Novel

നിശാഗന്ധി: ഭാഗം 14

രചന: ദേവ ശ്രീ

സെലിൻ ലാപ്ടോപ് ഓൺ ചെയ്തു യു ട്യൂബ് എടുത്തു….

” കൊച്ചെ… ഇങ്ങ് വന്നേ…. ”
ശ്രീനന്ദയെ അടുത്തേക്ക് വിളിച്ചു കൊണ്ടു പറഞ്ഞവൾ….

ഒരു വീഡിയോ പ്ലേ ചെയ്തവൾ….
ഒരു പെൺകുട്ടി മനോഹരമായി സാരിയുടുപ്പിക്കാൻ പഠിപ്പിക്കുന്ന വീഡിയോ….

രണ്ടു മൂന്നു പ്രാവശ്യം കാണിച്ചു കൊടുത്തു സെലിൻ അവൾക്കത്….

” നീയൊന്ന് ഉടുത്തു കാണിച്ചേ…. ”
സെലിൻ പറഞ്ഞതും ശ്രീനന്ദക്ക് നാണം തോന്നി….

” അയ്യേ… ചേച്ചി ഞാനോ….
ഞാൻ റൂമിൽ പോയി ഉടുക്കാം…. ”

സെലിൻ സ്വയം നെറ്റിക്കടിച്ചു…

” നീ ഉടുക്കുന്നുണ്ടോ…. ”
സെലിൻ ഇത്തിരി ഉച്ചത്തിൽ ചോദിച്ചു…

ശ്രീനന്ദ പിൻ ചെയ്ത സാരി അഴിച്ചു മാറ്റി….
ആ വീഡിയോയിൽ പറയുന്ന പോലെ താഴേക്കുള്ള ഞൊറിവുകൾ ഉടുത്തു….
അതുവരെ വാരി ചുറ്റി മുഴച്ചിരുന്ന അവളുടെ അര ഭാഗം മനോഹരമായി തോന്നി….
തോളിലേക്കുള്ള ഞൊറിവുകൾ ചെറുതാക്കി എടുത്തു കുത്തി…

” നീയൊന്നു കണ്ണാടിയിൽ പോയി നോക്ക്….
നല്ല ഭംഗിയുണ്ട്…. ”
സെലിൻ പറഞ്ഞു….

ശ്രീനന്ദ കണ്ണാടിയിൽ നോക്കി….
അവളൊന്നു ചിരിച്ചു…
തൃപ്തി വന്നത് പോലെ….

.

” ഞാൻ ഇവിടെ നിന്നും എഴുന്നേറ്റിട്ട് നമുക്ക് പുറത്ത് പോയി നിനക്ക് കുറച്ചു ഡ്രസ്സ്‌ വേടിക്കാം… ഇത്തിരി ചുരിദാറും പാവാടയുമൊക്കെ…
നിനക്ക് ഈ സാരിയൊഴുവാക്കാൻ സമയമായി….
ഇപ്പൊ നോക്കിയേ നീ ഇത്തിരി ചെറുപ്പമായത് പോലെയുണ്ട്…..”

കാളിങ് ബെൽ മുഴങ്ങിയതും സെലിൻ വാതിൽ തുറക്കാൻ പറഞ്ഞവളോട്…..

മുന്നിലൊരു ചെറുപ്പക്കാരൻ….

” ആഹാ റോയിച്ചോ കയറിപോര്…. ”

. ” എങ്ങനെയുണ്ടടി നിനക്ക്….. ”
റോയി അവൾക്കരികിൽ വന്നിരുന്നു ചോദിച്ചു….

അവളെ നോക്കുന്ന കണ്ണുകളിൽ വല്ലാത്തൊരു തിളക്കം….

” കൊഴപ്പമില്ലാ… പിന്നെ കൊച്ചുള്ള കാരണം ഒരു നേരം പോക്കാണ്…
റോയിച്ചന് ചായ വേണോ….?
നല്ല ചായയാണ് എന്റെ കൊച്ചിന്റെ….”
സെലിൻ ചിരിയോടെ പറഞ്ഞു…

” ഹേയ്… ഇപ്പൊ വേണ്ട…
പിന്നെയൊരിക്കൽ ആവാം…..”
സെലിന്റ ആ അവസ്ഥയിലെവിടെയോ വല്ലാത്തൊരു നോവ് തോന്നി അയാൾക്ക്….

