നിനക്കായ്: ഭാഗം 12
രചന: ആൻ എസ്
സിദ്ധു എയർപോർട്ടിൽ എത്തി എന്ന് വിളിച്ചു പറഞ്ഞതും അടക്കാനാവാത്ത സന്തോഷത്തോടു കൂടിയാണ് സ്കൂൾ വിട്ട് വീട്ടിലേക്ക് കയറിച്ചെന്നത്. മുറ്റത്ത് വച്ച് തന്നെ അകത്തു നിന്നും പതിവില്ലാത്ത ഒരു ബഹളം കേട്ടു.. അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം..
ഉള്ളിലെ സന്തോഷത്തിൻറെ വേലിയേറ്റം ചെറുതായി കെട്ടു പോയിരുന്നു. അകത്ത് എത്തിയതും അച്ഛനെയാണ് ആദ്യം കണ്ടത്. ” പെട്ടെന്ന് കൂടെ വാ മോളെ.. എന്നെക്കൊണ്ടൊന്നും ചെയ്യാൻ പറ്റുന്നില്ല…” ചിരിച്ചിട്ടല്ലാതെ അച്ഛനെ ഇന്നുവരെ ഞാൻ കണ്ടിട്ടില്ല . ആ മുഖത്തെ വെപ്രാളം കണ്ടതും കയ്യിലിരുന്ന ബാഗ് സോഫയിലേക്കിട്ടു അച്ഛൻറെ പിറകെ നടന്നു.. ഓടി എന്ന് വേണമെങ്കിലും പറയാം.
ചേച്ചിയുടെ മുറിയിലേക്കാണ് അച്ഛൻ പോകുന്നത്. അകത്തേക്ക് കടന്നതും അമ്മ ചേച്ചിയെ നിലത്ത് താങ്ങിപ്പിടിച്ചിരിക്കുന്നത് കണ്ടു.അവളുടെ കണ്ണുകൾ പാതിമയക്കത്തിൽ എന്നോണം അടഞ്ഞു പോകുന്നുണ്ട് . വാടിയ പൂ പോലെ തളർന്നു അമ്മയുടെ തോളിൽ ചാഞ്ഞു കിടക്കുന്ന അവളെ കണ്ടതും എൻറെ പാതി പ്രാണൻ ദേഹം വിട്ടുപോയി .
” ഇത്തിരി വെള്ളം ഈ ബാത്റൂമിൽ നിന്ന് എടുക്കുന്നതിന് പകരം അടുക്കളവരെ ഓടിയോ നിങ്ങൾ”
അമ്മയുടെ ദേഷ്യപ്പെട്ടള്ള നോട്ടവും വെപ്രാളവും കണ്ടു നിന്ന് പരുങ്ങുന്ന അച്ഛൻറെ കയ്യിൽ നിന്നും കുടിവെള്ളത്തിൻറെ ജഗ്ഗ് പിടിച്ചു വാങ്ങി ഞാൻ തന്നെ ചേച്ചിയുടെ മുഖത്ത് തളിച്ചു.. അവളുടെ കണ്ണുകൾ പതിയെ തുറന്നു വന്നു..
എന്നെ കണ്ടിട്ട് അവളെൻറെ കയ്യിൽ കേറി പിടിച്ചതും ശ്വാസം നേരെ വീണു.. എന്നേക്കാൾ പതിന്മടങ്ങ് ആശ്വാസം അച്ഛനായിരുന്നു എന്ന് തോന്നി.
“ഞാൻ തുണി മടക്കി വയ്ക്കുമ്പോൾ പെട്ടെന്ന്.. എന്തോ പോലെ .. ഇരുട്ട് വന്നു.. തലകറങ്ങി.. പിന്നെ ഒന്നും ഓർമ്മയില്ലെനിക്ക്..” അവൾ എന്നോട് വിഷമത്തോടെ പറഞ്ഞു തുടങ്ങിയതും അമ്മയ്ക്കൊരു നിസ്സാര ഭാവം വരുന്നത് കണ്ടു. “എന്നാലും പേടിപ്പിച്ചു കളഞ്ഞു..” എന്നു പറഞ്ഞു അമ്മ അവളുടെ മുടിയിൽ തലോടി നെറ്റിയിൽ മുത്തം കൊടുത്തു. എനിക്കെന്തോ അതത്ര ഇഷ്ടപ്പെട്ടില്ല. ഒരാൾക്ക് വയ്യ എന്നറിയുമ്പോൾ സ്നേഹിക്കുകയാണോ വേണ്ടത്.. ആശുപത്രിയിൽ കൊണ്ടുപോകുക അല്ലേ വേണ്ടത്. അച്ഛനെ നോക്കിയപ്പോൾ അവിടെയും അമ്മയോട് ഒരു തൃപ്തി കേട് കണ്ടു.. ധൈര്യം കൊണ്ട് പറയുന്നില്ല എന്നേയുള്ളൂ.
