Novel

നിലാവിന്റെ തോഴൻ: ഭാഗം 90

രചന: ജിഫ്‌ന നിസാർ

“ശാരിയുടെ മകളാണിവൾ..”
കാതിൽ ഈയമുരുക്കി ഒഴിച്ചത് പോലെ ഫൈസി പറഞ്ഞ വാക്കുകൾ വർക്കിയേ അസ്വസ്ഥതപ്പെടുത്തി.

ശാരിയുടെ മകൾ!

അങ്ങനൊരു ജന്മം ശാരിയുടെ ഉദരത്തിൽ കുരുത്തത് കൊണ്ട് മാത്രം കൊതി തീരാത്തെ വിട്ട് കളഞ്ഞതാണവളെ..താൻ.

ഇന്നും ഓർക്കുമ്പോൾ തന്റെ സിരകളെ ത്രസിപ്പിക്കാൻ കഴിവുള്ളവൾ..

ശാരി…

പ്രണയത്തിന്റെ അങ്ങേയറ്റം കാമമാണെന്ന് അവളെ പറഞ്ഞു മയക്കി.
ഒടുവിൽ.. താൻ അവളിൽ പാകിയ പ്രണയത്തിന്റെ വിത്തിന് ഉത്തരവാദിയാവുവാൻ മനസ്സില്ലാതെ അവളിൽ നിന്നും തിരിഞ്ഞു നടന്നു.
കുടുംബത്തിനും തനിക്കും വന്നു ചേരുന്ന അപമാനം ഭയന്ന് കൊണ്ടവൾ നല്ലൊരു തീരുമാനമെടുക്കുമെന്നും പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുമെന്നും മോഹിച്ച തന്നെ അത്ഭുതപ്പെടുത്തി കൊണ്ട്… കുന്നേൽ തറവാടിന് മുന്നിൽ ഒരു പെൺകുട്ടിയുടെ കയ്യും പിടിച്ചു വന്നിട്ടവൾ തന്നെ പിന്നെയും തോൽപ്പിച്ചു.

ആത്മാഭിമാനമുള്ളവളാണെന്ന് അങ്ങേയറ്റം ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് അന്നത്രയും അപമാനിച്ചു കൊണ്ടവളെ തിരികെ വിട്ടതും.അവളെന്നൊരാളെ അറിയില്ലെന്ന് കട്ടായം പറഞ്ഞത്.

ജീവനോളം വില അഭിമാനത്തിനും നൽകുന്ന ശാരി.. പിന്നീടൊരിക്കലും തന്നെ തേടിയവൾ വരില്ലെന്നുറപ്പായിരുന്നു.

ആ ഉറപ്പവൾ പാലിച്ചു.

അന്നിറങ്ങി പോയവളെ ക്രിസ്റ്റിയാണ് സംരക്ഷണം കൊടുത്തു ഇത്രേം കാലം കഴിഞ്ഞതെന്നുള്ള ഓർമയിൽ .. വർക്കി തീ പിടിച്ചത് പോലായിരുന്നു.

സ്വന്തം ആവിശ്യം നടക്കുന്നത് വരെയും മാത്രം ആവിശ്യമുള്ളവരെ ഓർത്തിരിക്കുക എന്ന കാര്യത്തിൽ വളരെയേറെ മിടുക്കുള്ളത് കൊണ്ട്.. അനേകം ശാരിമാരുണ്ടായിട്ടും അവരാരും തന്നെ തന്നെയൊരിക്കലും അസ്വസ്ത്ഥത പെടുത്തിയിട്ട.

“അവനാ പറഞ്ഞ… ശാരി ആരാ പപ്പാ?”
പെട്ടന്ന് വർക്കിയുടെ മുന്നിലേക്ക് കയറി നിന്ന് കൊണ്ട് റിഷിൻ ചോദിച്ചു.

വർക്കിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കൊണ്ടാണ് അവന്റെ നിൽപ്പ്.

“അത്…”

അവനോടെന്ത് പറയുമെന്നോർത്ത് വർക്കി പോയിരുന്നു.

“ആ… പറ പപ്പാ..”
അക്ഷമയോടെ റിഷിൻ വീണ്ടും അയാളെ നോക്കി.

