Novel

നിൻ വഴിയേ: ഭാഗം 20

രചന: അഫ്‌ന

ഫോൺ റിങ് ചെയ്യുന്നത് കേട്ട് തൻവി തലയ്ക്കു കൈ കൊടുത്തു ബെഡിൽ നിന്ന് കൈ ഏന്തി കൊണ്ടു ടേബിളിൽ നിന്ന് ഫോൺ എടുത്തു ചെവിയിൽ വെച്ചു. “ഹലോ ” “എവിടെ പോയി കിടക്കാ തനു നീ.എത്ര നേരായി മനുഷ്യൻ ഇങ്ങനെ വിളിച്ചു കൂവുന്നെ “ഫോൺ എടുത്ത പാടെ ചേച്ചിയുടെ വക കിട്ടി. “ഞാൻ കേട്ടില്ല ചേച്ചി, തല വേദനിച്ചിട്ട് വയ്യ.അതാ എണീക്കാൻ വൈകിയേ സോറി “അവൾ തലയ്ക്ക് കൈ വെച്ചു മെല്ലെ പറഞ്ഞു.

“അത് സാരമില്ല നീ കിടന്നോ, ഞാൻ ഇപ്പൊ വിളിച്ചത് നീ ഞങ്ങളുടെ കൂടെ പുറത്തേക്ക് വരുന്നുണ്ടോ എന്ന് ചോദിക്കാനാ ” “ഇല്ല ചേച്ചി, എനിക്ക് തല പൊക്കാൻ കൂടെ വയ്യ. നിങ്ങള് പോയിട്ട് വാ ” “ഉറപ്പല്ലേ ” “മ്മ് “അതും പറഞ്ഞു ഫോൺ വെച്ചു. ഇന്നലെ രാത്രി എത്ര നേരം കണ്ണും തുറന്നു ഇരുന്നെന്ന് പോലും ഓർമയില്ല. അഭിയേട്ടൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും ചെവിയിൽ ആരോ പറഞ്ഞു കൊണ്ടിരിക്കുവാ. എന്നേ ഇഷ്ട്ടമായിരുന്നു എന്ന്… പക്ഷേ എന്തിന് അത് മറച്ചു വെറുപ്പ് പ്രകടിപ്പിച്ചു…..

എന്നേ ഒരു കോമാളിയേ പോലെ പുറകെ നടത്തി അത് ആസ്വദിക്കൂവല്ലായിരുന്നോ. ഉള്ളിൽ ദേഷ്യവും സങ്കടവും ഒരു പോലെ നിറഞ്ഞു. കണ്ണുകൾ വീണ്ടും അനുസരണ ഇല്ലാതെ നിറഞ്ഞൊഴുകി.വേദന കൂടുന്നത് പോലെ തോന്നി….കണ്ണ് തുടച്ചു ബെഡിൽ നിന്നെണീറ്റ് ടേബിളിൽ വെച്ചിരുന്ന മെഡിസിൻ ബോക്സ്‌ എടുത്തു തന്റെ മൈഗ്രൈന്റെ ഗുളിക എടുത്തു കുടിച്ചു, ചെയറിൽ ഇരുന്നു. ഫോൺ എടുത്തു നോക്കി, സമയം 11:30 മണി കഴിഞ്ഞു. ഇത്രയും നേരം താൻ ഉറങ്ങിയോ എന്ന് അവൾക്ക് തന്നെ ആശ്ചര്യം തോന്നി.

വേഗം പോയി കുളിച്ചു റെഡിയായി താഴേക്കു ഇറങ്ങി. അമ്മ ജോലിയെല്ലാം കഴിഞ്ഞു മുത്തശ്ശിയ്ക്കു പത്രം വായിച്ചു കൊടുക്കുന്നുണ്ട്, ഫോണിൽ ന്യൂസിന്റെ ആപ്പ് ഡൌൺലോഡ് ചെയ്തു കൊടുത്താലും അച്ഛമ്മയ്ക്കു പത്രം തന്നെ വേണം. അമ്മയ്ക്ക് ഇത് ഇഷ്ടം ആയതു കൊണ്ടു പിന്നെ ആരും ഒന്നും പറഞ്ഞില്ല. “മോള് എണീറ്റോ… തല വേദന കുറവുണ്ടോ?”അമ്മ പത്രത്തിൽ നിന്ന് തല ഉയർത്തി. “ആ കുറവുണ്ട് അമ്മേ, മെഡിസിൻ കുടിച്ചു ”

