Novel

നിലാവിന്റെ തോഴൻ: ഭാഗം 79

രചന: ജിഫ്‌ന നിസാർ

വാതിലിൽ തുടരെയുള്ള മുട്ട് കേട്ടതും മീരയുടെ മുഖം ചുളിഞ്ഞു.

ബാത്റൂമിലായിരുന്നു അവൾ.

‘ദാ വരുന്നു ”

കയ്യിലുള്ള ടവ്വൽ കൊണ്ട് മുഖം തുടക്കുന്നതിനിടെ അവൾ വിളിച്ചു പറഞ്ഞു.

എന്നിട്ടും ഇടതടവില്ലാതെ അതേ തട്ടൽ.

അവൾ ധൃതിയിൽ പോയിട്ട് വാതിൽ തുറന്നു.
കണ്മുന്നിൽ വർക്കി!

കാലിൽ നിന്നൊരു തരിപ്പ് പടർന്നു കയറി അവളെയൊന്നാകെ പൊതിഞ്ഞു.

അച്ഛൻ, ജന്മം കൊണ്ട് മാത്രം.
കർമം കൊണ്ട് ശത്രുവാണ്…അങ്ങോട്ടും ഇങ്ങോട്ടും.

അവളുടെ മുഖം ചുവന്നു..

ഓർമയുറച്ചതിൽ പിന്നെ ആദ്യമായാണ് ഈ മുഖം കാണുന്നത് തന്നെ.

കുഞ്ഞിലേയെപ്പഴോ അമ്മയോട് ചോദിച്ചു ശല്യം ചെയ്തപ്പോൾ കാണിച്ചു തന്ന നിറം മങ്ങിയ ഒരു ഫോട്ടോയിലെ ചിത്രമാണ് അവൾക്ക് അച്ഛൻ.

അച്ഛനെന്ന പദവിയോടുള്ള അടങ്ങാത്ത കോതി കൊണ്ട്.. അന്നാ ഫോട്ടോ നിധി പോലെ സൂക്ഷിച്ചു വെച്ചിരുന്നു കുറേ നാൾ.
സ്കൂളിൽ കൂട്ടുകാരുടെ അച്ഛൻ വർണനയായിരുന്നു അതിന് കാരണവും.

നിസ്സഹായതയോടെ തന്റെയാ പ്രവർത്തി കണ്ട് നിന്ന് കണ്ണ് നിറച്ച അമ്മയോട് അന്നിത്തിരി ദേഷ്യം പോലും തോന്നിയിട്ടുണ്ട് കുഞ്ഞു മീരക്ക്.
അച്ചന്റെ സ്നേഹം നിഷേധിച്ചതിലുള്ള അമർഷം.

പക്ഷേ വളരുന്തോറും അമ്മ അനുഭവിച്ച യാഥനകളുടെ പൊള്ളുന്ന യാഥാർഥ്യം അറിഞ്ഞു തുടങ്ങിയതോടെ ആദ്യം ചെയ്തത് ആ ഫോട്ടോ പിച്ചി കീറുകയെന്നതാണ്.

അന്നും അമ്മ ചേർത്ത് പിടിച്ചിട്ട് ഒത്തിരി കരഞ്ഞു.

പിന്നെ പിന്നെ… ഓർക്കുമ്പോൾ മരവിപ്പ് തോന്നുന്ന ഒരു വാക്കായി മാറുകയായിരുന്നു അച്ഛനെന്നത്.

എവിടെയോ കണ്ട് മറന്ന്… ഏറെ പരിചിതമായ ആരുടെയോ മുഖം പോലെ…

മീരയെ ഒറ്റ നോട്ടം കണ്ടതും വർക്കിക്ക് അങ്ങനെയാണ് തോന്നിയത്.

എത്രയൊക്കെ ഓർത്തിട്ടും അത് ആരുടെ മുഖമായിരുന്നുവെന്ന് മാത്രം തീർച്ചയുണ്ടായിരുന്നില്ല അയാൾക്ക്.

“ആരാ നീ?”

ക്രിസ്റ്റിയുടെ പൂട്ടാനുള്ളൊരു ആയുധം കണ്മുന്നിൽ കണ്ടത് പോലെ വർക്കിയുടെ മുഖം തെളിഞ്ഞു.

മീരയുടെ മുഖത്തൊരു പുച്ഛമാണ് ആ ചോദ്യം കേട്ടത്തോടെ തെളിഞ്ഞത്.