“അത്.. അതൊക്കെയെന്തിനാ നീ അറിയുന്നത്..?ഭാരിച്ച കാര്യമൊന്നും അന്വേഷിച്ചു സമയം കളയാനില്ല റിഷിനെ. കാര്യങ്ങൾ കൈ വിട്ട് പോകുന്നത് പോലാണ്.. ആ കുത്ത് കൊണ്ടവൻ.. അറിയാലോ.. കുന്നേൽ ക്രിസ്റ്റി ഫിലിപ്പിന്റെ ഉയിരാണ്. അവനെന്തെങ്കിലും സംഭവിച്ചാൽ… നിന്റെ ഉയിരേടുക്കും ക്രിസ്റ്റി. ആ കാര്യത്തിൽ യാതൊരു സംശയവും നിനക്ക് വേണ്ട ”

പൊതുവെ ഭയന്ന് നിൽക്കുന്ന റിഷിൻ വർക്കിയുടെ ആ വാക്കുകൾ കൂടി കേട്ടതോടെ കാറ്റഴിച്ച ബലൂൺ പോലെ ചൂളി ചുരുങ്ങി.

സത്യത്തിൽ അത് തന്നെയായിരുന്നു വർക്കിയുടെ മനസ്സിലും.
ശാരിയെ കുറിച്ചവൻ ചോദിക്കുമ്പോൾ മീരയെ കുറിച്ചും… അവരെങ്ങനെ ക്രിസ്റ്റിയുടെ കയ്യിൽ വന്നുവെന്നതിനെ കുറിച്ചും പറയേണ്ടി വരും.

അവനോട് പറയാൻ കഴിയുന്ന ഒരുത്തരമോ ചോദ്യമോ അല്ല .. ശാരിയും മീരയും.

“പപ്പാ… പപ്പ പറഞ്ഞിട്ടല്ലേ ഞാൻ കുത്തിയത്?”

അയാളോട് ചോദിക്കാൻ ഉള്ളിൽ കരുതിയ ചോദ്യങ്ങളൊക്കെയും മറന്നിട്ട് റിഷിൻ അപ്പോഴോർത്തത് സ്വന്തം നിലനിൽപ്പ് മാത്രമായിരുന്നു.

“പറഞ്ഞെങ്കിൽ… അത് നല്ല വെടിപ്പായിട്ട് ചെയ്യണമായിരുന്നു. ഇതൊരുമാതിരി… അവനെയൊന്ന് പോറിയ പോലെ…”
വർക്കി അവനോടുള്ള അരിശം കടിച്ചമർത്തി.

റിഷിൻ ചക്രവ്യൂഹത്തിൽ പെട്ടത് പോലായി.

“ഇനി.. ഇനിയിപ്പോ എന്ത് ചെയ്യും പപ്പാ..?”വർക്കിയേ നോക്കി കൊണ്ടവൻ ചോദിച്ചു.

“നമ്മുക്കിനി ഒന്നും ചെയാനില്ലാല്ലോ?. ഇതെല്ലാം ചെയ്യാൻ പറഞ്ഞേൽപ്പിച്ചു പോയവനെ കാത്ത് ഇവിടിരിക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂർ കഴിഞ്ഞു…”

വീണ്ടും വർക്കിയുടെ പല്ലുകൾ ഞറിഞ്ഞമർന്നു.

“ഞാൻ.. ഞാനപ്പഴേപറഞ്ഞതാ.. അവൻ.. അവനാള് ശരിയല്ലെന്ന്.. പപ്പാ കേട്ടില്ല..”

റിഷിൻ വർക്കിയേ നോക്കി.

“ഞാനും മനസ്സോടെ അംഗീകരിക്കുന്നുവെന്നാണോ..?”

വെട്ടി തിരിഞ്ഞു കൊണ്ട് വർക്കി റിഷിനെ രൂക്ഷമായി നോക്കി.

“ഇനി… ഇനി ഇതല്ലാതെ എന്റേം നിന്റെം മുന്നിലൊരു വഴിയില്ല. പിടിച്ചു നിൽക്കാൻ അറക്കൽ ഷാഹിദ് കൂടെ ഉണ്ടായേ പറ്റൂ..”

ദേഷ്യത്തോടെ.. വർക്കി പതിയെ പറഞ്ഞു കൊണ്ട് റിഷിനെ നോക്കി.

❣️❣️

“നീ.. നീ എനിക്കൊപ്പം വാടാ ഫൈസി.. ഞാൻ നോക്കികൊള്ളാം… നമ്മുക്ക് ഒരുമിച്ച് കുന്നേൽ ബംഗ്ലാവിൽ കൂടാം.. അല്ലാതെ.. അല്ലാതെ.. എനിക്കൊരു.. സമാധാനം കിട്ടില്ലെടാ ”

കിടക്കയിൽ നിന്നിറങ്ങിയ ഫൈസിയുടെ കാലിനരികിലേക്ക് അവന്റെ ചെരുപ്പ് വെച്ച് കൊടുത്തു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“ഫൈസി ചിരിയോടെ അവനെയൊന്ന് നോക്കി.. ആ തോളിൽ പിടിച്ചു കൊണ്ട് ചെരിപ്പിട്ടു.

