Novel

നിലാവിന്റെ തോഴൻ: ഭാഗം 78

രചന: ജിഫ്‌ന നിസാർ

ക്രിസ്റ്റീയും ഫൈസിയും ഹാളിലേക്കെത്തിയ നിമിഷം തന്നെയാണ് വർക്കി മുറിയിൽ നിന്ന് പുറത്തെക്കിറങ്ങി വന്നത്.

വിശപ്പും ദാഹവുമൊന്നും വാശിയും ദേഷ്യവും കൊണ്ടൊതുങ്ങി പോവില്ലെന്ന് തിരിച്ചറിഞ്ഞത് പോലെ.

എത്രയൊക്കെ ദേഷ്യം കാണിച്ചാലും മേല് നോവിച്ചാലും കാര്യങ്ങൾ ആ മുറക്ക് നടത്തി തരാൻ ഡെയ്സി ഉണ്ടായിരുന്നത് കൊണ്ട് തന്നെ എല്ലാം കയ്യെത്തും ദൂരത്തുണ്ടായിരുന്നു.ഒന്നിനും കാത്ത് നിൽക്കേണ്ടിയും വന്നിട്ടില്ല.

വർക്കിയേ കണ്ടതും ഫൈസിയും ക്രിസ്റ്റീയും സഡൻ ബ്രെക്കിട്ടത് പോലെ നിന്ന് പോയി.

അവർ രണ്ടാളും പരസ്പരം നോക്കുന്നത് കണ്ടതും വർക്കിയുടെ മുഖം ചുളിഞ്ഞു.

“നിനക്കെന്താടാ ഇവിടെ കാര്യം?”

ക്രിസ്റ്റീയോട് ഒന്നും പറയാതെ.. എന്നാൽ അവനുള്ളത് കൂടി ചേർത്ത് അത്യാവശ്യം കനത്തിൽ വർക്കി ഫൈസിയുടെ നേരെ നോക്കി ചോദിച്ചു.

“അത് ചോദിക്കാൻ ഇയാളാരാ?”
അവനും വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല.

“നീ കൊള്ളാലോട ചെറുക്കാ. എന്റെ വീട്ടിൽ ഞെളിഞ്ഞു കേറി വന്നിട്ട്.. എന്നോട് ചോദ്യം ചോദിക്കുന്നോടാ?”
വർക്കിയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു.

ക്രിസ്റ്റി ഒരു കാഴ്ച്ചക്കാരനെ പോലെ അതെല്ലാം നോക്കി നിൽക്കുന്നുണ്ട് എന്നയോർമ അയാളെ വിളറി പിടിപ്പിക്കുന്നുണ്ട്.

“തന്റെ വീടോ? എന്റെ അറിവിൽ ഇതെന്റെ ചെങ്ങായി ക്രിസ്റ്റി ഫിലിപ്പിന്റെ.. ദോണ്ട്.. ഈ നിക്കുന്നവന്റെ വീടാണ്. ഞാനിവിടെ വരികയും ചെയ്യും പോവുകയും ചെയ്യും. അത് തടയാൻ മാത്രം പവറൊന്നും പൊറുക്കി ചൊറിയാന് ആയിട്ടില്ല കേട്ടോ ”

ഫൈസി ക്രിസ്റ്റിയെ പിടിച്ചു കാണിച്ചു കൊണ്ടങ്ങനെ പറഞ്ഞതും വർക്കി നിയന്ത്രണം വിട്ടത് പോലെ അവന് നേരെ കൈ വീശി കൊണ്ട് അടുത്തു.

ക്രിസ്റ്റി അവർക്കിടയിൽ കയറി നിന്നിട്ട് പുച്ഛത്തോടെ അയാളെ നോക്കി.

“അവനെ നിങ്ങൾ തല്ലുന്നതും എന്നെ തല്ലുന്നതും എനിക്കൊരു പോലാ. ഞാൻ വിളിച്ചിട്ട് എന്റെ വീട്ടിലേക്ക് വന്നവനാണ് ഫൈസി. ഇനി ഉശിര് കാണിക്കണമെന്ന് അത്രേം വാശിയുണ്ടെങ്കിൽ നിങ്ങളാദ്യം എന്നെ തല്ല്. എന്നിട്ട് മതി ഇവനെ ”

ക്രിസ്റ്റിയെ നോക്കിയതും വർക്കിക്ക് പിന്നെ അങ്ങനൊരു ആഗ്രഹമേ ഉണ്ടായിരുന്നില്ല.

