നിലാവിന്റെ തോഴൻ: ഭാഗം 96
രചന: ജിഫ്‌ന നിസാർ
എന്താണ് സംഭവിക്കുന്നതെന്നറിയില്ലേലും അറക്കലെ എല്ലാവരും താഴെയുണ്ടായിരുന്നു.
സഫിയാത്തയും മഞ്ജുവും വരെ വാതിൽക്കൽ നിന്നും ഉദ്വെഗത്തോടെ നോക്കുന്നതിനിടയിൽ കൂടി നടക്കുമ്പോൾ, എത്ര ശ്രമിച്ചിട്ടും പാത്തു അടിമുടി വിറക്കുന്നുണ്ടായിരുന്നു.
നെഞ്ച് മിടിക്കുന്നത് പുറത്ത് കേൾക്കാവുന്നത്രേം ശബ്ദമുണ്ടോയെന്നവൾ പേടിച്ചു.
കൈകൾ ചുരിദാറിന്റെ ഷാളിൽ മുറുകെ പിടിച്ചിട്ടുണ്ട്.
എതിരെ നിൽക്കുന്ന ഷാഹിദ് തന്നെ സൂക്ഷിച്ചു നോക്കി നിൽപ്പാണെന്ന് മുഖം ഉയർത്തി നോക്കിയില്ലങ്കിൽ കൂടിയും അവൾക്കറിയാൻ കഴിഞ്ഞിരുന്നു.
അവൻ മാത്രമല്ല.
താഴെ കൂടിയ എല്ലാവരുടെയും കണ്ണുകൾ അവളിറങ്ങി വന്ന നിമിഷം മുതൽ അവളിൽ മാത്രമാണ്.
ഹമീദും നിയാസും കൂടെ കൂടെ നോക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടും ഷാഹിദ് ആ ഭാഗത്തേക്ക് പോലും നോക്കിയില്ല.
“എന്താണ് ഇവിടെ നടക്കുന്നതെന്ന് “അവരുടെ പല തവണയായുള്ള ചോദ്യം പോലും അവൻ അവഗണിച്ചു.
ഇത്രേം കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാമെങ്കിൽ.. ഇനിയാ കാശ് പങ്കിടാൻ അവനൊരുക്കമായിരുന്നില്ല.
പാത്തു കൈ പിടിയിൽ ഒതുങ്ങും വരെയും.. പാതി തരാമെന്നുള്ള മോഹന വാക്ധാനത്തിൽ തനിക്കൊപ്പം നിന്നവരാണെന്ന് കൂടി അവനപ്പോൾ മനോഹരമായി മറന്നു കളഞ്ഞിരുന്നു.
എത്രയൊക്കെ ചോദിച്ചിട്ടും അവനൊന്നും വിട്ട് പറയാത്തതിന്റെ കലിപ്പ് ഏട്ടന്റെയും അനിയന്റെയും മുഖത്തു നിറയെ കല്ലിച്ചു കിടപ്പുണ്ട്.
എതിരെയുള്ളവനോടുള്ള ഭയമായിരുന്നു… അതങ്ങനെ വാക്കുകളിലേക്ക് പടരാതെ മുഖത്തു മാത്രം നിലയുറപ്പിച്ചതും.
പിശാചിനെ വെല്ലുന്ന ക്രൂരത കയ്യിലുള്ളവനാണ്.
സ്വന്തവും ബന്ധവുമൊന്നും അവന്റെ വഴിയിലെ തടസ്സങ്ങളല്ലെന്നു അനേകം തവണ തെളിയിച്ചവനോട് ഏറ്റു മുട്ടാൻ അവർ സമ്പാദിച്ച ധൈര്യവും പോരായിരുന്നു.
“ഇതാണോ ഫാത്തിമ സലാം?”
തൊട്ടരികിൽ നിന്നൊരു ഗൗരവത്തോടെയുള്ള ചോദ്യം കേട്ടതും പാത്തു മുഖം ഉയർത്തി നോക്കി.
നിറഞ്ഞ ചിരിയോടെ ചെറുപ്പകാരനായ ഒരാൾ.
