Novel

നിലാവിന്റെ തോഴൻ: ഭാഗം 87

രചന: ജിഫ്‌ന നിസാർ

“ഇനിയത് പുതിയ വല്ല ഏടാകൂടവും ആണോടാ?”
ഫൈസി ക്രിസ്റ്റിയെ നോക്കി.

“ഏയ്…അതൊന്നുമാവില്ലടാ.റിഷിനെ കുറിച്ചൊരു വിവരവുമില്ലെന്ന് അവൾ പറഞ്ഞു. മിക്കവാറും അതിനെ കുറിച്ച് പറയാനാവും.”

ക്രിസ്റ്റി ചിരിയോടെ പറഞ്ഞു.

“അവനെന്തു പറ്റി..?”
ഫൈസി നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.

“അവനിനി ഇതിൽ കൂടതലെന്തോ പറ്റാൻ”
ക്രിസ്റ്റി ചുണ്ട് കോട്ടി.

“നെറികെട്ട കളി കളിച്ചിട്ട് ആ പെണ്ണിനെ ഉപേക്ഷിച്ചു കളയാനുള്ള പ്ലാൻ എട്ടു നിലയിൽ പൊട്ടിയില്ലേ? കോളനിക്കാർ ഇത്രേം സ്ട്രോങ്ങ്‌ ആണെന്ന് അവനോർത്ത് കാണില്ല. പോരാത്തതിന് വീട്ടിൽ നിന്ന് അമ്മയും അവർക്ക് സപ്പോർട്ട് നിന്നതോടെ പപ്പയുടെയും മോന്റെയും പ്ലാൻ അവിടെ മുതൽ തകർന്ന് തുടങ്ങി. അത്ര തന്നെ.”

ക്രിസ്റ്റി പുച്ഛത്തോടെയാണ് പറയുന്നത്.

“നാറിയ കഥ കൂട്ടുകാർ മുഖേന അവന്റെ കോളേജിൽ അറിഞ്ഞതോടെ.. അങ്ങോട്ട് പോവാനും വയ്യാതായി. യുവരാജാവിനെ പോലെ വിലസി നടന്നയിടത്തേക്ക് ഒരു പീഡനവീരനായി പോവുന്നത്.. അത്ര എളുപ്പമല്ലല്ലോ ”
ക്രിസ്റ്റി ചിരിയോടെ ഫൈസിയെ നോക്കി.

“അല്ലടാ.. ഇത്രേം വൈരാഗ്യം വെച്ചിട്ട്.. അവനെങ്ങനെ ആ പെൺകുട്ടിയുടെ കൂടെ ജീവിക്കും. അതിന്റെ ജീവിതം കൂടി പോവുകയല്ലേ ഇതിനിടയിൽ കൂടി?”
ഫൈസി ഉള്ളിലെ ആശങ്കയോടെ ക്രിസ്റ്റിയെ നോക്കി.

“അതിന് അവനെ ഞാൻ ഇങ്ങനങ് വിടാനൊന്നും പോകുന്നില്ലടാ. ആദ്യം സ്വന്തം അപ്പന്റെ നെറികെട്ട കളികളെ അവനൊന്നറിയട്ടെ. ജീവിതം എന്നത് ഇച്ചിരി നോട്ട് കെട്ടുകളല്ലെന്നും അവനൊരു ബോധ്യം വരട്ടെ..അത് വരെയും അവനങ്ങനെ ഓടട്ടെ “ബൈക്കിലേക്ക് കയറി ഇരുന്നു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“നീ നേരെ ഗൗരിയെ കാണാനാണോ പോകുന്നത്?”

ഫൈസി അവന്റെ ബൈക്കിൽ കയറുന്നതിനിടെ ചോദിച്ചു.

“ആ.. അവളോട് ഞാൻ ടൗണിലെ ബസ്സ്റ്റോപ്പിൽ നിൽക്കാൻ പറഞ്ഞിട്ടുണ്ട്.”

ക്രിസ്റ്റി ഫൈസിയെ നോക്കി.

“അപ്പൊ.. മീര ഒരുപാട് നേരം കാത്തിരിക്കേണ്ടി വരില്ലേ..?”
തെല്ലൊരു മടിയോടെ ഫൈസി ചോദിച്ചു.

