Novel

നിശാഗന്ധി: ഭാഗം 15

രചന: ദേവ ശ്രീ

” നീയെന്താ കൊച്ചെ ഒന്നും മിണ്ടാത്തത്….
ഇനിയെങ്കിലും നീ അവിടം ഉപേക്ഷിച്ചു വാ….
എന്റെ വേലക്കാരിയായല്ല കൊച്ചേ നിന്നെ വിളിക്കുന്നത്…
എന്റെ അനിയത്തി കൊച്ചായാണ്…
നിന്നെ പഠിപ്പിച്ചു ഞാനൊരു ജോലിയാക്കി തരാം…. ”
സെലിൻ പറഞ്ഞു പറഞ്ഞു മടുത്തെന്ന പോലെ അവളെ നോക്കി….

” ഇല്ല ചേച്ചി….
അയാൾ എന്നോട് പറഞ്ഞ ഒരേയൊരു കാര്യം അവിടെ നിൽക്കണമെന്നാണ്….
അത് അനുസരിക്കാതെ വയ്യാ….. ”
ശ്രീനന്ദ സെലിൻ കൊണ്ടു കൊടുത്ത ഷവർമ്മ രുചിച്ചു കൊണ്ടു പറഞ്ഞു….

” എന്റെ കൊച്ചെ നീ ഇങ്ങനെ മഹാദേവനെ അനുസരിച്ച് ജീവിക്കാൻ നീ അയാളുടെ ഭാര്യയോ അടിമയോ ഒന്നുമല്ല…. ”

” ഭാര്യമാര് ഭർത്താവിനെ അനുസരിച്ച് ജീവിക്കണം എന്നാണെങ്കിൽ ചേച്ചിയെന്തെ റോയിച്ചനെ അനുസരിക്കാഞ്ഞെ…? ”
ശ്രീനന്ദ ചിരിയോടെ ചോദിച്ചു….

” ഓഹ്…
എന്റെ കൊച്ചിന് നാവൊക്കെ വെച്ച് തുടങ്ങിയല്ലേ…
നീയ് എന്താണേൽ കാണിക്ക്…
അവന്റെ കാൽചുവട്ടിൽ കിടന്നു ഇങ്ങനെ തീരും നിന്റെ ജീവിതം…. ”
സെലിൻ ദേഷ്യത്തോടെ പറഞ്ഞു മടിയിലെ പില്ലോ വലിച്ചെറിഞ്ഞു കൊണ്ട് അടുക്കളയിലേക്ക് നടന്നു….

ആ പോക്ക് നോക്കി നിൽക്കുന്ന ശ്രീനന്ദയുടെ ഉള്ളവും അവളോടൊപ്പം പോകാൻ കൊതിച്ചെങ്കിലും ഭയമായിരുന്നവൾക്ക്….

എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണ്…
മദ്യത്തിന്റെയും ലഹരിയുടെയും അടിമ….
തന്നോട് എന്ത്‌ ക്രൂരത കാണിച്ചാലും സഹിക്കാം…
പക്ഷെ തന്നെ സഹായിച്ചെന്ന പേരിൽ സെലിനെ മഹി എന്തെങ്കിലും ചെയ്തു കളയുമോ എന്ന് ഭയന്നവൾ…..
അതവൾക്ക് സഹിക്കാൻ കഴിയില്ല…
അത്രേമേൽ ശ്രീനന്ദ സെലിനെ സ്നേഹിക്കുന്നു…
അവളുടെ ലോകം തന്നെ സെലിനിലാണ്…. ആ സഹോദര്യത്തിലാണ്….