” നീ നന്നായി റസ്റ്റ്‌ എടുക്ക്…
ഞാൻ ഒരാളെ നിർത്തിതരട്ടെ ഇവിടെ…. ”

 

” റോയിച്ചാ….. ”
സെലിന്റെ നീട്ടിയുള്ള വിളി…

” ഇല്ലെന്റെ കൊച്ചെ….
നീ നിന്റെ ഇഷ്ട്ടം പോലെ ചെയ്യ്…..
ഞാൻ പോവുന്നു…
ഇനി ടീച്ചറായി കുട്ടിയായി….”
തിരികെ ഇറങ്ങുമ്പോൾ വല്ലാത്തൊരു വേദന നിറഞ്ഞവനിൽ….

 

” അതാരാ ചേച്ചി…..? ”
റോയ് പോയതും ശ്രീനന്ദ ചോദിച്ചു….

” അത് എന്റെ റോയിച്ചൻ….
ഞങ്ങടെ കെട്ട് കഴിഞ്ഞതാ…. ”
സെലിൻ വേദനയിൽ കുതിർന്ന ചിരിയോടെ പറഞ്ഞു…

” എന്നിട്ട്…. “.
ശ്രീനന്ദ ചോദിച്ചു…

” എന്നിട്ട് എന്താ….
ഒത്തു പോകാൻ പറ്റില്ല എന്ന് തോന്നി… ഇപ്പൊ കേസിലാണ്….
വൈകാതെ സെപ്പറേറ് ആകും…. ”
സെലിൻ ചിരിയോടെ തന്നെ പറഞ്ഞു…

” റോയിച്ചന്റെ അമ്മച്ചിക്ക് ഞാൻ തന്നെ ഒരു പ്രശ്നമായിരുന്നു….
ജോലി അടുത്ത പ്രശ്നവും…
അടുക്കളയിലാണ് പെണ്ണുങ്ങളുടെ ജീവിതം എന്നാ മൂപ്പത്തിടെ കോൺസെപ്റ്…
എന്ന് വെച്ചാ അതായിരുന്നു ചിന്താഗതി….
റോയിച്ചന് അമ്മച്ചിയെ എതിർത്തു ഒന്നും ചെയ്യാൻ വയ്യാ….
ശ്വാസം മുട്ടി ജീവിക്കാൻ സെലിനെ കിട്ടേല….
അങ്ങ് പിരിയാം എന്ന് റോയിച്ചനോട് പറഞ്ഞു…
അതൊരു സാധു… ഞാനെന്ന് വെച്ചാ ജീവനാ…
പക്ഷെ അമ്മച്ചി അവന്റെ ഒരു വീക്ക്‌ പോയിന്റും….

എന്തിനാ ഞങ്ങൾക്കിടയിൽ ആ പാവം വെറുതെ ശ്വാസം മുട്ടുന്നത്…
ഞാൻ തന്നെ അങ്ങ് പറഞ്ഞു….
അമ്മച്ചിക്ക് നല്ല ഉത്സാഹമായിരുന്നു…
അന്ന് ആദ്യമായി റോയിച്ചനും അമ്മച്ചിയും വഴക്കായി… പുകിലായി….
ഒറ്റ മകനും അമ്മയും ഉള്ള ജീവിതത്തിൽ പെട്ടെന്നൊരാൾ കയറി വന്നപ്പോൾ മകൻ നഷ്ട്ടപെടുമോ എന്ന പേടി ആയിരിക്കും…
പക്ഷേ ആകെയുള്ള ജീവിതം ഇങ്ങനെ ജീവിക്കാൻ ഞാൻ ഇഷ്ട്ടപെടുന്നില്ല…
എനിക്ക് സ്വാതന്ത്ര്യത്തോടെ ഒന്ന് ശ്വാസമെങ്കിലും വിടേണ്ടെ..

റോയിച്ചനെ പോലെ ഒരാളെ എനിക്ക് ഇനി കിട്ടില്ലെന്ന്‌ പറഞ്ഞു ഇച്ചയും അമ്മച്ചിയും അപ്പച്ചനും എല്ലാം എപ്പോഴും ചീത്ത പറയും…
അത് സത്യമാണ്, ഇന്നോളം ഒരു വാക്ക് കൊണ്ടു പോലും എന്നെ നോവിച്ചിട്ടില്ല….
അതിന് ഒരാളെ എതിർത്തു സംസാരിക്കാൻ പോലും കഴിയില്ല….