അത്രമേൽ തീഷ്ണത നിറഞ്ഞ അവന്റെ കണ്ണുകൾ..

കടുപ്പത്തിലുള്ള സ്വരം.
അറിയാതെ തന്നെ വർക്കിയുടെ കൈകൾ താഴ്ന്നു.

ഇനിയിപ്പോൾ ഇവനുമായി ഒരു പ്രശ്നമുണ്ടാക്കുന്നത് തന്റെ നിലനിൽപ്പിനു കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുകയെ ഉള്ളുവെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു.

“അപ്പൊ ആഗ്രഹം ഒന്നുമില്ലല്ലോ . എന്നാ പിന്നെ ഞങ്ങളങ്ങോട്ട്…”

വർക്കിയേ നോക്കിയൊന്ന് കളിയാക്കി ചിരിച്ചു കൊണ്ട് ക്രിസ്റ്റി ഫൈസിയെ നോക്കി.

അവന്റെ മുഖത്തും ഏറെക്കുറെ അതേ പുച്ഛഭാവം തന്നെയാണ്.

അവരെയൊന്നു നോക്കി പല്ല് കടിച്ചിട്ട് വർക്കി മുഖം ചെരിച്ചു.

“വാ.. പോവാം ”

ഫൈസിയെയും വിളിച്ചു കൊണ്ട് ക്രിസ്റ്റി പുറത്തേക്ക് നടന്നു.
“ഇയ്യ് എന്തിനാടോ ഇടയിൽ കയറിയത്.? പൊറുക്കിക്കിട്ട് രണ്ടു കൊടുക്കാനുള്ള ഗോൾഡൻ ചാൻസ് എനിക്ക് മിസ്സായി ”

പ്രിയപ്പെട്ടവളുടെ തളർന്ന മുഖം ഓർത്തു കൊണ്ടാണ് ഫൈസി ക്രിസ്റ്റീയോടത് പറഞ്ഞു.

“അത് വേണ്ടടാ.. ഭാവിയിൽ നിനക്കത് ദോഷം ചെയ്യും ”

നേർത്തൊരു ചിരിയോടെ ക്രിസ്റ്റി പറഞ്ഞതും ആദ്യമൊന്നു തലയാട്ടി കാണിച്ചുവെങ്കിലും ഫൈസി അതിനർത്ഥം ചികഞ്ഞിട്ട് അവടെ നിന്ന് പോയിരുന്നു.

“അതെന്താടാ ക്രിസ്റ്റി ഇയ്യ് അങ്ങനെ പറഞ്ഞത്?”
നെഞ്ചത്തൊരു ചെണ്ടമേളം നടക്കുന്നതിനെ അവഗണിച്ചു കൊണ്ടാണ് ഫൈസി ക്രിസ്റ്റിയെ നോക്കിയത്.

“ഏയ്.. അതൊന്നുമില്ലടാ..”

മറുപടി പറഞ്ഞുവെങ്കിലും ക്രിസ്റ്റിയുടെ ചുണ്ടിൽ മിന്നി മാഞ്ഞ ചിരി ഫൈസി നല്ല അസ്സലായി കണ്ടിരുന്നു.

അതവന്റെ നെഞ്ചിടിപ്പു കൂട്ടി.

പടച്ചോനെ.. ഈ പഹയൻ എല്ലാം കണ്ട് പിടിച്ചോ?

എന്റെ പെണ്ണിനെ പോലും അറിയിക്കാതെ ഞാൻ പൊതിഞ്ഞു പിടിച്ചു കൊണ്ട് നടക്കുന്ന എന്റെ പ്രണയം….
അല്ലങ്കിലും താൻ പറഞ്ഞിട്ട് വേണ്ട അവന് തന്റെ മനസ്സറിയാൻ.. തനിക്ക് അവന്റെയും.

ഫൈസി വീണ്ടും ക്രിസ്റ്റിയെ നോക്കി.

