Novel

നിലാവിന്റെ തോഴൻ: ഭാഗം 89

രചന: ജിഫ്‌ന നിസാർ

“ഫൈസൽ… ഫൈസൽ മുഹമ്മദ്‌..എവിടാ?”

റിസിംപ്‌ഷനിൽ ചെന്നിട്ട് അത് പറയുമ്പോൾ ക്രിസ്റ്റി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

നേരെ പോയിട്ട് സെക്കൻഡ് ഫ്ലോർ..ലെഫ്റ്റ് സൈഡ്.. റൂം നമ്പർ 313″

അവിടിരുന്ന പെൺകുട്ടി മുഴുവനും പറയുന്നത് കേൾക്കാനുള്ള ക്ഷമയില്ലാത്തത് പോലെ ക്രിസ്റ്റി മുന്നോട്ട് കുതിച്ചു.

ഗൗരിയേ പറഞ്ഞു വിട്ടിട്ട് വീട്ടിലേക്ക് വരും വഴി.. ഡെയ്സിയാണ് വിളിച്ചു പറഞ്ഞത്.
ഫൈസിക്ക് കുത്തേറ്റു എന്ന് കേട്ടപ്പോൾ തന്നെ അവനാകെ തരിച്ചു പോയിരുന്നു. പിന്നീട് ബൈക്ക് ഓടിച്ചു കൊണ്ട് അങ്ങോട്ടെത്തിയത് എങ്ങനെയെന്ന് അവനപ്പോഴും അറിയില്ല.

വല്ലാത്തൊരു മാനസികവസ്ഥയിലാണെന്ന് അവന്റെ കലങ്ങിയ കണ്ണുകൾ കാണുമ്പോൾ തന്നെ അറിയാനാകുന്നുണ്ട്.

ലിഫ്റ്റിന്റെ മുന്നിൽ ഒന്നോ രണ്ടോ നിമിഷം കാത്ത് നിന്നിട്ട്… അതിനുള്ള സമയപോലും കളയാനില്ലെന്നത് പോലെ.. അവനാ സ്റ്റെപ്പുകൾ ഓടി കയറി.

ഇട്ടിരുന്ന ഷർട്ട് വിയർത്തു ആ ദേഹത്തൊട്ടി പോയിരുന്നു.

ഒടുവിൽ 313എഴുതിയ റൂമിന്റെ വാതിൽ തുറന്നു കൊണ്ടവൻ അകത്തേക്ക് കുതിച്ചു കയറി.

ആളുകൾ തിങ്ങി നിറഞ്ഞ ആ മുറിയിൽ… അവന്റെ കണ്ണുകൾ തേടിയത് ഫൈസിയെയാണ്.

മറ്റൊന്നും അവൻ കാണുന്നില്ലെന്ന് തോന്നി. കട്ടിലിൽ.. മുഹമ്മദ്‌ പുറം തിരിഞ്ഞിരിപ്പുണ്ട്. അയാളുടെ പുറത്തേക്ക് ചാരി ഇടതു സൈഡ് മൊത്തത്തിൽ പൊതിഞ്ഞു കെട്ടി കൈ നെഞ്ചോടു ചേർത്ത് പിടിച്ചിരിക്കുന്ന ഫൈസി..

ഇടനെഞ്ചിൽ പൊടിഞ്ഞ വേദനയോടെ ക്രിസ്റ്റി അവനരികിലേക്ക് ചെന്നു.

മുഹമ്മദ്‌ നോക്കിയപ്പോൾ ക്രിസ്റ്റിയുടെ മുഖം കുനിഞ്ഞു.

“ഒന്നുല്ലടാ.. ചെറിയൊരു മുറിവ്.. വർക്കിയുടെ ധൈര്യത്തിൽ റിഷിനൊന്നു വരഞ്ഞു പഠിച്ചു. അത്രോള്ളു ”

വേദന സഹിച്ചിട്ട് വിളറി പോയ മുഖമായിരുന്നുവെങ്കിലും നേർത്തൊരു ചിരിയോടെ.. ഫൈസി ക്രിസ്റ്റിയെ നോക്കി പറഞ്ഞു.

