Novel

നിലാവിന്റെ തോഴൻ: ഭാഗം 75

രചന: ജിഫ്‌ന നിസാർ

ഉമ്മാനെ പരിശോധിക്കുന്ന ഡോക്ടറുടെ മുഖത്താണ് ഷാനവാസിന്റെ ആകാംഷ നിറഞ്ഞ കണ്ണുകൾ.

ഹൃദയം ആകാരണമായി വല്ലാതെ മിടിച്ചു കൊണ്ടയാളെ ഭയപ്പെടുത്തി.

“ഹോസ്പിറ്റലിലേക്ക് മാറ്റണോ ഡോക്ടർ? ”

ഉമ്മയെ നോക്കി കൊണ്ട് ഒന്നും പറയാതെ നിൽക്കുന്ന ഡോക്ടറെ നോക്കി അയാൾ ആധിയോടെ ചോദിച്ചു.

“അതിന്റെ ആവിശ്യമില്ലടോ. ഒരു ഹോസ്പിറ്റലിൽ കിട്ടാവുന്ന എല്ലാ സജ്ജീകരണത്തോടും കൂടിയല്ലേ നീ നിന്റെ ഉമ്മയെ പരിചരിക്കുന്നത്. ഇത്രേം കാലം നിന്റെ ഉമ്മ നിന്നോടൊപ്പം ഉണ്ടായത് തന്നെ നിന്റെയീ കെയറിങ്ങ് ഒന്ന് കൊണ്ട് മാത്രമാണ്.”
ഡോക്ടർ അയാളുടെ ചുമലിൽ തട്ടി കൊണ്ട് പറഞ്ഞു.

ആ പ്രശംസ വാക്കുകളായിരുന്നില്ല അയാളപ്പോൾ ആഗ്രഹിക്കുന്നതെന്ന് ആ മുഖത്തു തെളിയുന്ന അസഹിഷ്ണുത എടുത്തു പറയുന്നുണ്ടായിരുന്നു.

“ഉമ്മാന്റെ ഇപ്പോഴത്തെ കണ്ടീഷൻ.. ഡോക്ടർ ഒന്നും പറഞ്ഞില്ല.”

ആ അഭിനന്ദനങ്ങളെ കണ്ട ഭാവം പോലുമുണ്ടായിരുന്നില്ല അയാളിൽ.

അതെങ്ങനെ ജോലിയാവും.. ഇതിനേക്കാൾ എത്രയോ ഇരട്ടി സ്നേഹം തന്ന് പരിചരിച്ചു തന്നെ വളർത്തിയ ഉമ്മാനോടുള്ള സ്നേഹമല്ലേയത്.

അതൊരു കടമയാണെന്ന് കൂടി കേൾക്കാൻ അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല.

“പ്രഷർ ലോ ആയതാ. വേറെ കുഴപ്പമൊന്നുമില്ല ഇപ്പൊ.”

ഡോക്ടർ പറഞ്ഞു കേട്ടതും ഷാനവാസിന്റെ മുഖം ആശ്വാസം കൊണ്ട് വിടർന്നു.

“പക്ഷേ.. അറിയാമല്ലോ.. ഞാൻ പറയാതെ തന്നെ നിനക്ക് നിന്റെ ഉമ്മയുടെ ആര്യോഗ്യസ്ഥിതിയെ. ഓരോ ദിവസവും ദൈവം തരുന്ന ബോണസാണ്. ആ മനസ്സിന് സന്തോഷം കൊടുക്കുക. അവരുടെ കുഞ്ഞു ആഗ്രഹങ്ങൾ.. തന്നെക്കൊണ്ട് വല്ല വിധേനയും കഴിയുമെങ്കിൽ അതെല്ലാം നടത്തി കൊടുത്തു കൊണ്ട് അവരുടെ മനസ്സിന് ആനന്ദം കൊടുക്കുക. നിനക്കിനി ചെയ്യാൻ അത് മാത്രമേയൊള്ളു. അല്ലാത്തൊന്നും നിന്നോട് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ. ആ ഉമ്മ ആഗ്രഹിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി നീ അവരെ സംരക്ഷണം കൊണ്ട് പൊതിഞ്ഞു പിടിക്കുന്നുണ്ട് ”

വീണ്ടും എന്തൊക്കയോ പറഞ്ഞിട്ട് ഡോക്ടർ ഇറങ്ങി പോയിട്ടും ഷാനവാസ് ഉമ്മയെ നോക്കി അതേ ഇരുപ്പ് തന്നെ ആയിരുന്നു.