“ഇനി വല്ലതും പോയി കഴിക്ക് കുട്ടിയെ”അച്ഛമ്മ പറയുന്നത് കേട്ട് തലയാട്ടി കൊണ്ടു അടുക്കളയിലേക്ക് നടന്നു. സാമ്പാറും മത്തി പൊരിച്ചതും വഴുതന ഉപ്പേരിയുമാണ്…. വിശക്കുന്നത് കൊണ്ടു വേഗം അതും എടുത്തു ഹാളിലേക്ക് വന്നിരുന്നു…. “പിന്നെ വേഗം കഴിക്കാൻ നോക്ക്,മാലതിയ്ക്കു ദീപുവിനുമുള്ള ഭക്ഷണം കൊണ്ടു കൊടുക്കണം “അമ്മ ഉമ്മറത്തു നിന്ന് വിളിച്ചു പറഞ്ഞു. “അതെന്താ ”

“മാലതിയ്ക്ക് സുഖമില്ല.ഊര വേദനയാ, ഇപ്പൊ ഹോസ്പിറ്റലിൽ പോയി വന്നിട്ടേ ഒള്ളു.അതുകൊണ്ടു ഒന്നും വെച്ചിട്ടില്ല. രാവിലെ ഇഷാനി കൊണ്ടു കൊടുത്തു. ഉച്ചയ്ക്ക് ഉള്ളതും ഞാൻ തരാം എന്ന് പറഞ്ഞതാ. നീ വേഗം കഴിച്ചു എണീക്ക്, ഞാൻ കുളിച്ചിട്ടൊന്നും ഇല്ല,” “എങ്കി അമ്മയ്ക്ക് ഇത് നേരത്തെ പറഞ്ഞു കൂടായിരുന്നോ, ഞാൻ കഴിക്കാൻ ഇരുന്നും ചെയ്തു. അവർക്ക് വിശക്കുവോ എന്തോ ” തൻവി അതും പറഞ്ഞു വേഗം ചോറെടുത്തു കഴിക്കാൻ തുടങ്ങി

.പെട്ടന്നായതു കൊണ്ടു തീർന്നതോന്നും അറിഞ്ഞില്ല. വേഗം കുറച്ചു വെള്ളവും എടുത്തു കുടിച്ചു. അടുക്കളയിലേക്ക് ഓടി. അപ്പോയെക്കും അമ്മ കൊണ്ടു പോകാനുള്ള ഭക്ഷണം പത്രത്തിൽ എടുത്തു വെച്ചിരുന്നു. “അവർക്ക് എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ, അത് ചെയ്തു കൊടുത്തേക്ക് ട്ടോ”അമ്മ പോകും നേരം പറഞ്ഞു “അത് ഞാൻ ഏറ്റു ” തൻവി മുൻ വശത്തിലൂടെ ചെന്നു.

തുറക്കാൻ നോക്കി പക്ഷേ ഡോർ ലോക്ക് ആണ്.അമ്മ കിടക്കുവായിരിക്കും,…തൻവി ഓർത്തു ചെന്ന് ബെൽ അമർത്തി. അപ്പോയെക്കും ദീപു വന്നു ഡോർ തുറന്നു.മുൻപിൽ നിൽക്കുന്നവളെ കണ്ടു ചിരിയോടെ ഡോർ മുഴുവൻ തുറന്നു കൊടുത്തു. “എവിടെ ആയിരുന്നു, ഡോർ ഒക്കെ അടച്ചു, അമ്മ ഉറങ്ങിയോ ” അകത്തേക്ക് കയറി ഭക്ഷണം ടേബിളിൽ വെച്ചു അമ്മയുടെ മുറിയിലേക്ക് പാളി നോക്കി. മയക്കത്തിലാണ്….. “ഞാ….. ഞാ…ൻ അടുക്കളയിൽ വെറുതെ”ദീപു തല ചൊറിഞ്ഞു തപ്പി തടഞ്ഞു.

അവന്റെ പരുങ്ങൽ കണ്ടു തൻവി അവനെ സംശയത്തോടെ നോക്കി. “അടുക്കളയിൽ എന്താ ദീപുവിന് പണി” “ഏയ്‌ ഒന്നും ഇല്ല, വെ…..ള്ളം കുടിക്കാൻ ” “ആണോ “അവനെ പുരികമുയർത്തി നോക്കി കൊണ്ടു അടുക്കളയിലേക്ക് നടന്നു. അവിടെ ഓലെറ്റ് അടിക്കാൻ സവാള അരിഞ്ഞു റെഡിയാക്കി വെച്ചിട്ടുണ്ട്.തൻവി അവനെ ഇത് എന്തിനെന്ന അർത്ഥത്തിൽ നോക്കി. “ഞാൻ ചുമ്മാ ഇരുന്നപ്പോൾ ഉണ്ടാക്കാൻ വേണ്ടി “ദീപു കൈ പുറകിലേക്ക് പിടിച്ചു ഒന്നിളിച്ചു.