“ഹാ.. നീ എയറ് വിടളിയ..”ഫൈസി ക്രിസ്റ്റിയുടെ കയ്യിൽ പിടിച്ചു.

“ഇയ്യൊന്ന് ഇവിടെ ഇരുന്നു കൊടുത്തേ ക്രിസ്റ്റി. എനിക്കൊന്നു പുറത്ത് പോണം ”

മുഹമ്മദ്‌ പറഞ്ഞതും ക്രിസ്റ്റി അയാളെ നോക്കി തലയാട്ടി.

അയാളത് മനഃപൂർവം പറഞ്ഞതാണെന്ന് മനസ്സിലായതും ഫൈസി ചിരിച്ചു കൊണ്ടയാളെ നോക്കി.

മുഹമ്മദിന് എഴുന്നേൽക്കാൻ വേണ്ടി ക്രിസ്റ്റി തന്നെയാണ് ഫൈസിയേ താങ്ങി പിടിച്ചത്.. അവനൊട്ടും വിഷമിക്കാതെ അവനരികിലേക്ക് ചേർന്നിരുന്നു.

ഫൈസിയെ നോക്കിയൊന്ന് ചിരിച്ചിട്ട് മുഹമ്മദ്‌ പുറത്തേക്ക് നടന്നു.

“വേദനിക്കുന്നുണ്ടോടാ…?”

ഫൈസി അനുഭവിക്കുന്ന വേദന മുഴുവനും ക്രിസ്റ്റിയുടെ സ്വരത്തിലുമുണ്ടായിരുന്നു.

“ഏയ്.. അതൊന്നും ഇല്ലെടാ…”
കടഞ്ഞിറങ്ങുന്ന വേദനയേ പോലും അവഗണിച്ചു കൊണ്ട് ഫൈസിയത് പറഞ്ഞത്… തനിക്ക് വേദനിക്കുമ്പോൾ.. അതിനേക്കാൾ ഒരായിരമിരട്ടി നോവുന്ന തന്റെ കൂട്ടുകാരന് വേണ്ടിയിട്ടാണ്.

“എന്താ ഉണ്ടായത്..?”
ഒട്ടും ക്ഷമയില്ലാത്തത് പോലെ ക്രിസ്റ്റി ചോദിച്ചു.
“പറയാം.. എല്ലാം ഞാൻ പറയാം.. നീ വെറുതെ പ്രഷർ കൂട്ടല്ലേ..”

“വിടില്ല ഞാനവനെ…”
ക്രിസ്റ്റിയുടെ സ്വരം മുരളുന്ന പോലായിരുന്നു.

“ഞാനൊന്ന് ഇവിടെന്നിറങ്ങിക്കോട്ടെ.. എന്നിട്ട് നമ്മക്ക് ഒന്നിച്ചു പോയി കൊടുക്കാം. നീ വെറുതെ ടെൻഷനവല്ലേ ക്രിസ്റ്റി..”
ആ മാറ്റം അറിഞ്ഞിട്ട് തന്നെയായിരുന്നു ഫൈസി അങ്ങനെ പറഞ്ഞത്.

“ഒരുകണക്കിന്… വർക്കിക്കും മകനും അങ്ങനൊരു ബുദ്ധി തോന്നിയത് നന്നായേന്നെ ഞാൻ പറയൂ ”

കള്ളത്തരം നിറഞ്ഞ ഫൈസിയുടെ പറച്ചിൽ കേട്ടതും.. ക്രിസ്റ്റി മുഖം ചുളിച്ചു കൊണ്ടവനെ നോക്കി.

“തലക്ക് വല്ല അടിയും കിട്ടിയായിരുന്നോടാ..?”
വലിഞ്ഞു മുറുകിയ മുഖത്തോടെ തന്നെ ക്രിസ്റ്റി തല ചെരിച്ചു കൊണ്ട് ഫൈസിയെ നോക്കി.

