Novel

നിലാവിന്റെ തോഴൻ: ഭാഗം 99

രചന: ജിഫ്‌ന നിസാർ

“പ്ലീസ്.. ആരെങ്കിലും ഒന്ന് തുറക്ക്. ഇല്ലെങ്കിൽ.. ഇല്ലെങ്കിൽ ഒരു ഗ്ലാസ്‌ വെള്ളമെങ്കിലും താ. ദാഹിച്ചിട്ട് എന്റെ തൊണ്ട പൊട്ടുന്നു.. പ്ലീസ്..”

വാതിൽ തട്ടി വിളിക്കുമ്പോൾ റിഷിൻ കരയുകയാണെന്ന് തോന്നി വർക്കിക്ക്.

ഇത് കൂടി ചേർത്ത് അവനിതു അനേകം തവണകളായി ആവർത്തനം ചെയ്യുന്നുണ്ട്.പക്ഷേ
പുറത്ത് നിന്നൊരു അനക്കം പോലുമില്ല.

ഷാഹിദ് മാറി നിൽക്കാൻ ആവിശ്യപ്പെട്ടത് കൊണ്ട് മാത്രം അവന്റെ ആളുകൾക്കൊപ്പം വന്നു കയറിയതാണ്.
ഒഴിഞ്ഞ ഒരു മുറിയിലേക്ക് കയറ്റിയിട്ട് ഇവിടെ ഇരുന്നോളാണം.. എന്ന് പറഞ്ഞവരുടെ ആക്ഞ്ഞയെ അന്ന് തന്നെ ഇഷ്ടമായില്ല.

പക്ഷേ അതിനെതിരെ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ അവരാ വാതിൽ പുറത്തേക്ക് അടച്ചു കഴിഞ്ഞിരുന്നു.

അന്നത്തെ രാത്രിയിൽ നാല് ചപ്പാത്തിയും ഒരു കുപ്പി വെള്ളവും കിട്ടി.

അപ്പോഴും കൂടുതൽ സംസാരിക്കാൻ അവസരമൊരുക്കാതെ വീണ്ടും വാതിൽ അടഞ്ഞു.

റിഷിൻ കുറ്റപ്പെടുത്തി കൊണ്ട് ഓരോ തവണ നോക്കുമ്പോഴും വർക്കിയുടെ നെഞ്ചിലൊരു അപായസിഗ്നൽ മുഴങ്ങുന്നുണ്ടായിരുന്നു.

പുറം ലോകവുമായി പിന്നെയൊരു വിവരവുമില്ല.രണ്ട് ദിവസമായി.

എന്തായെന്നോ എങ്ങനെ ഇവിടെ നിന്ന് രക്ഷപെട്ടു പോകുമെന്നോ ഒന്നും അറിയില്ല.വിചാരിച്ചതിനേക്കാൾ വലിയൊരു കുരുക്കിലാണോ വീണ്ടും വീണു പോയതെന്ന ചോദ്യവുമായി ഹൃദയം വെറുതെ പേടിപ്പിക്കും.

മടുപ്പിക്കുന്ന ഓരോ നിമിഷവും.. ചെയ്തു പോയാതൊരു അബദ്ധമായിരുന്നോ എന്ന ചിന്തകളെ മനഃപൂർവം മനസ്സിലേക്കിട്ട് തരും.

കഴിച്ച ഭക്ഷണത്തിന്റെ കാലാവധി കഴിഞ്ഞെന്ന് തളർച്ചയുടെ രൂപത്തിൽ ശരീരം മുന്നറിയിപ്പ് കൊടുത്തു തുടങ്ങിയിട്ടും അടഞ്ഞു കിടക്കുന്ന വാതിൽ ഇത് വരെയും തുറന്നിട്ടില്ല.
ഇതിനകത്ത് കൊണ്ടിട്ട് പോയത് അവർ മറന്നു പോയോയിനി?

ഒട്ടും സഹിക്കാൻ വയ്യെന്ന് തോന്നിയ നിമിഷം തൊട്ട് റിഷിൻ മുട്ടി വിളിക്കാൻ തുടങ്ങിയിട്ടും.. എത്രയൊക്കെ അതിനുള്ളിൽ കിടന്നു കൊണ്ടവൻ അലറി വിളിച്ചിട്ടും മറുവശം വിളി കേൾക്കാൻ കൂടി ആരുമുണ്ടായിരുന്നില്ല.

