Novel

നിലാവിന്റെ തോഴൻ: ഭാഗം 94

രചന: ജിഫ്‌ന നിസാർ

പിന്നിൽ നിന്നും വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഷാഹിദ് തിരിഞ്ഞു നോക്കി.

കല്ലിച്ച മുഖത്തോടെ കയറി വന്നത് ഫാത്തിമയാണെന്നറിഞ്ഞതും അവന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു.

“എന്താണ് ഫാത്തിമ.. ഈ വഴി?”
അവൾക്ക് മുന്നിലേക്ക് നിന്നിട്ട് നെഞ്ചിൽ കൈ കെട്ടി കൊണ്ട് അവൻ ചോദിച്ചു.

അവനിൽ നിന്നുള്ള നോട്ടം ഞൊടിയിട പോലും മാറ്റാതെ ഫാത്തിമ വാതിൽ ചാരിയിട്ട് ആ മുന്നിൽ പോയി നിന്നു.

“ഗൗരിയെ നിങ്ങൾ എന്താ ചെയ്തത്?”
യാതൊരു മുഖവുരയുമില്ലാതെ ഫാത്തിമ ചോദിക്കുമ്പോൾ ഒരു നിമിഷം അവളെയൊന്ന് നോക്കിയിട്ട് ഷാഹിദ് ഉറക്കെ പൊട്ടിച്ചിരിച്ചു.

യാതൊരു ഭാവഭേദവുമില്ലാതെ ഫാത്തിമ അവനെ തന്നെ നോക്കി നിന്നു.

“പ്രിയപ്പെട്ടവനെ അകത്താക്കിയതിന്റെ പ്രതികാരം ചെയ്യാൻ വന്നതാണോ ഫാത്തിമ നീ?”
വീണ്ടും അവൻ ഉറക്കെ ചിരിച്ചു.

അവന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കിയതല്ലാതെ ഫാത്തിമ അതിനുത്തരമൊന്നും പറഞ്ഞില്ല.

“നീയും അവനും കൂടി എന്നെ വിഡ്ഢിയാക്കാമെന്ന് കരുതിയോ.. ഏഹ്?”
നിമിഷങ്ങൾ കൊണ്ടവന്റെ ഭാവം മാറി.

ആ കണ്ണിൽ പക കനൽ പോലെ ജ്വലിക്കുന്നത് ഫാത്തിമ കാണുന്നുണ്ടായിരുന്നു.

“അതിനുള്ള സമ്മാനം കൂടിയാണെന്ന് കരുതിക്കോ നീ.. അവനിനി പുറം ലോകം കാണില്ല. നീയും.ഈ ഷാഹിദിന്റെ കാൽ ചുവട്ടിൽ തീരും രണ്ടും.”
ദേഷ്യത്തോടെ ഷാഹിദ് അവൾക്ക് നേരെ വിരൽ ചൂണ്ടിയതും ഫാത്തിമ പതിയെ ചിരിച്ചു.

“എങ്കിൽ എന്റെ പേരിലുള്ള സ്വത്തുക്കൾ സ്വന്തമാക്കാനുള്ള മോഹം.. അത് നിങ്ങളും ഉപേക്ഷിക്കേണ്ടി വരും ”

ആ കണ്ണിലേക്കു നോക്കി പറയുമ്പോൾ ഷാഹിദ് ഞെട്ടി തരിച്ചത്‌ ഫാത്തിമ കണ്ടറിഞ്ഞു.

“നിങ്ങളെന്താ കരുതിയത്.. ഇങ്ങനൊരു കാര്യം.. അത് എനിക്കറിയില്ലന്നോ?”
വീണ്ടും വെല്ലുവിളി പോലെ ചോദിച്ചു കൊണ്ടവൾ ഷാഹിദിനു നേരെ നോക്കി.

അവൾക്കൊരു ഉത്തരം കൊടുക്കാൻ കഴിയാത്ത വിധം നടുക്കത്തിലാണ് ഷാഹിദ്, ആ വെളിപ്പെടുത്തലിനു മുന്നിൽ.

“എല്ലിൻ കഷ്ണത്തിനു പിറകെ നായ കൂടുന്നത് പോലെ.. എന്റെ പേരിലുള്ള കാശ് കണ്ടിട്ട് തന്നെയാണ് നിങ്ങളും ഇവിടുള്ള നിങ്ങളുടെ ശിങ്കിടികളും എനിക്ക് പിറകെ കൂടിയതെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാനും കളിക്കാനിറങ്ങിയത് ”

മനോഹരമായൊരു ചിരിയോടെ ഫാത്തിമ പറയുമ്പോൾ ദേഷ്യം നിയന്ത്രണം വിട്ടത് പോലെ ഷാഹിദ് അവൾക്ക് നേരെ കുതിച്ചു.
“എനിക്കെന്ത് സംഭവിച്ചാലും നിങ്ങൾക്കാ കാശ് കിട്ടില്ല. അത് മറക്കരുത്. ”
പിന്നിലേക്ക് നീങ്ങി കൊണ്ട് ഫാത്തിമ പറഞ്ഞതും പിടിച്ചു കെട്ടിയത് പോലെ ഷാഹിദ് നിന്ന് പോയി.

ഇത് വരെയും കൊതിയോടെ കാത്ത് കാത്തിരുന്നിട്ട് ഇനിയത് കൈമോശം വരികയെന്നതിനെ പറ്റി അവനോർക്കാൻ കൂടി വയ്യായിരുന്നു.

“എനിക്കാ കാശ് വേണമെന്നില്ല. ഞാനത് മോഹിച്ചിട്ടുമില്ല. പക്ഷേ…”
കൗശലത്തോടെ ഫാത്തിമ വീണ്ടും അവന്റെ അരികിലെത്തി..

“ഗൗരിക്ക് എന്തെങ്കിലും പറ്റിയാൽ.. അത് മൂലം ന്റെ ഇച്ഛാ ജയിലിൽ കുരുങ്ങി പോയാൽ.. ഇത് കണ്ടോ”
കയിലുള്ള ചെറിയൊരു കുപ്പി ഫാത്തിമ അവന് നേരെ പൊക്കി കാണിച്ചു.

“പെയ്സൻ… ഒരൊറ്റ തുള്ളി കൊണ്ട് ഞാൻ എന്നെ തന്നെ ഇല്ലാതാക്കി കളയും. ആർക്കും കിട്ടാതെ കോടികൾ വെറുതെ..”

“നിനക്ക്.. നിനക്കെന്ത് വേണം ”

അവൾ പറഞ്ഞു മുഴുവനാക്കും മുന്നേ.. ഷാഹിദ് വെപ്രാളത്തോടെ ചോദിച്ചു.

കാശിനോട് അവൾക്ക് മോഹമില്ലെന്ന് വളരെ മുന്നേ തന്നെ അവന് തോന്നിയതാണ്.

അത് കൊണ്ട് തന്നെ ആ പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ലായിരുന്നു.
ഇച്ഛാശക്തിയുള്ളവളാണ്. പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്തു കളയൂമെന്നുറപ്പാണ്.

“എനിക്കെന്റെ ഇച്ഛയെ വേണം..”
ഒട്ടും പതറാതെ ഫാത്തിമ പറയുമ്പോൾ ഷാഹിദ് അവളുടെ കണ്ണിലേക്കു നോക്കി.

“ഗൗരിയെ തിരികെ അവളുടെ വീട്ടിലെത്തിക്കണം.”
വീണ്ടും ഫാത്തിമ ആവിശ്യപ്പെട്ടു.

ഷാഹിദ് സഹിക്കാൻ കഴിയാത്ത അരിശത്തോടെ അവളിൽ നിന്നും തിരിഞ്ഞു നിന്നു.