“അങ്ങനെ പണ… ഈ ചോദ്യം ചോദിക്കാനാണോടാ ദ്രോഹി നീ എന്നെ കൊണ്ട് ഇത്രേം പ്രസംഗം നടത്തിച്ചത്. ഏഹ്?”
ക്രിസ്റ്റി അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് ചോദിച്ചു.

ഫൈസി ഒന്നും മിണ്ടാതെ ചിരിയോടെ കണ്ണടച്ച് കാണിച്ചു.

“മ്മ്.. ഞാനത് ഓർത്തില്ല.”
അവന്റെ ചിരി കണ്ടതും ക്രിസ്റ്റി പറഞ്ഞു.

“ഞാനാണെങ്കിൽ അത് മാത്രമേ നീ ഗൗരിയെ കാണാൻ പോണെന്നു പറഞ്ഞിട്ട് ഇന്നേരം വരെയും ഓർത്തത്.”

ഫൈസി കുഞ്ഞോരു ചിരിയോടെ പറയുമ്പോൾ അതേ ചിരി ക്രിസ്റ്റിയിലും ഉണ്ടായിരുന്നുവപ്പോൾ.

“ഇത്രേം നെഞ്ചിൽ നിറച്ചു കൊണ്ട് നടക്കുന്നത്… ഇനിയെപ്പഴാ ഫൈസി നീ ആ പെണ്ണിനെ അറിയിക്കുന്നത്?”

ക്രിസ്റ്റി ചോദിച്ചു.

“ഇനി അതികമൊന്നും വൈകില്ലടാ. എനിക്കിനി വയ്യ.. ഇതിങ്ങനെ നെഞ്ചിലൊതുക്കി നീറാൻ..”

നേർത്ത സ്വരത്തിൽ ഫൈസി പറഞ്ഞു.

“അവൾക്കിന്നേവരെയും കർത്താവ് പരീക്ഷണങ്ങൾ കൊടുത്തത്.. നിന്നെ പോലൊരാളുടെ കയ്യിൽ അവളെത്തുമ്പോൾ പിന്നെയാ കണ്ണുകൾ നിറയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടായിരിക്കും. അല്ലേടാ?”

അത്ര മാത്രം സ്നേഹത്തോടെ ക്രിസ്റ്റി പറയുമ്പോൾ.. ഫൈസിയുടെ കണ്ണുകൾ കൂർത്തു.

“കർത്താവിനേം പരീക്ഷണങ്ങളേം കുറിച്ച് മിണ്ടരുത് നീ . കുറച്ചൊന്നുമല്ല.. എന്റെ പാവം പെണ്ണ് കണ്ണീർ കുടിച്ചിട്ടുള്ളത്..”

അപ്പോഴും ആരോടൊക്കെയോ ദേഷ്യമുള്ളത് പോലെ ഫൈസിയുടെ മുഖം കടുത്തു.

“ഒരു കാര്യം ചെയ്യൂ.. തത്കാലം മീരയെ നീ വീട്ടിലാക്കി കൊടുക്ക്. ഞാൻ ഗൗരിയെ കണ്ടിട്ട് നേരെ വീട്ടിലോട്ട് വിട്ടോളാം ”

ക്രിസ്റ്റി പറഞ്ഞതും ഫൈസിയുടെ മുഖം തെളിഞ്ഞു.

“നീയാണ് അളിയാ അളിയൻ”

ആവേശത്തിൽ പറഞ്ഞു കൊണ്ട് ഫൈസി ബൈക് സ്റ്റാർട് ചെയ്തു.

“വീട്ടിലേക്ക് തന്നെ പോണം. കേട്ടോ ടാ ”

അവന്റെ പോക്ക് കണ്ടതും ക്രിസ്റ്റി വിളിച്ചു പറഞ്ഞു.

ഡെയ്സി പറഞ്ഞത് പോലെ…തോട്ടത്തിലെ കാര്യങ്ങളെല്ലാം ആദ്യം അത് ചെയ്തിരുന്ന ജോസഫിനെ ഏല്പിച്ചത് കൊണ്ട് തന്നെ ക്രിസ്റ്റിക്കൊരു സാവകാശം കിട്ടിയിരുന്നു.

