രിസ്റ്റി ഉറക്കെ പറഞ്ഞു.
വിചാരിച്ചതിനേക്കാൾ പതിമടങ്ങു ശക്തിയുള്ളവനാണ് മുന്നിൽ നിൽക്കുന്നതെന്ന് വന്നവർക്ക് അഞ്ചു മിനിറ്റ് കൊണ്ട് തന്നെ മനസ്സിലായി.
തഴമ്പ് വീണ അവന്റെ കൈകൾ കൊണ്ട് ചെവി കുറ്റി നോക്കി ഒന്ന് കിട്ടിയാൽ തല മൊത്തത്തിൽ പിരിച്ചെടുത്തത് പോലാണ്.
ഇടയിൽ ഒന്നോ രണ്ടോ അടി അങ്ങോട്ട് വാങ്ങിച്ചതൊഴിച്ചാൽ പിന്നെ അവിടെ കൊടുത്തത് മുഴുവനും ക്രിസ്ടിയാണ്.
വന്നവരിൽ മൂന്ന് പേര് ഇതിനോടകം വീണു പോയിരുന്നു.
ബാക്കിയുള്ള രണ്ട് പേര് പിടിച്ചു നിൽക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
പക്ഷേ ക്രിസ്റ്റിക്ക് മുന്നിൽ ഇനിയത് കഴിയില്ലെന്ന് അവർക്കും മനസ്സിലായി.
ദൂരെ ഒരു പൊട്ട് പോലെ ഒരു വണ്ടിയുടെ ശബ്ദം കേട്ടതും ക്രിസ്റ്റിയെ വിട്ടു പിന്നിലേക്ക് ഓടാൻ തുനിഞ്ഞവനെ ക്രിസ്റ്റി ലോക്കിട്ട് പിടിച്ചു വെച്ചു.
“അങ്ങനങ്ങു പോയാലോ.. കളി തീർഞ്ഞിട്ടില്ല. ഇന്റർവെൽ ആയിട്ടുള്ളു പിള്ളേരെ ”
രണ്ട് കൈ കൊണ്ടും അവന്മാരെ കഴുത്തിൽ പിടിച്ചു നിർത്തി കൊണ്ടവൻ ചിരിയോടെ പറഞ്ഞു.
“ഞാൻ വൈകിയോടാ?”
ബൈക്ക് നിർത്തി ധൃതിയിൽ ഓടി ഇറങ്ങി വന്നവൻ ക്രിസ്റ്റീയോട് ചോദിച്ചു.
“ഏയ് പെർഫെക്ട് ടൈം. ”
ക്രിസ്റ്റീയും കണ്ണ് ചിമ്മി കാണിച്ചു.
“ആര് പറഞ്ഞിട്ടാടാ?”
വന്നതും ഫൈസി ക്രിസ്റ്റി പിടിച്ചു വെച്ചവനെ മുന്നിലേക്ക് വലിച്ചു നീക്കി ഒരൊറ്റയടി.
അവൻ നിലതെറ്റി വീണു പോയതും മറ്റവൻ ഫൈസിയുടെ നേരെ കൈ കൂപ്പി.
“മക്കൾ ഏത് നേഴ്‌സറിയിലാണ് പഠിക്കുന്നത്?”
ക്രിസ്റ്റി അവന്റെ മേലുള്ള പിടി അയച്ചു കൊണ്ട് ചോദിച്ചു.
താഴെ അടി കിട്ടി വീണു പോയവർ പതിയെ എഴുന്നേറ്റിരുന്നു.
“ഒരൊറ്റ ചോദ്യം.. അതിന് എനിക്ക് ശെരിയായ ഉത്തരം വേണം. ഇല്ലെങ്കിൽ ഈ കിട്ടിയതൊന്നും ആവില്ല മക്കളെ അടി.. ഇനി അങ്ങോട്ട് പൊടി പൂരമായിരിക്കും ”
അവരുടെ അരികിലേക്ക് ചെന്നിട്ട് ക്രിസ്റ്റി പറഞ്ഞു.