ശുഷ്‌കിച്ച ആ കൈയ്യിൽ വെറുതെ തലോടി പാതി അടച്ചു കൊണ്ട് ഉറക്കമായ ആ മുഖത്തേക്ക് നോക്കി.

“ഉമ്മയുടെ ആഗ്രഹങ്ങൾ.. തന്നെകൊണ്ട് നടത്താൻ കഴിയുന്നത് നടത്തി കൊടുത്ത് ആ മനസ്സിന് ആനന്ദം കൊടുക്കുക. തനിക്കിപ്പോ ചെയ്യാൻ അത് മാത്രമേയൊള്ളു ”
ഡോക്ടർ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും അയാൾക്കുള്ളിൽ മുഴങ്ങി.

ഉമ്മയുടെ ഏറ്റവും വലിയൊരു ആഗ്രഹം…

വളരെ കാലമായി തന്നോട് പല കോലത്തിലും പറഞ്ഞിട്ട് താൻ കേട്ടില്ലെന്ന് നടിച്ച ആ വലിയ ആഗ്രഹം.

അത് മാത്രമായിരിക്കും… ഇനിയും ആ മനസ്സിലുള്ള ആഗ്രഹമായിട്ട് അവശേഷിക്കുന്നത്.

പടച്ചോനെ….

വയ്യാത്ത ന്റെ ഉമ്മാനോട് മറ്റൊരാൾ മുഖം കറുപ്പിച്ചു സംസാരിക്കുന്നത് ഓർക്കുമ്പോൾ പോലും ചങ്കിൽ തീയാണ് ..

അങ്ങനെയൊരു പേടിയെങ്ങനെ ഹൃദയത്തിൽ കയറി കൂടിയാവോ?

കണ്ടും കേട്ടും മടുത്ത കഥകളിലെ ബന്ധങ്ങൾ തന്നെയാവും..അതിന്റെ ഉത്തരവാദികൾ.

എന്ത് കൊണ്ടോ…. നേർത്തൊരു പുഞ്ചിരി കൊണ്ട് ലില്ലി അയാളുടെ ഹൃദയത്തിനറകളിലേക്ക് ഇടിച്ചു കയറി വന്നിരുന്നുവപ്പോൾ.
ഇതിപ്പോൾ പതിവാണ്… ഒരു പുഞ്ചിരിയോടെ ഉള്ളിലൊരു സന്തോഷമായി നിറയുന്നത്.

അത്രേം ആഴത്തിൽ ചിരിക്കാനറിയാവുന്നവരെ അയാളാദ്യമായിരുന്നു കാണുന്നത്.

ചിലർ ചിരി കൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞു കേട്ടിരുന്നു..

കാണുന്നതും അറിയുന്നതും ലില്ലിയെ കണ്ടത് മുതലായിരുന്നു.

ഉമ്മയെ കൂടാതെ, ഓർക്കുമ്പോൾ ഹൃദയമൊരു പുഞ്ചിരി പൊഴിച്ചത് അവൾക്ക് വേണ്ടിയായിരുന്നു.

ആ കരുണ നിറഞ്ഞ കണ്ണുകൾക്ക് പറയാൻ ഒരായിരം കഥനകഥകൾ ഉണ്ടെന്നിരിക്കെ..ഒരു പുഞ്ചിരി കൊണ്ട് കാണുന്നവർക്ക് സന്തോഷം പകരുന്ന ഒരുവൾ..

ആ വേദനയിലും അയാൾക്കുള്ളിലെ ആശ്വാസമായിരുന്നു അവളും.. അവളുടെ ഓർമകളും.

❣️❣️

“ഇങ്ങനെ കരയാൻ മാത്രം ഒന്നുല്ല.. വിട്ടേക്ക്.. അവനുള്ളത് ഇച്ചേടെ മോള് തന്നെ കയ്യോടെ കൊടുത്തില്ലേ.? ഇപ്പൊയിരുന്നു മോങ്ങേണ്ടത് സത്യത്തിൽ അവനല്ലെടി പൊട്ടി. അമ്മാതിരി അടിയല്ലേ നീ കൊടുത്തത്. നിന്റെ വിരലുകൾ അവന്റെ കവിളിൽ ചാപ്പ കുത്തിയത് പോലെ കരിനിലിച്ചു കിടപ്പുണ്ടാവും കുറേ നാൾ..ഒരു ഓർമപ്പെടുത്തൽ പോലെ ”

മീരയെ ചേർത്ത് പിടിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

നനഞ്ഞ കണ്ണോടെ അവൾ നേർത്തൊരു ചിരിയിൽ അവനെ നോക്കി.

