Novel

നിലാവിന്റെ തോഴൻ: ഭാഗം 84

രചന: ജിഫ്‌ന നിസാർ

“ഇയ്യ് ഇപ്പഴല്ലേ ഇക്കാക്ക വന്നത്. പിന്നെ ഏടെ പോണ്?”
ധൃതിയിൽ ഷർട്ട് ധരിച്ചു കൊണ്ട് വരുന്ന ഫൈസിയുടെ മുന്നിലേക്ക് നിന്ന് കൊണ്ട് ഫറ ചോദിച്ചു.

“എങ്ങട്ടായാലും അനക്കെന്താ.. മാറെടി അങ്ങോട്ട്‌ ”

അവൻ ബട്ടൺ പിടിച്ചിടുന്നതിനിടെ അവളെ നോക്കി ചുണ്ട് കോട്ടി..

“മോനെ.. ഇക്കാക്ക. അനക്കെന്തോ ചുറ്റിക്കളി ഉണ്ടെന്ന് ഇനിക്കപ്പഴേ തോന്നിയിട്ടുണ്ട്. സത്യം ഇന്നോട് പറഞ്ഞൂടെ..”

ഫറ വീണ്ടും അവന് നേരെ കണ്ണ് ചുരുക്കി നോക്കി.
അത് കണ്ടതും ഫൈസിക്ക് ചിരി വന്നു.

“ഞാൻ പറയാത്തതും ചെയ്യാത്തതും, പലതും ഒറ്റക്ക് കണ്ട് പിടിച്ചു ഉപ്പച്ചിയോടും ഉമ്മച്ചിയോടും പറഞ്ഞു കൊടുത്തു നടക്കുന്ന ഇൻവെസ്റ്റിക്കേഷൻ പൊന്നുമോള് തുടങ്ങിയിട്ട് കാലം കുറേ ആയിട്ടില്ലേ.?എനിക്കെന്തോരും ചീത്ത വാങ്ങി തന്നിട്ടിട്ടുണ്ടെടി പരട്ടെ ഇയ്യ്. അന്റൊരു ഒടുക്കത്തെ അന്വേഷണം കൊണ്ട്..”

ചിരിക്കിടയിൽ തന്നെ ഫൈസി അത് പറയുമ്പോൾ.. കാലങ്ങൾക്കപ്പുറം കടന്നു പോയ ആ ബാല്യത്തിന്റെ നിറമുള്ള ഒരോർമ പോലെ… ഫറയും ചിരിയോടെ കൂടപ്പിറപ്പിനെ നോക്കി.

അന്നൊക്കെ എന്തെങ്കിലും ചോദിച്ചിട്ട് അവൻ തരാതിരുന്നാലോ.. അല്ലെങ്കിൽ എങ്ങോട്ടേലും പോണം ന്ന് പറയുമ്പോൾ കൊണ്ട് പോവാതിരുന്നാലോ അവനോടുള്ള ദേഷ്യം തീർക്കുന്നത് അങ്ങനായിരുന്നു.

അവന്റെ കുഞ്ഞു കുഞ്ഞു വികൃതികൾ.. ആരോടും പറയരുതെന്ന് പറഞ്ഞിട്ട് അവൻ കൂട്ടുകാരുടെ കൂടെ ആറ്റിലിറങ്ങി നീന്തി കളിച്ചതോ.. അല്ലെങ്കിൽ ഏതെങ്കിലും കുട്ടികളുമായി തല്ലുണ്ടാക്കിയതോ അങ്ങനെയുള്ളതെല്ലാം അപ്പോഴത്തെ ദേഷ്യത്തിന് ഉപ്പയുടെയും ഉമ്മയുടെയും കാതിലെത്തിച്ചു കൊടുത്തിട്ട് .. അതിനവനെ അവര് വഴക്ക് പറയുബോൾ അവനെക്കാൾ വേദനിച്ചു കൊണ്ട് കണ്ണ് നിറച്ചിട്ട്… അങ്ങനെ.. അങ്ങനെ..

“അയിനിപ്പോ ഇയ്യെന്തിനാ ഫറാ കണ്ണ് നിറച്ചത്?”
ഫൈസി അത് ചോദിച്ചപ്പോഴായിരുന്നു താൻ ഓർത്തു കൊണ്ട് കരഞ്ഞു പോയതെന്ന് ഫറ അറിഞ്ഞത് തന്നെ.