ചെയ്തു തീർക്കാൻ മുന്നിലൊരുപാട് കാര്യങ്ങൾ ബാക്കി ഉണ്ടെന്നിരിക്കെ ഓട്ടപ്പച്ചിലിനൊന്നും യാതൊരു കുറവുമില്ല.

ദിലുവിന് വീടിന്റെ മുന്നിൽ നിന്ന് തന്നെ സ്കൂൾ ബസ് കിട്ടും.

മീരക്ക് പക്ഷേ കുറച്ചധികം യാത്ര ചെയ്യേണ്ടി വന്നിരുന്നു അവളുടെ സ്കൂളിലെത്താൻ.

ക്രിസ്റ്റി കോളേജിലേക്ക് പോകുമ്പോൾ ബസ് സ്റ്റോപ്പ്‌ വരെയും അവനൊപ്പം പോകും.

തിരിച്ചും ഏകദേശം ഒരേ നേരമായത് കൊണ്ട് തന്നെ യാത്ര വലിയൊരു പ്രശ്നമായി തോന്നിയിരുന്നില്ല.

മാത്രവുമല്ല എക്സാമിന് ഇനിയുള്ളത് കുറച്ചു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

“ഒന്ന് കാണാൻ പറ്റുവോ യെന്ന് ഗൗരി ക്രിസ്റ്റിയെ വിളിച്ചു പറയുമ്പോൾ തന്നെ… ആ ഒരു വിളി അവൻ വളരെ മുന്നേ തന്നെ പ്രതീക്ഷിച്ചിരുന്നു.

❣️❣️

പ്രത്യക്ഷത്തിൽ ആരുമൊന്നും പറയുന്നില്ലങ്കിൽ കൂടിയും എല്ലാവരേം കാണുമ്പോൾ തന്നെ ലില്ലിക്കൊരു ശ്വാസം മുട്ടൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.

തീരുമാനമെടുക്കാൻ അവളെ ഏല്പിച്ചത് പോലെ അവരെല്ലാം കളമൊഴിഞ്ഞു നിന്നപ്പോൾ അതവളുടെ വീർപ്പുമുട്ടൽ കൂട്ടാനാണ് ഉപകരിച്ചത്.

വീട്ടുകാരും ഷാനിക്കയും മാത്രം അറിഞ്ഞിട്ടൊള്ളു. ഷോപ്പിൽ അതിനെകുറിച്ചൊരു കുഞ്ഞു സൂചന പോലും ആർക്കും കിട്ടിയിട്ടില്ലെന്ന് തോന്നുന്നു.

നാല് ദിവസവും ഷാനവാസിനെ നേർക്ക് നേർ കാണുന്നതിനെ ലില്ലി നന്നായി ഭയന്നിരുന്നുവെങ്കിലും.. അയാളെങ്ങോട്ട് വന്നതേയില്ല.

പഴയ പോലെയല്ല.. അങ്ങേയറ്റം ആത്മാർത്ഥതയോടെ ഉദയബാനു കാര്യങ്ങൾ കൊണ്ട് പോകുന്നുണ്ട്.

അതിനാൽ തന്നെയും ലില്ലിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയത് പോലെ അയാളും അകന്ന് നിന്നു.

“എന്ത് പറ്റിയെന്നുള്ള അന്വേഷണം കൊണ്ട് തന്നിലൊരു മാറ്റമുണ്ടെന്ന് സഹപ്രവർത്തകർ മനസ്സിലാക്കിയതും ലില്ലിയെ പേടിപ്പിച്ചു.

ഓരോന്നു ആലോചിച്ചു നടക്കുന്നതിനിടെ മുന്നിലെ സ്റ്റെപ്പവൾ ശ്രദ്ധിച്ചില്ല.

അതിലേക്ക് തടഞ്ഞു വീഴും മുന്നേ ഒരിക്കൽ കൂടി… അവളെയാ കൈകൾ താങ്ങി.

ലില്ലി ഞെട്ടി വിറച്ചു കൊണ്ട് ഷാനവാസിനെ നോക്കി.

ആ മുഖം വിളറി പോകുന്നതും കൈകൾ ടെൻഷനോടെ കോർത്തു പിടിക്കുന്നതും കാണെ അയാൾ അലിവോടെ ലില്ലിയെ നോക്കി.