“മനസ്സ് കൊണ്ടപ്പോഴും ഞാൻ നിനക്കൊപ്പം തന്നെയാണല്ലോ ക്രിസ്റ്റി.രണ്ടൂസം.. അത് കഴിഞ്ഞു ഞാൻ നിന്റെ അരികിലേക്ക് തന്നെ വരുമല്ലോ … എനിക്കിനി കാണാൻ അവിടല്ലേയുള്ളത്..”

മീരയെ വെറുതെയൊന്നു പാളി നോക്കി കൊണ്ട് ഫൈസി അവസാനം ശബ്ദം കുറച്ചു പറഞ്ഞത് കേട്ടതും ക്രിസ്റ്റി അവനെ നോക്കി കണ്ണുരുട്ടി.

“എന്നായിനി പോവല്ലേ…?”
മുറിയിലേക്ക് വന്ന മുഹമ്മദ്‌ എല്ലാവരോടുമായി ചോദിച്ചു.

ക്രിസ്റ്റി തന്നെയാണ് ഫൈസിയെ പിടിച്ചു നടത്തിയത്.

പിന്നിൽ നടന്നു വരുന്നവളുടെ മങ്ങിയ മുഖം ഫൈസി കാണുന്നുണ്ടായിരുന്നു.

ഒരേ സമയം അതവനിൽ സന്തോഷവും സങ്കടവും നിറച്ചു.

ആയിഷയുടെ കയ്യിലെ കവറുകൾ വാങ്ങി ഡിക്കിയിലേക്ക് വെച്ചിട്ട് മുഹമ്മദ്‌ മീരയുടെ അരികിലെത്തി.

“ഈ പഹയന്റെ കയ്യിന്റെ കെട്ടൊന്നു അഴിച്ചിട്ട് .. ഉപ്പ വരുന്നുണ്ട് ട്ടോ.. മോളെ കൂട്ടാൻ ”

അവളുടെ തലയിലൊന്ന് തഴുകി കൊണ്ടയാൾ പറഞ്ഞതും മീരാ നിറഞ്ഞ കണ്ണോടെ ഫൈസിയെയാണ് നോക്കിയത്.
അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു.

“പോട്ടെ ടാ… ഇനി ഓടി പിടഞ്ഞു കൊണ്ടങ്ങോട്ട് വരാൻ നിക്കണ്ട. കൂട്ടുകാരനെ ഞങ്ങൾ നോക്കികൊള്ളാം. ഇയ്യ് പോയിട്ട് നന്നായി ഒന്നുറങ്ങി എണീക്ക്.. ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല ”

മുഹമ്മദ്‌ ക്രിസ്റ്റിയുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞിട്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

“വിഷമിക്കണ്ട ട്ടോ.. ഉമ്മ വിളിച്ചോളാം..”
മീരയുടെ കവിളിൽ തട്ടി പറഞ്ഞു കൊണ്ട് ആയിഷയും… ചിരിയോടെ മീരയോടും ക്രിസ്റ്റിയോടും യാത്ര പറഞ്ഞിട്ട് ഫറയും കാറിലേക്ക് കയറി.

“ബൈക്ക് ഇല്ലേ ടാ..?”
ഫൈസി ക്രിസ്റ്റിയെ നോക്കി ചോദിച്ചു.

“ആ…”
അവന് കയറാൻ മുന്നിലെ ഡോർ തുറന്നു കൊടുത്തു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

‘കൈ അനക്കാതെ സൂക്ഷിക്കണം കേട്ടോ… ”
ക്രിസ്റ്റി മങ്ങിയ മുഖത്തോടെ ഓർമ്മിപ്പിച്ചു.

“മ്മ്..”
ഫൈസി ചിരിയോടെ മൂളി.
കാറിലേക്ക് കയറും മുന്നേ ക്രിസ്റ്റിയുടെ പിന്നിൽ അവനെ നോക്കി നിൽക്കുന്ന മീരയുടെ നേരെ ഫൈസിയുടെ കണ്ണുകൾ നീണ്ടു.

“പോട്ടെ..”
നേർത്തൊരു ചിരിയോടെ അവൻ യാത്ര ചോദിച്ചു.

കണ്ണ് നിറച്ചു കൊണ്ട് തന്നെ അവൾ തലയാട്ടി.