“വിശക്കുന്നുണ്ടെങ്കിൽ ഒന്നു വിളിച്ചാൽ പോരെ, കഷ്ടപ്പെട്ട് ഇതുണ്ടാക്കണോ? അമ്മ പറഞ്ഞതല്ലേ കൊണ്ടു തരാമെന്ന് “തൻവി ദേഷ്യത്തിൽ അവനെ നോക്കി. “എന്റെ പൊന്ന് തനു, എനിക്ക് ഓംലറ്റ് അടിക്കണം എന്ന് തോന്നി, അതുകൊണ്ട് വന്നു. അതിന് നീ എന്തിനാ ഇങ്ങനെ ചൂടാവുന്നെ ” “എങ്കിൽ മാറി നിൽക്ക് ഞാൻ ഉണ്ടാക്കി തരാം.”അതും പറഞ്ഞു ദാവണി അരയിൽ കുത്തി അടുക്കളയിലേക്ക് ഇറങ്ങി.

“തനു നീ പോയേ, അറിയാവുന്ന പണി ചെയ്താൽ മതി. ഇതെനിക്ക് ചെയ്യാവുന്നതെ ഒള്ളു “ദീപു ചട്ടകം അവളുടെ കയ്യിൽ നിന്ന് വാങ്ങാൻ വന്നു. “ഒരു ഓംലറ്റ് ഉണ്ടാക്കുന്നത് ഇത്ര വലിയ അന്താരാഷ്ട്ര കാര്യം ആണല്ലോ, മാഷ് അവിടെ പോയി ഇരുന്നേ, ഞാൻ ഇപ്പോ കൊണ്ടു തരാം “ഗ്യാസ് അടുപ്പ് കത്തിച്ചു പത്രം വെച്ചു. “എന്നിട്ട് വേണം കൈ വല്ലതും പൊള്ളി കണ്ണീരൊലിപ്പിച്ചു വരാൻ, ഞാൻ തല്ക്കാലം ഇവിടെ നിന്നോളാം”ദീപു അതും പറഞ്ഞു വാതിൽ പടിയിൽ ചാരി അവള് ചെയ്യുന്നതും നോക്കി നിന്നു.

അവൾ മുട്ട ചട്ടിയിലേക്കിട്ടു,… പത്രം എടുത്തു തിരിഞ്ഞപ്പോയെക്കും ഓംലേറ്റ് റെഡിയായി. അതുമായി ഹാളിലേക്ക് വന്നു. “ദീപുവിന് ചോർ വിളമ്പട്ടേ ” “അതൊക്കെ അവിടെ വെച്ചേക്ക്, ഞാൻ എടുത്തു കഴിച്ചോളാം. എന്റെ കയ്യിന് ഒരു കുഴപ്പവും ഇല്ല ” ഓംലേറ്റുമായി ഉമ്മറത്തേക്ക് പോകുന്നവനേ നോക്കി. “ദീപുവിന് വേണോ? വേണ്ടയോ?.”കനപ്പിച്ചു ചോദിച്ചതും. വാ അടച്ചു വേണമെന്ന് തലയാട്ടി. “Good boy “അതും പറഞ്ഞു കൂട്ടാൻ എല്ലാം നിരത്തി വെച്ചു, അവനുള്ള ചോർ വിളമ്പി കുടിക്കാൻ വെള്ളവും കൊണ്ടു വെച്ചു.

“ഇരിക്ക് “ദീപു അവളെ നോക്കി മെല്ലെ ചിരിച്ചു ചെയറിൽ ഇരുന്നു.തൻവി അപ്പുറത്തു ഇരുന്നു. “പിന്നെ,ദീപു ഇന്നലെ ഒരു സംഭവം ഉണ്ടായി “തൻവി കാര്യമായിട്ട് തന്നെ ചെയർ മുന്നിലേക്ക് വലിച്ചു മെല്ലെ തുടങ്ങി.അവൾ എന്താണ് പറയാൻ പോകുന്നതെന്ന് അവന് വ്യക്തമായി തന്നെ അറിയാമായിരുന്നു.അവൻ ഭക്ഷണം കഴിക്കുന്നത് നിർത്തി എന്തോ ഓർത്തു…. വീണ്ടും കഴിപ്പ് തുടങ്ങി. “എന്താണെന്ന് ചോദിക്ക് “അവന്റെ അടുത്ത് നിന്ന് ഒരു പ്രതികരണവും ഇല്ലെന്ന് കണ്ടു അവൾ കൈ പിടിച്ചു കുലുക്കി.

