Novel

നിനക്കായ്: ഭാഗം 9

രചന: ആൻ എസ്

രാവിലെ സിദ്ധുവാണ് എന്നെ വിളിച്ചുണർത്തിയത്. ഇതെന്താ കഥയെന്ന മട്ടിൽ അതിശയത്തോടെ നോക്കി.

“ഞാൻ നടത്തം കഴിഞ്ഞ് വരുമ്പോഴേക്ക് റെഡിയായി നിൽക്കണം.. ഇന്ന് നേരത്തെ ഇറങ്ങണം. തന്നെ ഡ്രോപ്പ് ചെയ്തിട്ട് വേണം എനിക്ക് പോകാൻ..” നിർദ്ദേശങ്ങൾ അത്രയും തന്നിട്ട് ആള് പോയി.

സ്കൂളിലേക്കുള്ള എൻറെ ആദ്യദിവസം ഇന്നാണല്ലോന്ന് അപ്പോഴാണ് ഓർത്തത്. ടീച്ചിംഗ് പ്രാക്ടീസ് ജീവിതത്തിൽ ഇന്നേ വരെ ഇല്ല. അവിടെ ചെന്നിട്ട് കുട്ടികളുടെ മുന്നിൽ ഞാനെന്തൊക്കെ അബദ്ധങ്ങൾ കാട്ടികൂട്ടുമെന്ന് ഓർത്തതും പേടി തോന്നി.ആദ്യ ദിവസം ആയതുകൊണ്ട് ക്ലാസ് എടുക്കേണ്ടി വരില്ല എന്ന് മനസ്സിനെ സ്വയം സമാധാനിപ്പിച്ചു പെട്ടെന്ന് തന്നെ കുളിക്കാൻ കയറി.

കുളി കഴിഞ്ഞ് ഇറങ്ങി വന്നതും അമ്മ ഞങ്ങളുടെ മുറിയിൽ എന്നെ കാത്തിരിക്കുന്നു. കയ്യിൽ ഒരു പൊതിയുമുണ്ട് .എന്തോ പറയാൻ വന്നതും സംശയിച്ച് നിൽക്കുന്നത് കണ്ടു. “എന്താ അമ്മേ പറയാൻ വന്നത്..”

” ഇത് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സാരിയാണ്… പണ്ടേയുള്ള ശീലം കൊണ്ടായിരിക്കും ടീച്ചർമാർ എന്ന് പറഞ്ഞാൽ സാരിയൊക്കെ ഉടുത്ത രൂപമാണ് എൻറെ പഴമനസ്സിൽ. മോളുടെ ആദ്യത്തെ ദിവസം ആയതു കൊണ്ട് സാരിയുടുത്തു പോകണമെന്ന് എൻറെ ഉള്ളിൽ ഒരു തോന്നൽ.. മോൾക്ക് ഇത് ഞാൻ ഉടുപ്പിച്ചു തരട്ടെ..”

ആ മുഖത്തെ ആഗ്രഹം കണ്ടതും മറിച്ചു പറയാൻ തോന്നിയില്ല. സാരി ഉടുപ്പിച്ച് തരുന്നതിനൊപ്പം അമ്മ പണ്ട് ആദ്യമായി സ്കൂളിൽ ജോയിൻ ചെയ്ത ദിവസത്തെ കുറിച്ചും അന്ന് മനസ്സിലുണ്ടായിരുന്ന പേടിയെകുറിച്ചും ക്ലാസ്സെടുത്തു തുടങ്ങിയതും ആധി കളെല്ലാം പമ്പ കടന്നുപോയതും ഓർത്തെടുത്ത് പറഞ്ഞു തന്നു.കുട്ടികളുടെ മനശാസ്ത്രത്തെകുറിച്ചും ക്ലാസ്സ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചും അവർ നമ്മളിൽ നിന്നും പ്രതീക്ഷിക്കുന്നതിനെക്കുറിച്ചും ഒക്കെയുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും കഥ പറയുന്ന ലാഘവത്തോടെ അമ്മയിൽ നിന്നും ഒഴുകിവന്നു. സത്യം പറഞ്ഞാൽ ഒരുങ്ങി കഴിഞ്ഞതോടൊപ്പം എൻറെ ഉള്ളിൽ ആത്മവിശ്വാസവും അദ്ധ്യാപികയുടെ കടമകളെ കുറിച്ചുള്ള ബോധവും ഒക്കെ നിറയ്ക്കാൻ അമ്മയ്ക്ക് സാധിച്ചിരുന്നു. ഉള്ളിലെ ശൂന്യത വഴിമാറി എന്നെകൊണ്ടും എന്തൊക്കെയോ ചെയ്യാൻ കഴിയും എന്നൊരു തോന്നൽ വന്നു.

