Novel

നിനക്കായ്: ഭാഗം 8

രചന: ആൻ എസ്

അമ്പലത്തിൽ പോകണം എന്ന് അമ്മ പറഞ്ഞിരുന്നതു കൊണ്ട് രാവിലെ നേരത്തെ തന്നെ അലാറം വെച്ച് എഴുന്നേറ്റു. സിദ്ധു നല്ല ഉറക്കമാണ്. എൻറെ
കുളി കഴിഞ്ഞു ബാത്റൂമിൽ നിന്നും ഇറങ്ങി വന്നപ്പോഴേക്കും അങ്ങോട്ട് പോയപ്പോൾ ഉറങ്ങിക്കിടന്ന ആള് എഴുന്നേറ്റ് ആകെ വിയർത്തു കുളിച്ചു ക്ഷീണിച്ച് നിൽക്കുന്നത് കണ്ടു. ഇത്ര പെട്ടെന്ന് എന്തുപറ്റി എന്ന് സംശയം തോന്നുന്നതിനു മുൻപേ തന്നെ തുറന്നിട്ട ബാൽക്കണിയിലേക്ക് നോട്ടം ചെന്നു.

സാധാരണ മനുഷ്യർക്ക് പെട്ടെന്നൊന്നും എടുത്തു പൊക്കാൻ പറ്റാത്ത ഗദ പോലത്തെ എന്തൊക്കെയോ സാധനങ്ങൾ തറയിൽ നിരന്ന് കിടക്കുന്നത് കണ്ടു. പണ്ട് മഹാഭാരതയുദ്ധം ടിവിയിൽ കണ്ടപ്പോഴാണ് ഇമ്മാതിരി വിചിത്രമായ ആയുധങ്ങൾ ഒക്കെ കണ്ടിട്ടുള്ളത്.
രാവിലെ ഓടാൻ പോകാത്തതിൻറെ ക്ഷീണം തീർക്കാൻ എക്സർസൈസിന് വേണ്ടി എടുത്തു പൊക്കിയതാണെന്ന് മനസ്സിലായി. ഞാൻ നോക്കുന്നത് കണ്ടതും ധൃതിയിൽ ബാത്ത്റൂമിൽ കയറുന്നത് കണ്ടു . എൻറെ സാന്നിധ്യം കൊണ്ട് ആളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി പെട്ടെന്നുതന്നെ കയ്യിൽ കിട്ടിയ ഒരു ചുരിദാർ എടുത്തിട്ട് താഴേക്ക് പോന്നു .

“നീയെന്താ അമ്പലത്തിലേക്ക് ചുരിദാറുമിട്ട്? സാരി അല്ലെങ്കിൽ ഒരു സെറ്റ്മുണ്ട് എങ്കിലും ഉടുത്തൂടെ..” ചേച്ചിക്ക് എൻറെ കോലവും ഒരുക്കവും ഒട്ടും ഇഷ്ടപ്പെട്ടില്ല. ഇനി അമ്മയ്ക്കും ഇഷ്ടക്കേട് ഉണ്ടോ എന്നൊരു ഭയം വന്നു.

“വേഷത്തിൽ അല്ലല്ലോ മീനു കാര്യം. എങ്ങനെയായാലും പ്രാർത്ഥിച്ചാൽ പോരെ. മാളുന് ചിലപ്പോൾ അതൊന്നും ചുറ്റി കെട്ടാൻ അറിയില്ലായിരിക്കും..” അമ്മയുടെ മറുപടി കേട്ടതും അത്ഭുതം തോന്നി. എൻറെ മനസ്സ് അതേപോലെ വായിച്ചിരിക്കുന്നു.ചേച്ചിക്ക് പോലും അതിന് സാധിച്ചിട്ടില്ല.

“സിദ്ദുവിനും വേഷംകെട്ടലിൽ ഒന്നും അത്ര താല്പര്യം ഇല്ല..” ചേച്ചിയെ സമാധാനിപ്പിക്കാൻ അമ്മ വീണ്ടും ശ്രമിക്കുന്നുണ്ട്.