“പോടാ തെണ്ടി.. ഇതതൊന്നുമല്ല ”
ഫൈസി പല്ല് കടിച്ചു.

“പിന്നെന്ത് കുന്തമാണ് നീ പറയുന്നത്?”

“ദേ. നീ നിന്റെ പെങ്ങളെ നോക്ക്..”

സ്വകാര്യം പോലെ ഫൈസി പറഞ്ഞത് കേട്ടാണ് ക്രിസ്റ്റി ആ മുറിയിലൂടെയൊന്നു കണ്ണോടിച്ചത്.

ഡെയ്സിയും മറിയാമ്മച്ചിയും.. അവർക്കൊപ്പം കരഞ്ഞു കലങ്ങിയ മിഴികളോടെ മീരയും.

പിന്നെ ആയിഷയും.. ഫറയും.

അവരത്രേം പേര് ആ മുറിക്കുള്ളിൽ ഉണ്ടായിരുന്നുവെന്ന് ക്രിസ്റ്റി അപ്പോഴാണ് കണ്ടത് തന്നെ.മറു സൈഡിളിലുള്ള കിടക്കയിൽ ഇരിപ്പാണ് ഡെയ്സിയും മറിയാമ്മച്ചിയും ആയിഷയും.

മീരയുടെ കയ്യിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് ഫറ ചുവരിൽ ചാരി നിൽക്കുന്നുണ്ട്.

“കണ്ടോ.. കരഞ്ഞു കലങ്ങിയ.. വേദന നിറഞ്ഞ ന്റെ പെണ്ണിനെ കണ്ടോ നീ.. അവളെനിക്ക് വേണ്ടിയാണെടാ കരയുന്നത്. അവളെനിക്ക് വേണ്ടിയാണെടാ വേദനിക്കുന്നത്.. സ്നേഹമല്ലേയത്.. എന്നോടുള്ള… എന്നോടുള്ള പ്രണയമല്ലെടാ അത്…?അതിന് വേണ്ടി വേണേൽ ഞാൻ ന്റെ ജീവൻ പോലും കൊടുക്കും.. പിന്നെയാണോ ഈ ഒരു ചെറിയ മുറിവ്..”
വീണ്ടും സ്വകാര്യം പോലെ.. ആവേശത്തിൽ ഫൈസിയുടെ സ്വരം.

ക്രിസ്റ്റിയുടെ കണ്ണുകൾ വീണ്ടും മീരയുടെ നേരെ നീങ്ങി.

ശെരിയാണ്.. വിങ്ങി വിറച്ചു കരയുന്നുണ്ട് പെണ്ണ്.

ഡെയ്സി പൊതിഞ്ഞു പിടിച്ചു നിന്നിട്ടും ഇടയ്ക്കിടെ ഫൈസിയേ നോക്കുമ്പോൾ.. വീണ്ടും വീണ്ടും അവളുടെ മിഴികൾ പെയ്തിറങ്ങുന്നുണ്ട്.

“കണ്ടോ നീ.. സാധാരണ എല്ലാരും പ്രണയം പറയുന്നത്..പൂവോ ചോക്ലെറ്റൊയൊക്കെ കൊടുത്തു കൊണ്ടല്ലേ..?പക്ഷേ പറയാതെ നെഞ്ചിൽ ഒതുക്കി കൊണ്ട് നടന്ന ന്റെ ഇഷ്ടം..അതിത്തിരി സ്പെഷ്യൽ ആണെന്ന് പടച്ചോന് തോന്നിയിരിക്കാം..ഈ ഫൈസൽ മുഹമ്മദ്‌ ഓളോട് ഇഷ്ടം പറഞ്ഞത്.. അവൾക്കായ് എന്നിലേക്ക് തറഞ്ഞു കയറിയ കത്തി വലിച്ചൂരി കൊണ്ടാണ്…ലോകത്തിലെ വേറാര് ചെയ്യുമെടാ…?”