“ചേച്ചി വേഷം മാറ്.. നമുക്ക് ഹോസ്പിറ്റലിൽ പോകാം..” ഞാൻ അവളുടെ കയ്യിൽ പിടിച്ച് പെട്ടെന്നു തന്നെ എഴുന്നേൽപ്പിച്ചു.
“മോള് പേടിക്കേണ്ട.. കുറച്ചുകഴിഞ്ഞാൽ സിദ്ധു വരുമല്ലോ.. അവനൊന്ന് നോക്കിയിട്ട് വേണമെങ്കിൽ നമുക്ക് ആശുപത്രിയിൽ പോകാം… ഇപ്പോൾ കുറച്ച് നേരം ഇവിടെ സ്വസ്ഥമായിട്ട് കിടക്കട്ടെ..” തളർന്നിരിക്കുന്ന ചേച്ചിയെ കണ്ടിട്ട് ഇത്ര ശാന്തമായി സംസാരിക്കാൻ അമ്മയ്ക്ക് എങ്ങനെ പറ്റുന്നു എന്നായിരുന്നു എൻറെ അതിശയം. എൻറെ നോട്ടത്തിൽ നിന്നും അമ്മയ്ക്കുംഅത് മനസ്സിലായി എന്നു തോന്നുന്നു.
“മാളൂ.. നീ പെട്ടെന്ന് വേഷം മാറി കുറച്ച് ഫ്രൂട്ട്സ് എടുത്ത് ഫ്രഷ് ആയിട്ട് ജ്യൂസ് ഉണ്ടാക്കി കൊണ്ടുവാ. മീനുൻറെ ക്ഷീണമൊക്കേ അതോടെ മാറും..”
അമ്മയുടെ പ്രതികരണങ്ങൾ ഉൾക്കൊള്ളാൻ ആയില്ലെങ്കിലും മീനുചേച്ചിയേ വാത്സല്യത്തോടെ മടിയിൽ തല വെച്ച് കിടത്തിയിരിക്കുന്നത് കണ്ടതും മനസ്സു നിറഞ്ഞു. വേഷം മാറാൻ നിൽക്കാതെ അടുക്കളയിലെത്തി ജ്യൂസ് ഉണ്ടാക്കി എത്രയും പെട്ടെന്ന് കൊണ്ടുവന്നു. ഇത്തിരി കുടിച്ചു കഴിഞ്ഞതും ചേച്ചി മതിയെന്നും പറഞ്ഞു മടക്കി തന്നു. “അതൊന്നും പറഞ്ഞാൽ പറ്റില്ല.. മുഴുവൻ കുടിച്ചേ പറ്റൂ..പതിയെ മതി” അമ്മ നിർബന്ധിച്ച് അവളെക്കൊണ്ട് മുഴുവനും കുടിപ്പിക്കുന്നത് നോക്കി നിന്നു പോയി .
“ഇതെന്താ വാതിലൊക്കെ തുറന്നു വെച്ചിരിക്കുന്നത്.. ഇവിടാരുമില്ലേ… എനിക്ക് പകരം വല്ല കള്ളനും അകത്ത് കയറിയിരുന്നെങ്കിലോ..” അകലം കുറഞ്ഞു വരുന്ന ആ ശബ്ദം കാതുകൾ കൊണ്ടല്ല ഹൃദയം കൊണ്ടാണ് ഞാൻ കേട്ടത് എന്ന് തോന്നി. ഇടനെഞ്ച് ശക്തിയിൽ തുടിച്ചു തുടങ്ങി. ഒരാഴ്ചയായി കാത്തിരിക്കുന്ന ആളെ ഒന്ന് പിറകിലേക്കു തിരിഞ്ഞു നോക്കിയാൽ വാതിൽപ്പടിയിൽ കാണാം.എങ്കിലും ഒരു നിമിഷമെടുത്ത് ഹൃദയതാളം സ്ഥായിയായതിനു ശേഷമാണ് തിരിഞ്ഞുനോക്കിയത്.