“ശാരിയാന്റിയെന്ന അമ്മയുടെ അഭിമാനമാണ് നീ ”

ക്രിസ്റ്റി അങ്ങേയറ്റം ആത്മാർത്ഥമായി പറഞ്ഞതും മീരയുടെ ചിരിക്ക് വളരെയേറെ ഭംഗി കൂടിയിരുന്നു.

ദിലു രണ്ടു പേരെയും നോക്കി കിടക്കയുടെ ഒരറ്റത്തിരിപ്പുണ്ട്.

“ഇന്നുള്ളത് പോലെയൊരു സംസാരത്തിന് ഇനി അവൻ അടുത്തൊന്നും ധൈര്യപ്പെടില്ല.”

ക്രിസ്റ്റി അവൾക്ക് ധൈര്യം കൊടുത്തു.

“ഇങ്ങനിരുന്ന മതിയോ രണ്ടിനും. സ്കൂളിൽ പോണ്ടേ. എക്സാം ഇങ്ങടുത്തു ”

വീണ്ടും എന്തൊക്കെയോ പറയുന്നതിനിടെ ക്രിസ്റ്റിയുടെ ചോദ്യം!

രണ്ട് പേരിലും ഒരു പിടച്ചിലുണ്ടായിരുന്നു.

“മുന്നിലുള്ളത് ഈ വർഷത്തിൽ നിങ്ങൾ കഷ്ടപ്പെട്ടു പഠിച്ചതിന്റെ റിസൾട് കിട്ടാനുള്ള കുറച്ചു ദിവസങ്ങളാണ്.അതില്ലാതെയാക്കണോ?”

അവന് കൊടുക്കാനൊരു ഉത്തരമില്ലാത്തത് പോലെ രണ്ട് പേരും മുഖം കുനിച്ചിരുന്നു.

“ഇതിനകത്ത് ഇരിക്കുന്നിടത്തോളം നിങ്ങളുടെ ഉള്ളിലെ മുറിവുണങ്ങില്ല. അതിനേക്കാൾ നല്ലതല്ലേ പിള്ളേരെ സ്കൂളിൽ പോയി.. കൂട്ടുകാരും.. എക്സമും ഒക്കെയായിട്ട് ബിസിയാവുന്നത്?”

തല കുനിച്ച് കൊണ്ടിരിക്കുന്ന രണ്ടെണ്ണത്തിനെയും നോക്കുമ്പോൾ ക്രിസ്റ്റിക്ക് ചിരി വരുന്നുണ്ടായിരുന്നു.

“പ്രശ്നങ്ങൾ ഇല്ലാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം, നമ്മൾ മറ്റെന്തെങ്കിലും കൊണ്ട് ബിസിയാവുക എന്നതാണ്. അങ്ങനാവുമ്പോൾ ഓരോ ചീഞ്ഞ പ്രശ്നം കൊണ്ട് കർത്താവ് നമ്മുടെ അടുത്തേക്ക് ആളെ വിടും മുന്നേ തന്നെ മൂപ്പര് ചുമ്മാ ഓർക്കും.. അല്ലേൽ തന്നെ അവർക്ക് നേരമില്ല അയിന്റെടേൽ ഇത് കൂടി എങ്ങനെ തീർക്കും. തത്കാലം ഫ്രീ ആയിട്ടിരിക്കുന്ന ആരെങ്കിലും ഏല്പിച്ചാലോ ന്ന്… എങ്ങനുണ്ട് എന്റെ ഐഡിയ… പൊളിയല്ലേ?”

വലിയ ആവേശത്തിൽ പറഞ്ഞു കൊണ്ട് ക്രിസ്റ്റി കണ്ണിറുക്കി ചോദിച്ചു.

പരസ്പരം ഒന്ന് നോക്കിയിട്ട് പെടുന്നനെ മീരയും ദിലുവും ഉറക്കെ പൊട്ടിചിരിക്കുമ്പോൾ ആദ്യം ഒന്നമ്പരന്ന് പോയെങ്കിലും പിന്നെ ഏറെ സന്തോഷത്തോടെ അവനാ ചിരിയിലേക്ക് നോക്കിയിരുന്നു.

