Novel

നിലാവിന്റെ തോഴൻ: ഭാഗം 86

രചന: ജിഫ്‌ന നിസാർ

“നീ എവിടെ പോയതാടാ?”

അടുക്കള വാതിൽ വഴി അകത്തേക്ക് കയറിയതും മറിയാമ്മച്ചിയുടെ ചോദ്യം ക്രിസ്റ്റിയുടെ കാലുകൾ പിടിച്ചു കെട്ടിയത് പോലെ തടഞ്ഞു.

കർത്താവെ.. ഇവിടിരുപ്പുണ്ടായിരുന്നോ..? ”
ക്രിസ്റ്റി നെഞ്ചിൽ കൈ ചേർത്ത് വെച്ചു.

മറിയാമ്മച്ചി മാത്രമല്ല. ഡെയ്സിയും ദിലുവും മീരയും കൂടിയുണ്ട്.

“ഞാനാ തോട്ടത്തിൽ…”

ക്രിസ്റ്റി ചിരിയോടെ അവരുടെ അരികിലേക്ക് ചെന്നു.മേശക്ക് ചുറ്റുമിരുന്നിട്ട് ചായ കുടിക്കുകയാണ് അവരെല്ലാം.
അവിടെയുള്ള പാത്രത്തിലെ മിച്ചർ അൽപ്പം വാരിയെടുത്തു ക്രിസ്റ്റി വായിലേക്കിട്ട് കൊണ്ട് പറഞ്ഞു.

“ഇന്ന് വെട്ടില്ലല്ലോ. പിന്നെയെന്നതാ നിനക്ക് ഇന്നേരം തോട്ടത്തിലൊരു ചുറ്റി കളി?”
മറിയാമ്മച്ചി അവനെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു.

“വെട്ടില്ലെന്ന് വെച്ച് എനിക്കെന്റെ തോട്ടത്തിൽ പോകാൻ പാടില്ലേ.. ഇത് നല്ല കൂത്ത് ”

അവനൊരു ചിരിയോടെ മറിയാമ്മച്ചിയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.
“ആ.. ഇത് വരെയും കാണാത്ത പല കൂത്തും കണ്മുന്നിൽ കാണുമ്പോൾ വിവരമുള്ളവര് അത് ചോദിച്ചുന്നൊക്കെ വരും. അതിന് എന്നാത്തിനാ നീ ദേഷ്യപ്പെടുന്നത് ”

ആ ചിരിയിലൊന്നും വീഴില്ലേടാ മോനെ എന്നൊരു വെല്ലുവിളി പോലെ മറിയാമ്മച്ചി ചുണ്ട് കോട്ടി പറഞ്ഞതും ക്രിസ്റ്റിയുടെ നെഞ്ചോന്നാളി പുകഞ്ഞു.

കർത്താവെ… വല്ല സൂചനയും കിട്ടി കാണുവോയിനി.
പറയാനോക്കത്തില്ല.

ചില സമയം കൃത്യമായി ഓരോന്നു കണ്ട് പിടിക്കുന്നത് കാണുമ്പോ CBI തോറ്റു പോകുമെന്ന് തോന്നാറുണ്ട്.

“അത് വിവരമുള്ളവരല്ലേ.. നിങ്ങളെന്തിനാ ചോദിക്കുന്നതെന്നാ എനിക്കിപ്പോഴും പിടി കിട്ടാത്തത്..എനിക്കെന്തോന്ന് ചുറ്റിക്കളിയാണ് എന്റെ മറിയകുട്ടി.?”

അവരെ തള്ളി നീക്കി കൊണ്ട് ക്രിസ്റ്റി ആ അരിക്കലേക്കിരുന്നു.

“ഞാനിപ്പോ വീഴുമെടാ കുരുത്തം കെട്ടവനെ.”

വർക്കേരിയയിലിട്ട നീളൻ ബെഞ്ചിലിരുന്നിട്ടാണ് ഈ അഭ്യാസം മുഴുവനും.

