നിൻ വഴിയേ: ഭാഗം 34
രചന: അഫ്‌ന
എന്നാലും ഇതെവിടെ പോയി ഒന്നാലോചിച്ചു നിൽക്കുമ്പോഴാണ് ആൾക്കൂട്ടത്തിനുള്ളിൽ നിന്ന് വരുന്നത് കണ്ടത്,… കുട്ടത്തിൽ ദീപ്തിയും അപർണയും ലച്ചുവും വിനുവും ഉണ്ട്.
എല്ലാവരും തങ്ങൾക്കരികിലേക്ക് വന്നു. അപ്പോഴാണ് ദീപ്തിയുടെയും അപർണയുടെയും കയ്യിലെ വളകളും പൊട്ടുകളും മറ്റും കാണുന്നത്, ലച്ചുവിന്റെയും കയ്യിലും ഉണ്ട്.
തൻവി അഭിയുടെ മുഖത്തേക്ക് ഉറ്റു നോക്കി…. ആ നോട്ടം അറിയാതെ പോലും തനിക്ക് നേരെ വരുന്നില്ല. ഇത്രയും നേരം കണ്ണുകളിൽ കണ്ട തിളക്കം ഇപ്പോ ആ കണ്ണുകളിൽ കാണുന്നില്ല.
എല്ലാവർക്കും ഓരോന്ന് വാങ്ങിച്ചു കൊടുത്തു, പക്ഷേ ഈ എന്നേ മാത്രം മറന്നോ…..പരിഭവത്തോടെ അവനെ നോക്കി.ഒന്ന് വേണമെന്നോ പോലും ചോദിക്കാമായിരുന്നു.
ഇല്ല ഇങ്ങോട്ട് നോക്കുന്നില്ല, തിരിഞ്ഞു നിൽക്കുവാണ്.
“നമുക്ക് നൃത്തം കാണാൻ പോയാലോ”ഇഷാനി എല്ലാവരെയും നോക്കി.
“അത് ശരിയാ,എല്ലാവരും വാങ്ങാൻ ഉള്ളതൊക്കെ വാങ്ങിയില്ലേ? ഇനി ഒന്നും ഇല്ലല്ലോ…..”അജയ് എല്ലാവരെയും നോക്കി..തൻവി ഒന്നും മിണ്ടിയില്ല,
“ചേച്ചി ഒന്നും വാങ്ങിച്ചില്ലേ…..”ലച്ചു ഒഴിഞ്ഞു കിടക്കുന്നവളെ നോക്കി ചോദിച്ചു. അപ്പോഴാണ് ബാക്കിയുള്ളവരും അവളെ ശ്രദ്ധിച്ചത്.
“പറഞ്ഞ പോലേ നീ ഒന്നും വാങ്ങിയില്ലേ തനു,.. നീയല്ലേ ഒരുപാട് വാങ്ങാൻ ഉണ്ടെന്നും പറഞ്ഞു ലിസ്റ്റ് ഉണ്ടാക്കിയെ”ഇഷാനി ആലോചിച്ചു.
എന്നിട്ടു പോലും അഭി ഒന്നു നോക്കിയത് പോലും ഇല്ല, എന്തോ ദേഷ്യം ഉള്ളിൽ ഉള്ള പോലെ ആ തിരിഞ്ഞു കൊണ്ടുള്ള നിൽപ്പ് തന്നെ. വല്ലാത്തൊരു പിടപ്പ് പോലെ.
“എനിക്കൊന്നും വേണ്ട,”അവൾ അത്രയും പറഞ്ഞു നിർത്തി. ഇതെല്ലാം കേട്ട് ബാക്കി രണ്ടു പേരും പരിഹാസത്തോടെ പരസ്പരം പുഞ്ചിരിച്ചു കൊണ്ടു കൈ കൊടുത്തു.
“അതെന്താ,….. കാശ് ഞാൻ തന്നതല്ലേ, വാ വേണേൽ ഞാൻ കൂടെ വരാം.”അജയ് അപ്പൂട്ടനെ ഇഷാനിയുടെ കയ്യിൽ കൊടുത്തു അവളുടെ ചെന്നു.