“അത് ചോദിക്കാൻ നിങ്ങളാര?”

കൈകൾ നെഞ്ചിൽ കെട്ടി കണ്ണിൽ തീഷ്ണത നിറച്ച അവളുടെ മറുചോദ്യം.

അതിന് മുന്നിൽ വർക്കി പതറി.

കാണുമ്പോൾ പൂച്ചയെ പോലൊരു പെണ്ണ്. പക്ഷേ.. വീര്യം… അതല്പം കൂടിയായിനമാണ്.അതാ കണ്ണുകളിൽ പ്രകടമാണ്.

വീണ്ടും വർക്കിയുടെ ഉള്ളിലൂടെ അവ്യക്തത നിറഞ്ഞ മറ്റൊരു മുഖം മിന്നി മാഞ്ഞു.

അയാളുടെ മുഖത്തു തെളിയുന്നാ പതർച്ചയിലേക്ക് മീരാ ആത്മനിർവൃതിയോടെയാണ് നോക്കിയത്.

വർക്കിക്ക് പിന്നിൽ വിജയചിരിയോടെ അമ്മ നിൽപ്പുണ്ടെന്ന് തോന്നി അവൾക്കാ നിമിഷം.

തോന്നൽ മാത്രമാണെന്ന് വളരെ വ്യക്തമായി അറിയാമായിരുന്നിട്ടും ആ മായാ കാഴ്ച.. അവൾക്കുള്ളിൽ വല്ലാത്തൊരു ധൈര്യം നിറച്ചിരുന്നു.

“ഓഹോ… അപ്പൊ നിന്നെ താങ്ങി കൊണ്ട് വന്നവൻ അതൊന്നും പറഞ്ഞു തന്നിട്ടില്ല.. അല്ലേ.? ഇതെന്റെ വീടാണ് എന്നറിയാതെയാണോ പൊന്നുമോളിങ്ങോട്ട് വലിഞ്ഞു കയറി വന്നത്.?”

തനിക്ക് നേർക്ക് നേർ നിന്നിട്ട് അവളൊരു ചോദ്യം ചോദിച്ചതിന്റെ ദേഷ്യം വർക്കിയുടെ ഉള്ളിൽ പുകഞ്ഞു മറിയുന്നുണ്ട്.

അകാരണം കൊണ്ട് തന്നെ വല്ലാത്തൊരു ദാർഷ്ഢ്യമുണ്ടായിരുന്നു അയാളുടെ വാക്കിലും നോക്കിലും.

മീരക്കത് മനസ്സിലായതുമാണ്.

“എന്നെയിങ്ങോട്ട് കൊണ്ട് വന്നതെന്റെ ഇച്ഛയാണ്. എന്റെ അറിവിൽ.. ക്രിസ്റ്റി ഫിലിപ്പെന്ന എന്റെ ഇച്ഛയുടേതാണ് ഈ വീട്.”

മീരയുടെ മുറുക്കമുള്ള മുഖം..സ്വരം..

വർക്കിയുടെ നെറ്റി ചുളിഞ്ഞു.

“ഇച്ഛയോ.. അവനേത് വകുപ്പിലാണ് പെണ്ണേ നിന്റെ ഇച്ഛയാക്കുന്നത്..? എന്റെ അറിവിൽ അവന്റെ തന്ത ചത്ത്‌ പോയതാ.. പിന്നെയേത് വകുപ്പിൽ പെടും ഈ ബന്ധം?അവളുടെയൊരു ഈച്ച ”
വർക്കി പരിഹാസത്തോടെ ചുണ്ട് കോട്ടി.

“രക്തബന്ധങ്ങളിൽ എനിക്ക് വിശ്വാസമില്ല. ഇല്ലാ എന്നല്ല.. ജന്മം തന്നിട്ട് പോയൊരു നാറി കാരണം അതില്ലാതെയായി പോയെന്ന് വേണം പറയാൻ. ക്രിസ്റ്റി ഫിലിപ്പ് കർമം കൊണ്ടെന്റെ കൂടപ്പിറപ്പാണ്..തത്കാലം എനിക്കത് മതി.”

വർക്കിയുടെ കണ്ണിലേക്കു നോക്കിയത് പറയുമ്പോൾ.. മീരയുടെ മുഖം വൈര്യം പോലെ തിളങ്ങുന്നുണ്ടായിരുന്നു.