“ആര് പറഞ്ഞിട്ടാ നിങ്ങളീ പരിപാടി ഏറ്റെടുത്തു വന്നത്?”
അത് ചോദിക്കുമ്പോൾ ആ ഇരുട്ടിലും അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
“റി… റിഷിൻ ചെറിയാൻ ”
അവന്റെ നോട്ടം നേരിടാൻ വയ്യാതെ അവരിൽ ഒരുത്തൻ വിറച്ചു കൊണ്ട് പറഞ്ഞു.
ആ ഉത്തരം പ്രതീക്ഷിക്കുന്നുണ്ടായത് കൊണ്ട് തന്നെ ഒരു പുച്ഛചിരിക്കുമപ്പുറം ഞെട്ടലൊന്നും തോന്നിയില്ല ക്രിസ്റ്റിക്കും ഫൈസിക്കും.
“അവനല്ലാതെ പിന്നെയേത് വിവരദോഷി ആണെടാ ക്രിസ്റ്റി ഇവരെ പോലെ മൂക്കൊലിപ്പ് മാറാത്ത പിള്ളേർക്ക് കെട്ടേഷൻ കൊടുക്കുന്നത്. മണ്ണുണ്ണി ”
ഫൈസി ചിരിയോടെ പറഞ്ഞതും അവരുടെയെല്ലാം മുഖം കുനിഞ്ഞു.
“മക്കളെഴുന്നേറ്റ് വീട്ടിൽ പോകാൻ നോക്കിക്കേ. നല്ല മഴ വരുന്നുണ്ട് ”
കൈകൾ ഒന്ന് തട്ടി കുടഞ്ഞു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
“എങ്ങനെയാണെടാ വന്നത്?”
മുന്നിൽ തല കുനിച്ചു നിൽക്കുന്നവന്റെ അരുകിൽ ചെന്നിട്ട് ക്രിസ്റ്റി ചോദിച്ചു.
“കാറ്.. കാറുണ്ട് ”
കുറച്ചക്കലേക്ക് കൈ ചൂണ്ടി കൊണ്ടവൻ പതിയെ പറഞ്ഞു.
“എങ്കിൽ പോയി എടുത്തിട്ട് വാ ”
ക്രിസ്റ്റി പറഞ്ഞതും തല ഉയർത്താതെ തന്നെ അവൻ പിന്നിലെ ഇരുട്ടിലേക്ക് നടന്നു കഴിഞ്ഞിരുന്നു.
അഞ്ചു മിനിറ്റിനുള്ളിൽ കാറുമായി അവനെത്തി.
ക്രിസ്റ്റി താഴെ ഇരിക്കുന്നവന്മാർക്കെതിരെ കൈ നീട്ടി.
ഒന്നറച്ചു നിന്നതിനു ശേഷം അവരെല്ലാം അവന്റെ കൈ പിടിച്ചു കൊണ്ട് എഴുന്നേറ്റു.
ക്രിസ്റ്റിയെ ഒന്ന് രൂക്ഷമായി നോക്കി നിന്നിട്ടോടുവിൽ ഫൈസി കൂടി ചേർന്നിട്ടാണ് അവരെ കാറിലേക്ക് കയറാൻ സഹായിച്ചത്.
“ഒരാൾക്കിട്ട് പണിയാൻ ഇറങ്ങി പുറപ്പെടും മുൻപ് അവനേത് തരക്കാരനാണെന്ന് കൂടി ജസ്റ്റ് ഒന്ന് അന്വേഷിച്ചു നോക്കണം. ഇല്ലെങ്കിൽ ഇങ്ങനെ പണി തിരിച്ചു കിട്ടും ”
കാറിന്റെ ഡോർ അടക്കും മുന്നേ കുനിഞ്ഞു നിന്നിട്ട് ക്രിസ്റ്റി അവരെ ഓർമിപ്പിച്ചു.