അമ്മയോടൊപ്പം താഴേക്ക് ഇറങ്ങി വന്നു.ചേച്ചി ഉച്ചയൂണ് റെഡിയാക്കി പാത്രത്തിലാക്കി വച്ചിരിക്കുന്നു.

“നീ ഇത് എപ്പോൾ ചെയ്തു?.. വേണ്ടായിരുന്നു..”

“ഇതിൽ എന്താ പുതുമ.. നമ്മള് അച്ഛന് വേണ്ടി പണ്ടുമുതലേ ചെയ്യുന്നതല്ലേ? അടുത്തയാഴ്ച കിച്ചേട്ടന് കോളേജ് തുടങ്ങിയാൽ രണ്ടാൾക്കും വേണ്ടി ചെയ്യാലോ.”
അതും പറഞ്ഞ് അവൾ തന്നെ അതെല്ലാം എൻറെ ബാഗിൽ എടുത്തു വച്ചു.ബാഗുമെടുത്ത് ഹോളിലേക്ക് എത്തിയതും സിദ്ദു പത്രവായന കഴിഞ്ഞ് വരുന്നത് കണ്ടു. എന്നെ രസിക്കാത്തമട്ടിൽ സൂക്ഷ്മതയോടെ നോക്കി.

“ആദ്യദിവസം തന്നെ സാരിയൊക്കെ ഉടുത്തിട്ടു തനിക്ക് മാനേജ് ചെയ്യാൻ പറ്റുമോ?”
വേഷമാണ് ഇഷ്ടപ്പെടാത്തത് എന്ന് മനസ്സിലായി.

“ഞാൻ പറഞ്ഞിട്ടാ അവൾ സാരി ഉടുത്തത്.. അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ സാരിക്ക് എന്താ ഇത്ര കുഴപ്പം?”
രക്ഷകയായി അമ്മ അടുക്കളയിൽ നിന്നും എത്തി.

“അമ്മയുടെ കാലത്തെ പിള്ളേരല്ല ഇപ്പോഴത്തെ സ്കൂളുകളിൽ ഉള്ളത്. സ്മാർട്ട് ഫോൺ വരെ കയ്യിൽ വെച്ചിട്ടാണ് പലതിൻറെയും ക്ലാസിലിരിപ്പ്. മനു പലപ്പോഴായി പറഞ്ഞുകേട്ടിട്ടുണ്ട് കുട്ടികളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത മൊബൈലിലെ കാഴ്ചകളൊക്കെ.

സാരി ഉടുക്കേണ്ട എന്നല്ല.. കുട്ടികളെ ഒക്കെ ഒരു വിധം മനസ്സിലാക്കിയിട്ട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന പക്വത ആയിട്ട് എന്തുടുത്താലും എനിക്കൊന്നുമില്ല..”
അതും പറഞ്ഞു എന്നെയൊന്നു നോക്കിയിട്ട് മുകളിലേക്ക് കയറിപ്പോയി.

അമ്മയും..മോനും…ഇവർക്കിടയിൽ ആരെ തള്ളണം ആരെ കൊള്ളണം എന്നായിപ്പോയി.

” അവൻ പറഞ്ഞെന്നു വച്ച് ഇന്നിനി സാരി മാറ്റാനൊന്നും നിൽക്കണ്ട .എങ്കിലും ക്ലാസ്സ് എടുക്കുമ്പോൾ മോള് ഒന്ന് സൂക്ഷിച്ചോ കേട്ടോ.. അവൻ പറഞ്ഞതിലും കാര്യമുണ്ട്..”

