നിൻ വഴിയേ: ഭാഗം 35
രചന: അഫ്‌ന
“ആരാടാ ”
പാടത്തിനു ഒത്ത നടുക്ക് ഒരു വലിയ മരമുണ്ട്…… അതിൽ ഒരു കുഞ്ഞു ഏർമാടവും. മൃഗങ്ങൾ വന്നു കൃഷി നശിപ്പിക്കാതിരിക്കാൻ വേണ്ടി നിർമ്മിച്ചതാണ്. ഇപ്പോ അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടു കൊച്ചു കുട്ടികൾ പകൽ കളിക്കാൻ വരും എന്നല്ലാതെ രാത്രി കാലങ്ങളിൽ ആ ഭാഗത്തേക്ക് വരാറില്ല.
ഇപ്പൊ ഈ ഇടം മാധവനും കൂട്ടരുടെയും ചൂതാട്ടത്തിന്റെയും വെള്ളമടിയുടെയും താവളമായി മാറി…..അതുകൊണ്ട് ഇപ്പോ പകൽ പോലും ഒരൊറ്റ കുഞ്ഞു പോലും ആ ഭാഗത്തേക്ക് അടുക്കാറില്ല.
ഇപ്പോ തൻവിയെയും കൊണ്ടു മാധവനും കൂട്ടരും കയറി പോകുന്നത് ആ ഏർമാടത്തിലേക്കാണ്….. അപ്പോഴാണ് പുറകിൽ നിന്ന് ആരുടെയോ ചോദ്യം ഉയർന്നത്.
കുറച്ചു ദൂരെ നിന്ന് ആരോ ഫോണിന്റെ ഫ്ലാഷ് ലൈറ്റും അടിച്ചു അവരെ ലക്ഷ്യം വെച്ചു വരുവാണ്….. ആളെ കണ്ടില്ലെങ്കിലും തങ്ങളെ ഈ സാഹചര്യത്തിൽ, പ്രതേകിച്ചു തൻവിയാണ് തങ്ങളുടെ അടുത്തെന്ന് കൂടെ കണ്ടാൽ പിന്നെ ഇവിടെ നിൽക്കുന്നതിൽ കാര്യമില്ലെന്ന് മൂവർക്കും നന്നായി അറിയാം.
അവളെ എടുത്തവൻ വേഗം അവളെ പാടത്തേക്ക് എറിഞ്ഞു…..ഒന്നും അറിയാത്ത ഭാവത്തിൽ നിന്നു.
“ആരാടാ അത്,…..”ആ രൂപം തങ്ങളുടെ അടുത്തെത്തിയതും ആളെ മനസ്സിലായി കൊണ്ടു ഇരുവരും കുറച്ചു ബഹുമാനത്തിൽ മുണ്ട് നേരെ ഇട്ടു.
“മാധവനാണ് മാഷേ….”
“ഓഹ് മാധവനാണോ? നിങ്ങൾക്കെന്താ ഈ നട്ട പാതിരയ്ക്ക് ഇവിടെ പണി. അമ്പലത്തിലേ ഉത്സവം ഒന്നും നിങ്ങളെ ബാധിക്കില്ലേ ”
“അയ്യോ ഈ പാവങ്ങളെയൊക്കെ കമ്മിറ്റിക്കാർക്ക് കണ്ണിൽ പിടിക്കോ മാഷേ, ഞങ്ങൾ ഇവിടെ വല്ലിടത്തും ഇരുന്നോളാമെ “മുത്തു.
“എന്താടാ നിന്റെ മുഖത്തൊരു കള്ളലക്ഷണം “പരുങ്ങലോടെ നിൽക്കുന്നവനേ സൂക്ഷിച്ചു നോക്കി.
“കള്ള ലക്ഷണം ഇവന് ജന്മനാ ഉള്ളതാ, ദീപക് മാഷ് പോയാട്ടെ “മാധവൻ കള്ളം പിടിക്കപ്പെടാതിരിക്കാൻ അവനെ മെല്ലെ ഒഴിവാക്കി.
ദീപു മൂവരെയും ഒന്നിരുത്തി നോക്കി കൊണ്ടു തന്റെ ബാഗ് കയറ്റി കൊണ്ടു വരമ്പത്തേക്ക് കയറിയതും നിലത്തു തെറിച്ചു ചിന്നി ചിതറി കിടക്കുന്ന കുപ്പിവളകൾ കണ്ടു അവൻ സംശയത്തോടെ നിലത്തേക്ക് ഫ്ലാഷ് ലൈറ്റ് അടിച്ചു.
അവൻ നിലത്തു കുനിഞ്ഞിരുന്നു വീണ്ടും നോക്കി. ഒരുപാട് വളകൾ പൊട്ടി കിടക്കുന്നുണ്ട്….ദീപു സംശയത്തോടെ വന്ന പാതയിലേക്ക് ഫ്ലാഷ് അടിച്ചു നോക്കി. മുല്ലപ്പൂ കെട്ടും കിടക്കുന്നത് കൂടെ കണ്ടതും , അവനിൽ പരിഭ്രാന്തി നിറച്ചു.