“ഏടത്തിക്ക് എന്താ വയ്യായ്ക വല്ലതുമുണ്ടോ?..”
എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ ചേച്ചിയുടെ കട്ടിലിൽ കയറിയിരുന്നു. അവളുടെ കണ്ണുകൾ താഴേക്ക് വലിച്ചു തുറക്കുന്നതും കൈ പിടിച്ച് പൾസ് ചെക്ക് ചെയ്യുന്നതും അങ്ങനെ എന്തൊക്കെയോ ചെയ്യുന്നത് കണ്ടു.
“ആണോടാ..” അമ്മ ക്ഷമയില്ലാതെ ചോദിക്കുന്നത് കേട്ടു.
സിദ്ധുവിൻറെ മുഖത്ത് നേരിയ ചിരി വിടരുന്നത് കണ്ടു. പതിയെ അത് അമ്മയിലേക്കും പടരുന്നു.
” ഏട്ടൻ വന്നിട്ട് ഹോസ്പിറ്റലിൽ ഒന്ന് പോയി കാണിക്കട്ടെ. ബീന ഡോക്ടറെ ഞാൻ ഇപ്പോൾ തന്നെ വിളിച്ചു പറയാം. ഏട്ടത്തിയെ വെറുതെ ഇങ്ങനെ കിടത്തേണ്ട.. ഇതൊരു അസുഖം ഒന്നും അല്ലല്ലോ..” സിദ്ധു നോക്കി ചിരിച്ചതും ചേച്ചിയുടെ മുഖം ചുവന്നു തുടുത്തു തക്കാളി പോലെ ആയി വരുന്നു.. അവൾ എഴുന്നേറ്റിരുന്ന് അമ്മയെ കെട്ടിപ്പിടിക്കുന്നത് കണ്ടു .
അച്ഛനും സന്തോഷത്താൽ കണ്ണൊക്കെ തുടയ്ക്കുന്നു..
എല്ലാം കൂടി കൂട്ടി വായിച്ചതും എനിക്കും കാര്യം കത്തി.
“കുഞ്ഞാവ ഉണ്ടോ വയറ്റില്?..” അതിശയത്തോടെ അവളുടെ അടുത്ത് ഓടിപോയി ചോദിച്ചു. ഉണ്ടെന്ന അർത്ഥത്തിൽ അമ്മ എന്നെ നോക്കി തലയാട്ടി.. സന്തോഷംകൊണ്ട് എന്തുചെയ്യണമെന്നറിയാതെ ഞാൻ അവളുടെ മുഖം കൈകളിലെടുത്ത് തുരുതുരെ ഉമ്മ വെച്ചു.
“അധികം സന്തോഷിക്കാൻ വരട്ടെ.. ഡോക്ടറെ കണ്ടു ടെസ്റ്റ് ചെയ്തു കൺഫോം ചെയ്യണം..” സിദ്ധു അങ്ങനെയൊരു മുന്നറിയിപ്പ് പറഞ്ഞതും പെട്ടെന്ന് ദേഷ്യമാണ് തോന്നിയത്. ഇതൊന്നും ഉറപ്പിച്ചു പറയാൻ പോലും അറിയില്ലെങ്കിൽ പിന്നെ സ്റ്റെതസ്കോപ്പും തൂക്കി പോകുന്നത് എന്തിനാണ്…
“മാളു നീ പോയി അവനെന്തെങ്കിലും കുടിക്കാൻ കൊടുക്ക്.. യാത്രകഴിഞ്ഞ് വന്നതല്ലേ ..നീയും വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ..” അമ്മ അത് പറഞ്ഞെങ്കിലും സത്യം പറഞ്ഞാൽ ചേച്ചിയുടെ അടുത്ത് നിന്നും പോരാൻ മനസ്സ് ഉണ്ടായിരുന്നില്ല. അവളെ ചുറ്റിപ്പറ്റി തന്നെ നിൽക്കാൻ തോന്നി..