അവരാരും ഒന്നും മിണ്ടിയില്ല.
“ആദ്യം ഒരു ഹോസ്പിറ്റലിൽ പോണം. എന്നിട്ട് വീട്ടിൽ പോയ മതി. കേട്ടോടാ ?പഠിച്ചൊരു നിലയിൽ എത്താൻ ശ്രമിക്കുന്നതിനു പകരം അവർ തല്ലുണ്ടാക്കി കാശ്കാരവാൻ നോക്കുന്നു ”
അതും പറഞ്ഞിട്ട് ഡോർ അടച്ചു തിരിഞ്ഞു നടക്കുന്നവനെ വല്ലാത്തൊരു ഭാവത്തിൽ അവരെല്ലാം നോക്കുന്നത് കണ്ടതും ഫൈസി ചിരിച്ചു.
“ദേടാ.. നെറ്റിയിൽ ചോര ”
കണ്ണിന് മുകളിലെ മുറിവിൽ നിന്നും പടരുന്ന രക്തതുള്ളികൾ ചൂണ്ടി ഫൈസി പറഞ്ഞതും ക്രിസ്റ്റി കൈ ഉയർത്തി നെറ്റിയിൽ ഒന്ന് തൊട്ട് നോക്കി.
വേദന കൊണ്ടവന്റെ മുഖം ചുളിഞ്ഞു.
“വന്നേ.. ഹോസ്പിറ്റലിൽ പോകാം ”
ഫൈസി വണ്ടി എടുക്കാൻ തുനിഞ്ഞു.
“ഏയ്.. ഇത് ചെറിയൊരു മുറിവാടാ. ഹോസ്പിറ്റലിൽ പോയ അവര് ഇൻഫെക്ഷൻ മാങ്ങ തേങ്ങ എന്നൊക്കെ പറഞ്ഞു വലിയൊരു കെട്ടും കെട്ടി വിടും. അത് പിന്നെ എനിക്കൊരു പാരയാവും. ഇത് എനിക്ക് വീട്ടിൽ പോയിട്ട് മരുന്ന് വെക്കാവുന്നതേ ഒള്ളു ”
ക്രിസ്റ്റി നിസ്സാരതയോടെ പറഞ്ഞു.
ഫൈസി ഒന്നവനെ തുറിച്ചു നോക്കി.
“പോട്ടെടാ… വിട്ടേക്ക് ”
അത് പറഞ്ഞിട്ട് ക്രിസ്റ്റി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.
“ആഹ്.. വിട്ട് വിട്ട് ഒടുവിൽ ഇപ്പൊ നിന്നെ ഭൂമിയിൽ നിന്നും തന്നെ പറഞ്ഞു വിടാൻ അവനൊരുങ്ങി. ഇനിയും അത്രയങ്ങോട്ട് വിട്ട് കളയണ്ടാ ”
കടുപ്പത്തോടെ ഫൈസി ഓർമിപ്പിച്ചു.
“ഞാനിതു പ്രതീക്ഷിക്കുന്നുണ്ടായിരുന്നു ഫൈസി.”
ക്രിസ്റ്റി ചിരിച്ചു കൊണ്ട് പറഞ്ഞു.
ഫൈസി അതിനുത്തരമൊന്നും പറഞ്ഞില്ല.
“നീ വിട്ടോ എന്നാ.. നാളെ കോളേജിൽ നിന്നും കാണാം. രണ്ടു ദിവസം ആയില്ലേ ലീവ് ”
സ്വന്തം ബൈക്കിന് നേരെ നടന്ന് കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
“നിനക്ക് വേറെ പരിക്കൊന്നും ഇല്ലല്ലോ അല്ലേ.. ഹോസ്പിറ്റലിൽ പോണ്ടാന്ന് ഉറപ്പല്ലേ?”