അമ്മ പറഞ്ഞതുപോലെ തന്നെ ചെയ്യാൻ തീരുമാനിച്ചു.
ഇറങ്ങാൻ നേരം അച്ഛനും കിച്ചുഏട്ടനും ഒക്കെ ആശംസയുമായി എത്തി. പോകുന്ന വഴിക്ക് അച്ഛനെയും മുത്തശ്ശിയും ഫോണിൽ വിളിച്ച് സംസാരിച്ചു. ഏതാണ്ട് അരമണിക്കൂർ യാത്ര കാണും സ്കൂളിലേക്ക്.

ഗേറ്റ് കടന്ന് ഉള്ളിൽ ചെന്നതും പ്രതീക്ഷിച്ചതിലും സാമാന്യം വലിപ്പമുള്ള സ്കൂൾ ആണെന്ന് മനസ്സിലായി. കെജി സെക്ഷൻ തൊട്ട് പ്ലസ് ടു വരെയുണ്ട്. നല്ല വൃത്തിയുള്ള വിശാലമായ ക്യാമ്പസ്. നേരത്തെ ആയതിനാൽ ക്ലീനിംഗ് സ്റ്റാഫ് ഒഴികെ അധികം ആരും എത്തിയിട്ടില്ല. കാറിലിരുന്ന് കാഴ്ചകൾ നോക്കി കാണുന്ന എന്നെ സിദ്ദു ഇടംകണ്ണിട്ട് നോക്കുന്നത് കണ്ടു.
പാർക്കിംഗിൽ എത്തി വണ്ടി നിർത്തിയതും ആരെയോ ഫോൺ ചെയ്യുന്നത് കണ്ടു .

“ഡാ നീ എത്തിയോ?.. ഞങ്ങൾ പാർക്കിങ്ങിൽ ഉണ്ട്..
വേണ്ട .. ഞാൻ ആലോചിച്ചപ്പോൾ ദിവ്യയുടെ കൂടെ തന്നെ മതിയെടാ.. നീ നിൽക്ക് .. ഞങ്ങൾ ദാ വരണു..”
ഫോൺ വെച്ച് കഴിഞ്ഞതും എന്നോടായി പറഞ്ഞു തുടങ്ങി.
“മനു ഓഫീസിൽ എത്തിയിട്ടുണ്ട്. എൻറെ ബെസ്റ്റ് ഫ്രണ്ട് ആണ്. ചെറുപ്പം തൊട്ടേയുള്ള സൗഹൃദം.
കല്യാണത്തിനും റിസപ്ഷനും ഒക്കെ ഉണ്ടായിരുന്നു. താൻ ശ്രദ്ധിച്ചിട്ട് ഉണ്ടാവില്ല.അവൻറെ വൈഫ് ദിവ്യ ഇവിടുത്തെ പ്രൈമറി സെക്ഷൻ ടീച്ചറാണ്. അവൾ ഉണ്ടാവും കൂട്ടായിട്ട് എല്ലാം പറഞ്ഞു തരാൻ..
താല്പര്യമുണ്ടെങ്കിൽ ഹയർ ക്ലാസ്സ് തരാമെന്ന് അവൻ പറഞ്ഞതാണ്. ബിഎഡും, നെറ്റും ഇല്ലാത്തതു കൊണ്ട് ഞാനാണ് വേണ്ടെന്ന് പറഞ്ഞത്. അർഹത ഇല്ലാത്തത് സൗഹൃദത്തിൻറെ പേരിൽ മാത്രം വേണ്ടെന്നു തോന്നി ..ചെറിയ കുട്ടികളെ പഠിപ്പിക്കാൻ ബുദ്ധിമുട്ടാകുമോ തനിക്ക്? ടെൻഷൻ ഉണ്ടോ?..”

“ഇല്ല “എന്ന് പറഞ്ഞു. ആദ്യമായിട്ടാണ് സിദ്ദു എന്നോട് ഇത്രയും നേരം സംസാരിക്കുന്നത് എന്നോർത്തു.