“തനിക്കൊട്ടും പറ്റുന്നില്ലെങ്കിൽ വിട്ട് കളഞ്ഞേക്കടോ.. ഇത്രേം ടെൻഷനടിച്ചാൽ വേറെ വല്ല അസുഖവും വരും ”

ഷാനിക്ക നേർത്തൊരു ചിരിയോടെ ലില്ലിയെ നോക്കി.

“ഇത്രേം കാലത്തിനിടെ ഇത് വരെയും ഇങ്ങനൊരു മോഹം തോന്നിയിട്ടില്ല. തന്നെ കണ്ടതിനു ശേഷം മാത്രം തോന്നിയ മോഹം.. ഇഷ്ടം.. അതെല്ലാം തനിക്ക് മാത്രം പകർന്നു നൽകണമെന്ന് തോന്നി. തനിക്ക് ചേർന്നവനാണോ അല്ലേ എന്നൊന്നും ഞാനിപ്പോൾ ഓർത്തില്ല. എന്റെ.. എന്റെ ഇഷ്ടം മാത്രം ഓർത്തൊള്ളൂ.. സാരമില്ല.. വിട്ടേക്ക്.. ഇനി അതോർത്തു കൊണ്ട് വെറുതെ വേദനിക്കരുത്.അതെനിക്ക് വേദനയാണ്.”

ഷാനവാസ് പറയുമ്പോൾ ലില്ലിയുടെ ഉള്ളിലെ മുറിവ് വീണ്ടും നീറി പുകഞ്ഞു.

തനിക്ക് യോജിക്കുന്നവൻ അല്ലന്നോ..?
കർത്താവെ…

ഇയാളെ മോഹത്തോടെ ഒന്ന് നോക്കാൻ പോലും യോഗ്യതയില്ലാത്ത തന്നോടാണ് പറയുന്നത് ”

ലില്ലിക്ക് വീണ്ടും ശ്വാസം മുട്ടി.

“കഴിയുമെങ്കിൽ.. താൻ എനിക്കൊരു ഉപകാരം ചെയ്തു തരണം. കല്യാണം കഴിച്ചോളാം ന്ന് ഞാൻ ന്റെ ഉമ്മാക്ക് വാക്ക് കൊടുത്തു. അതും പ്രതീക്ഷിച്ചാണ് ഇപ്പൊ ഉമ്മാന്റെ ഓരോ ദിവസവും. ഏറിയ ഒരു മാസം.. അതാ ഡോക്ടർ പറഞ്ഞിട്ടുള്ള ഉമ്മാന്റെ ആയുസ്സ്.”

അത് പറയുമ്പോൾ അയാൾ ലില്ലിയെ നോക്കിയില്ല.

“അത് വരെയും… അത് വരെയും ആ മുന്നിൽ ഒന്ന് അഭിനയിക്കുവോ.. താനെന്തു ചോദിച്ചാലും ഞാൻ തരും. കാശ് കൊടുത്താൽ ഇതൊക്കെ ചെയ്യാൻ ഒരുപാട് പേരെ കിട്ടും.. എനിക്കറിയാം. പക്ഷേ.. പക്ഷേ എനിക്ക്.. എനിക്കത് ചെയ്യാൻ തോന്നുന്നില്ല. അത് കൊണ്ടാണ്.. പ്ലീസ് ”

യാചന പോലെ അയാളത് പറയുമ്പോൾ ലില്ലി തളർച്ചയോടെ ചുവരിലേക്ക് ചാരി..

❣️

“അവനവിടെ വന്നിട്ട് അത്രേം പ്രശ്നമുണ്ടാക്കിയിട്ടും നീയെന്തേ അന്ന് എന്നോട് പറയാഞ്ഞത്?”
ക്രിസ്റ്റി ഗൗരിയെ നോക്കി.

“അന്ന്… അന്ന് റിഷിയേട്ടൻ പെട്ടന്ന് അങ്ങനൊക്കെ പറഞ്ഞപ്പോ ഞാൻ.. ഞാൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. അവിടെ കൂടിയവരെല്ലാം ഒത്തിരി പറഞ്ഞു റിഷിയേട്ടൻ വന്നതും പറഞ്ഞതുമെല്ലാം ഏട്ടനോട് പറയാൻ. ഞാനാണ് പറഞ്ഞത് വേണ്ടന്ന്..”ഗൗരിയുടെ സ്വരം നേർത്തു.

