നിലാവിന്റെ തോഴൻ: ഭാഗം 72
Aug 24, 2024, 23:29 IST

രചന: ജിഫ്‌ന നിസാർ
ഛെ... ക്രിസ്റ്റി ഉള്ളിലെ കലി അമർത്താൻ കഴിയാതെ ചുവരിൽ കൈ കൊണ്ട് ആഞ്ഞടിച്ചു. അത്രേം കാശ് പോയത് മിച്ചം! അവനൊരു പോറൽ പോലുമില്ലാതെ കയറി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. മിനിമം ഒരു കാലും കയ്യും എന്നതായിരുന്നു അവന്മാർ വീരവാദം പറഞ്ഞിട്ട് പോയത്. കോളേജ് മൊത്തം അറിയാവുന്ന കൊട്ടേഷൻ ടീം തിരഞ്ഞു പിടിച്ച് ഏല്പിച്ചത്.. അവരുടെ മിടുക്കിനെ കുറിച്ച് അറിഞ്ഞിട്ട് തന്നെയാണ്. ഒരിക്കൽ മുട്ടിയവർ ഭീതിയോടെ ഓർക്കുന്ന പേരാണ് ഡെവിൾ ടീം. അവർക്ക് മുന്നിൽ നിന്നുമാണ് അവൻ കൂളായി രക്ഷപെട്ടു പോന്നതെന്നോർക്കുമ്പോൾ ദേഷ്യത്തിനപ്പുറം ഉള്ളിലൂടെ അരിച്ചു കയറുന്ന ഭയത്തിന്റെ ചീളുകൾ ഇടയ്ക്കിടെ അവനെ കുത്തി നോവിക്കുന്നുണ്ട്. അത് ക്രിസ്ടിയാണ്. കുന്നേൽ ക്രിസ്റ്റി ഫിലിപ്പ് ഇന്നോളം തനിക്കു കിട്ടിയത് പലിശ സഹിതം തിരിച്ചു കൊടുക്കാതിരിന്നിട്ടില്ലയെന്നത് അവൻ അസ്വസ്ഥതയോടെ ഓർത്തു. അവൻ വീണ്ടും ഡെവിൾ ടീമിന്റെ ക്യാപ്റ്റൻ ശ്യം മോഹന്റെ നമ്പറിൽ വിളിച്ചു നോക്കി. പതിവുപോലെ തന്നെ ബെല്ലടിച്ചു തീർന്നു എന്നല്ലാതെ അവൻ എടുക്കുന്നില്ല. റിഷിന്റെ പല്ലുകൾ ഞെരിഞ്ഞു. കാശ് എണ്ണി വാങ്ങാൻ എന്തൊരു മിടുക്കായിരുന്നു. നാറികൾ " ഫോൺ കിടക്കയിലോട്ടിട്ട് അവൻ പിറുപിറുത്തു. പപ്പയുടെ അക്കൗണ്ടിൽ നിന്നും വലിക്കുന്ന കാശാണ്. ഇപ്പൊ അത് കിട്ടാൻ പോലും നല്ല ബുദ്ധിമുട്ടാണ്. ഓഫീസിൽ എന്തോ പ്രശ്നമുണ്ടെന്ന് പറയുന്നുണ്ട്. ആവിശ്യത്തിനുള്ള കാശ് കിട്ടുന്നത് കൊണ്ട് ആ പ്രശ്നം എന്നതാണെന്ന് പോലും ചോദിച്ചിട്ടില്ലെന്ന് റിഷിൻ ഓർത്തു. എന്തൊക്കെയോ ചുറ്റും സംഭവിക്കുന്നുണ്ട്. അതൊരിക്കലും തനിക്കോ പപ്പയ്ക്കോ നല്ലതിനാവില്ലെന്നും അറിയാം. ഒന്നറിയാം.. ഇനി പണ്ടത്തെ പോലെ ഈ വീട്ടിൽ താമസിക്കുന്നത് അത്ര എളുപ്പമാവില്ല എന്നത്. അവനും മമ്മയും കൂടി സെറ്റായ സ്ഥിതിക്ക് അത് അടിവരയിട്ട് ഉറപ്പിക്കാം എങ്ങോട്ടെങ്കിലും ഓടി പോയാലോ? ആദ്യം തോന്നിയ ചിന്ത അതായിരുന്നു. പക്ഷേ എങ്ങോട് പോകും എന്നോർത്തതും ആ ചിന്ത ഉള്ളിൽ കിടന്നു മരവിച്ചു പോയിരുന്നു. കിട്ടുന്ന കാശ് മുഴുവനും ധൂർത്തടിച്ചു കളഞ്ഞുവെന്നല്ലാതെ.. ആപത്ത് സമയത്ത് കൂടെ നിൽക്കാനൊരു നല്ല സുഹൃത്തിനെ പോലും സമ്പാധിച്ചു വെച്ചിട്ടില്ല. സ്വന്തം കാര്യം കൂടി പരുങ്ങലിലായ പപ്പയ്ക്ക് ഇനി തനിക്ക് സംരക്ഷണമൊരുക്കാൻ കഴിയില്ലെന്നത് പകൽ പോലെ സത്യമാണ്. പേരിനൊപ്പം ചേർക്കാനൊരു സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടി മാത്രമാണ് കോളേജിൽ പോയത്. അവിടെ നിന്നിറങ്ങി... കുന്നേൽ ഗ്രൂപ്പിന്റെ ഏതെങ്കിലും ഒരു കമ്പനിയിൽ കയറി പറ്റുകയെന്നതും ഇനി അങ്ങേയറ്റം ദുഷ്കരമായിരിക്കും. അതിനിടയിൽ ഗൗരി.... അതോർക്കുമ്പോൾ അവന് ഭ്രാന്ത് പിടിക്കുന്നത് പോലാണ്. താൻ സെറ്റിലായാലും ഇല്ലേലും ഈ വർഷം കോളേജിൽ നിന്നും ഇറങ്ങുന്നതോടെ അവളെ കൂടി തനിക്കൊപ്പം ചേർക്കേണ്ടിയും വരും.. എല്ലാം കൂടി അവന് ശ്വാസം പോലും കിട്ടാത്തൊരു അവസ്ഥ പോലായിരുന്നു. കൈകൾ കൂട്ടി തിരുമ്പി അവനാ മുറിയിലൂടെ നടന്നു.. ഓർമയിൽ എവിടെയെങ്കിലും ഒരു രക്ഷകൻ അവതരിക്കുമെന്ന പ്രതീക്ഷയോടെ... ❣️❣️ "ഇങ്ങളൊന്നും പറഞ്ഞില്ലല്ലോ ഇക്കാ " ആയിഷ കൈകൾ മുഹമ്മദിന്റെ നെഞ്ചിൽ വെച്ച് കൊണ്ട് ചോദിച്ചു. ആ നെഞ്ച് പിടയുന്നത് ആ കൈവിരൽ തുമ്പിൽ അവർക്ക് അറിയാമായിരുന്നു. "ഞാനെന്താ ആയിശൂ പറയേണ്ടേ.. നിക്കറിയൂല " അയാളുടെ പതിഞ്ഞ സ്വരം ആ ഇരുട്ടിൽ കൂടി ഒഴുകിയെത്തി. "ഇക്കാലം വരെയും മതമോ ജാതിയോ പറഞ്ഞിട്ട് മനുഷ്യനേ ഞാൻ വേർതിരിച്ചു കണ്ടിട്ടില്ല. അനക്കും അറിയാലോ അത്..അങ്ങനാണോ ആയിശൂ ഇത്.?ചോദിക്കുന്നോരോട് ഞാൻ ന്താ പറയാ..? ന്ത് പറഞ്ഞാല ഓല്ക്കെല്ലാം മനസ്സിലാവാ?