“ഒരുകണക്കിന് ചെറിയ കുട്ടികൾ ആണ് നല്ലത്.. അവരെ പേടിക്കേണ്ടല്ലോ.. കുട്ടികളെ പോലും വിശ്വസിക്കാൻ പറ്റാത്ത വല്ലാത്തൊരു കാലമാണ്. പിന്നെ ദിവ്യ കൂടെയുള്ളത് കൊണ്ട് എനിക്ക് തന്നെ വിശ്വസിച്ചു ഏൽപ്പിക്കാം. അതാ ഞാൻ പ്രൈമറി ക്ലാസ്സ് മതിയെന്ന് തന്നോട് ചോദിക്കാതെ തന്നെ പറഞ്ഞത്..”

അത് പറയുമ്പോൾ സിദ്ധുവിൻറെ മുഖത്ത് കണ്ട ടെൻഷൻ എന്നെ ഒന്നാം ക്ലാസിൽ ചേർക്കാൻ വന്നപ്പോൾ അച്ഛൻറെ മുഖത്ത് പോലും ഉണ്ടായിരുന്നില്ലെന്ന് തോന്നി.

ഇറങ്ങാൻ നേരം കയ്യിലേക്ക് ഒരു ഫയൽ വെച്ചു തന്നു. തുറന്നു നോക്കിയതും എൻറെ സർട്ടിഫിക്കറ്റും ഫോട്ടോ അടക്കം ബയോഡാറ്റയും വൃത്തിയായി ക്ലിപ്പ് ചെയ്തു വച്ചിരിക്കുന്നു. ഇതൊക്കെ എപ്പോൾ ഒപ്പിച്ചെടുത്തു എന്ന് അതിശയത്തോടെ നോക്കി.

“സർട്ടിഫിക്കറ്റുകൾ ഒക്കെ തൻറെ അച്ഛനോട് ചോദിച്ചു വാങ്ങിച്ചതാണ്. ബയോഡാറ്റ ഊഹം വെച്ച് ഞാൻ തന്നെ ഉണ്ടാക്കി. മനു ഇതൊന്നും ചോദിക്കില്ല എങ്കിലും നമ്മൾ നമ്മുടെ ഭാഗം വീഴ്ചയില്ലാതെ ഒരുക്കി വയ്ക്കണമല്ലോ…”

“ഞാനിതൊന്നും ഓർത്തില്ല..” നേരിയ ഒരു ജാള്യതയോടെ പറഞ്ഞു. ജോലിക്ക് എന്നും പറഞ്ഞ് ഇറങ്ങിത്തിരിച്ചപ്പോൾ ഇതൊക്കെ ആലോചിക്കേണ്ടത് ആയിരുന്നു എന്ന് കുറ്റബോധം തോന്നി.

“ബയോഡാറ്റ ഒന്ന് വായിച്ചു നോക്കിക്കോ.. ആരെങ്കിലും ചോദിച്ചാൽ അതിനനുസരിച്ച് പറഞ്ഞാൽ മതി..”

വായിച്ച് നോക്കിയതും മറിച്ചൊന്നും പറയാനില്ലായിരുന്നു. വിവരങ്ങൾ എല്ലാം കിറുകൃത്യം. എങ്കിലും തുടക്കത്തിൽ എഴുതിയ എൻറെ പേര് “മാളവിക സിദ്ധാർത്ഥ് ” എന്നത് മാത്രം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

തിരവന്ന് മായ്ക്കുന്ന കടൽതീരത്തും നോട്ട് ബുക്ക്ൻറെ അവസാന താളുകളിലും ഡെസ്കിൻറെ മുകളിലും മരക്കൊമ്പിലും ഒക്കെ ഇഷ്ടത്തോടെ ഞാൻ എഴുതി ചേർത്തിരുന്ന എൻറെ പേര് ഇതായിരുന്നില്ല എന്ന് ഓർത്തുപോയി. എൻറെ ദൃഷ്ടിയുടെ ദിശയിൽ തന്നെ സിദ്ധുവിൻറെ നോട്ടമെത്തിയതും പേരെഴുതിയിരിക്കുന്ന ഭാഗത്തുനിന്നും ഞാൻ കണ്ണുകൾ പിൻവലിച്ചു. എന്തോ മനസ്സിലാക്കിയത് പോലെ ആളും ധൃതിയിൽ പുറത്തേക്ക് നോക്കുന്നത് കണ്ടു.

യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാൻ സിദ്ദു 101% ശ്രമിക്കുന്നുണ്ട്. അതിനിടയിൽ എൻറെ ഭാഗത്തുനിന്നും ഇങ്ങനെയൊന്ന് വേണ്ടിയിരുന്നില്ല എന്ന് പുറത്തിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോൾ മനസ്സിൽ തോന്നി.

“വെൽക്കം മിസ്റ്റർ ആൻഡ് മിസ്സിസ് സിദ്ധാർത്ഥ് ..” മനു ആയിരിക്കുമെന്ന് തോന്നിയ ആളിൽ നിന്നും വന്ന അഭിസംബോധന ഇത്തവണ സിദ്ധുവിനെ വേദനിപ്പിച്ചു എന്നെനിക്ക് തോന്നി. ഞങ്ങൾ ഇരുന്ന് കഴിഞ്ഞതും അയാൾ നിറചിരിയോടെ സംസാരിച്ചു തുടങ്ങി.

“ഞാൻ മനോജ് മാധവൻ..ഇവനെൻറെ കട്ട ചങ്കാണ്. എങ്കിലും എന്നെ കുറിച്ച് കുട്ടിയോട് അധികം പറഞ്ഞു തന്നിട്ട് ഉണ്ടാവില്ല എന്നറിയാം.. ചെറുപ്പത്തിൽ മഹാതല്ലിപ്പൊളി ആയിരുന്നെങ്കിലും പഠിപ്പി ആയ ഇവൻ എന്നെ കൂടെ കൂട്ടും എന്തിനും. വലുതായപ്പോൾ ഇവന്മാരൊക്കെ പഠിച്ചു വലിയ കൊമ്പത്തെ ആൾക്കാർ ആയി. അപ്പനപ്പൂപ്പന്മാർ ആയിട്ട് ഒരു സ്കൂൾ ഉണ്ടാക്കി വെച്ചിരുന്നതുകൊണ്ട് ഞാൻ ഇപ്പോൾ സ്കൂളിൻറെ മാനേജറും ആയി.”

“എടാ.നീ അധികം ചരിത്രം വിളമ്പേണ്ട.. അവൾ ഇവിടെ ജോലിക്ക് വന്നതാണ്. നിൻറെ ഉള്ള വിലയും കളയണ്ട .” സിദ്ധു എൻറെ കയ്യിൽ നിന്നും ഫയൽ വാങ്ങിച്ച് അയാൾക്ക് നേരെ നീട്ടി.

” ഇതൊക്കെ എന്തിനാ നമ്മൾ തമ്മിൽ…എൻറെ പെങ്ങളെ ഈ പറയുന്ന മൊതലിൻറെ എന്തെല്ലാം കാര്യങ്ങൾ എനിക്കറിയാം..ഒന്നാം ക്ലാസ്സിൽ വെച്ച് ലൗ ലെറ്റർ എഴുതിയത് തൊട്ടുള്ള കഥകളുണ്ട്.. സമയം കിട്ടുമ്പോൾ ഓരോന്നായിട്ട് പറഞ്ഞുതരാം.. പെങ്ങള് ഇനി ഇവിടെ തന്നെ കാണുമല്ലോ..”

സിദ്ധുവിൻറെ മുഖം പെട്ടെന്ന് മങ്ങുന്നത് കണ്ടു. അപ്പോഴേക്കും സുന്ദരിയായ ഒരു ടീച്ചർ മുറിയിലേക്ക് കയറിവന്നു.

“നിങ്ങള് കാലത്തെ വധം തുടങ്ങിയോ മനുവേട്ടാ..” അതും ചോദിച്ച് അവര് എന്നെ നോക്കി പരിചയ ഭാവത്തിൽ പുഞ്ചിരിച്ചു.

