Novel

നിൻ വഴിയേ: ഭാഗം 36

ചന: അഫ്‌ന

“ഒന്നും പറ്റിയില്ലല്ലോ,…. കരയാതെ, പോട്ടെ.”അവൻ വത്സല്യത്തോടെ മുടിയിൽ തലോടി.

“എന്നേ അവര്….. ഞാൻ പേടിച്ചു പോയി…..”തേങ്ങി കൊണ്ടു ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

“ഇല്ല, നിന്നെ ആരും ഒന്നും ചെയ്യില്ല. ഞാൻ ഇല്ലേ കൂടെ…….”അവളുടെ മനസ്സൊന്നു തണുക്കും വരെ തൻവി അവന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടന്നു…….

“ഇനി പറ തൻവി നീ എങ്ങനെ അവിടെ അവരുടെ അടുത്തെത്തി “പെട്ടന്നുള്ള ദീപുവിന്റെ ചോദ്യം കേട്ട് അവൾ അവനിൽ നിന്ന് അകന്നു തല താഴ്ത്തി.

“അവന്മാര് തട്ടി കൊണ്ടു വന്നതാണോ?”അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു…. അവൾ അതിന് അല്ലെന്ന രീതിയിൽ തലയനക്കി.

“പിന്നെ ”

“ഞാ……ൻ ത….ത..നിച്ചു വീ….ട്ടിലേക്ക് വരുന്നതിനിടെ “അവൾ അവന്റെ മുഖം കണ്ടു പേടിയോടെ പറഞ്ഞു നിർത്തി.

” നിനക്ക് വട്ടുണ്ടോ തനു, ഈ നട്ടപാതിരയ്ക്ക് ഒറ്റയ്ക്ക് ഇറങ്ങി തിരിക്കാൻ…… അപ്പൊ നിന്റെ കൂടെ പോന്നവന്മാരൊന്നും കണ്ടില്ലേ, അവരൊക്കെ ഏത് അടുപ്പിൽ പോയി കിടക്കുവാ “ദീപുവിന്റെ ശബ്ദം ഉയർന്നു. തൻവിയ്ക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

“ഇങ്ങനെ മിണ്ടാതെ ഇരുന്നിട്ട് ഒരു കാര്യവും ഇല്ല തനു, എനിക്ക് ചോദ്യച്ചതിന് ഉത്തരം കിട്ടിയേ തീരു.
അത്രയും ആളുകൾ ഉണ്ടായിട്ടും എന്ത് കൊണ്ടു തനിച്ച് പൊന്നു……. നീ പോരുന്ന വിവരം അവർക്ക് അറിയോ ഇല്ലല്ലോ….. എനിക്കിപ്പോ അറിയണം”

അവന്റെ ദേഷ്യം കണ്ടു തൻവി കണ്ണുകൾ ഇറുകെ അടച്ചു.

“അ….വ…ർക്ക് അ..റിയില്ല…… ഞാൻ ആരോടും പറയാതെയാ വ…ന്നേ ”

“Are you mad, ഇതിപ്പോ ഞാൻ അപ്പോ വന്നില്ലായിരുന്നെങ്കിൽ ഉള്ള കാര്യം ഒന്നു ആലോചിച്ചു നോക്ക്….. മനുഷ്യന് ഇപ്പോയും വിറയൽ മാറിയിട്ടില്ല. നീ ഇങ്ങനെ പ്രാന്തൊക്കെ ചെയ്ത് എന്തെങ്കിലും സംഭവിച്ചാൽ ആരറിയാനാ. എവിടെ പോയി അന്വേഷിക്കും….. ഇതൊക്കെ ചിന്തിച്ചോ നീ ”

“അതായിരുന്നില്ല അപ്പോഴത്തെ എന്റെ മാനസികാവസ്ഥ”നിസ്സഹായതയോടെ പറയുന്നത് കേട്ട് അവൻ ദീർഘ ശ്വാസം എടുത്തു സ്വയം നിയന്ത്രിച്ചു അവൾക്ക് അരികിൽ ചമ്രം പടിഞ്ഞിരുന്നു.