ഗൗരിയെ പിടിച്ചു കൊണ്ട് പോകുമ്പോൾ.. കോളനിക്കർ, അവൾക്കൊന്നും വരില്ലെന്നുറപ്പ് കൊടുത്ത ക്രിസ്റ്റിയുടെ നേരെ തിരിയുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു.

അതിന് വേണ്ടി തന്നെയാണ് കോളനിക്കാരുടെ പ്രതിനിധികളായി തന്റെ ആളുകളെ ക്രിസ്റ്റിയുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടതും.

പരസ്പരം തമ്മിൽ തല്ലി… അതിനിടയിൽ കൂടി തന്റെ പ്ലാൻ നടത്തിയെടുക്കാം എന്ന് കരുതിയിരുന്നു.

ക്രിസ്റ്റിക്കെതിരെ തിരിഞ്ഞില്ലെന്നത് പോട്ടെ.. ക്രിസ്റ്റിയെ രക്ഷിക്കാൻ വേണ്ടി അവർ ഏതറ്റം വരെയും പോകുമെന്ന് വരെയും തോന്നി പോയി.

“എന്ത് പറയുന്നു.. മിസ്റ്റർ ഷാഹിദ് അറക്കൽ. എനിക്കൊരു ഉത്തരം വേണം ”

പിന്നിൽ നിന്നും ഫാത്തിമയുടെ കടുപ്പത്തിലുള്ള സ്വരം.
അവളുടെ മുഖം നോക്കി നാല് കൊടുക്കാൻ തോന്നിയത് ഷാഹിദ് പണിപ്പെട്ടു കൊണ്ടടക്കി പിടിച്ചു.

സൂക്ഷിച്ചു വേണം ഇനിയുള്ള കളികൾ.

പന്തിപ്പോൾ അവളുടെ കയ്യിലാണ്.

പൂർണമനസ്സോടെ.. ഒരു രെജിസ്റ്റർക്ക് മുന്നിൽ അവളൊപ്പിട്ട് കൊടുത്താൽ മാത്രം കയ്യിൽ വരുന്ന കോടികൾ..

അതവന്റെ സമനില തെറ്റിക്കാൻ മാത്രം വലുതായിരുന്നു.

“ഗൗരിയെ ഞാൻ റിലീസ് ചെയ്യും. പക്ഷേ.. നീ എനിക്കത് പൂർണ മനസ്സോടെ ഒപ്പിട്ട് തന്നതിന് ശേഷം മാത്രമേ ക്രിസ്റ്റി ഫിലിപ്പിനെ പുറത്തിറക്കാൻ കഴിയൂ..”

കൗശലത്തോടെ.. ഷാഹിദ് പറയുമ്പോൾ ഫാത്തിമ ഒന്ന് പതിയെ ചിരിച്ചു.

“സമ്മതിച്ചു.. ആദ്യം നീ ഗൗരിയെ വീട്ടിലെത്തിക്ക്. ബാക്കി വഴിയേ..”

അത് പറഞ്ഞു കൊണ്ടവൾ തിരിഞ്ഞു.

“ഒന്ന് നിന്നെ…”
പിന്നിൽ നിന്നും ഷാഹിദ് വിളിക്കുമ്പോൾ ഫാത്തിമ വീണ്ടും അവന് നേരെ തിരിഞ്ഞു.

“എന്നെ പറ്റിക്കാം എന്ന് വല്ല മോഹവുമുണ്ടെങ്കിൽ ഓർത്തോ.. നിന്റെ മറ്റവനില്ലേ.. അവൻ പിന്നെ ജീവനോടെ ഉണ്ടാവില്ല. അറിയാലോ നിനക്കെന്നെ…”
ഷാഹിദ് അവളുടെ നേരെ നോക്കി പറഞ്ഞു.

‘എന്റെ ഉപ്പാന്റെ പേര്.. അറക്കൽ സലിം എന്നാണ്. ”

ചെറിയൊരു ചിരിയോടെ ഫാത്തിമ പറയുമ്പോൾ അവന്റെ മുഖം വീണ്ടും കടുത്തു.

