Novel

നിലാവിന്റെ തോഴൻ: ഭാഗം 85

രചന: ജിഫ്‌ന നിസാർ

വീട്ടിലേക്കുള്ള വഴിയിൽ വണ്ടി നിർത്തി അതിൽ നിന്നിറങ്ങുമ്പോഴും ലില്ലിയുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.

സഹപ്രവർത്തകാരുടെ ചിരികൾക്കൊന്നും മറുപടി പറയാൻ മറന്നെന്ന പോലെ.. അവൾ വേഗം അകത്തേക്ക് നടക്കാൻ തുടങ്ങി.

വണ്ടിയിലുണ്ടായിരുന്നവർക്കെല്ലാം അതൊരു അത്ഭുതം തന്നെയായിരുന്നു.

ലില്ലിയിൽ നിന്ന് ഇന്നോളം അങ്ങനൊരു പ്രവർത്തിയെ അവർക്ക് നേരിടേണ്ടി വന്നിട്ടില്ല.

നേർത്തൊരു ചിരിയോടെ… ആ വണ്ടി കണ്ണിൽ നിന്നും മറയുന്നത് വരെയും കൈ വീശി നിൽക്കുന്നവളാണ് അന്നൊരു നോട്ടം പോലും നൽകാതെ നടന്നു പോയത്.

പരസ്പരമൊന്നു നോക്കി എന്നതല്ലാതെ അവരാരും ഒന്നും മിണ്ടിയില്ല.

“ഇയാളുടെ വീട്ടിൽ ഞാനൊരു കാര്യം പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. നല്ലത് പോലെ ആലോചിച്ചു വേണം വീട്ടുകാർക്കൊരു ഉത്തരം കൊടുക്കാൻ.. ”

കുഞ്ഞൊരു ചിരിയോടെ പോകാൻ വേണ്ടി ധൃതിയിൽ ഇറങ്ങുമ്പോൾ ഷാനവാസ് അരികിൽ വന്നു പറഞ്ഞതാണ് ലില്ലിയുടെ മനസ്സിലപ്പോഴും കല്ലിച്ചു കിടക്കുന്നത്.

പകച്ചു നിൽക്കുന്ന തന്റെ മുന്നിലൂടെ അയാളിറങ്ങി പോയിട്ടും ആ വാക്കുകളുടെ പൊരുൾ കണ്ടെത്താൻ അവൾക്കായിട്ടില്ല.

എന്തായിരിക്കും…?

വെറുമൊരു ജോലികാരിയായ തന്നെക്കൊണ്ട്… ആൾബലത്തിലും പണത്തിന്റെ കാര്യത്തിലും ഒരുപാട് വളർന്നു നിൽക്കുന്ന ഷാനിക്കാക് നേടാനുണ്ടാവുകയെന്ന് മാത്രം എത്ര ഓർത്തിട്ടും അവൾക്ക് മനസ്സിലായില്ല.

ജോലിയിൽ വല്ല പിഴവും വന്നോയിനി?

ആ ചോദ്യം അവളുടെ ഹൃദയമാണ് പിടിച്ചു കുലുക്കിയത്.

“ഏയ്.. അതുണ്ടാവാൻ യാതൊരു സാധ്യതയുമില്ല. അത്രത്തോളം സൂക്ഷിച്ചു കൊണ്ടാണ് അവിടെയുള്ള ഓരോന്നും ചെയ്യുന്നത്. ആ ജോലി ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് തന്നേക്കാൾ നന്നായി മറ്റാർക്കുമറിയില്ലല്ലോ.

ഇനി ജോലി കാര്യം ആണെങ്കിൽ തന്നെ അത് വീട്ടിൽ പറയേണ്ട കാര്യമെന്താണ്?

ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും അവളെ പരമാവധി വട്ടം ചുറ്റിക്കുന്നുണ്ടായിരുന്നു.

“ആഹ്.. മോളെന്താടി അവിടെ തന്നെ നിന്ന് കളഞ്ഞത്?”
മാത്തൻ ചോദിക്കുമ്പോഴാണ് ഉമ്മറത്തു നിന്നിട്ടാണ് താനിത്ര നേരം ചിന്തിച്ചു കൂട്ടിയതെന്ന് ലില്ലി മനസ്സിലാക്കിയത്.