സിദ്ധിവിനായുള്ള എൻറെ കാത്തിരിപ്പ് നീണ്ടു പോയി. പെണ്ണുങ്ങൾക്ക് പോലും ഇത്ര ഒരുക്കം ഇല്ലല്ലോ എന്ന് ക്ഷമ കെട്ട് മനസ്സിൽ കരുതിയതും ആള് ഇറങ്ങിവന്നു. വെള്ള മുണ്ടും ജുബ്ബയും ഒക്കെ ഇട്ട് ഒറ്റനോട്ടത്തിൽ ഏതോ കല്യാണ ചെറുക്കൻ ആണെന്ന് തോന്നും. ഓർക്കാപ്പുറത്ത് ഇടിവെട്ടിയ പോലെ നടന്ന സ്വന്തം കല്യാണത്തിന് വേഷം കെട്ടാൻ സാധിക്കാത്തതിൻറെ പരിഹാരക്രിയ ആവും എന്ന് കരുതി സ്വയം ആശ്വസിച്ചു. എന്നെപ്പോലെ അമ്മയും അതിശയപ്പെട്ടു നോക്കുന്നത് കണ്ടു .സിദ്ധുവിൻറെ ചമഞ്ഞൊരുങ്ങിയ വരവ് കൂടെ കണ്ടതും മീനു ചേച്ചി എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്.

“മോള് ചെല്ല്.. ഇനിയും വൈകിക്കേണ്ട” അമ്മയാണ് രക്ഷപ്പെടുത്തിയത് . അവരോട് യാത്ര പറഞ്ഞിറങ്ങി.

“വിരോധമില്ലെങ്കിൽ നടക്കാം ..ഒരു 10 മിനിറ്റ്സ് മോണിങ് വാക്കെങ്കിലും ആവട്ടെ..” .. സിദ്ധുവാണ്.

രാവിലെ എടുത്ത് പൊക്കിയതൊന്നും ആശാന് തികഞ്ഞിട്ടില്ല എന്ന് മനസ്സിലായി. സമ്മത ഭാവത്തിൽ മൂളി. ജോഗിങ്ങിന് പോകുന്ന അതേ വേഗത്തിലാണ് ആളുടെ നടത്തം. ഇത്രയും ദൂരം ഈ വേഗത്തിൽ നടക്കുമ്പോൾ സാരി ഉടുക്കാൻ തോന്നാത്തതിൽ ദൈവങ്ങൾക്ക് നന്ദി പറഞ്ഞു.
എങ്കിലും ഇളം തണുപ്പുള്ള കാറ്റും, വൈവിധ്യങ്ങളായ വീടുകളും ,വീട്ടുമുറ്റങ്ങളിൽ വളർത്തുന്ന ചെടികളും പൂക്കളും.. അവയെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന മഞ്ഞു തുള്ളികളും.. റോഡിലൂടെ പരസ്പരം ശ്രദ്ധിക്കാതെ തിടുക്കപ്പെട്ട് ജോഗിങ്ങ്നായി നടന്ന് പോകുന്ന മനുഷ്യരും.പുതുമ നിറഞ്ഞ കാഴ്ചകൾ കണ്ടുള്ള അമ്പലത്തിലേക്കുള്ള നടത്തം നേരിയ ഉന്മേഷം തന്നു.