മനസ്സിൽ നിന്നും വലിയൊരു ഭാരമൊഴിഞ്ഞു പോയത് പോലൊരു ഫീൽ..

“എന്റെ ചേട്ടായി…. എവിടുന്ന് കിട്ടുന്നു ഇമ്മാതിരി ചീഞ്ഞ ഐഡിയ.. അയ്യേ”

ദിലു ചിരിക്കുന്നതിനിടെ തന്നെ ക്രിസ്റ്റിയെ നോക്കി പറഞ്ഞു.

“അയ്യോടി.. ചീഞ്ഞ ഐഡിയയൊ.. പറയുന്നത് ക്രിസ്റ്റിയാണ് മക്കളെ. ഇജ്ജാതി പവർ ഫുൾ ഐഡിയ പറയാൻ…”

“ദോണ്ട്… അടുത്ത ചീഞ്ഞ കോമഡി.. എന്റെ ഇച്ഛാ.. ഇനി മതി.. പ്ലീസ്. ഇന്നിനി ചിരിക്കാൻ വയ്യ.. ഹുയ്യോ ”

അവനത് പറഞ്ഞു മുഴുവനാക്കും മുന്നേ ദിലുവിന്റെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് മീരാ കൂടി പറഞ്ഞതോടെ.. മനസ്സിൽ നിറഞ്ഞു പൊന്തിയ സന്തോഷമടക്കി ക്രിസ്റ്റി കള്ള പരിഭവത്തോടെ എഴുന്നേറ്റു.

“എങ്കിലേ… നിങ്ങൾ ചേച്ചിയും അനിയത്തിയും കൂടി ഇവിടിരുന്നു സ്റ്റാന്റേർഡ് കോമഡി പറഞ്ഞു ചിരിക്ക്. ഞാൻ പോണ്.. ഇങ്ങോട്ട് വാ രണ്ടും… ഇച്ഛാ ന്നും ചേട്ടായി ന്നും വിളിച്ചോണ്ട്. കാണിച്ചു തരാ ട്ടാ ”

അവരോട് കലിപ്പിട്ട് പറഞ്ഞതെങ്കിലും പുറത്തേക്ക് നടക്കുമ്പോൾ അവന്റെ ചുണ്ടിൽ ചിരിയുണ്ടായിരുന്നു.

“അയ്യോ.. ഇച്ഛാ.. പിണങ്ങല്ലേ.. ഞങ്ങൾ വെറുതെ പറഞ്ഞതല്ലേ?”

പിറകെ നിന്നും മീരാ വിളിച്ചു പറയുന്നത് കേട്ടതും, അവർ പിറകെ വരുമെന്ന് അവനുറപ്പായിരുന്നു.

അവന്റെ ചിരിക്കേറെ ഭംഗിയുണ്ടായിരുന്നുവപ്പോൾ..

❣️❣️

“ഇയ്യ് കേൾക്കുന്നില്ലേ ഫൈസ്യേ? ”

മുഹമ്മദ്‌ വീണ്ടും ചോദിച്ചു.

“ആഹ് ഉപ്പച്യേ.. ഇങ്ങള് പറയീം ”

അവൻ ചിരിയോടെ അയാളെ നോക്കി.

“നല്ല കൂട്ടരാ.. ഞാൻ അറിയും ചെക്കന്റെ ബാപ്പാനെ. ഇക്കൊല്ലം കൂടി കഴിഞ്ഞ ഫറ ഡിഗ്രി കഴിയുമല്ലോ. അവര് വിദ്യാഭ്യാസത്തിനൊക്കെ പ്രാധാന്യം കൊടുക്കുന്ന ആൾക്കാര് തന്നാ. ചെക്കൻ ഡോക്ടറാണ്, ദുബായിൽ. ഫറയെ കെട്ട് കഴിഞ്ഞ് അങ്ങോട്ട്‌ കൂട്ടും.. ഓല് പഠിപ്പിച്ചോളാം ബാക്കി എന്നൊക്കെയാണ് ന്നോട് പറഞ്ഞത് ”

ഭക്ഷണം കഴിക്കാനിരിക്കെയാണ് മുഹമ്മദ്‌ ഫറക്ക് വന്നൊരു ആലോചനയെ കുറിച്ച് അവനോട് പറഞ്ഞത്.

ഒരു പത്തു വയസ്സ് കഴിഞ്ഞത് മുതൽ ആ വീട്ടിൽ എന്ത് തീരുമാനമെടുക്കുമ്പോഴും അയാൾ അതിൽ മക്കളെയും സജീവമായി ഉൾപെടുത്തുക പതിവാണ്.