അയാൾക്ക് പിന്നിൽ നിന്നും ഒരു നറുചിരിയോടെ നിന്നിരുന്ന അമ്മ കൈയ്യടിക്കുന്നുണ്ടന്ന് തോന്നിയവൾക്ക്.

“ഓഹോ.. അപ്പൊ തന്തയില്ലാത്തവളാണെന്ന് സാരം ”
വർക്കി പരിഹസിക്കാൻ ഒരു കാരണം കിട്ടിയത് പോലെ അവളെ നോക്കി.

‘ആഹ്.. ഒരുമാതിരി പേ പിടിച്ച തന്തമാരൊക്കെ ഇല്ലാതിരിക്കുന്നതാ തമ്മിൽ ഭേദം ”

അപ്പോഴും മാങ്ങാത്ത മീരയുടെ ചിരിയിലേക്ക് വർക്കി അത്ഭുതത്തോടെയാണ് നോക്കിയത്.

“കാശുള്ള വീട്ടിലെ ചെക്കന്മാരുടെ പിറകെ കൂടാൻ നിന്റെയൊക്കെ ഓരോ അടവുകൾ. പക്ഷേ മോൾക് തെറ്റി പോയല്ലോ. കാശും സംസ്കാരവുമില്ലാത്ത ഒരുത്തന്റെ തോളിൽ ബൂങ്ങിയതിന്റെ അഹങ്കാരം.. അത് നീ എന്നോട് കളിക്കല്ലേ. കളി ഞാൻ പഠിപ്പിക്കും ”
വർക്കി മീരയുടെ നേരെ വിരൽ ചൂണ്ടി.

“എന്നെ കൂട്ടി കൊണ്ട് വന്നവന്റെ പേര് റിഷിൻ ചെറിയാൻ എന്നല്ല കേട്ടോ ”
ഇപ്രാവശ്യം പരിഹാസചിരി മീരയുടെ ചുണ്ടിലായിരുന്നു.

“നീ വല്ലാതെ നെഗളിക്കല്ലേ പെണ്ണേ. എന്റെ ഒറ്റയടിക്ക് തികയില്ല നീ ”

വർക്കി ഭീക്ഷണി പോലെ പറഞ്ഞിട്ടും മീരയുടെ മുഖം അൽപ്പം പോലും മങ്ങിയില്ല.

“അവനിങ് വരട്ടെ.. എന്താ ഇതിന്റെയൊക്കെ അർഥമെന്നൊന്ന് എനിക്കറിയണം. ഇതിങ്ങനെ വിട്ടാൽ ശെരിയാവില്ലല്ലോ.ഓരോരോ പേകൂത്തുകൾ ”

മീരക്ക് മുന്നിൽ വാക്കുകൾ കൊണ്ട് പിടിച്ചു നിൽക്കാൻ കളൊയില്ലെന്നുറപ്പായതും വർക്കി അൽപ്പം അടങ്ങി.

ക്രിസ്റ്റിയുടെ കൂടെ വന്നവലെങ്കിൽ തക്കതായ എന്തോ ബന്ധമുണ്ടാവും. ഉടായിപ്പ് കാണിക്കുന്നവരെ തന്നെ വെറുക്കുന്ന അവൻ.. അങ്ങനെയൊരു കാര്യം ചെയ്യില്ലെന്നത് വർക്കിക്ക് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു.

വരട്ടെ.. കണ്ട് പിടിച്ചേ മതിയാവൂ.

“നിനക്കുള്ളത് ഞാൻ തരാം ”
ഒടുവിൽ അത് പറഞ്ഞിട്ട് വർക്കി തിരിഞ്ഞു നടക്കാൻ തുടങ്ങി.

“പെട്ടന്നായിക്കോട്ടെ.. ഞാൻ കാത്തിരിപ്പാണ് ”
പിന്നിൽ നിന്നും വാതിൽ പടിയിൽ ചാരി നിന്നിട്ട് മീരാ പറഞ്ഞു.

അവൾക്കുള്ളിൽ ഒരു സംതൃപ്തിയാണ് നിറഞ്ഞത്.
എന്നിട്ടും എന്തിനോ നിറഞ്ഞ കണ്ണുകൾക്ക് മുന്നിൽ ചേർത്ത് പിടിക്കാൻ വരുന്ന ശാരിയുടെ മായ രൂപത്തിന്റെ നിറഞ്ഞ ചിരി അവളെ ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ടായിരുന്നു ആ നിമിഷം.