ഇനിക്കറിയില്ല " നന്നേ പതിഞ്ഞു പോയിരുന്നു അത് പറയുമ്പോൾ മുഹമ്മദിന്റെ സ്വരം. ആയിഷക്ക് ഭർത്താവിനെ എന്ത് പറഞ്ഞിട്ടാണ് സമാധാനിപ്പിക്കേണ്ടത് എന്നും അറിയില്ലായിരുന്നു. മുഹമ്മദ് പറയുന്ന ഓരോ വാക്കുകളും സത്യമാണ്. അതിലവർക്കും തർക്കമൊന്നുമില്ല. ഇന്നോളം തന്റെയോ മക്കളുടെയോ മനസ്സ് വിഷമിക്കാനിടയുള്ള ഒരു പ്രവർത്തിയും ചെയ്യാത്ത അയാളെയും വേദനിപ്പിച്ചു കൊണ്ടൊന്നും നേടണമെന്നില്ലായിരുന്നു അവർക്കും. പക്ഷേ... പക്ഷേ മടിയിൽ കിടന്നു കരഞ്ഞു കൊണ്ട് പ്രാണനോളം സ്നേഹിക്കുന്നവളുടെ നോവിനെ പറ്റി പറഞ്ഞൊരുത്തൻ.. അവനോടെന്ത് സമാധാനം പറയും? താനെല്ലാം ഉപ്പാനോട് പറഞ്ഞു ശരിയാക്കും എന്നുള്ള അവന്റെ പ്രതീക്ഷ... അതിനെന്ത് ഉത്തരം കൊടുക്കും? "തത്കാലം ഇയ്യ് ഇതൊന്നും ഓനോട് പറയാൻ നിക്കണ്ട. ആരോരുമില്ലാത്ത ഒരു പെൺകുട്ടിക്ക് ഒരു ജീവിതം കൊടുക്കുന്നതിന്റെ പുണ്യം.. അതവന് കൊടുക്കാൻ പടച്ചോൻ കരുതുന്നുണ്ടെങ്കിൽ.. പടച്ചോൻ ഓളെ ഓന് വിധിച്ചതാണെങ്കിൽ... അതിനുള്ള വഴിയും പടച്ചോൻ തന്നെ കണ്മുന്നിൽ കാണിച്ചു തരാതിരിക്കില്ല." ഇരുട്ടിൽ ഒരു തരി വെളിച്ചം പകരുന്ന മുഹമ്മദിന്റെ വാക്കുകൾ. ആയിഷക്ക് ചെറിയൊരു ആശ്വാസം തോന്നി. "ഇയ്യ് അതൊന്നും ഓർത്തു വേദനിക്കണ്ട ആയിശൂ.. ല്ലാത്തിനും ഒരു അവസാനണ്ടാകും. സമാധാനായിട്ട് ഉറങ്ങിക്കോ?" ഭാര്യയുടെ ഉയർന്ന ഹൃദയമിടിപ്പ് അറിഞ്ഞെന്നത് പോലെ മുഹമ്മദ് അവരെ പൊതിഞ്ഞു പിടിച്ചു കൊണ്ട് പതിയെ ആ കാതിൽ പറഞ്ഞു.. ❣️❣️ പതിവിലും നേരത്തെ തന്നെ ക്രിസ്റ്റി എഴുന്നേറ്റു. പെട്ടന്നുള്ള ഓർമയിൽ നെറ്റിയിലൊന്ന് തൊട്ട് നോക്കി. വേദനയുണ്ട്. അൽപ്പനേരം കൂടി കിടന്നിട്ട് അവൻ എഴുന്നേറ്റു ഫ്രഷ് ആയിട്ട് വന്നു.അന്നും തല നനച്ചു കുളിച്ചില്ല. വെട്ടിനു പോവാനുള്ളതെല്ലാം ഒരുക്കി വെച്ചു. ഫോൺ എടുത്തിട്ട് പാത്തുവിന്റെ നമ്പറിൽ ഒന്ന് വിളിച്ചു നോക്കി. പക്ഷേ അവനെ നിരാശപ്പെടുത്തി കൊണ്ട് അതവൾ എടുത്തില്ല. ഉറക്കത്തിലാവും. ഇനി വിളിക്കേണ്ടെന്ന് കരുതി ക്രിസ്റ്റി വാതിൽ തുറന്നു പുറത്തേക്കിറങ്ങി. ഇന്നിനി ഒന്ന് രണ്ട് കാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ട്. താഴേക്ക് ഇറങ്ങുമ്പോൾ വെറുതെ റിഷിന്റെ മുറിയുടെ നേരെ നോക്കുമ്പോൾ അവനുള്ളിൽ അതായിരുന്നു ചിന്ത. അടുക്കളയിൽ വെളിച്ചമുണ്ട്. ഇന്ന് അവിടെ ഡെയ്സിയുണ്ടാവുമെന്ന് അവനുറപ്പിച്ചതാണ്. നിറഞ്ഞ ചിരിയോടെ ക്രിസ്റ്റിയങ്ങോട്ട് ചെല്ലുമ്പോൾ ചായ ഗ്ലാസ്സിൽ പകർന്നിട്ട് മേശയിലേക്ക് എടുത്തു വെച്ചിട്ടുണ്ട്. "ആഹാ.. അമ്മയിന്നലെ ഉറങ്ങിയില്ലേ?" കയിലുള്ള സാധനങ്ങൾ മേശപ്പുറത്തു വെച്ച് കൊണ്ട് ക്രിസ്റ്റി ചോദിച്ചു. അതിനവർ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ഉത്തരമായിട്ട്. "മുറിവ് വേദനയുണ്ടോടാ?" അവന്റെ അരികിലെത്തിയിട്ട് നെറ്റിയിൽ തൊട്ട് നോക്കി കൊണ്ട് ചോദിച്ചു. "ചെറുതായി..." ചായ കയ്യിലെടുത്തു കൊണ്ടവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു. "ഇതും വെച്ചോണ്ട്.. ഇന്നിനി പോണോ?" ഡെയ്സി വല്ലായ്മയോടെയാണ് അതവനോട് ചോദിക്കുന്നത്. "ഇതൊക്കെയൊരു കാരണമാണോ അമ്മാ.? രണ്ട് ദിവസമായി മുടങ്ങി കിടക്കുന്നതാ. ഇന്നും പോയില്ലെങ്കിൽ കാര്യങ്ങളെല്ലാം അവതാളത്തിലാവും " ചിരിച്ചു കൊണ്ടാണ് അവനത് പറഞ്ഞതെങ്കിലും അതിനുള്ളിലെ മുള്ളുകൾ ഡെയ്സിയേ കുത്തി നോവിക്കാൻ മാത്രം മൂർച്ചയുള്ളതായിരുന്നു. "നീ പോയിട്ട് വാ.. എനിക്കൊരു കാര്യം പറയാനുണ്ട് നിന്നോട് " അത് പറയുമ്പോൾ പതിഞ്ഞതെങ്കിലും വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു ഡെയ്സിയുടെ സ്വരത്തിന്. ക്രിസ്റ്റി അവരെ ഒന്ന് നോക്കിയിട്ട് മൂളുക മാത്രം ചെയ്തു. പെട്ടന്നാണ് ആ നിശബ്‍ദയേ ഭേദിച്ചു കൊണ്ടവന്റെ മൊബൈൽ ബെല്ലടിച്ചത്. പാത്തു കോളിങ് എന്നോഴുതിയത് ഡെയ്സി കാണാതിരിക്കാൻ ക്രിസ്റ്റി പെട്ടന്ന് അത് കട്ട് ചെയ്തു. കയ്യിലുള്ള ചൂട് ചായ ഒറ്റ വലിക്ക് കുടിച്ചിട്ട് ടോർച്ചും തോർത്തും എടുത്തു കൊണ്ടവൻ വേഗം എഴുന്നേറ്റു. "ഞാൻ... പോവാ " അത് പറഞ്ഞു കൊണ്ട് ധൃതിയിൽ പുറത്തേക്ക് ഓടുന്നവനെ കണ്ടപ്പോൾ ഡെയ്സിക്ക് ചിരി വന്നിരുന്നു. ഓടും