“ഇന്നൊരു ദിവസം മാത്രം നിങ്ങൾക്ക് മുന്നിലുണ്ട്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഗൗരിയുടെ കാര്യത്തിലൊരു തീരുമാനമുണ്ടാക്കിയില്ലെങ്കിൽ.. ആ കാശിന്റെ കാര്യം നിങ്ങൾ മറന്നേക്കണം. കൂട്ടത്തിൽ എന്നെയും ”
കയ്യിലുള്ള ആ ചെറിയ കുപ്പി വീണ്ടും ഉയർത്തി കാണിച്ചു കൊണ്ടവൾ വീണ്ടും ചിരിയോടെ പറഞ്ഞു.

ഒരക്ഷരം പറയാതെ നിൽക്കുന്ന ഷാഹിദിന് മുന്നിൽ നിന്നും അവൾ തിരിച്ചിറങ്ങി..

❣️❣️

ക്രിസ്റ്റിയുടെ റൂമിലെ ഷെൽഫിൽ നിന്നും അവൻ പറഞ്ഞു കൊടുത്ത രേഖകൾ എടുക്കാൻ ഫൈസിയെ സഹായിച്ച് കൊണ്ട് മീരയും ഉണ്ടായിരുന്നു.കഴിഞ്ഞ കുറെ ദിവസങ്ങളായിട്ട് അവൻ കണ്ട് പിടിച്ച കുറെയേറെ തെളിവുകാണ് അവയിലെ ഓരോ പേപ്പറും.
അവനെല്ലാം മുൻകൂട്ടി കണ്ടത് പോലെ പ്ലാൻ ചെയ്തു വെച്ചിരുന്നു.

“ഇതൊക്കെ… വേറൊരു ഫയലിലാക്കി താ ”
അവയിൽ ആവിശ്യമുള്ളതെല്ലാം ശ്രദ്ധയോടെ തിരഞ്ഞെടുത്തു കൊണ്ട് ഫൈസി മീരയുടെ നേരെ നീട്ടി.

തലയാട്ടി കൊണ്ട് അവൾ അതെല്ലാം മറ്റൊരു ഫയലിൽ അടുക്കി.

ശേഷം കിടക്കയിൽ ചിതറി കിടന്നിരുന്ന ബാക്കി പേപ്പർസെല്ലാം ക്രിസ്റ്റി എടുത്തു വെച്ചത് പോലെ തന്നെ.. ശ്രദ്ധയോടെ അടുക്കിയിട്ട് തിരികെ ഷെൽഫിലേക്ക് തന്നെ വെച്ച് പൂട്ടി.

ഫൈസി അപ്പോഴും താഴേക്ക് നോക്കി… എന്തോ ചിന്തിച്ചു കൊണ്ടിരിപ്പാണ്.

മീരാ മുന്നിൽ വന്നു നിന്നതൊന്നും അവനറിയുന്നുണ്ടായിരുന്നില്ല.

“ഫൈസിക്കാ…”
അവൾ വിളിച്ചിട്ടും യാതൊരു കുലുക്കവുമില്ല.

മീരാ പതിയെ അവന്റെ തോളിൽ കൈ വെച്ചു.

ഫൈസി ഞെട്ടിയത് പോലെ അവളെ നോക്കി.

തൊട്ടരികിൽ നിൽക്കുന്ന അവളെ നോക്കി അവൻ പതിയെ ചിരിച്ചു.

“കൈ.. കൈ വേദനയുണ്ടോ?”
മീരാ വേദന നിറഞ്ഞ മുഖത്തോടെ ചോദിച്ചു.

“ചെറുതായി…”
അത് പറഞ്ഞിട്ട് അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു.

കയ്യിലുള്ള ഫയൽ മീരാ അവന് നേരെ നീട്ടി.

അത് വാങ്ങി കൊണ്ട് ഫൈസി എഴുന്നേറ്റു.

