നിനക്കായ്: ഭാഗം 19
രചന: ആൻ എസ്
എത്ര വിളിച്ചിട്ടും കോളിംഗ് ബെൽ അടിച്ചിട്ടും മാളു വാതിൽ തുറക്കുന്നില്ല എന്ന് ഗായത്രി പരിഭ്രമിച്ച് ഫോൺ ചെയ്തതും സിദ്ധുവിൻറെ മനസ്സിലും വല്ലാത്ത ആധി നിറഞ്ഞു. മാളുവിൻറെ നമ്പറിൽ ഫോൺ വിളിച്ചു നോക്കിയിട്ട് ബെല്ലടിക്കുന്നത് അല്ലാതെ അവൾ ആൻസർ ചെയ്യുന്നില്ല.കോൾ കട്ട് ചെയ്തു എത്രയും പെട്ടെന്ന് വീട്ടിലെത്താൻ വണ്ടി സ്റ്റാർട്ട് ചെയ്തു.
ഒറ്റക്കിരിക്കാൻ മടിച്ചിട്ട് മാളു കേറി കിടന്നുറങ്ങി കാണും.ഉറക്കത്തിൽ വീട് തന്നെ പൊക്കി കൊണ്ടു പോയാലും അവൾ അറിയാൻ പോകുന്നില്ല. അതായിരിക്കും സംഭവിച്ചിരിക്കുന്നത്.. അങ്ങനെ മാത്രം ആയിരിക്കട്ടെ ..ഓരോന്നാലോചിച്ച് ആശ്വസിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആക്സിലേറ്ററിൽ കാൽ തുടർച്ചയായി അമരുന്നതും വണ്ടിയുടെ വേഗത കൂടുന്നത് ഒന്നും അയാളെ ബാധിക്കുന്നേയില്ല.
ഫോൺ വീണ്ടും തുടർച്ചയായി ബെല്ലടിക്കുന്നു. മാളു തിരികെ വിളിക്കുകയിരിക്കും എന്ന് കരുതിയെങ്കിലും അമ്മയാണ്.നിരാശയോടെ കോൾ ആൻസർ ചെയ്തതും മറുവശത്തു നിന്നും കരച്ചിൽ കേട്ടു.
.” എടാ ..മാളുവിന് എന്താടാ പറ്റിയത്?.. അവൾ എന്താ വാതിൽ തുറക്കാത്തത്?എനിക്ക് ആകെ പേടിയാവുന്നു..”
സിദ്ധുവിന് അടക്കിപ്പിടിച്ച ദേഷ്യമോ സങ്കടമോ ഒക്കെ വർദ്ധിച്ചു വരുന്നത് പോലെ തോന്നി..
“അമ്മ എങ്ങനെയാ ഇതൊക്കെ അറിഞ്ഞത്..”
എന്നേ ചോദിച്ചുള്ളൂ.
“വാതില് താക്കോലിട്ടു പൂട്ടിയിട്ടുണ്ട് എന്ന് സംശയം തോന്നിയിട്ട് ഗായു മോള് എന്നെ വിളിച്ചിരുന്നു.. മാളു ചന്ദ്രോത്ത് എങ്ങാനും എത്തിയിട്ടുണ്ടോ എന്ന് അറിയാൻ”
സിദ്ധുവിന് ഗായത്രിയെ കൊല്ലാനുള്ളത്ര ദേഷ്യം തോന്നി. അവൾ ഇത്ര വിവേകമില്ലാതെ പെരുമാറുമോ എന്ന് അതിശയം തോന്നി. അവളല്ലാതെ അമ്മയോട് ഇത് വിളിച്ചു പറയുമോ?. അമ്മയ്ക്ക് ഇത്ര ടെൻഷൻ ഉണ്ടെങ്കിൽ ഇതൊക്കെ കേട്ടാൽ മീനു ചേച്ചിയുടെ അവസ്ഥ എന്താകും.. ഗായത്രിയും മാളുവും ഈ രണ്ട് പെണ്ണുങ്ങളുടെ ബോധമില്ലായ്മ കാരണം ഗർഭിണിയായ ഏടത്തിക്ക് എങ്ങാനും വല്ലതും സംഭവിച്ചാൽ .. രണ്ടിനെയും കൈയിൽ കിട്ടട്ടെ.. മനുഷ്യരെ ഇങ്ങനെ തീ തീറ്റിക്കേണ്ട വല്ല ആവശ്യവും ഉണ്ടോ… മാളുവിനെ കുറിച്ച് ദേഷ്യത്തോടെ ഓർത്തതും ഇറങ്ങാൻ നേരം അവൾ സ്നേഹത്തോടെ തന്ന ചുംബനം ഓർമ്മവന്നു.. ദേഷ്യം മഞ്ഞുകട്ട പോലെ ഉരുകി ഇല്ലാതാകുന്നത് അറിഞ്ഞു..