അവൻ എണീറ്റു തന്റെ ട്രാവൽ ബാഗ് നിലത്തു വെച്ചു അവർക്ക് നേരെ തിരിഞ്ഞതും അവർ നിൽക്കുന്നിടം ശുന്യമാണ്. കള്ളം പിടിക്കപ്പെട്ടെന്ന് അറിഞ്ഞു വേഗം രക്ഷപെട്ടതാണ് മുന്നും.
“Damn it “അവൻ മുഷ്ടി ചുരുട്ടി വേഗം അവിടെ ചുറ്റും ഫ്ലാഷ് അടിച്ചു തിരയാൻ തുടങ്ങി. പെട്ടന്ന് എന്തിലോ തട്ടി അവൻ നിലത്തേക്ക് മലർന്നടിച്ചു വീണു. വേദന കൊണ്ടു കൈ തടവി അതെന്താണെന്ന് നോക്കിയപ്പോൾ കാണുന്നത് നിലത്തു ബോധമില്ലാതെ കിടക്കുന്ന ഒരു പെൺകുട്ടിയെയാണ്….. കമിഴ്ന്നു കിടക്കുന്നത് കൊണ്ടു മുഖം വ്യക്തമല്ല.
“ഈശ്വരാ ആ തെമ്മാടികൾ ഈ കുട്ടിയെ തട്ടി കൊണ്ടു വന്നതാണോ”
ഇരുട്ടിൽ മുഖം കാണാൻ സാധിച്ചിരുന്നില്ല.ദീപു ഫോൺ നിലത്തു നിന്നെടുത്തു അത് പോക്കറ്റിൽ ഇട്ടു കൊണ്ടു നിലത്തു കിടക്കുന്ന ആ കുട്ടിയെ താങ്ങി പിടിച്ചു റോഡിലേക്ക് കയറി….
“ആരാണെങ്കിലും ഒന്നും പറ്റാത്തിരുന്നാൽ മതി “അവൻ മനസ്സിൽ പറഞ്ഞു കൊണ്ടു റോഡിലെ ഒരു സൈഡിൽ കിടത്തി അടുത്തുള്ള പോസ്റ്റിലേ ലൈറ്റ് ഓൺ ചെയ്തു.
“ഏതാവനാ ഇതൊക്കെ ഓഫ് ചെയ്തു വെച്ചിരിക്കുന്നെ ”
വെളിച്ചം ചുറ്റും പരന്നതും തന്റെ മുൻപിൽ കിടക്കുന്നവളുടെ മുഖം കണ്ടു അവൻ വിറയലോടെ പുറകിലെക്ക് മറിഞ്ഞു. വാടിയ ഒരിതൾ പോലെ ബോധമറ്റു കിടക്കുന്ന തൻവിയെ കണ്ടു അവന് തന്റെ കണ്ണുകളെ പോലും വിശ്വസിക്കാൻ ആയില്ല….. പേടി കൊണ്ട് കൈകൾ വിറക്കുന്ന പോലെ. തലയ്ക്ക് വല്ലാത്തൊരു ഭാരം.അവളെ തന്റെ കൈക്കുള്ളിൽ എടുത്തു തല തന്റെ മടിയിൽ കിടത്തി…..
“ഈശ്വരാ തനുവല്ലേ ഇത്. ഇവളെങ്ങനെ ഇവരുടെ കയ്യിൽ. ബാക്കിയുള്ളവരൊക്കെ എവിടെ പോയി കിടക്കാ.
തനു ഡാ മോളെ കണ്ണുതുറക്ക്….. ദീപുവാ വിളിക്കുന്നെ കണ്ണുതുറക്കഡാ….അവളെ കുലുക്കി വിളിച്ചു…. അവന്റെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു തൂകി. എത്രയൊക്കെ തുടച്ചു മാറ്റിയിട്ടും അതിന് കടിഞ്ഞാനിടാൻ കഴിഞ്ഞില്ല.
ദീപു അവളുടെ കൈകളും മുഖവും എല്ലാം നോക്കി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തി വേഗം വീട്ടിലേക്ക് അവളെയും എടുത്തു നടന്നു. കണ്ണീർ കാഴ്ചയേ മറക്കുന്നുണ്ട്. എന്നിട്ടും അതിനെയൊന്നും വക വെക്കാതെ അവളെയും ചേർത്ത് പിടിച്ചു മുന്നോട്ട് നടന്നു.
ബോധമില്ലാതെ തന്റെ നെഞ്ചോട് ചേർന്നു കിടക്കുന്നവളെ കണ്ടു, അവന്റെ ചെറുപ്പക്കാലം ഓർമ്മ വന്നു….തന്നെയും നോക്കി മോണക്കാട്ടി ചിരിക്കുന്ന കുറുമ്പിയേ…. തന്റെ മുടിയിൽ പിടിച്ചു കളിക്കാൻ വാശി പിടിച്ചു കരയുന്ന തന്റെ കുഞ്ഞിയേ.