“മാളു..” സിദ്ധുവിൻറെ ഉച്ചത്തിലുള്ള വിളി കേട്ടതും അറിയാതെ ഞങ്ങളുടെ മുറിയിലേക്ക് നടന്നു പോയി.
ആദ്യമായിട്ടാണ് എന്നെ മാളവിക എന്ന് നീട്ടിവലിച്ചല്ലാതെ മാളു എന്ന് വിളിച്ചു കേൾക്കുന്നത്.. ആ വിളിയിൽ വല്ലാത്തൊരു സുഖം തോന്നി.
“എന്താടോ കണ്ടിട്ടും ഒരു മൈൻഡ് ഇല്ലാത്തത്.. ഇപ്പൊ കാണാൻ തോന്നുന്നു എന്നൊക്കെ ദിവസവും ഫോണിൽ പറഞ്ഞുകൊണ്ടിരുന്നത് തട്ടിപ്പായിരുന്നല്ലേ..”
എൻറെ അടുത്തേക്ക് വന്ന് ചെവിയോരത്താണ് ചോദ്യം.
ചുടു നിശ്വാസം ചെവിയിൽ ഇക്കിളി കൂട്ടിയെങ്കിലും എൻറെ ഇപ്പോഴത്തെ ആവശ്യം തുറന്നടിച്ച് പറയാനാണ് അന്നേരം തോന്നിയത്.
“എനിക്കും വേണം കുഞ്ഞാവ..”
എൻറെ വായിൽ നിന്നും വന്നത് കേട്ട് ഒരു നിമിഷം പ്രതിമ പോലെ നിൽക്കുന്നത് കണ്ടു. പിന്നെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളിവരുന്നതും. ഇത്തിരി നേരം എടുത്തു ആള് നോർമൽ ആകാൻ.. ഞാൻ വേണ്ടാതീനം വല്ലതും ആണോ ചോദിച്ചത് എന്ന് എനിക്കും സംശയം തോന്നി.
“നിൻറെ ബാഗ് എന്തിയേ..?” പോയ ബോധം വന്നെന്നു തോന്നുന്നു. ഇത്തിരി ഗൗരവത്തിലാണ് ചോദ്യം.
വൈകീട്ട് കയറി വന്നപ്പോൾ ഞാനെൻറെ ബാഗ് സോഫയിൽ ഇട്ടത് ഓർമ്മവന്നു. എൻറെ സാലറിയും കുട്ടികളുടെ മാർക്ക് ലിസ്റ്റും വിലപ്പെട്ട പലതും ഉണ്ടതിൽ.. എത്രയും പെട്ടെന്ന് അത് പോയി എടുക്കാൻ താഴേക്ക് പോകാൻ ഒരുങ്ങിയതും ” എങ്ങോട്ടാ” അടുത്ത ചോദ്യം വന്നു…നോക്കിയതും എൻറെ ബാഗ് കയ്യിൽ തൂക്കി പിടിച്ചിരിക്കുന്നത് കണ്ടു.
അപ്പോൾ താഴെ നിന്നും കയറി വന്നപ്പോൾ ഇതും തൂക്കികൊണ്ടു വന്നിട്ടുണ്ട് .. കള്ളൻ..
വാതിൽ അടക്കാതെ മലർത്തി ഇട്ടത് അന്നേരമാണ് ഓർമ്മ വന്നത്. അച്ഛനും അമ്മയും ഇപ്പോഴും ചേച്ചിയുടെ മുറിയിൽ തന്നെയാണ്. നാടെങ്ങും കള്ളന്മാരുടെ വർത്താനം മാത്രമേ കേൾക്കാൻ ഉള്ളൂ .വാതിൽ അടയ്ക്കാൻ താഴേക്ക് പോകാനൊരുങ്ങി.
“വാതിൽ ഞാൻ അടച്ചിട്ടുണ്ട്….” പ്രസ്താവന കേട്ടതും കഴിഞ്ഞ ജന്മം കണിയാൻ ആയിരുന്നു എന്ന് തോന്നി.