“ഞാനുള്ളപ്പോഴോ.. ഒരിക്കലുമില്ല ”

ക്രിസ്റ്റി ഒരു കൈ കൊണ്ടവരുടെ കഴുത്തിൽ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു.

“ഏതവളോടൊക്കെ പറഞ്ഞിട്ടുണ്ടേടാ നീ ഇങ്ങനെ?”

“കർത്താവെ… ഇതെന്തോന്ന് സാധനം..”
ക്രിസ്റ്റി പല്ല് കടിച്ചു കൊണ്ടവരെ നോക്കി.

“ദാ.. ചായ കുടിക്ക് ”
ഡെയ്സി അവന്റെ മുന്നിലേക്ക് ചായ ഗ്ലാസ്‌ നീക്കി വെച്ച് കൊടുത്തു.

“കണ്ട് പടി.. ഇങ്ങനാ അമ്മമാർ. ഇതൊരുമാതിരി.. ചൊറിയൻ ചേമ്പ് പോലെ ഏതു നേരത്തും… കണ കുണാ ന്ന് പറഞ്ഞോണ്ടിരിക്കും ”

ക്രിസ്റ്റി പുച്ഛത്തോടെ പറഞ്ഞത് മറിയാമ്മച്ചി അതിനേക്കാൾ പുച്ഛത്തിൽ പൊതിഞ്ഞിട്ട് അവന് തന്നെ നീട്ടി…

“എക്സാം ഇങ്ങടുത്തില്ലേ മോനെ…?”
ഡെയ്സി ചോദിച്ചു.

ക്രിസ്റ്റി ചിരിയോടെ അതേയെന്ന് തലയാട്ടി.

“വെട്ടൊക്കെ തത്കാലം ജോസഫ് ചേട്ടനെ തന്നെ ഏല്പിച്ചിട്ട് നീ… നീ കൂടുതൽ പഠനത്തിൽ ശ്രദ്ധിക്കുന്നതല്ലേ… നല്ലത്. അല്ല.. ഞാൻ.. ഞാൻ പറഞ്ഞു ന്ന് മാത്രം.മോന്റെ ഇഷ്ടപോലെ.. ചെയ്ത മതി .”

അപ്പോഴും അവനോടെന്തെങ്കിലും ആവിശ്യപ്പെടാൻ ഡെയ്സിക്കൊരു മടിയുണ്ടായിരുന്നു.

അവനത് മനസ്സിലായി.

“അമ്മ ആവിശ്യപ്പെടുന്നതാണ് എനിക്കിഷ്ടം.അപേക്ഷിക്കരുതെന്നോട്… അത്.. അതെനിക്ക് സങ്കടമാണ്.”

കുഞ്ഞോരു ചിരിയോടെ ക്രിസ്റ്റി കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.

ഡെയ്സി നിറഞ്ഞ ചിരിയോടെ മറിയാമ്മച്ചിയെയാണ് നോക്കിയത്.

അവരുടെയും ചുണ്ടിൽ ചിരിയാണ്.

“ദേ… ഇതിന്റെ വളിച്ച കോമഡി കേട്ടിരുന്നത് കൊണ്ടായില്ല. നാളെ മുതൽ മര്യാദക്ക് രണ്ടും പഠിക്കാൻ പോയി കൊള്ളണം. ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം ”
അവരുടെ സംസാരം കേട്ടിരിക്കുന്ന മീരയോടും ദിലുവിനോടും ക്രിസ്റ്റി പറഞ്ഞു.

“നിന്റെയാ പരട്ട സ്വഭാവം ഇനിയൊന്നു മാറിയാലാ.. നിങ്ങളിത് കേട്ടൊന്നും പേടിക്കണ്ട പിള്ളേരെ…”
മറിയമ്മച്ചി തീർത്തും നിസാരമായി പറഞ്ഞു കൊണ്ട് എഴുന്നേറ്റു പോകുമ്പോൾ.. ക്രിസ്റ്റി ചിരിയോടെ അവരെ നോക്കിയിരുന്നു…..