പ്രാഥമിക ആവിശ്യങ്ങൾ കൂടി ബുദ്ധിമുട്ടിക്കാൻ തുടങ്ങിയതോടെ വർക്കിയും മകനും ദയനീയമായി പരസ്പരം നോക്കി…

❣️❣️

നിറഞ്ഞ ചിരിയോടെ നിന്നവരെല്ലാം മറുവശം ഡോർ തുറന്നിട്ട്‌ പാത്തു ഇറങ്ങിയതോടെ കിളി പോയ മട്ടിലാണ്.

ഫൈസി അപ്പോഴും അവർക്ക് പിന്നിൽ നിന്നിട്ട് വാ പൊതിഞ്ഞു പിടിച്ചു ചിരിക്കുന്നുണ്ട്.

“വാ..”

അവളുടെ കയ്യിലെ ബാഗ് വാങ്ങി കൊണ്ട് ക്രിസ്റ്റി ആ കൈ കോർത്തു പിടിച്ചു.

“കട്ടക്ക് കൂടെ നിന്നേക്കണം. എന്തും സംഭവിക്കാൻ സാധ്യതയുണ്ട്.കാര്യം രണ്ടടിയൊക്കെ ഞാൻ കൊള്ളേണ്ടിയും വന്നേക്കാം.പക്ഷേ ഒരിക്കലും നമ്മളെ ഇറക്കി വിടത്തില്ല ”
കോർത്തു പിടിച്ച വിരലുകളിൽ ഇറുക്കി കൊണ്ട് മുന്നോട്ടു നടക്കുമ്പോൾ ക്രിസ്റ്റി പതിയെ പാത്തുവിനോട് പറഞ്ഞു.

അവരിരുവരെയും തുറിച്ചു നോക്കി നിൽക്കുന്ന കുന്നേൽ ബംഗ്ലാവിന്റെ സിറ്റൗട്ടിൽ നിരന്നു നിൽക്കുന്നവരെ കാണെ അവൾക്ക് പക്ഷേ സന്തോഷമാണ് തോന്നിയത്.

ഇച്ഛാ പറഞ്ഞിട്ട് ഇവരെയെല്ലാം നല്ലത് പോലെ അറിയാം.
പക്ഷേ നേരിട്ട് കാണാൻ ഒത്തിട്ടില്ല ഇത് വരെയും.

ഒരു ഫോട്ടോ പോലും കാണിച്ചിട്ടില്ല ഇച്ഛാ.

അവരുടെ ഓരോ വിശേഷങ്ങൾ ആഗ്രഹം കൂടി കൂടി എത്ര കൊഞ്ചി നോക്കിയിട്ടുണ്ട്.

“അവരെ നീ നേരിട്ട് കണ്ടാ മതിയെന്റെ പാത്തോ..”

അതിനേക്കാൾ കൊഞ്ചി കൊണ്ട് ഇച്ഛാ പറയുമ്പോൾ..അതിൽ അലിഞ്ഞു പോകും.

“മറിയാമ്മച്ചി കലിപ്പിലാണ് ഇച്ഛാ ”
പാത്തു സ്വകാര്യം പോലെ പറഞ്ഞത് കേട്ടതും ക്രിസ്റ്റി ഞെട്ടി കൊണ്ട് അവിടെ നിന്ന് പോയി.

“അതിന് മറിയാമ്മച്ചിയെ നീ അറിയോ?”
അവന്റെ നെറ്റി ചുളിഞ്ഞു.

“ഇച്ഛാ പറഞ്ഞ അറിവ് വെച്ചിട്ട് ഒരു ഏകദേശരൂപം ഞാൻ ഊഹിച്ചു..”
പാത്തു കള്ളചിരിയോടെ പറഞ്ഞു.

ക്രിസ്റ്റിക്ക് ചിരി വന്നിരുന്നു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ..

“എന്നതാടാ മക്കളെ.. അവിടെ എത്തിയപ്പോ കാലിൽ കുരു വന്നോടാ..?”
അനങ്ങാതെ നിന്ന് വർത്താനം പറയുന്നവരെ നോക്കി മറിയാമ്മച്ചി വിളിച്ചു ചോദിച്ചു.