“പെട്ടന്ന് വാടാ . അറക്കലുള്ള എല്ലാവരും കിടക്കുന്നതിനു മുന്നേ എനിക്കവിടെ കയറി പറ്റണം. ഇല്ലെങ്കിൽ പിന്നെ റിസ്ക്കാണ് ”

ഓരോന്നും ഓർത്തു കൊണ്ട് നടക്കുന്ന ഫൈസിയുടെ സ്പീഡ് അവൻ പോലുമറിയാതെ കുറഞ്ഞു പോയിരുന്നു.

“ആഹ്.. വരുന്നെടാ ”

മുഖത്തെ പതർച്ച മാറ്റാൻ എന്നത് പോലെ മുഖമൊന്നു അമർത്തി തുടച്ചു കൊണ്ട് അവൻ ക്രിസ്റ്റിക്കൊപ്പം ധൃതിയിൽ നടന്നെത്തി…

❣️❣️

മുകളിലേക്ക് സ്റ്റെപ്പ് കയറി എത്തിയതും വർക്കി കിതച്ചു കൊണ്ട് കൈവരിയിൽ അമർത്തി പിടിച്ചു നിന്ന് പോയി.

പ്രായത്തിന്റെ അസ്കിതയാണോ.. അതോ ഉള്ളിലെ ദേഷ്യവും പകയും തളർത്തുന്നുന്നതാണോ… രണ്ടായാലും അഞ്ചു മിനിറ്റോളം അവിടെ ചുവരിൽ ചാരി നിന്നിട്ടാണ് അയാൾക്ക് സാധാരണ ഗതിയിൽ ശ്വാസമെടുക്കാൻ കഴിഞ്ഞത്.

അടഞ്ഞു കിടക്കുന്ന മുറികൾക്ക് നേരെ അയാളുടെ കണ്ണുകൾ പാഞ്ഞു.

വല്ലപ്പോഴും മാത്രം…

അല്ല.. മുകളിലേക്ക് അയാൾ വിരലിൽ എന്നാവുന്നത്ര തവണ മാത്രം വന്നിട്ടുള്ളൂ.

അതവന്റെ.. ക്രിസ്റ്റിയുടെ സാമ്രാജ്യമാണെന്നൊരു തോന്നലായിരുന്നു അതിന് പിന്നിൽ.

ദിൽനയുടെയും റിഷിന്റെയും മുറികൾ അറിയാം എന്നല്ലാതെ അങ്ങോട്ട്‌ കയറി നോക്കാറില്ല.

അതല്ലാതെ അടഞ്ഞു കിടക്കുന്ന മുറിയുടെ നേരെ അയാളുടെ കണ്ണുകൾ കൂർത്തു.

കാതിൽ ഷാഹിദ് പറഞ്ഞു പരിഹാസ വാക്കുകളാണ്.

അങ്ങനെ ഒരാളെ അവനിവിടെ കൊണ്ട് വന്നിട്ടുണ്ടോ എന്നറിയണമല്ലോ എന്നൊരു തോന്നലോടെയാണ് മുകളിലേക്ക് കയറി വരാൻ പ്രേരിപ്പിച്ചതും.

ഇനി ഷാഹിദ് പറഞ്ഞത് പോലെ ഒരാളെ അവനിവിടെ കൊണ്ട് വന്നിട്ടിട്ടുണ്ടങ്കിൽ അവനത് ഉപേക്ഷിച്ചു കളയാൻ കഴിയാത്ത ആരോ ആണെന്നുറപ്പാണ്.

അവനെതിരെ പ്രയോജനം ചെയ്യുന്ന ആയുധം.. അതവന്റെ പ്രിയപ്പെട്ടവരെ നോവിക്കുകയാണെന്ന് അയാളോളം വേറെ ആർക്കറിയാം?

വേറൊന്നും കൊണ്ട് അടി പതറാതെ നിൽക്കുന്നവൻ.. പ്രിയപ്പെട്ടവരുടെ മുഖം മുന്നിൽ വരുമ്പോൾ സ്വന്തം ജീവൻ വേണമെങ്കിൽ പോലും ഉപേക്ഷിച്ചു കളയാൻ തയ്യാറാണ് എന്നയാൾക്ക് അറിയാമല്ലോ?