“ഒന്നുല്ല ഇക്കാക്ക. അന്റെയീ കള്ളകളിയും ഞാൻ അങ്ങനെ തന്നെ കണ്ട് പിടിച്ചോളാട്ടാ”

കണ്ണ് നിറച്ചത് പറഞ്ഞിട്ട് അവൻ കളിയാക്കുമെന്ന് തോന്നിയതും ഫറ പെട്ടന്ന് പറഞ്ഞു.

“മ്മ്… അനക്ക് പറ്റുവെങ്കിൽ ഇയ്യ് കണ്ട് പിടിച്ചോടി..”

അവളുടെ മൂക്കിൻ തുമ്പിലൊന്ന് തട്ടി പറഞ്ഞിട്ട് അവൻ അടുക്കളയിലേക്ക് ചെന്നു.

ഉമ്മാനോട് ഇപ്പൊ വരാം ന്ന് പറഞ്ഞിട്ടവൻ വരുമ്പോഴും സിറ്റൗട്ടിലെ ചാരു പടിയിൽ മുറ്റത്തേക്ക് നോക്കി അവളിരിപ്പുണ്ട്.

“ഇയ്യ് വരുന്നോടി ഇന്റെ കൂടെ..?”

ബൈക്കിലേക്ക് കയറിയിരുന്നിട്ടാണ്.. തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുന്ന ഫറയോട് ഫൈസി ചോദിച്ചു.

“ന്റള്ളോ.. ഇയ്യെന്താ ഇക്കാക്ക ചോദിച്ചേ.?”ഫറ ചാടി എഴുന്നേറ്റു കൊണ്ട് അവനെ നോക്കി.

“നിന്ന് കൊഞ്ചാണ്ട്.. വരുന്നുണ്ടേൽ മ്മച്ചിയോട് പറഞ്ഞിട്ട് വാടി ”

അവളുടെ ഭാവം കണ്ടിട്ട്… ചിരി വന്നെങ്കിലും ഫൈസി കണ്ണുരുട്ടി കൊണ്ട് പറഞ്ഞതും.. ഫറ ഒറ്റ കുതിപ്പിന് അകത്തേക്ക് പാഞ്ഞു.

ബൈക്കിന്റെ കണ്ണാടിയിൽ നോക്കി മുടി ഒതുക്കി മൂളി പാട്ടോടെയിരിക്കുന്ന ഫൈസിക്ക് പിന്നിലേക്ക് വന്നവൾ കയറി ഇടുന്നതും നിമിഷങ്ങൾ കൊണ്ടാണ്.

“പെട്ടന്ന് പോന്നേക്ക് ട്ടാ രണ്ടാളും ”

ഫൈസി വണ്ടിഎടുക്കും മുന്നേ പിന്നിൽ നിന്നും ആയിഷ ഓർമിപ്പിച്ചു.

“ഏറ്റു…”
ഫൈസിയെ പിന്നിൽ നിന്നും കെട്ടിപിടിച്ചു കൊണ്ടാണ് ഫറ അതിനുള്ള മറുപടി പറഞ്ഞതും.

❣️❣️

“ഇത് മീരാ… ”

തന്നെയിനി എന്ത് പറഞ്ഞിട്ടാവും ക്രിസ്റ്റി പരിചയപ്പെടുത്തി കൊടുക്കുന്നതെന്നോർക്കേ മീരയുടെ ഉള്ളം പൊടിഞ്ഞു.

“പിന്നെ.. ഒന്ന് പോടാ. നീ പറഞ്ഞിട്ട് വേണമല്ലോ എനിക്കെന്റെ കൊച്ചിനെ അറിയാൻ. അല്ല്യോ മോളെ?”
അവളുടെ ആകുലതയെ തീർത്തും നിഷ്പ്രഭപ്പെടുത്തി കൊണ്ട് ത്രേസ്യ മീരായെന്ന ഒറ്റ പേരിൽ മാത്രം അവളെ അംഗീകരിച്ചു.സ്നേഹത്തോടെ നോക്കി.

ചേർത്ത് പിടിച്ചു.

