നിലാവിന്റെ തോഴൻ: ഭാഗം 82
രചന: ജിഫ്‌ന നിസാർ
“നിങ്ങളൊന്നും പറഞ്ഞില്ല ”
മുഹമ്മദ് ഉള്ളിലെ പരവേശം മറച്ചു പിടിക്കാൻ നന്നേ പാട് പെടുന്നുണ്ടായിരുന്നു അത് ചോദിക്കുമ്പോൾ.
അയാൾക്ക് മുന്നിൽ അതിനേക്കാൾ പരവേശത്തിലിരിക്കുന്ന മാത്തൻ ത്രേസ്യയെ നോക്കി.
അയാൾക്കെന്തുത്തരം കൊടുക്കണമെന്ന് അയാൾക്കും അറിയില്ലായിരുന്നു.
“നിങ്ങളുടെ മനസ്സിൽ, അതിനി എന്ത് തന്നെയായാലും ദയവായി അത് തുറന്നു പറയണം. കാരണം ഉമ്മാന്റെ ഏറ്റവും വലിയൊരു ആഗ്രഹം നടത്തി കൊടുക്കുന്നുവെന്ന് പറയുന്ന എന്റെ ചെങ്ങായിക്ക് നിങ്ങളുടെ മകളോടുള്ള സ്നേഹം ഞാനാ കണ്ണുകളിൽ കണ്ടതാണ്. അവനത്രേം മോഹിക്കുന്നുണ്ട് നിങ്ങളുടെ മകൾ ലില്ലിയെ ഭാര്യയായി ലഭിക്കാൻ. മനസ്സിൽ നടക്കില്ലെന്നുറപ്പിച്ചു കൊണ്ട് ആലോചിക്കാം എന്നൊരു ഉത്തരം നൽകി നിങ്ങളെന്നെ പറഞ്ഞു വിടുമ്പോൾ.. അത് ഞാൻ ചെന്നിട്ട് അവനോട് പറയുമ്പോൾ.. അവൻ വീണ്ടും പ്രതീക്ഷിക്കും. സ്നേഹിക്കും.. അതോടൊപ്പം ഇനിയും സ്വപ്നങ്ങൾ കാണും. ഒടുവിൽ അതൊന്നും നടക്കില്ലെന്നുറപ്പാകുമ്പോൾ അവനൊരുപാട്, ഒരുപാട് വേദനിക്കും. ഇനിയൊരു ജീവിതം വേണ്ടന്ന് വീണ്ടും അവന്റെ മനസ്സിൽ തീരുമാനം രൂപപ്പെടും. അതോടൊപ്പം മകനൊരു കൂട്ടുണ്ടായി കാണാൻ ഒരുപാട് മോഹിച്ചു കൊണ്ട് നടക്കുന്ന ഒരുമ്മ കൂടി വേദനിക്കും ”
മുഹമ്മദ് പറയുമ്പോൾ മാത്തൻ അയാളെ തന്നെ നോക്കി.
“അതൊക്കെ കൊണ്ടാണ് ഞാൻ ഇത്രേം പറയുന്നത്. നടക്കില്ലെങ്കിൽ.. നിങ്ങൾക്കിത് ഇഷ്ടമായിലെങ്കിൽ ഇതിവിടെ അവസാനിക്കും. ഉമ്മാക് വേണ്ടി മറ്റാരെയെങ്കിലും അവനാ മനസ്സിൽ നിറയ്ക്കും. ഇത് പറയുമ്പോൾ ഓനും കേൾക്കുമ്പോ എനിക്കും നിങ്ങൾക്കും എല്ലാമറിയാം.. പ്രതിസന്ധികൾ നിരവധിയാവും. നടക്കാതിരിക്കാനാണ് കൂടുതൽ സാധ്യത. പക്ഷേ.. ഒന്നോർക്കുക.. മകൾക്കൊരു സംതൃപ്തി നിറഞ്ഞ.. സമാധാനം നിറഞ്ഞ ജീവിതമാണ് നിങ്ങൾ കൊതിക്കുന്നതെങ്കിൽ.. അതാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ.. ഒരിക്കലും ഇത് വേണ്ടന്ന് പറയരുത്. എന്റെ ചങ്ങായി ആയത് കൊണ്ട് പറയുന്നതല്ല. നിങ്ങൾ ആരോടു വേണമെങ്കിലും ചോദിച്ചു നോക്കൂ.. ഷാനവാസ് എന്ന വ്യക്തി… അയാളെ കുറിച്ച് ആരും മോശമായി ഒന്നും പറയില്ല.”
