Novel

നിലാവിന്റെ തോഴൻ: ഭാഗം 98

രചന: ജിഫ്‌ന നിസാർ

“ഞാൻ തിരികെ വരുമെടാ.നീയൊന്നും അധികം അഹങ്കരിക്കേണ്ട ”
റഷീദ് പിടിച്ചു വലിച്ചു കൊണ്ട് ജീപ്പിലേക്ക് കയറ്റുമ്പോഴും ഷാഹിദ് ഉറക്കെ പറയുന്നുണ്ടായിരുന്നു.

ക്രിസ്റ്റി അപ്പോഴും പാത്തുവിനെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് നേർത്തൊരു ചിരിയോടെ അറക്കൽ തറവാടിന്റെ പൂമുഖത്തു നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

ഷാഹിദിന്റെ അമർച്ചയെ പോലെ.. ഒന്ന് മുരണ്ടു നിന്നിട്ട് പൊടി പറത്തി കൊണ്ട് റഷീദിന്റെ ജീപ്പ് പാഞ്ഞു പോയി.

അവരുടെ ജീപ്പ് ഗേറ്റ് കടന്നിറങ്ങി പോയ അതേ നിമിഷം തന്നെയാണ് ആര്യൻ കിതച്ചു കൊണ്ട് ഓടി വന്നത്.

“പരിപാടി പിരിച്ചു വിട്ടോ ഡാ?”
കിതപ്പോടെ കൈകൾ എളിയിൽ കുത്തി നിന്നിട്ട് അവൻ ചോദിക്കുമ്പോൾ.. അവിടെ ഉള്ളവരെല്ലാം ഇനി ഇതേതാ സാധനം എന്ന ഭാവത്തിൽ തുറിച്ചു നോക്കുന്നുണ്ട്.

ഷാഹിദിനെ കൊണ്ട് പോയതിന്റെ ഷോക്ക് അപ്പോഴും അവരിൽ നിന്നും കെട്ടഴിഞ്ഞു വീണിട്ടില്ല.
വീരകഥകളിലെ നായകനെ പോലെ നിറഞ്ഞാടിയവനാണ് കൊടും ക്രിമിനലെന്ന് മുദ്രകുത്തി കണ്മുന്നിൽ കൂടി പോലീസ് കൊണ്ട് പോയതെന്ന് അവർക്കപ്പോഴും വിശ്വാസം വരാത്തത് പോലൊരു ഭാവമായിരുന്നു.

അത് വരെയും ഷാഹിദെന്ന സ്വപ്നപൗരുഷത്തെ സ്വന്തമാക്കാൻ കഴിയാത്ത ഇച്ഛാഭംഗം നിറഞ്ഞു നിന്നിരുന്ന പെൺകുട്ടികളുടെ കണ്ണുകളിൽ രക്ഷപെട്ടു പോയല്ലോ എന്നൊരു ആശ്വാസമാണ് ആ നിമിഷം തെളിഞ്ഞു കണ്ടിരുന്നത്.

“സോറി… അളിയാ.. ഇച്ചിരി ലേറ്റായി പോയി..”
ഫൈസി വിളിച്ചു ചിരിയോടെ പറഞ്ഞു.

അത് കേട്ട് ഷാനവാസും മുഹമ്മദും പരസ്പരം നോക്കി ചിരിച്ചു.

“എങ്കിൽ പോവല്ലേ ഡാ ക്രിസ്റ്റി. കുന്നേൽ എല്ലാവരും കാത്തിരിപ്പാണ് ”
മുറ്റത്തു നിന്ന് തന്നെ ആര്യൻ വിളിച്ചു ചോദിച്ചു.

ക്രിസ്റ്റി ചിരിയോടെ തന്നിലെക്ക് ചേർന്നു നിൽക്കുന്നവളെ നോക്കി.

“എന്നാ പോയാലോ.. കുന്നെലെ ക്രിസ്റ്റി ഫിലിപ്പിന്റെ ബീവിയായിട്ട്.. മ്മ്ഹ്?”
കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ, ഹൃദ്യമായൊരു ചിരിയോടെ അവൾ അവന്റെ കണ്ണിലേക്കു നോക്കി തലയാട്ടി.