“നടന്നോ.. ഇനി ഇവിടെ തന്നെ നിന്നാ ഓടിച്ചിട്ട് തല്ലും. ആ സാധനം ആളിത്തിരി പിശകാ..”
ക്രിസ്റ്റി ഓർമ്മിപ്പിച്ചതും പാത്തു തലയാട്ടി കൊണ്ട് അവനൊപ്പം നടന്നു.

താങ്കളെ സൂക്ഷിച്ചു നോക്കി നിൽക്കുന്നവർക്ക് നേരെ നോക്കി അവനൊന്നു ചിരിച്ചു.

മാത്തച്ഛൻ അവനെയൊന്ന് വാരി പുണരാനുള്ള അടങ്ങാത്ത കൊതി കണ്ണിൽ നിറച്ചു കൊണ്ടാണ് നിൽക്കുന്നതെന്ന് ഒറ്റ കാഴ്ചകൊണ്ട് തന്നെ ക്രിസ്റ്റിക്ക് മനസ്സിലായി.

“നിന്നെ ഇന്നലെ പിടിച്ചോണ്ട് പോയത് പോലീസ് തന്നെ അല്ല്യോടാ?”
ആരുമൊന്നും മിണ്ടുന്നില്ലന്ന് കണ്ടതും മറിയമ്മച്ചി തന്നെ വീണ്ടും ചോദിച്ചു.

“അതേ… എന്തേയ്?”
ആ ചോദ്യത്തിന്റെ പൊരുൾ മനസ്സിലാവാതെ ക്രിസ്റ്റി ചോദിച്ചു.

“അല്ല.. ഇപ്പോഴൊക്കെ സ്റ്റേഷനിൽ പോയി വരുമ്പോൾ ഒരു പെണ്ണിനേം കൂടെ കൊണ്ട് പോരാമെന്ന് എനിക്കറിയത്തില്ലായിരുന്നു.”
ഒരാക്കി ചിരിയോടെ വീണ്ടും അവരത് പറഞ്ഞതും.. ചുറ്റും കൂടിയ മുഖങ്ങളിലെല്ലാം ചിരി പടർന്നിരുന്നു.

“ഒരു പ്രതേക സാഹചര്യത്തിൽ എനിക്കൊന്ന് കല്യാണം കഴിക്കേണ്ടി വന്നു ”
അവരെയെല്ലാം നോക്കി കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“ഇടയ്ക്കിടെ തോട്ടത്തിൽ കാറ്റ് കൊള്ളാൻ പോയപ്പോൾ തന്നെ ഇത് ഞാൻ പ്രതീക്ഷിച്ചതാടാ മോനെ..”

നിസാരതയോടെ മറിയാമ്മച്ചി പറഞ്ഞപ്പോഴും അവരുടെ കണ്ണുകൾ ഫാത്തിമയുടെ നേരെയായിരുന്നു.

“നിന്ന് താളം ചവിട്ടാതെ ഇങ്ങോട്ട് കയറി വാ..മോനെ ”
സിറ്റൗട്ടിലേക്കുള്ള സ്റ്റെപ്പിന് കീഴിൽ നിൽക്കുന്ന ക്രിസ്റ്റിയെ നോക്കി… ത്രേസ്യ വിളിച്ചു പറഞ്ഞു.

കയറി വാ മക്കളെ.. ”
ഡെയ്സി ഇറങ്ങി വന്നിട്ട് പാത്തുവിന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.
കണ്ണ് നിറച്ചു കൊണ്ടവൾ ക്രിസ്റ്റിയെയാണ് തിരിഞ്ഞു നോക്കിയത്.
അവൻ അപ്പോഴും കണ്ണ് ചിമ്മി ചിരിച്ചു കാണിച്ചു.

ക്രിസ്റ്റിയുടെ കയ്യിൽ നിന്നും അവളുടെ ബാഗ് വാങ്ങി കൊണ്ട് ഡെയ്സി അവനെ നോക്കിയൊന്ന് ചിരിച്ചിട്ട് പാത്തുവിന്റെ കൈ പിടിച്ചു കൊണ്ട് സ്റ്റെപ് കയറി.