“എടാ നീ എന്താ ഒന്നും മിണ്ടാത്തത്?.. എനിക്ക് ഇവിടെ നിന്നിട്ട് ഒരു സമാധാനം കിട്ടുന്നില്ല .ഞാൻ കിച്ചുവിനെ കൂട്ടി അങ്ങോട്ട് വരികയാ…” മറുപടി പറയാൻ സമയം കൊടുക്കാതെ അമ്മ ഫോൺ കട്ട് ചെയ്തു കളഞ്ഞു.
അമ്മ വന്നിട്ട് മാളുവിനെ കൂടി അമ്മയുടെ കൂടെ ചന്ദ്രോത്ത്യ്ക്ക് തിരികെ അയക്കണം.. അവളെ തനിയെ നിർത്തുന്ന പരിപാടി ഇന്നത്തോടെ നിർത്തി..
വീടെത്തി വണ്ടിയിൽ നിന്നും വേഗത്തിൽ പുറത്തിറങ്ങി വന്നതും ഗായത്രി പരിഭ്രമം കൊണ്ട് കരയുന്നില്ല എന്നേയുള്ളൂ. ആ അവസ്ഥയിൽ അവളോട് ദേഷ്യപ്പെടാൻ തോന്നിയില്ല. കയ്യിലിരുന്ന സ്പെയർ കീ ഇട്ടുനോക്കിയതും വാതിൽ തുറന്നു വന്നു. ഗായത്രിയിൽ ആശ്വാസവും സിദ്ധുവിൽ ഭയവും കൂടി വന്നു. ഉച്ചത്തിൽ വിളിച്ചു നോക്കിയിട്ടും താഴത്തെ മുറികളിൽ എല്ലാം ഗായു അരിച്ചുപെറുക്കിയിട്ടും ആളെ കണ്ടില്ല. സിദ്ധാർത്ഥ് പക്ഷേ ഓടിച്ചെന്നത് കിടപ്പുമുറിയിലേക്ക് ആയിരുന്നു. മുറിയിൽ കാണാഞ്ഞതും ബാത്ത്റൂമിൻറെ ഭാഗത്തേക്ക് ഓടി. വാതിൽ തുറന്നിട്ടിരിക്കുന്നത് കണ്ടതും ആ പ്രതീക്ഷയും അസ്തമിച്ചു. ഇനി തനിച്ചിരിക്കാൻ മടിച്ച് സ്കൂളിലേക്ക് എങ്ങാനും ചെന്ന് കാണുമോ എന്നതായി സംശയം. ഒരു ചെറുവിരൽ അനക്കാൻ പോലും പതിവായി അനുവാദം ചോദിക്കുന്നതല്ലേ. എവിടെ പോയാലും എന്നോട് ഒന്ന് പറഞ്ഞിട്ട് പോകരുതോ… അവളോട് തോന്നിയ പിണക്കത്തോടെ മനുവിനെ വിളിച്ച് നോക്കിയതും അവിടെയും ചെന്നിട്ടില്ലെന്നു മനസ്സിലായി. ഇനിയെന്ത് എന്ന ചിന്തയിൽ തളർന്നിരിക്കുമ്പോഴാണ് മേശപ്പുറത്തിരുന്നു എന്തോ വല്ലാതെ തിളങ്ങുന്നത് സിദ്ധു കണ്ടത്. സൂക്ഷിച്ച് നോക്കിയതും അത് മാളുവിനെ അണിയിച്ച തൻറെ മാലയാണെന്ന് മനസ്സിലായി.. അതിൻറെ അറ്റത്തായി തൂങ്ങിക്കിടക്കുന്ന ആലിലത്താലിയിൽ നോക്കിയതും തൻറെ നിയന്ത്രണം വിട്ടു പോകുന്നത് പോലെ തോന്നി സിദ്ധുവിന്.