അമ്പലനടയിൽ കണ്ണടച്ച് നിന്നതും കണ്ണേട്ടനെക്കുറിച്ചല്ലാ തെ പ്രാർത്ഥനകൾ ഒന്നും നാവിൽ വന്നില്ല.
അറിവ് വെച്ച നാൾ തൊട്ടുള്ള ശീലമാണ്.. കണ്ണേട്ടൻറെ അസുഖങ്ങൾ, പഠിത്തം, പരീക്ഷകൾ, ഇൻറർവ്യൂ, ജോലി.. അങ്ങനെയങ്ങനെ പോയിരുന്നു എൻറെ പ്രാർത്ഥനകൾ … ലോകത്തിൻറെ ഏതു കോണിൽ ആണെങ്കിലും നല്ലത് മാത്രം വരുത്തണേ എന്ന് പ്രാർത്ഥിച്ചു. തൊട്ടടുത്ത് സിദ്ദു നിൽക്കുന്നത് ഓർമ്മ വന്നതും അറിയാതെ ശൂന്യത നിറഞ്ഞു.. മനസ്സ് കുറ്റബോധത്തിന് വഴിമാറിയതും എന്നെ നന്മയുടെ നേർക്ക് നയിക്കേണമേ എന്ന് ഉള്ളുരുകി പ്രാർഥിച്ചു.

എൻറെത് കഴിഞ്ഞിട്ടും സിദ്ധു പിന്നെയും കണ്ണടച്ച് കാര്യമായി പ്രാർത്ഥിക്കുന്നത് കണ്ടു. ദൈവങ്ങളോട് ഒത്തിരി എന്തൊക്കെയോ പറയാനുള്ളത് പോലെ.. ആ നിൽപ്പ് കണ്ടതും അവസാനമായി കണ്ടപ്പോൾ കണ്ണേട്ടൻ ദേവിയുടെ നടയിൽ നിന്ന് കരഞ്ഞു പ്രാർത്ഥിച്ചത് ഓർമ്മവന്നു… എല്ലാവരുടെയും സങ്കടങ്ങളുടെ കാരണം ഞാനാണെന്ന് ഓർത്തതും നിസ്സഹായതയോ സങ്കടമോ ആത്മനിന്ദയോ ഒക്കെ വന്നു മൂടി.

പ്രദക്ഷിണം വയ്ക്കുമ്പോൾ പലരും സിദ്ധുവിനോട് വന്ന് സംസാരിക്കുന്നതും ആള് എന്നെ ചൂണ്ടിക്കാട്ടി മറുപടി പറയുന്നതും കണ്ടു. ആളുകളുടെ നോട്ടം കണ്ടതും ഞാൻ വല്ലാതെ ചെറുതാകുന്നത് പോലെ തോന്നി.. ചേച്ചിയെ അനുസരിച്ചിരുന്നെങ്കിൽ… ഇത്തിരിയെങ്കിലും ഒരുങ്ങി വരാമായിരുന്നു എന്ന് തോന്നി.

തൊഴുത് കഴിഞ്ഞ് പടികളിറങ്ങി പുറത്ത് ഇറങ്ങിയതും ഒരു കൊച്ചു കുഞ്ഞിനെ കൈയിലെടുത്ത സ്ത്രീ ഓടിവന്ന് “ഡോക്ടറേ” എന്ന് വിളിച്ച് സിദ്ധുവിൻറെ കൈ പിടിച്ചു.

“കുഞ്ഞിന് കുഴപ്പമൊന്നുമില്ലല്ലോ? മിടുക്കൻ ആണല്ലോ?”
പരിചയതോടെ സിദ്ധു കുഞ്ഞിൻറെ ചുവന്നുതുടുത്ത കവിളിൽ പതിയെ തൊട്ടുനോക്കി. പല്ലില്ലാത്ത മോണ കാട്ടി കുഞ്ഞ് എന്തോ കാഴ്ച കണ്ടതുപോലെ ചിരിക്കുന്നുണ്ട്.

“ഇവൻറെ ചോറൂണ് ആണിന്ന്…
ഡോക്ടറോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല . ഈ നടയിൽ ഒരു കുഞ്ഞിന് വേണ്ടി ഹൃദയം പൊട്ടി കരഞ്ഞിട്ടുണ്ട് വർഷങ്ങളോളം. എത്ര ഡോക്ടർമാരുടെ അടുത്ത് ചികിത്സ നടത്തി. ഒടുവിൽ ഡോക്ടർ അല്ലേ ഞങ്ങളെ രക്ഷിച്ചത് .കോവിലിൽ ഇരിക്കുന്ന ദൈവത്തിൻറെ സ്ഥാനത്താണ് ഞാൻ ഡോക്ടറെ കാണുന്നത്. എന്നും എൻറെ പ്രാർത്ഥനയിൽ ഡോക്ടർ ഉണ്ടാകും.” ആ സ്ത്രീയുടെ കണ്ണുകളിൽനിന്നും സന്തോഷം കണ്ണുനീരായി ഉരുണ്ടു വീണു.