കൂട്ടുകാരനെ കുറിച്ച് പറയുമ്പോൾ മുഹമ്മദിന്റെ മുഖം അഭിമാനം കൊണ്ട് നിറഞ്ഞു.
“നിന്നെയോ നിന്റെ കൂട്ടുക്കാരനെയോ വിശ്വാസമില്ലാത്തത് കൊണ്ടല്ല മോനെ.അതല്ല ഈ മിണ്ടാതെയിരിക്കുന്നതിന്റെ അർഥം. അങ്ങനൊന്നും കരുതല്ലേ നീ ”
മാത്തൻ മുഹമ്മദിനു നേരെ നോക്കി ചിരിച്ചു.
അയാളുടെ ഉള്ളിൽ ഒരല്പം തണുപ്പ് നിറഞ്ഞു ആ ചിരി കണ്ടപ്പോൾ .
“എന്റെ മകൾക്കൊരു നല്ല ജീവിതം ഉണ്ടായി കാണുക എന്നത് തന്നെയാണ് എന്റെയും ദേ ഇവളുടെയും ഏറ്റവും വലിയ മോഹം ”
ത്രേസ്യയെ കൂടി നോക്കിയിട്ടാണ് മാത്തൻ പറയുന്നത്.
“ഒരുപാട് അനുഭവിച്ചവളാണ്. അവളിനിയെങ്കിലും സന്തോഷത്തോടെ ജീവിക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ഏതു നേരത്തെ പ്രാർത്ഥനയും.”
മാത്തന്റെ വാക്കുകൾക്ക് മകളോടുള്ള സ്നേഹത്തിന്റെ കനമുണ്ടായിരുന്നു.
“എനിക്കെന്റെ കൊച്ചു മോനോട് കൂടി ചോദിക്കാനുണ്ട്.. തീരുമാനം പറയും മുന്നേ. എന്റെ മകന്റെ മകൻ..”
“ക്രിസ്റ്റിയല്ലേ? ”
മാത്തൻ പറഞ്ഞവസാനിപ്പിക്കും മുന്നേ മുഹമ്മദ് അങ്ങോട്ട് ചോദിച്ചു.
“ആ.. അറിയോ അവനെ?”
മാത്തൻ ആശ്ചര്യത്തോടെ ചോദിച്ചു.
“പിന്നല്ലാതെ. ന്റെ മോന്റെ ചങ്കാണ് ഈ പറഞ്ഞ ക്രിസ്റ്റി.”
മുഹമ്മദ് ചിരിയോടെ പറഞ്ഞു.
“ആണോ..മോന്റെ പേരെന്താ..?”
“ഫൈസൽ മുഹമ്മദ്… ഫൈസി ”
അയാളത് പറഞ്ഞതും മാത്തന്റെയും ത്രേസ്യയുടെയും കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.
“കർത്താവെ… എന്റെ ഫൈസി മോന്റെ ബാപ്പയാണോ ഇത് ”
അടങ്ങാത്ത ആവേശത്തിൽ മാത്തൻ മുഹമ്മദിന്റെ കൈ പിടിച്ചു.
“ഓനെങ്ങനെ….?”
“ഓൻ എന്റെ ചെക്കനല്ലേ.?എന്റെ ക്രിസ്റ്റിയെ പോലെ തന്നെ. ഇവിടേം വരാറുണ്ട് ചങ്കുകൾ രണ്ടും. വന്നാൽ പിന്നെ ഒരുത്സവം പോലാ..”
മാത്തൻ സന്തോഷത്തോടെ പറയുമ്പോൾ അകൽച്ചയുടെ അവസാനകണികയും അവർക്കിടയിൽ നിന്നും അലിഞ്ഞു പോകുന്നുണ്ടായിരുന്നു.
❤️🩹❤️🩹
മുറിയിൽ കയറി വാതിലടക്കുമ്പോൾ പാത്തുവിന്റെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.