അടുത്ത് ചെന്ന് അത് കയ്യിൽ എടുത്തതും താഴെ ഒരു കടലാസ് തുണ്ട് കിടക്കുന്നത് കണ്ടു.അതിൽ എഴുതിയിരിക്കുന്ന അക്ഷരങ്ങളിലൂടെ കണ്ണുകൾ ധൃതിയിൽ ഓട്ടപ്രദക്ഷിണം നടത്തി. എന്തൊക്കെയോ എഴുതി നിറച്ച വെച്ചിരിക്കുന്നു .ഭയം ശരീരത്തെ കീഴ്പ്പെടുത്തിയത് കൊണ്ടാവാം അക്ഷരങ്ങളിൽ പലതിനെയും സ്വീകരിക്കാൻ തലച്ചോറ് തയ്യാറാവുന്നില്ല. വ്യക്തമായി ഒന്നും മനസ്സിലാവുന്നില്ല. എങ്കിലും വരികൾക്കിടയിലെ ചിലത് മാത്രം കണ്ണുകളിൽ ഉടക്കി നിൽക്കുന്നു. അവ മനസ്സിൽ ആഴത്തിൽ കുത്തി തറച്ച് മുറിവേൽപ്പിക്കുന്നു.
“ഞാൻ എൻറെ പ്രണയത്തെ കണ്ടെത്തിയിരിക്കുന്നു. എൻറെ എല്ലാമെല്ലാം അയാളാണ്..അയാളുടെ സന്തോഷമാണ് എൻറെതും. ഞാൻ പടിയിറങ്ങുന്നു.
എന്നെ തേടി വരരുത്. അപേക്ഷയാണ്. മീനു ചേച്ചിയെ സിദ്ധുവിനെ ഏൽപ്പിക്കുന്നു.”
അക്ഷരകൂട്ടങ്ങളിൽ നിന്നും ഇങ്ങനെ മനസ്സിലാക്കി യെടുത്തതും സിദ്ധുവിൻറെ മുഖം കോപത്താൽ ചുമന്ന് തുടുത്തു ശരീരം വിറ കൊണ്ടു. ആ കടലാസ് തുണ്ട് ചുരുട്ടിക്കൂട്ടി മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു.
എന്തോ ഓർത്ത് അലമാരിയിൽ പരതി നോക്കി. അവൾക്കു വേണ്ട വസ്ത്രങ്ങൾ എടുത്തിട്ടുണ്ട്.. സർട്ടിഫിക്കറ്റും സ്വർണാഭരണങ്ങളും ഉൾപ്പെടെ എടുത്തിട്ടുണ്ട്.. അവളുടെ കുറവുകൾ അറിഞ്ഞു ഒരിക്കൽ ഉപേക്ഷിച്ച് പോയവൻറെ കൂടെ പിടിച്ചു നിൽക്കാൻ ഇതെല്ലാം ആവശ്യം വരും എന്ന് അവൾ മുൻകൂട്ടി മനസ്സിലാക്കിയിട്ടുണ്ട്. ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കയെന്ന് കരുതി താൻ നെഞ്ചോട് പൊതിഞ്ഞ് പിടിച്ചിരുന്നവൾക്ക് ഇത്രയും സാമർത്ഥ്യം ഉണ്ടായിരുന്നു.. താൻ എത്ര മണ്ടൻ ആയിരുന്നു എന്നോർത്ത് ചിരിവന്നു സിദ്ധാർത്തിന്.. കണ്ണാടിയിലെ തൻറെ പ്രതിബിംബം കണ്ടതും കോമാളിയുടെതു പോലെ തോന്നി അയാൾക്ക്..