“അങ്ങനെയൊന്നും പറയാതെ.. ഞാൻ പഠിച്ചത് എന്തൊക്കെയോ ചെയ്തു നോക്കുന്നു.. ബാക്കി എല്ലാം ഈശ്വരാനുഗ്രഹം ആണ്… അല്ലാതെ എൻറെ കയ്യിൽ ഒന്നുമില്ല…” അവരുടെ കരച്ചിലിനിടയിൽ ആശ്വസിപ്പിക്കാൻ സിദ്ധു ബുദ്ധിമുട്ടുന്നുണ്ട് എന്ന് തോന്നി. ആശ്രയത്തിനായി അവരുടെ ഭർത്താവിനെ നോക്കുന്നത് കണ്ടു.

“ഇതാരാ ഡോക്ടറുടെ..” അവരുടെ ഭർത്താവ് അതിനിടയിലൂടെ എന്നെ നോക്കിയാണ് ചോദ്യം.

“ഭാര്യയാണ്..” സിദ്ധു തന്നെയാണ് ഉത്തരം കൊടുത്തത്.

“ഡോക്ടർ കല്യാണം കഴിച്ചത് ആയിരുന്നോ?.. പരിചയപ്പെട്ടിട്ട് കാലം കുറച്ചായി എങ്കിലും
ഞങ്ങളുടെ സങ്കടങ്ങൾ പറയുന്നതിനിടയിൽ ഡോക്ടറെ കുറിച്ച് ഇതുവരെ ഒന്നും അന്വേഷിച്ചിട്ടില്ല.. അപ്പോൾ കുട്ടികൾ..?” അയാൾ സംഭാഷണത്തിന് ഒരുങ്ങി തന്നെയാണ്. പെട്ടെന്ന് ഒന്നും ഞങ്ങളെ വിടാൻ ഭാവിച്ചിട്ടില്ല.

“കല്യാണം കഴിഞ്ഞിട്ട് രണ്ടു ദിവസമേ ആയുള്ളൂ..” ഇത്തിരി ചമ്മലോടെ ആണ് സിദ്ധു പറഞ്ഞത്.

“ആഹാ പുതുമോടി ആണല്ലേ..
ഡോക്ടർക്ക് ആവശ്യം വരില്ല.. എങ്കിലും കുഞ്ഞുങ്ങൾക്കായുള്ള കാത്തിരിപ്പ് അനുഭവിച്ചവർക്കേ അതിൻറെ വേദന അറിയാവൂ… അതുകൊണ്ട്
എത്രയും പെട്ടെന്ന് കൈനിറയെ കുഞ്ഞുങ്ങൾ ഉണ്ടാകാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കാം..”

ഇത്തവണ സത്യത്തിൽ ഞെട്ടിയത് ഞാനാണ്. സിദ്ധുവിൻറെ ഭാവവും വ്യത്യസ്തമല്ല. മുഖത്ത് അയാളോടുള്ള ദേഷ്യമോ അക്ഷമയോ ഒക്കെ വലിഞ്ഞു മുറുകുന്നു.അവർ പോയി കഴിഞ്ഞതും എൻറെ മുഖത്ത് നോക്കാൻ കഷ്ടപ്പെടുന്നത് കണ്ടതും ഞാൻ മെല്ലെ മുന്നോട്ട് നടന്നു.. അയാളുടെ പറച്ചിലിൻറെ ഗുണം ആവാം തിരിച്ചുള്ള സിദ്ധുവിൻറെ നടത്തത്തിന് സ്പീഡ് നന്നേ കുറഞ്ഞിരുന്നു.