അയാൾക്ക് മുന്നിൽ നിവർത്തി വെച്ച വലിയ.. തടിച്ചൊരു ബുക്ക്.
രെജിസ്റ്റാർ ആയിരിക്കാം അതെന്ന് അവൾ ഊഹിച്ചു.
വീണ്ടും ഇടനെഞ്ചിൽ കൂടി മിന്നി മായുന്ന ഭയം.
“എന്റെ പേര് അലക്സ് ജോൺ “മനോഹരമായൊരു ചിരിയോടെ അയാൾ സ്വയം പരിചയപ്പെടുത്തി.
പാത്തു നേർത്തൊരു ചിരിയോടെ തലയാട്ടിയതല്ലാതെ ഒന്നും മിണ്ടിയില്ല.
“ഇതിൽ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണല്ലോ , അല്ലേ ഫാത്തിമ..?”അലക്സ് ജോൺ വീണ്ടും ചിരിയോടെ പാത്തുവിനെ നോക്കി.
അവളുടെ കണ്ണുകൾ ഒരുവേള ഷാഹിദിന്റെ നേരെയെത്തി.
അവന്റെ കണ്ണിൽ വല്ലാത്തൊരു ഭാവം.
അതവളെ കൂടുതൽ തളർത്തി.
“ഇരിക്കൂ..”
അയാൾക്ക് മുന്നിലുള്ള കസേരയിലേക്ക് ചൂണ്ടി വീണ്ടും അലക്സ് ജോൺ പറയുമ്പോൾ, പാത്തു വീണ്ടും ഷാഹിദിനെ തിരിഞ്ഞു നോക്കി.
ഇരിക്കാൻ പറയും പോലൊരു ആക്ഞ്ഞ അവന്റെ മുഖം നിറയെ നിറഞ്ഞു നിന്നിരുന്നു.
“ഫാത്തിമ ഇരിക്കൂ ”
അവൾ അതേ നിൽപ്പ് തുടർന്നത് കണ്ടിട്ടാണ് അയാൾ വീണ്ടും ആവിശ്വപ്പെട്ടത്.
നേർത്തൊരു മന്ദഹസത്തോടെ പാത്തു കസേരയിൽ ഇരുന്നു.
“ഫാത്തിമ പൂർണ മനസ്സോടെയും സമ്മതത്തോടെയുമല്ലേ ഈ തീരുമാനം?”
വീണ്ടും അയാൾ അവളെ നോക്കി.
“അതേ..”
ഇപ്രാവശ്യം ഭയമൊന്നുമില്ലാതെ അങ്ങേയറ്റം ശാന്തമായി അവളത് പറഞ്ഞു കേട്ടതും ഷാഹിദ് ചെറിയൊരു ചിരിയോടെ താടി തടവി.
“ശരി.. എങ്കിൽ ഒപ്പിടു..”
അവൾക്ക് നേരെ ബുക്ക് തിരിച്ചു വെച്ച് കൊടുത്തു കൊണ്ടയാൾ പേന നീട്ടി.
ചിരിയോടെ തന്നെ അവളത് കൈ നീട്ടി വാങ്ങി.
ദാ ഇവിടെ.. ”
അയാൾ ഒപ്പിടേണ്ട സ്ഥലം വിരൽ വെച്ച് കാണിച്ചു കൊടുത്തു.
“പടച്ചോനെ.. ന്റെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ട് ഒറ്റക്കൊരു തീരുമാനമെടുത്തതാണ്.. എനിക്കറിയാം ഞാൻ ഉദ്ദേശിച്ചത്തിലും മനോഹരമായി തീരും ഇതെന്ന്.. കാത്ത് കൊള്ളണമേ..”
ഒപ്പിടും മുന്നേ അവൾ പതിയെ കണ്ണടച്ച് കൊണ്ട് മൊഴിഞ്ഞു.
ഷാഹിദ് നെഞ്ചിടിപ്പോടെ അവളുടെ ഭാവങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് നിൽപ്പാണ്.