കട്ടിലിലിരുന്ന് ഉച്ചത്തിൽ ആർത്ത് വിളിച്ച് കരയണ മെന്നുണ്ട് . വിവാഹ ജീവിതം തുടങ്ങിയ സമയത്ത് താൻ ഭയപ്പെട്ടിരുന്നതു തന്നെ ഒടുവിൽ സംഭവിച്ചു. താലി ചാർത്തി സ്വന്തമാക്കിയ ഭാര്യ അവളുടെ പ്രണയത്തോ ടൊപ്പം ഇറങ്ങി പോയിരിക്കുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ താൻ ഒരു കഴിവുകെട്ടവൻ ആയി മാറിയിരിക്കുന്നു. കഴിഞ്ഞ് പോയതെല്ലാം മനസ്സിൽ കുഴിച്ചുമൂടി സ്വന്തം എന്ന് കരുതി സ്നേഹിച്ചിട്ട്.. ഉപേക്ഷിച്ചു പോയ കാമുകൻ തിരിച്ചെത്തിയപ്പോൾ എന്നെ അപഹാസ്യനാക്കി.. തനിച്ചാക്കി അവൾ സ്വന്തം സുഖം തേടി ഇറങ്ങിപോയിരിക്കുന്നു.
താൻ അവൾക്ക് കൊടുത്ത സ്നേഹത്തിൽ വല്ല കുറവു മുണ്ടായിരുന്നോ?..
അവളുടെ സങ്കടം കണ്ടിട്ടല്ലേ ഞാൻ കാരണം നഷ്ടപ്പെട്ടുപോയ അവളുടെ ജീവിതം തിരികെ കൊടുക്കാൻ ശ്രമിച്ചത്.. സങ്കടപ്പെടുത്താതിരിക്കാൻ വേണ്ടി അല്ലേ ഒരു കുഞ്ഞുണ്ടാവാൻ ബുദ്ധിമുട്ടാണെന്ന കാര്യം മറച്ചു വെച്ചത്.. കുഞ്ഞുങ്ങളില്ലാത്ത ദുഃഖത്താൽ എത്രയോ സ്ത്രീകൾ ഹൃദയം മുറിഞ്ഞ് പൊട്ടി കരയുന്നത് കാണേണ്ടി വരുന്ന ഒരു ഡോക്ടർ ആണ് ഞാൻ.. അങ്ങനെ അവളുടെ കരച്ചിൽ കാണാതിരിക്കാൻ അല്ലേ ഞാൻ എല്ലാ രഹസ്യങ്ങളും അവളിൽ നിന്നും മറച്ചു വെച്ചത്.. ഗായത്രിയെക്കുറിച്ച് പോലും പറയാതിരുന്നത്…
എല്ലാം ഉൾക്കൊണ്ട് എന്നെ അവൾ സ്നേഹിച്ചു തുടങ്ങി
ഒരു കുഞ്ഞിനെ വേണം എന്ന് വാശി പിടിച്ചതിനുശേഷം അല്ലേ ഒരു ഭർത്താവിൻറെ അവകാശം പോലും അവളിൽ നിന്നും സ്വീകരിച്ചു തുടങ്ങിയത്.
എന്നെ അവൾ സത്യത്തിൽ സ്നേഹിച്ചു തുടങ്ങി എന്നായിരുന്നു എൻറെ വിശ്വാസം. ഇന്നലെ രാത്രി എൻറെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോഴും രാവിലെ ചുംബനം തന്ന് യാത്രയാക്കുമ്പോഴും എന്നോടുള്ള സ്നേഹം മാത്രമേ ഞാൻ അവളിൽ കണ്ടിട്ടുള്ളൂ… അങ്ങനത്തവൾക്ക് എങ്ങനെ മറ്റൊരുത്തനു വേണ്ടി എന്നെ ഉപേക്ഷിച്ചു പോകാൻ തോന്നി.. എന്നെക്കാൾ എന്ത് മഹത്വമാണ് കണ്ണിനിൽ അവൾ കാണുന്നത്… അതോ താൻ ഭാര്യയാക്കിയത് ഹൃദയമില്ലാത്ത വഞ്ചകിയായ സ്ത്രീയെ ആയിരുന്നോ?..എത്ര ശ്രമിച്ചിട്ടും മാളുവിനെ കുറ്റക്കാരി ആയി കാണാൻ സിദ്ധുവിൻറെ മനസ്സ് അനുവദിച്ചില്ല..
അവളോടൊപ്പം കഴിഞ്ഞു പോയ ഓരോ നല്ല നിമിഷങ്ങളും അയാളുടെ മനസ്സിലേക്ക് ഓടിയെത്തി. കൂട്ടത്തിൽ കരട് പോലെ അച്ഛനും മുത്തശ്ശിയും മരിച്ച ദിവസം ആർക്കോ ആപത്ത് പറ്റിയെന്ന് ഊഹിച്ചു കൊണ്ട് തൻറെ കോളറിൽ പിടിച്ചുവലിച്ച് ഭ്രാന്തിയെ പോലെ കരഞ്ഞുകൊണ്ട് അവൾ ചോദിച്ച ചോദ്യവും എത്തി..
” ൻറെ കണ്ണേട്ടന് എന്തായിരുന്നു അസുഖം?..”
അതുകേട്ട നിമിഷത്തിൽ മനസ്സുകൊണ്ട് മരിച്ചത് താനായിരുന്നു . എങ്കിലും പിടിച്ചുനിന്നു. ഏതോ ഉന്മാദ അവസ്ഥയിൽ സങ്കടത്താൽ മനസ്സ് കൈ വിട്ട നേരത്ത് ചോദിച്ചു പോയതായിരിക്കും എന്ന് കരുതി അവളെ ചേർത്തു പിടിച്ചു. അവൾ പിന്നീട് അവനെ കുറിച്ച് സംസാരിക്കാതെ ഇരുന്നപ്പോൾ പഴയപോലെ സ്നേഹത്തോടെ പെരുമാറി തുടങ്ങിയപ്പോൾ എൻറെ ധാരണ ശരിയായിരുന്നു എന്ന് തന്നെ തോന്നി. അവളെ തെറ്റിദ്ധരിച്ചതിൽ സ്വന്തം മനസാക്ഷിയോട് പോലും പട വെട്ടി.
പക്ഷേ അന്ന് അഞ്ചാം ദിവസം രാത്രി ചന്ദ്രോത്തേക്ക് മടങ്ങി വരുന്ന വഴിയിൽ തൻറെ കാറിനെ മറികടന്ന് ധൃതിയിൽ ഇരുട്ടിലേക്ക് നടന്നുപോയ ആ രൂപം കണ്ണൻ ആയിരുന്നുവോ എന്ന് സംശയമുണ്ടായിരുന്നു.
വീട്ടിലെത്തിയപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുമായി മുറ്റത്തുനിന്ന് ഇരുട്ടിലേക്ക് നോക്കി നിൽക്കുന്ന മാളുവിനെ കണ്ടതും അത് ഞാൻ സംശയിച്ച ആൾ തന്നെ ആയിരുന്നു എന്ന് ഉറപ്പായി. അന്നത്തെ അവളുടെ ഉള്ളിലെ ആത്മ സംഘർഷം നേരിൽ കണ്ടതും കണ്ണൻ തെളിമയോടെ അവളുടെ ഉള്ളിൽ തന്നെ ഉണ്ടെന്ന് മനസ്സിലായി. അവളെ പഴിചാരാൻ തനിക്ക് അർഹത ഇല്ലെങ്കിലും ആ അവസ്ഥയിൽ മാളുവിനെ അവിടെ നിർത്തുന്നത് സ്വന്തം കുടുംബം നഷ്ടപ്പെടുത്തലായിരി ക്കും എന്ന് തോന്നിയതുകൊണ്ടാണ് അവളോട് എൻറെ കൂടെ സരോവരതേക്ക് പോരുന്നോ എന്ന് ചോദിച്ചത്. അവൾ കൂടെ വന്നപ്പോൾ.. സ്നേഹത്തോടെ പെരുമാറി തുടങ്ങിയപ്പോൾ സ്വാർത്ഥതയോടെ സ്വയം ആശ്വസിച്ചത്.. ഇന്നോർക്കുമ്പോൾ എല്ലാ പരിശ്രമങ്ങളും വെറുതെ ആയിരിക്കുന്നു.