അന്ന് സിദ്ധു അവധി എടുത്തിരുന്നു. രാവിലത്തെയും ഉച്ചത്തെയും ഒക്കെ എൻറെ ഭക്ഷണം ആളുടെ അതെ മെനു തന്നെ ആയിരുന്നു. ഉച്ചതിരിഞ്ഞ് ഞങ്ങൾ നാലുപേരും ചന്ദ്രോത്തേക്ക് തിരിച്ചു. അങ്ങോട്ടേക്കുള്ള വഴിയിൽ സിദ്ദു ഡ്രൈവിങ്ങിലും ഞാൻ ഉറക്കത്തിലും മുഴുകിയിരുന്നതിനാൽ വീട് എത്തിയത് പോലും ചേച്ചി കുലുക്കി വിളിച്ചപ്പോഴാണ് അറിഞ്ഞത്.
വന്നു കേറിയത് മുതൽ അച്ഛൻറെയും മുത്തശ്ശിയുടെയും കണ്ണുകൾ എൻറെയും സിദ്ദുവിൻറെയും ചലനങ്ങൾ ഒന്നൊഴിയാതെ ഒപ്പി എടുക്കുന്നുണ്ടായിരുന്നു .
ചേച്ചിയും കിച്ചു ഏട്ടനും സന്തോഷത്തോടെ ഒട്ടി ഇരിക്കുന്നതൊന്നും ആർക്കും കണ്ണിൽ പിടിച്ചിട്ടില്ല. ഇത്തിരി കഴിഞ്ഞതും സിദ്ധുവിനും അത് മനസ്സിലായി എന്നു തോന്നുന്നു. പേപ്പർ എടുക്കാൻ എന്നോണം എഴുന്നേറ്റ് എൻറെ അടുത്തായി വന്നിരിക്കുന്നത് കണ്ടു.

ചായ സൽക്കാരം ഒക്കെ കഴിഞ്ഞതും അപ്പച്ചിയുടെ വീട്ടിൽ പോകുന്ന കാര്യം അച്ഛൻ എടുത്തിട്ടു. കല്യാണം കഴിഞ്ഞ ശേഷം അപ്പച്ചി തറവാട്ടിലേക്ക് വന്നിട്ടില്ല എന്ന് മുത്തശ്ശിയിൽ നിന്നും അറിഞ്ഞു.

“എടി പെണ്ണെ.. കെട്ട് കഴിഞ്ഞ് എൻറെ കൈകൊണ്ട് തരുന്ന നിലവിളക്ക് പിടിച്ചിട്ടല്ലാതെ നീ ഇനി ആ പടി ചവിട്ടിയേക്കരുത് .. നാട്ടുനടപ്പ് നമ്മളായിട്ട് മറക്കരുത്”
കല്യാണത്തിന് മുന്നേ ഒരു ദിവസം അങ്ങോട്ടേക്ക് ഇറങ്ങിയ എന്നോട് അപ്പച്ചി പറഞ്ഞത് ഓർമ്മ വന്നു.

“ഞാൻ വരുന്നില്ല… തലവേദനയാണ് ..”എന്ന് പറഞ്ഞു ഒഴിഞ്ഞു. ആ വീട്ടിൽ എത്തിയാൽ ചിലപ്പോൾ എൻറെ പിടിവിട്ടു പോകും എന്നൊരു തോന്നൽ..

“മാളവിക വരുന്നില്ലെങ്കിൽ പിന്നെ ഞാനും വരുന്നില്ല.. അപ്പു ഏട്ടനെയും വൈഫിനെയും ഒക്കെ എന്നും ഹോസ്പിറ്റലിൽ നിന്നും കാണുന്നതല്ലേ.. പോരാത്തതിന് അവർ എൻറെ പേഷ്യൻറും.. പ്രത്യേകിച്ച് എന്ത് പറയാനാ. ഞങ്ങൾ ഇവിടെ ഇരുന്നോളാം..”
സിദ്ധുവിൻറെ ആ നടപടി അച്ഛന് ഇഷ്ടമായി എന്ന് തോന്നി. മറിച്ചൊന്നും പറയാതെ ചേച്ചിയെയും കിച്ചു ചേട്ടനെയും കൂട്ടി പോയി.

