നിലാവിന്റെ തോഴൻ: ഭാഗം 74
Aug 26, 2024, 22:15 IST

രചന: ജിഫ്‌ന നിസാർ
ഷാഹിദ് കൊടുത്ത വെള്ളം വാങ്ങി വർക്കി ആർത്തിയോടെ കുടിച്ചു. അയാളുടെ കണ്ണിൽ ഓളം വെട്ടുന്നാ പ്രാണഭയം... ഷാഹിദ് ലഹരിയോടെ നോക്കി. മറ്റുള്ളവരുടെ കണ്ണിലെ ഭയം.. അതെന്നും അവനൊരു ലഹരിയായിരുന്നു. "പേടിക്കേണ്ട.. ഞാൻ അറിഞ്ഞതൊന്നും ഞാനായിട്ട് ആരോടും പറയില്ല." ഗൂഡ സ്മിതത്തോടെ ഷാഹിദ് വർക്കിയേ നോക്കി. വർക്കി ആശ്വാസത്തോടെ അവനെ നോക്കി. "മിസ്റ്റർ വർക്കി ചെറിയാൻ ആയിട്ട് എന്നെ കൊണ്ട് ആരോടും പറയിപ്പിക്കരുത്." വീണ്ടും ചിരിച്ചു കൊണ്ടവൻ പറഞ്ഞതും വർക്കിയുടെ മുഖം ചുളിഞ്ഞു. "ഞാൻ.. ഞാനായിട്ട് എന്ത് ചെയ്യാനാണ്. ഇത്... ഇതെല്ലാം പുറത്തറിയുന്നത്.. എനിക്ക്.. എനിക്ക് തന്നെ ദോഷമല്ലേ.. പിന്നെങ്ങനെ ഞാൻ? " അയാൾ ധൃതിയിൽ ഷാഹിദിനെ നോക്കി ചോദിച്ചു. "അതായത് വർക്കി സർ.. ഞാൻ ഉദ്ദേശിച്ചത്... എനിക്ക് വർക്കി കുറച്ചു സഹായങ്ങൾ ചെയ്തു തരേണ്ടതായിട്ട് വരും. അതൊന്നും ചെയ്യാതെ വെറുതെ എന്നെ പ്രകോപിപ്പിച്ചാൽ.. പിന്നെ പുറത്തൊന്നും..ആരോടും പറയില്ലെന്ന് വാക്ക് തന്നത് എനിക്ക് പാലിക്കാൻ ബുദ്ധിമുട്ടാവും." ചിരിച്ചു കൊണ്ട് ഷാഹിദ് പറഞ്ഞു. വർക്കി അവനെ പകച്ചു നോക്കി. "എന്നതാ... എന്നതാ ഞാൻ ചെയ്യേണ്ടത്?" വർക്കി ആവേശത്തിൽ ചോദിച്ചു. ഷാഹിദ് വീണ്ടും ഉറക്കെ ചിരിച്ചു. അതയാളുടെ ഹൃദയമിടിപ്പ് കൂട്ടി. "എവിടെ.. നിങ്ങളുടെ ഫോണിങ് താ " അവൻ ചിരിയോടെ തന്നെ വർക്കിയുടെ നേരെ കൈ നീട്ടി. വർക്കി അതനുസരിക്കാൻ ഒന്നറച്ചു. "ഇനി.... ഇനി അറക്കൽ ഷാഹിദ് പറയും. വർക്കി ചെറിയാൻ അനുസരിക്കും. അതാണ് നിയമം " കുറുകിയ കണ്ണോടെ ഷാഹിദ് പറഞ്ഞു നിർത്തിയതും വർക്കി വേഗം ഫോണെടുത്തു നീട്ടി. "ദാ... പിടിക്ക് " അതിലെന്തൊക്കെയോ ടൈപ്പ് ചെയ്തിട്ട് ഷാഹിദ് ഫോൺ തിരികെ വർക്കിയുടെ മടിയിലേക്കിട്ട് കൊടുത്തു. വർക്കിയത് താഴെ വീഴാതെ പിടിച്ചു. "ഇതിലെന്റെ നമ്പർ സേവ് ചെയ്തിട്ടുണ്ട്. ഇനി എനിക്ക് ഇൻഫർമേഷൻ വേണ്ടപ്പോൾ വർക്കി ചെറിയാൻ അത് പറഞ്ഞു തരും.. അങ്ങനല്ലേ...?" കസേരയിൽ ചാഞ്ഞിരുന്നു