എല്ലാത്തിനും കാരണക്കാരൻ കണ്ണനാണ്. അയാൾ വീണ്ടും വീണ്ടും കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുന്നു. ആദ്യം സ്വന്തം കാമുകിയെ വിവാഹദിവസം ഉപേക്ഷിച്ചു പോയിട്ട്.. രണ്ടാമത് മറ്റൊരുത്തൻറെ ഭാര്യയെ തട്ടിപ്പറിച്ച് എടുത്തിട്ട്. രണ്ടിടത്തും തോറ്റുപോയത് ഞാനായിരുന്നു. ഇനിയും അവനെ വെറുതെ വിട്ടുകൂടാ എന്ന് തോന്നി. സ്നേഹിക്കുന്നവർക്ക് മുൻപിൽ തോറ്റു കൊടുക്കാനേ സിദ്ധാർത്തിന് അറിയൂ.. താൻ വഞ്ചിക്കപ്പെട്ടു എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോൾ ഏതൊരാളിലും ഉറങ്ങിക്കിടക്കുന്ന അസുരഭാവം പുറത്തുവരും.. താനും ഒരു സാധാരണ മനുഷ്യനാണ്.. എന്തോ തീരുമാനിച്ച് എന്നപോലെ മുറിയിൽ നിന്നും ഇറങ്ങിവന്നു സിദ്ധാർത്ഥ്.
ഹാളിലെ സോഫയിൽ കരഞ്ഞു തളർന്നിരിക്കുന്ന അമ്മയെ കണ്ടു കൊണ്ടാണ് ഇറങ്ങി വന്നത്. അവനെ കണ്ടതും അമ്മ ചാടിപിടഞ്ഞു എഴുന്നേറ്റടുത്തേക്ക് വന്നു.
” മാളുനെ അന്വേഷിക്കേണ്ട മോനേ?..
ആരോടാ ഇപ്പോ സഹായത്തിനായി പറയുക?
നമുക്ക് പോലീസിൽ പരാതി കൊടുത്താലോ?..
ഇവിടെ ആണേലും എൻറെ കുട്ടിക്ക് ആപത്തൊന്നും വരാഞ്ഞാൽ മതിയായിരുന്നു ൻറെ ഗുരുവായൂരപ്പാ…”
“അമ്മ എന്തിനാ ഇങ്ങനെ കരയുന്നത്?.. ആരും ആരെയും അന്വേഷിക്കാൻ പോകണ്ട.
അവളെ സന്തോഷത്തോടെ സംരക്ഷിക്കാമെന്ന് മാഷിന് കൊടുത്ത വാക്ക് ഓർത്താണ് അമ്മ കരയുന്നത് എങ്കിൽ അറിഞ്ഞോളൂ അവൾ ഇപ്പോൾ നല്ല സന്തോഷത്തിൽ തന്നെ ആയിരിക്കും. നമ്മളോടൊത്ത് ജീവിക്കുന്നതാണ് അവൾക്ക് ദുഃഖവും ബുദ്ധിമുട്ടും ഒക്കെ.
സ്വന്തം ആഗ്രഹങ്ങളും ജീവിതങ്ങളും ഒക്കെ മറന്നു ആരുടെ മുന്നിലും തോൽക്കാൻ വിട്ടുകൊടുക്കാതെ അവളെ കൂടെ കൂട്ടിയത്…ദുഃഖങ്ങൾ അറിയിക്കാതെ കുറവുകൾ അറിയിക്കാതെ രോഗിയായി കാണാതെ ചികിത്സിച്ചത്.. സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ചത്.. ഭാര്യയായി കണ്ടു സ്നേഹിച്ചത്.. എല്ലാം തെറ്റായിരുന്നു.