ഒട്ടും വിറക്കാതെ.. അയാൾ അടയാളപ്പെടുത്തി കൊടുത്ത സ്ഥലത്ത് തന്നെ പാത്തു അവളുടെ പേരെഴുതി ഒപ്പിട്ടു കൊണ്ട് നിവർന്നിരുന്നു.
“സാക്ഷി ആരാണ്?”
പാത്തു നീട്ടിയ പേന വാങ്ങുന്നതിനിടെ അലക്സ് അവളോട് തന്നെ ചോദിച്ചു.
അവൾ തല ചെരിച്ചു കൊണ്ട് ഷാഹിദിനെ നോക്കി.
അറക്കലെ പ്രജകൾക്ക് അപ്പോഴും കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമായിട്ടില്ല.
എൻഗേജ്‌മെന്റ് കഴിഞ്ഞ സ്ഥിതിക്ക്, എപ്പോ വേണേലും.. എങ്ങനെ വേണേലും കല്യാണം നടത്താമെന്നിരിക്കെ ഇവരെന്തിനാണ് രജിസ്റ്റർ വിവാഹം ചെയ്യുന്നതെന്നാണ് അവരോർത്തു നോക്കിയത്.
പാത്തുവും ഷാഹിദും രജിസ്റ്റർ വിവാഹം കഴിക്കുകയാണെന്നാണ് അവരെല്ലാം കരുതിയിരിക്കുന്നത്.
ഹമീദും നിയാസും മാത്രം അത് വിശ്വാസിച്ചിട്ടില്ല.
അവളെ വിവാഹം കഴിക്കണമെന്നൊരു ചിന്ത ഷാഹിദിന്റെ മനസ്സിലില്ലെന്ന് അവർക്കറിയാമല്ലോ.?
പിന്നെയെന്താണ് സംഭവിക്കുന്നത്?
രണ്ട് പേരും പരസ്പരം നോക്കിയും ഇടയ്ക്കിടെ ഷാഹിദിനെ നോക്കിയും അനേകം പ്രാവശ്യം ആ ചോദ്യത്തിനുള്ള ഉത്തരം ചികഞ്ഞു.
അമർത്തി..അളന്നു മുറിച്ച കാലടിയോടെ ഷാഹിദ് പാത്തുവിന്റെ അരികിലെത്തി.
അവൻ വന്നു അരികിൽ നിൽക്കുന്നതറിഞ്ഞിട്ടും അവൾ എഴുന്നേറ്റില്ല.
“ഒപ്പിടു..”
അലക്സ് ജോൺ നീട്ടിയ പേന വാങ്ങി ഷാഹിദ് കുനിഞ്ഞു.
പാത്തുവിനെ നോക്കുമ്പോൾ അവന്റെ മുഖത്തൊരു പുച്ഛമുണ്ടായിരുന്നു.
അതവൾക്ക് മനസിലായിട്ടും ഭാവമാറ്റമൊന്നുമുണ്ടായില്ല.
“ദാ.. ഇവിടെ.. പാത്തു ഒപ്പിട്ടതിന്റെ സൈഡിൽ അവനും വിരൽ വെച്ച് കാണിച്ചു കൊടുത്തു.
അതിമനോഹരമായൊരു ചിരിയോടെയാണ് അവൻ ഒപ്പിട്ടത്.
നിവരും മുന്നേ.. വിജയച്ചിരിയോടെ അവളെ ഒന്ന് കൂടി നോക്കാൻ അവൻ മറന്നതുമില്ല.
“വധുവും.. സാക്ഷിയും ഒപ്പിട്ടു. ഇനി വരൻ ഒപ്പിടണം. എവിടെ.. അയാളെ വിളിക്കൂ ”
അലക്സ് ജോൺ പറഞ്ഞത് കേട്ടതും ഷാഹിദ് തലക്കടി കിട്ടിയത് പോലെ വിറച്ചു പോയി.
“എന്താ.. എന്താ പറഞ്ഞത്?”