❣️❣️

“എങ്ങോട്ടാടാ.. മൂട്ടിൽ തീ പിടിച്ചത് പോലെ..”
ഹോസ്പിറ്റലിൽ നിന്നും വന്നിട്ട്… മറിയാമ്മച്ചി നിർബന്ധിച്ചു കൊടുത്ത കഞ്ഞിയും കുടിച്ച്.. മുകളിലേക്ക് ഉറങ്ങാൻ പറഞ്ഞു വിട്ടവൻ… പത്തു മിനിറ്റ് കൊണ്ട് താഴേക്ക് തന്നെ ഓടിയിറങ്ങി വരുന്നത് കണ്ടതും.. മറിയാമ്മച്ചി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.

“അത്. പിന്നെ ഞാൻ കുളിക്കാൻ..”
ക്രിസ്റ്റി പെട്ടന്നൊരു ഉത്തരം കൊടുക്കാൻ കഴിയാതെ പരുങ്ങി.

“ലക്ഷങ്ങൾ മുടക്കി മുകളിലെ നിന്റെ മുറിയിൽ… അതിന്റെ പാതിയോളം വലുപ്പത്തിൽ പണിതിട്ടത് സ്റ്റേഡിയമൊന്നും അല്ലല്ലോ?”
നടുവിൽ കൈ കുത്തി നിന്നിട്ട് മറിയമ്മച്ചി വീണ്ടും ചോദിച്ചു.

“അല്ല… ആകെയൊരു.. മന്ദത.. ഞാനാ തോട്ടിലൊന്നു മുങ്ങി കുളിക്കാൻ..എന്നാ തണുപ്പാ…എന്നാ പവറാ ന്നറിയോ അതിലെ വെള്ളത്തിന് . ഒന്ന് മുങ്ങിയ സകല ക്ഷീണവും പോകും.പിന്നെ മഷിയിട്ട് നോക്കിയ കാണത്തില്ല ”

ക്രിസ്റ്റി ചിരിച്ചു കൊണ്ട് പറഞ്ഞു.

“ആരെ..?”

മറിയാമ്മച്ചി അവനെ നോക്കി..
“ക്ഷീണം…”
ക്രിസ്റ്റി ഇളിച്ചു കൊണ്ട് പറഞ്ഞു

“വെള്ളത്തിനു തന്നെ ആണോടാ മക്കളെ.. പവർ?”

ഒരാക്കി ചിരിയോടെ മറിയാമ്മച്ചി ചോദിച്ചു.

“അല്ലാതെ.. അല്ലാതെ പിന്നെന്നാത്തിനാ..?”
ക്രിസ്റ്റി നെറ്റി ചുളിച്ചു..

“എന്നാലേ… പൊന്നു മോൻ അധികമാ തണുപ്പ് കൊള്ളേണ്ട കേട്ടോ.. അത്.. അതത്ര നല്ലതല്ല..”
തിരിഞ്ഞു നടന്നു കൊണ്ട് മറിയാമ്മച്ചി പറഞ്ഞതും.. വീണ്ടും ക്രിസ്റ്റിയുടെ ഉള്ളിൽ സംശയങ്ങൾ നിറഞ്ഞു.

മറിയാമ്മച്ചിക്ക് എന്തൊക്കെയോ അറിയാമെന്നു അവനുള്ളം വീണ്ടും വീണ്ടും മുന്നറിയിപ്പ് കൊടുത്തുവപ്പോഴും.

കൂടുതലൊന്നും ചോദിക്കാൻ നില്കാതെ ധൃതിയിൽ അവനിറങ്ങി പോയിട്ടും മറിയാമ്മച്ചിയുടെ ചുണ്ടിലൊരു ചിരി ബാക്കിയുണ്ടായിരുന്നു.

❣️❣️

“എന്തൊരു കഷ്ടമാണ് പടച്ചോനെ…”

തന്റെ തോളിൽ മുഖം ചേർത്തിരിക്കുന്ന ക്രിസ്റ്റിയെ ഒന്നൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട്.. പാത്തു വേദനയോടെ പറഞ്ഞു.

അവന്റെ മുഖത്തുള്ള വേദന അവളെ അത്രമാത്രം നോവിക്കുന്നുണ്ടായിരുന്നു.

അവനൊന്നും മിണ്ടാതെ കണ്ണടച്ച് കൊണ്ടിരിപ്പാണ്.

“ഇച്ഛാ…”
ഏറെ നേരം കഴിഞ്ഞും ഒന്നും മിണ്ടാതെയിരിക്കുന്നവനെ ഹൃദയവേദനയോടെ പാത്തു വിളിച്ചു.