ക്രൂരത നിറഞ്ഞ കണ്ണുകളോടെ… അകത്തുള്ള ആളെ കാണാൻ മീരയുടെ മുറിയുടെ വാതിലിൽ അയാൾ അത്യാവശ്യം ഉറക്കെ തന്നെ കൊട്ടി..

ഒന്നല്ല… തുടരെ തുടരെ അത് തന്നെ തുടരുമ്പോൾ ഉള്ളിൽ ക്രിസ്റ്റീയോടുള്ള ദേഷ്യമായിരുന്നു ജ്വലിച്ചത്.

❣️❣️

“എടാ.. ഞാൻ പൊയ്ക്കോള്ളം. നീ ഇവിടെവിടേലും മറഞ്ഞിരുന്ന മതി ”
അറക്കൽ തറവാടിന്റെ മതിലിനരികിൽ എത്തിയതും ക്രിസ്റ്റി ഫൈസിയോട് ആവിശ്യപെട്ടു.

“എന്താ നിന്റെ ഉദ്ദേശം?”
ഫൈസി അവന്റെ നേരെ തിരിഞ്ഞു നിന്നിട്ട് ചോദിച്ചു.

“അല്ലേടാ.. നീ കൂടി വരുമ്പോൾ എനിക്കൊരു ടെൻഷൻ.. നിന്നെക്കൂടി ഞാൻ..”
മനസ്സിലുള്ളത് മുഴുവനും അവനോട് പറയാനുള്ള ധൈര്യമില്ലാതെ ക്രിസ്റ്റി പറഞ്ഞു നിർത്തി.

“അപ്പൊ അകത്തു കാത്തിരിക്കുന്നത് ചിക്കൻ ബിരിയാണിയല്ലെന്ന് പൊന്ന് മോനു നന്നായി അറിയാം. ല്ലേ?”

ഫൈസി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.

ക്രിസ്റ്റി ഒന്നും പറഞ്ഞില്ല.

“എന്നാലേ.. ഒറ്റയ്ക്ക് നിന്നെ അവനെ പോലൊരു സാധനതിന്റെ മടയിലേക്ക് തള്ളി വിട്ടിട്ട് ഇവിടെ നിൽക്കാൻ ഇപ്പൊ നീയീ പറഞ്ഞ ബുദ്ധിമുട്ട് എനിക്കുമുണ്ട്. കാരണം നിനക്കെന്നോടുള്ള അതേ സ്നേഹവും കരുതലും ഇനിക്ക് അന്നൊടുമുണ്ട്.. അവൻ ഒറ്റയ്ക്ക് പോകുവാ..എന്നാ പിന്നെ എന്നെ വിളിക്കും മുന്നേയത് ചെയ്തൂടായിരുന്നോ ”

പറയുന്നതിനിടെ തന്നെ ഫൈസി പല്ല് കടിക്കുന്നുണ്ടായിരുന്നു.

“എടാ ഞാൻ പറഞ്ഞത്…”
ക്രിസ്റ്റി അവന്റെ തോളിൽ പിടിച്ചു.

“ഇയ്യ് ഇനി കൂടുതലൊന്നും പറയണ്ട. നടക്കങ്ങോട്ട്. ഒറ്റയ്ക്ക് അന്നേ എന്തായാലും ഞാൻ ഓന് വിട്ടു കൊടുക്കില്ല. അനക്കന്റെ പെണ്ണിന് വെളിച്ചം കൊടുക്കണ്ടേ. ഇപ്പൊ ഇയ്യ് അയിന് ചെല്ല്. അയിന്റെടേൽ ഓൻ കണ്ടു പിടിക്കാണെങ്കിൽ നമ്മളെ രണ്ടാളേം പിടിക്കട്ടെടാ. നമ്മൾ ഒന്നിച്ചുണ്ടാവുമ്പോ.. ഊരി പോരാൻ ഞമ്മക്കൊരു ധൈര്യമാവും.
ഇതിനേക്കാൾ വല്ല്യ കെണികളൊക്കെ ഒന്നിച്ചു നിന്ന് നേരിട്ടാ നമ്മളോടാ ഓന്റെ കളി..ഇയ്യ് ഇങ്ങട് വാ ”

അത് പറഞ്ഞു കൊണ്ട് ഫൈസിയാണ് ആദ്യം ഗേറ്റ് കടന്നു ചെന്നത്.

