നിലാവിന്റെ തോഴൻ: ഭാഗം 76
Aug 28, 2024, 22:46 IST

രചന: ജിഫ്‌ന നിസാർ
രാവിലെ മുതൽ തുടങ്ങിയതാണ് അറക്കൽ വീട്ടിലേക്ക് ആളുകളുടെ വരവ്. അതൊന്നും ആദ്യമത്ര ശ്രദ്ധിച്ചില്ലെങ്കിൽ കൂടിയും ഷാഹിദിന്റെ ഉമ്മയും പെങ്ങന്മാരും കൂടി അങ്ങോട്ട് വന്നതോടെ പാത്തുവിന്റെ സമാധാനം നഷ്ടപെട്ടു തുടങ്ങിട്ടുണ്ടായിരുന്നു. എവിടെയും ആളും ബഹളങ്ങളും. എന്തോ വിശേഷം നടക്കുന്നുണ്ടെന്ന് അവരുടെ മുഖം പറയുന്നുണ്ടായിരുന്നു. വന്നവരിൽ ചിലരെല്ലാം മുകളിലേക്ക് ചെന്നിട്ട് പാത്തുവിനെ കാണുകയും വിശേഷങ്ങൾ ചോദിക്കുകയും കൂടി ചെയ്തതോടെ അവളുടെ സമാധാനം പൂർണമായും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. അവരോടെല്ലാം മുഷിച്ചിൽ കാണിക്കാതെ ഇടപെട്ടുവെങ്കിലും.. കൂടുതലൊന്നും ചോദിക്കാനോ പറയാനോ കഴിയാത്ത വിധമൊരു മാനസികാവസ്ഥയിലാണ് അവൾ. സഫിയാത്ത പോലും ഇപ്പൊ കാണുമ്പോൾ തീർത്തും മൗനമാണ്. താൻ കാരണം അവരുടെ ജീവനോ ജീവിതത്തിനോ ഒരു തട്ട് കേട് വരരുതെന്ന് കരുതി അങ്ങോട്ട് പോയി മിണ്ടരുമില്ല. ഇതിപ്പോ ആരോടാ ഒന്ന് ചോദിക്കുക? അവൾക്കുള്ളം വേവലാതി നിറയുന്നുണ്ടായിരുന്നു പിന്നിടുന്ന ഓരോ നിമിഷവും. ഷാഹിദിന്റെ ഉമ്മ സുലേഖ കയറി വന്നതും പാത്തു അവനോടുള്ള ദേഷ്യത്തിൽ മുഖം കയറ്റി പിടിച്ചു കൊണ്ടാണ് എഴുന്നേറ്റത്. സുബൈദ മാത്രമല്ല. പിന്നെയും ആരൊക്കെയോ ഉണ്ട് പിറകിൽ. "മോൾക്ക് ഇന്നേ അറിയോ..? ഷാദീടെ ഉമ്മയാണ് ഞാൻ. ഇതോന്റെ മൂത്ത പെങ്ങള് ഷഹാന.. ഇത് രണ്ടാമത്തോള്. ഷംല " തൊട്ട് മുന്നിൽ വന്നു നിന്നിട്ടവർ പരിചയപ്പെടുത്തി.ആദ്യമായിട്ടായിരുന്നു അവരങ്ങോട്ട് വരുന്നതെന്ന് പാത്തു ഓർത്തു. പിന്നിൽ നിൽക്കുന്നവരെ കൂടി ആരൊക്കെയോ ആണെന്ന് പറഞ്ഞിട്ട് സുലേഖ ബന്ധുബലം കാണിച്ചെങ്കിലും പാത്തു അതിലേക്കൊന്നും ശ്രദ്ധിച്ചത് കൂടിയില്ല. "സലാമിന്റെ മോള്.. ഇനി ഇന്റേം മോളല്ലേ? ഓനൊരു ആഗ്രഹം പറഞ്ഞിട്ട് ഞാൻ എങ്ങനാ അത് വേണ്ടന്ന് പറയുന്നത്. ഉമ്മ എതിരൊന്നും പറയാണ്ട് കൂടെ വന്നത് അത് കൊണ്ടല്ലേ. ന്തായാലും ഉമ്മാക്ക് മോളെ പെരുത്ത് ഇഷ്ടയിക്കണ്." സുബൈദ സ്നേഹത്തോടെയാണോ അതോ സ്നേഹാഭിനയത്തോടെയാണോ കവിളിൽ കൈ ചേർത്ത് പറഞ്ഞതെന്ന് ആ മുഖഭാവത്തിൽ നിന്ന് പാത്തുവിന് പോലും മനസ്സിലായില്ല. നേർത്തൊരു ചിരിയോടെ നിന്നതല്ലാതെ അവളൊന്നും മിണ്ടിയില്ല. "വെറുതെയാണോ അമ്മായി ഓനിത്ര ധൃതി കാണിക്കുന്നത്. പെണ്ണ് ഇത്രേം മൊഞ്ചത്തിയല്ലേ?ആരെങ്കിലും തട്ടിയെടുത്താലോന്ന് പേടി കാണും ഓന് " കൂട്ടത്തിൽ നിന്നുമാരോ പറഞ്ഞതും അവിടൊരു ചിരി ചിതറി. പാത്തു അസ്വസ്ഥതയോടെയാണ് അവരുടെ അരികിൽ നിൽക്കുന്നത്. ഏതൊക്കെയോ കുട്ടികൾ അവളുടെ കയ്യിൽ പിടിക്കുകയും ഷാളിൻ തുമ്പിൽ പിടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. "ആ പേടി കൊണ്ടെന്നെയാവും നാളെ രാവിലെ എൻഗേജ്‌മെന്റന്ന് എടിപിടീന്ന് ഒരു തീരുമാനം ഓനെടുത്തതും. നോക്കണേ.. ചെക്കന്റെയൊരു ബുദ്ധി " തലയിലൊരൂക്കൻ അടി കിട്ടിയത് പോലെയാണ് ആ വാക്കുകൾ പാത്തുവിന്റെ കാതിലെത്തിയത്. "എന്താ പറഞ്ഞത് ഇങ്ങള്..? എൻഗേജ്‌മെന്റോ.. ആരുടെ..?" അങ്ങനെ പറഞ്ഞവരോടത് ചോദിക്കുമ്പോൾ ഭയമായിരുന്നു അവൾക്കുള്ളിൽ നിറയെ. "ഇതായിപ്പോ നന്നായേ.. അപ്പൊ മോളോന്നും അറിഞ്ഞില്ലേ? " സുബൈദ ആശ്ചര്യത്തോടെ പാത്തുവിനെ നോക്കി. "ഇല്ല.. ഇന്നോടാരും ഒന്നും പറഞ്ഞിട്ടില്ല " പാത്തു വർദ്ധിക്കുന്ന ഹൃദയമിടിപ്പോടെ പറഞ്ഞു. "ന്റള്ളോ.. ഓനിതു സർപ്രൈസ് ആക്കാനോ മറ്റോ തീരുമാനിച്ചിരുന്നോ ആവോ. ന്നാ മ്മള് പെട്ടു " ഷംല ആങ്ങളയോടുള്ള പേടി മുഴുവൻ കണ്ണിൽ നിറച്ചു കൊണ്ട് പറഞ്ഞു. "എന്തൊക്കെയാ ഇങ്ങളീ പറയുന്നത്? ഇനിക്കൊന്നും മനസ്സിലാവുന്നില്ല.. ഒന്ന് തെളിയിച്ചു പറഞ്ഞു തരോ.. പ്ലീസ് " പാത്തു ദയനീയമായി അവരോട് ചോദിച്ചു. അവൾ വിറച്ചു തുടങ്ങിയിരുന്നു. "നാളെ എൻഗേജ് മെന്റ് ആണെന്ന് പറഞ്ഞു കൊണ്ടാ ഫാത്തിമ ഇക്കാക്ക ഞങ്ങളെ വിളിച്ചത്.. അന്റേം ഓന്റേം " ഷഹാന അലിവോടെ പാത്തുവിന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞതും പിടഞ്ഞു കൊണ്ടവൾ ചുവരിൽ ചാരി. ഷാഹിദൊരുക്കിയ സർപ്രൈസ് പൊളിച്ചോ എന്നൊരു പേടിയോടെ അവരെല്ലാം പതിയെ അവിടെ നിന്നും പിൻവലിഞ്ഞിരുന്നു. പടച്ചോനെ... പാത്തു