പോലെ ഷീറ്റ് പുരയുടെ അരികിലേക്കെത്തിയ ശേഷമാണ് ക്രിസ്റ്റി ശെരിക്കും ശ്വാസം വിട്ടത്. ഒട്ടും താമസിക്കാതെ അവൻ പാത്തുവിന്റെ നമ്പറിൽ കോൾ ചെയ്തു കൊണ്ട് അവിടെയുള്ള തിണ്ണയിൽ ഇരുന്നു. "ഇന്ന് വെട്ടുന്നില്ലേ ഇച്ഛാ?" ഫോൺ എടുത്തയുടൻ ആദ്യം അതാണ് ചോദിച്ചത്. "പിന്നല്ലാതെ " അവൻ ചിരിയോടെ പറഞ്ഞു. "എന്നിട്ടെവിടെ.. ഞാൻ കാണുന്നില്ലല്ലോ?" അവന്റെ തലയിൽ ഘടിപ്പിച്ച ടോർച് വെളിച്ചത്തെ പരതി കൊണ്ട് പാത്തുവിന്റെ കണ്ണുകൾ പരക്കം പായുന്നുണ്ടായിരുന്നുവപ്പോൾ. "അതിന് നീ എവിടായിപ്പോ?" ക്രിസ്റ്റി ആവേശത്തിൽ ചോദിച്ചു. "ഞാൻ ദേ.. ഇച്ചേടെ താജ്മഹലിനുള്ളിൽ " "ഏഹ്.. ശെരിക്കും?" അവൻ ഇരിക്കുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു കൊണ്ട് ചോദിച്ചു. "ആഹ്.. ശെരിക്കും. എനിക്കൊന്ന് കാണാതെ വയ്യ " അവളുടെ പ്രണയം നിറഞ്ഞ സ്വരം അവനിലേക്ക് ഒഴുകിയെത്തി. "മുകളിൽ ആണോ?" "ആ..." "എങ്കിൽ അവിടെ തന്നെ നിക്ക്.. ഞാൻ ഷീറ്റ് പുരയിലുണ്ട്. ദാ വരുന്നു " വല്ലാത്തൊരു ധൃതിയുണ്ടായിരുന്നു ക്രിസ്റ്റിയുടെ വാക്കുകൾക്ക്. ഫോൺ കട്ട് ചെയ്തു കൊണ്ടവൻ ധൃതിയിൽ ആദ്യം തോർത്ത് എടുത്തു തലയിൽ കെട്ടിയ ശേഷം ടോർച് അതിന് മുകളിൽ ഫിറ്റ് ചെയ്തു. അവിടെ ഉണ്ടായിരുന്ന വെട്ടാനുള്ള കത്തിയെടുത് അരയിൽ തിരുകി കൊണ്ടവൻ.. മുകളിലേക്ക് ഓടി കയറി. അവനവിടെ നിൽക്കാൻ പറഞ്ഞെങ്കിലും പാത്തു ഫോണിന്റെ വെട്ടം തെളിയിച്ചു കൊണ്ട് പതിയെ താഴെക്കിറങ്ങി തുടങ്ങിയിരുന്നു. താഴെ നിന്നും ക്രിസ്റ്റി കയറി വരുന്നത് കണ്ടതും പാത്തു ഒരു നിമിഷം നിന്ന് പോയി. പിന്നെ താഴേക്ക് ഓടിയിറങ്ങി. "ഡീ.. ഓടല്ലേ.. വീഴും " ക്രിസ്റ്റി അവളിറങ്ങി വരുന്നത് കണ്ടിട്ട് വിളിച്ചു പറഞ്ഞു. പക്ഷേ അവളതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കിതച്ചു കൊണ്ടവന്റെ മുന്നിൽ പോയി നിൽക്കുമ്പോൾ പാത്തുവിന്റെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു. അവനൊട്ടും