“ആദ്യം സ്വന്തം കാര്യങ്ങൾ ഒക്കെ വൃത്തിയിൽ ചെയ്യാൻ പഠിക്ക്..എന്നിട്ടാവാം കുഞ്ഞാവ…” കളിയാക്കിക്കൊണ്ടുള്ള പറച്ചിൽ കേട്ടതും ദേഷ്യം വന്നിരുന്നു. നാട്ടുകാർക്ക് മൊത്തം കൊച്ചിനെ കൊടുക്കലാണ് ജോലി.. സ്വന്തം ഭാര്യ ചോദിച്ചാൽ പ്രതിമ പോലെ മിഴിച്ച് നിന്നോളണം.. ബാക്കി എല്ലാം നോക്കിയും കണ്ടും അറിഞ്ഞു ചെയ്തോളും.. ഒരു കുഞ്ഞിനെ ചോദിച്ചതിന് മാത്രം എന്താ ഇത്ര പരിഹാസം..
താഴേക്കിറങ്ങി വന്നതും അച്ഛൻ കിച്ചു ഏട്ടനെ ഫോൺ ചെയ്യുന്നത് കേട്ടു. അമ്മ ഇപ്പോഴും ചേച്ചിയുടെ കൂടെ തന്നെയാണ്. സിദ്ധുവിനുള്ള ജ്യൂസ് എടുത്തു വീണ്ടും മുറിയിൽ വന്നതും ആള് കുളികഴിഞ്ഞ് എത്തിയിരുന്നു.
“ഞാൻ എന്തൊക്കെയാ കൊണ്ടുവന്നതെന്ന് കാണണ്ടേ തനിക്ക്..”. ചോദ്യം കേട്ടിട്ടും അധികം ഒലിപ്പിക്കാൻ പോയില്ല. എങ്കിലും സാധനങ്ങൾ നോക്കാതിരിക്കാനും പറ്റുന്നില്ല. ഭാഗ്യത്തിന് ആള് തന്നെ എല്ലാം എടുത്ത് കാണിച്ചു തന്നു.
തൂവെള്ളയിൽ മയിൽപീലി നിറം കൊണ്ട് ബോഡിയിൽ ചിത്രപ്പണികൾ തീർത്ത് അരികുകളിൽ സ്റ്റോൺ വർക്ക് ചെയ്ത ഒരു സാരി. സ്കൂളിൽ കൊണ്ടു പോകാൻ പറ്റിയ ഒരു ബാഗ്. ഒരു സിംപിൾ വാച്ച് .ഞാൻ ഉപയോഗിക്കുന്ന തരത്തിലുള്ള കുറെ കമ്മലുകൾ. ഒരുചെരിപ്പ് .. കൗതുകത്തോടെ ഇട്ട് നോക്കിയതും അളവ് പോലും കൃത്യം.. ഞാൻ വാങ്ങിക്കുന്നത് പോലത്തെ സാധനങ്ങൾ തന്നെ വാങ്ങിയിരിക്കുന്നത് കണ്ടതും ഇങ്ങേര് ആള് കൊള്ളാമല്ലോ എന്ന് ആയിപോയി.
“അപ്പോൾ എൻറെ സെലക്ഷൻ മോശമായിട്ടില്ല.” പരസ്പരം നോക്കിയ ഞങ്ങളിൽ പുഞ്ചിരി വിടർന്നു.
“ഞാൻ ഒന്ന് പുറത്തു പോയിട്ട് പെട്ടെന്ന് വരാം..” പോകാനുള്ള താക്കോൽ വരെ കൈയിൽ എടുത്താണ് പറയുന്നത്.
“ഇപ്പോൾ ഇങ്ങു വന്നു കയറിയതേയുള്ളൂ ആദ്യമേ..
എത്ര കൊതിച്ചിട്ടാ ഒന്ന് അടുത്ത് കിട്ടിയത്.” വിഷമം പറയാതിരിക്കാൻ പറ്റിയില്ല.
“അത്യാവശ്യമായ ചില സാധനങ്ങൾ വേണം. അര മണിക്കൂർ ഞാൻ ഇങ്ങ് എത്തും “.