“വേണ്ട ഏട്ടാ, എനിക്കൊന്നും വേണ്ട. ഞാൻ അപ്പൊ തമാശയ്ക്ക് പറഞ്ഞതാ”തൻവി
“വേണേൽ ഞാൻ കൂട്ടിനു വരാം…എല്ലാവരും വാങ്ങിയിട്ട് നീ മാത്രം വാങ്ങാതിരിക്കുന്നത് മോശമല്ലേ, വാ നമുക്ക് പോയിട്ട് വരാം “നിതിൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.
തൻവിയ്ക്ക് ഞാൻ വരാം എന്നെങ്കിലും അഭി പറയും എന്ന് വിചാരിച്ചു. പക്ഷേ ഒരു വാക്ക് കൊണ്ടു പോലും തന്നെ പരിഗണിക്കുന്നില്ല. അതിന് മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തേ…… അതെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കിൽ ഇത്രയ്ക്ക് വേദന ഉണ്ടാവില്ലായിരുന്നു.
അവൾ തിരിഞ്ഞു നിൽക്കുന്നവനേ നോക്കി ഉള്ളിൽ അടക്കി പിടിച്ച സങ്കടത്തോടെ നോക്കി.
നിതിനും തൻവിയും പോകാൻ ഒരുങ്ങിയതും പുറകിൽ നിന്ന് നിതിന്റെ പഴയ classmates കുറച്ചു പേർ വിളിക്കുന്നത് കേട്ട് അവൻ അവരെ നോക്കി കൈ വീശി…
“തൻവി ഞാൻ അവരുടെ അടുത്തേക്ക് പോയിട്ട് വരാം, നീ അവരുടെ നടക്ക്. ഞാൻ ഇപ്പൊ വരാം “നിതിൻ പറയുന്നതിന് മെല്ലെ തലയാട്ടി കൊണ്ടു അവരുടെ അടുത്തേക്ക് നടന്നു.
“ചേച്ചി വേഗം വാ,”വിനു നടക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.
“ചേച്ചി അഭിയേട്ടന്റെ കൂടെ വരാൻ വിചാരിച്ചു നിൽക്കുവായിരിക്കും പൊട്ടാ. അതാ അങ്ങനെ പമ്മി പമ്മി വരുന്നേ”ലച്ചു അവൻ കേൾക്കാൻ പാകത്തിന് മെല്ലെ പറഞ്ഞു.
“ഓഹ് അത് മറന്നു പോയി…..”അവൻ നാവ് കടിച്ചു മുന്നോട്ട് നടന്നു.
എല്ലാവരും അപ്പുറത്തെ മൈതാനത്തേക്ക് നടന്നു.എങ്ങോട്ടും നോക്കിയാലും ആളും തിരക്കും.
അവൻ അവളെ നോക്കാതെ മുന്നോട്ട് നടന്നു. ബാക്കി എല്ലാവരും തന്റെ കൂടെയുള്ളവരുടെ കൈ പിടിച്ചു മുന്നോട്ടു നടന്നു….. ഇടയ്ക്ക് ദീപ്തി വീഴാൻ പോയപ്പോൾ അവളെ കൈ പിടിച്ചു മുന്നോട്ട് നടക്കുന്നത് കൂടെ കണ്ടതും ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ…..
ഇതിന് മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തേ….. ഇങ്ങനെ കൊല്ലാ കൊല ചെയ്യാൻ മാത്രം.ഇത്ര പോലും വിശ്വാസം ഇല്ലേ എന്നേ….. ഇതാണോ എന്റെ സ്നേഹത്തെ കുറിച്ച് ഏട്ടൻ മനസ്സിലാക്കി വെച്ചേ.
ഉള്ളിൽ ഓരോ ചോദ്യങ്ങൾ ഉയർന്നു.ദീപുവിനെ വെറുതെയെങ്കിലും ആശിച്ചു പോയി. പൊട്ടി കരയാൻ ആ താങ്ങു ആവിശ്യമായിരുന്നു.