അവരുടെ അഭിപ്രായം ചോദിച്ചറിയും. അവരെ ബാധിക്കുന്ന വിഷയമല്ലെങ്കിൽ കൂടിയും അയാളത് ചെയ്യുമായിരുന്നു.എല്ലാം.. അവരും കൂടി അറിയട്ടെ എന്നായിരുന്നു അയാളുടെ അതിനുള്ള ഉത്തരം.

“ഫറയെ നമ്മക്ക് കെട്ടിയിട്ട് പഠിപ്പിക്കണോ ഉപ്പച്യേ.. അയിനൊക്കെ ആയോ ഓള്?”

ഫൈസി ചെറിയൊരു ചിരിയോടെ അരികിൽ തല കുനിച്ചിരുന്നു കഴിക്കുന്ന ഫറയെ ഒന്ന് നോക്കിയിട്ട് അയാളോട് ചോദിച്ചു.

മുഹമ്മദ്‌ ആ മറുപടി പ്രതീക്ഷിച്ചത് പോലെ.. ആയിഷയെ നോക്കിയൊന്ന് ചിരിച്ചു.

“ഓള് നമ്മളോടൊപ്പം നിന്ന് പഠിച്ചു ഓൾക്ക് പറ്റിയൊരു ജോലിയിൽ കയറിയിട്ട് പോരെ ഒരു കെട്ടിയിടൽ..?”

അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു പറയുമ്പോൾ ഒരു സഹോദരന്റെ മുഴുവൻ വാത്സല്യവും അവന്റെ വാക്കുകൾക്ക് കനം കൂട്ടിയിരുന്നു.

ഫറ അത്ഭുതത്തോടെയാണ് അവനെ നോക്കിയത്.

സ്നേഹം ഉണ്ടന്നറിയാം. പക്ഷേ ചേർത്ത് പിടിച്ചത് പ്രകടിപ്പിക്കാൻ അങ്ങേയറ്റം മടിയുള്ള ആളാണ്‌ ഫൈസി..
അതായിരുന്നു അവൾക്കേറെ അത്ഭുതം തോന്നിയതും.

“ഞാൻ ന്നാ ഒന്നൂടെ ആലോചിച്ചു നോക്കട്ടെ ഇക്കാര്യം. അല്ല.. ഈ മാസം ലാസ്റ്റ് അന്റെ പരീക്ഷ തീരില്ലേ.? ഇനി ന്താ അന്റെ പ്ലാൻ.. ഇനിം പഠിക്കാൻ…”

“അല്ല.. ഞാൻ.. ഞാൻ ജോലിക്ക് കയറാൻ തീരുമാനിച്ചു ”

അയാൾ പറഞ്ഞു മുഴുവനുമാക്കും മുന്നേ ഫൈസി ചാടി കയറി പറഞ്ഞതും ആയിഷ ഓനെ നോക്കിയിട്ട് ഒരു കള്ളചിരിയോടെ തലയാട്ടി.

അത് കണ്ടതും ഫൈസി അവരെ നോക്കിയൊന്ന് കണ്ണുരുട്ടി.

“ഈ വന്ന… ആലോചനക്ക് പിറകെ വേറൊരു കാര്യം കൂടി ഉസ്മാൻ പറഞ്ഞു..”
മുഹമ്മദ്‌ ഒരു മുഖവുര പോലെ പറഞ്ഞതും അക്കാര്യം കേട്ടതും എന്തിനെന്നറിയാതെ ഫൈസി ഒന്ന് വിറച്ചു.

“എന്താ… എന്താ ഉപ്പച്യേ അത്?”

പറയുബോൾ സ്വരം വിറക്കാതിരിക്കാൻ അവൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു.

ആയിഷക്കത് മനസ്സിലായി.

“പുയ്യാപ്ല ചെക്കാനൊരു പെങ്ങളൂട്ടി കൂടിയുണ്ട്. ഓളെ അനക്ക് വേണ്ടി കൂടി ആലോചിച്ചാലോ…. എന്നൊരു ”

“അത് നടക്കില്ല ഉപ്പച്യേ ”

ചാടി എഴുന്നേറ്റു കൊണ്ടത് പറയുമ്പോൾ അവൻ പോലുമറിയാതെ അവന്റെ സ്വരം വല്ലാതെ ഉയർന്നു പോയിരുന്നു.