ഒരുമിച്ചാണ് താഴേക്കിറങ്ങി വന്നത്. കിച്ചു ഏട്ടൻ എത്തിയപ്പോഴേക്കും ഞങ്ങൾ ചേച്ചിയെ തയ്യാറാക്കി നിർത്തിയിരുന്നു. ഇറങ്ങാൻ നേരം കിച്ചു ഏട്ടൻറെ പേടിച്ചുള്ള നിൽപ്പ് കണ്ടതും പരീക്ഷ പേപ്പർ കയ്യിൽ കിട്ടാൻ പോകുന്ന കുട്ടിയെ പോലെയാണ് എനിക്ക് തോന്നിയത്. ചേച്ചി പക്ഷേ എല്ലാം ഉറപ്പിച്ച മട്ടിലാണ്.എല്ലാം നന്നായിട്ട് വരണേ എന്ന് മനസ്സിൽ വിചാരിച്ചതും പ്രാർത്ഥിച്ചു നിൽക്കുന്ന അമ്മയെ കണ്ടു
ഏകദേശം ഒരു മണിക്കൂർ ആയി കാണും ചേട്ടൻറെ ഫോൺ വന്നു.. സരോവരത്തിലേക്ക് കുഞ്ഞതിഥിയുടെ വരവറിയിച്ചുകൊണ്ട്. മറ്റെല്ലാവരെക്കാളും അമ്മയുടെ സന്തോഷത്തിനായിരുന്നു അതിരില്ലാഞ്ഞത്. തളർന്നു കിടക്കുന്ന ചേച്ചിയെ കണ്ടനേരം ഒരു നിമിഷത്തേക്കെ ങ്കിലും അമ്മയെ തെറ്റിദ്ധരിച്ചതിൽ എനിക്ക് അതിയായ ദുഃഖം തോന്നി. അമ്മയില്ലാത്ത സങ്കടം പെറ്റമ്മയെ ഏറ്റവും ആവശ്യമുള്ള പ്രസവ സമയത്ത് എൻറെ ചേച്ചിക്ക് ഏതായാലും ഉണ്ടാവില്ല എന്ന് തോന്നി.
ലഡ്ഡുവും ജിലേബിയും ഒരു ബേക്കറി തന്നെ പൊക്കി കൊണ്ടാണ് കിച്ചു ഏട്ടൻ വന്നത്. ചേച്ചിയെ കണ്ടപാടെ സന്തോഷത്തോടെ പോയി കെട്ടിപ്പിടിച്ചു. ഒരു കഷ്ണം ലഡ്ഡു കിച്ചുവേട്ടൻ എൻറെ നേരെ നീട്ടി പിടിച്ചതും അറിയാതെ വായ തുറന്നു പോയി. കഴിച്ചു കഴിഞ്ഞതും കുറ്റബോധത്തോടെ സിദ്ധുവിനെ നോക്കി. ആദർശം മറന്നു കൊച്ചച്ഛൻ ഒരു ലഡ്ഡു മൊത്തം വായിലിട്ടു സന്തോഷത്തോടെ നിൽക്കുന്നത് കണ്ടതും ചിരി വന്നു.
അമ്മ അച്ഛനെയും മുത്തശ്ശിയെയും വിളിച്ച് സന്തോഷം പങ്കു വയ്ക്കുന്നത് കേട്ടു. അവര് രണ്ടാളും നാളെ കാലത്തെ ചേച്ചിയെ കാണാൻ വരും എന്ന് അറിയിച്ചു. “നമുക്ക് ഇതൊന്ന് ആഘോഷിക്കേണ്ടേ ..” സിദ്ധുവിൻറെ ചോദ്യം കേൾക്കാൻ കാത്തിരുന്നത് പോലെയായിരുന്നു എല്ലാവരുടെയും പ്രതികരണം. ഞാനും കിച്ചു ഏട്ടനും അപ്പോൾ തന്നെ നാളത്തേക്കുള്ള ലീവ് വിളിച്ചുപറഞ്ഞു. സിദ്ധുവിന് നാളെ കഴിഞ്ഞ് ജോയിൻ ചെയ്താലും മതി.. ഒത്തൊരുമിച്ച് ഇരുന്ന് നാളത്തേക്കുള്ള പ്ലാനിങ് എല്ലാം കഴിഞ്ഞു പതിവില്ലാത്ത സന്തോഷത്തോടു കൂടിയാണ് എല്ലാവരും ശുഭരാത്രി പറഞ്ഞു പിരിഞ്ഞത്.