വിചാരിച്ചത് പോലെ തന്നെ.. നിറയെ ആളുകളുണ്ട്.

അത് കണ്ടതും രണ്ടു പേർക്കും പാതി ആശ്വാസമായിരുന്നു.

“എവിടെയാ ഓളുടെ റൂമെന്ന് അറിയോ അനക്ക്?”
ആൾകൂട്ടത്തിൽ അലിഞ്ഞു ചേരുന്നതിനിടെ ഫൈസി പതിയെ ചോദിച്ചു.

“മ്മ്.. അറിയാം ”

മുകളിലാണെന്നല്ലാതെ,കൃത്യമായി അറിയില്ലങ്കിലും അതപ്പോൾ അവനോട് പറഞ്ഞിട്ട് അവന്റെ ടെൻഷൻ കൂട്ടേണ്ടെന്ന് കരുതി ക്രിസ്റ്റി പറഞ്ഞു.

“ഓ. അപ്പൊ അവിടം വരെയൊക്കെയായി. അല്ലേ?”
ഫൈസി ഒരാക്കി ചിരിയോടെ അവനെ നോക്കി.

“ഇവിടെല്ലാരും ഓരോരോ തിരക്കുകളിൽ ആണ്. നമ്മളെ ആരും ശ്രദ്ധിക്കുന്നില്ല.എങ്ങേനെലും നീ മുകളിൽ കയറി പറ്റണം. ഞാൻ ഇവിടൊക്കെ തന്നെ ഉണ്ടാവും. എന്താവിശ്യമുണ്ടേലും എന്റെ ഫോണിലേക്ക് മിസ് കോൾ അടിക്കണം. എനിക്ക് കുഴപ്പമൊന്നും ഉണ്ടാവരുത് എന്ന് കരുതിയിട്ട് വല്ല്യ ഹീറോയിസം കളിക്കാൻ നിൽക്കരുത്. എതിരെ ഉള്ളതൊരു ക്രിമിനലാണ്. ആ ഓർമ വേണം. മനസ്സിലായോ?”

അകത്തേക്ക് കയറും മുന്നേ ഫൈസി ഓർമിപ്പിച്ചു.

ഒന്ന് തല കുലുക്കി കൊണ്ട് ക്രിസ്റ്റി ബനിയന്റെ ക്യാപ്പ് വലിച്ചിട്ടു.

“വേറൊന്നും കൊടുത്തു സമയം കളയരുത്.വെളിച്ചം മാത്രം കൊടുത്തിട്ട് പെട്ടന്നിറങ്ങി വന്നേക്കണം.”

മുന്നോട്ട് നടക്കാൻ ആഞ്ഞാ അവന്റെ കയ്യിൽ പിടിച്ചു വെച്ച് കൊണ്ട് ഫൈസി ഒന്നു കൂടി ഊന്നി പറഞ്ഞു.

“പോടാ..”
അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലായതും ക്രിസ്റ്റി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.

“ചെല്ല് ”

ഫൈസി ചുറ്റും ഒന്ന് നോക്കിയിട്ട് അവന്റെ തോളിൽ തട്ടി.

ക്രിസ്റ്റി അകത്തേക്ക് നടന്നു.
തല കുനിച്ചു കൊണ്ടാണ് പോകുന്നതെങ്കിലും ഇടം വലം അവന്റെ കണ്ണുകൾ ശ്രദ്ധയോടെ നീങ്ങുന്നുണ്ടായിരുന്നു.

ഹാളിൽ നിറഞ്ഞു നിൽക്കുന്ന ആളുകൾ അവനെ കാണുന്നെയുണ്ടായിരുന്നില്ല.

മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറുമ്പോൾ അവന്റെ ഹൃദയതാളം വല്ലാതെ മുറുകി.

ജീൻസിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തിട്ട് അവൻ പാത്തുവിന്റെ നമ്പറിൽ കോൾ ചെയ്തു കൊണ്ടാണ് ഓരോ അടിയും നീങ്ങുന്നത്.
താഴെ ഉള്ളത്ര ആളുകൾ മുകളിലുണ്ടായിരുന്നില്ല.