“മ്മ് പറ ഞാൻ കേൾക്കുന്നുണ്ട്.എന്താ കാര്യം?”ദീപു അവളെ നോക്കാതെ ചോദിച്ചു. “രാവണൻ എന്നെ ഇന്നലെ പ്രൊപ്പോസ് ചെയ്തു,..കാശിയേട്ടനും വീട്ടുകാരും ഓക്കേ പോയി കഴിഞ്ഞില്ലേ,..അപ്പൊ എന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു വാശി പിടിച്ചു. വേറെ വഴി ഇല്ലാതെ അവനെയും കൂട്ടി. മുകളിലെ ബാൽക്കണിയിലേക്ക് കൂട്ടി കൊണ്ടു പോയി, അപ്പോഴാ ഇഷ്ടം ആണെന്ന് പറഞ്ഞേ, എനിക്ക് പോലും വിശ്വസിക്കാൻ പറ്റിയില്ല. വെറുതെ തമാശയ്ക്കു പറഞ്ഞതായിരിക്കും എന്ന് കരുതി ഇരിക്കുമ്പോഴാണ്. അങ്ങേര് വീണ്ടും വന്നു പറയുന്നത്… ” തൻവി വലിയ സംഭവത്തിൽ കൈ കൊണ്ടു ആക്ഷൻ കാണിച്ച് ഒക്കെയാണ് പറയുന്നത്.

ദീപു എല്ലാം മൂളി കേട്ടിരിക്കുകയാണ്.പറഞ്ഞു നിർത്തിയപ്പോഴാണ് അവളും അത് ശ്രദ്ധിക്കുന്നത്. “ദീപു “തൻവിയുടെ അലർച് കേട്ട് ബോധം വന്നവൻ തല ഉയർത്തി അവളെ നോക്കി. “ഞാൻ പറഞ്ഞത് വല്ലതും കേട്ടോ “പെണ്ണിന്റെ മുഖം മുഴുവൻ ചുവന്നു തുടുത്തിട്ടുണ്ട്.അവളുടെ മുഖം കണ്ടു പണിപാളി എന്ന് അവന് മനസ്സിലായി. “നീ എന്താ ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കുന്നെ,ഞാ….ൻ കേൾക്കുന്നുണ്ട്”

“എങ്കിൽ ഇത്രയും നേരം ഞാൻ എന്താ പറഞ്ഞേ” “ഫുഡ്‌ കഴിക്കുമ്പോൾ ഞാൻ സംസാരിക്കാറിലേന്ന് നിനക്ക് അറിയില്ലേ, ഇത് തീർന്നിട്ട് സംസാരിക്കാം ” “അങ്ങനെ ആണെങ്കിൽ കഴിച്ചിട്ട് സംസാരിക്കാം, ദീപു വേഗം കഴിക്ക് ” അവന് വെള്ളം ഗ്ലാസിലേക്കോഴിച്ചു പറഞ്ഞു. “ഇതൊക്കെ എനിക്കറിയാം തനു, അഭി ഇതെല്ലാം എന്നോട് പറഞ്ഞതാ ” “പറഞ്ഞെന്നോ?”

“അതെ, നിന്നെ പോലെ അവനും എന്റെ ഉറ്റ സുഹൃത്താ….അതുകൊണ്ട് ഇതൊന്നും അതിക നേരം അവൻ എന്നോട് മറച്ചു വെക്കില്ല.”ദീപു ചിരിയോടെ പറഞ്ഞു അവളെ നോക്കി. “പറഞ്ഞുവല്ലേ,”ചുണ്ട് കൊട്ടി ചെയറിൽ ചാരി ഇരുന്നു.ദീപുവിന് അവളുടെ തീരുമാനം എന്താണെന്ന് ചോദിക്കണം എന്നുണ്ടായിരുന്നു,….. “ആരാ മോനെ അവിടെ “മുറിയിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ട് തൻവി അങ്ങോട്ട് നോക്കി.

“ഞാനാ അമ്മാ….”അതും പറഞ്ഞു അങ്ങോട്ട് ചെന്നു.അതോടെ ദീപു ചോദിക്കാൻ വന്നത് അവിടെ വിട്ടു. കഴിച്ചു കഴിഞ്ഞു എണീറ്റു. അമ്മ ബെഡിൽ കിടക്കുവാണ്, ടേബിളിൽ കുടിക്കാൻ വെള്ളവും ടാബ്‌ലെറ്റും ഉണ്ട്. “എന്താ എന്റെ മാലുമ്മയ്ക്കു പറ്റിയെ,നടുവിന് ഇത്രയേ ഉറപ്പൊള്ളൂ” തൻവി അടുത്ത് ചമ്രം പടിഞ്ഞിരുന്നു. “ദേ തനുവേ… നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്നേ മാലുമ്മ എന്ന് വിളിക്കരുതതെന്ന്, അമ്മ എന്ന് വിളിച്ചാൽ മതി….അവളുടെ ഒരു മാലുമ്മ “അമ്മ തുടയ്ക്ക് നുള്ളി.