“എങ്കിൽ പറ, എന്താണ് എന്റെ തനുവിനെ തളർത്തിയെ ”

“അ…… അ..ത് അഭിയേട്ടൻ എന്നോട് പിണങ്ങി. ഒന്ന് നോക്കു പോലും ചെയ്തില്ല “അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് അവൻ നോക്കി കണ്ടു.

“അവനെന്തിനാ നിന്നോട് പിണങ്ങിയെ”ആ ചോദ്യത്തിന് വല്ലാത്തൊരു ഗംഭീര്യം നിറഞ്ഞ പോലെ.

“അറിയില്ല “തൻവി സങ്കടത്തോടെ തല താഴ്ത്തി.

“അറിയില്ലെന്നോ? എന്താ ഉണ്ടായേ ”

തൻവി തുടക്കം മുതൽ ഒടുക്കം വരെയുള്ളത് പറഞ്ഞു തുടങ്ങി. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ തന്നെ അഭിയുടെ മാറ്റത്തിന്റെ കാര്യം ദീപുവിന് പിടിക്കിട്ടി.

ദീപുവിന് അഭിയോട് നേരിയ രീതിയിൽ നീരസം ഉടലെടുത്തു. എന്തോ തീരുമാനിച്ച പോലെ അവൻ വിശ്വസിച്ചു തനിക്കു മുൻപിൽ നിൽക്കുന്നവളെ നോക്കി പുഞ്ചിരിച്ചു.

ഏത് ദേഷ്യമുണ്ടെങ്കിലും തന്റെ പ്രണയത്തെ എങ്ങനെ അവന് കണ്ണടച്ചു ഇരുട്ടാക്കാൻ തോന്നി….ഇന്ന് എന്തെങ്കിലും സംഭവിചെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതിൽ എന്തർത്ഥം.

“ഞാൻ ചോദിച്ചോളാം അവനോട്, ഇനിയും അതോർത്തു മുഖം വീർപ്പിച്ചു വെക്കേണ്ട.ഇപ്പോ തന്നെ കണ്ണും മൂക്കും ചോര തോട്ടെടുക്കാൻ പാകത്തിന് ആയിട്ടുണ്ട് “അവൻ കണ്ണ് തുടച്ചു കൊണ്ടു ചിരിച്ചു.

“എന്നാലും എന്തിനാ ദീപു അഭിയേട്ടൻ എന്നോട് അങ്ങനെ പെരുമാറിയെ,…
ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. ഒറ്റയ്ക്ക് ആണെന്ന് അറിഞ്ഞിട്ട് കൂടെ…… എല്ലാവർക്കും ഓരോന്ന് വാങ്ങിച്ചു കൊടുത്തു, പക്ഷേ എന്നോട് വേണോന്ന് ഒരു വാക്ക് പോലും ചോദിച്ചില്ല…….”വീണ്ടും തേങ്ങി കൊണ്ടു പറയുന്നവളെ കണ്ടു അവന് നോക്കി നിൽക്കാനേ ആയുള്ളൂ.

നീ ഇപ്പോ നല്ല പോലെ റസ്റ്റ്‌ എടുക്ക്, എന്തായാലും ഞാൻ വന്നില്ലേ. നമുക്ക് നാളെ എല്ലാ കടയും മൊത്തത്തിൽ വാങ്ങാം. അവനോട് പോകാൻ പറ….”
ദീപു ചിരിയോടെ പറഞ്ഞതും അവൾ കൊച്ചു കുട്ടികളെ പോലെ തലയാട്ടി.

“പിന്നെ ഇന്ന് നടന്നത് ആരോടും പറയേണ്ട. അഭിയുടെ അച്ഛമ്മയേ നിനക്ക് അറിയുന്നതല്ലേ. എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുവാ വിവാഹം കലക്കാൻ…. തല്ക്കാലം ഞാൻ പട്ടി ഓടിച്ചു പേടിച്ചതാണെന്നാ പറഞ്ഞേ….”
ദീപു പറയുന്നതിനോട് തൻവിയും യോചിച്ചു.