കൈ വിരളിൽ ഒരു തോരാട്ട ചുറ്റി പിടിച്ചു കിടക്കുന്നത് പോലെ ഷാഹിദ് അണിയിച്ച മോതിരം.
എത്രയൊക്കെ കടിച്ചു പിടിച്ചു നിന്നിട്ടും ക്രിസ്റ്റി പകർന്ന ധൈര്യം പോരാതെ വന്നിരുന്നു അവൾക്കന്ന്, പലപ്പോഴും.
വിരൽ തുമ്പിൽ പിടിച്ചിട്ട് ചുണ്ടിലൊരു ചിരിയോടെ ഷാഹിദ് മോതിരമണിയിച്ചു തരുമ്പോൾ ഉള്ളിൽ അലറി വിളിക്കുന്ന കടലാഴങ്ങളെ അമർത്തി പിടിക്കാൻ അവളൊരുപാട് ബുദ്ധിമുട്ടി.
സുലേഖ നീട്ടിയ മോതിരം വാങ്ങി അവൻ മുന്നിലേക്ക് നീട്ടി പിടിച്ച വിരലിട്ട് കൊടുക്കുമ്പോ.. ഉള്ള് കൊണ്ട് ഒരായിരം പ്രാവശ്യം ആഗ്രഹിക്കുന്നുണ്ടായിരുന്നു… മുന്നിൽ നിൽക്കുന്നത് തന്റെ പ്രിയപ്പെട്ടവനായിരുന്നെങ്കിലെന്ന്.
സങ്കടവും ടെൻഷനും കൊണ്ട് നിലവിട്ട് കരഞ്ഞു തുടങ്ങിയപ്പോഴും.. “അവൾക്ക് സലീം മാമയെ ഓർമ വന്നു കാണുമെന്നു ”
പറഞ്ഞിട്ട് തന്നിലേക്ക് നീളുന്ന ഷാഹിദിന്റെ കൈകളിൽ നിന്നും പിടഞ്ഞു മാറുകയായിരുന്നു.. വെറുപ്പോടെ.
അവന്റെ മുഖത്തു തെളിഞ്ഞ പുച്ഛമപ്പോൾ ശരിക്കും കണ്ടതാണ്.
എന്നിട്ടും ചിരിയോടെ നിൽക്കുന്ന അവന്റെ രൂപം. അതാണവളെ ഏറെ ഭയപ്പെടുത്തുന്നതും.
തലയിലെ തട്ടം ഊരിയെറിഞ്ഞു കൊണ്ടവൾ
കിടക്കയിലേക്ക് വീണു കരഞ്ഞു.
“ഇനിയിവിടെ അതികം നിൽക്കേണ്ടി വരില്ല. ഞാൻ വരും കൊണ്ട് പോകാൻ..”
ഹൃദയമുരുകി കരയുമ്പോഴും ക്രിസ്റ്റിയുടെ വാക്കുകൾ അവളെ തഴുകി തലോടുന്നുണ്ടായിരുന്നു.
ആശ്വാസിപ്പിക്കുന്നത് പോലെ…
❣️❣️
പ്രിയപ്പെട്ടവളെയോർക്കുമ്പോൾ ഉള്ളിലൊരു മിന്നൽ പായുന്നത് പോലെ വേദനിക്കുന്നുണ്ടായിരുന്നുവെങ്കിലും.. മീരയുടെയും ദിലുവിന്റെയും കൂടെ കൂടിയിട്ട് പരമാവധി മനസ്സിനെ വരുതിയിലാക്കാൻ ക്രിസ്റ്റി ശ്രമിക്കുന്നുണ്ടായിരുന്നു.
ഒരു പരിധി വരെയും അവനതിൽ വിജയിച്ചുവെന്ന് വേണം കരുതാൻ.
അടുക്കളയിലേക്ക് കയറും മുന്നേ തനിക്കു നേരെ തുറിച്ചു നോക്കുന്ന വർക്കിയേ പുച്ഛത്തോടെ അവനൊന്നു തിരിഞ്ഞ് നോക്കി.