“എന്താ മാലുമ്മ ഇത്, വേദനിച്ചുട്ടോ😖”അവിടെ തടവി കൊണ്ടു അവരെ നോക്കി. “ദേ പെണ്ണ് വീണ്ടും അത് തന്നെ വിളിക്കുന്നു “അവളെ നോക്കി കണ്ണുരുട്ടി. “നോക്കണ്ട,ഞാൻ സ്നേഹം കൊണ്ടു വിളിക്കുന്നതല്ലേ.വന്നു വന്നു സ്നേഹിക്കാനും പറ്റാതായോ ഈശ്വരാ ഇവിടെ “അവൾ മുകളിലേക്ക് നോക്കി പറഞ്ഞു. “നീ അത്രയ്ക്ക് എന്റെ അമ്മയെ സ്നേഹിക്കണ്ട,ശ്വാസം മുട്ടി പോകും ” ദീപു ഫോണിൽ നോക്കി കൊണ്ടു അങ്ങോട്ട് വന്നു, അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു അപ്പുറത്ത് വന്നിരുന്നു.

“അമ്മയെ ഇങ്ങനെ തനിച്ചു വിടാതെ വേഗം ഒരു പെണ്ണിനെ കെട്ടാൻ നോക്ക്, എത്രകാലം മാലുമ്മ ഇങ്ങനെ എല്ലാത്തിനും പുറകെ നടക്കും.”തൻവി അമ്മയുടെ കയ്യിൽ പിടിച്ചു ദീപുവിനെ നോക്കി. ഇത്രയും നേരം ചിരിച്ചു നിന്നിരുന്ന മുഖം മാറി… അത് കണ്ടു അമ്മയുടെ മുഖഭാവവും മാറി. “നമുക്ക് കർത്തുവിനെ നോക്കിയാലോ, എത്രയായി അവള് പുറകെ നടക്കാൻ തുടങ്ങിയിട്ട്. എന്നേ കാണുമ്പോൾ ചോദിക്കും ദീപുവിന്റെ കല്യാണം നോക്കുന്നുണ്ടോന്ന് ”

“നീ ഇപ്പൊ എന്റെ കല്യാണം നടത്താൻ വന്നതാണോ, അതോ അമ്മയെ കാണാനോ “ദീപു ദേഷ്യത്തിൽ അതും പറഞ്ഞു മുറിയിൽ നിന്ന് ഇറങ്ങി പോയി. കാര്യം മനസിലാവാതെ അവൾ അവൻ പോകുന്നതും നോക്കി നിന്നു. “എന്താ മാലുമ്മ ദീപുവിന് മാര്യേജ് ഇഷ്ടം അല്ലാത്തെ, വിവാഹക്കാര്യ പറഞ്ഞാൽ ആള് ഇങ്ങനെയാ.”തൻവി പരിഭവത്തോടെ അവരെ നോക്കി. ആ കണ്ണിലും സങ്കടം തിങ്ങി നിറഞ്ഞിരുന്നു. “അത് മോള് കാര്യമാക്കേണ്ട. അവന്റെ ഉള്ളിൽ എന്താണ് ഉള്ളത് അവന് മാത്രമല്ലേ അറിയൂ.”അവർ നിശ്വസിച്ചു അവളുടെ പുറത്തു തട്ടി ചിരിച്ചെന്ന് വരുത്തി.

“ഞാൻ കാര്യം ആക്കാൻ ഒന്നും പോകുന്നില്ല, ഇതൊക്കെ എന്റെ ഡെയിലി റൂട്ടിനിൽ പറഞ്ഞതാ, അമ്മയ്ക്ക് ഫുഡ്‌ എടുത്തു വെക്കട്ടെ” “ഇപ്പൊ വേണ്ട മോളെ, കുറച്ചു മുൻപാണ് ഇഷാനി കൊണ്ടു വന്ന അപ്പം കഴിച്ചേ…. ഇനി വേണമെങ്കിൽ അവൻ എടുത്തു തന്നോളും ” “റസ്റ്റ്‌ എടുക്കാൻ പറഞ്ഞോ ” “അത് എന്നും കേൾക്കുന്നതല്ലേ ” “നാളെ തോട്ട് ഒന്നും എടുക്കാൻ നിൽക്കേണ്ട, ഞാൻ വന്നു സഹായിക്കാം. എല്ലാം ഒന്ന് റെഡിയായിട്ട് ഡ്യൂട്ടിയിലേക്ക് ഇറങ്ങാം”

“അതൊന്നും നടക്കില്ല,..അവന് ആരെങ്കിലും ജോലിയ്ക്ക് വെച്ചോളും, നീ വേണമെങ്കിൽ വന്നു പൊക്കോ ” “എന്തിന്, അതിന്റെ ഒരാവിശ്യവും ഇപ്പൊ ഇല്ല.ആകെ രണ്ടു പേരെ ഒള്ളു. കഴിക്കാൻ വീട്ടിൽ വെക്കുമ്പോൾ ഇവിടെക്കുള്ളത് കൂടെ ഉണ്ടാക്കാം. പിന്നെ അടിച്ചു വൃത്തിയാക്കാൻ അല്ലെ ഉള്ളെ അതിന് ഞാൻ ധാരാളം.”ചിരിയോടെ പറയുന്നവളെ അവർ നിസ്സഹായമായി നോക്കി.