കുഞ്ഞ് ആണ് ആയിരിക്കുമോ അതോ പെണ്ണോ.. കാണാൻ ആരെ പോലെയാവും.. പെൺകുഞ്ഞ് ആയാൽ മതിയായിരുന്നു.. ചില കുട്ടികക്ക് ചിറ്റമാരുടെ ച്ഛായ കിട്ടാറുണ്ടല്ലോ.എന്നെപ്പോലെങ്ങാനും ആകുമോ..
ഭാരിച്ച ചിന്തകളും ആയാണ് മുറിയിലേക്ക് കടന്നു വന്നത്.
സിദ്ധുവിനെ ശ്രദ്ധിക്കാതെയാണ് ബാത്റൂമിൽ കയറി ഫ്രഷായി വന്നത്.പുതിയ മോഡലിലുള്ള ടാബ്ലറ്റുകളും ആയി പതിവുപോലെ വെള്ളവും കൊണ്ട് എന്നെ കാത്തിരിക്കുന്നത് കണ്ടു. വൈറ്റമിൻ കൂടുതലുള്ളത് ഡൽഹിയിൽ നിന്നും കഷ്ടപ്പെട്ട് തപ്പിപിടിച്ചു കൊണ്ടു വന്നതാവും..കഷ്ടം തോന്നി.
ലൈറ്റണച്ച് കിടന്നതും പതിയെ രണ്ട് കൈകൾ ഇരുട്ടിൽ എന്നെ തേടി വരുന്നതറിഞ്ഞു.
“നീ വൈകിട്ട് എന്തെങ്കിലും വേണമെന്ന് പറഞ്ഞിരുന്നോ”
ചെവിയിൽ ചുണ്ടുരുമ്മുന്നതു പോലെ ചോദ്യം വന്നതും ഒരു നിമിഷം ദേഹമാകെ കോരിത്തരിച്ചു പോയി. അറിയാതെ എൻറെ വലംകൈ പ്രതീക്ഷയോടെ എൻറെ വയറിനെ പൊതിയുന്നതറിഞ്ഞു. തിടുക്കത്തിൽ സിദ്ധുവിൻറെ ഭാഗത്തേക്ക് ചെരിഞ്ഞു കിടന്നു.
“മാളു..” പതിഞ്ഞ സ്വരം കേട്ടതും നാണവും സ്നേഹവും കലർന്ന സമ്മിശ്രവികാരം എന്നെ കീഴ്പ്പെടുത്തി തുടങ്ങിയിരുന്നു. തരളിതയായി വാക്കുകൾക്ക് ചെവിയോർത്തു..
“ഈ കുഞ്ഞുങ്ങൾ എന്ന് പറയുന്നത് ഒരു ട്രോഫി ഒന്നുമല്ല ചേച്ചിക്ക് കിട്ടിയെന്ന് വെച്ച് ഉടനെ അനിയത്തിക്കും വേണമെന്ന് വാശി പിടിക്കാൻ… നമുക്ക് കുറച്ചു കാലം കൂടി ഫ്രീ ആയി ജീവിതം ആസ്വദിച്ചിട്ട് പതിയെ മതി കുഞ്ഞുങ്ങളും പ്രാരാബ്ദങ്ങളും ഒക്കെ. നീ തന്നെ ആലോചിച്ചു നോക്കിക്കേ..നിനക്ക് ഒരു കുഞ്ഞിനെ വളർത്താൻ അറിയുമോ?.. നിൻറെ സ്കൂളിലെ പിള്ളേരെ പറ്റിക്കുന്നത് പോലെ മതിയോ നമ്മുടെ കുഞ്ഞുങ്ങളെ വളർത്താൻ.. അതുകൊണ്ട് നീ ആദ്യം ഏടത്തിയുടെ കുഞ്ഞിനെ പരിപാലിച്ച് കാര്യങ്ങളൊക്കെ മനസ്സിലാക്കി എടുക്ക്.. കൂട്ടത്തിൽ ബീ.എ.ടോ നെറ്റോ ഒക്കെ എഴുതി എടുക്ക്. എനിക്കും ചിലതു കൂടി പഠിച്ചു തീർക്കാനുണ്ട്.