വീണ്ടും പ്രണയം വിങ്ങിയ അവന്റെ വാക്കുകൾ..

“ഉവ്വാ.. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ കുത്ത് മാറിയെങ്കിൽ കാണാമായിരുന്നു.. അവന്റെയൊരു റൊമാൻസ്… പഞ്ചാര കുഞ്ചു..”
ക്രിസ്റ്റി ചുണ്ട് കോട്ടി..

“വിളിയെടാ.. നീ തന്നെ വിളി..”
ഫൈസി പുച്ഛത്തോടെ പറഞ്ഞു.

“എനിക്കപ്പോൾ വേദനിച്ചതെ ഇല്ല ക്രിസ്റ്റി..”

ഫൈസി പറയുമ്പോൾ ക്രിസ്റ്റി നേർത്തൊരു ചിരിയോടെ വീണ്ടും അവനെ തിരിഞ്ഞു നോക്കി..

“ഇത് അത് തന്നെ…”
അവൻ ചിരി അടക്കി പിടിച്ചു പറയുന്നത് കേട്ടതും.. ഫൈസിയുടെ മുഖം കൂർത്തു.

“ഏതു തന്നെ…”

അവൻ പല്ല് കടിച്ചു കൊണ്ട് ചോദിച്ചു..

“ഭ്രാന്ത്.. അല്ലാതെന്ത്..!”

ക്രിസ്റ്റി വീണ്ടും അമർത്തി ചിരിച്ചു.

ചെറിയൊരു അനക്കം കൊണ്ട് പോലും.. ഭയങ്കരമായി വേദനിക്കുന്നുണ്ട് ഫൈസിക്ക്.

അന്നൊരു ദിവസം വേദനയുണ്ടാവും.. നാളെ രാവിലെ വീട്ടിലേക്ക് പോകാമെന്നും ഡോക്ടർ പറഞ്ഞു.

ദിലു വീട്ടിൽ ഒറ്റക്കല്ലേയെന്നും പറഞ്ഞിട്ട്.. ക്രിസ്റ്റി ഡെയ്സിയോടും മറിയാമ്മച്ചിയോടും
വീട്ടിലേക്ക് പോകാൻ പറഞ്ഞു.

മീരാ ദയനീയമായി നോക്കുന്നത് കണ്ടതും അവളോടെങ്ങനെ പോവാൻ പറയുമെന്നോർത്തു കൊണ്ട് ക്രിസ്റ്റി ആശങ്കയിലാണ്.

“ആ ഡ്രസ്സ്‌ മുഴുവനും ചോരയാണെടാ. വീട്ടിലേക്ക് പോവാൻ പറ നീ അവളോട്. ഇപ്പൊ തന്നെ കരഞ്ഞു കരഞ്ഞൊരു പരുവമായി.. ഇനിയും ഇവിടെ നിന്നാ അവളത് തന്നെ തുടരും. വീട്ടിൽ പോയിട്ട്.. നന്നായി ഒന്ന് റസ്റ്റ്‌ എടുക്കട്ടെ.. പാവം. വല്ലാതെ തളർന്നു പോയിട്ടുണ്ട് ”

ഒരു തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുന്ന ക്രിസ്റ്റീയോട് ഫൈസി ശബ്ദം കുറച്ചു കൊണ്ട് പറഞ്ഞു.

ആ വാക്കുകൾ മുഴുവനും മീരയോടുള്ള സ്നേഹം നിറഞ്ഞൊഴുകുന്നതറിഞ്ഞതും ക്രിസ്റ്റിയുടെ തപിച്ച മനം ഇത്തിരിയൊന്ന് കുളിർന്നു പോയിരുന്നു.

താനിവിടെ നിന്നോളാമെന്ന് പതറി പറയുന്നവളെ ക്രിസ്റ്റി നിർബന്ധിച്ചു വീട്ടിലേക്ക് പറഞ്ഞു വിട്ടു.