❣️❣️

അന്നുച്ച വരെയും ലില്ലിയാ തലേന്നത്തെ മാനസിക പിരിമുറുക്കത്തിൽ നിന്നും വിട്ടൊഴിഞ്ഞില്ല

ഷാനവാസ് വരിയാണെങ്കിൽ പോയിട്ടൊന്ന് ചോദിക്കണമെന്ന് മനസ്സിലുറപ്പിച്ചു.

പക്ഷേ അപ്പോഴും അവൾക്കറിയാമായിരുന്നു.. ആ മുന്നിൽ ചെന്നു നിന്നിട്ട് അത് ചോദിക്കാനുള്ള ധൈര്യമൊന്നും തനിക്കുള്ളിലില്ലെന്ന്.

വീട്ടിൽ പറഞ്ഞേൽപ്പിച്ച കാര്യം എന്താണെന്ന് സ്വന്തം വീട്ടുകാരോട് ചോദിച്ചറിയാൻ കൂടി ധൈര്യമില്ലാത്തവളാണ് താനെന്ന് കൂടി അവളോർത്തു.

അന്ന് പക്ഷേ വൈകുന്നേരം വരെയും ഷാനവാസ്‌ ആ ഷോപ്പിലെക്ക് വന്നതുമില്ല.

“ലില്ലി.. നിന്നെയാരോ കാണാൻ വന്നിരിക്കുന്നു ”
താഴെ നിന്നും ആരോ വിളിച്ചു പറയുന്നത് കേട്ടതും വീണ്ടും അവളുടെ ഹൃദയം പിടച്ചു തുടങ്ങി.

വയ്യാത്ത ആ കാലും ധൃതിയിൽ വലിച്ചു നീക്കി അവൾ ചെല്ലുമ്പോൾ.. തന്നെ കാണാനായി കാത്തിരിക്കുന്നത് ക്രിസ്റ്റിയാണെന്ന് കണ്ടതും അവളുടെ മുഖത്തൊരു ചിരിയുണ്ടായിരുന്നു.

“മോനെ..”
വാത്സല്യത്തോടെ അരികിലേക്ക് വരുന്ന ലില്ലിയെ കണ്ടതും ക്രിസ്റ്റീയും ചിരിച്ചു കൊണ്ടവരുടെ അരികിലേക്ക് ചെന്നു.

“എന്താ ഇവിടെ.. ആരേലും കാണാൻ വന്നതാണോ?”
ലില്ലി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

“കുഞ്ഞാന്റിയെ കാണാൻ വന്നതാ ”
ക്രിസ്റ്റി കണ്ണ് ചിമ്മി കാണിക്കുമ്പോൾ ലില്ലിക്ക് വീണ്ടും വെപ്രാളമാണ് തോന്നിയത്.

“എന്തേ..?”
ആ സ്വരം വിറക്കുന്നത് പോലെ.

“ഏയ്.. അങ്ങനെ പ്രതേകിച്ചൊന്നുമില്ല ”

ക്രിസ്റ്റി അവളെ ചേർത്ത് പിടിച്ചു.

“ബാഗ് എടുത്തിട്ട് വാ. ഇന്നിനി ഹാഫ് ഡേയ് ലീവായിക്കോട്ടേ. ഞാൻ പറഞ്ഞോളാം ഷാനിക്കയോട്. നമ്മൾക്കൊന്ന് പുറത്ത് പോകാം.മ്മ്ഹ്?”

ക്രിസ്റ്റി പറഞ്ഞതും ലില്ലി വീണ്ടും വിറച്ചു.

“എന്തിനാ കുഞ്ഞാന്റി വിറക്കുന്നെ. ഞാനില്ലേ.. എന്റെ കൂടെയല്ലേ.”

ആ വിറയൽ അറിഞ്ഞതും ക്രിസ്റ്റിയവരെ ഒന്ന് കൂടി ചേർത്ത് പിടിച്ചു.