മുത്തശ്ശിക്ക് സിദ്ദു ഭക്ഷണകാര്യത്തിൽ എന്തൊക്കെയോ ഉപദേശങ്ങൾ കൊടുക്കുന്നത് കേട്ടു. അപ്പുവേട്ടൻ എങ്ങാനും മധുരമോ നോൺവെജോ ഒക്കെ കഴിക്കുന്നത് ഒഴിവാക്കാൻ പറഞ്ഞാൽ “നീ എന്നെ പഠിപ്പിക്കാൻ വരണ്ട” എന്ന് ചാടിക്കടിക്കുന്ന ആളാണ് എല്ലാം ഇരുന്ന് സമ്മതഭാവത്തിൽ മൂളി കേൾക്കുന്നത്. കഷ്ടം തോന്നി .

അച്ഛൻ വന്നു കഴിഞ്ഞതും സിദ്ദു അച്ഛനോട് കൃഷിയുടെ കാര്യങ്ങൾ ഒക്കെ ചോദിച്ച് അറിയുന്നത് കേട്ടു. രാസ വളം ഇടാത്ത ഓർഗാനിക് കൃഷി ആണെന്നറിഞ്ഞപ്പോൾ അച്ഛൻറെ കൂടെ പറമ്പിലേക്ക് ഇറങ്ങി പോകുന്നത് കണ്ടു. ഭക്ഷണം കഴിക്കുമ്പോഴും രാത്രി ഏറെ നേരം ഒരുമിച്ചിരുന്നും രണ്ടുപേരും എന്തൊക്കെയോ പറയുന്നത് കേട്ടു. നല്ലതുപോലെ മനസ്സിന് ഇഷ്ടപ്പെടാത്ത ഒരാളോടും അച്ഛൻ അധികം സംസാരിക്കാൻ അവസരം കൊടുക്കാറില്ലല്ലോ എന്നോർത്തു .

കിച്ചു ചേട്ടൻ ചേച്ചിയുടെ മുറിയിലും ഞങ്ങളുടെ പഴയ ഫോട്ടോകളിലും അവളുടെ പുസ്തകങ്ങളിലും ഒക്കെ ചിക്കി ചികഞ്ഞ് അവളെ കൂടുതൽ അറിയാനുള്ള ശ്രമത്തിലായിരുന്നു. ഞാൻ മാത്രം തനിച്ചായതുപോലെ. സ്വന്തം മുറിയിൽ എത്തിയ ആശ്വാസത്തിൽ ഉറങ്ങി പോയതും സിദ്ധു എപ്പോഴാണ് കിടക്കാൻ വന്നത് എന്ന് പോലും ഞാൻ അറിഞ്ഞില്ല.

പിറ്റേദിവസം രാവിലെ ചന്ദ്രൻമാമ്മ ഞങ്ങളെ കാണാൻ വന്നു. സിദ്ധു കുളിക്കുകയായിരുന്നത് ആശ്വാസം ആയി തോന്നി. എൻറെ അടുത്ത് വന്ന് ഒന്നും പറയാതെ വാത്സല്യത്തോടെ തലയിൽ തലോടിയതും നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ ഞങ്ങൾ രണ്ടുപേരും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഒന്നും ചോദിക്കാൻ തോന്നിയില്ല. തേടുന്ന ഉത്തരങ്ങൾ എന്നെ തേടി വരട്ടെ എന്ന് കരുതി .കുളി കഴിഞ്ഞ് എത്തിയ സിദ്ധുവിനോടും സംസാരിച്ചിട്ട് ആണ് മാമൻ പോയത്.