“ഇവിടെ.. ഇവിടെ ഇന്നാരെങ്കിലും വന്നായിരുന്നോ അപ്പച്ചാ?”
കാലിലെ വള്ളി ചെരുപ്പ് അഴിച്ചെടുത്തു കൊണ്ട് തന്നെ ലില്ലി.

“ആഹ്.. വന്നിരുന്നു ”
മാത്തന്റെ മറുപടി കേട്ടതും ലില്ലിയുടെ നെഞ്ചോന്നാളി.

“അല്ല… അത് നീ എങ്ങനറിഞ്ഞു..?”
മാത്തൻ തിണ്ണയിൽ ഇരുന്നു കൊണ്ടവളെ നോക്കി.

“അല്ല.. അത് പിന്നെ…”

പെട്ടന്നൊരു ഉത്തരം പറയാൻ കഴിയാതെ ലില്ലി പതറി.

“അവൻ വിളിച്ചായിരുന്നോ നിന്നെ?”
മാത്തൻ വീണ്ടും അവളെ നോക്കി.

“എന്നെയോ… ആര്?”
ലില്ലിയുടെ നെറ്റി ചുളിഞ്ഞു.

“ആ.. ക്രിസ്റ്റി.. അവനിന്ന് വരുന്നുണ്ടെന്ന് പറഞ്ഞിട്ട് നിന്നെ വിളിച്ചായിരുന്നോ എന്നാ ഞാൻ ചോദിച്ചത്?”
മാത്തൻ കുറച്ചു കൂടി വ്യക്തമാക്കി പറഞ്ഞു കൊടുത്തതോടെ അവളിലെ പിരിമുറുക്കം അൽപ്പം കുറഞ്ഞു.

“അവനാന്നോ.. വന്നത്. എന്നിട്ടെന്നാ പറഞ്ഞു.?”
ചിരിയോടെ അതും ചോദിച്ചു കൊണ്ടവൾ അകത്തേക്ക് കയറി.

“അവൻ മാത്രമല്ലടി മോളെ.. അവരെല്ലാം ഒണ്ടായിരുന്നു. നമ്മടെ.. നമ്മടെ നല്ല കാലം തുടങ്ങാൻ ഇനി അതികം സമയമൊന്നും വേണ്ടടിയെ…”

വല്ലാത്തൊരു തിളക്കമുണ്ട് അപ്പച്ചന്റെ മുഖം നിറയെയെന്ന് ലില്ലിയുടെ ഹൃദയമിടിപ്പ് വീണ്ടും കൂട്ടി.

ക്രിസ്റ്റി വന്നത് കൊണ്ട് മാത്രമായിരിക്കില്ല അതെന്ന് അവൾക്ക് തോന്നി.

ത്രേസ്യ കൂടി അരുകിൽ വന്നിട്ട് ക്രിസ്റ്റി വന്ന വിശേഷം വാ തോരാതെ പറയുന്നുണ്ടേലും.. അതിലൊന്നും അൽപ്പം പോലും ശ്രദ്ധിക്കാൻ ലില്ലിക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.

ഷാനിക്കാ പറഞ്ഞതിനെ പറ്റി അവൾക്കവരോട് ചോദിക്കാൻ വയ്യ..

ചോദിക്കാതെ അവരത് പറയുമെന്ന്.. അന്ന് രാത്രി കിടക്കുവോളം അവൾ ആഗ്രഹിച്ചുവെങ്കിലും അതുണ്ടായതുമില്ല..

❣️❣️

“വാ അടച്ചു പിടിക്കെടി..”
ക്രിസ്റ്റി പാത്തുവിന്റെ തലക്കൊരു കൊട്ട് കൊടുത്തു.

“ന്റള്ളോ.. ഇച്ഛാ.. ഇത്രേം പണം നമ്മള് ന്തേയ്യും?”
അച്ഛൻമാർ നമ്മൾക്ക് വേണ്ടി കാത്ത് വെച്ചത് അൻപതു കോടിയോളം രൂപയാണെന്ന് ക്രിസ്റ്റി പറഞ്ഞതിന്റെ അന്താളിപ്പിലാണ് പാത്തു.