ഉണ്ടായിരുന്നവർ ഏറെയും സ്വസ്തമായി ഫോണിൽ കളിക്കാൻ കയറിയവരും.

ആന വന്നു കുത്തിയാലും അനങ്ങില്ലെന്ന് വാശിയുമുള്ള അവരാരും അവനെ കണ്ടതുമില്ല.

“ഇച്ഛാ…”
ഒറ്റ ബെല്ലിന് തന്നെ മറുവശം അവളെത്തി.

“ഹലോ…”
ക്രിസ്റ്റി പതിഞ്ഞ ശബ്ദത്തിലാണ് പറഞ്ഞത്.

ഇടനാഴി പോലുള്ള ആ നീണ്ട വഴിയിലൂനീളം റൂമികളുണ്ട്.ഇടത്തോട്ടും വലത്തോട്ടും.

ഇതിനുള്ളിൽ നിന്നും ഞാനെങ്ങനെയവളെ കണ്ടു പിടിക്കുമെന്റെ കർത്താവെ..?

ക്രിസ്റ്റി ഒരു നിമിഷം അന്തിച്ചു നിന്ന് പോയി.

“ഹലോ.. ഇച്ഛാ.. കേൾക്കുന്നില്ലേ..?”
പാത്തുവിന്റെ അടഞ്ഞു പോയ സ്വരം.

“ഇല്ല.. നീ മുറിയിലാണോ?”
വീണ്ടും ഇടം വലം നോക്കി കൊണ്ട് ക്രിസ്റ്റി ചോദിച്ചു.
“അതേ…”

“ആഹ്.. എന്നാ പിന്നെ അതാവും കേൾക്കാഞ്ഞത്.. ഇപ്പോഴും ക്ലിയർ ഇല്ല. നീ ഒന്ന് പുറത്തേക്കിറങ്ങിയേ ”
അവളുടെ മുറി കണ്ട് പിടിക്കാൻ മറ്റൊരു മാർഗവുമില്ലെന്ന് മനസ്സിലായതും ക്രിസ്റ്റി പറഞ്ഞു.

‘ആഹ്.. ”
അതും പറഞ്ഞു കൊണ്ട് പിന്നൊരു മൗനമാണ്.

വാതിൽ തുറക്കുന്ന ശബ്ദത്തിനായി ക്രിസ്റ്റി കാതോർത്ത് നിന്നു.

ഒടുവിൽ അവൻ നോക്കി നിൽക്കെ ഇടതു ഭാഗത്ത് ആ ഇടനാഴി അവസാനിക്കുന്ന ഏറ്റവും അറ്റത്തെ മുറിയുടെ വാതിൽ തുറന്നു കൊണ്ടവൾ പുറത്തേക്കിറങ്ങി വരുന്നത് കാണെ അവന്റെ ഹൃദയം പിടച്ചു.

“ഇപ്പൊ.. ഇപ്പൊ കേൾക്കുന്നുണ്ടോ ഇച്ഛാ?”

പുറത്തേക്ക് നോക്കി.. ഒരു തൂണിൽ ചാരി നിൽക്കുന്ന അവൾക്ക് നേരെ നടക്കുന്നതിനിടെ ക്രിസ്റ്റി പതിയെ മൂളി.

“നിക്ക്…നിക്കിവിടെ വയ്യ ഇച്ഛാ. പേടിയാവുന്നു ”

അവളുടെ ഹൃദയം പിടഞ്ഞ പറച്ചിൽ.

“പേടിക്കേണ്ട പാത്തോ.. ഞാനുണ്ട്..”

ക്രിസ്റ്റി അവൾക്ക് പിറകിൽ ചെന്നു നിന്നിട്ടാണ് പറയുന്നത്.

“ഇച്ഛാ.. അവിടല്ലേ.. ഞാനിവിടെ ഒറ്റക്ക് ശ്വാസം മുട്ടുവാ ”

“ഇച്ഛാ നിന്റെ തൊട്ടരികിലുണ്ട് പാത്തോ.. നീ ഒന്ന് തിരിഞ്ഞു നോക്കെടി ”

ഫോണിൽ കൂടി തന്നെയാണ് അവനത് പറഞ്ഞത്.