“നീ ഇവളെ വിളിച്ച് ക്ലാസിൽ പോകാൻ നോക്ക് ദിവ്യ.. മാനേജരുടെ നിലവാരം വല്ലാതെ താഴ്ന്നു വരുന്നുണ്ട് .മുതലാളിയെ ജോലിക്കാർക്ക് ഭാവിയിൽ ഇത്തിരിയെങ്കിലും പേടി വേണ്ടേ…”
സിദ്ധു ആണ് ചിരിച്ചുകൊണ്ട് മറുപടി കൊടുത്തത്.

“അതെ.. എൻറെ കെട്ടിയോൻറെ വില കാക്കേണ്ടത് എൻറെ കൂടി ആവശ്യം ആയിപ്പോയില്ലേ സിദ്ധു.. നമുക്ക് പെട്ടെന്ന് തന്നെ താഴേക്ക് പോയേക്കാം..” സിദ്ധുവിനെ നോക്കി കണ്ണിറുക്കി പിടിച്ച് കൊണ്ടാണ് അവരത് പറഞ്ഞത്.

“ആയിക്കോട്ടെ.. ഞാൻ ഇനി ഒന്നും പറയുന്നില്ല. പക്ഷേ ഈ ഞായറാഴ്ച നിങ്ങൾ വീട്ടിലേക്ക് വരുമല്ലോ. അവിടെ വെച്ച് എനിക്ക് ഞാനായി സംസാരിക്കാമല്ലോ…” മനുവേട്ടൻറെ നിഷ്കളങ്ക സംസാരവും ദിവ്യയുടെ സാമീപ്യവും അതിനകം തന്നെ എൻറെ പകുതി വേവലാതികളകറ്റിയിരുന്നു.

“അയ്യോ .. ഞാനത് പറയാൻ വിട്ടുപോയി സിദ്ധു. ഈ ഞായറാഴ്ച നിങ്ങളെ വിരുന്നിനു ക്ഷണിക്കാൻ അച്ഛനുമമ്മയും ഏൽപ്പിച്ചിട്ടുണ്ട് . സിന്ധു ചേച്ചിയും വരും. ചേച്ചിക്കും മാളുവിനെ കാണണമെന്നുണ്ട്..”

“ആയിക്കോട്ടെ.. ഞങ്ങൾ ഇറങ്ങാം.. ഇപ്പോൾ ഞാൻ പോയേക്കട്ടെ ഇല്ലെങ്കിൽ ലേറ്റ് ആകും. വൈകിട്ട് വിളിക്കാൻ വന്നോളാം..”

“നീ കഷ്ടപ്പെട്ട് വരണം എന്നില്ല. ഞങ്ങൾ പോണവഴിക്ക് വിട്ടേക്കാം..”മനുവേട്ടൻ ആണത് പറഞ്ഞത്.

“ആദ്യദിവസം അല്ലേ.. ഞാൻ തന്നെ വരാം. നിങ്ങൾ പിന്നീടങ്ങോട്ട് വേണമെങ്കിൽ വിട്ടാൽ മതി..”

മനുവേട്ടനോട് യാത്ര പറഞ്ഞ് സിദ്ധുവും ഞങ്ങളുടെ കൂടെ താഴേ പ്രൈമറി സെക്ഷനിലേക്ക് വന്നു. സ്റ്റാഫ് റൂമിൽ ദിവ്യയുടെ അടുത്ത് തന്നെയുള്ള സീറ്റാണ് എനിക്ക് വേണ്ടി ഒരുക്കിയത്. ഞാൻ സീറ്റിലിരുന്നു കഴിഞ്ഞതും സിദ്ധു യാത്ര പറഞ്ഞ് ഇറങ്ങി.

വാതില്ക്കൽ എത്തിയതും എന്നെ ഒന്ന് തിരിഞ്ഞു നോക്കുന്നത് കണ്ടു.

“മാളു ചെല്ല്.. അവനെന്തോ സ്വകാര്യം പറയാനുണ്ട്..”

ദിവ്യ അങ്ങനെ പറഞ്ഞതും സിദ്ധുവിൻറെ അടുത്തേക്ക് പുറത്തേക്ക് നടന്നു . ഞാൻ അടുത്തെത്തിയതും പേഴ്സ് തുറന്ന് കുറച്ച് പണം എൻറെ നേരെ നീട്ടി.