“നമ്മക്കൊരു കാര്യം ചെയ്യടി.. ഈ തോടിനു കുറുകെ ഒരു ചിറ കെട്ടി കൊടുക്കാം നോട്ടു കെട്ട് കൊണ്ട്. എന്നിട്ടും ബാക്കി ഉണ്ടേൽ നമ്മക്കതു പട്ടം ഉണ്ടാക്കി കളിക്കാൻ കൊടുക്കാം. നമ്മടെ പിള്ളേർക്ക്. ന്തേയ്‌?”
ചിരിയൊതുക്കി പിടിച്ചു കൊണ്ട് ക്രിസ്റ്റിയത് പറഞ്ഞതും.. പാത്തുവിന്റെ കണ്ണുകൾ അവന് നേരെ കൂർത്തു.

“പിള്ളേരോ?”

അവൾ അവനെയൊന്നു ചിറഞ്ഞു നോക്കി.

“ആഹ്.. പിള്ളേര് തന്നെ. പിന്നെ എന്നും ഇങ്ങനെ മരം ചുറ്റി പ്രേമിച്ചു നടന്നാ മതിയോ ന്റെ പാത്തോ. നമ്മക്ക് ജീവിക്കണ്ടേ.. സന്തോഷയിട്ട്.. ഒത്തിരി പിള്ളേരൊക്കെയായിട്ട് ”

അവളെ ഒന്നുകൂടി തന്നിലേക്ക് വലിച്ചു ചേർത്തിരുത്തി കൊണ്ടത് പറയുമ്പോൾ ക്രിസ്റ്റിയുടെ മുഖത്തു നോക്കാൻ പാത്തുവിന് നാണം വന്നിരുന്നു.

“ഇനിക്കിച്ഛയെ നിറയെ സ്നേഹിക്കണം.. ന്നട്ട് മതി അതെല്ലാം ”

“ഏതെല്ലാം?”
ക്രിസ്റ്റി ചിരിയോടെ അവളുടെ മുഖം പിടിച്ചുയർത്തി.

അവളവനെ നോക്കാതെ കണ്ണുകൾ ഇറുക്കി അടച്ചു. ക്രിസ്റ്റി ചിരിയോടെ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

അവളവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചതും ക്രിസ്റ്റി ആ കഴുത്തിൽ ചുണ്ട് ചേർത്തു.

“ഇച്ഛാ…”

പൊള്ളിയത് പോലെ പിടഞ്ഞു കൊണ്ടവൾ കണ്ണുരുട്ടി വിളിക്കുമ്പോൾ അവനൊരു കള്ളചിരിയോടെ അവളെ നോക്കി.

“എന്നെയിങ്ങനെ കെട്ടിപിടിച്ചു പ്രോലോഭിൽപ്പിച്ചതും പോരാ.. ഇനിയീ കണ്ണുകൾ കൂടിയുരുട്ടി എന്നെ കൊതിപ്പിക്കല്ലേ പാത്തോ നീ.”
അവളെ നോക്കി കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“എങ്ങനെയിരുന്നാലും ഇച്ഛാ നിലവിട്ട് എന്നെയൊന്നും ചെയ്യില്ല. എനിക്കറിയാം ”

പാത്തു ചിരിയോടെ പറഞ്ഞു.

“അതെന്നാടി.. ഞാൻ വികാരവും വിചാരവുമൊന്നുമില്ലാത്തൊരു നികൃഷ്ട ജീവി വല്ലോം ആണന്നാണോ നിന്റെ മനസ്സിൽ ”
ക്രിസ്റ്റി കണ്ണുരുട്ടി.

“അതൊന്നുമല്ലന്ന് ഇടയ്ക്കിടെ തെളിയിച്ചു തരുന്നുണ്ടല്ലോ?”

അവനുമ്മ വെച്ച കഴുത്തിൽ തലോടി കൊണ്ടവൾ പറയുമ്പോൾ.. ക്രിസ്റ്റി വീണ്ടും അവളിലേക്ക് ചേർന്നിരുന്നു.