“വെയിറ്റ്.. അതിന് മുന്നേ ചെറിയൊരു ജോലി കൂടിയുണ്ട് ”
അവളെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ ക്രിസ്റ്റിയൊന്ന് തിരിഞ്ഞു.

അറക്കലെ സകല പ്രജകളും അവന്റെ അടുത്ത നീക്കാമെന്തെന്ന ഭാവത്തിൽ നിൽപ്പുണ്ട്.

ഷാഹിദിനെ കൊണ്ട് പോയതിൽ വിറച്ചു നിൽക്കുന്ന ഹമീദും നിയാസും ക്രിസ്റ്റിയുടെ നേരെ നോക്കാൻ കൂടി ഭയന്ന് കൊണ്ട് നിൽപ്പാണ്.

അത്രയും ശക്തനായ ശാഹിദിനെ പോലും കുടുക്കാൻ കഴിവുള്ളവൻ.. അവന്റെ നോട്ടത്തിൽ കൂടി അവർ രണ്ടും വിയർത്തു.

അവനൊപ്പം ഇത് പോലൊരു നാറിയ കളിക്ക് താങ്ങൾ കൂടി ഉണ്ടായിരുന്നുവെന്നത് അവർ ഓർക്കാൻ കൂടി ഭയന്നു.

‘ഇവളെ നിങ്ങൾ പോയിട്ട് കൂട്ടി കൊണ്ട് വന്നതല്ലേ? ”
അവിടെ കൂടിയ എല്ലാവരോടുമായി ക്രിസ്റ്റി ഉറക്കെ ചോദിച്ചു.

അവരാരും ഒന്നും മിണ്ടിയില്ല.

അവൻ പാത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ ഹമീദിന്റെയും നീയാസിന്റെയും മുന്നിൽ പോയി നിന്നു.

“ഒരു ചോദ്യം ഞാൻ രണ്ട് പ്രാവശ്യം ചോദിക്കാറില്ല. എനിക്കത് ഇഷ്ടവുമല്ല. ഇനിയെന്റെ കൈകൾ സംസാരിക്കും.. അത് വേണോ?”

അവന്റെ മുറുകിയ സ്വരം കേട്ടതും ഏട്ടനും അനിയനും ഒരു പോലെ തലപൊക്കി അവനെ നോക്കി.

“കൂട്ടത്തിൽ കേമനെന്ന് പറഞ്ഞു നടന്നവന് കിട്ടിയത് കണ്ടായിരുന്നോ മ്യാന്മാർ..?”

ഫൈസി അവിടെ നിന്ന് കൊണ്ട് വിളിച്ചു ചോദിച്ചു.

അതിനുത്തരം പറഞ്ഞില്ലെങ്കിലും അവരുടെ മുഖം വിളറി വെളുത്തു പോയിരുന്നു.

“നിങ്ങളുടെ ഏട്ടന്റെ മകളല്ലേ ഫാത്തിമ. ആ ഉറപ്പുണ്ടായിട്ട് തന്നെയല്ലേ നിങ്ങൾ ഇവളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്..?”

വീണ്ടും ക്രിസ്റ്റിയുടെ മുഴങ്ങുന്ന സ്വരം..

അതേയെന്ന് ദുർബലമായി തലയാട്ടി ഹമീദും നിയാസും.

“ഇവളുടെ ഉപ്പാന്റെ ചിറകിൻ കീഴിൽ വളർന്നു പൊന്തിയ നിങ്ങൾക്ക് എപ്പഴാണ് ഫാത്തിമ ഒരു വിൽപ്പനചരക്കായി തോന്നിയത്.?നിങ്ങളുടെ സ്വന്തം മക്കളാണെങ്കിൽ നിങ്ങളിങ്ങനെ ചെയ്യുവോ?”

അവരുടെ മുഖം നോക്കി ഓരോന്നു കൊടുക്കാനുള്ള ത്വര ക്രിസ്റ്റി വളരെ കഷ്ടപ്പെട്ടു കൊണ്ട് കടിച്ചു പിടിച്ചു..