“പോയി ബാഗ് എടുത്തിട്ട് വാ കുഞ്ഞാന്റി. ബാക്കി ഞാൻ നോക്കി കൊള്ളാം ”

ക്രിസ്റ്റി വീണ്ടും പറഞ്ഞിട്ടും ഒന്ന് കൂടി അറച്ചു നിന്നതിനു ശേഷമാണ് ലില്ലി അകത്തേക്ക് പോയത്.

കൂടെയുള്ളവരോട് പറഞ്ഞിട്ട് ക്രിസ്റ്റിക്കൊപ്പം കയറുമ്പോഴും.. ലില്ലിയുടെ മനസ്സിലെ തിരയോതുങ്ങിയിരുന്നില്ല.

ഭയപ്പെടുന്ന… അല്ലെങ്കിൽ ഭയപ്പെടുത്തുന്ന എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നുവെന്ന് ഹൃദയമങ്ങനെ വെറുതെ വിറച്ചു തുള്ളി കൊണ്ടവളെ ഓർമ്മിപ്പിച്ചു.

ഒടുവിൽ കടൽ തീരത്തെ പൂഴി മണലിൽ ക്രിസ്റ്റി പിടിച്ചിരുത്തുവോളം ലില്ലി പലവിധ ആലോചനകളിൽ അസ്വസ്ഥയായിരുന്നു.

“എന്തിനാ കുഞ്ഞാന്റി ഇത്രേം പേടിക്കുന്നത് ഏഹ്?”
പതറി കൊണ്ട് നോക്കുന്ന ലില്ലിയോട് ക്രിസ്റ്റി അലിവോടെ ചോദിച്ചു.

അവളൊന്നുമില്ലന്ന് പറഞ്ഞങ്കിലും കൈകൾ മടിയിലെ ബാഗിൽ മുറുകുന്നത് ക്രിസ്റ്റി കണ്ടിരുന്നു.

“എന്നോടൊന്നും ചോദിക്കാനില്ലേ?കുഞ്ഞൊരു ചിരിയോടെ ക്രിസ്റ്റി ലില്ലിയെ നോക്കി.

ലില്ലി ഉണ്ടന്നോ ഇല്ലന്നോ പറയാതെ കടലിന്റെ നേരെ നോക്കി.

“പക്ഷേ എനിക്ക് കുഞ്ഞാന്റിയോട് ഒരു കാര്യം പറയാനുണ്ട്. അതിനാ ഞാൻ കൂട്ടിയിട്ട് വന്നത് ”
ആമുഖം പോലെ ക്രിസ്റ്റി പറഞ്ഞതും ലില്ലി പിടച്ചിലോടെ വീണ്ടും അവനെ നോക്കി.

“പറയാനല്ല കേട്ടോ… കാണിച്ചു തരാനാണ്. ഒരു വലിയ മനസ്സിന്റെ ഉടമയെ എന്റെ കുഞ്ഞാന്റിക്ക് നേടി തരാനാണ് ”

പേടി തട്ടിയത് പോലെ ലില്ലിയുടെ മുഖം വിളറി വെളുത്തു…

❣️❣️

“എന്താണ്.. അപ്പനും മോനും ഈ വഴിയൊക്കെ?”
പരിഹാസം മുറ്റി നിൽക്കുന്ന ഷാഹിദിന്റെ ചോദ്യം കേട്ടതും റിഷിൻ നെറ്റി ചുളിച്ചു കൊണ്ട് വർക്കിയേ നോക്കി.

വർക്കി അവന്റെ കയ്യിലൊന്ന് തൊട്ടു.

അടങ്ങെന്ന് പറയും പോലെ..

“എങ്ങനുണ്ട്.. കുന്നേൽ ബംഗ്ലാവിലെ പുതിയ ഭരണപരിഷ്കാരങ്ങൾ. പുറത്ത് ചാടാനായോ?.. സോറി ക്രിസ്റ്റി ഫിലിപ്പ് ചവിട്ടിയെടുത്ത് കളയാനായോ..?”