കൊണ്ട് ഷാഹിദ് പറയുമ്പോൾ തീർത്തും ചക്രവ്യൂഹത്തിൽ പെട്ടത് പോലെ വർക്കി അവനെ നോക്കി. വീണ്ടും അവനോട് എന്തൊക്കെയോ ചോദിക്കാനുണ്ടായിരുന്നു. പക്ഷേ ബൈ എന്ന് പറഞ്ഞു കൊണ്ടവൻ എഴുന്നേറ്റു പോയതും വർക്കി തളർന്നു കൊണ്ടയാൾ കസേരയിലേക്ക് ചാരി. ❣️❣️ "എനിക്ക്... എനിക്ക് കുറച്ചു കാശ് വേണം " അങ്ങേയറ്റം പരുഷമായ റിഷിന്റെ വാക്കുകൾ കേട്ടിട്ടാണ് ഡെയ്സി തിരിഞ്ഞു നോക്കിയത്. വല്ലാത്തൊരു കോലം. അന്ന് വരെയും ഭംഗിയായി ഒതുക്കി കൊണ്ട് നടന്നിരുന്ന അവന്റെ മുടിയിഴകൾ ഭ്രാന്ത് പിടിച്ചത് പോലെ നെറ്റിയിൽ വീണുലഞ്ഞു കിടക്കുന്നു. കണ്ണുകളിൽ ചുവപ്പ് രാശി. കൺതടങ്ങളിൽ ഇന്നലെ രാത്രിയിലെ ഉറക്കം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. "നിനക്കിപ്പോ എന്നാത്തിനാ റിഷി കാശ്?" ഡെയ്സി അവന് നേരെ തിരിഞ്ഞു. "അത്.. അത്.. " റിഷിൻ നിന്ന് പരുങ്ങുന്നുണ്ടായിരുന്നു. ഡെയ്സി അവനെ തന്നെ സൂക്ഷിച്ചു നോക്കി. "നിങ്ങക്കിപ്പോ കാശ് തരാൻ പറ്റുവോ ഇല്ലയോ.. അത് പറ " അസഹിഷ്ണുത നിറഞ്ഞ അവന്റെ പരുക്കൻ സ്വരം. "ബുദ്ധിമുട്ടാണ് " ഡെയ്സി അന്ന് വരെയും കാണിക്കാത്ത കാർക്കശ്യത്തോടെ അവന് മുന്നിൽ കൈ കെട്ടി നിന്നു. റിഷിൻ അവരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. "ഓഓഓ. പപ്പാ പറയുന്നത് പോലെ ആ നാശം പിടിച്ചവൻ കൂടെയുണ്ടെന്നുള്ള അഹങ്കാരമാവും നിങ്ങൾക്ക്. അല്ലേ?" അവന്റെ മുഖത്ത് പരിഹാസമാണെന്ന് വളരെ വേഗം തന്നെ ഡെയ്സി മനസ്സിലാക്കി. "എന്റെ മകനെന്റെ കൂടെയുണ്ടെന്നുള്ളത് എന്റെ അഹങ്കാരം മാത്രമല്ലടാ. എന്റെ ധൈര്യം കൂടിയാണ് " ഡെയ്സി അൽപ്പം പോലും പതറാതെ ഉറച്ച സ്വരത്തിൽ പറഞ്ഞു കേട്ടതും അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. "എനിക്ക്.. എനിക്കൊരു സ്ഥലം വരെയും പോവാനാണ്. കടമായിട്ട് മതി. ഞാനത് തിരികെ തന്നു കൊള്ളാം " ഒട്ടൊരു നേരത്തെ നിശബ്‍ദതയ്ക്ക് ശേഷം റിഷിൻ വീണ്ടും മുഖം കുനിച്ചു കൊണ്ട് പറഞ്ഞു. ആ സമയം അങ്ങേയറ്റം ദയനീയമായിരുന്നു അവന്റെ മുഖം. എന്നിട്ടും ഡെയ്സിയുടെ.. മുഖം അൽപ്പം പോലും അയവ് വന്നിരുന്നില്ല. "സ്വന്തമല്ലെന്ന് എത്രയൊക്കെ നീയും നിന്റെ പപ്പയും വിളിച്ചു കൂവിയാലും ക്രിസ്റ്റി നിന്റെ കൂടപ്പിറപ്പാണ്. നെറികെട്ട പരിപാടി നീ ചെയ്തിട്ടും കോളനിക്കാർക്ക് തല്ലി ചതക്കാൻ നിന്നെ വിട്ടു കൊടുത്തില്ല എന്നൊരു തെറ്റ് അവൻ ചെയ്തിട്ടുണ്ട്. അതിനാണാല്ലോ.. അതിന്റ നന്ദി കാണിക്കാൻ വേണ്ടിയാണല്ലോ അവനെ തല്ലാനാണോ കൊല്ലാനാണോ എന്ന് കർത്താവിനറിയാം... നീ കാശ് കൊടുത്തു ആളെ വിട്ടത്. എന്നിട്ടിപ്പോ നീ എങ്ങോട്ടാ റിഷിനെ ഓടുന്നത്.. എവിടെ വരെയും ഓടും നീ?എത്ര ഓടിയാലും നീ രക്ഷപെടില്ല." ഡെയ്സിയുടെ കണ്ണിൽ നിന്നും തീ പാറുന്നുണ്ടന്നും അത് തന്നെ പൊള്ളിക്കുന്നുണ്ടെന്നും റിഷിന് തോന്നി. എന്നാലും അതെങ്ങനെ മമ്മയറിഞ്ഞാവോ? ക്രിസ്റ്റിയുടെ ഒരു സ്വഭാവം വെച്ച് മമ്മ വേദനിക്കരുത് എന്ന് കരുതി അവനതൊരിക്കലും പറയില്ലെന്ന് റിഷിന് ഉറപ്പായിരുന്നു. "എന്താടാ.. നിന്റെ നാവിറങ്ങി പോയോ? ഡെയ്സി അവന്റെ തോളിൽ പിടിച്ചുലച്ചു. "ഞാൻ.. ഞാനങ്ങനെയൊന്നും.." റിഷിൻ എന്തോ പറയാൻ വന്നത് ഡെയ്സി കൈ ഉയർത്തി തടഞ്ഞു. "നീ ഒന്നും ചെയ്തിട്ടില്ലയെന്നാവും " ഡെയ്സി ചുണ്ട് കോട്ടി കൊണ്ട് അവനെ നോക്കി. "ഇനി വെറുതെ നുണ പറഞ്ഞു ബുദ്ധിമുട്ടണം എന്നില്ല.നീയാണ് ചെയ്തെന്ന് ഇപ്പൊ പറഞ്ഞു കളിയാക്കിയ എന്റെ മോനും എന്നോട് പറഞ്ഞില്ല. ഞാൻ വേദനിക്കുമെന്ന് കരുതിയാണെങ്കിൽ പോലും നിന്നെ അവൻ ആർക്കു മുന്നിലും പ്രതിയാക്കി നിർത്തിയിട്ടുമില്ല." ഡെയ്സി വീണ്ടും അവന് മുന്നിലേക്ക് കയറി നിന്നു. "എന്നിട്ടിപ്പോ നിനക്ക് ഒളിച്ചോടാൻ ഞാൻ കാശ് തരണം. അല്ലേടാ?" ഡെയ്സി പിടിച്ചു തള്ളിയതും റിഷിൻ പിറകിലേക്ക് വേച്ച് പോയി. "എവിടെ പോയാലും ആ കോളനിക്കാർ പുഷ്പം പോലെ പൊക്കി എടുത്തു കൊണ്ട് വരും നിന്നെ. അവരുടെ അഭിമാനത്തെയാണ് നീയും നിന്റെ പുന്നാര പപ്പയും പപ്പടം പോലെ പൊടിച്ചു കളഞ്ഞത്. അവരത് ക്ഷമിക്കില്ല റിഷിനെ. ചെയ്തു പോയ തെറ്റിന് നിനക്ക് ശിക്ഷ കിട്ടേണ്ടത് ഇപ്പൊ എന്റെ കൂടി ആവിശ്യമാണ്. കാരണം നിന്റെ പപ്പയെ പോലെ നിനക്കുള്ളിലും ഒരു ചെകുത്താൻ വളരുന്നുണ്ട്. അതില്ലാതെയാക്കേണ്ടത് നിന്റെയമ്മ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ് " "ഒന്ന് നിർത്തുന്നുണ്ടോ നിങ്ങളുടെ പ്രസംഗം? " റിഷിൻ ഊക്കിൽ അവിടെയുള്ളൊരു കസേരക്ക് ചവിട്ട് കൊടുത്തു. വലിയ ശബ്ദത്തിൽ അത് പൊട്ടി താഴെ വീണു. അത് കേട്ട് കൊണ്ടാണ് മുകളിൽ എന്തോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ദിലുവും മീരയും താഴേക്കെത്തിയത്. മറിയാമ്മച്ചിയും അങ്ങോട്ട് ഓടി വന്നിരുന്നു. "ഒരമ്മ വന്നേക്കുന്നു..." റിഷിൻ അത് പറഞ്ഞിട്ട് പുച്ഛത്തോടെ ഡെയ്സിയെ നോക്കി. "പപ്പാ പറയുമ്പോലെ നിങ്ങളെന്നാ എനിക്കും ദിൽനക്കും അമ്മയായിട്ടുള്ളത്. എന്നും നിങ്ങളുടെ മനസ്സിൽ മൂത്ത മകനോടുള്ള സ്നേഹം നിറഞ്ഞൊഴുകകയായിരുന്നല്ലോ. ഞങ്ങളെ നിങ്ങൾക്ക് എന്നും കണ്ടൂടാ " അവൻ കലിയോടെ ഡെയ്സിക്ക് നേരെ വിരൽ ചൂണ്ടി. "ഏട്ടാ... പതുക്കെ സംസാരിക്ക് മമ്മയോട് " മീരയുടെ അരികിൽ നിന്നും ദിലു റിഷിന്റെ അരികിൽ ചെന്നിട്ട് പറഞ്ഞു. ദേഷ്യം കൊണ്ട് റിഷിൻ പുകയുന്നുണ്ടായിരുന്നു. അവളെ കൂടി കണ്ടതോടെ അത് പൂർത്തിയായി. "ഓ നീയിപ്പോ നന്മമരമാണല്ലോ അല്ലേ " അവൻ അവളെ നോക്കി ചുണ്ട് കോട്ടി. "ദേ.. മാറി പോയിക്കോ എന്റെ മുന്നേന്നു. ഇല്ലെങ്കിൽ ചവിട്ടി നിന്റെ നടു ഞാൻ ഒടിക്കും." അവൻ അവൾക്ക് നേരെ ചാടി. ദിൽന ഒരടി പോലും നീങ്ങാതെ അവിടെ തന്നെ നിന്ന് പോയി. "എന്നിട്ട് നീ രണ്ട് കാലിൽ ഇവിടെ നിന്നും പോകുന്നത് എനിക്കൊന്ന് കാണണം. കുറേ കാലമായി ഞാനും നോക്കിയിരിക്കുവാ,നിന്റെ തിരുമോന്ത നോക്കി ഒന്ന് പുകച്ചു തരാൻ. കുറച്ചൊന്നുമല്ല നീ എന്റെ ചെക്കനെയിട്ട് വട്ടം കറക്കിയിട്ടുള്ളത്.ഇന്നത്തോടെ നിന്റെ സൂക്കേട് ഞാൻ തീർക്കും " മറിയാമ്മച്ചി കൂടി മുറിയിലേക്ക് കയറി വന്നതോടെ റിഷിനൊന്നു പതറി പോയിരുന്നു. അവരെടെല്ലാം നേരിട്ട് നിൽക്കാനുള്ള ധൈര്യം അവനും ഇല്ലായിരുന്നു. പെട്ടന്നാണ് വാതിൽക്കൽ നിൽക്കുന്ന മീരയിൽ അവന്റെ കണ്ണുകൾ തറച്ചു കയറിയത്. "നീ ആരാ...?" അത് വരെയും അവൻ അവളെ കണ്ടിരുന്നില്ല. "ചോദിച്ചത് കെട്ടില്ലെടി.. നിനക്ക് നാവില്ലേ..?