ഫൈസി വീണ്ടും അവനരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു.
“ഇല്ലെടാ. ഇതൊരണ്ണം ഞാൻ കരുതി കൂട്ടി വാങ്ങിച്ചതാ. എന്റെ അനിയൻ കഷ്ടപെട്ടു എനിക്കെതിരെ ഒരു കൊട്ടേഷൻ കൊടുത്തിട്ട് വെറും കയ്യോടെ അവന് മുന്നിലേക്ക് പോകുന്നത് മോശമല്ലേ..? അവനത് ഫീൽ ചെയ്‌താലോ?”
ക്രിസ്റ്റി വീണ്ടും കണ്ണ് ചിമ്മി പറയുമ്പോൾ അവനുള്ളിലെ വേദന മുഴുവനും ഫൈസി ആ വാക്കുകൾക്കിടയിൽ നിന്നും പിടിച്ചെടുത്തു കഴിഞ്ഞിരുന്നു…
❣️❣️
“എന്നതാടാ നെറ്റിയില് ”
അവനെ കാത്തെന്നത് പോലെ വാതിൽ തുറന്നു കൊടുത്തയുടൻ ഡെയ്സി വേവലാതിയോടെ ചോദിച്ചു.
“അത്.. അത് ബൈക്കിൽ നിന്ന് ചെറുതായി ഒന്ന് വീണു..”
ആ മുഖത്ത് നോക്കാതെയാണ് ക്രിസ്റ്റി പറഞ്ഞത്.
“അപ്പനോ… മകനോ..ആരുടെ സമ്മാനമായിരുന്നു?. അത് മാത്രം പറ ”
അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഡെയ്സി പതിഞ്ഞതെങ്ങിലും ഉറപ്പോടെ ചോദിച്ചു.
ക്രിസ്റ്റി ഞെട്ടി കൊണ്ട് അമ്മയെ നോക്കി.
ഡെയ്സി അവന്റെ കൈ പിടിച്ചു കൊണ്ട് അകത്തേക്ക് കയറ്റി വാതിൽ അടച്ചു കുറ്റിയിട്ടു.
“എനിക്കറിയമായിരുന്നു. നിന്നോടത് പറയണം എന്നുണ്ടായിരുന്നു. ഇന്നെങ്ങോട്ടൊന്നും പോവണ്ടാന്ന് പറയാൻ അമ്മയ്ക്ക് ആഗ്രഹമുണ്ടായിട്ടും.. അത്.. അതിന് അർഹതയില്ലെന്ന് തോന്നിയത് കൊണ്ട് മിണ്ടാതെയിരുന്നതാ ”
അവന്റെ മുറിവിനെ നോക്കി ഡെയ്സി വിങ്ങലോടെ പറഞ്ഞതും ക്രിസ്റ്റി അലിവോടെ അവരെ ചേർത്ത് പിടിച്ചു.
“പക്ഷേ ഇന്നേരം വരെയും അമ്മ മാതാവിന്റെ മുന്നിൽ പ്രാർത്ഥന നടത്തിയത് വെറുതെ ആയില്ല ”
അവരുടെ വാക്കിൽ തന്നെ ഒരു ആശ്വാസം ഉണ്ടായിരുന്നു.
‘എനിക്കറിയാം അമ്മ.. തമ്മിൽ മിണ്ടാതെ.. കാണാതെ.. അറിയാതെ നടന്ന കാലത്തും എനിക്ക് ചുറ്റും എന്റെ അമ്മയുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥനയുടെ സംരക്ഷണകവജമുണ്ടെന്ന് എനിക്കറിയാമായിരുന്നു ”
ക്രിസ്റ്റി അവരെ ചേർത്തനച്ചു കൊണ്ട് നെറുകയിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു.
കൊതി തീരാത്ത പോലെ അവനവന്റെ നെഞ്ചിൽ ചൂടിൽ പതുങ്ങി.