പ്രതീക്ഷിക്കാതെ പാത്തു അവനെ കെട്ടിപിടിച്ചു. ഒന്ന് പിന്നിലേക്കാഞ്ഞു പോയെങ്കിലും ക്രിസ്റ്റി ചിരിയോടെ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചിരുന്നു. "മ്മ്.. ന്തേ?" തമ്മിലകന്നു മാറാതെ തന്നെ നോട്ടമിടഞ്ഞ ഏതോ നിമിഷം തന്നെ മാത്രം കണ്ണിൽ നിറച്ചു നിൽക്കുന്നവളോട് അവൻ ചോദിച്ചു. "ഒന്നുല്ല.." അവൾ കൂടുതൽ അവനിലേക്ക് ചേർന്നു നിന്നിട്ട് പറഞ്ഞു. "എങ്ങനെ പുറത്ത് ചാടി.. അവിടാരും എണീറ്റില്ലേ?" ക്രിസ്റ്റി ചോദിച്ചു. "എനിക്കറിയില്ല. ഞാൻ.. ഞാൻ അതൊന്നും നോക്കിയില്ല. ന്റെ മനസ്സിൽ എങ്ങനേലും ഇച്ഛയെ ഒന്ന് കാണണം ന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു " പാത്തു പറഞ്ഞു. "ആഹ്.. എങ്കിൽ ഇങ്ങനെ തന്നെ നിൽക്കാം. ആ ഷാഹിദ് പിറകെ വരുന്നുണ്ടാവും " ക്രിസ്റ്റി പറഞ്ഞത് കേട്ട് പാത്തു ഞെട്ടി കൊണ്ടവനെ നോക്കി. അവൻ അമർത്തി ചിരിച്ചു കൊണ്ടവളെ നോക്കി കണ്ണ് ചിമ്മി. "ആഹ്.. ഓനിങ്ങു വരട്ടെ.. " പാത്തു ക്രിസ്റ്റിയിൽ നിന്നും വിട്ടു മാറി നിന്നിട്ട് വാശി പോലെ പറഞ്ഞു. "ആഹാ.. അത്രയ്ക്ക് ധൈര്യമൊക്കെ ആയോ അറക്കൽ വീട്ടിലെ രാജകുമാരിക്ക് " ക്രിസ്റ്റി അവളെ വലിച്ചടുപ്പിച്ചു തോളിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് ചോദിച്ചു. "അവനിന്നലേ എന്നോട് ചോദിച്ചിരുന്നു ഞാൻ ആരെങ്കിലും പ്രേമിച്ചിട്ടുണ്ടോ ന്ന് " പാത്തു മുഖമുയർത്തി ക്രിസ്റ്റിയെ നോക്കി കൊണ്ട് പറഞ്ഞു. "മ്മ്.. എന്നിട്ട്.. നീ എന്താ ഉത്തരം പറഞ്ഞത്?" "ഉത്തരം എനിക്കവനെ കാണിച്ചു കൊടുക്കണം.. ദേ ഇങ്ങനെ നിന്നിട്ട് പറയണം.. ഞാനീ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്.. മോഹിക്കുന്നത്.. അതീ ക്രിസ്റ്റി ഫിലിപ്പിനെ ആണെന്ന്. അവനില്ലാതെ ഇനി.. ഇനി എനിക്കൊരു ജീവിതമില്ലന്ന് " വീണ്ടും ക്രിസ്റ്റിയുടെ നെഞ്ചോടു ചേർന്നു നിന്നിട്ട് അവളത് പറയുമ്പോൾ... അവനുള്ളിൽ പ്രണയം നിറഞ്ഞു കവിഞ്ഞു.......കാത്തിരിക്കൂ.........