 

ഇപ്പോ ഞാനും റോയിച്ചനും ഒരു കമ്പനിയിലാണ്….

ആവശ്യമുണ്ടായിട്ടല്ല… എന്നെ ഇങ്ങനെ കണ്ടോണ്ടിരിക്കാൻ ആണ് ആൾടെ ഈ വരവ്…..
എന്നും വിളിക്കും…..
വിളിച്ചു ഫോൺ എടുത്തില്ലെങ്കിൽ അവൻ ഇവിടേക്ക് തിരക്കി വരും…
ആക്‌സിഡന്റ് പറ്റിയപ്പോൾ റോയിച്ചനായിരുന്നു കൂടെ….”
സെലിൻ ഓർമകളിൽ ചിരിച്ചു….

 

” പിന്നെ എന്തിനാ ചേച്ചി പിരിയുന്നത്….? ”

 

” അതെല്ലാം റോയിച്ചന്റെ അമ്മച്ചിടെ നിർബന്ധമാണ് കൊച്ചെ…..
എന്നെ ഒഴിവാക്കി റോയിച്ചനെ കൊണ്ടു വേറെ കെട്ടിക്കാൻ….

ആഹാ അത് പോട്ടെ നീ ആ പൊതി എടുത്തേ… ”

റോയ് കൊണ്ടുവന്ന പൊതി എടുത്തു കൊടുത്തു ശ്രീനന്ദ….

കുറച്ചറെ ബുക്കുകൾ…

ഇംഗ്ലീഷ് മലയാളം ആൽഫബെറ്റ്സും നോട്ടും പെൻ പെൻസിൽ കോപ്പി അങ്ങനെ….

” ഇതെല്ലാം നിനക്കാ…. ”

” എനിക്കോ… ”
ശ്രീനന്ദക്ക് തന്നെ കളിയാക്കുകയാണെന്ന് തോന്നി….

” ചിരിക്കേണ്ട…
നിനക്ക് തന്നെയാണ്….
നാളെ മുതൽ ഞാൻ ടീച്ചറും നീ കുട്ടിയും…
രാവിലെ പണികൾ എല്ലാം ഒതുക്കി നീ വരണം…
കിട്ടുന്ന സമയമെല്ലാം നമ്മുക്ക് അക്ഷരം പഠിക്കാം….
ഇതാകും എനിക്ക് ബോറടിയും മാറും നിനക്ക് രണ്ടക്ഷരം പടിയുകയും ചെയ്യും….. ”

ശ്രീനന്ദ സെലിന്റ അരികിലിരുന്നു കരഞ്ഞു പോയി….

” അയ്യേ… എന്റെ കൊച്ചു ഇത്രേ ഉള്ളോ…
നമ്മുക്ക് ബോൾഡ് ആവണ്ടേ…
കണ്ടോ നിന്റെ ഈ ചേച്ചിയോട് എന്തെങ്കിലും ഒരാൾ ആരാടി എന്ന് ചോദിച്ചാൽ ഞാനാടാ എന്ന് പറയാനുള്ള ധൈര്യമുള്ളവളാണ്….
അങ്ങനെ വേണം എന്റെ കൊച്ചും….”

സെലിനെ കെട്ടിപിടിച്ചവൾ…
അത്രേം സ്നേഹത്തോടെ…
ഒരു കൂടെ പിറപ്പിനെ കിട്ടിയ സന്തോഷം…..

 

 

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം ശ്രീനന്ദയുടെ വിദ്യഭ്യാസകാലമായിരുന്നു..
വളരെ സന്തോഷത്തോടെ തെറ്റിയും തിരുത്തിയും മലയാള അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചവൾ…..
ഇംഗ്ലീഷ് എന്നത് ഒരു ബാലികേറാ മല പോലെ ആയിരുന്നു അവൾക്ക്…
രാത്രിയിൽ എഴുതി പഠിക്കാൻ ഒരു ബുക്കും പേനയും നൽകി സെലിൻ….
അവൾ പുലർച്ചെ എഴുന്നേറ്റു പഠിക്കാൻ തുടങ്ങി……
ദിവസങ്ങൾ പോകെ ശ്രീനന്ദ മലയാളം നല്ല പോലെ വായിക്കാനും എഴുതാനും പഠിച്ചു…. ഇംഗ്ലീഷും അർത്ഥങ്ങൾ അറിയില്ലെങ്കിലും എഴുതാനും വായിക്കാനും പഠിച്ചവൾ….
ഈ മൂന്നു മാസം ശ്രീനന്ദയുടെ പഠന കാലമായിരുന്നു…..