നിറഞ്ഞ ചിരിയോടെ നിൽക്കുന്ന മറിയാമ്മച്ചിയുടെ നേരെ പാത്തുവിന്റെ കൈകൾ നീട്ടി കൊടുത്തു ഡെയ്സി.

“എന്നേക്കാൾ എന്റെ മകന് അമ്മയായത് നിങ്ങളാണ്.അവനെ.. അവൻ ആഗ്രഹിക്കുന്നത് പോലെ മനസ്സിലാക്കിയതും ചേർത്ത് പിടിച്ചതും നിങ്ങളാണ്.അവന്റെ പെണ്ണിനെ കൈ പിടിച്ച് അകത്തേക്ക് കയറ്റാൻ എന്നേക്കാൾ എന്ത്‌ കൊണ്ടും യോഗ്യത നിങ്ങൾക്ക് തന്നെയാണ്.”
അന്തിച്ചു നിൽക്കുന്ന മറിയാമ്മച്ചിയോട് നേർത്തൊരു ചിരിയോടെ ഡെയ്സി പറഞ്ഞതും അവരുടെ ഹൃദയം നിറഞ്ഞു പോയിരുന്നു.
മാത്തച്ഛനും ത്രേസ്യയും ലില്ലിയുമെല്ലാം നിറഞ്ഞ ചിരിയോടെ അവരെ നോക്കി നിൽക്കുന്നുണ്ട്.

“വാ…”
ആവേശത്തിൽ പാത്തുവിനെ പൊതിഞ്ഞു പിടിച്ചു കൊണ്ടാണ് അവർ അകത്തേക്ക് നടന്നത്.

അവർക്ക് പിറകെ മറ്റുള്ളവരും അകത്തേക്ക് പോയി.

“ഇങ്ങോട്ട് കയറി പോരെടാ മോനെ.. നിന്നെ ഇനി പ്രതേകിച്ചു വിളക്ക് തന്ന് വിളിക്കാനൊന്നും ആരും വരുമെന്ന് തോന്നുന്നില്ല ”
അവർ അകത്തേക്ക് നടന്നതും ചുവരിൽ ചാരി നിൽക്കുന്ന ഫൈസി പറഞ്ഞതും.. ചിരിയോടെയാണ് ക്രിസ്റ്റി സ്റ്റെപ്പ് കയറി ചെന്നത്.

“ഹൂ… മല പോലെ വന്നത് എലി പോലായി. അല്ല്യോടാ..?”
ഫൈസിയുടെ അരികിൽ വന്നു അകത്തേക്കൊന്ന് പാളി നോക്കി കൊണ്ട് നെടുവീർപ്പോടെ ക്രിസ്റ്റി പറഞ്ഞു.

“പോയ എലികളൊക്കെ അകത്തു തന്നെ ആണ്.. വല്ലാതെ അങ്ങോട്ട്‌ പൊങ്ങണ്ട..”

അതേ ചിരിയോടെ ഫൈസി പറഞ്ഞു.

“നീ. ഇങ്ങ് വന്നേ.. ആദ്യം ചെയ്യേണ്ടത് നിന്നെ നിന്റെ വീട്ടിലാക്കി തരികയെന്നതാ.. ഇങ്ങനുണ്ടോ ഒരു നെഗറ്റീവടി ”
ക്രിസ്റ്റി അവനെ നോക്കി കണ്ണുരുട്ടി.

“അതങ്ങ് പള്ളീൽ പറഞ്ഞ മതി. വന്നിട്ട് ഇത്രേം നേരമായിട്ട് ഞാനെന്റെ പെണ്ണിനെയൊന്ന് നേരെ ചൊവ്വേ കണ്ടിട്ടില്ല. അപ്പഴാ… അവന്റെയൊരു..ഒന്ന് പോഡെർക്കാ..”
ക്രിസ്റ്റിയെ നോക്കിയൊന്ന് പുച്ഛിച്ചു കൊണ്ട് ഫൈസി വേഗം അകത്തേക്ക് നടന്നു.

ഇനിയും അവിടെ നിന്നാൽ ക്രിസ്റ്റി പിടിച്ചു വലിച്ചു കൊണ്ട് പോകുമോ എന്നൊരു വെപ്രാളമുണ്ടായിരുന്നു അവന്.