“സൂക്ഷിക്കണം.. മീരയെ ഒറ്റക്കാക്കരുതെന്ന്”
മറിയാമ്മച്ചിയോടും ഡെയ്സിയോടും അവൻ പ്രതേകിച്ചു പറഞ്ഞു.

“വരൂ.. ഞാൻ കൊണ്ട് വിടാം.. ഈ നേരത്തിനി ഓട്ടോ പിടിച്ചൊന്നും പോവണ്ട ”
അങ്ങോട്ട്‌ വന്ന മുഹമ്മദ്‌ പറഞ്ഞതും ക്രിസ്റ്റി അയാളെ നന്ദിയോടെ നോക്കി.

“പോട്ടെ.. മോനെ.. നാളെ വരാം അമ്മയെന്ന് പറഞ്ഞു കൊണ്ട് ഡെയ്സി ഫൈസിയുടെ കവിളിൽ തട്ടി.

മറിയാമ്മച്ചി അവന്റെ കവിളിൽ കൈ ചേർത്ത് വെച്ച് ആ നെറ്റിയിൽ ചുണ്ട് ചേർത്തിട്ടാണ് യാത്ര പറഞ്ഞത്.

പോവാനിറങ്ങും മുന്നേ ഫൈസിയേ നോക്കി കരയുന്ന മീരയെ.. ആയിഷ കയ്യിൽ പിടിച്ചു നിർത്തി.

“മോളിന്നിവിടെ നിന്നോട്ടെ ഡെയ്സി..”

ആ പിടയുന്ന മനം അറിഞ്ഞത് പോലെ അവരത് പറയുമ്പോൾ… ഫൈസിയുടെ ഹൃദയം തുടിച്ചു.

“അല്ലുമ്മാ.. ഓളുടെ ഡ്രസ്സ്‌.. ആകെ മുഷിഞ്ഞു…”
ക്രിസ്റ്റി ഫൈസിയെ ഒന്ന് നോക്കിയിട്ടാണ് പറഞ്ഞത്.

“ഉപ്പ വരുമ്പോൾ.. ഒരൂട്ടം ഡ്രസ്സ്‌ എടുത്തിട്ട് വരാം.. ലോകത്ത് കിട്ടാത്ത സാധനമൊന്നുമല്ലല്ലോ അത്? മോള് അവിടിരിക്ക്… ഇന്നിനി പോവണ്ട.”പിന്നെയൊരു വാക്കിനിടം കൊടുക്കാതെ മുഹമ്മദ്‌ പറയുമ്പോൾ… നിറഞ്ഞ കണ്ണുകൾ മറക്കാൻ ഫൈസി ഒറ്റ കൈ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചു.

സ്വന്തം മകന്.. ഇങ്ങനൊരു അവസ്ഥ വന്നതിന് അവളും കാരണമാണെന്നറിഞ്ഞിട്ടും അതിന്റെ യാതൊരു പരിഭവവും കാണിക്കാത്ത അയാളോട് അവനൊരുപാട് സ്നേഹം തോന്നിയ നിമിഷം കൂടിയായിരുന്നു അത്.

മനം നിറഞ്ഞ സന്തോഷത്തോടെ തന്നെയാണ് ഡെയ്സിയും.. മറിയാമ്മച്ചിയും പോവാനിറങ്ങിയത്…

മറിയമ്മച്ചി ഒന്നും മിണ്ടാതെ ക്രിസ്റ്റിയുടെ കയ്യിലൊന്ന് മുറുക്കി പിടിച്ചു..

അത് മതിയായിരുന്നു അവന്റെ നെഞ്ചിലെ പിടച്ചിലമരാൻ…

💞💞

മുഹമ്മദ്‌ വരുമ്പോൾ മീരകുള്ള ഡ്രസ്സും അവർക്കെല്ലാം കഴിക്കാനുള്ള ഭക്ഷണവും കൊണ്ടാണ് വന്നത്.