“റിഷിനോടൊന്നും ചോദിക്കരുത്. സമയം ആവുമ്പോൾ അവനുള്ളത് പലിശ സഹിതം ഞാൻ തന്നെ കെടുത്തോളാം. കേട്ടോ ”
ക്രിസ്റ്റി ഡെയ്സിയേ ഓർമിപ്പിച്ചു.
“അവരെ രണ്ടു പേരെയും നീ ഒരുപാട് സൂക്ഷിക്കാണെടാ… മോനെ.പിശാചിനെ പോലും വെല്ലുന്ന മനസ്സാണ് അപ്പനും മോനും ”
ഡെയ്സി അവന് നേരെ മുഖം ഉയർത്തി കൊണ്ട് പറഞ്ഞു.
“മ്മ്.. ഞാൻ ശ്രദ്ധിച്ചോളാം. അമ്മ അതോർത്തു പേടിക്കേണ്ട ”
അവനാ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു.
“ആഹാ.. ഇവിടെ നിൽപ്പുണ്ടായിരുന്നോ. കണ്ടോ അമ്മേ..കള്ളി… ഒളിഞ്ഞു നോക്കുവാ.”
ഹാളിലെ വാതിൽക്കൽ നിറഞ്ഞ ചിരിയോടെ അമ്മയെയും മകനെയും നോക്കി നിന്നിരുന്ന മറിയാമ്മച്ചി ക്രിസ്റ്റി പറഞ്ഞത് കേട്ടതും അവനെ ചെറഞ്ഞു നോക്കി.
“ഓഓഓ..പിന്നെ.. ഒളിഞ്ഞു നോക്കുന്നു. അതിന് മറിയാമ്മ രണ്ടാമത് ജനിക്കണം ചെക്കാ.അല്ലേലും പൂച്ചക്കെന്നതാ പൊന്നൂരുക്കുന്നിടത്തു കാര്യം. നിങ്ങൾ അമ്മേം മോനും കൊഞ്ചി കളിക്കുന്നിടത്ത് മറിയാമ്മ ഒരു അതികപറ്റു തന്നെയാ..”
ചുണ്ട് കോട്ടി അവർ തിരിഞ്ഞു നടക്കും മുന്നേ ക്രിസ്റ്റി ഡെയ്സിയേ വിട്ട് ഓടി അവരെ പൊതിഞ്ഞു പിടിച്ചിരുന്നു.
“പൂച്ചക്ക് കാര്യമുണ്ടോ ഇല്ല്യോ എന്നൊക്കെ അവിടെ നിക്കട്ടെ. ക്രിസ്റ്റി ഉള്ളിടത് ഈ മറിയാമ്മക്ക് നല്ല കനത്തിൽ തന്നെ കാര്യമുണ്ടാവും എന്റെ.. മറിയാമ്മോ ”
അവരെ ഞെരുക്കി പിടിച്ചു കൊണ്ടവൻ പറഞ്ഞു.
“ഞെക്കി പൊട്ടിക്കാതെടാ ചെർക്കാ.. എനിക്ക് നോവുന്നു ”
അവർക്കുള്ളിലെ സന്തോഷം നിറയുന്ന വാക്കുകൾ. ഡെയ്സി ചിരിയോടെ അവരുടെ അരികിലേക്ക് വന്നു.
“ആ.. അൽപ്പം നോവട്ടെ.എന്നാലേ ഇനി ഇത് പോലുള്ള കോനിഷ്ട വർത്താനം പറയാതിരിക്കൂ ”
ക്രിസ്റ്റി വീണ്ടും അവരെ സ്നേഹത്തോടെ ഒന്ന് ഞെരിച്ച് കൊണ്ട് പിടി വിട്ടു.