ഇത്തിരി ദിവസങ്ങൾ കൊണ്ട് അവളൊരു വല്ലാത്ത കോലത്തിൽ ആയിട്ടുണ്ടെന്നു ആദ്യകാഴ്ചയിൽ തന്നെ ക്രിസ്റ്റിക്ക് തോന്നി.

മാനസിക സംഘർഷം അവളെത്രത്തോളം അനുഭവിക്കുന്നുണ്ടെന്നു ആ കണ്ണുകളിൽ നിന്നും മനസ്സിലാക്കിയെടുക്കാം.

“കോളേജിൽ പോലും വരുന്നില്ല ഏട്ടാ. എക്സാമിന് ഒരു ഒരാഴ്ച പോലുമില്ല. എല്ലാം എന്നോടുള്ള ദേഷ്യം കൊണ്ടാണ് എനിക്കറിയാം.”
ഗൗരിയുടെ കണ്ണ് നിറഞ്ഞു.

“പ്ലീസ് ഗൗരി.. ആളുകൾ ശ്രദ്ധിക്കും. ഇവിടെ നിന്ന് കരയല്ലേ..”

ചുറ്റുമൊന്നു നോക്കിയിട്ട് ക്രിസ്റ്റി പതിയെ പറഞ്ഞു.

ഗൗരി വേഗം കയ്യിലുള്ള തൂവാല കൊണ്ട് മുഖം തുടച്ചു.

“എന്നെ.. എന്നെയൊട്ടും അംഗീകരിക്കാൻ വയ്യെങ്കിൽ.. എന്തിനാ ഏട്ടാ ഞാനിങ്ങനെ കടിച്ചു തൂങ്ങി കിടക്കുന്നത്. എനിക്കിങ്ങനെ ഉരുകാൻ വയ്യ.ഞാനെന്റെ പ്രാണനോളം സ്നേഹിച്ചിട്ടും.. എന്നോടുള്ള ഇഷ്ടം വെറും ടൈം പാസ് മാത്രമായിരുന്നുവെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞു.. ഇനിയും.. ഇനിയും ഞാനെങ്ങനെ…”

പൊട്ടി വന്ന കരച്ചിൽ അവളാ തൂവാല കൊണ്ട് പൊതിഞ്ഞു പിടിച്ചിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി.

ഉള്ളുലയുന്ന ആ സങ്കടമറിഞ്ഞിട്ട്… അവളോടെന്ത് പറയാണമെന്ന് ക്രിസ്റ്റിക്കും അറിയില്ലായിരുന്നു.

റിഷിനൊരു തിരിച്ചറിവ് വരുമെന്ന് അവനുറപ്പാണ്.

അതിന് വേണ്ടി ഏതറ്റം വരെയും പോവാനും താൻ തയ്യാറാണ്.

പക്ഷേ ഈ പാവം പെൺകുട്ടിയോട് ഇനിയുമെന്നതാ പറയേണ്ടത്.?

എന്ത് പറഞ്ഞാലാണ് അവളുടെ ഉള്ളിലെ ഈ പിടച്ചിലോന്ന് അവസാനിക്കുന്നത്.?

“ഞാൻ.. ഞാനൊഴിഞ്ഞു പോയിക്കോള്ളാം ഞാൻ പറഞ്ഞാ എന്റെ ആൾക്കാരും പിന്നെയൊരു പ്രശ്നത്തിനും വരില്ല. അതും ഞാനുറപ്പ് തരാം. ഒന്ന് പറയ്യോ ഏട്ടൻ. ഏട്ടൻ പറഞ്ഞ കേൾക്കും. ഇങ്ങനെ വാശിയും വൈരാഗ്യവും കൊണ്ടൊന്നും ഒരു ജീവിതം പൂർണമാവില്ലല്ലോ..”

ഗൗരിയുടെ ചുവന്നു വിങ്ങിയ മുഖം ക്രിസ്റ്റിയിൽ വേദന നിറച്ചു.