“അത് വേണ്ട മോളെ,”അവർ വീണ്ടും ശാസനയോടെ പറഞ്ഞു. “മാലുമ്മ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല, ഇത് മുകളിൽ നിന്നുള്ള ഓഡർ കുടെയാ. ഇനി ഞാൻ വരുന്നില്ലെന്ന് പറഞ്ഞാൽ അമ്മ ഇങ്ങോട്ട് ഇറങ്ങി വരും…. അത് വേണോ “തൻവി കുസൃതിയോടെ നോക്കി. “ഒന്നും ഉണ്ടായിട്ടല്ല, നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലേ ” “എന്ത് ബുദ്ധിമുട്ട്, പണ്ട് ഞങ്ങളെ സഹായിച്ചതും എന്നേ എടുത്തു വളർത്തിയാതൊന്നും ആരും മറന്നിട്ടില്ല,ഇതെങ്കിലും ചെയ്തു തന്നില്ലെങ്കിൽ ഞാൻ മാലുമ്മ എന്ന് വിളിക്കുന്നതിൽ എന്ത് അർത്ഥമാ ഉള്ളെ “അവരുടെ കവിളിൽ നുള്ളി നിറഞ്ഞ കണ്ണ് തുടച്ചു കൊടുത്തു.

“എന്റെ മാലുമ്മ ഇപ്പൊ നന്നായി റസ്റ്റ്‌ എടുക്ക്, ഞാൻ ആ മുതലിനെ സോപ്പിട്ടു വരാം. അല്ലെങ്കിൽ നാളെ ഇങ്ങോട്ട് കയറ്റില്ല “തൻവി അതും പറഞ്ഞു മുറിയിൽ നിന്നിറങ്ങി. അവർ അവൾ പോകുന്നതും നോക്കി അങ്ങനെ കിടന്നു. ദീപു മുറിയിൽ ബെഡിൽ ഇരുന്നു ബുക്ക്സ് വായിക്കുവാണ്. “ഞാൻ കയറിക്കോട്ടേ “ഡോറിന്റെ അടുത്ത് വന്നു അകത്തേക്ക് പാളി നോക്കി. “വേണ്ട,”അങ്ങോട്ട് നോക്കാതെ ഒറ്റയടിക്ക് പറഞ്ഞു.

“ഞാൻ ഇനി കല്യാണക്കാര്യ മിണ്ടില്ല, പ്രോമിസ് “അത് കേട്ടതും അങ്ങോട്ട് നോക്കി ഒന്ന് മൂളി. കേൾക്കേണ്ട താമസം ലവള് അകത്തേക്ക് കയറി. “ദീപുവിന് എന്തെങ്കിലും സങ്കടം ഉണ്ടോ, വന്നപ്പോൾ തോട്ട് ഞാൻ ശ്രദ്ധിക്കുന്നുതാ ആ പഴയ ഉഷാർ ഇല്ലല്ലോ “അവളുടെ ചോദ്യം കേട്ടതും ദീപു അത് കേൾക്കാത്തത് പോലെ ഇരുന്നു ബുക്കിലേക്ക് ശ്രദ്ധ തിരിച്ചു. “ദീപു,…. എന്താ ഒന്നും മിണ്ടാത്തെ ”

“എന്ത് മിണ്ടാൻ, നീ പറഞ്ഞോ തനു. ഞാൻ കേൾക്കുന്നുണ്ട് “അവളെ നോക്കാതെ പറയുന്നത് കേട്ട് തൻവിയ്ക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. “ദീപുവിന് ഞാൻ ഇപ്പൊ ഒരു ശല്യമായിലേ,…..”അവൾ ഇരിക്കുന്നിടത്ത് നിന്ന് എണീറ്റു നിറയാൻ നിന്നിരുന്ന കണ്ണുകളെ തടഞ്ഞു വെച്ചു പുറത്തേക്ക് നടന്നു. അവന് അവൾക്ക് സങ്കടം ആയെന്ന് അറിയാമെങ്കിലും മനസ്സിനെ പുറകെ പോകാതെ പിടിച്ചു.കൈയിൽ പിടിച്ചിരുന്ന ബുക്ക്‌ ബെഡിലേക്കിട്ട് നെറ്റിയിൽ കൈ വെച്ചു കിടന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

വീട്ടിൽ കാർ വന്നു നിർത്തുന്ന ശബ്ദം കേട്ട് സേതു മാധവൻ സിറ്റ് ഔട്ടിലേക്ക് വന്നു നോക്കി. കാറിൽ നിന്ന് ഇറങ്ങിയവരെ കണ്ടു അയാൾ പുഞ്ചിരിച്ചു കൊണ്ടു മുറ്റത്തേക്ക് ഇറങ്ങി. ജയേഷും സുമിത്രയുമാണ് വന്നിരിക്കുന്നത്. പുറകിൽ ദീപ്തിയുമുണ്ട്. കുറച്ചു ദിവസം മുൻപാണ് അവർ വിദേശത്തു നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയത്. അന്ന് തന്നെ ദീപ്തി അവളുടെ വീട്ടിലേക്ക് പോയിരുന്നു.