അവർക്ക് മുന്നിൽ തല നിവർത്തി നിൽക്കാൻ ഡെയ്സി നല്ലത് പോലെ കഷ്ടപ്പെടുന്നുണ്ടായിരുന്നു.

“നീ എന്നാത്തിനാ കുഞ്ഞേ വിഷമിക്കുന്നത്. ആ ചെകുത്താനെ ഞങ്ങൾ തന്നെയല്ല്യോ നിന്റെ ചുമലിലിട്ട് തന്നത്. അവൻ കാണിച്ച നെറികേടിന് നിന്നോട് ദേഷ്യവും വൈരാഗ്യവും വെച്ചോണ്ടിരുന്നിട്ട് എന്നതാ കിട്ടുന്നത്. നീ അതങ്ങോട്ട് വിട്ട് കളയേടി.”

ഡെയ്സിയുടെ കൈ പിടിച്ചു മാത്തൻ അത് പറയുമ്പോൾ.. അവർ ആശ്വാസത്തോടെ ക്രിസ്റ്റിയെ നോക്കി.

അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു.

എന്തൊക്കെയോ ഭാരം ഉള്ളിൽ നിന്നിറങ്ങി പോയൊരു ആശ്വാസം തോന്നുന്നുണ്ടായിരുന്നു ഡെയ്സിക്ക് അപ്പോൾ മുതൽ.

“വല്ല്യപ്പച്ചന്റെ മോളെന്തുവാ മിണ്ടാതെ നിൽക്കുന്നെ..?”

വർക്കിയുടെ മകളാണെന്ന ഭാരവും പേറി വേദനനയോടെ… നിൽക്കുന്ന ദിൽനയുടെ കയ്യിൽ പിടിച്ചു വലിച്ചു തന്നിലെക്ക് ചേർത്ത് നിർത്തി മാത്തൻ ചോതിച്ചതും.. അവളും ക്രിസ്റ്റിയെ നോക്കി.

“നമ്മടെ വല്യപ്പച്ചനാ ദിലു ”

നീയും ഇവിടാർക്കും അന്യയല്ലെന്ന് പറയുമ്പോലെ.. മാത്തൻ നൽകിയ അപ്പച്ചന്റെ സ്ഥാനം ക്രിസ്റ്റി കൂടി അവൾക്കുറപ്പിച്ചു നൽകി.

വേണ്ടപ്പെട്ട ആരുടെയോ അരികിലെത്തിയ ആശ്വാസമായിരുന്നു മറിയാമ്മച്ചിക്ക് അവരെ കണ്ടപ്പോൾ അനുഭവപ്പെട്ടത്.

കാലങ്ങൾക്ക് ശേഷം വീണ്ടും കണ്ട് മുട്ടുമ്പോൾ അവർക്കെല്ലാം പങ്ക് വെക്കാൻ നിരവധി വിശേഷങ്ങളുണ്ടായിരുന്നു.

എന്തിനാണ് എന്നെ വിളിപ്പിച്ചതെന്നുള്ള ചോദ്യം പോലും മറന്നിട്ട് ക്രിസ്റ്റീയും അവരോടൊപ്പം ചേർന്നു.

ചായയെടുക്കാൻ അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയ ഡെയ്സിയെ തടഞ്ഞു കൊണ്ട് മീരയും ദിലുവും ആ ജോലി സന്തോഷത്തോടെ ഏറ്റെടുത്തു.

അവർ പിന്നെയും വിശേഷങ്ങളിലേക്ക് കടന്നതിനിടെയിലേക്കാണ് ഫൈസിയും ഫറയും എത്തിയത്.
അതേ സമയം തന്നെയാണ് മീരാ ചായ ഗ്ലാസ് അടുക്കിയ ട്രേ പിടിച്ചു കൊണ്ട് മുന്നിലും പലഹാരങ്ങളുമായി ദിലു പിറകിലുമായി ഉമ്മറത്തേക്ക് വന്നത്.
പെട്ടന്ന് കണ്മുന്നിൽ ഫൈസിയെ കണ്ടതും മീരാ വിറച്ചു പോയിരുന്നു.

അവളുടെ കയ്യിലേക്ക് ഗ്ലാസ്സിൽ നിന്നും ചായ തുളുമ്പി തെറിച്ചു.