“ഇത്രേം വലിയൊരു ചെറ്റത്തരത്തിന് കൂട്ട് നിന്നതിനുള്ളത് നിങ്ങളല്ല.. നിങ്ങളുടെ മക്കൾ അനുഭവിക്കാതിരിക്കാൻ നന്നായി പ്രാർത്ഥിക്കണം രണ്ടു പേരും. കാരണം.. അനാഥയായൊരു പെൺകുട്ടിയെ ആണ് നിങ്ങൾ നിങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി.. ഷാഹിദിനെ പോലെ ഒരുവന് മുന്നിലേക്ക്…..”

കൂടി നിൽക്കുന്ന പെൺകുട്ടികളെ നോക്കി ക്രിസ്റ്റി പറയുമ്പോൾ അത് വരെയും ബാപ്പമാരെയും മാമന്മാരെയും ആരാധനയോടെ നോക്കിയ അവരുടെ കണ്ണുകളിലേക്ക് വെറുപ്പ് പടർന്നു കയറി കലങ്ങുന്നത് ഫാത്തിമയുടെ കൺമുന്നിലായിരുന്നു.

“നിങ്ങളോടെനിക്ക് ദേഷ്യമുണ്ട്. തീർത്താലും തീരാത്തത്രേം ദേഷ്യം.. പക്ഷേ എന്നിട്ടും ഞാൻ നിങ്ങളെയൊന്നും ചെയ്യാതെ വെറുതെ വിടുന്നത്… ദാ.. ഞാൻ തേടി നടന്നിരുന്ന എന്റെയീ നിധി.. അതെനിക്ക് കൈ എത്തും ദൂരെ എത്തിച്ചത് തന്നതിന്റെ വലിയൊരു നന്ദി ഉള്ളത് കൊണ്ടാണ്.. അത് കൊണ്ട് മാത്രം ”
വാക്കുകൾ മുറുകുന്നതിനൊപ്പം ക്രിസ്റ്റിയുടെ കൈകളും പാത്തുവിന്റെ മേൽ മുറുകുന്നുണ്ടായിരുന്നു അത് പറയുമ്പോൾ.

“ഇനി മതിയെടാ.. നമ്മൾ എന്തൊക്കെ പറഞ്ഞാലും.. എത്രയൊക്കെ പറഞ്ഞാലും അതൊന്നും അറക്കലെ പ്രമാണിമാർക്ക് ദഹിക്കില്ല. ചിലതെല്ലാം.. ചിലർ അനുഭവങ്ങളിൽ കൂടി പഠിക്കാനുള്ളതാണ്. അത് നമ്മൾ വിചാരിച്ച.. തിരുത്തി എഴുതാനും കഴിയില്ല.. ഇവർ അത് മനസ്സിലാക്കുന്ന ദിവസം.. ഏതായാലും ഒരുപാട് ദൂരെയല്ല ”

ഫൈസി വെറുപ്പോടെ അത് പറയുമ്പോൾ.. അവന്റെ കണ്ണിൽ അറക്കലുള്ളവരോടുള്ള ദേഷ്യം മുഴുവനും ജ്വലിക്കുന്നുണ്ടായിരുന്നു.

“നിനക്ക് പ്രിയപ്പെട്ട എന്തെങ്കിലും എടുക്കാനുണ്ടോ ഇവിടെ നിന്ന്..?”

ക്രിസ്റ്റി അത് വരെയുമുള്ള ഭാവത്തിലായിരുന്നില്ല പാത്തുവിനോട് അത് ചോദിക്കുമ്പോൾ.അവന്റെ മുഖം ശാന്തമായിരുന്നു.

“ബാഗ് ഞാൻ എടുത്തു വെച്ചിട്ടുണ്ട്..”
പാത്തു അവനെ നോക്കി പറഞ്ഞു.