ഉള്ളിലെ വിറയൽ എത്ര ഒതുക്കി പിടിച്ചിട്ടും അവന്റെ ശബ്ദം കൂടി ഏറ്റെടുത്തു കഴിഞ്ഞിരുന്നു…
വീണ്ടും അലക്സ് ജോൺ എന്തോ പറയാനൊരുങ്ങും മുന്നേ അറക്കൽ തറവാടിനെ അലോസരപ്പെടുത്തി ഉറക്കെ ഹോൺ മുഴക്കി കൊണ്ട് വലിയൊരു ശബ്ദത്തോടെ ഒരു കാർ ഇരച്ചു കയറി വന്നു..അതിന് പിന്നിൽ വേറൊരു കാറും വന്നു നിന്നു.
നെറ്റി ചുളിച്ചു കൊണ്ട് നോക്കിയ ഷാഹിദിന് അടുത്ത പ്രഹരം പോലെ.. അതിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും ക്രിസ്റ്റിയിറങ്ങി നിന്നു…
വണ്ടിയുടെ ബോണറ്റിൽ ചാരി അവനൊരു നിമിഷം ഷാഹിദിനെ നോക്കി.
രണ്ടു ദിവസം പോലീസ് സ്റ്റേഷനിൽ കിടന്നതിന്റെയൊരു അവശത ക്രിസ്റ്റിയുടെ മുഖത്തുണ്ടായിരുന്നുവെങ്കിലും.. ആ തിളങ്ങുന്ന രണ്ടു കണ്ണുകൾ.. ഷാഹിദിന്റെ സകല പ്രതീക്ഷകളെയും തച്ചുടക്കാൻ പോന്നതായിരുന്നു.
അവന്റെ കണ്ണുകൾ പാത്തുവിന്റെ നേരെ തിരിഞ്ഞു.
അവനെ കണ്ട സന്തോഷത്തിലും ആഹ്ലാദത്തിലും നിറഞ്ഞു നിൽക്കുന്ന അവളുടെ കണ്ണുകൾ.. തിളക്കമുള്ള അവളുടെ മുഖം
“ചതി..”
പല്ല് കടിച്ചു കൊണ്ടവൻ മുരണ്ടു.
പാത്തു കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് ക്രിസ്റ്റിയെ തന്നെ നോക്കിനിൽപ്പാണ്.
ഷാഹിദ് അവളുടെ നേരെ നീങ്ങും മുന്നേ ക്രിസ്റ്റിയുടെ നേരെ അവളിറങ്ങി ഓടി കഴിഞ്ഞിരുന്നു.
കൈകൾ വിരിച്ചു പിടിച്ചു കൊണ്ടവൻ അവളെ നെഞ്ചിലൊതുക്കി പിടിക്കുന്നത് കാണാൻ വയ്യെന്നത് പോലെ ഷാഹിദ് കണ്ണുകൾ ഇറുക്കിയടച്ചു.
മുഷ്ടി ചുരുട്ടി പിടിച്ചു നിൽക്കുന്നവന്റെ ചെന്നിയിലെ ഞരമ്പുകൾ സഹിക്കാൻ വയ്യാത്ത ദേഷ്യം കൊണ്ട് പിടക്കുന്നുണ്ടായിരുന്നു… അപ്പോഴും.
അപ്പോഴേക്കും കാറിന്റെ കോ ഡ്രൈവിംഗ് ഭാഗത്തെ ഡോർ തുറന്നു കൊണ്ട് ഫൈസിയും ഇറങ്ങി.
തൊട്ടടുത്ത വണ്ടിയിൽ നിന്നും മുഹമ്മദും ഷാനവാസും കൂടി ഇറങ്ങിയതോടെ കോളം പൂർത്തിയായി.
പാത്തുവിനെ അടക്കി പിടിച്ചു കൊണ്ട് തന്നെ ക്രിസ്റ്റി ഷാഹിദിന്റെ മുന്നിൽ പോയി നിന്നു.
അവരാദ്യമായി കണ്ണിൽ കനലൊളിപ്പിച്ചു കൊണ്ട് പരസ്പരം നോക്കി.
“ചതിയായിരുന്നു.. അല്ലേ?”
കിതപ്പോടെ ഉള്ളിലെ സംഘർഷം മുഴുവനും നിറച്ചിട്ട് ഷാഹിദ് ചോദിക്കുമ്പോൾ നിറഞ്ഞ ചിരിയോടെ ക്രിസ്റ്റി അവനെ നോക്കി.