“സൂക്ഷിച്..”
ചിരിയോടെ ഫൈസിയത് പറഞ്ഞതും ക്രിസ്റ്റി അമർത്തി ചിരിച്ചു.

ഫറയുടെ കണ്ണുകളും മീരയുടെയും ഫൈസിയുടെയും നേരെ മാറി മാറി പതിയുന്നുണ്ടായിരുന്നു.എന്തൊക്കെയോ മനസ്സിലായത് പോലെ അവളുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു കണ്ടിരുന്നു.

ഫൈസിയോടുള്ള മുഴുവൻ സ്നേഹവും ഫറയിലേക്കും പടർന്നത്തോടെ അവിടം കൂടുതൽ സജീവമായി.

“ഇതൊരു ഓഫീഷ്യൽ പെണ്ണ് കാണൽ ആയിട്ടങ്ങു പ്രഖ്യാപിച്ചാലോടാ മോഞ്ഞേ ഫൈസൽ മുഹമ്മദേ..?”

എല്ലാവർക്കും ചായ കൊടുക്കുന്ന മീരായെ കണ്ണ് കാണിച്ചു കൊണ്ട് ക്രിസ്റ്റി പതിയെ ഫൈസിയോട് ചോദിച്ചു.

“നീ അങ്ങനെ ചെലവ് ചുരുക്കാൻ നോക്കണ്ടടാ മോഞ്ഞേ… ക്രിസ്റ്റി ഫിലിപ്പേ.. ഞാൻ ന്റെ ഉമ്മാനേം ഉപ്പാനേം കൊണ്ട് വരുന്നുണ്ട്.. എന്റെ പെണ്ണിനെ കാണാൻ. അങ്ങ് കുന്നേൽ ബംഗ്ലാവിലോട്ട്. കേട്ടോ?”

അതേ ഭാവത്തിൽ.. പതിയെ മറുപടി കൊടുത്തു ഫൈസി.

“മോന്റെ ഉപ്പ വന്നിരുന്നു ഇവിടെ ”

ആദ്യം തുടക്കമിട്ടത് മാത്തൻ തന്നെയാണ്.

അവരെയെല്ലാം ആദ്യം അമ്പരപ്പിച്ചു കൊണ്ടും.. പിന്നെയെറേ സന്തോഷത്തിലാഴ്ത്തി കൊണ്ടും… മാത്തൻ മുഹമ്മദ്‌ പറഞ്ഞ ഷാനവസിന്റെ കാര്യം പറഞ്ഞു.

ഫൈസിയും ക്രിസ്റ്റീയും ആവേശത്തിൽ പരസ്പരം നോക്കുന്നുണ്ടായിരുന്നു.

“ലില്ലിയാന്റി അറിഞ്ഞോ വല്യപ്പച്ച ഇക്കാര്യം?”

ക്രിസ്റ്റി ചോദിച്ചു.

“അതെനിക്ക് അറിയാത്തില്ലടാ. മുഹമ്മദ്‌ പോയതും ഞാൻ നിന്നെ വിളിച്ചു.”
മാത്തൻ പറഞ്ഞു.

“വല്യപ്പന് എന്ത് തോന്നുന്നു..”

ക്രിസ്റ്റി ആകുലതയോടെ ചോദിച്ചു.

“ഒരുപാട് അനുഭവിച്ചതാ എന്റെ കൊച്ച്. ഞാൻ പറയണ്ടല്ലോ. അറിയാവല്ലോ നിങ്ങൾക്ക്. ഇനി അതിന്റെ കണ്ണ് നിറഞ് കാണല്ലേ കർത്താവെ ന്ന് ഒറ്റ പ്രാർത്ഥനയാണ് എനിക്കുള്ളത് ”

മാത്താൻ അത് പറയുമ്പോൾ അതിനിടയിലെ നോവിന്റെ ചീള് വേദനിപ്പിച്ചത് ഡെയ്സിയെയും ദിലുവിനെയും കൂടിയായിരുന്നു..

പിന്നെയും ഏറെ നേരമിരുന്നിട്ടാണ് അവരവിടെ നിന്നും പോകാനിറങ്ങിയത്.