“അതിനുള്ളിൽ നീ കൊണ്ട് വന്നതല്ലാതെ ഇവിടുള്ളവർ തന്നതായി .. യാതൊന്നുമില്ലല്ലോ?”
ക്രിസ്റ്റി വീണ്ടും ചോദിച്ചു.

“ഇല്ല..”പാത്തു അവനെ നോക്കി.

“മുറിയിലാണോ..?”

“അതേ..”

“നീ എടുത്തിട്ട് വരുവോ..അതോ ഞാൻ വരണോ?”
ക്രിസ്റ്റി വീണ്ടും അവളെ നോക്കി.

“ഞാൻ പോയി എടുത്തിട്ട് വരാം ”

പാത്തു പറഞ്ഞു.

“എങ്കിൽ പെട്ടന്ന് പോയി എടുത്തിട്ട് വാ..”
ക്രിസ്റ്റി അവളെ നോക്കി പറഞ്ഞു.
പാത്തു ഒന്ന് തലയാട്ടി കൊണ്ട് ധൃതിയിൽ അകത്തേക്ക് ഓടി.

ക്രിസ്റ്റി അത് കണ്ടതും ചിരിയോടെ ഫൈസിയെ നോക്കി.

പിന്നെ കാണാമെന്നു പറഞ്ഞു കൊണ്ട് മുഹമ്മദും ഷാനവാസും അവിടെ നിന്ന് തന്നെ യാത്ര പറഞ്ഞു പോയി.

അവർക്കൊപ്പം ഫൈസി ആര്യനെ കൂടി പറഞ്ഞു വിട്ടു.
സുഖമില്ലാത്ത അവന്റെ അച്ഛനെ ഹോസ്പിറ്റലിൽ നിന്നും കൊണ്ട് വന്നയുടൻ ഓടി പിടഞ്ഞു വന്നതാണ് അവനെന്ന് ഫൈസിക്ക് അറിയാമായിരുന്നു.

അങ്ങോട്ട് ഓടിയ പോലെ തന്നെ മിനിട്ടുകൾ കൊണ്ട് പാത്തു തിരികെ ഓടിയിറങ്ങി വന്നിരുന്നു.
തീരെ ചെറിയൊരു ബാഗ് മാത്രമാണ് അവളുടെ കയ്യിലുള്ളത്.

ഹാളിലെക്കിറങ്ങും മുന്നേ സഫിയാത്തയുടെയും മഞ്ജുവിന്റെയും മുന്നിൽ അവളൊന്നു നിന്നു.

ഈ വീട്ടിലെ ആകെയുള്ള സമാധാനം നൽകുന്ന ഓർമ.. അതിവര് തന്നതാണ് .

“ഞാൻ.. ഞാൻ പോവാ സഫിയാത്ത ”

പാത്തു അവരുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

“ന്റെ മോള് പോയിക്കോ..ഇനി ഒരിക്കലും ഈ ചെകുത്താൻ കോട്ടയിലേക്ക് വരരുത് നീ..നന്നായി വരും “അവളുടെ കവിളൊന്ന് തലോടി സഫിയാത്ത വളരെ പതിയെയാണ് അത് പറഞ്ഞത്.
സങ്കടം വിങ്ങിയത് കൊണ്ടായിരുന്നു അവർ വേഗം തിരിഞ്ഞു നടന്നത്.

മഞ്ജുവിനോട് കൂടി തലയിളക്കി യാത്ര പറഞ്ഞു കൊണ്ടവൾ ക്രിസ്റ്റിയുടെ അരികിൽ പോയി നിന്നു.

ബാക്കി ആരെയും അവൾ നോക്കുന്നത് കൂടിയില്ലായിരുന്നു.
“പോവല്ലേ..?”
അവളുടെ കയ്യിലെ ബാഗ് പിടിച്ചു വാങ്ങി വീണ്ടും ചേർത്ത് പിടിച്ചു കൊണ്ട് ക്രിസ്റ്റി ചോദിച്ചു.

തിരിഞ്ഞു നോക്കാതെ… അവന്റെ നെഞ്ചിൽ ചേർന്നു നിന്നിട്ടാണ് പാത്തു അറക്കൽ തറവാടിന്റെ പടികൾ ഇറങ്ങിയത്.