സങ്കടവും വാശിയും ഒരുപോലെ മനസ്സിനെ പിടിച്ചു കുലുക്കി. ഒന്നും കണ്ണിൽ കാണാൻ പറ്റാത്തൊരു അവസ്ഥ. അവരുടെ പിന്നാലെ പോകാതെ തിരിച്ചു വീട്ടിലേക്ക് നടക്കാൻ തീരുമാനിച്ചു.
എല്ലാവരും ഒരുമിച്ചു പോകുന്നത് കണ്ടിട്ടും, ഞാൻ ഇവിടെ തനിച്ചാണ് എന്ന് അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ചു പോകുന്ന അഭിയുടെ പെരുമാറ്റം അവളെ വല്ലാതെ വീർപ്പു മുട്ടിച്ചു. എങ്ങോട്ടെന്നില്ലാതെ മുന്നോട്ട് ഓടി.
ആയിരക്കണക്കിന് ആളുകൾ ഉണ്ടായിട്ടും ഈ മൈതാനത്ത് തനിച്ചായ പോലെ.
അല്ല,… ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തൻവി അത് സഹിക്കും. പക്ഷേ അഭിയേട്ടന്റെ അവഗണന ഒരിക്കൽ പോലും സഹിക്കാൻ കഴിയില്ല.
കണ്ണീർ തടുക്കാൻ ആവില്ലേന്ന് മനസ്സിലാത് കൊണ്ടു വേഗം മുന്നോട്ട് നടന്നു.
എങ്ങോട്ടെന്നില്ലാതെ,ആൾ കൂട്ടത്തിനിടയിലൂടെ ആർക്കും മുഖം കൊടുക്കാതെ നടന്നു കൊണ്ടിരുന്നു.
ഈ ഇരുട്ടിൽ ആരെങ്കിലും ഉപദ്രവിക്കുമോ, ഞാൻ ഒരു പെൺകുട്ടിയാണെന്നോ കൂട്ടിന് ആരും ഇല്ലെന്ന ചിന്ത പോലും ആ നേരം ഉള്ളിൽ ഉണ്ടായിരുന്നില്ല…… കരയണം ആരും കാണാതെ ചങ്കിലെ വേദന ഒഴുക്കി കളയണം.
തൻവി മൈതാനത്തിന് പുറത്തേക്ക് ഇറങ്ങി…പരിചയക്കാർ ആരൊക്കെയോ പുറകിൽ നിന്ന് വിളിച്ചു ഓരോന്ന് ചോദിച്ചെങ്കിലും അതൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല..
വേഗം റോഡിലൂടെ മുൻപോട്ട് ഓടി. എന്തിനെന്നില്ലാതെ കണ്ണുകൾ നിറഞ്ഞു തൂകുന്നു. ഇത്രയും ദിവസം കണ്ട കിനാവുകൾ വെറുതെ ആയെന്ന് ആരോ കളിയാക്കി പറയുന്ന പോലെ…
ആ കൂരിരുട്ടൊന്നും അവളുടെ കണ്മുൻപിൽ ഇല്ല. വേഗം വീട്ടിൽ എത്തണം….
ഇത്രയും ദിവസം കാണിച്ച സ്നേഹം എല്ലാം വെറും നാടകം ആണോ? എന്താ ഈശ്വരാ എനിക്ക് മാത്രം ഇങ്ങനെ?
ഓടുന്നതിനടിയിൽ പെട്ടന്ന് രണ്ടു പെരുമായിട്ട് കൂട്ടി ഇടിച്ചു.ക്ഷമാപണം പോലെ മുമ്പിൽ നിൽക്കുന്നവരെ നോക്കിയതും അത് മാധവനും കൂട്ടരുമാണ്…. മദ്യത്തിന്റെ രൂക്ഷ ഗന്ധം നാസികയിൽ തുളച്ചു കയറി.