“എന്താ ന്റെ മോളെ… ഞാൻ നിന്നോട് പറയേണ്ടത്?”
അവനൊരു ദീർഘനിശ്വാസത്തോടെ അവളെ നോക്കി.

“നീ അല്ല. അവനിൽ നിന്നും ഒഴിഞ്ഞു പോകേണ്ടുന്ന ഒരു വലിയ ബാധയുണ്ട്. അതാണ്‌ അവനിങ്ങനെ ആയി പോയതും ”
ക്രിസ്റ്റി പല്ല് കടിച്ചു.

“ഇപ്പൊ നീ വീട്ടിലോട്ട് പോ.. വേറൊന്നും ഓർക്കേണ്ട.. എല്ലാം ശെരിയാവും. അല്ല.. എല്ലാം നമ്മള് ശെരിയാക്കും. ”

ക്രിസ്റ്റി അവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.

❣️❣️

ബസ്സിൽ നിന്നിറങ്ങി മീരാ ഒന്ന് ചുറ്റും നോക്കി.

അതേ സമയം തന്നെ മറു സൈഡിൽ കാത്തിരുന്ന ഫൈസി ഒന്ന് ഹോൺ അടിച്ചതും അവളുടെ കണ്ണുകളും അങ്ങോട്ട് നീണ്ടു.

ബൈക്കിൽ നിന്നിറങ്ങാതെ രണ്ടു കാലും നിലത്ത് കുത്തി.. കൈകൾ നെഞ്ചിൽ കെട്ടി തന്നെ നോക്കിയിരിക്കുന്നവനെ കാണെ അവളുടെ ഇടനെഞ്ചിൽ നിന്നൊരു പിടച്ചിലുയർന്നു കയറി.

കൈകൾ ബാഗിൽ മുറുകി.

“വാ…”

അവൻ വിളിക്കുമ്പോൾ അവൾക്ക് പിന്നെ പോകാതെ വയ്യായിരുന്നു.

ഇടതടവില്ലാതെ വണ്ടികൾ പായുന്ന അവിടെ നിന്നും അപ്പുറത്തേക്ക് പോകുന്നത് അവൾ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല.

ഏറെ നേരം നിന്നിട്ടും.. ഒന്നിന് പിറകെ കോർത്തു കെട്ടിയ പോലുള്ള ആ വാഹനങ്ങൾ അവൾക്കായ് നിർത്തി കൊടുത്തതുമില്ല.

ഇടയ്ക്കിടെ മീരാ ഫൈസിയെ നോക്കും.

ഒടുവിൽ.. അവനിറങ്ങി… റോഡിലേക്ക് നിന്നിട്ട് വാഹനങ്ങളെ രണ്ട് സൈഡിലേക്കും കൈ കാണിച്ചു നിർത്തിച്ചിട്ട് അവളെ നോക്കി.

മീരാ ഒറ്റയോട്ടത്തിന് അവന്റെ അരികിൽ പോയി നിന്നു.

അതുവരെയും ചൂഴ്ന്ന് നിന്നിരുന്ന ആ ഭയം അവന്റെ തണലിൽ പതിയെ പൊഴിഞ്ഞു പോയിരുന്നു.

“ക്രിസ്റ്റിക്ക്… വേറെന്തോ പരിപാടി. അവൻ പറഞ്ഞിട്ട് വന്നതാ ”

അവളോടായി ഫൈസി പറഞ്ഞു.

നേർത്തൊരു മൂളൽ മാത്രമാണ് ഉത്തരം.

“വീട്ടിലാക്കി തരാം. കയറിയിരിക്ക്.”

ബൈക്കിലേക്ക് കയറി കൊണ്ടവൻ പറഞ്ഞു. ബാഗ് ഒതുക്കി പിടിച്ചു കൊണ്ട് മീരയും അവന് പിറകിലേക്ക് കയറി.

ബൈക്കോടി തുടങ്ങിയിട്ടും ഒരക്ഷരം മിണ്ടാതെ തല കുനിച്ചിരിക്കുന്ന മീരയോട് ഉള്ളിലുള്ള ഇഷ്ടമെങ്ങനെ പറഞ്ഞു തുടങ്ങുമെന്നൊരു വെപ്രാളം ഫൈസിയുടെ മുഖം നിറഞ്ഞു നിന്നിരുന്നു.