വീണ്ടും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….. വീടിനു മുൻപിൽ എത്തിയതും അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു കാളിങ് ബെൽ അടിച്ചു.
അൽപ്പ സമയം കൊണ്ടു ശോഭേച്ചി വന്നു കതക് തുറന്നു. ബോധമില്ലാതെ കിടക്കുന്ന തൻവിയെയും ഒരു മുന്നറിയിപ്പും ഇല്ലാതെ വന്ന ദീപുവിനെയും കണ്ടു അവർ ആശ്ചര്യത്തോടെ നോക്കി.
“തൻവി കൊച്ചിന് എന്താ പറ്റിയെ മോനെ,? മോൻ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടന്ന് ”
“മുത്തശ്ശി ഉറങ്ങിയോ “അവൻ അകത്തേക്ക് പാളി നോക്കി കൊണ്ടു ചോദിച്ചു.
“ആഹ് മുത്തശ്ശി കുറച്ചു മുൻപ് കിടന്നതേ ഒള്ളു, മോൻ കയറി ഇരിക്ക് ”
അവൻ തൻവിയെയും കൊണ്ടു അച്ഛന്റെയും അമ്മയുടെയും മുറിയിൽ കൊണ്ടു കിടത്തി…..മുടിയൊക്കെ ഒതുക്കി നേരെയാക്കി.അവന്റെ പരിചരണം കണ്ടു അവർ പോലും അത്ഭുതപ്പെട്ടു.
“ശോഭേച്ചി കുറച്ചു വെള്ളം കൊണ്ടു വരുവോ “പെട്ടന്ന് തല ഉയർത്തിയുള്ള അവന്റെ ചോദ്യം കേട്ട് അവർ വേറേതോ ലോകത്തെന്ന പോലെ പെട്ടന്ന് പിടഞ്ഞോടി.
ശോഭേച്ചി വേഗം ജങ്കിൽ വെള്ളവുമായി ഓടി വന്നു. അവൻ അത് വാങ്ങി അവളുടെ മുഖത്തു കുടഞ്ഞു……
“മോൾക്ക് എന്ത് പറ്റിയതാ കുഞ്ഞേ ”
“കുറച്ചു തെരുവ് നായ്ക്കൾ ഓടിച്ചതാ,പേടിച്ചു ബോധം പോയതാ “അവൻ മാധവന്റെ കാര്യം പറഞ്ഞില്ല. എല്ലാവരും അവളെ വേറൊരു കണ്ണു കൊണ്ട് കാണാൻ അവൻ ആഗ്രഹിച്ചിരുന്നില്ല.
“അപ്പൊ ബാക്കിയുള്ളവരൊക്കെ എവിടെ, എല്ലാവരും ഒന്നിച്ചല്ലേ ഇറങ്ങിയേ “അവർ സംശയത്തോടെ നോക്കി.
“അത് അവര് വന്നിട്ട് നേരിട്ട് തന്നെ ചോദിക്കാലോ “അത്രയും പറഞ്ഞു തൻവിയിലേക്ക് മിഴികൾ പായിച്ചു.ശോഭേച്ചി വേറൊന്നും ചോദിക്കാതെ മുറിയ്ക്ക് പുറത്തിറങ്ങി.
അവൾ കണ്ണുകൾ പണിപ്പെട്ട് വലിച്ചു തുറന്നു…തലയ്ക്കു വല്ലാത്ത പെരുപ്പ്. അവളുടെ നെറ്റി ചുളിഞ്ഞു. വേദന കൊണ്ടു തലയ്ക്കു കൈ വെച്ചു.
അവളുടെ മുഖം കണ്ടു അവനും വല്ലാതെ ആയി. ഇങ്ങനെ ഒരവസ്ഥയിൽ അവളെ ആദ്യമായാണ്. വീണ്ടും കണ്ണുകൾ കലങ്ങിയ പോലെ.
“തനു “തനിക്ക് പരിചിതമായ ശബ്ദം കേട്ട് അവളുടെ മങ്ങിയ മുഖം വിടർന്ന പോലെ…..
“ദീപു “അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.കണ്ണുകൾ ചുറ്റും പരതി….തനിക്ക് മറുവശത്ത് ഇരിക്കുന്നവനെ കണ്ടു സങ്കടവും ദേഷ്യവും എല്ലാം ഒരുപോലെ പുറത്തേക്ക് വന്നു….
ഒന്നും ചിന്തിക്കാതെ അവനെ പുണർന്നു….. ഇത്രയും നേരം അടക്കി വെച്ച പരിഭവങ്ങൾ ആ നെഞ്ചിൽ ഒഴുക്കി.
ദീപുവിന് ഒന്നും മനസ്സിലായില്ല. ഇത്രയ്ക്കു സങ്കടം ഉണ്ടാവാൻ മാത്രം എന്താ അവളെ അലട്ടിയെന്ന് ആലോചിച്ചു…..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…