തിരിച്ചിറങ്ങി നടക്കുമ്പോഴും വർക്കിയാ മുഖം ഓർമകളിൽ തിരയുന്നുണ്ടായിരുന്നു..

ഒട്ടും ഓർക്കാൻ പറ്റാത്ത.. ഏറെ പരിചിതമായ ആ മുഖം.

❣️

“ഇച്ഛാ…”

പാത്തുവിന്റെ സ്വരം വിറക്കുന്നുണ്ടായിരുന്നു.

ക്രിസ്റ്റി നീട്ടിയ ഫയലിലേക്ക് വീണ്ടും അവളുടെ നോട്ടം തങ്ങി.

“ഇതിന് വേണ്ടിയാണ് അവർ നിന്നെ അറക്കലേക്ക് കൊണ്ട് വന്നത്. ഇത് പോലൊരു വലിയ തുക നിന്റെ പേരിലുണ്ടെന്ന് അവർക്കെങ്ങനെയോ വിവരം കിട്ടിയിട്ടുണ്ട്. എന്റെ അറിവിൽ.. അത് ഷാഹിദ് വഴി കിട്ടിയതാവാനാണ് സാധ്യത. ഇവിടെയുള്ളവന്മാർക്ക് ഇത് കണ്ട് പിടിക്കാനുള്ളത്രേം പവർ പോരാ ”

പാത്തുവിന്റെ കയ്യിൽ നിന്നും ആ ഫയൽ തിരികെ വാങ്ങി ക്രിസ്റ്റി ടീ ഷർട്ട് പൊക്കി വീണ്ടും അത് ജീൻസിന്റെ അരയിലേക്ക് തിരുകി.

പാത്തു അപ്പോഴും കിളി പോയ പരുവത്തിൽ തന്നെയാണ്.

“അവനത് അറിയാൻ ഒരു നിമിത്തം മാത്രമാവും നമ്മൾ തമ്മിൽ കാണാൻ കർത്താവൊരുക്കിയ ഒരു കാരണം. തത്കാലം നമ്മൾക്ക് അങ്ങനെയങ്ങ് കരുതാം.”

ക്രിസ്റ്റി അന്തം വിട്ടു നിൽക്കുന്ന പാത്തുവിനെ കൈ പിടിച്ചു വലിച്ചിട്ട് നെഞ്ചിൽ ചേർത്തു.

‘അവൻ ഇടയിലില്ലെങ്കിലും നമ്മൾ കാണുമായിരുന്നു. അത് നമ്മുടെ അപ്പന്മാർ ആഗ്രഹിച്ച കാര്യമായിരുന്നു. അവരെപോലെ നമ്മളും ഒന്നിച്ചു നിൽക്കണമെന്നുള്ള ആഗ്രഹം ഒന്ന് കൊണ്ട് മാത്രമായിരിക്കും.. നീയും ഞാനും ഒരുമിച്ച് ഒപ്പിച്ചു കൊടുത്താൽ മാത്രം കൈ പറ്റാവുന്ന രീതിയിൽ ആ എഗ്രിമെന്റ് അവർ റെഡിയാക്കി വെച്ചതും ”

ക്രിസ്റ്റി ചുവരിലേക്ക് ചാരി… വിരൽ കൊണ്ടവളുടെ കവിളിൽ ചിത്രം വരക്കുന്നതിനിടെ പറഞ്ഞു.

“അവരങ്ങനെ കൊതിച്ചിട്ടുണ്ടാകുമോ ഇച്ചാ?”

അവൾ അവനെ നോക്കി.

“പിന്നല്ലാതെ പാത്തോ. കർത്താവിന്റെ അരികിലിരുന്ന് നമ്മൾക്ക് വേണ്ടി പ്രാർത്ഥിച്ചു കാണും. അല്ലെങ്കിൽ മറന്ന് പോവാൻ നിരവധി കാരണങ്ങളുണ്ടായിട്ടും.. നീയും ഞാനും ചേർന്നു നമ്മളായിട്ട് ഇങ്ങനെ ചേർന്നു നിൽക്കില്ലല്ലോ പെണ്ണേ ”

അവന്റെ സ്വരം വല്ലാതെ നേർത്തു പോയിരുന്നു.