തീർത്തും മൗനമാണ്.

അവനെന്തു ചോദിച്ചാലും ഒരു മൂളൽ മാത്രം.

എന്തെങ്കിലുമൊന്നു സംസാരിച്ചു തുടങ്ങിയാൽ ഉള്ളിലെ പ്രണയത്തിന്റെ ഭാരം അവളിലേക്ക് കൂടി പകർന്നു കൊടുക്കാമെന്നുറപ്പിച്ചു കൊണ്ടവൻ കുന്നേൽ ബംഗ്ലാവ് വരെയും കാത്തെങ്കിലും മീരാ അവനെയൊന്ന് നോക്കിയത് കൂടിയില്ല.

ഒടുവിൽ ബൈക്കിൽ നിന്നിറങ്ങി അവനെ വെറുതെയൊന്നു നോക്കി അകത്തേക്ക് നടക്കുന്നവളെ കാണെ അവന്റെ ഹൃദയഭാരം വല്ലാതെ കൂടിയിരുന്നു.

മുൻവശത്തെ വാതിൽ തുറന്നു… വീണ്ടുമൊന്ന് നോക്കി അവളകത്തേക്ക് മറഞ്ഞതും… ഫൈസി വണ്ടിയുമായി തിരിച്ചിറങ്ങി..

❣️❣️

ബാഗ് കിടക്കയിലേക്ക് ഇട്ട് കൊണ്ട് മീരാ ഒരു നിമിഷം കൈകൾ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചു നിന്നു.

എന്നിട്ടും ഉള്ളിലൊരായിരം നക്ഷത്രം തിളങ്ങുന്നത് പോലെയുള്ള ഒരുവന്റെ കണ്ണിലെ പ്രണയം.

അതാണവളെ തളർത്തി കളയുന്നത്.

ശ്വാസം മുട്ടിക്കുന്ന ആ മൗനം.. അവനവന്റെ പ്രണയം പങ്ക് വെച്ചിട്ട് ഉടച്ചു കളയുമെന്ന് കരുതി.. ഇങ്ങെത്തുവോളം ഹൃദയമൊരു വല്ലാത്ത നിർവൃതിയിലായിരുന്നു.

വാതിൽ ആരോ പിടിച്ചു തുറക്കുന്ന ശബ്ദം കേട്ടതോടെ.. മീരാ മുഖം അമർത്തി തുടച്ചു കൊണ്ട് തിരിഞ്ഞു.

വല്ലാത്തൊരു ചിരിയോടെ മുന്നിൽ വർക്കിയും മകനും.

കയറിയ ഉടനെ തന്നെ അവരാ വാതിൽ ചാരിയിട്ട് പരസ്പരം നോക്കി ചിരിച്ചു.

മീരയുടെ നെറ്റി ചുളിഞ്ഞു.

അവരെയവിടെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

ക്രിസ്ടിയോ ദിലുവോ ആണ് വാതിൽ തുറക്കുന്നതെന്ന് കരുതി.

“നിങ്ങൾക്കെന്താ ഇവിടെ കാര്യം?”

ഒട്ടും ഭയമില്ലാതെ മീരാ ചോദിച്ചു.

‘ആഹാ.. അത് കൊള്ളാം. അത് ഞങ്ങൾ അങ്ങോട്ടല്ലേ മോളെ ചോദിക്കേണ്ടത്. ഇത് ഞങ്ങടെ വീട്.. ഇവിടെ.. ഇവിടെ നിനക്കെന്താ കാര്യം? ”

വർക്കിയുടെ കണ്ണുകൾ അവളിലാകെ പരതി നടക്കുന്നതറിഞ്ഞതും മീരാ പുച്ഛത്തോടെ അയാളെ നോക്കി.

“ദേട… മോള് നോക്കി പേടിപ്പിക്കാൻ നോക്കുന്നു ”

മീരയുടെ കത്തുന്ന നോട്ടം കണ്ടതും വർക്കി റിഷിനെ നോക്കി പറഞ്ഞു.