കൈക്ക് വയ്യാത്തത് കൊണ്ട് ഫൈസി കാറിന്റെ പിന്നിലേക്ക് കയറിയിരുന്നിരുന്നു.

കാറിലേക്ക് കയറുമ്പോഴും.. പാത്തു തിരിഞ്ഞ് നോക്കിയതേ ഇല്ലായിരുന്നു…

❣️❣️

കുന്നേൽ ബംഗ്ലാവിന്റെ ഗേറ്റ് കടന്ന് ചെന്നതും ക്രിസ്റ്റിയുടെ ഹൃദയം വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു.

ജയിലിൽ പോയ മകൻ കല്യാണം കഴിച്ചിട്ടാണ് വന്നതെന്നറിയുമ്പോൾ അവിടുള്ളവരുടെ പ്രതികരണം എങ്ങനെ ആവുമെന്ന് അവനൊരു രൂപവുമുണ്ടായിരുന്നില്ല.

പക്ഷേ തനിക്ക് മുന്നിൽ ഇതല്ലാതെ വേറൊരു വഴിയും ഇല്ലായിരുന്നുവല്ലോ..?

“എന്താടാ.. ഭയമിറുക്കാ..?”
അവന്റെ നെറ്റി ചുളിയുന്നത് കണ്ടതും ഫൈസി പിന്നിൽ നിന്നും ചോദിച്ചു.

“ലേശം…”
ക്രിസ്റ്റി കണ്ണടച്ച് കൊണ്ട് പറഞ്ഞു.

“ഇറങ്ങി കിട്ടുന്നത് വാങ്ങിക്ക് മോനെ.. അതല്ലേ ഹീറോയിസം..”
ഫൈസി വീണ്ടും അവനെ കളിയാക്കി.

“ശവത്തിൽ കുത്താതെടാ തെണ്ടി..”
കാർ നിർത്തി കൊണ്ട് ക്രിസ്റ്റി ഫൈസിയെ നോക്കി പല്ല് കടിച്ചതും അവനുറക്കെ ചിരിച്ചു പോയിരുന്നു.

പാത്തുവിന്റെ കണ്ണിലും പരവേശമുണ്ട്.

“പേടിക്കേണ്ട… ഇവിടെല്ലാർക്കും എന്നോട് വല്ല്യ സ്നേഹമാണ് ”
ക്രിസ്റ്റി സീറ്റ് ബെൽറ്റ്‌ ഊരി അവളെ നോക്കി പറഞ്ഞു.

“മിക്കവാറും അത് ഇന്നത്തോടെ തീരുമാനമാകും ഫാത്തിമ. അവനെ വിശ്വാസിക്കണ്ട. ഓടാനുള്ള വഴി നോക്കി വച്ചോ..”
കാറിൽ നിന്നിറങ്ങി കൊണ്ട് ഫൈസി പറഞ്ഞു.

“ഇവനെ ഇന്ന് ഞാൻ…”
ക്രിസ്റ്റി പല്ല് കടിച്ചു കൊണ്ട് അകത്തേക്ക് കയറി പോകുന്ന അവനെ നോക്കി.

“ഇറങ്…”

ക്രിസ്റ്റി പാത്തുവിനെ നോക്കി പറഞ്ഞു.

അവൻ ഡോർ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങി.

മറുവശം ഡോർ തുറന്നു പാത്തു ഇറങ്ങി വരും മുന്നേ.. ഫൈസി കയറി ചെന്നത് കണ്ടിട്ടാവും.. അകത്തുള്ളവർ മുഴുവനും ക്രിസ്റ്റിയെ കാണാനുള്ള ആവേശത്തിൽ പുറത്തേക്കിറങ്ങി വരുന്നുണ്ടായിരുന്നു.

അവരുടെ ഏറ്റവും പിറകിൽ… വാതിലിൽ ചാരി നിന്ന് കൊണ്ട് ഫൈസി ക്രിസ്റ്റിയെ നോക്കി പുരികം പൊക്കി കാണിച്ചു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button