“ഇച്ഛാ… ഇച്ഛയെപ്പഴാ വരുന്നത്?”
കണ്ണ് നിറച്ചു കൊണ്ട് മീരാ ചോദിച്ചു.

“ഞാൻ.. ഞാനെന്താ മീരാ നിന്നോട് പറയേണ്ടത്?”
നിസ്സഹായതയോടെയുള്ള അവന്റെ മറുചോദ്യം!

“കഴിവിന്റെ പരമാവധി അവനെയിറക്കി കൊണ്ട് വരാൻ ഞാൻ ശ്രമിക്കുന്നുണ്ട് ”

വേദന നിറഞ്ഞ സ്വരത്തോടെ ഫൈസി പറഞ്ഞു.

മീരാ ഒന്നും പറയാതെ മുഖം കുനിച്ച.

ഫൈസി കയ്യിലുള്ള ഫയൽ കിടക്കയിലേക്ക് തന്നെ വെച്ചിട്ട് അവളുടെ അരികിൽ പോയി നിന്നു.

ഒരു കൈ കൊണ്ട് പതിയെ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

“കരയല്ലേ… അവനിങ്ങു വരും ”

പതിയെ അവളുടെ തോളിൽ തഴുകി കൊണ്ട് പറയുമ്പോൾ… ഒരാശ്രയം പോലെ അവൾ അവനിലേക്ക് ചേർന്നു നിന്നിരുന്നു…

❣️❣️

തിരികെ മുറിയിലെത്തിയിട്ടും പാത്തുവിന്റെ കിതപ്പും വിറയലും മാറിയിട്ടില്ല.

ഭയവും സങ്കടവും.. ഇനിയെന്ത് സംഭവിക്കുമെന്നുള്ള ടെൻഷനും കൊണ്ട് അവളാകെ വല്ലാത്തൊരു മാനസികവസ്ഥയിലായിരുന്നു.

ഫൈസി ധൈര്യം പകരുമ്പോഴും.. ഷാഹിദിനു മുന്നിൽ പോയി നിന്നിട്ടത്രയും പറയാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല.

“ക്രിസ്റ്റിയെ രക്ഷപെടുത്തിയെടുക്കാൻ മറ്റൊരു വഴിയുമില്ല. വൈകുന്ന ഓരോ നിമിഷവും ഗൗരിയുടെ ജീവനും അവന്റെ തിരിച്ചിറങ്ങലും കൂടുതൽ പ്രതിസന്ധികൾ നിറഞ്ഞതാകുമെന്ന് ഫൈസി വീണ്ടും വീണ്ടും പറയുമ്പോൾ.. ഉള്ളിലേക്ക് പിന്നെയൊരു ഭയവും കടന്നു വന്നില്ല.

ഒരുപാട് പ്രശ്നങ്ങൾക്കിടയിലും പ്രാണനെ പോലെ.. തന്നെ ചേർത്ത് പിടിച്ചവൻ. തന്റെ പ്രശ്നങ്ങളിൽ തന്നേക്കാൾ വേദനിച്ചവൻ.. അവന് വേണ്ടിയെന്തും ചെയ്യുമെന്ന് സ്വയം പറഞ്ഞു.. പ്രവർത്തിച്ചു.

കാശിനോടുള്ള ആർത്തി.. ഷാഹിദ് മറ്റൊന്നും ചിന്തിച്ചു സമയം കളയില്ലെന്നുറപ്പുണ്ട്.

ലക്ഷങ്ങളല്ല. കയ്യിൽ വന്നു ചേരാനുള്ളത് കോടികളാണ്.

അതിന് വേണ്ടി അവനും എന്തും ചെയ്യും.

പാത്തുവിന്റെ മുഖം വലിഞ്ഞു മുറുകി.

തന്നോട് ആവിശ്യപെട്ടത് പോലെ ചെയ്തിട്ടുണ്ട്.