“അറക്കൽ ഷാഹിദിനു മാത്രം അവകാശമായി പതിച്ചു കിട്ടിയ കലാരൂപമല്ലല്ലോ ചതിയും വഞ്ചനയും?”
പരിഹാസത്തോടെയുള്ള ക്രിസ്റ്റിയുടെ സംസാരം.. ഷാഹിദ് പാത്തുവിനെയാണ് തുറിച്ചു നോക്കിയത്.
ക്രിസ്റ്റിയുടെ കൈകൾ ഒന്ന് കൂടി അവളിൽ മുറുകി.
“വരൻ കൂടി ഒപ്പിട്ടു കഴിഞ്ഞാൽ എനിക്ക് പോകാമായിരുന്നു ക്രിസ്റ്റി”
പിന്നിൽ നിന്നും അലക്സ് ജോൺ കൂടി വിളിച്ചു പറഞ്ഞതോടെ അവൻ കൂടി ക്രിസ്റ്റി ഫിലിപ്പിന്റെ ആളാണെന്നു ഷാഹിദ് മനസിലാക്കി.
“ദാ.. വരൻ എത്തിയല്ലോ…”
ഷാഹിദിനെ പുച്ഛത്തോടെ നോക്കി കൊണ്ട് ക്രിസ്റ്റി പാത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ അകത്തേക്ക് കയറി.
“രാജാവ് കളിക്കുന്നത്.. കുന്നേൽ ബംഗ്ലാവിൽ വെച്ച് മതി മോനെ ക്രിസ്റ്റി ഫിലിപ്പേ.. ഇത് സ്ഥലം ഇത്തിരി പിശകാണ്.. ഞാനും.”
ഷാഹിദ് ക്രിസ്റ്റിക്ക് മുന്നിലേക്ക് തടസ്സമായി നിന്ന് കൊണ്ട് പറഞ്ഞു.
“ഞാനും..”
മുറുക്കത്തോടെ അത് പറഞ്ഞതും ക്രിസ്റ്റിയുടെ കൈകൾ ഒന്ന് ഉയർന്നു താന്നു.
അവൻ കൈ കുടയുന്നതും ഒരു വശം കോടി പോയ മുഖത് കൈ പൊതിഞ്ഞു പിടിച്ചു നിൽക്കുന്ന ഷാഹിദിനെയും കണ്ടപ്പോഴാണ് അവിടെ എന്താണ് സംഭവിച്ചത് എന്ന് എല്ലാവർക്കും മനസ്സിലായത്.
ഹമീദിന്റെയും നിയാസിന്റെയും കണ്ണുകൾ രണ്ടും ഞെട്ടി പുറത്തേക്ക് തള്ളി..
ഇത്രേ അടുത്ത ബന്ധമുണ്ടായിട്ട് കൂടി അവന് നേരെ നിന്ന് സംസാരിക്കാൻ പോലും ധൈര്യമില്ലാത്തിടത്താണ് മുഖം പൊളിയുന്ന പോലെ ഒരുത്തൻ നല്ല ചിമ്മിട്ടൻ അടി കൊടുത്തത്.
അവന്റെയൊരു ധൈര്യം..
അവർ വിറച്ചു പോയിരുന്നു.
‘ഇത് എന്തിനാണെന്നറിയോ..?”
ക്രിസ്റ്റി ഷാഹിദിനു മുന്നിലേക്ക് കയറി നിന്നിട്ട് ചോദിച്ചു.
“ഇവളെന്റെയാണെന്ന് അറിഞ്ഞിട്ടും.. പിന്നെയും നീ പിറകെ നടന്നതിന് .. വാക്കുകൾ കൊണ്ടാണെങ്കിൽ പോലും എന്റെ പെണ്ണിനെ വേദനിപ്പിച്ചതിന് . അവളെ ഭയപ്പെടുത്തിയതിന് … അതിനെല്ലാമുള്ള സമ്മാനമാണ് ഇത് ”
അത് പറഞ്ഞു കഴിഞ്ഞതും വീണ്ടും ക്രിസ്റ്റി ഷാഹിദിനെ കൈ വീശിയടിച്ചു .