“ഇത് കയ്യിൽ വച്ചോ എന്തെങ്കിലും ആവശ്യം വരും. വണ്ടിയിൽ വെച്ച് നേരത്തെ തരാൻ വിട്ടുപോയി. പിന്നെ ഇതെൻറെ കാർഡ് ആണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അതിലെ നമ്പറിൽ വിളിക്കൂ..
തൻറെ കരിയറിന് ആൾ ദി ബെസ്റ്റ് വിഷസ്..”

“താങ്ക്സ്..” അത്രയേ മറുപടി പറഞ്ഞുള്ളൂ.
ദൂരേക്ക് നടന്നു പോകുന്നത് നോക്കി നിന്നതും ഇയാൾ പെരുമാറുന്നത് പോലെ ജീവിതത്തോട് പൊരുത്തപ്പെട്ട് വരാൻ എനിക്കിനിയും ഒത്തിരികാലം വേണ്ടിവരും എന്നു തോന്നി.

“മാളു വന്നേ.. ഞാൻ ഓരോന്നായിട്ട് കാണിച്ചു തരാം..”
ഓരോ ചട്ടങ്ങളും രീതികളും ആളുകളേയും ഒക്കെ ദിവ്യ വഴി പരിചിതമായി. നാലാം ക്ലാസിലെ ചാർജ് ആണ് എനിക്ക് തന്നത്. മൂന്നാമത്തെ പിരീഡ് ആയപ്പോൾ ആണ് ആദ്യമായി ക്ലാസിലേക്ക് ചെന്നത്. ദിവ്യ തന്നെയാണ് എന്നെ ക്ലാസിന് പരിചയപ്പെടുത്തിയത്. കുറച്ചു കഴിഞ്ഞതും അമ്മ രാവിലെ പറഞ്ഞതുപോലെ എല്ലാം എൻറെ വഴിയേ തന്നെ വന്നു. സ്റ്റാഫ് റൂമിൽ ടീച്ചർമാരും ഒരുമിച്ചുള്ള പങ്കിട്ടെടുത്തുള്ള ഉച്ചഭക്ഷണം കഴിക്കലും സംസാരവും ഒക്കെ ഒരു വേള കോളേജിൽ കൂട്ടുകാർക്കിടയിൽ ആണെന്ന് തോന്നി. വൈകീട്ട് ലോങ്ങ് ബെല്ലടിച്ച് കഴിഞ്ഞതുമാണ് ഒരുദിവസം ഇത്ര പെട്ടെന്ന് കടന്നു പോയല്ലോ എന്ന് ഓർത്തത്.
ബാഗുമെടുത്ത് ഇറങ്ങിയതും ദിവ്യയുടെ ചോദ്യം വന്നു.

“നാളെയും ഈ വഴിക്ക് വരുമല്ലോ അല്ലേ മാളു..”

“തീർച്ചയായും..”
എന്ന് പറഞ്ഞ് പുഞ്ചിരിച്ചതും കയ്യിലെ മൊബൈൽ റിംഗ് ചെയ്തു. അറിയാത്ത നമ്പർ കണ്ടതും ഒരുവേള സംശയിച്ചു നിന്നു .. കണ്ണേട്ടൻറെ പഴയ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു എന്നതാണ് ആദ്യം ഓർമ്മയിലേക്ക് വന്നത്. പുതിയ നമ്പറിൽ നിന്നെങ്ങാനും വിളിക്കുന്നത് ആയിരിക്കുമോ എന്ന ചിന്ത ഹൃദയതാളം വല്ലാതെ വർദ്ധിപ്പിച്ചു. പ്രതീക്ഷയോടെ ഫോണെടുത്തു .

“പാർക്കിംഗിലേക്ക് വാ.. ഞാൻ വെയിറ്റ് ചെയ്യുന്നുണ്ട്..” സിദ്ധുവിൻറെ ശബ്ദം..സിദ്ധുവിൻറെ നമ്പർ ഇതുവരെ സേവ് ചെയ്തില്ലല്ലോ എന്ന് അപ്പോഴാണ് ഓർത്തത്. അത് ചെയ്തിരുന്നെങ്കിൽ ഇപ്പോൾ അനുഭവിക്കുന്ന ഈ നിരാശയെങ്കിലും ഒഴിവാക്കാമായിരുന്നു. അതുവരെ അനുഭവിച്ച സന്തോഷം എല്ലാം മാഞ്ഞു പോയി.