പ്രണയം നിറഞ്ഞ ആ മുഖം.. പാത്തു അവനിൽ നിന്നും പിടഞ്ഞു മാറാൻ തുനിഞ്ഞതും ക്രിസ്റ്റി അവന്റെ പിടി മുറുക്കി.

മുഖം കുനിച്ചു നിൽക്കുന്ന അവളുടെ തടി തുമ്പിൽ പിടിച്ചുയർത്തി അവൻ ചിരിയോടെ നോക്കി.

“ഇത് തട്ടി എടുക്കാനാവും അവനിത്ര വേഗം ഒരു എൻഗേജ്‌ മെന്റ്. അല്ലേ ഇച്ഛാ?”

പാത്തു പതിയെ ചോദിച്ചു.

“കൂട്ടത്തിൽ നിന്നെയും. കാരണം നിന്നെ സ്വന്തമാക്കിയാൽ മാത്രമേ ഈ കാശ് കയ്യിൽ വരികയുള്ളു എന്നവന് നന്നായി അറിയാം ”

ക്രിസ്റ്റി വീണ്ടും അവളുടെ മുഖത്തു ചിത്രം വരച്ചു കൊണ്ട് പറഞ്ഞു.

“പക്ഷേ… എനിക്കങ്ങനെ വിട്ടു കൊടുക്കാൻ കഴിയോടി..എന്റെയീ ജീവനെ. ഇത്രേം കാലം കൊതിയോടെ കാത്തിരുന്നിട്ട്.. എന്റെ പ്രാണനെ പോലെ ഞാൻ സ്നേഹിച്ചിട്ട്.. എനിക്കൊപ്പം നീയൊരു ജീവിതം കൊതിക്കുന്നുണ്ടെന്നറിഞ്ഞിട്ട്.. പിന്നെയും നിന്നെ അവന് കൊടുക്കാൻ.. ക്രിസ്റ്റി മരിക്കണം ”

പ്രണയം കലർന്ന അവന്റെ വാക്കുകൾക്ക് തീ പിടിച്ചത് പോലെ..

അതിന്റെ ചൂടിൽ ഉരുകി ഒലിച്ചത് പോലെ ആ നെഞ്ചിൽ പാത്തുവും.

അവൾക്കെന്ത് പറയണമെന്നറിയുന്നില്ല അവനെന്തു ചെയ്യണമെന്നും.

ചുറ്റുമുള്ളതെല്ലാം ഓർമകളിൽ പോലുമില്ലാത്ത വിധം ശൂന്യമായി പോയിരുന്നു രണ്ടു പേരും.

ചേർന്നു നിൽക്കുന്ന ഉടലുകൾക്ക് തമ്മിലുള്ള പ്രണയത്തിന്റെ ചൂട് പകരുന്നുണ്ട്.. പരസ്പരം.

വിറക്കുന്ന കയ്യോടെ ക്രിസ്റ്റിയവളുടെ ചുണ്ടിലൊന്ന് തട്ടിയ നിമിഷം പാത്തു കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ടവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കൊണ്ടവനെ ഇറുക്കി കെട്ടിപിടിച്ചു.

ക്രിസ്റ്റി ചിരിയോടെ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

“പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ…നാളത്തെ അവന്റെ വെറുമൊരു പ്രഹസനം. അതിനെ നമ്മൾ മൈന്റ് ചെയ്യുന്നില്ല. തത്കാലം അവന്റെ പതനത്തിന്റെ ആദ്യകാൽ വെയ്പ്പായിട്ട് കണ്ടാൽ മതി നമ്മൾക്കിത്.. മ്മ്ഹ്”

പാത്തുവിന്റെ മുഖം പിടിച്ചുയർത്തി സ്വകാര്യം പോലെ ക്രിസ്റ്റി പറഞ്ഞതും അവളുടെ മുഖം വാടി.