ഇപ്രാവശ്യം അവൻ പിന്നിലേക്ക് വേച്ചു പോയി.
“ഇതെന്തിനാന്നറിയോ..?”
വീണ്ടും ക്രിസ്റ്റി അവന്റെ കണ്ണിലേക്കു നോക്കി.
“നീ പറഞ്ഞു മൂപ്പിച്ചു വിട്ടിട്ടാണ് റിഷിൻ ചെറിയാൻ ഫൈസിയെ കേറി പൂളിയത്. ഒരു രാത്രി മൊത്തം.. എനിക്ക് മുന്നിൽ വേദന കൊണ്ട് പിടഞ്ഞ എന്റെ കൂട്ടുക്കാരൻ..പിന്നെ നീ ഒരുക്കിയ കെണിയിൽ നിന്നും എന്നെ രക്ഷപ്പെടുത്തിയെടുക്കാൻ രാവും പകലും വേദന സഹിച്ചു കൊണ്ടവൻ ഓടിയാ ഓരോ നിമിഷവും.. ഞാൻ നിനക്ക് കരുതി വെച്ച സമ്മാനമാണിത് ”
ക്രിസ്റ്റിയുടെ മൂർച്ചയുള്ള വാക്കുകൾ.
ഷാഹിദിന്റെ തലയൊന്നാകെ തരിക്കുന്നുണ്ടായിരുന്നു.. അടി കൊണ്ടിട്ട്.
തലയൊന്ന് കുടഞ്ഞു കൊണ്ടവൻ തൊട്ട് മുന്നിൽ നിൽക്കുന്നവനെയും അവന്റെ നെഞ്ചിൽ ചേർന്നു നിന്നിട്ട് തന്നെ പുച്ഛത്തോടെ നോക്കുന്നവളെയും തുറിച്ചു നോക്കി.
“ഇന്നോളം ഈ ഷാഹിദ് എവിടേം തോറ്റിട്ടില്ല. എന്നെ തോൽപ്പിക്കാൻ പോന്നൊരു എതിരാളിയെ ഞാനിത് വരെയും കണ്ടിട്ടില്ല ”
വല്ലാത്തൊരു ചിരിയുണ്ടായിരുന്നു അവനത് പറയുന്നുമ്പോൾ.
“അത് നീ ഇത് വരെയും ഉശിരുള്ള ആൺകുട്ടികളെ കാണാഞ്ഞിട്ടാ. ഇതൊരു തുടക്കമായിക്കോട്ടെ സഹോ. ഇനി അങ്ങോട്ട് നിനക്ക് വെച്ചടി വെച്ചടി ഇറക്കമായിരിക്കും എന്ന കാര്യം ഞാൻ ഉറപ്പ് തരാം ”
ഉറക്കെ പറഞ്ഞു കൊണ്ട് ഫൈസി കയറി വന്നു.
ഷാഹിദ് അവന്റെ നേരെ ചിറഞ്ഞു നോക്കി.
“നീയൊക്കെ അനുഭവിക്കും ”
പല്ല് കടിച്ചു കൊണ്ട് ഷാഹിദ് പറഞ്ഞതും ഫൈസി ചുണ്ട് കോട്ടി.
“അത് തന്നാ എനിക്ക് നിന്നോടും പറയാനുള്ളത്. നിനക്ക് അനുഭവിക്കാനുള്ള കൗണ്ടേൺ ആരംഭിച്ചു കഴിഞ്ഞു..”
ഫൈസി പറഞ്ഞു നിർത്തിയതും അറക്കലിന്റെ മുറ്റത്തേക്ക് ഒരു പോലീസ് വാഹനം കൂടി വന്നു നിന്നു.
ഷാഹിദിന്റെ നെറ്റി ചുളിഞ്ഞു… ക്രിസ്റ്റീയും ഫൈസിയും ചിരിയോടെ അവന്റെ നേരെയായിരുന്നു നോക്കിയത്……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…