എന്തായാലും ഞാൻ അവളെ സ്നേഹിച്ചിട്ടില്ല എന്ന് അമ്മയ്ക്ക് പറയാൻ പറ്റുമോ?. ഗായത്രി നിനക്കുണ്ടോ എന്നെക്കുറിച്ച് വല്ല കുറ്റവും പറയാൻ?. . അവളെ എൻറെതാക്കാൻ നിനക്ക് അല്ലായിരുന്നോ തിരക്ക്… എന്നിട്ട് ഇപ്പോൾ എന്തായി.. എല്ലാ നഷ്ടങ്ങളും എനിക്ക് മാത്രം.
അമ്മ പറഞ്ഞത് കേട്ടാണ് ഞാൻ അവളെ വിവാഹം ചെയ്തത്. നീ സ്നേഹിക്കാൻ പറഞ്ഞതു കൊണ്ടാണ് എന്നെക്കാളെറെ അവളെ സ്നേഹിച്ചു തുടങ്ങിയത്. ഇനിയിപ്പോ നിങ്ങളായിട്ട് അവളുടെ പക്ഷം പിടിച്ച് എല്ലാം മറന്നു വേറൊരുത്തന് അവളെ വിട്ടുകൊടുക്കാൻ പറഞ്ഞാൽ പറ്റുന്നില്ല എനിക്ക്..
സ്വന്തം ഭാര്യയെ വേറൊരുത്തന് വി ട്ടു കൊടുക്കാൻ പറ്റില്ല എനിക്ക്.. എന്താണ് വേണ്ടത് എന്ന് എനിക്കറിയാം.. ഉപദേശങ്ങളുമായി ആരും എൻറെ പിന്നാലെ വരണ്ട…”
സിദ്ധാർത്ഥ്ൻറെ അങ്ങനെയൊരു ഭാവം ആദ്യമായിട്ടാണ് കാണുന്നത് എന്ന് തോന്നി അമ്മയ്ക്ക്.. അവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്നറിയില്ല. എങ്കിലും അവൻ ഇറങ്ങി പോകുന്നത് മാളുവിനെ അന്വേഷിക്കാൻ തന്നെയാവും . അവൻറെ ഇറങ്ങിപ്പോക്ക് സങ്കടത്തോടെ നോക്കി നിൽക്കാനേ കഴിയുന്നുള്ളു ..അവൻറെ കാറിൻറെ വേഗത കണ്ടതും ഉള്ളുരുകി പ്രാർത്ഥിച്ചു.. ആർക്കും ആപത്തൊന്നും വരുത്താതെ ഈ മുറ്റത്തേക്ക് തിരിച്ചെത്തിക്കണേ..
ചാറ്റൽമഴ ചിന്നി പിന്നി പെയ്യുന്നുണ്ട്.. കൂട്ടത്തിൽ നല്ല വെയിലും.. തൻറെ മനസ്സ് പോലെ തന്നെ. ദേഷ്യം കൊണ്ട് ഉരുകുമ്പോഴും കണ്ണീര് കൂട്ടിനുണ്ട്. വണ്ടി ഓടിക്കുമ്പോഴും രണ്ട് മുഖങ്ങൾക്കായി റോഡിനിരുവശത്തും സൂക്ഷ്മതയോടെ നോക്കുന്നുണ്ട്. കൈപിടിച്ചു നടക്കുന്ന ഓരോ പ്രണയജോഡിയിലും അവർ ഉണ്ടെന്നു തോന്നി.
ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ഒക്കെ പരതിയെങ്കിലും എങ്ങും കണ്ടുകിട്ടിയില്ല. താൻ തേടി വരുന്നത് പോലും കണ്ണൻ മുൻപേ ആസൂത്രണം ചെയ്തു വെച്ച് കാണും. അവൻറെ മുന്നിൽ താൻ വീണ്ടും തോൽക്കുന്നതറിഞ്ഞ് നിരാശയോടെ തിരിച്ചു വരാൻ ഒരുങ്ങി.