ഒരു നെടുവീർപ്പോടെ ക്രിസ്റ്റി അവളിൽ നിന്നും അകന്ന് മാറി.

“ഇങ്ങനെ.. ഇങ്ങനെ വേദനിക്കല്ലേ ഇച്ഛാ..കണ്ടിട്ടെനിക്ക് സഹിക്കാൻ വയ്യ..”
പാത്തു അവനെ നോക്കി.

“അവന്റെ വേദന എന്റേതും കൂടിയാണ് പാത്തോ.. പൊറുക്കി ചെറിയാൻ ചെറ്റയാണെന്ന് എനിക്കറിയാം. പക്ഷേ ഇങ്ങനൊരു മൂവ്മെന്റ്.. അത് ഞാനൊട്ടും പ്രതീക്ഷിച്ചില്ലടി .”
ക്രിസ്റ്റി തോട്ടിലേക്ക് നോക്കി കല്ലിച്ച മുഖത്തോടെ പറഞ്ഞു.

“സൂക്ഷിക്കണം.. അയാള്.. അയാൾ വെറുതെയിരിക്കില്ല ”
പാത്തു പേടിയോടെ പറഞ്ഞു.

“അറക്കലെ… ആ മഹാൻ അവിടുണ്ടോ?”
ക്രിസ്റ്റി അവളോട് ചോദിച്ചു.

“ഇന്നലെ മുതൽ ഞാൻ കണ്ടിട്ടില്ല. ”

പാത്തു പറഞ്ഞത് കേട്ടതും ക്രിസ്റ്റിയൊന്ന് അമർത്തി മൂളി.

എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവന്റെ മുഖം.

മനസ്സും ശരീരവും ഒരുപോലെ ക്ഷീണിച്ചത് കൊണ്ട് തന്നെ ക്രിസ്റ്റി പിന്നെ അധികനേരം അവിടെ ഇരുന്നില്ല.

ഹോസ്പിറ്റലിൽ നിന്നും വന്നിട്ട് കിടക്കാൻ തുടങ്ങിയപ്പോഴാണ് പാത്തു വിളിച്ചത്.

സ്വരം മാറിയത് കൊണ്ടായിരിക്കും…വയ്യേ ന്ന് ചോദിച്ചു.

ഉണ്ടായത് ചുരുക്കി പറഞ്ഞു കേൾപ്പിച്ചതും പെണ്ണിന് പിന്നെ കാണാതെ വയ്യെന്നായി.

അങ്ങനെ ഇറങ്ങി ഓടി വന്നതാണ്.

അത്രത്തോളം തകർന്നൊരു അവസ്ഥയിലാണ് അവനെന്നറിഞ്ഞതും പാത്തു പിന്നെ അവനെ അവിടിരിക്കാൻ നിർബന്ധിച്ചതുമില്ല.

“ഒന്നുറങ്ങി എണീറ്റ പാതി ശെരിയാവും.. ഞാൻ വിളിക്കാം നിന്നെ..”

തിരിച്ചു പോകും മുന്നേ ക്രിസ്റ്റി പാത്തുവിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

“എനിക്കറിയാം ഇച്ഛാ…”
നേർത്തൊരു ചിരിയോടെ അവൾ പറഞ്ഞു.

“പോയിക്കോ.. ന്നാ.”
അവളുടെ നെറ്റിയിലൊന്ന് നെറ്റി മുട്ടിച്ചു കൊണ്ടവൻ പറഞ്ഞു.

തിരിഞ്ഞു നോക്കി.. നോക്കി അവളാ കുന്ന് കയറി മറഞ്ഞിട്ടാണ് ക്രിസ്റ്റി തിരിഞ്ഞു നടന്നത്.

അടുക്കള വശത്തു കൂടി കയറിയാൽ വീണ്ടും മറിയാമ്മച്ചിയുടെ ചോദ്യങ്ങളെ നേരിടേണ്ടി വരുമെന്ന് ഭയന്നു കൊണ്ടവൻ ചുറ്റി വളഞ്ഞിട്ട് മുൻ വശത്തേക്ക് ചെന്നു.

വാതിൽ തുറന്നു അകത്തു കയറും മുന്നേ.. മുറ്റത്തേക്കൊരു വണ്ടി ഇരച്ചു കയറി വരുന്നത് കണ്ടതും അവൻ തിരിഞ്ഞു നോക്കി..

പോലീസ്…

ക്രിസ്റ്റിയുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button