ഷാഹിദ് വീണ്ടും ചിരിയോടെ കാലിലേക്ക് കാൽ കയറ്റി വെച്ചിട്ട് ചോദിച്ചു.

പരസ്പരം ഒന്ന് നോക്കിയതല്ലാതെ അപ്പോഴും വർക്കിയും റിഷിനും ഒന്നും മിണ്ടിയില്ല.

“അതൊക്കയവിടെ നിൽ ക്കട്ടെ. ഇപ്പൊ കുന്നേൽ വർക്കിയും പുന്നാര മോനും ഈ എന്നെ കാണാൻ വന്നതെന്തിനാണാവോ? ആദ്യം അത് പറഞ്ഞിട്ട് പോകാൻ നോക്ക് .. എനിക്ക് വേറെയും ജോലിയുള്ളതാ ”

ഒറ്റ സെക്കൻഡ് കൊണ്ടവന്റെ മാറി മറിഞ്ഞ രൗദ്രഭാവത്തിലേക്ക് റിഷിൻ പകച്ചു നോക്കി.

“ഞങ്ങൾക്ക്.. നിങ്ങളുടെ സഹായം വേണം”

വർക്കി പതിയെ പറഞ്ഞത് കേട്ടതും ഷാഹിദ് ഉറക്കെ പൊട്ടിചിരിച്ചു.

അവന്റെ ചിരി… അടച്ചിട്ട ആ വലിയ മുറിയിൽ അട്ടഹാസം പോലെ പ്രധിധ്വനിക്കുന്നുണ്ടായിരുന്നു.

“തോറ്റു കൊടുക്കാൻ വയ്യ. അല്ലേ?”
ചിരിക്കൊടുവിൽ… ഷാഹിദ് പല്ല് ഞെരിച്ചു കൊണ്ട് വർക്കിയേ നോക്കി.

“ഇല്ല… തോൽപ്പിക്കാനാണ് എനിക്കിഷ്ടം. ഇന്നോളം ഞാനെവിടെയും അവനെ തോൽപ്പിക്കാൻ ശ്രമിച്ചിട്ടേയൊള്ളു. ഇനിയും.. ഇനിയും അത് അങ്ങനെ മതി. അതിന് വേണ്ടി.. എന്തും… എന്തും ചെയ്യാൻ ഞാനൊരുക്കമാണ്.”

വർക്കിയുടെ കണ്ണിൽ പകയുടെ കനലുകളാളുന്നത് ഷാഹിദ് നിർവൃതിയോടെ കണ്ട് നിന്നു.

“ഗുഡ്… വെരി ഗുഡ്.”

മനോഹരമായൊരു ചിരിയോടെ… ഷാഹിദ് അയാളെ നോക്കി.

“ക്രിസ്റ്റി ഫിലിപ്പിനെ തോൽപ്പിക്കാൻ.. വർക്കി ചെറിയാന് വേണ്ട എന്ത് സഹായവും ചെയ്യാൻ ഞാനൊരുക്കമാണ് ”

വർക്കിക് നേരെ ഷാഹിദ് കൈ നീട്ടി.

മൃദുവായ അവന്റെ കൈയ്യിലേക്ക് വർക്കിയുടെ പരുക്കൻ കൈകൾ ചേർന്നു മുറുകി.

“പക്ഷേ എടുത്തു ചാടി ഒന്നും ചെയ്യരുത്. എന്ത് വേണമെന്നും… അതെങ്ങനെ വേണമെന്നും ഞാൻ പറയും. ഇയാളും മകനും എനിക്കൊപ്പമൊന്നു നിന്ന് തന്നാൽ മാത്രം മതി. അവനെ തീർക്കാൻ എനിക്കെന്റെ പിള്ളേര് മതി ”

പിന്നിലേക്ക് നോക്കി ഷാഹിദ് പറഞ്ഞു.

റിഷിന് അവന്റെ അഹന്ത നിറഞ്ഞ സംസാരവും പ്രവർത്തിയുമൊന്നും ഒട്ടും പിടിക്കുന്നുണ്ടായിരുന്നില്ല.