ഹൃദയം നൊന്തു കൊണ്ട് വിളിച്ചു. തന്നെയവൻ തീർത്തും ലോക്ക് ചെയ്യാൻ കണ്ട് പിടിച്ച മാർഗമായിരിക്കും ഈ എൻഗേജ്‌മെന്റന്ന് നൂറു വട്ടം ഉറപ്പാണ്. "ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിലാണ് പാത്തോ ഇച്ഛാ. എനിക്കൊരിച്ചിരി സമയം വേണം " ആ നിമിഷം ക്രിസ്റ്റിയുടെ വാക്കുകളാണ് അവൾക്കുള്ളിൽ ഭീതി വിതച്ചത്. ഇന്നൊരു രാത്രിയിൽ.. ഇത്രയും കുറഞ്ഞ സമയം കൊണ്ടിനി ഇച്ഛയെന്ത് ചെയ്യാനാണ്? അവൾക്കുള്ളം ആ ചോദ്യം കൊണ്ട് നിലവിളിക്കുന്നുണ്ടായിരുന്നു.... ❣️❣️ "അമ്മയെന്തിനാ കാണണമെന്ന് പറഞ്ഞത്?" ക്രിസ്റ്റി ഡെയ്സിയുടെ മുറിയിലേക്ക് വന്നു കൊണ്ട് ചോദിച്ചു. ശനിയാഴ്ചയായത് കൊണ്ട് അന്നവന് ക്ലാസ് ഇല്ലായിരുന്നു. രാവിലെ വെട്ടിനു പോകും മുന്നേ ഡെയ്സി അവനോട് പറഞ്ഞേൽപ്പിച്ചതാണ് വന്നിട്ട് തന്നെയൊന്നു കാണണമെന്നത്. അവർക്കെന്തോ പറയാനുണ്ടെന്ന് അവനുറപ്പുണ്ടായിരുന്നു. "ഇങ്ങ് കയറി വാ. എന്നിട്ടാ വാതിലടച്ചേക്ക് " ഡെയ്സി അവനെ നോക്കി കൊണ്ട് ഗൗരവത്തോടെ പറഞ്ഞു. സംശയത്തോടെ ഒന്ന് നെറ്റി ചുളിയിച്ചെങ്കിലും ക്രിസ്റ്റി അവർ പറഞ്ഞത് പോലെ തന്നെ ചെയ്തു. "പൂർണമായും ഇങ്ങോട്ട് മാറിയോ?" ആ മുറിയിലൂടെയൊന്നു കണ്ണോടിച്ച് കൊണ്ട് ക്രിസ്റ്റി ചോദിച്ചു. "മ്മ്.. ഇനിയതാ നല്ലത്. ചിലതെല്ലാം മാറ്റി നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു " വല്ലാത്തൊരു ഗൗരവത്തോടെയാണ് ഡെയ്സി പറയുന്നത്. ക്രിസ്റ്റി ഒന്ന് നോക്കിയതല്ലാതെ അതിനുത്തരമൊന്നും പറഞ്ഞില്ല. "വാ.. ഇവിടെ വന്നിരിക്ക് " കിടക്കയിൽ തനിക്കരികിൽ വന്നിരിക്കാൻ ഡെയ്സി ക്രിസ്റ്റിയോടാവശ്യപ്പെട്ടു. അവൻ അവരുടെ അരുകിൽ ചെന്നിരുന്നു. കയ്യിലുള്ള ഒരു ഫയൽ ഡെയ്സി അവന് നേരെ നോക്കി. "ഇതെന്താണ്?" ചോദ്യത്തോടെയാണ് ക്രിസ്റ്റിയത് കൈ നീട്ടി വാങ്ങിയത്. "പറയാം. അതിന് മുന്നേ നീ അതൊന്ന് തുറന്നു നോക്ക് " ഡെയ്സി ചിരിയോടെ പറഞ്ഞു. ക്രിസ്റ്റി പതിയെ അത് തുറന്നു നോക്കി. കുറേ വർഷങ്ങൾക്ക് മുന്നേയുള്ള എന്തോ രേഖകളാണെന്ന് മാത്രം അവന് മനസ്സിലായി. ഏറ്റവും