“അവള് നോക്കട്ടെ പപ്പാ.. ഇതവളുടെ അവസാനത്തെ കാഴ്ചകളല്ലേ.. നന്നായി കാണട്ടെ ”

റിഷിനത് പറഞ്ഞിട്ടും മീരയുടെ കണ്ണുകളൊന്ന് പിടച്ചത് കൂടിയില്ലെന്ന് അവർ രണ്ടു പേരും ഒരുപോലെ ശ്രദ്ധിച്ചു.

“കൊന്ന പാപം തിന്നാ തീരുമെങ്കിൽ… ഉണ്ടാക്കിയ പാപം.. ഇല്ലാതാക്കിയാലും തീരും. നിങ്ങളത്.. ചെയ്യണം.. നിങ്ങളാണത് ചെയ്യാൻ ഏറ്റവും അർഹിക്കുന്ന വ്യക്തി ”

വർക്കിയുടെ അരികിലേക്ക് നീങ്ങി നിന്നു കൊണ്ട് അയാളുടെ കണ്ണുകളിലേക്ക് നോക്കി മീരാ പറഞ്ഞു.

അപ്പോഴും അവൾ പറഞ്ഞതിനെ അതിന്റെ ശരിയായ രീതിയിൽ ഗ്രഹിക്കാൻ അയാളിലെ ചെകുത്താന് കഴിഞ്ഞിരുന്നില്ല.

“ഇത്രേം ധൈര്യം വേണോടി മോളെ?”
വർക്കി മീശ തടവി.

“നിങ്ങൾക്ക് മുന്നിൽ വിറച്ചു കൊണ്ട് നിന്നാൽ അത് ഞാനെന്നോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാവും ”

മീരാ അതേ ചിരിയോടെ പറഞ്ഞു.

“ഇത് നിനക്കുള്ളതല്ല. നിന്നെ.. നിന്നെയിങ്ങോട്ട് കൊണ്ട് വന്ന ഒരുത്തനില്ലേ.. അവനുള്ള കെണിയാണ്. ഒരു വെടിക്ക് രണ്ടു പക്ഷി എന്നൊക്കെ പറയുമ്പോലെ….”

റിഷിൻ അവളുടെ അരികിലേക്ക് നീങ്ങിയിട്ട് പറഞ്ഞു.

അപ്പോൾ മാത്രം മീരയുടെ മുഖമൊന്നു മങ്ങി.

ഇന്നോളം ഒരു കാവൽ നായയെ പോലെ.. യാതൊന്നും പ്രതീക്ഷിക്കാതെ സംരക്ഷണമൊരുക്കിയവനെ… എന്റെ മരണം കൊണ്ട് പോലും കുടുക്കി കളയല്ലേ ദൈവമേ…

ഹൃദയം പിടഞ്ഞതും… നോവോടെ പ്രാർത്ഥന നടത്തിയതും ഇച്ഛക്ക് വേണ്ടിയായിരുന്നു.

“അവനീ വർക്കിയോടാണ് കളിച്ചത്. അതിനുള്ളത് ഒട്ടും കുറയാതെ തന്നെ ഞാൻ അവന് കൊടുത്തില്ലെങ്കിൽ ഇന്നോളം ഈ ഭൂമിയിൽ മനുഷ്യനായി ജീവിച്ചു എന്ന് പറഞ്ഞിട്ടെന്തു കാര്യം ”

വർക്കിയുടെ പക നിറഞ്ഞ മുഖം.

“ചെകുത്താൻ ഒരിക്കലും മനുഷ്യനാവില്ല. നിങ്ങൾക്കൊരിക്കലും എന്റെ ഇച്ഛയെ തോൽപ്പിക്കാനും കഴിയില്ല. കാരണം സത്യം എപ്പോഴും ജയിച്ച ചരിത്രമേയുള്ളൂ.. എന്റെ.. എന്റെ ഇച്ഛാ.. വലിയൊരു സത്യമാണ്. ഞാനിന്നോളം കണ്ടതിൽ വെച്ച്.. ഏറ്റവും മനോഹരമായൊരു സത്യം…”

വർക്കിയുടെ കയ്യിലെ തിളങ്ങുന്ന കത്തി കണ്ടിട്ടും മീരയുടെ മുഖം അൽപ്പം പോലും മങ്ങുകയോ.. വാക്കുകൾ അൽപ്പം പോലും ഇടറുകയോ ചെയ്തില്ല……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button