“എനിക്കറിയാം പാത്തോ നിന്റെ മനസ്സ്. പക്ഷേ ഇപ്പൊ അവനെതിരെ ഒരു മൂവ്മെന്റ് ചെയ്യാനുള്ള പ്ലാൻ…അതേതായാലും നടക്കില്ല. അറിയാലോ.. അതി ബുദ്ധിമാൻ ആണ്. ക്രൂരത നിറഞ്ഞ മനസ്സും. ആ കാശ് കിട്ടാൻ വേണ്ടി അവനെന്തും ചെയ്യുമെന്നുറപ്പാണ്.അവൻ പ്രതീക്ഷിക്കുന്നത് പോലെ തന്നെ കാര്യങ്ങൾ നടക്കുന്നുണ്ട് എന്നൊരു വിശ്വാസം അവന് വരട്ടെ. അതിപ്പോൾ അത്യാവശ്യമാണ്. നമ്മളെല്ലാം അറിഞ്ഞെന്നു തത്കാലം അവനറിയേണ്ട.അപ്പോഴേക്കും വേണ്ടത് ഞാൻ ചെയ്തു കൊള്ളാം.”

വേദന നിഴലിക്കുന്ന അവളുടെ കണ്ണുകൾക്ക് മീതെ മൃദുവായി ചുണ്ട് ചേർത്ത് കൊണ്ടാണ് ക്രിസ്റ്റി അത് പറഞ്ഞത്.

“അവനല്ല.. നാളെ നിനക്ക് മുന്നിൽ നിൽക്കുന്നത് ഞാൻ ആണെന്ന് കരുതിയേക്ക്.. നീ.അപ്പൊ തീരും ഈ സങ്കടം ”
ക്രിസ്റ്റി പറഞ്ഞതും അവളുടെ മുഖത്തൊരു കുഞ്ഞു ചിരിയുണ്ടായിരുന്നു.

“നമ്മൾ തമ്മിലുള്ള ഇഷ്ടം അവനറിയാം ”

ക്രിസ്റ്റി പറഞ്ഞതും പാത്തു ഞെട്ടി കൊണ്ടവനെ നോക്കി.

ക്രിസ്റ്റിയൊന്ന് കണ്ണ് ചിമ്മി കാണിച്ചു.

“അപ്പൊ ഇത്തിരിയൊക്ക നീ എതിരിപ്പ് കാണിച്ചാലും അവൻ അത് ആ മൈന്റ്ൽ കണ്ടോളും.”

ക്രിസ്റ്റി വീണ്ടും അവളെ ചേർത്ത് പിടിച്ചു.അപ്പോഴും അവളുടെ മുഖം തെളിഞ്ഞിട്ടില്ല..

❣️❣️

“ഫൈസൽ മുഹമ്മദ്‌ ”

ഗൗരവത്തോടെ ഷാഹിദ് വിളിക്കുന്നത് കേട്ടതും ഫൈസി നിന്ന് പോയി.

കണ്ണുകൾ കൊണ്ടൊരു പരിശോധന നടത്തിയാണ് ഫൈസി ഓരോ ചുവടും മുന്നോട്ടു വെക്കുന്നത്.

“പടച്ചോനെ.. പെട്ടു. ”

തനിക്കു നേരെ ധൃതിയിൽ ഓടി വരുന്ന ഷാഹിദ്.

“ഇവനെന്ത് ഭൂതകണ്ണാടി വെച്ചിട്ട് കണ്ട് പിടിച്ചവോ? ചെ.. റ്റ.”
മുഖം കുനിച്ചു നടന്നിട്ടും.. ആൾക്കൂട്ടത്തിൽ നിന്നും ഷാഹിദ് കണ്ട് പിടിച്ച ദേഷ്യവും ടെൻഷനും കൊണ്ട് ഫൈസി പിറുപിറുത്തു.

കയ്യിൽ ഡയൽ ചെയ്തു പിടിച്ച ക്രിസ്റ്റിയുടെ നമ്പറിൽ അവന്റെ വിരലുകൾ അമർന്നു കഴിഞ്ഞിരുന്നു.

“താനെന്താടോ ഇവിടെ?”
തനിക്കു പിന്നിലേക്ക് നോക്കി കണ്ണ് ചുരുക്കി നോക്കുന്ന ഷാഹിദിന്റെ മനസ്സിലെന്താണെന്ന് ഫൈസിക്ക് വളരെ പെട്ടന്ന് പിടികിട്ടിയിരുന്നു.

“നമ്മൾ കുടുംബക്കാരായിട്ട് കൂടി താനെന്താടോ തന്റെ ലൈഫിലെ പ്രധാനപ്പെട്ട ഒരു ഫങ്ക്ഷൻ എന്നെ അറിയിക്കാഞ്ഞത്?”
ഫൈസി അവനോട് തിരിച്ചു ചോദിച്ചു.