അച്ഛമ്മയേ പോലെ തന്നെയാണ് തന്റെ അച്ഛനും അമ്മയും. ആത്മാഭിമാനം വിട്ട് കളിയില്ല. ചിലപ്പോൾ തനിക്ക് തന്നെ ആയിരിക്കും അടി കിട്ടുക.

തൻവി കിടന്നെന്ന് കണ്ടു പുതപ്പിച്ചു കൊടുത്തു അവൻ ലൈറ്റ് ഓഫ്‌ ചെയ്തു മുറിയ്ക്ക് വെളിയിൽ ഇറങ്ങി ഡോർ അടച്ചു.

ഇതിനുള്ളത് നിനക്ക് ഞാൻ തരുന്നുണ്ട് മാധവാ….. കളിച്ചു കളിച്ചു കുടുംബത്തിൽ കയറി കളിക്കാൻ തുടങ്ങിയല്ലേ….. നീ എവിടെ വരെ ഓടും. ഈ നേരം ഒന്നു വെളുത്തോട്ടെ.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

എന്റെ മഹാദേവാ ഈ പെണ്ണ് ഇതെവിടെ പോയി കിടക്കാ…. ഈ തിരക്കിനുള്ളിൽ നിന്ന് ഞാൻ എവിടെ പോയി തിരയും.

തിരക്കിനിടയിൽ ഊരയ്ക്ക് കൈ കൊടുത്തു കൊണ്ടു ചുറ്റും നോക്കി.

എവിടെയും കാണുന്നില്ല….. അവളുടെ നിഴൽ പോലും ഇല്ല.അവന്റെ ഉള്ളിൽ പെരുമ്പാറ കൊട്ടാൻ തുടങ്ങി. കണ്ണുകൾ നിറഞ്ഞു.

തനു……. എവിടേ പെണ്ണെ നീ.അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.

ദൈവമേ ഏത് നേരത്താണ് തിരിഞ്ഞു നോക്കാതെ പോകാൻ തോന്നിയെ…. അതിന് ഇത്രയും വലിയൊരു ശിക്ഷ വേണമായിരുന്നോ.ഈശ്വരാ ഒരാപത്തും വരുത്തല്ലേ…..

ഇത്രയും നേരം തൊട്ടുരുമ്മി പ്രണയം പങ്കിട്ടെടുത്തു നിന്നിട്ട്, മനസ്സ് കൊണ്ടു പ്രണയം പങ്കിട്ടെടുത്തിട്ട് പെട്ടന്ന് അവനെ കണ്ടപ്പോൾ താൻ അവിടെ ഉണ്ടെന്ന് പോലും ചിന്തിക്കാതെ അവനോട് ചേർന്നു നിന്ന് സംസാരിക്കുന്നത് ഇഷ്ട്ടപ്പെട്ടില്ല….
എല്ലാം അറിഞ്ഞിട്ടും നോക്കി നിൽക്കാൻ കഴിയുന്നില്ല. അത്രയ്ക്ക് അടിമപ്പെടു പോയി.

തന്റെ ഇഷ്ടം എന്ന് പറഞ്ഞോ അന്ന് തൊട്ട് മറ്റൊരുത്തൻ നോക്കുന്നത് പോലും തന്റെ ഹൃദയത്തിന് മുറിവേൽക്കുന്നുണ്ട്. അല്ലാതെ ഒരിക്കലും സംശയം ഉണ്ടായിട്ടല്ല.

തോട്ട് പുറകിൽ ഉണ്ടാവും എന്ന് കരുതിയിട്ടല്ലേ നോക്കാതെ നടന്നെ.എപ്പോഴും കൂടെ നിഴലായ് വരുന്നവൾ അല്ലെ,… പക്ഷേ ഇപ്രാവശ്യം തനിക്ക് തെറ്റ് പറ്റി.