അന്നേരം കൊണ്ട് തന്നെ മീരയും ദിലുവുമായി ഫറ നല്ലൊരു സൗഹൃദത്തിനു തുടക്കമിട്ടിട്ടുണ്ടായിരുന്നു. പോകും വരെയും… ഫൈസി ക്രിസ്റ്റിയുടെ കളിയാക്കി ചിരി സഹിച്ചു കൊണ്ടാണെങ്കിൽ പോലും… ഫൈസി അവന്റെ പെണ്ണിനെ കണ്ണ് നിറയെ കണ്ടിരുന്നു…

❣️❣️

“ഇനിയെന്താ നിന്റെ പ്ലാൻ…?”
വർക്കി അത് ചോദിക്കുമ്പോൾ റിഷിൻ അയാളെ തുറിച്ചു നോക്കി.

“നീ എന്തിനാടാ എന്നെ നോക്കി പേടിപ്പിക്കുന്നത്? ഓരോന്നു ചെയ്തു വെക്കുമ്പോൾ ഓർക്കണമായിരുന്നു. ഇങ്ങനൊക്കെ വരുമെന്ന് ”

റിഷിന്റെ നോട്ടം കണ്ടതും വർക്കി ദേഷ്യത്തോടെ പറഞ്ഞു.

ഗൗരിയോട് തോന്നുന്ന ദേഷ്യവും വെറുപ്പും തന്നെ റിഷിന് സഹിക്കാവുന്നതിലും അപ്പുറമാണ്.

അതിലിച്ചിരി ആശ്വാസം തേടിയാണ് വർക്കിയുടെ അരികിലേക്കവൻ എത്തിയതും.

അപ്പോഴാണ് ഇനിയെന്താണ് നിന്റെ പ്ലാൻ എന്നൊരു ചോദ്യം..

സത്യത്തിൽ ഇനിയെന്ത് വേണമെന്നറിയാതൊരു അവസ്ഥയിലാണ് അവൻ.
ഗൗരി വഴി ഇനിയൊരു റിക്കവർ ഉണ്ടാവില്ല എന്നത് ഏറെക്കുറെ ഉറപ്പായി.

“പപ്പ പിന്നെ പുണ്യകാര്യങ്ങൾ മാത്രം ചെയ്യുന്ന ആളാണല്ലോ അല്ലേ?അങ്ങനെ മാത്രം ചെയ്തു കൊണ്ടാണല്ലോ ഇവിടെ വരെയും എത്തിയത്. അല്ലേ?”

പരിഹാസത്തോടെ അവന്റെ ചോദ്യം.
വർക്കി പൊള്ളിയത് പോലെയൊന്ന് പിടഞ്ഞു.

“പപ്പാ പണ്ടേ…തീർക്കേണ്ട കേസായിരുന്നു. ഒരൊറ്റ പിടുത്തം. അഞ്ചു മിനിറ്റ് കൊണ്ട് തീരുമാനമാകുമായിരുന്ന ഒരു പാഴ്ചെടിയാണ്.. ഇന്നിപ്പോൾ വളർന്നു വലുതായി തലക്ക് മുകളിൽ ഭീതി പടർത്തി ഭീക്ഷണി പോലെ നിൽക്കുന്നത്..”

റിഷിൻ പല്ല് ഞെരിച്ചു കൊണ്ട് വർക്കിയേ നോക്കി.

വർക്കി അവൻ ഉദ്ദേശിച്ചത് മനസ്സിലായത് പോലെ നെഞ്ചിൽ തടവി തലയാട്ടി.

“ആണ്.. അന്നെനിക്ക് വളരെയെളുപ്പത്തിൽ ഇല്ലാതെയാക്കാൻ കഴിയുമായിരുന്നു. അന്ന് ഞാനും അതത്ര കാര്യമായെടുത്തില്ല.അതിനുള്ളതാണ്.. അവനെനിക്ക് തരുന്നത് ”

നിരാശയിൽ വർക്കിയുടെ കണ്ണുകൾ ചുരുങ്ങി പോയിരുന്നു.

“ഇപ്പൊ… നമ്മളെല്ലാം വെറും കാഴ്ച്ചകാർ മാത്രം. കയ്യടി മൊത്തം അവനും ”

റിഷിൻ വീണ്ടും പല്ല് ഞെരിച്ചു.