“ബിന്ദു….. ഇതാരാ വന്നതെന്ന് നോക്ക് ” സേതു വിളിക്കുന്നത് കേട്ട് അമ്മ അടുക്കളയിൽ നിന്ന് വന്നു. “ഏട്ടനോ….ഇതെന്താ വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വാ “അമ്മ സുമിത്രയുടെ കൈ പിടിച്ചു അകത്തേക്ക് ഇരുത്തി. “ഞാൻ ഇന്നലെ കൂടെ പറഞ്ഞിട്ടേ ഒള്ളു, നിങ്ങളേ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ എന്ന് ” “നേരം ഇല്ലായിരുന്നു പെങ്ങളേ, ഇങ്ങോട്ട് വന്നാലും ബിസിനസ്‌ ഞാൻ തന്നെ നോക്കി നടത്തേണ്ടേ”ജയേഷ് ചിരിയോടെ പറഞ്ഞു. “ഇവള് എന്തെങ്കിലും കുരുത്തക്കേട് കാണിച്ചോ നാത്തൂനേ ഇവിടെ “സുമിത്ര ദീപ്തിയേ അടുത്തിരുത്തി കൊണ്ടു ചോദിച്ചു.

“ഏയ്‌, അവള് ഒരു കുഴപ്പവും കാണിച്ചിട്ടില്ല.പിന്നെ അധികവും ഹോസ്റ്റലിൽ അല്ലെ…. നിങ്ങൾ സംസാരിച്ചിരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം”അമ്മ ചിരിച്ചു കൊണ്ടു അടുക്കളയിലേക്ക് നടന്നു. കൂടെ സുമിത്രയും എണീറ്റു. “അമ്മേ പറഞ്ഞത് ഓർമയുണ്ടല്ലോ,”ദീപ്തി അമ്മയെ പുറകിൽ നിന്ന് വിളിച്ചു മെല്ലെ പറഞ്ഞു. അഭി തൻവിയേ പ്രൊപ്പോസ് ചെയ്യുമെന്ന് ദീപ്തിയ്ക്കു ഡൌട്ട് വന്നിരുന്നു,അതിന് മുൻപ് തങ്ങളുടെ വിവാഹം നടത്താനാണ് അവരെ ഇപ്പൊ വിളിച്ചു വരുത്തിയിരിക്കുന്നത്.

“എനിക്ക് ഓർമയുണ്ട്, നീ വാ തുറക്കാതെ അടങ്ങി ഇരുന്നാൽ മതി. അമ്മ നോക്കിക്കോളാം ” സുമിത്ര അടുക്കളയിൽ ചെല്ലുമ്പോൾ അച്ഛൻ പെങ്ങൾ ജ്യൂസ്‌ ഗ്ലാസിൽ ഒഴിക്കുവാണ്. “ഇത്ര പെട്ടന്ന് അടിച്ചോ നാത്തൂനേ ” “ഏയ്‌, ഇവിടെ എന്നും ഇങ്ങനെ അടിച്ചു ഫ്രിഡ്ജിൽ വെക്കാറ് പതിവുള്ളതാ,ഗസ്റ്റ്‌ വന്നാൽ അപ്പൊ പിടിച്ചു അടിക്കേണ്ട എന്ന് കരുതി ചെയ്യുന്നതാ “അവർ അതും പറഞ്ഞു ഗ്ലാസ് എടുത്തു ഹാളിലേക്ക് ചെന്നു.

സുമിത്ര കാര്യം പറയാൻ ജയേഷിനോട്‌ ആഗ്യം കാണിച്ചു. “നമ്മുടെ ദീപ്തിയ്ക്ക് കല്യാണം നോക്കിയാലോ എന്ന് വിചാരിക്കുവാണ് ഞാൻ ” “ആണോ, അതെന്താ ഇത്ര പെട്ടന്ന്. ഒരു വർഷം കൂടെ ഇല്ലെ ഡിഗ്രി കംപ്ലീറ്റ് ആവാൻ “സേതു സംശയത്തോde😇നോക്കി. “അതല്ല.അവിടെ വീണ്ടും പുതിയ സ്റ്റാർട്ട്‌ അപ്പ്‌ തുടങ്ങാൻ ഒരു പ്ലാനുണ്ട്. തുടങ്ങിയാൽ നാട്ടിലേക്ക് വരാൻ തന്നെ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.