ആ പുച്ഛചിരി പൊള്ളിച്ചത് പോലെ കഴിച്ചിരുന്ന ഭക്ഷണം ശക്തിയോടെ തട്ടി നീക്കിയിട്ട് അയാൾ എഴുന്നേറ്റ് പോകുന്നത് കണ്ടതും അവൻ മനോഹരമായ ചിരിച്ചു.
“ഇന്ന് നീ തട്ടി മാറ്റിയ ആ ഭക്ഷണം പോലെ.. ഒരിക്കൽ.. ഒരിക്കൽ നിന്നെ ഞാൻ തട്ടി മാറ്റും. ഈ കുന്നേൽ ബംഗ്ലാവിൽ നിന്ന് തന്നെ. അതിനുള്ള പുറപ്പാടിലാണ് ഞാനും ”
ശബ്ദമില്ലാതെ അവനുള്ളം മൊഴിഞ്ഞു.
“ടാ… വിവരമില്ലാത്തവനെ.. നീയിനി എന്തോ നോക്കി നില്കുവാടാ?”
മീരയും ദിലുവും കഴിക്കാനിരുന്നിട്ടും വർക്കിയേ നോക്കി രസിച്ചു കൊണ്ട് അടുക്കളവാതിൽക്കൽ തന്നെ നിൽക്കുന്ന ക്രിസ്റ്റിയെ നോക്കി മറിയാമ്മച്ചി വിളിച്ചു ചോദിച്ചു.
“വിവരമില്ലാത്തത് നിങ്ങടെ കെട്ട്യോന് ”
പല്ല് കടിച്ചു കൊണ്ടത് പറഞ്ഞു ക്രിസ്റ്റീയും വന്നിരുന്നു.
“ഓഓഓ.. ഇങ്ങനെ ചിരിച്ചു കൂടി പ്രോത്സാഹനം കൊടുക്ക്. അല്ലേൽ തന്നെ ഈ സാധനം ചാർളി ചാപ്ലിൻ ആണെന്നാ ആള് സ്വയം വിചാരിച്ചു വെച്ചിരിക്കുന്നത്. ഇത് പോലുള്ള ഓഞ്ഞ കോമഡി ഞാനെന്റെ ജീവിതത്തിൽ വേറെ കേട്ടിട്ടില്ല.”
മറിയാമ്മച്ചി പറഞ്ഞത് കേട്ട് ചിരിക്കുന്ന ദിലുവിനോടും മീരയോടുമായി ക്രിസ്റ്റി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.
ഇവരുടെ കുസൃതികൾ ആസ്വദിച്ചു കൊണ്ട് ആ അരികിൽ തന്നെ ഡെയ്സിയും ഇരിക്കുന്നുണ്ട്.
“അതിന് ഇത് പോലെ വേറെ കേൾക്കാൻ നീ വേറെവിടാ ടാ ചെക്കാ പോയിട്ടുള്ളത്.. ഈ ഇട്ടാവട്ടത് കിടന്നു കറങ്ങുകയല്ലാതെ?”
മറിയാമ്മച്ചി ഒരു ലോഡ് പുച്ഛത്തോടെ വീണ്ടും അവനെ നോക്കി.
“ദോണ്ട്.. അടുത്തത് ”
അവൻ വീണ്ടും കണ്ണുരുട്ടി.
അതിനിടയിൽ അവന്റെ ഫോൺ ബെല്ലടിച്ചു.
അവന്റെ മുഖത്തെ ഗൗരവം കണ്ടിട്ടായിരുന്നു, അവരെല്ലാം പെട്ടന്ന് നിശബ്‍ദരായി.
വളരെ കുറച്ചു വാക്കുകൾ കൊണ്ടവൻ അത് അവസാനിച്ചു.
“ആരാടാ…?”
ഫോൺ വെച്ചയുടൻ മാറിയമച്ചി അക്ഷമയോടെ ചോദിച്ചു.
“വല്യപ്പച്ചൻ. എന്തോ കാര്യം പറയാനുണ്ട്. അങ്ങോട്ട് ചെല്ലാൻ. ഫ്രീ ആണേൽ ഇപ്പൊ തന്നെ ”
അത് പറയുബോൾ എന്തിനാണാവോ എന്നായോർമയിൽ അവന്റെ ഹൃദയം തുടിച്ചു.