“വിവാഹമെന്നത് നാട്ടുകാരെയും വീട്ടുകാരെയും കാണിക്കാനുള്ള വെറുമൊരു ഉടമ്പടി മാത്രമാണ് പാത്തോ. ഹൃദയം കൊണ്ടെന്നോ എന്റെ പാതിയായവളാണ് നീ. ആ വിശ്വാസം എനിക്കും നിനക്കും ഉള്ളടത്തോളം… ഈ സ്നേഹം ഇത് പോലെ തന്നെ നമ്മക്ക് ആസ്വദിച്ചു പോകാനുമാവും.അങ്ങനല്ലേ?”

ക്രിസ്റ്റി വീണ്ടും അവളുടെ കൈ വിരലിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു.

“പണം ഉണ്ടെങ്കിൽ… അത് കൊണ്ട് നിറയെ ആവിശ്യവുമുണ്ടാവുമെടി… കാശിന്റെ വലുപ്പമല്ല. ബുദ്ധിമുട്ടുന്നവർക്ക്..അർഹതയുള്ളവർക്കത് എത്തിക്കാനുള്ള മനസ്സിനാണ് വലുപ്പം വേണ്ടത്… കാശില്ലായ്മയുടെ ബുദ്ധിമുട്ട് അതിന്റെ എല്ലാം തീവ്രതായോടും കൂടി അനുഭവിച്ചവരല്ലേ ഞാനും നീയും..?”

ക്രിസ്റ്റി അവളെ നോക്കി.

പാത്തു ഒന്ന് തലയാട്ടുക മാത്രം ചെയ്തിട്ട് വീണ്ടും അവന്റെ നെഞ്ചിൽ ചാരിയിരുന്നു.

“നമ്മുടെ അച്ഛന്മാരുണ്ടായിരുന്നുവെങ്കിൽ.. നമ്മുക്കൊരിക്കലും ആ ഗതി വരില്ലല്ലോ. ഞാനോ നീയോ ഇല്ലാതെയായാലും നമ്മുടെ മക്കൾക്കങ്ങനൊരു ഗതി വരരുത്…അതിലെനിക്ക് നിർബന്ധമുണ്ട്.”

ക്രിസ്റ്റിയുടെ ശബ്ദം പതിഞ്ഞു.

ആ ഹൃദയം പിടഞ്ഞതറിഞ്ഞത് പോലെ പാത്തു അവന്റെ ഷർട്ട് അൽപ്പം വലിച്ചു മാറ്റി നെഞ്ചിൽ ചുണ്ട് ചേർത്തു.

അവളുടെയാ പ്രവർത്തിൽ ക്രിസ്ടിയൊന്ന് വിറച്ചു പോയി.

അവന്റെ ചുണ്ടിൽ മനോഹരമായൊരു ചിരിയുണ്ടായിരുന്നുവപ്പോൾ.

പാത്തുവിന്റെ കവിളിൽ അവൻ രണ്ട് കയ്യും ചേർത്ത് വെച്ചിട്ട് ആ കണ്ണിലേക്കു നോക്കി.

“ഇച്ഛക്ക് ആഗ്രഹമില്ലാഞ്ഞിട്ടോ… പേടിയായിട്ടോ ഒന്നുമല്ല പാത്തോ.. തുടങ്ങിയാ പിന്നെ.. നിന്നിൽ നിന്ന് ഞാൻ..എങ്ങനെയെങ്ങനെ മോചിപ്പിക്കും എന്നോർത്തിട്ടാ . എന്നെ നീ അത്രത്തോളം മോഹിപ്പിച്ചു തുടങ്ങിയിട്ട് നാളുകളേറെയായ്..ഒന്നുറങ്ങാൻ കൂടി കഴിയാതെ നിന്നിലാണ് എന്റെ ഓരോ രാത്രിയും ചിതറി തെറിക്കുന്നത്. നിന്നെ.. നിന്നെ ഞാനത്രത്തോളം സ്നേഹിക്കുന്നുണ്ടെടി…”
അവളുടെ തുടുത്ത ചുണ്ടുകൾ ഒന്ന് തലോടി കൊണ്ട് പറയുമ്പോൾ ക്രിസ്റ്റിയുടെ ശബ്ദം നന്നേ നേർത്തു പോയിരുന്നു..