“കുളിച്ചിട്ട് വാ മോളെ… ന്നട്ട് നമ്മുക്ക് കഴിക്കാം ”

മീരയുടെ കയ്യിൽ ഡ്രസ്സ്‌ കൊടുത്തു കൊണ്ട് ആയിഷ പറഞ്ഞു.

അവൾ കുളിച്ചിറങ്ങി വരുവോളം അവരെല്ലാം അവൾക്കായ് കാത്തിരിക്കുന്നത് കൃസ്റ്റി അതീവ സന്തോഷത്തോടെയാണ് നോക്കി കണ്ടത്.

അവളെ അവരെല്ലാം അവരിൽ ഒരായിട്ട് തന്നെ അംഗീകരിക്കുന്നുവെന്നത് അവനെ കുറച്ചൊന്നുമല്ല ആഹ്ലാദതിലാക്കിയതും.

ഉള്ളിലിരുന്നിട്ട് ശാരിയാന്റി ചിരിക്കുന്നത് അവന്നപ്പോഴും അറിയാനാവുന്നുണ്ടായിരുന്നു.

വെളുക്കുവോളം.. വേദന കൊണ്ട് ഞരങ്ങുന്ന ഫൈസിക്ക് കണ്ണിമവെട്ടാതെ ക്രിസ്റ്റി കൂട്ടിരുന്നു.

തന്റെ വേദന അവനെയും നോവിക്കുമെന്നറിയാവുന്ന ഫൈസി പരമാവധി വേദന കടിച്ചു പിടിച്ചു സഹിക്കാൻ ശ്രമിച്ചിട്ടും പലപ്പോഴും… അവൻ തോറ്റു പോയിരുന്നു.

മുഹമ്മദും ആയിഷയും അപ്പോഴും സ്വയം വേദനിച്ചുവെന്നല്ലാതെ ഒരു നോട്ടം കൊണ്ട് പോലും ക്രിസ്റ്റിയെ കുറ്റപ്പെടുത്തി നോവിക്കാൻ ശ്രമിച്ചില്ല.

ഫറയും മീരയും അവന്റെ വേദന കാണുമ്പോൾ കണ്ണീരൊഴുക്കി തിരിഞ്ഞ് നിൽക്കും.
കലങ്ങിയ കണ്ണോടെ.. പിടയുന്ന നെഞ്ചോടെ ക്രിസ്റ്റിയുടെ മുഖം മങ്ങിയപ്പോഴെല്ലാം ഫൈസി ഓരോ കോമഡി പറഞ്ഞു കൊണ്ടവനെ ചിരിപ്പിക്കാൻ ശ്രമിച്ചു..

പുലർച്ചെ എപ്പഴോ… ഫൈസി വേദന കുറഞ്ഞിട്ടു ഒന്നുറങ്ങി..

അപ്പോഴും അവന്റെ കയ്യിൽ തഴുകി.. ക്രിസ്റ്റി അവനരികിലെ കസേരയിൽ ഇരുപ്പുണ്ടായിരുന്നു..

❣️❣️

“കയറി വാ..”

ഷാനവാസ് ചിരിയോടെ ലില്ലിയെ നോക്കി.

“പേടിക്കേണ്ട.. ഞാനും ഉമ്മയും മാത്രമല്ല. അടുക്കളയിലും പുറത്തുമായി ധാരാളം ജോലിക്കാരുണ്ട്..”

പിന്നെയും അകത്തേക്ക് കയറാൻ വെപ്രാളപ്പെട്ടു നിൽക്കുന്ന ലില്ലിയെ നോക്കി അയാളത് പറയുമ്പോൾ അവൾ വിളറി പോയിരുന്നു.

സത്യത്തിൽ അത്രയും വലിയൊരു വീടിന്റെ പ്രൗടി കണ്ട് നോക്കി നിന്ന് പോയതായിരുന്നു അവൾ.