ഇവൾക്ക് ആണെങ്കിൽ അങ്ങോട്ട് വരുന്നത് താല്പര്യവുമില്ല…വിവാഹ പ്രായം ആയി വരുവല്ലേ.എല്ലാം കൂടെ ആലോചിച്ചപ്പോൾ എല്ലാം കണ്ടറിയുന്ന ഒരു പയ്യനെ കണ്ടു പിടിച്ചു എല്ലാം പെട്ടന്ന് അങ്ങ് നടത്തിയാലോ എന്നാ വിചാരിക്കാ.”ജയേഷ് ചിരിയോടെ അവരെ നോക്കി. “ഏട്ടന്റെ ഇഷ്ടം അങ്ങനേ ആണെങ്കിൽ ഞങ്ങൾക്ക് എന്ത് പ്രശ്നം “അമ്മ “ചെക്കനെ കണ്ടു വെച്ചിട്ടുണ്ടോ “സേതു പറയുന്നത് കേട്ട് ദീപ്തി അച്ഛനെയും അമ്മയെയും ഉറ്റു നോക്കി.

“അത് കൂടെ പറയാനാണ് ഞങ്ങൾ വന്നത്.. ഇവൾക്ക് നമ്മുടെ അഭി മോനെ ഭയങ്കര ഇഷ്ടമാണെന്ന്. അവനും അങ്ങനെ ആണെന്നാണ് ഞങ്ങളുടെ അറിവ്. നിങ്ങൾക്ക് എതിർപ്പില്ലെങ്കിൽ നമുക് ഇതങ്ങു ഉറപ്പിച്ചാലോ “ജയേഷ് പറഞ്ഞു നിർത്തിയതും സേതുവും ബിന്ദുവും ഞെട്ടലോടെ പരസ്പരം നോക്കി. “എന്താ നിങ്ങൾ ഒന്നും പറയാത്തെ “സുമിത്ര “അത് ഞങ്ങൾ എന്ത് പറയാനാ, അഭിയുടെ അഭിപ്രായം കൂടെ അറിയേണ്ടേ “അമ്മ “അവനോട് ചോദിക്കാൻ എന്തിരിക്കുന്നു, അവർക്ക് നേരത്തെ ഇഷ്ടമല്ലേ.

“സുമിത്ര “പക്ഷേ അളിയാ. അവനു ഇപ്പൊ ശരിക്കും നല്ലൊരു ജോലി പോലും ഇല്ല, വേറൊന്നും കൊണ്ടല്ല കരിയറിനെ കുറിച്ച് ഇപ്പൊ അവൻ പ്ലാൻ ഒന്നും ചെയ്തിട്ടില്ല……”സേതു “അതൊന്നും എനിക്ക് പ്രശ്നമല്ല, ഇവളുടെ പേരിൽ നമ്മുടെ ടൗണിലേ മധ്യ ഭാഗത്തു ഒരു ഷോപ്പിംഗ് കോംപ്ലക്സ് ഒരു പ്ലാനൊക്കെ ഞാൻ റെഡിയാക്കി വെച്ചിട്ടുണ്ട്.ഇതിപ്പോ നമ്മുടെ കുട്ടി തന്നെ ആകുമ്പോൾ അവനെ ഏൽപ്പിച്ചു എനിക്ക് മനസമാധാനത്തോടെ പോകാലോ ” അയാൾ അതും പറഞ്ഞു ഇടക്കണ്ണിട്ട് ഇരുവരെയും നോക്കി.

അത് കേട്ടതും സേതുവിന്റെ കണ്ണ് തിളങ്ങി. അത് മാത്രം മതിയായിരുന്നു ദീപ്തിയ്ക്കു സന്തോഷിക്കാൻ. “മക്കളുടെ നന്മയ്ക്കു വേണ്ടിയല്ലേ നാത്തൂനേ, നിങ്ങൾ ഒന്നു സമ്മതം മൂളിയാൽ മതി. ബാക്കിയൊക്കെ ഏട്ടൻ നോക്കിക്കോളും “സുമിത്ര “അത് പിന്നെ, അവനോട് കൂടെ ചോദിച്ചിട്ട് പോരെ “അമ്മ വീണ്ടും ഒരു താല്പര്യമില്ലാതെ പറഞ്ഞു. “അവനോട് ഞാൻ സംസാരിച്ചു നോക്കിക്കോളാം, നിങ്ങൾ ചെല്ല് ” സേതു പറഞ്ഞു നിർത്തി. ഇത് കേട്ട് ദീപ്തിയുടെ മുഖം വിടർന്നു. അവൾ അമ്മയെയും അച്ഛനെയും നോക്കി ചിരിച്ചു. അവരും വിചാരിച്ചത് നടന്ന സന്തോഷത്തിൽ അവിടുന്ന് ഇറങ്ങി. …തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button