ബാക്കിയെല്ലാം ക്രിസ്റ്റീയും ഫൈസിയും നോക്കിക്കോളൂമെന്നാണ് അവളെ അറിയിച്ചിട്ടുള്ളത്.

പൂർണ സമ്മതത്തോടെ.. ഒപ്പിട്ട് നൽകുക എന്നൊരു ഓപ്ഷൻ ഇല്ലായിരുന്നുവെങ്കിൽ.. ഷാഹിദ് തന്നെ ജീവനോടെ വെക്കില്ലെന്നുറപ്പുണ്ട്.

ഇതിപ്പോ താൻ പറയുന്നത് അനുസരിക്കുകയല്ലാതെ.. ആ കാശ് കൈയ്യിലാക്കാൻ അവന് മുന്നിൽ വേറൊരു വഴിയുമില്ല.

എങ്കിലും അവനെ ഭയക്കണം.

ചിന്തിക്കുന്നതൊന്നും.. പ്രവർത്തിക്കുന്നത് മറ്റൊന്നുമാണെന്ന് അനേകം പ്രാവശ്യം തെളിയിച്ചു തന്നവനാണ്.

നേരിയൊരു ആശ്വാസം തോന്നിയതും.. പാത്തു ഫൈസിയുടെ നമ്പർ ഡയൽ ചെയ്തു..

❣️❣️

“അല്ല സർ.. ഇത്രേം കഷ്ടപ്പെട്ടു ഇവിടെ വരെയും എത്തിച്ചിട്ട് പെട്ടന്ന് റിലീസ് ചെയ്യുകയെന്ന് പറയുമ്പോൾ.. ഇനി ഇത് പോലൊരു അവസരം നമ്മുക്ക് കിട്ടില്ല ”

ഫോണിൽ കൂടി ആന്റണി പറയുന്നത് കേട്ടതും ഷാഹിദ് പല്ലുകൾ കടിച്ചു പിടിച്ചു.
“താൻ എന്നെ പഠിപ്പിക്കാൻ വരേണ്ട. എന്ത് വേണമെന്ന് എനിക്കറിയാം. ഇപ്പൊ ഞാൻ പറയുന്നത് അനുസരിക്കുക.. ഒന്നും കാണാതെ ഞാൻ വെറുതെയൊന്നും പറയില്ലെന്ന് തനിക്കറിയില്ലേ..?”

അങ്ങേയറ്റം പരുഷമായ സ്വരത്തിൽ അതും പറഞ്ഞു കൊണ്ടവൻ ഫോൺ കട്ട് ചെയ്തു.

ദേഷ്യം കൊണ്ട് നീറി പുകയുന്നുണ്ട് അവന്റെ ഉള്ള് മുഴുവനും.

ക്രിസ്റ്റീയും അവളും തമ്മിൽ പ്രണയമുണ്ടെന്നല്ലാതെ.. ഫാത്തിമക്ക് ഈ കാശിന്റെ കാര്യം അറിയാമെന്നു സ്വപ്നത്തിൽ കൂടി കരുതിയിട്ടില്ല അവൻ.

പെട്ടന്ന് അവൾക്കെല്ലാം അറിയാമെന്നും.. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഇവിടെ നിൽക്കുന്നതെന്നും അറിഞ്ഞതിന്റെ ഷോക്ക്..

അവനെ പോലൊരു ദരിദ്രവാസിക്ക് വേണ്ടിയാണല്ലോ.. അവളിത്രേം വലിയൊരു തുക പുല്ലുപോലെ വലിച്ചെറിഞ്ഞു കളയുന്നതോർത്തതും അവനിൽ ഒരു പുച്ഛചിരി ഉണ്ടായിരുന്നു.

അതെന്റെ കയ്യിലൊന്ന് വന്നു ചേരട്ടെ… ബാക്കി കളികൾ പിന്നെയല്ലേ..”

ക്രൂരത നിറഞ്ഞ മുഖത്തോടെ അവനപ്പോഴും പറയുന്നുണ്ടായിരുന്നു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button