ഒരു രാത്രി മുഴുവനും.. അവളെയൊന്ന് കണ്ണടക്കാൻ കൂടി സമ്മതിച്ചു കൊടുക്കാതെ.. ശ്വാസം മുട്ടിച്ച ഷാനവാസിന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അവളുടെ അങ്ങോട്ടുള്ള ആ സന്ദർശനം.

ജീവിതത്തിൽ… ആകെയുലഞ്ഞു പോയൊരു അവസ്ഥയിൽ.. ജീവിതത്തിനും ജീവിക്കാനും ഒരു പ്രതീക്ഷയുണ്ടാക്കി തന്ന മനുഷ്യനാണ്.

അയാളുടെ സഹായം കൊണ്ട് മാത്രം കഴിഞ്ഞു കൂടിയ നാളുകളെ അവൾക്കൊരിക്കലും മറക്കാൻ കഴിഞ്ഞിരുന്നില്ല.

ഇത്രേം ചെറിയൊരു ആവിശ്യം പറഞ്ഞിട്ടും അത് അംഗീകരിച്ചു കൊടുത്തില്ലെങ്കിൽ.. കർത്താവ് പോലും പൊറുക്കില്ലെന്ന്.. ഹൃദയമാവളെ ഓർമപ്പെടുത്തി കൊടുത്തു.

“ഹേയ്.. എന്തോർത്തു നിൽകുവാ.. വരൂ ”

ഇത്തിരി മുന്നിൽ ചെന്നിട്ടാണ് ഷാനവാസ് വിളിക്കുന്നതെന്നറിഞ്ഞതും ലില്ലി ചമ്മലോടെ അയാളെ നോക്കി.

എന്നിട്ടാ പിറകിൽ നടന്നു.

“ഇതാണ് ഉമ്മാന്റെ ലോകം..”

അടഞ്ഞു കിടക്കുന്നൊരു വാതിലിന് മുന്നിൽ ചെന്നു നിന്നിട്ട് അയാൾ പറയുമ്പോൾ… ലില്ലിയൊന്ന് ചിരിച്ചു.

“കയറി വാ..”
ഹാന്റിൽ പിടിച്ചു വാതിൽ തുറന്നു അകത്തേക്ക് കയറി കൊണ്ടയാൾ വീണ്ടും വിളിച്ചു.

വിറക്കുന്ന കാലോടെ ലില്ലി അകത്തേക്ക് കയറി.

മനം മയക്കുന്നൊരു ഗാന്ധമാണ് ആദ്യം തന്നെ ഹൃദയം നിറച്ചത്.

അത്രയും വൃത്തിയോടെ അടുക്കി വെച്ചൊരു വലിയ മുറി..
ഒത്ത നടുവിൽ… വെളുത്ത ഷീറ്റ് വിരിച്ച വലിയൊരു കട്ടിലിൽ.. തളർച്ചയുണ്ടെങ്കിലും ഐശ്യര്യം നിറഞ്ഞൊരു മുഖം.

“ഉമ്മാ..”

പതിഞ്ഞ ആ ശബ്ദം… ഉമ്മായെന്ന് വിളിക്കുമ്പോൾ എന്തൊരു മധുരമാണ്..!

ലില്ലി ഷാനവാസിനെ നോക്കി കൊണ്ടോർത്തു..

ചുണ്ടുകൾക്കൊപ്പം ആ കണ്ണുകൾ കൂടി ചിരിക്കുന്നുണ്ടെന്ന് തോന്നി ലില്ലിക്ക്.

“ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കീം ഇങ്ങള് ”

ഷാനവാസ് അവരുടെ അരികിലെക്കിരുന്ന് കൊണ്ടത് പറയുമ്പോൾ ലില്ലിയുടെ ഹൃദയം പൊട്ടി തെറിക്കാൻ പാകത്തിന് മിടിച്ചു കൊണ്ടവളെ ഭയപ്പെടുത്തി…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button