“യ്യോ.. ഇതെന്നതാട നിന്റെ നെറ്റിയിയേല്.. ചോര വരുന്നുണ്ടല്ലോ കർത്താവെ ”
മറിയാമ്മച്ചി അവന്റെ മുടിയിൽ പിടിച്ചു താഴ്ത്തി നെറ്റിയിലെ മുറിവിലേക്ക് നോക്കി ചോദിച്ചു.
“ഹൂ.. വേദനിക്കുന്നു.. വിട് ”
ക്രിസ്റ്റി അവരുടെ കയ്യിൽ നിന്നും മുടിയിഴകൾ വേർപ്പെടുത്തി കൊണ്ട് നിവർന്നു നിന്നു.
“ഇതെങ്ങനെ പറ്റിയതാ ടാ. നീ വല്ലയിടത്തും പോയി അടി ഉണ്ടാക്കിയോ?”
നടുവിൽ കൈ കുത്തി മറിയാമ്മച്ചി അവനെ നോക്കി കണ്ണുരുട്ടി.
“പിന്നെ എനിക്കതല്ലേ പണി ”
മുടി ഇഴകൾ പിന്നിലേക്ക് കോതി ക്രിസ്റ്റി അലസതയോടെ പറഞ്ഞു.
“എന്തോന്ന്…?”
അവൻ പറഞ്ഞത് വ്യക്തമായി കേൾക്കാഞ്ഞത് കൊണ്ട് മറിയാമ്മച്ചി വീണ്ടും ചോദിച്ചു.
“വണ്ടിയിൽ നിന്നൊന്ന് വീണു. അതാണ് ”
ക്രിസ്റ്റി പറഞ്ഞു.
“ആ വീഴും. അമ്മാതിരി ചീറി പായലല്ലേ നീ ആ ശകടത്തിൽ കയറി പറ്റിയാ. പിന്നെങ്ങനെ വീഴാണ്ടിരിക്കും. നന്നായി പോയി.”
അവന്റെ തോളിൽ നല്ലൊരു അടി വെച്ച് കൊടുത്തു കൊണ്ടാണ് അവരത് പറഞ്ഞത്.
ഇതെല്ലാം നോക്കി ചെറിയൊരു ചിരിയോടെ നിൽക്കുന്ന ഡെയ്സിയേ നോക്കി ക്രിസ്റ്റിയൊന്ന് കണ്ണ് ചിമ്മി കാണിച്ചു.
“ആ കൊച്ചുങ്ങൾ വല്ലതും കഴിച്ചായിരുന്നോ?”
ക്രിസ്റ്റി രണ്ട് പേരെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു.
“ഞങ്ങളൊക്കെ ഉത്തരവാദിത്തം ഉള്ളവരാ. നിന്നെ പോലെ നാട് തെണ്ടി നടക്കുവല്ല”
ഡെയ്സിയെ ഒന്ന് നോക്കിയിട്ടാണ് മറിയാമ്മച്ചി ഉത്തരം പറഞ്ഞത്.
“അത് പിന്നെ എനിക്കറിയത്തില്ല്യോ.എന്റെ രണ്ടമ്മമാരും പൊളിയല്ലേ?”
ക്രിസ്റ്റി ചിരിയോടെ രണ്ടാളെയും ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
“ഹോസ്പിറ്റലിൽ പോണോ മോനെ..?”
ഡെയ്സി ആകുലതയോടെ വീണ്ടും ചോദിക്കുന്നുണ്ടായിരുന്നു.
“ഈ കുഞ്ഞു മുറിവിനോ… അതിനിച്ചിരി പുളിക്കും ”
ക്രിസ്റ്റി പറഞ്ഞു.
“എന്നാ പുളിച്ച കോമഡി പറഞ്ഞു നിൽക്കാതെ അതില് പോയി മരുന്ന് വെക്കടാ ”
മറിയാമ്മച്ചി വീണ്ടും അവനെ നോക്കി പറഞ്ഞു.
“അപ്പറഞ്ഞത് ന്യായം.. ദേ പോയി.. ദേ വന്നു..”