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടില്ല, നിതിന്റെ കൂടെ കാണുമെന്നു കരുതി അവനെ തിരിഞ്ഞു വന്നപ്പോയാണ് അവന്റെയും കൂടെ ഇല്ലെന്ന സത്യം അറിയുന്നത്.നെഞ്ചിലൊരു ആളൽ ആയിരുന്നു.

അപ്പോ തുടങ്ങിയ തിരച്ചിലാണ്.നെഞ്ച് കിടന്നു നീറുന്നുണ്ട്. ആരെയും വക വെക്കാതെ എല്ലാവരെയും തള്ളി മാറ്റി കൊണ്ടു അഭി മുന്നോട്ടു ഓടി.

തന്റെ തെറ്റാണു, പിണങ്ങാൻ പാടില്ലായിരുന്നു. ഇത്രയ്ക്ക് സങ്കടം ആവുമെന്ന് അറിഞ്ഞില്ലടി. അഭിയുടെ കണ്ണുകൾ നിറഞ്ഞു തൂകി.

കണ്ണും മുഖവും തുടച്ചു അവൻ എങ്ങോട്ടെന്നില്ലാതെ കാണുന്ന കടകളിലും മറ്റും തിരഞ്ഞു. അവന്റെ നെഞ്ചകം എന്തിനെന്നില്ലാതെ ഉച്ചത്തിൽ മിടിച്ചു……

പരിചയക്കാർ ഓരോന്ന് ചോദിച്ചു വരുന്നുണ്ടെങ്കിലും അവൻ അതൊന്നും വക വെയ്ക്കാതെ ഓടി കൊണ്ടിരുന്നു.

എവിടെയും കാണുന്നില്ലല്ലോ…..ഇനി വീട്ടിലേക്ക് പോയോ.

പക്ഷേ ഈ കൂരിരുട്ടിൽ ഒറ്റയ്ക്ക് പോകാനുള്ള ധൈര്യം ഒന്നും അവൾക്കില്ലെന്ന് അവനോർത്തു. ഇനി അവരുടെ അടുത്തേക്ക് തന്നെ തിരിച്ചു വന്നു കാണുമോ.

അഭി അതോർത്തു അങ്ങോട്ട് പോകാൻ നിൽക്കുമ്പോഴാണ് ദീപുവിന്റെ ഫോൺ കാൾ വരുന്നത്.

ആദ്യം എടുക്കാൻ മടിച്ചു തൻവിയെ തിരിഞ്ഞു പോകാൻ നിന്നു, പക്ഷേ വീണ്ടും അടിക്കുന്നത് കേട്ട് അവൻ കാൾ അറ്റൻഡ് ചെയ്തു…..

“അഭി നീ എവിടെ “എടുത്തപാടെ ദീപുവിന്റെ ഗൗരവത്തിലുള്ള ശബ്ദം അവന്റെ നെറ്റി ചുളിച്ചു.

“ഞാൻ അമ്പലത്തിൽ ”

“വീട്ടിലേക്ക് വാ തനു ഇവിടെ എത്തിയിട്ടുണ്ട്……”

“എന്ത് “കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല അവന്.

“തൻവി എങ്ങനെ വീട്ടിൽ….. അപ്പോ നീ വന്നോ?”അഭി അത്ഭുതത്തോടെ ചോദിച്ചു.

“നിനക്ക് ഇങ്ങോട്ട് വരാൻ പറ്റുമെങ്കിൽ വാ…..”ദീപു ദേഷ്യത്തിൽ അത്രയും പറഞ്ഞു ഫോൺ വെച്ചു.

അഭിയ്ക്ക് അപ്പോഴാണ് ജീവൻ നേരെ വീണത്. അവൻ പുറകിൽ ഉള്ളവരെയൊന്നും നോക്കാതെ വീട്ടിലേക്ക് ഓടി…………..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button