അത് കേട്ടതും വെട്ടി തിരിഞ്ഞ് നോക്കിയവൾക്ക് മുന്നിൽ കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടവൻ നിൽക്കുന്നു.

അത്ഭുതം കൊണ്ട് പാത്തുവിന്റെ വാ പിളർന്നു പോയി.

“ഇച്ഛാ ”

പിന്നെയൊരു കുതിപ്പിന് അവളവന്റെ നെഞ്ചിൽ ചേർന്നു.

ഫോൺ ജീൻസിന്റെ പോക്കറ്റിലേക്ക് തന്നെ തിരുകി ക്രിസ്റ്റി അവളെ ഒരു കൈ കൊണ്ട് പൊക്കിയെടുത്തിട്ട് അവളിറങ്ങി വന്ന മുറിയുടെ അകത്തേക്ക് കയറി.

ഒരു കൈ കൊണ്ട് അവളെ ചുറ്റി പിടിച്ചു കൊണ്ടവൻ മറുകൈ കൊണ്ട് വാതിലടച്ചു കുറ്റിയിട്ടു.

പിന്നെയവളെ ആത്മാവിലേക്കെന്നത് പോലെ വാരി പുണർന്നു.

രണ്ടു പേരുടെയും ശ്വാസം മുറുകുന്നുണ്ടായിരുന്നു.

ആദ്യം മുഖമുയർത്തി നോക്കിയത് പാത്തുവാണ്.

“ഷാഹിദെങ്ങാനും കണ്ടാൽ…”
ഭയത്തോടെ അവളുടെ കണ്ണുകൾ പിടയുന്നുണ്ടായിരുന്നു.

“ഞാനിത് പോലെ പൊക്കിയെടുത്തു എന്റെ വീട്ടിൽ കൊണ്ട് പോകും. അവന്റെ മുന്നിലൂടെ. അത്ര തന്നെ ”

അവൻ വീണ്ടും അവളെ നെഞ്ചിലേക്കണച്ചു പിടിച്ചു കൊണ്ട് ആ മൂക്കിൽ പിടിച്ചുലച്ചു കൊണ്ട് പറഞ്ഞു.

പാത്തു ഒന്നും പറയാതെ അവന്റെ കണ്ണിലേക്കു നോക്കി.

“പേടിച്ചു പോയോ?”
നേർത്തൊരു ചിരിയോടെ ക്രിസ്റ്റി അവളോട് ചോദിച്ചു.

“മ്മ്..”

“പറഞ്ഞതല്ലേ ഞാൻ… കൂടെയുണ്ടാവുമെന്ന്.. ഏഹ്?”

അവളുടെ കവിളിൽ രണ്ട് കയ്യും ചേർത്ത് വെച്ച് കൊണ്ടവൻ ചോദ്യത്തോടൊപ്പം അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.

നെറ്റിയിൽ പതിയുന്നത് ഒരു ചുംബനചൂടല്ല.

കൂടെയുണ്ടെന്നുള്ള ഓർമപ്പെടുത്തലോടെ അവന്റെ ഹൃദയചൂടാണ്

“ഓനെന്തോ.. കരുതി കൂട്ടിയാണ് ഇച്ചേ ”

പാത്തു അവന്റെ കയ്യിൽ മുറുകെ പിടിച്ചു.

‘എനിക്കറിയാം..”
അവന്റെ മുഖം വലിഞ്ഞു മുറുകി.

“നമ്മളിനി ന്താ ചെയ്യാ?”

“ഇനിയല്ലേ പാത്തോ നമ്മക്ക് ചെയ്യാനുള്ളത്.. ഞാൻ പറഞ്ഞു തരാം. നീ അത് പോലെ ചെയ്യണം. ഓകെയല്ലേ ”
അവൻ ചിരിയോടെ ചോദിച്ചു.

“ഇച്ഛാ കൂടെയുണ്ടെങ്കിൽ ഞാൻ ന്തും ചെയ്യും ”

വീണ്ടും അവന്റെ നെഞ്ചിലേക്ക് പറ്റി കൂടി കൊണ്ടവൾ പറയുമ്പോൾ ഹൃദയം നിറഞ്ഞൊരു ചിരിയോടെ ക്രിസ്റ്റിയുടെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button