ക്രിസ്റ്റി രണ്ട് പേരെയും വിട്ടിട്ട് പറഞ്ഞു.
“വല്ലതും കഴിച്ചിട്ട് മുകളിലോട്ട് കയറിയ ദേ വരവ് ഒഴിവായി കിട്ടും ”
മറിയാമ്മച്ചി വീണ്ടും അവനെ നോക്കി പറഞ്ഞു.
“എനിക്കൊന്നും ഇനി വേണ്ട മറിയാമ്മച്ചി.. എന്റെ വല്യമ്മച്ചി നല്ല ചൂട് ചപ്പാത്തിയും താറാവ് റോസ്റ്റും ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. നിങ്ങളുടെ ഒണക്ക ചോറ് പോലല്ല. എന്നാ രുചി ആണെന്ന് അറിയാവോ.. ഹൂ ”
ക്രിസ്റ്റി ഒറ്റ കണ്ണിറുക്കി പറഞ്ഞതും വീണ്ടും ആ മുഖം വീർത്തു.
“ഓ ഇനി പാതിരാത്രി കേറി വരുമ്പോൾ നേരെ വല്യമ്മച്ചിയുടെ അടുത്തോട്ടു വിട്ടോ. വായ്ക്ക് രുചിയായി കഴിക്കാവല്ലോ ”
അത് പറഞ്ഞിട്ടവർ വേഗം തിരിഞ്ഞു നടന്നിരുന്നു.
ചുമ്മാ… ഡെയ്സിയെ നോക്കി ചിരിച്ചു കൊണ്ടവൻ മുകളിലേക്ക് കയറി.
താൻ വരുന്നത് കണ്ടതും റിഷിന്റെ വാതിൽ പെട്ടന്ന് അടക്കുന്നതും മുറിയിലെ ലൈറ്റ് ഓഫാകുന്നതുമെല്ലാം നല്ലത് പോലെ അറിഞ്ഞിട്ടും അവനങ്ങോട്ട് നോക്കിയത് കൂടിയില്ല.
ദിലുവിന്റെ മുറിയുടെ നേരെയാണ് ആദ്യം ചെന്നത്. ചാരിയ വാതിൽ തുറന്നു നോക്കിപ്പോൾ അവളുറക്കമായെന്ന് കണ്ടതും അവൻ അത് പോലെ പിന്തിരിഞ്ഞു.
മീരയുടെ മുറിയുടെ വാതിൽ തള്ളി നോക്കിയപ്പോൾ അത് അകത്തേക്ക് കുറ്റിയിട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ അവിടുന്നും അവൻ ഒന്നും പറയാതെ നേരെ സ്വന്തം മുറിയിലേക്ക് നടന്നു.
നല്ല ക്ഷീണം തോന്നുന്നുണ്ടായിരുന്നു.
നെറ്റിയിൽ മുറിവുള്ളത് കൊണ്ട് തന്നെ തല കഴുകാതെ ഒന്ന് മേല് കഴുകി ഡ്രസ്സ് മാറ്റിയിട്ടു.
ഷെൽഫിൽ നിന്നും മരുന്നെടുത്തു കൊണ്ട് മുറിവിൽ പുരട്ടി അവൻ വേഗം കയറി കിടന്നു.
സമയം ഒരുപാടായത് കൊണ്ട് തന്നെ പിന്നെ പാത്തുവിനെ വിളിച്ചില്ല.
പക്ഷേ.. എനിക്ക് കാണാൻ തോന്നുന്നു ഇച്ചേ.. എന്നുള്ള ആ കൊഞ്ചൽ കണ്ണടയുവോളം അവനുള്ളിൽ തിളച്ചു മറിയുന്നുണ്ടായിരുന്നു…
മറ്റൊന്നും ഓർക്കാൻ മനഃപൂർവം സമ്മതിച്ചു കൊടുക്കില്ലയെന്നത് പോലെ…
…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…