‘ഇനിയും ഇതിങ്ങനെ തുടരാനാണോ പപ്പയുടെ പ്ലാൻ.?കണ്മുന്നിൽ നിന്നെല്ലാം നഷ്ടപ്പെടുന്നത് നോക്കി നിൽക്കേണ്ടി വരും നമ്മുക്ക്.. എതിരെയുള്ള ശത്രു… ശക്തനാണ് ”

വലിഞ്ഞു മുറുകിയ മുഖത്തോടെ റിഷിൻ വർക്കിയേ നോക്കി.

“ഓഫീസിൽ കൂടി അവൻ കയറി തുടങ്ങിയാൽ..”

“അവനങ്ങോട്ട് കയറില്ലടാ ”

റിഷിനെ പറയാൻ അനുവദിക്കാതെ വർക്കി കടുപ്പത്തിൽ പറഞ്ഞു.

ആ മുഖത്തെ ഭാവം കണ്ടതും റിഷിൻ അയാളെ തന്നെ നോക്കി.

പപ്പയുടെ മനസ്സിൽ കാര്യമായിട്ട് എന്തോ ഉണ്ടെന്ന് അവനുറപ്പുണ്ടായിരുന്നു..

❣️❣️

“ഒക്കെ സർ.. താങ്ക്സ് ഫോർ ഇൻഫെർമേഷൻ..”

മുന്നിലിരിക്കുന്ന ഓഫീസർക്ക് നേരെ ക്രിസ്റ്റി കൈ നീട്ടി കൊണ്ട് പറഞ്ഞു.

അയാളും ഭവ്യതയോടെ അവന്റെ കൈ പിടിച്ചു കുലുക്കി.

ഫൈസിക്കൊപ്പം പുറത്തേക്ക് നടക്കുമ്പോഴും ക്രിസ്റ്റി ചെറുതായി വിറക്കുന്നുണ്ടായിരുന്നു.

ഫൈസിയുടെയും അവസ്ഥ ഏറെക്കുറെ അങ്ങനെ തന്നെയായിരുന്നു.

ഒറ്റയടിക്ക് കയ്യിൽ വരുന്നത് കോടികൾ…!

അവർക്കപ്പോഴും വിശ്വാസമാവാത്ത പോലെ.

വലിയൊരു തുകയുണ്ട് എന്നറിയാം എന്നല്ലാതെ.. അതിന്റെ വലുപ്പം.. അത് ചിന്തിക്കാവുന്നതിലും അധികമാവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.

ജീവൻ ഉപേക്ഷിച്ചു പോയിട്ടും ക്രിസ്റ്റിക്കും പാത്തുവിനും അച്ഛാന്മാരുടെ സ്നേഹം..

അതങ്ങനെ വളർന്നു വളർന്നു… ഏകദേശം അൻപതു കോടിയോളം എത്തി നിൽപ്പുണ്ടെന്നുള്ള വാർത്ത… ആദ്യമൊരു ഷോക്ക് തന്നെയായിരുന്നു.

കയ്യിലെ ഫയലിൽ… അടയാളപെടുത്തിയ ഷെയർ മാർക്കറ്റിംഗ് സാധ്യതതാകളെ കുറിച്ച് കൂടി ആ ഓഫീസർ വിവരിച്ചു കൊടുത്തതോടെ ആ സംശയവും മാറി കിട്ടി.

താനും പാത്തുവും ജോയിന്റ് ആയിട്ടാണ് അത് അപ്രുവൽ ചെയ്തിട്ടുള്ളത് എന്നതാണ് അതിലെ ഏറ്റവും വലിയ പ്രതേകതയെന്നും ആ ഓഫീസർ പറയുമ്പോൾ.. ക്രിസ്റ്റിയുടെ മനസ്സിൽ പ്രിയപ്പെട്ടവളോടുള്ള പ്രണയം നിറഞ്ഞു…

“നിനക്കെന്താടാ കിളി പോയോ?”
കാറിൽ കയറിട്ടും ഒരക്ഷരം മിണ്ടാതെയിരിക്കുന്ന ഫൈസിയെ നോക്കി ക്രിസ്റ്റി ചോദിച്ചു.