നീ എങ്ങനെ ഇവിടെത്തി... എന്റെ വീട്ടിൽ നിനക്കെന്താ കാര്യം?" അവരോടെല്ലാമുള്ള ദേഷ്യം റിഷിൻ മീരയോട് തീർത്തു. അവൾക്ക് നേരെ ചീറി കൊണ്ടവൻ ചോദ്യങ്ങളുടെ കെട്ടഴിച്ചു. "ഞാൻ... എനിക്ക് " അവനോടെന്ത് പറയണമെന്നറിയാതെ അവളും പതറി പോയിരുന്നു. "ഇത് മീരാ.. ക്രിസ്റ്റി കൊണ്ട് വന്നതാ.നിനക്ക് നിൽക്കാമെങ്കിൽ നിന്നെ പോലെ ഇവൾക്കും ഈ വീട്ടിൽ നിൽക്കാൻ അവകാശമുണ്ടെന്ന് കൂട്ടിക്കോ " മീരയുടെ അരികിലേക്ക് വന്നിട്ട് അവളെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് ഡെയ്സി പറഞ്ഞതും റിഷിന്റെ കണ്ണുകൾ കൂർത്തു. മീരയുടെ മുഖത്തേക്ക് ആ നോട്ടം കുത്തിയിറക്കി. അവൾ മുഖം കുനിച്ചു നിന്നു. "അതേത് വകയിൽ... എന്നെ പോലെ ആ അവകാശം " റിഷിൻ വിടാനുള്ള ഭാവമില്ലാത്തത് പോലെ വീണ്ടും ചോദിച്ചു. "തത്കാലം നീ അത്ര അറിഞ്ഞാ മതി. സമയമാവുമ്പോൾ കൂടുതൽ കൊണ്ട് വന്നവൻ തന്നെ അറിയിച്ചു തന്നോളും " പിന്നിൽ നിന്നും അവനോടുള്ള ദേഷ്യം മുഴുവനും വാക്കുകൾക്കുള്ളിൽ നിറച്ചിട്ട് മറിയാമ്മച്ചി പറഞ്ഞതും റിഷിൻ അവരെയൊന്നു തുറിച്ചു നോക്കി. "അയ്യോടാ.. നീ ഇങ്ങനൊന്നും നോക്കാതെ.. ഞാൻ പേടിച്ചു മുള്ളി പോകും കേട്ടോ " അവന്റെ നോട്ടം കണ്ടതും മറിയാമ്മച്ചി വാ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവനെ കളിയാക്കി. "ഓഹോ.. എങ്കിൽ ഇവൾ അവന്റെ സെറ്റപ്പ് തന്നെയാവും. ഉറപ്പ്." റിഷിൻ വീണ്ടും ഡെയ്സിയുടെ അരികിൽ നിൽക്കുന്ന മീരയെ നോക്കി പറഞ്ഞതും അവൾ വേദനയോടെ കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു. 'അനാവശ്യം പറഞ്ഞ നിന്റെ പല്ല് ഞാനടിച്ചു കൊഴിക്കും. കേട്ടോടാ വൃത്തികെട്ടവനെ " ക്രിസ്റ്റിയെ പറഞ്ഞതും മറിയാമ്മച്ചി പോര് കോഴിയെ പോലെ റിഷിന് നേരെ ചാടി. അവൻ ഒരടി പിറകോട്ടു നീങ്ങി. "അനാവശ്യം ചെയ്യാം.. പക്ഷേ എനിക്ക് പറഞ്ഞൂടാ. ഇതെവിടുത്തെ ന്യായം.?" റിഷിൻ ചുണ്ട് കോട്ടി. മറിയാമ്മച്ചി കൈ വീശി അടിക്കുമോ എന്നൊരു പേടിയുള്ളത് കൊണ്ടായിരിക്കും അവൻ അവരിൽ നിന്നും അൽപ്പം അകലേക്ക് നീങ്ങി നിന്നു. "അതിന് അവന്റെ അപ്പന്റെ പേര് വർക്കി ചൊറിയാൻ എന്നല്ലല്ലോ കുഞ്ഞേ " ഡെയ്സിക്ക് ഒന്നും പറയാനുള്ള