അടുക്കളയിൽ പിണങ്ങി നിൽക്കുന്നവളെ പിന്നിലൂടെ ചെന്ന് വട്ടം പിടിച്ചവൾ…
. ” എന്റെ ചേച്ചിപെണ്ണെ… ഉറപ്പായും ഞാൻ വരും…
ഇപ്പോഴല്ല….
ഒരു സമയമുണ്ട്…
അപ്പോൾ…..
ഞാൻ ഉറപ്പായും വരുക തന്നെ ചെയ്യും….
എനിക്ക് എന്റെ ചേച്ചിയും റോയിച്ചനും നന്നായി ജീവിക്കുന്നതും അവരുടെ മക്കളെ ലാളിച്ചും ഓമനിച്ചും എനിക്ക് ഇനിയും നിങ്ങടെ കൂടെ ജീവിക്കണം…. ”

 

” നീയാരാടി എന്റെ അമ്മച്ചിയോ വല്ല്യമ്മച്ചിയോ…
എന്റെ കൊച്ചുങ്ങളെ താലോലിക്കാൻ….. ”

” അതെന്തേ അവർക്ക് മാത്രമെ താലോലിക്കാൻ പാടൂ…. ”
ശ്രീനന്ദ കെറുവിച്ചു….

അല്ലെങ്കിലും അവളുടെ കുറുമ്പും കുസൃതിയും പിണക്കവും പരിഭവവുമെല്ലാം സെലിനോടാണ്….

 

” പണ്ടെന്റെ വല്യമ്മച്ചി എപ്പോഴും പറയും സെറിന്റെ അതായത് എന്റെ ചേച്ചിന്റെ കൊച്ചിനെ കണ്ടേ കണ്ണടക്കൂ ന്ന്…
സെറിനു കൊച്ചയപ്പോ സിറിച്ചന്റെ കൊച്ചിനെ കണ്ടേ കണ്ണടക്കൂ എന്ന് പറഞ്ഞായി…
അങ്ങനെ സിറിച്ചനും കൊച്ചയപ്പോൾ നെക്സ്റ്റ് ടേൺ എന്റെതായി…
പാവം അപ്പോഴേക്കും കർത്താവ് വിളിച്ചു…..
അമ്മാമ്മച്ചിയും ഏറെക്കുറെ അങ്ങനെ തന്നെയായിരുന്നു….”

 

” ഞാൻ പോട്ടെ ചേച്ചി….
നേരം ഒത്തിരിയായി….. ”

” പോവണ്ട ന്ന് പറഞ്ഞ നീ ഇവിടെ നിൽക്കുകയൊന്നുമില്ലല്ലോ….” ചുണ്ടുകൾ കോട്ടി സെറിൻ…..

മറുപടി പതിഞ്ഞ ചിരിയായിരുന്നു……

 

🍃🍃🍃🍃🍃🍃🍃

” മഹി അച്ഛൻ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു നമ്മളോട്….
എന്തായാലും ഇങ്ങനെ ആയി..
എന്നാൽ പിന്നെ ചെറിയൊരു ഫങ്ക്ഷൻ നടത്തി കളയാം എന്ന്….”
മഹിയുടെ അരികിലിരുന്നവൾ പറഞ്ഞു….

” അതൊക്കെ വേണോ…? ”
മഹി താല്പര്യമില്ലാത്ത പോലെ പറഞ്ഞു…..

” വേണം ന്നാ അച്ഛൻ പറയണത്….
അവരെയാരെയും ഒന്നും അറിയിച്ചല്ലല്ലോ നമ്മൾ ഒരു ജീവിതം തുടങ്ങിയത്….
നമ്മുടെ കുഞ്ഞിന് കുടുംബങ്ങളും ബന്ധവുമെല്ലാം വേണം
മഹി…. ”

” ഓഹ്… ഇനി അതായിട്ട് കുറക്കണ്ട…
എന്റെ ഭാഗത്ത്‌ നിന്നും ആരുമുണ്ടാവില്ല…. ”

” അതെല്ലാം ഞാൻ അച്ഛനോട് പറഞ്ഞു….
അത് സാരമില്ലെന്നാ അച്ഛൻ പറയുന്നത്….
അയല്പക്കത്തും കുടുംബക്കാരോട് എല്ലാവരോടും പറഞ്ഞു ചെറിയ ഒരു ഫങ്ക്ഷൻ…
ചേച്ചിടെ കല്യാണം കഴിഞ്ഞു അധികമായില്ലല്ലോ…
എങ്കിൽ നെക്സ്റ്റ് വീക്ക്‌ നമ്മൾ നാട്ടിലേക്ക് പോവല്ലേ…..”