“ഒന്നുല്ലടാ.. ഞാനോർക്കായിരുന്നു… ഇത്രേം കാശ് കയ്യിലുള്ള കൊടിശ്വരനാണല്ലോ പടച്ചോനെ.. നേരം വെളുക്കുന്നെന് മുന്നേ ആ കുന്നെല്ലാം ഓടി കയറി കഷ്ടപ്പെട്ടിരുന്നതെന്ന് ”

സീറ്റിലേക്ക് ചാരി കിടന്നു കൊണ്ടവൻ ക്രിസ്റ്റിയെ നോക്കി.

“അതൊക്കെ എന്നെ ജീവിതം പഠിപ്പിക്കാൻ കർത്താവ് കണ്ടു പിടിച്ച കാരണങ്ങാളാകുമെടാ ഫൈസി. ഇത്രേം കാശ്ന്ന് കേട്ടപ്പോ ചെറിയൊരു വിറയൽ വന്നു എന്നതൊഴിച്ചാൽ…എന്നെയാ കാശ് പ്രലോഭിപ്പിക്കുന്നില്ല ”

നേർത്തൊരു ചിരിയോടെ ക്രിസ്റ്റി അവനെ നോക്കി.

“ഉവ്വാ.. ജീവിതം പരമാവധി നരകിച്ചു കഴിഞ്ഞിട്ടാണ്.. ഇനി ഒരു ജീവിതം പഠിക്കാനുള്ള അവസരം.. ”

ഫൈസി ചുണ്ട് കോട്ടി.

ഇതെങ്ങാനും ആ വർക്കിയും മോനും അറിയണം.. ന്റള്ളോ അസൂയ കയറി രണ്ടിനും ഭ്രാന്ത് പിടിക്കുമെന്ന് കട്ടായം.”
ഫൈസി ആ ഓർമയിൽ രോമാഞ്ചം കൊണ്ടപ്പോഴും ക്രിസ്റ്റി ഒന്നും പറഞ്ഞില്ല..

“ഇനിയെന്താ പ്ലാൻ.. വീട്ടിലോട്ടല്ലേ?”
അൽപ്പം കഴിഞ്ഞു ഫൈസി ചോദിച്ചു.

“വീട്ടിലോട്ട് പോകും മുന്നേ… ചെറിയൊരു പണിയുണ്ട്.”
കാർ സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് കള്ളചിരിയോടെ ക്രിസ്റ്റി കണ്ണ് ചിമ്മി കാണിച്ചു.

❣️❣️

ക്രിസ്റ്റി കൈ പിടിച്ചതും പാത്തു അത് കുടഞ്ഞെറിഞ്ഞിട്ട് തിരിഞ്ഞു നിന്നു.

പരിഭവം കണ്ണ് നീരായി കവിളിൽ പടർന്നിട്ടുണ്ട്.

വൈകുന്നേരം ക്രിസ്റ്റി വിളിച്ചു വരുത്തിയതാണ് അവളെ.
എത്ര വിളിച്ചിട്ടും പറഞ്ഞിട്ടും പെയ്തൊഴിയാത്ത മഴ പോലെ.. പിന്നെയും ചാറി ചിണുങ്ങി കിടന്നുന്നവളെ ഇനിയൊന്നു കാണാതെ അവനും വയ്യായിരുന്നു.

ഡീ.. ”

തിരിഞ്ഞു മുഖം പൊതിഞ്ഞു പിടിച്ചു നിൽക്കുന്നവളെ അവൻ പിന്നിൽ നിന്നും തോണ്ടി വിളിച്ചു.
വന്നപ്പോൾ തുടങ്ങിയ ചിണുങ്ങലാണ് പെണ്ണ്.

അതവളുടെ സങ്കടമാണെന്ന് അറിയാതെയല്ല..

മറ്റൊരാൾക്ക് മുന്നിൽ പോയി വിരൽ നീട്ടി നിൽക്കേണ്ടി വന്നതിലെ പരിഭവം അവനെയും വേദനിപ്പിക്കുന്നുണ്ടെന്ന് അവൾക്കും അറിയാതെയല്ല.

പാത്തോ ”

ക്രിസ്റ്റിയവളെ പിന്നിൽ നിന്നും ചേർത്ത് പിടിച്ചിട്ട് അവനോട് ചേർത്തു.