അവസരം പോലുമില്ല. ക്രിസ്റ്റിക്ക് വേണ്ടി പൊരുതാൻ മറിയാമ്മച്ചിക്ക് വേറെയാരും വേണ്ടായിരുന്നു. "കണ്ട തേവിടിച്ചികളെ വീട്ടിൽ കയറ്റി കൊണ്ട് വന്നതും പോരാ.. എന്നിട്ടിപ്പോ അപ്പൻ നന്നായത്തിന്റെ മഹത്വം കൂടി പറയുന്നോ?" റിഷിൻ പറഞ്ഞു മുഴുവനാക്കും മുന്നേ മീരാ അവന്റെ മുഖം നോക്കി അടിച്ചിരുന്നു. അവൾ കൈ കുടയുന്നത് കണ്ടപ്പോഴാണ് അവർക്കെല്ലാം കാര്യം മനസിലായത്. "സൂക്ഷിച്ചു സംസാരിക്കണം " കത്തുന്ന കണ്ണോടെ അവൾ പറയുമ്പോൾ അടി കിട്ടിയ സ്തംഭനാവസ്ഥയിൽ നിന്നും റിഷിൻ പുറത്ത് കടന്നിട്ടില്ലായിരുന്നു. അത് കണ്ട് കൊണ്ടായിരുന്നു ക്രിസ്റ്റീയും അവനൊപ്പം ഫൈസിയും അകത്തേക്ക് കയറി വന്നത്. വണ്ടി എടുത്തിട്ടില്ലയെന്ന് കാരണം പറഞ്ഞിട്ട് ക്രിസ്റ്റിക്കൊപ്പം ഫൈസി കൂടി വന്നിരുന്നു. മീരയെ ഒന്നു കാണാൻ ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് അവന് തോന്നി. "എന്താ... എന്തായിവിടെ?" കയ്യിലുള്ള ബാഗ് ഹാളിലെ കസേരയിലെക്കിട്ട് കൊണ്ട് ക്രിസ്റ്റി ധൃതിയിൽ അങ്ങോട്ട് വന്നിട്ട് ചോദിച്ചു. മീരയുടെ അടിയും.. ക്രിസ്റ്റിയുടെ രംഗപ്രവേശനവും കൂടി ആയതോടെ റിഷിന്റെ പത്തി പൂർണമായും താഴ്ന്നു പോയിരുന്നു. നിറഞ്ഞതെങ്കിലും കത്തുന്ന കണ്ണോടെ അപ്പോഴും റിഷിനെ തുറിച്ചു നോക്കി നിൽക്കുന്ന മീരയുടെ നേരെയായിരുന്നു ഫൈസിയുടെ കണ്ണുകൾ. ദിലുവാണ് ക്രിസ്റ്റീയോടെ കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തത്. അത് കേട്ടതും ഫൈസി കൈകൾ ചുരുട്ടി പിടിച്ചു കൊണ്ട് ദേഷ്യം അമർത്തി. റിഷിനെ ചവിട്ടി കൂട്ടാനുള്ളത്രേം കലി അവന്റെ പല്ലുകൾക്കിടയിൽ ഞെരിച്ചമർത്തുന്നുന്നുണ്ടായിരുന്നു. "എനിക്ക് നേരെ നീ ആളെ വിട്ടത് ഞാൻ മറക്കും... പൊറുക്കും. അത് നിന്റെ വിവരകേടെന്ന് കരുതും.പക്ഷേ ക്രിസ്റ്റി ഉയിരോട് ചേർത്ത് നിർത്തുന്ന ഇവരിൽ ആരെങ്കിലും ഒരാൾ നീ കാരണം വേദനിച്ചാൽ ... പൊന്ന് മോനെ.. നീ പിന്നെ ഇല്ലെടാ " ക്രിസ്റ്റി റിഷിന് മുന്നിലേക്ക് ചെന്നു നിന്നിട്ട് പറഞ്ഞു. അവനൊന്നും മിണ്ടാതെ തല കുനിച്ചു നിൽപ്പാണ് . മീരയുടെ സമ്മാനം നല്ല കനത്തിൽ തന്നെ അവന്റെ ഇടതു കവിളിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. "തത്കാലം അവളെ ചൊരിഞ്ഞതിനുള്ള ഉത്തരം അവൾ തന്നെ കയ്യോടെ തന്നത് കൊണ്ട് ഇപ്രാവശ്യം ഇനി എനിക്ക് റോളില്ല. പക്ഷേ.. ഇനി.. ഇനി ഇവർക്ക് നേരെ നിന്റെയൊരു ദുഷിച്ച നോട്ടം ഉണ്ടായാൽ ..." ക്രിസ്റ്റി വിരൽ ചൂണ്ടി. റിഷിൻ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി പോവാൻ തുനിഞ്ഞു. "മക്കളൊന്ന് നിന്നെ..." പിന്നിൽ നിന്നും മറിയാമ്മച്ചി വിളിച്ചതും റിഷിൻ അറിയാതെ തന്നെ നിന്ന് പോയി. "ഇവൻ നിനക്കെതിരെ എന്തോ ചെയ്തെന്നാടാ നീ പറഞ്ഞത്?ആളെ വിട്ടന്നോ മറ്റോ പറഞ്ഞു കേട്ടല്ലോ.. ഉള്ളതാന്നോ?" മറിയാമ്മച്ചി അപ്പോഴും അവനാ പറഞ്ഞതിന്റെ പുറകിലായിരുന്നു. "അത് വിട്... അത് കഴിഞ്ഞതല്ലേ?" ക്രിസ്റ്റി മറിയാമ്മച്ചിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതും അവരൊന്നു കുതറി. "ആഹാ.. എന്നാലേ ഞാൻ ഈൗ കഴുതമോറനെ അങ്ങനങ്ങു വിടാൻ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ നിന്നെ ഞോണ്ടിയിട്ട് ഇവനങ്ങനെ ചുമ്മാ പോകാൻ ഞാൻ സമ്മതിച്ചു കൊടുക്കുകേല.. നീ എന്നെ വിട്ടെടാ...പിശാച്ചെ." മറിയാമ്മച്ചി കുതറി മാറിയത് ക്രിസ്റ്റി വളരെ കഷ്ടപ്പെട്ടു കൊണ്ടാണ് പിടിച്ചൊതുക്കിയത്. "നോക്കി നിൽക്കാതെ ജീവൻ വേണമെങ്കിൽ ഇറങ്ങി പോടാ " അവനെ പിന്നിലേക്ക് പിടിച്ചു തള്ളി കൊണ്ട് ഫൈസി ഉള്ളിലെ ദേഷ്യം അൽപ്പം കുറച്ചു. മീരാ ആരെയും നോക്കാതെ വേഗം മുകളിലേക്ക് കയറി പോകുന്നത് കണ്ടതും അവനുള്ളിലെ വേദന പിന്നെയും കൂടി. പക്ഷേ ഒന്നും പറഞ്ഞില്ല. "അവൾക്കത് സങ്കടമായെന്ന് തോന്നുന്നു " അവൾ പോയ വഴിയേ നോക്കി ഡെയ്സി പറഞ്ഞു. "അവള് മിടുക്കിയാടാ മക്കളെ .. എന്നാ അടിയാ അവനിട്ടു കൊടുത്തത്. പെൺകൊച്ചുങ്ങളായ ഇങ്ങനെ വേണം " നെഞ്ചേരിയുന്നതിനിടയിലും മറിയാമ്മച്ചി പറയുന്നത് കേട്ടതും ഫൈസിക്കൊരു കുളിര് തോന്നി. അത്രയും നേരം അവരുടെയുള്ളിൽ ആളിയ തീ അൽപ്പമൊന്ന് അണഞ്ഞു പോലൊരു ആശ്വാസം പകർന്നു കൊടുക്കാൻ മറിയാമ്മച്ചിയുടെ വാക്കുകൾക്കായിരുന്നു.... .......കാത്തിരിക്കൂ.........