“നടക്കില്ല…”

മീരയുടെ മുഖം മനസ്സിലേക്ക് വന്നതും വീണ്ടും ഉറപ്പോടെ അവനത് തന്നെ ആവർത്തിച്ചു പറഞ്ഞു.

പിന്നെ അവിടെ നിൽക്കാതെ വേഗം എഴുന്നേറ്റു തിരിഞ്ഞ് നടക്കുമ്പോൾ അവനുള്ളം വല്ലാതെ നോവുന്നുണ്ടായിരുന്നു…. പ്രിയപ്പെട്ടവളെ ഓർത്തിട്ട്.

ആ ഉത്തരം പ്രതീക്ഷിച്ചത് പോലെ നനുത്തൊരു ചിരിയോടെ മുഹമ്മദ്‌ അവൻ പോയ വഴിയേയൊന്നു നോക്കി….

💞💞💞

നന്നേ അവശനായിട്ടാണ് വർക്കി കുന്നേൽ ബംഗ്ലാവിൽ എത്തിയത്.

ഷാഹിദിനെ ഓർക്കുമ്പോൾ അയാൾക്കൊരു ഉൾക്കിടിലം തോന്നുന്നുണ്ട്.
അതാരോടും പങ്ക് വെക്കാൻ കഴിയില്ലയെന്നത് തന്നെയായിരുന്നു അയാൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും.

മുറിയിലേക്ക് അയാൾ ചെല്ലുമ്പോൾ ഡെയ്സി സ്വന്തം തുണികളെല്ലാം കിടക്കയിൽ മടക്കി വെക്കുന്നുണ്ടായിരുന്നു.

“എനിക്ക് കുറച്ചു വെള്ളം വേണം ”

ക്ഷീണത്തോടെ ഷർട്ട് അഴിച്ചു മാറ്റി കൊണ്ട് അയാൾ പറഞ്ഞു.

പിറകിൽ നിന്നും അനക്കമൊന്നും കേൾക്കാൻ കഴിഞ്ഞത് കൊണ്ട് അയാൾ ഒന്ന് തിരിഞ്ഞു നോക്കി.

ഡെയ്സി അയാൾ പറഞ്ഞത് കേട്ട ഭാവം പോലുമില്ലാതെ നിന്ന് ചെയ്യുന്ന ജോലി തന്നെ തുടരുന്നു.

ആ കാഴ്ചയിൽ അയാളുടെയുള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി.

“ഡീ.. നിന്നോടാ പറഞ്ഞത്.. എനിക്ക് കുറച്ചു വെള്ളം വേണമെന്ന് ”
ഒന്ന് കൂടി അവരുടെ അരികിലേക്ക് നീങ്ങി നിന്ന് കൊണ്ട് വർക്കി അൽപ്പം കൂടി ഉച്ചത്തിൽ പറഞ്ഞു.
“വെള്ളം ഹാളിലെ ടേബിളിൽ കാണും. ദാഹം തോന്നുന്നുവെങ്കിൽ പോയി എടുത്തു കുടിക്കണം ”

യാതൊരു അയവുമില്ലാത്ത ഡെയ്സിയുടെ മുഖവും സ്വരംവും.

വർക്കി നെറ്റി ചുളിച്ചു കൊണ്ടവരെ നോക്കി.

“നിനക്ക് പിന്നെ ഇവിടെ എന്നതാടി നാശമേ പണി?”
എത്ര അടക്കി നിർത്തിയിട്ടും വർക്കി ദേഷ്യത്തോടെ ഡെയ്സിയുടെ കയ്യിൽ പിടിച്ചു ഞെരിച്ചു കൊണ്ട് ചോദിച്ചു.

“എനിക്കങ്ങനെ പല പണികളും കാണും അതെല്ലാം നിങ്ങളോട് പറയാൻ തത്കാലം ഇനിയെനിക്ക് സൗകര്യമില്ല. ഇനി നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾ തന്നെ നോക്കികൊള്ളണം. ഞാൻ അപ്പുറത്തെ മുറിയിലേക്ക് മാറുകയാണ്. ഇനി എന്നെയെങ്ങാനും ശല്യപ്പെടുത്തി കൊണ്ടങ്ങോട്ട് വന്നാ….”

ഡെയ്സി ചൂണ്ടിയ വിരൽ തുമ്പിലേക്ക് വർക്കി പകച്ചുകൊണ്ട് നോക്കി………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button