“ഓഹ്.. റിയലി സോറി ഫൈസൽ. വളരെ പെട്ടന്ന് അറേൻജ് ചെയ്തൊരു പ്രോഗ്രാം ആയത് കൊണ്ടാണ്.. റിയലി സോറി ”

ഷാഹിദ് അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

“അതെനിക്കും തോന്നി. അതല്ലേ ഉമ്മച്ചി ഇവിടിങ്ങനെയൊരു ഫങ്ക്ഷൻ നടക്കുന്നുണ്ടെന്ന് പറഞ്ഞതും യാതൊരു പരിഭവവും കൂടാതെ ഞാൻ വന്നതും ”

ഫൈസിയും അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.

അവനവിടെ അൽപ്പസമയം നിൽക്കണമെന്നത് അവന്റെ ആവിശ്യമായിരുന്നുവല്ലോ?

“ഡോണ്ട് വറി ഫൈസൽ. അതികം വൈകാതെ തന്നെ ഇനി മാരേജ് ഉണ്ടാവും. അന്നെന്തായാലും ഇയാളെ വിളിക്കാൻ മറക്കില്ല ”

അത് പറയുമ്പോഴും ഷാഹിദ് നാല് പാടും നോക്കുന്നുണ്ട്.

“നടന്നത് തന്നെ ”
ഫൈസി പുച്ഛത്തോടെ.. പറഞ്ഞു.

“എന്താ പറഞ്ഞത്..?”

അവനാ പറഞ്ഞത് വ്യക്തമായി കേൾക്കാഞ്ഞത് കൊണ്ട് തന്നെ ഷാഹിദ് നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.

“ഉറപ്പായും വിളിക്കണമെന്നു പറഞ്ഞതാ ”
ഫൈസി ചിരിയോടെ പറഞ്ഞു.

“ഷുവർ ”
ഷാഹിദ് അവന്റെ തോളിൽ തട്ടി.

“താൻ.. താൻ പോയിട്ട് വല്ലതും കഴിക്ക്.. വൺ മിനിറ്റ്.. ഞാനിപ്പോ വരാം ”

അതും പറഞ്ഞിട്ട് ഷാഹിദ് ധൃതിയിൽ അകത്തേക്ക് നടക്കുന്നതും നോക്കി ഫൈസി നിന്നു.

“പിന്നെ… ഞാൻ പട്ടിണി കൊണ്ട് വന്നതല്ലേ.. വല്ലതും പോയി കഴിക്കാൻ.. ഒന്ന് പോഡെർക്കാ ”

ഷാഹിദ് പോയ വഴിയേ നോക്കി അവൻ ചുണ്ട് കോട്ടി.

“പടച്ചോനെ… അവന്റെ വെളിച്ചം കൊടുത്തു കഴിഞ്ഞു കാണില്ലേയിനി. വെടി കൊണ്ട പന്നിയെ പോലാ മറ്റവന്റെ പോക്ക്. അവൻ കണ്ടാൽ ആ വെളിച്ചം എന്നെന്നേക്കുമായി അണഞ്ഞു പോകുമല്ലോ…”

നെഞ്ചിൽ കൈ ചേർത്ത് വെച്ച് കൊണ്ടവൻ കണ്ണുകൾ മുകളിലേക്കുയർത്തി പറഞ്ഞു.

❤️❤️

“പേടിക്കേണ്ട.. ധൈര്യത്തോടെ നിൽക്കണം. പക്ഷേ അവന് സംശയങ്ങൾ വരാതിരിക്കാൻ പ്രതേകം ശ്രദ്ധിക്കണം..”

ഫൈസിയുടെ കോൾ വന്ന നിമിഷം തന്നെ ക്രിസ്റ്റി തിരിച്ചിറങ്ങാൻ റെഡിയായി.

“ഇച്ഛാ ”

പാത്തു വിറയലോടെ അവന്റെ ടീ ഷർട്ടിൽ പിടി മുറുകി.

‘ഇച്ഛാ കൂടെ തന്നെയുണ്ട്. ഇനി അധികമൊന്നും നിനക്കിവിടെ നിൽക്കേണ്ടി വരില്ല. കേട്ടോ. ഇച്ഛാ വരും.. കൂട്ടി കൊണ്ട് പോകാൻ. എന്റെ.. എന്റെ സ്വന്തമായിട്ട്.”

അലിവോടെ അവൻ അവളുടെ കവിളിൽ തട്ടി.