പാത്തുവിന്റെ പിടയൽ അവനറിഞ്ഞിട്ടും പിടി വിട്ടില്ല.

ഷാഹിദ് അണിയിച്ച മോതിരമുള്ള കൈ അവൻ ഉയർത്തി പിടിച്ചതും പാത്തുവിന്റെ തേങ്ങൽ കേട്ടിരുന്നു.

അവനവളെ തിരിച്ചു നിർത്തി..

അപ്പോഴും കുനിച്ചു പിടിച്ച മുഖം അവൻ വിരൽ കൊണ്ടുയർത്തി..

“കരഞ്ഞു തീർന്നില്ലേ ഇനിം?”
അവനാ കവിളിൽ പടർന്ന കണ്ണ് നീർ തുടച്ചു കൊണ്ട് ചോദിച്ചു.
അവളൊന്നും മിണ്ടാതെ അവന്റെ കണ്ണിലെക്ക് നോക്കി.

ക്രിസ്റ്റി അവളെ നോക്കി കൊണ്ട് തന്നെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ജ്വാല്ലറി ബോക്സ്‌ എടുത്തു.

അത് തുറന്നിട്ട് അവൾക്ക് മുന്നിലേക്ക് കാണിച്ചു കൊടുത്തതും അവളുടെ കണ്ണുകൾ വിടർന്നു.

“എന്റെ പെണ്ണിന്റെ കയ്യിലെന്തിനാണ് വല്ലോരുടെയും ഉറപ്പിന്റെ അടയാളം..അതിനിവിടെ ഞാനുണ്ടല്ലോ..ഇതിനി നമ്മൾക്ക് വേണ്ട…”

അവളുടെ കൈ പിടിച്ചുയർത്തി ഷാഹിദ് അവളിൽ അണിയിച്ച ആ മോതിരം ക്രിസ്റ്റി അഴിച്ചെടുത്തു.

ശേഷം അവന്റെ കയ്യിലുള്ള ജ്വാല്ലറി ബോക്സിൽ നിന്നും ഒറ്റക്കല്ല് തിളങ്ങുന്ന മോതിരം ആ വിരലിൽ അണിയിച്ചു കൊടുക്കുമ്പോൾ ഒരു കൈ കൊണ്ടവൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു..

സ്വർണത്തിനേക്കാൾ തിളക്കമപ്പോൾ ആ പെണ്ണിന്റെ കണ്ണിലുണ്ടായിരുന്നു.

അവൾക്ക് മുന്നിലേക്ക് ക്രിസ്റ്റി നിവർത്തി പിടിച്ച കയ്യിൽ ഷാഹിദ് അണിയിച്ച മോതിരം.

ക്രിസ്റ്റിയെ ഒന്ന് നോക്കിയിട്ട്… അവൾ പതിയെ അത് കയ്യിലെടുത്തു.

ശേഷം മുന്നിലെ തോട്ടിലേക്ക് അവളത് നീട്ടിയെറിഞ്ഞു.

അതങ്ങനെ ആ ആഴങ്ങളിലേക്ക് ആഴ്ന്ന് പോകുന്നത് നോക്കി പാത്തു ക്രിസ്റ്റിയുടെ നെഞ്ചിലേക്ക് ചാരി.

അവളോടും പ്രതീക്ഷിക്കാതെ അവളെ ചുറ്റി പിടിച്ചു കൊണ്ടവൻ ആ കവിളിൽ ചുണ്ട് ചേർത്തു.
ആദ്യത്തെ അമ്പരപ്പ് മാറിയതും പാത്തു അവനെ നോക്കി കണ്ണുരുട്ടി.

“മോതിരമിട്ട് ഉറപ്പിചില്ലേ പെണ്ണേ.. ഇനി എന്റെയാണ്.. എന്റെ മാത്രം ”
കണ്ണ് ചിമ്മി കൊണ്ട് ചിരിയോടെ ക്രിസ്റ്റി പറഞ്ഞതും ചെമ്പരത്തി പൂ പോലെ ചുവന്നു കൊണ്ടവൾ അവന്റെ നെഞ്ചിൽ തന്നെ മുഖമൊളിപ്പിച്ചു പിടിച്ചു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button