ആ പോക്ക് കണ്ട് ചിരി അമർത്തി കൊണ്ടാണ് ക്രിസ്റ്റീയും അകത്തേക്ക് നടന്നത്.

❣️❣️

കണ്ണിലൊരു കരച്ചിലിന്റെ കടലോളിപ്പിച്ചു കൊണ്ട് മാത്തച്ഛൻ ക്രിസ്റ്റിയുടെ നെഞ്ചോട് ചേർന്നു നിന്നു.

ഉള്ളിലൊരായിരം പൂത്തിരി കത്തി ചിതറുന്നുണ്ടായിരുന്നു.. ആ നിൽപ്പിൽ അവനും.
അത്രമേൽ ഹൃദയം സന്തോഷം കൊണ്ട് തുടി കൊട്ടുന്നുണ്ട്.

കാര്യങ്ങളെ കുറിച്ചൊരു ഏകദേശധാരണ കിട്ടിയ അന്ന് മുതൽ അവനും മനസ്സിൽ താലോലിച്ച സ്വപ്നമാണ്.

ആ സ്വപ്നം നടത്തുമെന്ന് അത്രത്തോളം ഉറപ്പുണ്ടായിട്ട് തന്നെയാണ് എപ്പോ ചെന്നാലും വല്യപ്പച്ചനെ ആശ്വാസിപ്പിക്കാൻ വേണ്ടി, ഒരൂസം കുന്നേൽ ബംഗ്ലാവിന്റെ മുറ്റത്തേക്ക് സർവ്വ പ്രൗഡിയുടെയും കൂടി ഞാൻ തിരികെ കൈ പിടിച്ചു കൊണ്ട് പോകുമെന്ന്.

അരികിൽ നിന്നിട്ട് കണ്ണ് തുടക്കുന്ന ത്രേസ്യയെ കൂടി അവൻ തന്നിലേക്ക് ഒതുക്കി പിടിച്ചു.

എല്ലാവരുടെയും മനം നിറഞ്ഞിരുന്നു ആ കാഴ്ചയിൽ.

പാത്തുവിനെ കുറിച്ച് ആരുമൊന്നും ക്രിസ്റ്റീയോട് ചോദിച്ചില്ല.

“വിശക്കുന്നില്ലേ ടാ ”

മാത്തച്ഛനെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി അരികിലേക്ക് ചെന്ന ക്രിസ്റ്റിയോട് ഡെയ്സി ചോദിച്ചു.

സത്യത്തിൽ വിശപ്പും ദാഹവുമൊന്നും ഇത് വരെയും അറിഞ്ഞില്ലായിരുന്നു.

മരവിച്ച ഒരവസ്ഥയിൽ തുടങ്ങി ഉദ്വെഗം നിറഞ്ഞ മറ്റൊരാവസ്ഥയിലേക്ക് കടന്നിട്ട്… ഇപ്പോൾ ശാന്തമായ അന്തരീക്ഷവും മനസ്സും.

അതിനിടയിൽ പലതും ചിന്തിച്ചു.
പേടിച്ചും പേടിപ്പിച്ചും പലതും നേടിയെടുക്കുകയും ചെയ്തു.

മീരയുടെയും ദിലുവിന്റെയും അരികിൽ നിൽക്കുന്ന പാത്തുവിന്റെ നേരെ അവന്റെ കണ്ണുകൾ തെന്നി മാറി.
അവൻ നോക്കുന്നത് കണ്ടതും പെണ്ണ് മീരയുടെ പിന്നിലൊളിച്ചു.

“ഇപ്പൊ വേണ്ടമ്മേ.. ഞാൻ.. എനിക്കൊന്ന് കുളിക്കണം.”

ക്രിസ്റ്റി ചിരിയോടെ പറഞ്ഞു.

ചിരിച്ചു കൊണ്ട് തന്നെ അവന്റെ കവിളിൽ തലോടിയെങ്കിലും ആ കണ്ണിൽ മറ്റൊരു മകനെയോർത്തുള്ള പിടച്ചിൽ ക്രിസ്റ്റിക്ക് മനസ്സിലാവുമായിരുന്നു.