ഒടുവിലത്തെ പേജിൽ.. ഫിലിപ്പ് മാത്യു എന്ന് ഭംഗിയിൽ എഴുതി സൈൻ ചെയ്തിരുന്നു. ഏറെ സ്നേഹത്തോടെ അവന്റെ വിരലുകൾ അവയിലൊന്ന് തലോടി. ആ കണ്ണിൽ സ്വന്തം അപ്പനോടുള്ള സ്നേഹം നിറഞ്ഞു കവിയുന്നത് ഡെയ്സി തൊട്ടരികിൽ ഇരുന്നുകൊണ്ടറിഞ്ഞു. അവരുടെ ഹൃദയം പിടഞ്ഞു... ഒരു കൈ കൊണ്ടവനെ ചുറ്റി പിടിച്ചു കൊണ്ട് കുറച്ചു കൂടി അവന്റെ അരികിലേക്ക് നീങ്ങിയിരുന്നു. അമ്മ പറഞ്ഞു തുടങ്ങട്ടെയെന്ന് കരുതി ക്രിസ്റ്റി ആ ഫയൽ അടച്ചു കൊണ്ട് മിണ്ടാതെയിരുന്നു. "നിനക്ക് വേണ്ടി നിന്റെ അപ്പന്റെ സമ്മാനമാണാ ഫയലിനുള്ളിൽ." വളരെ നേർത്ത ശബ്ദത്തിൽ ക്രിസ്റ്റിയുടെ തോളിൽ ചാരിയിരുന്നു കൊണ്ട് ഡെയ്സി പറഞ്ഞു. ഒന്നും മനസ്സിലായില്ലയെങ്കിൽ കൂടിയും ക്രിസ്റ്റി മിണ്ടിയില്ല. "അപ്പന്റെ ഒരു ചങ്ങാതിയുണ്ടായിരുന്നു. ബാല്യകാല സുഹൃത്തുക്കളായിരുന്നു അവർ. സലാം.. അറക്കൽ സലാം.ഒരു മനസ്സും രണ്ടു ശരീരവുമായി ജീവിച്ച രണ്ടു കൂട്ടുകാർ. അവരുടെ സ്നേഹം അറിഞ്ഞത് കൊണ്ടായിരിക്കും... ഒരാൾക്ക് മറ്റൊരാളെ പിരിയാനുള്ള ഹൃദയവേദന സഹിക്കാൻ വയ്യെന്ന് ദൈവത്തിനു പോലും അറിയാമായിരിക്കും... മരണം കൊണ്ട് പോലും അവരെ പിരിയിച്ചില്ല..ഒന്നിച്ചാണ് ഒരു അപകടത്തിൽ രണ്ടാളും ഈ ലോകത്ത് നിന്നും പോയത് " ഡെയ്സി വിങ്ങലോടെ പറയുമ്പോൾ ക്രിസ്റ്റിയുടെ ഹൃദയവും പിടയുന്നുണ്ടായിരുന്നു. അവന്റെ കൈകൾ ആ ഫയലിൽ മുറുകി തുടങ്ങി. "സലാമിനൊരു മകളുണ്ടായിരുന്നു. ഫാത്തിമ.. കുഞ്ഞി പാത്തു. നിനക്കോർമ്മയുണ്ടോ എന്നറിയില്ല. അപ്പന്മാർ ഉണ്ടായിരുന്ന കാലത്ത്,അപ്പന്മാരെ പോലെ നീയും അവളും നല്ല കൂട്ടായിരുന്നു. പക്ഷേ അവരുടെ സ്നേഹം പോലെ നിങ്ങളുടെ സ്നേഹം വളരാനുള്ള അവസരം കർത്താവ് നിങ്ങളുടെ കാര്യത്തിൽ തന്നില്ല. സലാം മരിച്ചതോടെ ഹാജിറ കുഞ്ഞി പാത്തുവിനെയും കൂട്ടി അവളുടെ നാട്ടിലേക്ക് പോയി. " ഡെയ്സി പറയുമ്പോൾ പ്രിയപ്പെട്ടവളെയോർത്തിട്ട് അവനുള്ളം പ്രണയം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അന്നുള്ളതിനേക്കാൾ ഒരായിരമിരട്ടി താനിന്നവളെയും അവൾ തന്നെയും സ്നേഹിക്കുന്നുണ്ടെന്ന് അവനുള്ളം