തൻവിയ്ക്ക് അപ്പോഴാണ് സ്വബോധം തിരിച്ചു കിട്ടിയത്. മുഖം വ്യക്തമല്ലെങ്കിലും ആ രൂക്ഷ ഗന്ധവും കറ പിടിച്ച പല്ലുകളും ആ രൂപത്തിന്റെ ഉടമ ആരാണെന്ന് അവൾക്ക് മനസ്സിലായി….
തൻവിയുടെ ശരീരം പേടി കൊണ്ടു വിറയാർന്നു. അന്ന് തന്നെ നോക്കിയ അതേ കഴുക കണ്ണുകൾ ആണ് ഇപ്പോഴും എന്ന ഭയം അവളിൽ ഉടലെടുത്തു… ചുറ്റും കണ്ണുകൾ പരതി.
എല്ലായിടത്തും വെട്ടം മണഞ്ഞിരിക്കുന്നു….എല്ലാവരും ഉത്സവ പറമ്പിൽ ആയിരിക്കും…..
“ഇത് നമ്മുടെ ദാസിന്റെ ഇളയ കൊച്ചാണല്ലോ മാധവാ “അതിലൊരാൾ അശ്ലീല ചിരിയോടെ പറഞ്ഞു.
“അത് കണ്ടാൽ തന്നെ മനസ്സിലാവില്ലേ മുത്തു,….അങ്ങനെ അങ്ങ് മറക്കാൻ പറ്റുവോ തമ്പുരാട്ടി കൊച്ചിനെ ”
അയാൾ അവളെ ഉടലാകെ കണ്ണു കൊണ്ടുഴിഞ്ഞു.
തൻവിയ്ക്ക് അറപ്പും വെറുപ്പും തോന്നി. കാലുകൾ ചലിക്കാൻ ബുദ്ധിമുട്ടുള്ള പോലെ അവൾ കാലുകൾ പുറകിലേക്ക് വെച്ചു……കണ്ണുകൾ ചുറ്റും പരതി. ആരും ഇല്ല.
“ആരെയാ മോള് നോക്കുന്നെ, വാ ഞങ്ങൾ വീട്ടിൽ കൊണ്ടു വിടാം “അതിലൊരാൾ അവളുടെ കൈ തണ്ടയിൽ പിടിച്ചു.
“വേണ്ട, എ….. എ….ന്നേ വിട് ”
“അതെന്തു വാർത്തമാനാ മോളെ, ഞങ്ങളൊന്നു ശരിക്കു പരിചയപ്പെടെട്ടെ,….രാത്രി ആയതു കൊണ്ടു ആരുടെയും ശല്യവും ഉണ്ടാവില്ല.”മാധവൻ അവളുടെ കവിളിൽ കൈ വെച്ചു.
തൻവി പെട്ടന്ന് വന്ന ധൈര്യത്തിൽ അവന്റെ കൈ തട്ടി മാറ്റി…..
“ഡീ “അയാൾ കൈ നീട്ടി അടിച്ചതും അടിയുടെ ആകാതത്തിൽ അവളുടെ ബോധം മറഞ്ഞു..വാടിയ തണ്ട് പോലെ അവൾ നിലത്തേക്ക് കുഴഞ്ഞു വീണു.അപ്പോഴും സ്വന്തം മാനത്തിന് വേണ്ടി കണ്ണുകൾ നിറഞ്ഞു തൂകുന്നുണ്ടായിരുന്നു.
“ആരെ നോക്കി നിൽക്കാടാ, ആരെങ്കിലും വരുന്നതിന് മുൻപ് എടുത്തു പോക്ക് “നിലത്തു ബോധം കിടക്കുന്നവളെ കണ്ടു അയാൾ അവളെ ആർത്തിയോടെ നോക്കി നിൽക്കുന്ന തന്റെ സുഹൃത്തുക്കളോട് ഒച്ചയിട്ടു….. അതോടെ മൂവരും അവളെയും എടുത്തുയർത്തി പാട വരമ്പത്തേക്ക് ഇറങ്ങി….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…