“സ്കൂൾ ഇഷ്ടപ്പെട്ടില്ലേ?.. ” തിരിച്ചുള്ള യാത്രയിൽ ഏറെ ദൂരം കഴിഞ്ഞതും ചോദ്യം വന്നു.

“ഉം..” ഉണ്ടെന്ന അർത്ഥത്തിൽ മൂളി.

വീട്ടിലെത്തിയതും അമ്മയും ചേച്ചിയും വഴിക്കണ്ണുമായി കാത്തിരിപ്പുണ്ടായിരുന്നു. ചെന്നു കയറിയത് തൊട്ടുള്ള സ്കൂളിലെ വിശേഷങ്ങൾ ഓരോന്നായി പറഞ്ഞു കൊടുത്തു. ഓരോന്നും വിസ്തരിച്ച് വിവരിക്കുമ്പോൾ അറിയാതെ തന്നെ എന്നിലേക്ക് സന്തോഷം വരുന്നുണ്ടായിരുന്നു. ഇത്തിരി കഴിഞ്ഞതും ദൂരെയായി പത്രം വായനക്കിടയിലും ഞങ്ങളുടെ സംസാരം നോക്കിനിൽക്കുന്ന സിദ്ധുവിനെ കണ്ടു.

“ശരിക്കും ജോലി ഇഷ്ടമായിട്ട് തന്നെയാണല്ലേ.. വൈകീട്ടത്തെ മുഖഭാവം കണ്ടതും ഞാൻ കരുതി എൻറെ സമാധാനത്തിന് കള്ളം പറഞ്ഞതാണെന്ന്.. താൻ അമ്മയോട് സ്കൂളിലെ വിശേഷങ്ങൾ സംസാരിക്കുന്നത് കണ്ടപ്പോഴാണ് സമാധാനമായത്.”
കിടക്കാൻ നേരം സിദ്ദു പറഞ്ഞത് കേട്ടതും ഉള്ളിൽ കുറ്റബോധം വന്നു.

നാലഞ്ചു ദിവസം കടന്നു പോയതും എൻറെ ജീവിതം ആകെ മാറിമറിഞ്ഞത് പോലെ. രാവിലെ സിദ്ധുവിൻറെ കൂടെയും വൈകിട്ട് ദിവ്യയുടെ കൂടെയും ആയി യാത്ര. കുട്ടികളുടെ പഠിത്തത്തിലും സ്പോർട്സിലും കലാപരിപാടികളിലും കളിചിരി കളിലും ഒക്കെ ജീവിതം കുരുങ്ങിക്കിടന്നു. എനിക്ക് ചെയ്തു തീർക്കാനും സന്തോഷിക്കാനും ഒക്കെ എന്തൊക്കെയോ കാര്യങ്ങൾ ഓരോ ദിവസങ്ങളിലും ഉണ്ടായിരുന്നു. രാവിലത്തെ യാത്രയിൽ ഞാനും സിദ്ധുവും സുഹൃത്തുക്കൾ എന്നപോലെ എന്തൊക്കെയോ പരസ്പരം സംസാരിച്ചു തുടങ്ങി. ആ സംസാരങ്ങളിൽ പണ്ട് അമ്പലമുറ്റത്ത് വെച്ച് കണ്ട എനിക്ക് പരിചയം ഉണ്ടായിരുന്ന സിദ്ധുവിനെ ഞാൻ വീണ്ടും കാണും.

എങ്കിലും കൺമുന്നിൽ ഇല്ലാത്ത നേരത്ത് സിദ്ധുവിനെ കുറിച്ച് ഓർക്കുമ്പോൾ തലയിണയിലേക്ക് ഇറ്റുവീഴുന്ന കണ്ണീർ തുള്ളികളും അതിൻറെ ഉടമയെയും മാത്രം ഓർമ്മവരും……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button