 

” നെക്സ്റ്റ് വീക്കോ….
എനിക്ക് ലീവ് കിട്ടില്ല ആരോഹി….
പിന്നെ….
ഫങ്ക്ഷന് ഡേറ്റ് എടുത്താൽ തലേദിവസം ഞാൻ വരും… അന്ന് അവിടെ നിൽക്കും… പിറ്റേന്ന് പോരും…
അങ്ങനെയെ നടക്കൂ…. “.
മഹി തീർത്തു പറഞ്ഞു….

” അങ്ങനെ എങ്കിൽ അങ്ങനെ…. “.
മഹി അതെങ്കിലും സമ്മതിച്ചല്ലോ എന്ന സന്തോഷത്തിലായിരുന്നു ആരോഹി….

ഹാളിലിരുന്നു തന്നെ അവൻ ആരോഹിയോട് ലൈംഗിക ചെഷ്ട്ടകൾ കാണിക്കുന്നതു കൊണ്ടു ശ്രീനന്ദ അവിടേക്ക് അങ്ങനെ ചെല്ലാറെയില്ല….

പലപ്പോഴും താനെന്ന വ്യക്തി ഇവിടെയുണ്ടെന്ന് പോലും ചിന്തിക്കാതെ രണ്ടുപേരും ഇഴുകി ചേരും….
ചിലപ്പോൾ ഹാളിൽ, അല്ലെങ്കിൽ ബാൽക്കണിയിൽ…. ശബ്ദം പുറത്തേക്ക് വരുമ്പോൾ ശ്രീനന്ദ ചെവി പൊത്തി പിടിക്കും…..

ഇവിടെ നിന്നും സെലിന്റെ അരികിലേക്ക് ഓടി പോകാൻ തോന്നും……

ആരോഹിക്ക് അയാളോടുള്ള അന്ധമായ പ്രണയത്തിൽ അയാളുടെ എല്ലാ തെറ്റും ശരിയായി തോന്നി….
രണ്ടുപേരും ഓഫീസ് തിരക്കുള്ളവരായ കാരണം പരാതികളും പരിഭവങ്ങളും കുറവായിരുന്നു….
മിണ്ടുന്നതും ഇഴുകി ചേരുന്നതും നിമിഷനേരം കൊണ്ടാണ്….
അതിന് ശേഷം അയാൾ ലാപ്ടോപിലും ആരോഹി അയാളുടെ അരികിൽ ഫോണിലും…..
സ്നേഹ സല്ലാപങ്ങളില്ല, സംസാരങ്ങളില്ല…..
ഇതാണോ ദാമ്പത്യ ജീവിതം…….

സെലിന്റെ ചേച്ചിയും ചേട്ടത്തിയും എല്ലാം ഗർഭിണിയായിരിക്കെ അവരുടെ ഭർത്താവിന്റെ കേറിങ്ങും എല്ലാം പറഞ്ഞു കേട്ടിട്ടുണ്ട് ശ്രീനന്ദ….
അങ്ങനെയെങ്കിൽ ആരോഹിയോട് അയാൾ കാണിക്കുന്നത് നീതികേട് തന്നെയാണ്….

അവൾക്ക് വല്ലാത്തൊരു സഹതാപം തോന്നി…..
പക്ഷെ എല്ലാവരും കൂടി തട്ടി കളിച്ച തന്റെ ജീവിതമാണ് അവൾക്ക് മുന്നിൽ വലിയൊരു ചോദ്യചിന്ഹമായി നിന്നത്…………….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button