“എന്നാ വേഗം കഴിച്ചിട്ട് പോവാൻ നോക്കെടാ ”
ഡെയ്സി അവന്റ മുന്നേലേക്ക് ഭക്ഷണം നീക്കി വെച്ച് കൊണ്ട് പറഞ്ഞു.
അവൻ മൂകമായത് കൊണ്ടായിരിക്കും.. മീരയും ദിലുവും കൂടി മൗനമായിരുന്ന് കഴിക്കുന്നുണ്ട്.
“നമ്മുക്ക് ഒരുമിച്ച് പോയാലോ അമ്മേ.?വല്യപ്പച്ചൻ പറയുന്നുണ്ടായിരുന്നു.. അമ്മയെ കൂട്ടിയൊന്ന് ചെല്ലാൻ ”
കഴിച്ചു കഴിഞ്ഞു കൈ കഴുകുന്നതിനിടെ ക്രിസ്റ്റി ഡെയ്സിയെ നോക്കി.
“ഞാൻ…. ഞാൻ വേണോ മോനെ.. എനിക്കെന്തോ…”
ഏതൊക്കെയോ ഓർമകൾ കൊണ്ട് ഡെയ്സിയുടെ മുഖം ചുളിഞ്ഞു.
“ഒന്നുമില്ല. ഞാനുണ്ടല്ലോ. ഒരു കാര്യം ചെയ്യാം… നമ്മുക്ക് എല്ലാർക്കും കൂടി ഒരുമിച്ചങ്ങ് പോകാം. എല്ലാവരേം എല്ലാവർക്കും പരസ്പരം കാണാലോ? എന്ത് പറയുന്നു..?”
അവൻ അവരെയെല്ലാം നോക്കി.
പരസ്പരം ഒന്ന് നോക്കിയിട്ട് ദിലുവും മീരയും സമ്മതമറിയിച്ചു.
മങ്ങിയ മുഖത്തോടെയെങ്കിലും ഡെയ്സിയും പോകാമെന്നു തലയാട്ടി.
അവൻ മറിയാമ്മച്ചിയെ നോക്കി.
“പോയിട്ട് വാട…”
അവരും നിറഞ്ഞ ചിരിയോടെ അവനെ നോക്കി പറഞ്ഞു.
“നിങ്ങൾക്കെന്താ പോരാൻ തടസ്സം?”
ക്രിസ്റ്റിയുടെ ചോദ്യം കേട്ടതും അവരുടെ നെറ്റി ചുളിഞ്ഞു.
“ഞാനോ.. ഞാനെന്തിനാടാ ചെക്കാ.?നിങ്ങൾ അമ്മേം മക്കളും പോയിട്ട് വാ ”
മീരയെ നോക്കിയാണ് മറിയാമ്മച്ചി അത് പറഞ്ഞത്.
അത് കേട്ടതും അവളുടെ കണ്ണുകൾ തിളങ്ങി.അറിയാതെ അവളുടെ നോട്ടം ഡെയ്സിയിലേക്ക് നീണ്ടു.
“ദേ.. നിങ്ങളോട് ഞാൻ മര്യാദക്കാണ് പറഞ്ഞത് ഇമ്മാതിരി ഓഞ്ഞ കോമഡി പറയല്ലേ ന്ന്. പത്തു മിനിറ്റ് കൊണ്ട് ഒരുങ്ങി വന്നില്ലേൽ.. എന്റെ സ്വഭാവം മാറും. പറഞ്ഞേക്കാം ”
ദേഷ്യത്തോടെ അവനത് പറഞ്ഞതും മറിയാമ്മച്ചി ഒരു നേർത്ത ചെറിയോടെ… നിറഞ്ഞ കണ്ണോടെ.. മനസ്സോടെ ഡെയ്സിയെയാണ് നോക്കിയത്.
നന്ദി…. ഇവനെ നീ ഈ ലോകത്തിലേക്ക് കൊണ്ട് വന്നതിൽ…
അത്രയും ആത്മാർത്ഥമായിട്ടായിരുന്നു അവരുടെ ഹൃദയമപ്പോൾ അങ്ങനെ മൊഴിഞ്ഞത്……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…