ഇറങ്ങാൻ നേരം അച്ഛൻ അടുത്തേക്ക് വന്നു.
“മോള് സിദ്ധു പറഞ്ഞതുപോലെ സ്കൂളിൽ പോയി തുടങ്ങണം. അധ്യാപനം തന്നെ ആയിക്കോട്ടെ..
കുട്ടികളെ പഠിപ്പിച്ചിട്ടാണ് നിങ്ങൾ രണ്ടുപേരെയും അച്ഛൻ വളർത്തിയത്. വലുതാവുമ്പോൾ നിങ്ങളെ ടീച്ചർമാർ ആക്കണമെന്നത് മാലതിയുടെയും ആഗ്രഹമായിരുന്നു.. മോള് അവനെ അനുസരിക്കണം… .”

ഇന്നലത്തെ അവരുടെ സംസാരത്തിൽ ഞാനും കടന്നു വന്നിരുന്നുവെന്ന് മനസ്സിലായി. ചെയ്തോളാം എന്ന് അച്ഛന് ഉറപ്പുകൊടുത്തു. ഞങ്ങളെ യാത്രയാക്കുമ്പോൾ അച്ഛൻറെയും മുത്തശ്ശിയുടെയും മുഖത്ത് ആശങ്കകൾ ഒന്നുമില്ലാതെ നിറഞ്ഞ സന്തോഷം മാത്രം കണ്ടു.

ഒരാഴ്ച വേഗത്തിൽ കടന്നു പോയി. ഇടയ്ക്ക് എപ്പോഴോ അമ്മയുടെ സംസാരത്തിലും എൻറെ ജോലിക്കാരും കടന്നു വന്നു.അച്ഛൻറെ അതേ അഭിപ്രായം.സിദ്ധു ജോലിത്തിരക്കിൽ തന്നെ ആയിരുന്നു . എങ്കിലും എൻറെ ആഹാരകാര്യങ്ങളിലെ കൈകടത്തലുകളും ഗുളിക കഴിപ്പിക്കലും ഒക്കെ മുറയ്ക്ക് തന്നെ നടന്നു. ഭാര്യാഭർത്തൃബന്ധം ഇല്ലെങ്കിലും ഞങ്ങൾക്കിടയിലെ രോഗിയും ഡോക്ടറും പോലെയുള്ള ബന്ധം സുദൃഢമായി വന്നു.

“നാളെയാണ് തൻറെ ജോബ് ഓഫർ സ്റ്റാർട്ട് ആവുന്നത്..
എന്ത് തീരുമാനിച്ചു?.. ഇഷ്ടമില്ലെങ്കിൽ നിർബന്ധമില്ല.. എല്ലാത്തിനും മീതെ തൻറെ ഇഷ്ടത്തിന് ആണ് പ്രധാനം..” കിടക്കാൻ നേരം സുവിശേഷം വന്നു.

മനസ്സിൽ വിചാരിച്ച കാര്യം നേടിയെടുക്കാൻ അച്ഛനോടും അമ്മയോടും ശുപാർശ ചെയ്യിച്ചതൊന്നും പോരാഞ്ഞ് നിഷ്കളങ്കമായ പറച്ചിൽ കേട്ടതും ചൊറിഞ്ഞു വന്നു..

“അതെ .. എൻറെ ഇഷ്ടങ്ങൾ തന്നെ നടക്കട്ടെ.. നാളെ തൊട്ടു തന്നെ തുടങ്ങാം..ടീച്ചിംഗ് തന്നെയാണെന്ന് കൂടി കൂട്ടുകാരനോട് പറഞ്ഞോളൂ..”

കേട്ട് കഴിഞ്ഞതും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നിറഞ്ഞ പുഞ്ചിരി മറുപടിയായി തന്നു.

ഉറങ്ങാനായി കണ്ണടച്ചപ്പോൾ എൻറെ മനസ്സിലും പുതിയൊരു ഭാവനലോകം നിറഞ്ഞു വന്നു..
കുട്ടികളുടെ കളിചിരികളുടെ നിറമുള്ള ലോകം……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button