പെട്ടെന്നാണ് മാളു സ്വർണാഭരണങ്ങൾ കയ്യിലെടുത്തത് ഓർമ്മ വന്നത്. ടൗണിൽ ആഭരണങ്ങൾ വാങ്ങുകയും പണയത്തിന് എടുക്കുകയും ഒക്കെ ചെയ്യുന്ന കടയിൽ കൂടെ തിരക്കാൻ തോന്നി. സൈഡിൽ ഒതുക്കി നിർത്തിയ വണ്ടിയിൽ ഇരുന്നു കടയുടെ ഭാഗത്തേക്ക് നോക്കിയതും മുൻവശത്തായി നിർത്തിയിട്ടിരിക്കുന്ന ബൈക്കിലിരുന്ന് ഒരാൾ ഫോൺ വിളിക്കുന്നത് കണ്ടു. ചില്ലു ഗ്ലാസിലെ വെള്ളത്തുള്ളികൾ കാഴ്ച മറക്കുന്നുണ്ട് എങ്കിലും അത് കണ്ണൻ ആണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല. ഉള്ളിലെ അപകർഷത ബോധം ആകാശം മുട്ടെ വളർന്നു നിമിഷനേരംകൊണ്ട് താനൊരു മനുഷ്യൻ അല്ലാതായി മാറുന്നതറിഞ്ഞു.
പറ്റാവുന്നത്ര വേഗതയിൽ കാർ റോഡിൻറെ അരിക് ചേർത്ത് ഓടിച്ചു. അവൻ ഇരിക്കുന്ന ബൈക്കിൻറെ പിറകിൽ തട്ടിത്തെറിപ്പിച്ചിട്ടു നിർത്താതെ കടന്നു കളഞ്ഞു. അവൻറെ ശരീരം വായുവിൽ കറങ്ങി റോഡിൻറെ ഒത്ത നടുവിലേക്ക് ചെന്ന് വീഴുന്നത് കണ്ണാടിയിലൂടെ നോക്കി കണ്ടു. തോറ്റു പോയിരുന്ന മനസ്സ് ഒരു യുദ്ധ ജേതാവിനെ പോലെ സടകുടഞ്ഞെ ഴുന്നേറ്റു വിജയഭേരി മുഴക്കി…
“കണ്ണേട്ടാ”… എന്ന് അലറി വിളിച്ചു കൊണ്ട് അവൻറെ അടുത്തേക്ക് ഓടി വന്ന മാളുവിനെ തനിക്ക് പരിചയമില്ലെന്ന് തോന്നി. ഇടിച്ചിട്ട് നിർത്താതെ പോകുന്ന തൻറെ വണ്ടിയെ.. വണ്ടിയോടിക്കുന്ന തന്നിലേക്ക് അവൾ ഭയത്തോടെ നോക്കി നിൽക്കുന്നത് കണ്ട നിമിഷം മനസ്സിലെ വിജയാഘോഷം നിലച്ചുപോയി..
അവനെ മടിയിൽ കിടത്തി അവനെ ഓർത്തു
നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണിലെ കണ്ണീർ തുള്ളികൾ ശത്രുപക്ഷത്തെ പടയാളികളായി മാറുന്നു. കടൽത്തിര പോലെ ആർത്തിരമ്പി കൊണ്ട് തന്നോട് പടവെട്ടി ജയിച്ചു മുന്നേറുന്നു. വിജയം വീണ്ടും അവൻറെത് മാത്രം ആകുന്നു.. അവനു മുന്നിൽ തന്നെ തോൽപ്പിച്ച് കടന്നുപോയവളെ വകവരുത്താനാവില്ലെ ങ്കിലും വെറുക്കാൻ എങ്കിലും കഴിഞ്ഞിരുന്നെങ്കിൽ എന്നയാൾ അതിയായി ആഗ്രഹിച്ചു………തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…