ആ കണ്ണിലെ പ്രണയത്തിലലിഞ്ഞത് പോലെ… പാത്തു ശ്വാസം പോലും വിടാൻ മറന്നിരുന്നു.

എങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞു.

ക്രിസ്റ്റി അലിവോടെ സ്വന്തം നെഞ്ചിലേക്ക് അണച്ചു പിടിച്ചു കൊണ്ടവളെ തഴുകി ആശ്വാസം പകർന്നു.

“വീട്ടിൽ പോണ്ടേ പാത്തോ?”
ഏറെ നേരം കഴിഞ്ഞിട്ടും നെഞ്ചിൽ നിന്നടർന്ന് മാറാതെയിരിക്കുന്നവളുടെ കാതിൽ ക്രിസ്റ്റി പതിയെ ചോദിച്ചു.

ഇക്കിളിയായത് പോലെ അവളൊന്നു തല വെട്ടിച്ചു.

“പോണോ..?”ചുണ്ട് ചുള്ക്കി കൊണ്ടവനെ..

“പോണ്ടേ..?”
അവനും അവൾ ചെയ്തത് പോലെ തന്നെ ചെയ്തു കൊണ്ട് ചോദിച്ചു.

“ഞാനിച്ഛയുടെ കൂടെ വന്നാലോ.. അന്നത്തെ പോലെ… നമ്മക്കൊരു മുറിയിൽ കൂടാലോ. ഒത്തിരി വർത്താനമൊക്കെ പറഞ്ഞിട്ട്..”
പാത്തു ചിരിച്ചു കൊണ്ട് ചോദിച്ചു.

“അന്നത്തെ പോലെ അത്രേം ഡീസന്റ് ഇനി നീ പ്രതീക്ഷിക്കണോ ?”
അവനൊന്നു കണ്ണ് ചിമ്മി കൊണ്ട് ചോദിച്ചു.

ചിരിച്ചതല്ലാതെ പാത്തു അതിനുത്തരം പറഞ്ഞില്ല.

“അന്നത്തെ പോലൊന്നും അല്ല പാത്തോ ഇന്നവിടെ. എനിക്ക് ചുറ്റും നിറയെ സ്നേഹം തരാൻ ആളുകളുണ്ട്. അന്നെനിക്ക് ഇത്രേം പേടിക്കണ്ടായിരുന്നു.”
ക്രിസ്റ്റി അവളെ നോക്കി ചിരിച്ചു.

“അത്രേം ആളുകൾക്ക് മുന്നിലേക്ക് ഇച്ഛാ നിന്നെ കൊണ്ട് പോകുന്നുണ്ട്. അതികം വൈകാതെ തന്നെ…”

വീണ്ടും അവളുടെ വിരൽ തുമ്പിൽ ഉമ്മ വെച്ച് കൊണ്ട് ക്രിസ്റ്റി ഓർമ്മിപ്പിച്ചു…

❣️❣️

കഴുത്തൊടിഞ്ഞത് പോലെ ഷാഹിദിന് മുന്നിൽ നിൽക്കുന്നവൻ നിലത്തേക്ക് വീണു.

കൊടുത്ത അടിയുടെ ശക്തി.. അവൻ കൈ കുടഞ്ഞു കൊണ്ട് എതിരെ നിൽക്കുന്നവനെ നോക്കി.

“ഒരായിരം പ്രാവശ്യം നിന്നോട് ഞാൻ പറഞ്ഞതല്ലേ ജോൺ.. വിശ്വാസമാണ് വേണ്ടത്. അതിലാണ് ഈ ബിസിനസ് നടന്നു പോകുന്നതെന്ന്. എന്നിട്ടും പിന്നെങ്ങനെ ഇത് സംഭവിച്ചു.. ഏഹ്?”