വിളിച്ചു പറയുന്നുണ്ടായിരുന്നു. "സലാം പറഞ്ഞിട്ടാണ് നിന്റെ അപ്പനും ഈ പ്ലാനിനെ കുറിച്ചറിഞ്ഞത്. മക്കളുടെ പേരിൽ ചെറിയൊരു തുക ഇൻവെസ്റ്റ് ചെയ്തു കൊണ്ട് രണ്ടാളും അവർക്ക് പ്രായപൂർത്തിയാവുമ്പോൾ ഉപകാരപ്പെടുന്ന രീതിയിൽ തുടക്കമിട്ടിരുന്നു . ഫിലിപ്പിച്ചായൻ എന്നോട് മാത്രം പറഞ്ഞിരുന്നു ഇതിന്റെ കാര്യം. ഇതിപ്പോ വളരെ വലിയൊരു തുകയായി മാറിയിട്ടുണ്ടാവും." ഡെയ്സി പറഞ്ഞു നിർത്തിയതും ക്രിസ്റ്റി ഞെട്ടി കൊണ്ടവരെ നോക്കി. "അപ്പൊ... ഫാത്തിമയുടെയും പേരിൽ ഇങ്ങനൊരു തുക ഉണ്ടാകും. അങ്ങനല്ലേ?" അവൻ ചോദിച്ചു. "ഉണ്ട്. പക്ഷേ ആ കുട്ടിക്ക് ഇതറിയില്ലായിരിക്കും. അവളിപ്പോ എവിടെയാണാവോ ഉള്ളത്.? നിലവിൽ ഇത് അറിയുന്ന.. ജീവനോടെയുള്ള ഒരാൾ അതിപ്പോ ഞാനാണ്." ഡെയ്സി പറഞ്ഞു. അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ. അറക്കൽ ഉള്ളവർ എന്തിനാണ് അവളെ കൂടെ കൂട്ടിയതെന്നുള്ള ചോദ്യത്തിനുള്ള ഉത്തരമായി. ഈ കാശിന്റെ കാര്യം എങ്ങനെയോ അവരുടെ കാതിൽ എത്തിയിട്ടുണ്ട്. അത് നേടാൻ അവൾ തന്നെ വേണമെന്നിരിക്കെ കൂടെ കൂട്ടിയതാണ്. അവന്റെ പല്ലുകൾ ഞെരിഞ്ഞു. "നീ എന്നെങ്കിലും എല്ലാം മനസ്സിലാക്കും. അന്നത് നിന്നോട് പറയാം എന്ന് കരുതി കാത്തിരുന്നതാണ് ഞാൻ. ഇനി ഇത് സൂക്ഷിച്ചു വെക്കേണ്ടത് നിന്റെ ഉത്തരവാദിത്തമാണ്. നിന്റെ അപ്പന്റെ സമ്പാദ്യങ്ങളിൽ വർക്കിച്ചന്റെ കയ്യിൽ പെടാതെ നിനക്കായി ഞാനിത് ഇത്രയും നാൾ സൂക്ഷിച്ചു കൊണ്ട് നടന്നു." ഡെയ്സി അവനെ നോക്കി. ക്രിസ്റ്റി അവരുടെ തോളിൽ കയ്യിട്ട് കൊണ്ട് ചേർത്ത് പിടിച്ചു. "അറക്കൽ പോയി ഒന്ന് അന്വേഷിച്ചു നോക്കണം നീ. ഹാജറയെയും മകളെയും കുറിച്ച്. കാര്യമൊന്നുമുണ്ടാവില്ല. അവരും സലാം മരിച്ചതോടെ ഉപേക്ഷിച്ചു കളഞ്ഞത് പോലാണ് അവരെ. പക്ഷേ നീ ഒന്ന് പോയി നോക്കണം. നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു അവൾ. നിനക്കവളെ ഇത്തിരിയെങ്കിലും ഓർമയുണ്ടോ മോനെ?" അമ്മയുടെ ചോദ്യം! ഹൃദയം മുഴുവൻ നിറഞ്ഞു നിൽക്കുന്നതവളാണ്. എന്നിട്ടും ഓർമയുണ്ടോയെന്ന്...? എല്ലാവരും