ഫൈസിയെ കുത്തിയിട്ട് ഇറങ്ങി പോയതിൽ പിന്നെ അവരെ കുറിച്ചൊരു വിവരവുമില്ലെന്ന് ഓർക്കവേ അവനിലും ഒരു അസ്വസ്ത്ഥത ഉണ്ടായിരുന്നു.

അമ്മയ്ക്ക് വേണ്ടി തനിക്കവരെ കണ്ട് പിടിച്ചേ മതിയാവൂ..

ക്രിസ്റ്റിയത് മനസ്സ് കൊണ്ടുറപ്പിച്ചു.

“കുളിച്ചിട്ട് വരാം ട്ടൊ..”
പിണങ്ങിയ പോലെ നിൽക്കുന്ന മറിയാമ്മച്ചിയുടെ താടിയിലൊന്ന് പിടിച്ചു കുലുക്കി കൊണ്ടവൻ കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.

“പോ അവിടുന്ന്.. നീ എന്നോട് മിണ്ടണ്ട ”
അവർ ക്രിസ്റ്റിയുടെ കൈകൾ തട്ടി മാറ്റി കൊണ്ട് മുഖം വീർപ്പിച്ചു.

“ആഹാ.. അത് കൊള്ളാലോ… എന്നോട് ഇത്രേം പിണക്കമുണ്ടായിട്ടാണോ കയറി വന്നപ്പോ മുതൽ അത്രേം കൗണ്ടർ അടിച്ചെന്നെ നാണം കെടുത്തി കളഞ്ഞത്.. ഏഹ് ”
ക്രിസ്റ്റി കൈ എളിയിൽ കുത്തിയിട്ട് ക്രിസ്റ്റി അവരെ നോക്കി കണ്ണുരുട്ടി.

“നിന്റെ കല്യാണത്തിന് ഞാൻ എന്തൊക്കെ സ്വപ്നം കണ്ടിരുന്നു. പോയില്ലേ.. അതൊക്കെ പോയില്ലേ.. അവന്റെയൊരു ഒളിച്ചു കല്യാണം..”
മറിയാമ്മച്ചി ക്രിസ്റ്റിയുടെ തോളിൽ അടിച്ചു കൊണ്ട് പറഞ്ഞു.

“എങ്കിൽ ഒരു കാര്യം ചെയ്യാ.. ഇവളിവിടെ നിക്കട്ടെ. മറിയമ്മച്ചി ഒരു കാര്യം ആവിശ്യപ്പെട്ടിട്ട് എനിക്കതങ്ങനെ ഉപേക്ഷിച്ചു കളയാനൊക്കുവോ..? എന്റെ മറിയാമ്മച്ചി സ്വപ്നം കണ്ടത് പോലെ ഞാൻ ഒന്നൂടെ കെട്ടാം. അപ്പൊ ആ പ്രശ്നം തീരത്തില്ല്യോ.. എങ്ങനുണ്ട്?”

ക്രിസ്റ്റി പുരികം പൊക്കി കൊണ്ടവരെ നോക്കി.

‘കെട്ടിയ പെണ്ണിന്റെ മുന്നിൽ വെച്ച് കോണച്ച വർത്താനം പറഞ്ഞ നിന്റെ പല്ല് ഞാൻ അടിച്ചു കൊഴിക്കും വൃത്തികെട്ടവനെ.. എന്റെ കൊച്ചിനെയെങ്ങാനും വേദനിപ്പിച്ചാലുണ്ടല്ലോ…അവന്റെയൊരു കല്യാണം ”

വീണ്ടും കിട്ടി ക്രിസ്റ്റിക്ക് രണ്ടു മൂന്ന് അടികൾ കൂടി..

പക്ഷേ ചിരിയോടെ തന്നെ അവൻ അവരെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു.

അത്രമേൽ സംഘർഷം നിറഞ്ഞു നിന്നിരുന്ന അകത്തളങ്ങൾക്ക് ചിരിയുടെ മണികിലുക്കമുണ്ടായിരുന്നു അവനെത്തിയ നിമിഷം മുതൽ…

അതേ…

നിലാവ് പോലെ തെളിച്ചമുള്ള ഒരാൾ മതിയാവും നമുക്കുള്ളിലെ ഇരുട്ട് നീക്കി പ്രകാശം പരത്താൻ..ല്ലേ 🥰…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button