അതൊക്കെ തീർത്തു മാനസികമായി തയ്യാറായി രണ്ടോ മൂന്നോ വർഷങ്ങൾ കഴിഞ്ഞിട്ട് നിനക്ക് ഒന്നോ രണ്ടോ പിള്ളേരെ ഞാൻ തരാം.”
സുവിശേഷം കേട്ട് കഴിഞ്ഞതും ചുറ്റിപ്പിടിച്ച കൈകൾ ദൂരെ വലിച്ച് തോട്ടിൽ എറിഞ്ഞു തിരിഞ്ഞു കിടന്നിരുന്നു ഞാൻ.. അല്ലപിന്നെ… ഇങ്ങനെയുണ്ടോ മനുഷ്യര്..
“മാളു.. ടീ മാളൂസേ..പിണങ്ങിയോ..” തിരിഞ്ഞു നോക്കാൻ പോയില്ല.. ഒരു സുവിശേഷ പ്രസംഗം കൂടി എന്നെ ക്കൊണ്ട് താങ്ങില്ല..
“ഇപ്പോൾ കുഞ്ഞ് വേണ്ടെന്നേ ഞാൻ പറഞ്ഞുള്ളൂ. നിൻറെ സ്നേഹം വേണ്ടാന്ന് അതിനർത്ഥമില്ല…” കുസൃതി ചിരിയോടെ എന്നിലേക്ക് അടുത്ത് വരുന്നതറിഞ്ഞു.
” പ്ലീസ് ..എനിക്കുവേണ്ടി ഇത്തിരി കാത്തിരിക്ക്.. ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന നേരത്ത് നമ്മുടെ മോനെ നിനക്ക് ഞാൻ തന്നിരിക്കും..സിദ്ധുവിൻറെ വാക്കാണിത്”
കേട്ട് കഴിഞ്ഞതും ചക്കരയെ പോലെ ഒരു കുട്ടി കുറുമ്പനാണ് സിദ്ധുവിൻറെ മനസ്സിൽ എന്ന് തോന്നി.
സിദ്ധുവിൽ നിന്നും എന്നിലേക്കുള്ള അകലം കുറഞ്ഞുവന്നതും ശരീരത്തിൽ സംഭവിക്കുന്ന രാസമാറ്റങ്ങൾ എന്നിലെ സ്ത്രീയെ ഉണർത്തിയിരുന്നു. കീഴടങ്ങലോ.. പങ്കുവയ്ക്കലോ.. വെട്ടിപിടിക്കലോ.. നോവോ.. നിർവൃതിയോ.. പ്രണയത്തെ നിർവചിക്കാൻ പറ്റില്ല എന്ന് തോന്നി. ശരീരവും മനസ്സും പരസ്പര ബന്ധനത്താൽ പുണർന്നു കിടക്കുന്ന ആഴമുള്ള മഹാസമുദ്രം ആണതെന്ന് തോന്നി. സിദ്ധുവിൻറെ ഭാരം എന്നെ സ്വതന്ത്രയാക്കിയതും ഞാൻ എന്നിലെ പ്രണയത്തിൻറെ പരകോടിയിൽ എത്തിയിരുന്നു.
വർദ്ധിച്ച് വരുന്ന സ്നേഹത്തോടെ സിദ്ധുവിനെ നോക്കി യതും ആ കണ്ണുകളിൽ നിന്നും വീണ്ടും നീർത്തുള്ളികൾ ചാലുകീറി ഇറ്റു വീഴുന്നത് അരണ്ട വെളിച്ചത്തിലും വ്യക്തമായി കണ്ടു. എന്നോടുള്ള പ്രണയം തന്നെയാണ് തലയിണയെ ചുംബിക്കുന്ന ആ നീർത്തുള്ളികളെന്ന് ഇക്കുറി സംശയങ്ങൾ ഒന്നും ഇല്ലാത്തതിനാൽ സ്നേഹം ഉറങ്ങുന്ന പ്രിയപ്പെട്ടവൻറെ നെഞ്ചിലേക്ക് ഞാനെന്നെ സ്വയം ചേർത്തു വെച്ചു. നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് എന്നെ തന്നിലേക്ക് ഒന്നുകൂടി ചേർത്ത്പൊതിഞ്ഞു പിടിച്ച കൈകളുടെ മുറുക്കം കൂടി വരുന്നത് ഞാനും അറിഞ്ഞിരുന്നു …..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…