മറവിലേക്ക് എടുത്തെറിഞ്ഞപ്പോഴും കനൽ പോലെ കെടാതെ മനസിന്റെയൊരു കോണിൽ കാത്ത് വെച്ചവളെയാണ് ഇത്തിരിയെങ്കിലും ഓർമയുണ്ടോയെന്ന് ചോദിക്കുന്നത്. "ഞാൻ അന്വേഷിച്ചു നോക്കാം അമ്മാ" പാത്തുവിനെ കുറിച്ച് ഡെയ്സിയോട് പറയാനായിട്ടില്ലെന്ന് തോന്നിയത് കൊണ്ടാണ് അവനങ്ങനെ പറഞ്ഞതും... ❣️❣️ "ഇങ്ങള് ഉപ്പച്ചിയോട് ഞാൻ പറഞ്ഞത് പറഞ്ഞിരുന്നില്ലേ മ്മാ?"അടുക്കളയിലായിരുന്ന ആയിഷയുടെ അരികിൽ വന്നിരുന്നു കൊണ്ട് ഫൈസി വല്ലായ്മയോടെ ചോദിച്ചു. ഉപ്പയോട് കടുപ്പിച്ചു പറഞ്ഞതിന്റെയൊരു മ്ലാനത അവന്റെ മുഖം നിറഞ്ഞു നിൽപ്പുണ്ടായിരുന്നു. "ഞാൻ പറഞ്ഞുവല്ലോ " പാത്രം കഴുകി കൊണ്ട് നിന്നിരുന്ന ആയിഷ അവനെ നോക്കാതെയാണ് ഉത്തരം പറഞ്ഞത്. വീണ്ടും ഫൈസിയുടെ ഉള്ളം നീറി. പിന്നെന്താവും ഉപ്പ അങ്ങനൊരു വിവാഹത്തിനെ കുറിച്ച് പറഞ്ഞത്? തന്റെ ഇഷ്ടം ഉപ്പച്ചി അംഗീകരിക്കുന്നില്ലെന്ന് അറിയിച്ചു തന്നതാണോയിനി? അവനുള്ളം വിറക്കുന്നുണ്ടായിരുന്നു അത് ഓർക്കുമ്പോൾ തന്നെ. "അന്റെ ഉപ്പച്ചിയോട് അവരങ്ങനെ ചോദിച്ചു എന്നുള്ളതാ ഫൈസ്യേ നീ അറിഞ്ഞത്. അതിന് ഉപ്പച്ചി ന്താണ് മറുപടി പറഞ്ഞതെന്ന് അനക്കറിയോ?" ആയിഷ അവനെ നോക്കി ചോദിച്ചു. ഫൈസിയുടെ നെറ്റി ചുളിഞ്ഞു. ശെരിയാണല്ലോ..? ഇങ്ങളെന്ത് ഉത്തരം പറഞ്ഞെന്ന് ചോദിക്കുന്നതിനു പകരം ഉപ്പച്ചിയോട് നടക്കില്ലെന്നു അറുത്തു മുറിച്ചു പറഞ്ഞത് ഉള്ളിലെ ഭയമായിരുന്നു. ഒന്നിനും വേണ്ടി... ആർക്കും വേണ്ടി നഷ്ടപ്പെടുത്തി കളയാൻ വയ്യാത്ത വിധം ഉള്ളിലൊരുവൾ പറ്റി പിടിച്ചു നിൽപ്പുള്ളത് കൊണ്ടായിരിന്നു. ഛെ... അവന് കുറ്റബോധം തോന്നി. "ഉപ്പച്ചി... ഉപ്പച്ചി ന്താ പറഞ്ഞത് മ്മച്യേ?" ഫൈസി പതിയെ ചോദിച്ചു. "അത് ഇയ്യ് ഉപ്പച്ചി വരുമ്പോൾ തന്നെ ചോദിച്ചു നോക്ക്.. അതാ അതിന്റെ ഭംഗി " ചിരിയോടെ ആയിഷ പറഞ്ഞു. അത് കേട്ടതും ഒരു നിമിഷം കൂടി അവരെ നോക്കിയിരുന്നതിന് ശേഷം ഒരു നെടുവീർപ്പോടെ ഫൈസി എഴുന്നേറ്റു പുറത്തേക്ക് നടന്നു. ഉള്ളിൽ എരിയുന്ന നോവിന്നപ്പോൾ അൽപ്പം ആശ്വാസം കിട്ടിയിരുന്നു... അവന്. .......കാത്തിരിക്കൂ.........