“വാതിൽ അടച്ചു കുറ്റിയിട്ടേക്ക്.. ഏതു നിമിഷവും ഷാഹിദ് ഇവിടെയെത്തും. അവന്റെ മുന്നിൽ നല്ല സ്ട്രോങ്ങ്‌ ആയിട്ട് നിൽക്കണം. നാളത്തെ ഫങ്ക്ഷനെ കുറിച്ച് അവൻ പറയുമ്പോൾ.. കാര്യങ്ങൾ കൈവിട്ടു പോകാത്ത വിധം ഡീൽ ചെയ്യണം.ഒക്കെ ”

ബനിയന്റെ ക്യാപ്പ് തലയിലേക്കിട്ട് കൊണ്ടവൻ വാതിലിന്റെ കുറ്റിയെടുത്തു.

ഭയത്തോടെ നിൽക്കുന്ന അവളെ ഒരു നിമിഷം നോക്കി.

പിന്നെ ഒന്ന് കൂടെ അവളെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് നെറ്റിയിൽ ചുണ്ട് ചേർത്തു.

“ഐ ലവ് യൂ ”

ആ കാതിൽ കാറ്റ് പോലെ പറഞ്ഞു കൊണ്ടവൻ ധൃതിയിൽ വാതിൽ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങി.

അവനിറങ്ങിയ നിമിഷം തന്നെ പാത്തു വാതിൽ ചേർത്തടച്ചു.

പതിയെ സ്റ്റെപ്പിന് നേരെ ഓടിയ ക്രിസ്റ്റി പിന്നെയെന്തോ ഓർത്തത് പോലെ.. പാത്തുവിന്റെ മുറിയുടെ വലതു സൈഡിലേക്കുള്ള വഴിയിൽ മറഞ്ഞു നിന്നു

നിമിഷങ്ങളുടെ വ്യത്യാസത്തിൽ സ്റ്റെപ്പ് കയറി ഓടി വരുന്ന ഷാഹിദിനെ കണ്ടതും ക്രിസ്റ്റി നെഞ്ചിൽ കൈ ചേർത്തു ശ്വാസമെടുത്തു.

അവിടെ ഉണ്ടായിരുന്നവരെല്ലാം അവന്റെ വരവ് കണ്ടതും അന്തം വിട്ടു കൊണ്ട് എഴുന്നേറ്റു നിൽക്കുന്നുണ്ട്.

അവൻ പാത്തുവിന്റെ മുറിയുടെ നേരെ ഓടുന്നത് കണ്ടു കൊണ്ടാണ് ക്രിസ്റ്റി താഴെക്കിറങ്ങിയത്.

കയറി വന്നത് പോലെ തന്നെ ആൾക്കൂട്ടത്തിനിടയിൽ കൂടി ക്രിസ്റ്റി പുറത്തെത്തി.

“വാ.. പോവാം ”

അവൻ വരുന്നതും നോക്കി ടെൻഷനോടെ നിൽക്കുന്ന ഫൈസിക്ക് പിന്നിൽ നിന്നും കള്ളചിരിയോടെ ചോദിക്കുന്നവനെ കണ്ടതും അവന്റെ കണ്ണുകൾ മിഴിഞ്ഞു.

“എടാ.. ഷാഹിദ്…”

ഫൈസി അകത്തേക്ക് വിരൽ ചൂണ്ടി.

“അവനെന്നെ മുകളിൽ തപ്പുന്നുണ്ട് ”
ക്രിസ്റ്റി കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.

“ഇയ്യ് ഓനെ കണ്ടോ?”

“അതിന് ഞാൻ അവനെ കാണാൻ അല്ലല്ലോ മോഞ്ഞേ ഫൈസ്യേ വന്നത്.. ഞാൻ കാണാൻ വന്നവളെ നല്ല വെടിപ്പായിട്ട് കണ്ടിട് പോരുകയും ചെയ്തു ”

ക്രിസ്റ്റി ഒറ്റ കണ്ണിറുക്കി പറഞ്ഞു.

“എന്നാ പിന്നെ ഇനി ന്തോ നോക്കി നിൽകുവാ.. ആ ചെയ്ത്താൻ തിരികെ വരും മുന്നേ നടക്കങ്ങോട്ട്.”

അവനെ നോക്കി പറഞ്ഞിട്ട് ഫൈസി ഗേറ്റിന് നേരെ നടന്നു……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button