അവന്റെ വാക്കുകൾക്ക് വല്ലാത്ത കനമുണ്ടായിരുന്നു.
വല്ലാത്തൊരു നിശബ്ദത നിറഞ്ഞു നിന്നിടത്ത് അവന്റെ ശബ്ദം മാത്രം മുഴങ്ങി കേൾക്കുന്നത് പോലെ…

“പെട്ടന്നൊരുനാൾ കാശുണ്ടാക്കാൻ എനിക്ക് മാജിക്കൊന്നും അറിയില്ല. നേരും നേരിയുമെല്ലാം നീട്ടി എറിഞ്ഞു കളിക്കാൻ ഇറങ്ങിയിട്ട് തന്നെയാ ഇന്നീ നിലയിലെത്തിയത്. കൂടെ നിന്ന് കാല് വരുന്നവർക്ക് മരണത്തിൽ കുറഞ്ഞൊരു ശിക്ഷയും കൊടുത്തിട്ടില്ലെന്ന് നിനക്കൊക്കെ ശെരിക്കും അറിയാമല്ലോ..?”

ആർക്കും അവന്റെ നേരെ നോക്കാനുള്ള ധൈര്യം പോലുമില്ല.

“നന്നായി കാശിറക്കി കളിച്ചാലും… അന്യ രാജ്യമാണ്. ചെയ്യുന്നത് അവിടുത്തെ രാജ്യദ്രോഹവും. അതറിഞ്ഞു തന്നെയാണ് ഈ വിശ്വാസത്തിന്റെ കാര്യം ഇടയ്ക്കിടെ എടുത്തു പറയുന്നത് . പറയുന്ന ലക്ഷങ്ങൾ കൊടുക്കാൻ ഞാൻ റെഡിയാണല്ലോ. പിന്നെന്തിന് ഇമ്മാതിരി..”
ദേഷ്യം സഹിക്കാതെ നിലത്ത് കിടക്കുന്നവനെ ഷാഹിദ് കാല് മടക്കി തൊഴിച്ചു…

വേദന കൊണ്ടവൻ നിലത്ത് കിടന്നു ചുരുണ്ടു കൂടുന്നുണ്ട്.

“ഇനി ഇതിന്റെ പേരിൽ എന്തൊക്കെയാണവാണോ വരാൻ പോകുന്നത്. കാശ് കൊടുത്താലും തീരാത്ത പ്രശ്നങ്ങളെ ഭയന്നെ പറ്റൂ ”

അവൻ പല്ലുകൾ കടിച്ചു.
“ഒരിക്കൽ കൂടി ഇതാവർത്തിച്ചു എനിക്ക് മുന്നിലേക്ക് വരരുത് ജോൺ.. അറിയാല്ലേ.. ഷാഹിദ് ആർക്കും ഒരു സെക്കന്റ്‌ ചാൻസ് കൊടുത്തു ശീലമില്ല. ഇതിപ്പോ.. നീ.. നീ ആയത് കൊണ്ട് മാത്രം..”

“അറിയാം ബോസ്.. ഇനി.. ഇനി ആവർത്തിക്കില്ല..”

ജോൺ അവന് മുന്നിൽ കൈ കൂപ്പി.

“എടുത്തോണ്ട് പോടാ ഈ പേടി തൊണ്ടനെ.. ലക്ഷങ്ങൾ എണ്ണി വാങ്ങിയപ്പോ ഉള്ള ധൈര്യം അവന് എയർപോർട്ടിൽ എത്തിയപ്പോ ആവിയായി പോയി ”

വീണ്ടും നിലത്തു കിടക്കുന്നവനെ ഷാഹിദ് ദേഷ്യത്തോടെ അലറി.

മുന്നിലുള്ള കസേരയിൽ കണ്ണടച്ചു ഇരുന്നവനെ ഭയന്നിട്ട് അവിടാരും ശ്വാസം പോലുമെടുക്കുന്നുണ്ടായിരുന്നില്ല.

ബോസ് ”

ഏറെ നേരത്തിനു ശേഷം അവരിലൊരാൾ ഭയത്തോടെ തന്നെ വിളിക്കുമ്പോൾ ഷാഹിദ് കണ്ണ് തുറക്കാതെ ഒന്ന് മൂളി.

“രണ്ടു പേര്.. കാണാൻ വന്നിരിക്കുന്നു..”

“വരാൻ പറയൂ ”

അത് പറഞ്ഞിട്ടും കണ്ണ് തുറന്നില്ലവൻ..
പക്ഷേ ആ ചുണ്ടിൽ മനോഹരമായൊരു ചിരിയുണ്ടായിരുന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button