സെലിൻ പഴയത് പോലെ ജോലിക്ക് പോയി തുടങ്ങി….
അവൾക്ക് വായിക്കാൻ ഇംഗ്ലീഷ് മലയാളം പത്രങ്ങളും മലയാളം കഥകളും നോവലുകളും മിന്നാമിന്നിയും കളികുടുക്കയും തുടങ്ങി പുസ്തകങ്ങൾ സെലിൻ കൊടുത്തു….
ഇപ്പൊ പണികൾ എല്ലാം ഒതുങ്ങിയാൾ അവളുടെ മുറിയിൽ അടുക്കി വെച്ച പുസ്തകങ്ങൾ വായിക്കുമവൾ….
അല്ലെങ്കിലും വായന ഒരു ലഹരിയാണ്….
ഊണും ഉറക്കവും കളയാൻ തക്കമുള്ള ലഹരി….

 

അന്നൊരു ഞായറാഴ്ച മഹി പുറത്തേക്ക് പോയതും ശ്രീനന്ദ സെലിന്റ അരികിലേക്ക് പോയി…
ഞായറാഴ്ച പള്ളിയിൽ പോയി വരും ശ്രീനന്ദക്കായി എന്തെങ്കിലും ഒക്കെ വാങ്ങി അവൾക്കായി കാത്തിരിക്കും സെലിൻ…..

 

നല്ല ബിരിയാണിയുടെ മണം മൂക്കിലേക്ക് അടിച്ചവളുടെ….
കേക്ക് ഉണ്ടാക്കാൻ തുടങ്ങുന്ന സെലിനെ സഹായിച്ചു കേക്ക് ഉണ്ടാക്കാൻ പഠിച്ചെടുത്തവൾ….

ഞായറാഴ്ച ആയതു കൊണ്ടു തന്നെ ശ്രീനന്ദ വേഗത്തിൽ പോയി അവിടെ നിന്നു……

 

 

അന്ന് വൈകുന്നേരം മഹേശ്വരിയമ്മ വിളിച്ചപ്പോൾ പറഞ്ഞ വാർത്തയിൽ മഹി അത്ഭുതം വാക്കുകളിൽ പ്രകടിപ്പിച്ചു….
അരികിലിരിക്കുന്ന ശ്രീനന്ദയെ നോക്കിയൊന്നു പുച്ഛിച്ചു….
ഫോൺ കട്ട്‌ ആക്കിയതും മഹി ശ്രീനന്ദയെ നോക്കി…

” നിന്റെ അമ്മാവന്റെ മകൾ ശ്രീലക്ഷ്മിക്ക് കല്യാണം ശരിയായി ന്ന്….
അവളെ പഠിപ്പിക്കുന്ന അധ്യാപകനാണ്… രണ്ടുപേരും കുറച്ചു വർഷങ്ങളായി ഇഷ്ട്ടത്തിലായിരുന്നെന്ന്….
വല്ലാത്ത ജന്മം….
അവനെയും മനസിലിട്ടാ അവൾ എന്റെ കൂടെ കിടന്നു തന്നത്…. ”
മഹിയുടെ വാക്കുകളിൽ ശ്രീനന്ദയുടെ ഓർമ്മകളിലേക്ക് ഓടിയെത്തിയത് ആരോഹിയും മഹിയുമായുള്ള വേഴ്ച്ചയാണ്…..

അവൾക്ക് ഓക്കാനം വന്നു…

” വൈകാതെ തന്നെ കല്യാണം നടത്തണം എന്ന്…
മേലെപ്പാട്ടെ മഹാദേവൻ ഒരു ധർമ കല്യാണം നടത്തിയത് കൊണ്ട് ഗംഗാധരനും മക്കൾക്കും സുഖം….
അമ്മ അവൾക്ക് ഇരുപത് പവൻ കൊടുക്കാം എന്ന് എറ്റെന്ന്….
കൊടുത്തോട്ടെ…
കുറച്ചു ദിവസം എന്റെ കൂടെ കിടന്നതല്ലേ….
ഒഴിവാക്കി കളയാൻ പറ്റില്ല… എന്റെ കുഞ്ഞിനെ പോലും ചുമന്നവൾ അല്ലേ…. ”

ശ്രീനന്ദക്ക് അറപ്പ് തോന്നി…..
ഇങ്ങനെയുമുണ്ടോ മനുഷ്യർ……

ദിവസങ്ങളങ്ങനെ വീണ്ടും കടന്നു പോയി….

ശ്രീലക്ഷ്മിയുടെയും അവളെ പഠിപ്പിക്കുന്ന അധ്യാപകൻ അഭിലാഷിന്റെയും വിവാഹം കഴിഞ്ഞു….
മഹിക്ക് ലീവ് ഇല്ലാത്തത് കൊണ്ട് മഹിയും ശ്രീനന്ദയും പോയില്ല…..

 

ഒരിക്കൽ ആരോഹിയുടെ ശബ്ദം കേട്ടാണ് ശ്രീനന്ദ ഹാളിലേക്ക് ചെന്നത്…

” പറ മഹി ഇവളുടെ കാര്യത്തിലെ നിന്റെ തീരുമാനം….? ”
ആരോഹി ചീറി….

 

” ഇതിലിനി എന്താ തീരുമാനിക്കാൻ ഉള്ളത്…
ഞാൻ പറഞ്ഞതല്ലേ ഡിവോഴ്സ് ചെയ്യുമെന്ന്…. ”
മഹി ആരോഹിയെ നോക്കി പറഞ്ഞു….

 

” എങ്കിൽ വൈകിപ്പിക്കാൻ പാടില്ല മഹി… ഇപ്പൊ.. ഇപ്പൊ നീ നല്ലൊരു വക്കീലിനെ പോയി കണ്ട് നോട്ടീസ് ഫയൽ ചെയ്യണം…. ”

” ചെയ്യാം… നീ ഒന്ന് റിലേക്സ് ആവു….
എന്താ നിനക്ക് ഇത്ര ദൃതി…. ”
അവളെ തഴുകി മഹി ചോദിച്ചതും ആരോഹി അവനെ തുറിച്ചു നോക്കി….

” ഞാൻ… ഞാൻ പ്രെഗ്നന്റ് ആണ് മഹി…. ”
മഹിയെ കെട്ടിപിടിച്ചു കരയുന്ന ആരോഹി…

ആ പ്രഹസനങ്ങൾക്ക് കാഴ്ചക്കാരിയാവാൻ നിൽക്കാതെ ശ്രീനന്ദ അകത്തേക്ക് വലിഞ്ഞു……

” നീ എത്രയും പെട്ടൊന്ന് അവളെ ഡിവോഴ്സ് ചെയ്യണം….
എന്നിട്ടു നമ്മുടെ വിവാഹം രജിസ്റ്റർ ചെയ്യണം മഹി…
അമ്മയെയും അച്ഛനെയും ഞാൻ പറഞ്ഞു മനസിലാക്കാം….
പിന്നെ ചേച്ചിയുടെ വിവാഹം കഴിഞ്ഞ സ്ഥിതിക്ക് അവിടെ ഒരു സീനില്ല മഹി…. ”
അവന്റെ ഷർട്ടിൽ പിടിച്ചുലച്ചവൾ….

 

വൈകാതെ തന്നെ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മഹാദേവനും ശ്രീനന്ദയും തമ്മിലുള്ള വിവാഹമോചനം നടന്നു….
ഒരു കരാറിൽ….
അമ്മയുടെ മരണംവരെ ശ്രീനന്ദ കൂടെയുണ്ടാവണം എന്ന വാക്കാലുള്ള ഉടമ്പടിയിൽ…
കാരണം ശ്രീനന്ദക്ക് അവിടെ നിന്നും ഇറങ്ങിയാൽ കയറി ചെല്ലാൻ ഒരിടമില്ല എന്നത് കൊണ്ട്…..

മഹാദേവനും ആരോഹിയും തമ്മിലുള്ള രജിസ്റ്റർ വിവാഹവും കഴിഞ്ഞശേഷം ആരോഹി മഹിക്കൊപ്പം താമസം മാറി….

ശ്രീനന്ദ തീർത്തും ആ വീട്ടിലെ വേലക്കാരിയാവേണ്ടി വന്നു….
അവരുടെ സ്നേഹ സല്ലാപങ്ങൾക്ക് ചെവി കൊടുക്കാതെ സെലിൻ കൊടുത്ത പുസ്തകങ്ങളിൽ അഭയം കണ്ടവൾ…..
ആകെയുള്ള ആശ്വാസവും ധൈര്യവും സെലിൻ മാത്രമായിരുന്നു അവൾക്ക്……………..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button