അഹങ്കാരവും അഹന്തയും അവന്റെ മാത്രം കുത്തകയാണെന്നൊരു ഭാവം.

തന്നെ പോലെ.. കണ്ണിലെ ആ തീക്ഷണതയൊഴിച്ചു നിർത്തിയാൽ തീർത്തും തന്നെ പോലൊരു പയ്യൻ.
അവനാണ് വീമ്പ് പറയുന്നത്.

റിഷിന്റെ ചുണ്ടുകൾ പുച്ഛത്താൽ കോടുന്നത് കണ്ടിട്ടും.. ഷാഹിദ് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

“ഒരൊറ്റ പ്ലാൻ… അത് നടക്കുന്നതോടെ ക്രിസ്റ്റി ഫിലിപ്പ് എന്നുള്ള അദ്ധ്യായം ഒന്നല്ലങ്കിൽ ഈ ലോകത്തിൽ നിന്ന് തന്നെ അവസാനിക്കും. അല്ലെങ്കിൽ പിന്നേയീ ലോകം കാണാത്ത പോലെ ഞാൻ അകത്തു പൂട്ടും ”

കൈകൾ നെഞ്ചിൽ കെട്ടി നിന്നിട്ട് ഷാഹിദ് പറയുമ്പോൾ വർക്കിയുടെ കണ്ണുകൾ തിളങ്ങി.

❣️❣️

“അതൊരിക്കലും നടക്കില്ല ക്രിസ്റ്റി.. നടക്കാൻ പാടില്ല ”

വികാരക്ഷോഭം കൊണ്ടാണ്.. ലില്ലി കിതക്കുന്നുണ്ട് വല്ലാതെ.

വിയർത്തു പോയ ആ മുഖം.

“നിനക്കറിയില്ലേ എല്ലാം. എന്നിട്ടും മോനെ എങ്ങനാ നിനക്കിതിന് കൂട്ട് നിൽക്കാൻ കഴിയുന്നത്?

ക്രിസ്റ്റിയെ നോക്കിയത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.

അതവനെയും വേദനിപ്പിച്ചു.

ഒരു കൈ കൊണ്ടവൻ ലില്ലിയെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

തളർന്നത് പോലെ.. ലില്ലി ക്രിസ്റ്റിയുടെ തോളിലേക്ക് ചാരി.

“ആരും ഒരു തെറ്റും ചെയ്യുന്നില്ലല്ലോ കുഞ്ഞാന്റി. ഇങ്ങനെ വേദനിക്കാൻ. സ്നേഹിക്കുന്നതെങ്ങനെ.. തെറ്റാവും.”

ക്രിസ്റ്റി അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് തന്നെ പതിയെ പറഞ്ഞു.

“കേട്ടിട്ടില്ലേ… സ്നേഹം വെറുമൊരു വാക്കല്ല. പരസ്പരം പകർന്നു കൊടുക്കേണ്ടുന്ന ഒരു വെളിച്ചമാണത്. ഹൃദയത്തിനാഴങ്ങളിൽ അതങ്ങനെ മൂടി വെച്ചാൽ.. അതിന്റെ മൂല്യം തിരിച്ചറിയാനൊക്കില്ല”

ക്രിസ്റ്റി കടലിലേക്ക് നോക്കി പതിയെയാണ് പറയുന്നതെങ്കിലും ലില്ലിയുടെ കാതിലത്.. പ്രകമ്പനം പോലെയാണ്.

“ആരെന്നോ ഏതെന്നോ പോലുമറിയാതെ ഏതൊക്കെയോ മനുഷ്യർ കടന്നു വന്നതിന്റെയും…കൂട്ട് കൂടി കൂടൊരുക്കിയതിന്റെയും സ്നേഹിച്ചും കലഹിച്ചും ഇണങ്ങിയും പിണങ്ങിയും നടന്നതിന്റെയും ഒന്നും മിണ്ടാതെ തിരിച്ചിറങ്ങി പോയതിന്റെയും നല്ലതും ചീത്തയുമായ ഏതൊക്കെയോ ഓർമകളുടെയുമെല്ലാം ആകെ തുകയാണ് പലപ്പോഴും നമ്മുടെയെല്ലാം ജീവിതം… ഒരിച്ചിരി സ്നേഹം പോലും ഓർക്കാനില്ലാതെ പങ്ക് വെക്കാതെ ആരും പൂർണമാവുന്നില്ലല്ലോ..?”

ക്രിസ്റ്റി ഒന്ന് നിർത്തിയിട്ടു ലില്ലിയെ നോക്കി.

ശ്വാസം അടക്കി പിടിച്ചിരിപ്പാണ്.

ക്രിസ്റ്റിക്കവരോട് ഒരുപാട് സ്നേഹം തോന്നി ആ മുഖം കണ്ടപ്പോൾ.

“ജീവിതവസാനം വരെയും കുഞ്ഞാന്റിക്ക് ഞങ്ങളൊക്കെ കൂടെ തന്നെ ഉണ്ടാവും. പക്ഷേ തളരുമ്പോൾ ഏറ്റവും പ്രിയപ്പെട്ടയൊരാളുടെ കൂട്ട് മോഹിക്കാത്തവരുണ്ടാവില്ല. അന്നേരം ചായാനൊരു തോളില്ലങ്കിൽ ജീവിതത്തിനോട് തന്നെ ഒരു മടുപ്പ് വരും. ആ മടുപ്പ് പതിയെ ഹൃദയം ഏറ്റെടുക്കും.മരവിച്ച ഒരു മരുഭൂമി പോലെ… ഹൃദയം സ്നേഹമില്ലാതെ വറ്റി വരളും.. അവിടെ പുതിയ വിഷ മുള്ളുകൾ നിറഞ്ഞ ധാരാളം ചെടികൾ വളരും. പിന്നെ അടുക്കുന്നവരെ മുഴുവനും ആ മുള്ളുകൾ കുത്തി നോവിക്കും.. നമ്മളറിയാതെ തന്നെ. പിന്നെ പിന്നെ.. ആരും അടുക്കാതെ . നമ്മൾ പൂർണമായും ഒറ്റപെട്ടു പോകും ”

ക്രിസ്റ്റി പറഞ്ഞു നിർത്തിയതും ലില്ലി പിടച്ചിലോടെ അവനെ നോക്കി.

“വല്യപ്പച്ചനും വല്യമ്മച്ചിയും വല്ല്യ പ്രതീക്ഷയിലാണ് കുഞ്ഞാന്റി. അവരുടെ ഏറ്റവും വലിയൊരു ആഗ്രഹമിതാണെന്ന് കുഞ്ഞാന്റിക്കും അറിയാമല്ലോ ”

ക്രിസ്റ്റി ചോദിക്കുമ്പോൾ ലില്ലിയുടെ മുഖം കുനിഞ്ഞു പോയി.

“ഷാനിക്കാ നല്ല മനുഷ്യനാണ്. മനസ്സിൽ നിറയെ നന്മയുള്ളവനാണ്. കുഞ്ഞാന്റിക്ക് സങ്കടപ്പെടേണ്ടി വരില്ലന്ന കാര്യം ഞാനുറപ്പു തരാം ”

ലില്ലി ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും ക്രിസ്റ്റി വീണ്ടും പ്രതീക്ഷയോടെ പറഞ്ഞു.
പക്ഷേ ലില്ലി അവനെയൊന്ന് നോക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്തില്ല.

ആ മുഖം കടുത്തു പോയിരുന്നു..
കണ്ണിമ വെട്ടാതെ കടലിലേക്ക് ഏറെ നേരം തുറിച്ചു നോക്കിയിരുന്നു.

“ഇതൊന്നും നടക്കില്ല. നടക്കില്ല.”

ലില്ലി പതിയെ പറയുന്നുണ്ടായിരുന്നുവപ്പോഴും…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button