നിശാഗന്ധി: ഭാഗം 18

നിശാഗന്ധി: ഭാഗം 18

രചന: ദേവ ശ്രീ

"നീ എപ്പോഴാ വരുന്നത്....?"   " നീയെന്താ മഹി ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നത്... ഇപ്പോഴത്തെ എന്റെ ഹെൽത്ത്‌ കണ്ടിഷൻ ഒട്ടും ഒക്കെയല്ല..... ഒരു റിസ്ക് എടുക്കാൻ ഞാൻ തയ്യാറല്ല.... " ആരോഹി നയത്തിൽ പറഞ്ഞു....   " അപ്പൊ നിനക്ക് എന്നെ വേണ്ടെന്ന്.... ഞാൻ ജീവിതക്കാലം മുഴുവൻ ഇങ്ങനെ കിടക്കുകയൊന്നുമില്ല.... " മഹി വേദന കടിച്ചു പിടിച്ചു പറഞ്ഞു.... " എനിക്ക് നിന്നോട് ഇഷ്ട്ടമില്ലാഞ്ഞിട്ടാണോ... നീ എന്റെ കുഞ്ഞുങ്ങളുടെ അച്ഛനല്ലേ... ഇപ്പൊ എനിക്ക് തീരെ വയ്യാ... " " നിന്റെ കുഞ്ഞുങ്ങളുടെ അച്ഛൻ മാത്രമാണ് അപ്പൊ ഞാനല്ലേ... അല്ലാതെ നിനക്ക് ഞാൻ ആരുമല്ലെന്ന്... എന്റെ കൂടെ കിടന്നിട്ടാഡി പന്ന നായിന്റെ മോളെ നിന്റെ വയറ്റിൽ കിടക്കുന്നത് ഉണ്ടായത്... അതുപോയാൽ വേറെയും ഉണ്ടാക്കി തരാൻ എനിക്ക് അറിയാം... ആ പേരും പറഞ്ഞു ഈ പൊട്ടിയെയും നോക്കാൻ ആക്കിട്ട് നീ എന്നെ തഴയുവാണല്ലേ.... മഹിയെ നിനക്ക് അറിയില്ല... " " നീ വെറുതെ പ്രെഷറ് കൂട്ടണ്ട മഹി.... ശ്രീനന്ദ വേണ്ടെങ്കിൽ ഒരു മെയിൽ നേഴ്സിനെ വെക്കാം.... എല്ലാം നിന്റെ സൗകര്യം പോലെ ചെയ്യാം.... ഞാൻ വൈകുന്നേരം വിളിക്കാം... "   " നീ വിളിക്കണ്ടടി കോപ്പേ... സ്വന്തം സുഖം നോക്കി പോയവളൊന്നും എന്നെ വിളിക്കണ്ട... എന്നെ നോക്കാൻ നിന്റെ ഒരഔദാര്യവും വേണ്ടാ..... " മഹിയുടെ ഇടതു കയ്യിൽ കിടന്നു ഫോൺ അമർന്നു.... ദേഷ്യപ്പെട്ടതിന്റെ ഫലമെന്നോണം തല നന്നായി വേദന തുടങ്ങിയവന് ....   എല്ലാം കേട്ടുനിന്ന ശ്രീനന്ദ ഒരു തരിപോലും മനുഷ്യപറ്റില്ലാത്ത ഒരു മനുഷ്യനെ നോക്കി കാണുകയായിരുന്നു.... " നീ ആരുടെ അമ്മയെ കെട്ടിക്കാൻ നില്ക്കാ അവിടെ... എനിക്ക് ഇത്തിരി വെള്ളം വേണം.... " മഹിയുടെ അലർച്ചയിൽ ശ്രീനന്ദ വേഗം ഗ്ലാസും സ്പൂണും എടുത്തു വെള്ളവുമായി മഹിക്കരികിലേക്ക് വേഗം നടന്നു.... ഓരോ ടീസ്പൂൺ ആയിട്ട് അവന്റെ വായയിലേക്ക് ശ്രദ്ധിചൊഴിച്ചവൾ.... അവൻ മുഖം വെട്ടിച്ചതും വെള്ളം ഇത്തിരി മുഖത്തായി... ആ ദേഷ്യത്തിൽ ഇടതു കൈക്കൊണ്ട് ഒരൊറ്റ തട്ടായിരുന്നു ആ ഗ്ലാസ്‌.... ഗ്ലാസും വെള്ളവും ടീസ്പൂണും നിലത്ത് എത്തി... തറയിൽ പടർന്ന വെള്ളം തുടക്കാൻ തുണികൾ ഇല്ലാത്തത് കൊണ്ടു തന്നെ കയ്യിൽ കരുതിയ തോർത്തു എടുത്തു നിലം തുടച്ചു..... ശ്രീനന്ദ ഒന്നും മിണ്ടിയില്ല.... സെലിൻ വരുമെന്ന പ്രതീക്ഷയിൽ നിമിഷങ്ങൾ തള്ളി നീക്കി... വൈകുന്നേരത്തോട് അടുപ്പിച്ചാണ് വിനോദും ഭാര്യയും കുഞ്ഞും കൂടി മഹിയെ കാണാൻ ഹോസ്പിറ്റലിലേക്ക് വന്നത്..... വേദനകളൊന്നും അവനെ ബാധിക്കാത്ത പോലെ ഭ്രാന്തമായ അവസ്ഥയിലായിരുന്നു മഹി.... വിനോദിനോട്‌ സ്വകാര്യമായി മഹി ലഹരി ആവശ്യപ്പെടുന്നത് ശ്രീനന്ദ കേട്ടെങ്കിലും ഗൗനിച്ചില്ല അവൾ.... വിനോദ് പോകുവരെയും ശ്രീനന്ദ ഒരു മൂലയിലേക്ക് ഒതുങ്ങി... അന്ന് സെലിൻ അന്വേഷിച്ചു വരാതിരുന്നതിൽ പരിഭവം... ആദ്യമായി ഒരാളോട് തോന്നുന്നു പരിഭവം.... ശ്രീനന്ദ നൽകുന്നതെല്ലാം മുഖം കറുപ്പിച്ചു കൊണ്ടായിരുന്നു മഹി കഴിച്ചത്.... കിടന്ന കിടപ്പിലും ഇന്നോളം തോന്നാത്ത ശൗര്യം കണ്ടവൾ ഭയന്നു... നേഴ്സ് പറയുന്നതെല്ലാം ശ്രദ്ധയോടെ കേൾക്കുന്നവളെ പുച്ഛത്തോടെയാണ് മഹി നോക്കിയത്.... ഇംഗ്ലീഷും മലയാളവും കൂടി കലർത്തി സംസാരിക്കുന്നവരോട് യാതൊരു ഭയവും കൂടാതെ മറുപടി കൊടുന്നുവളെ കാണെ ദേഷ്യമാണ് തോന്നിയത്... രാത്രിയിൽ ആരോഹി വിളിച്ചതും കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞവൻ.... എന്തൊക്കെയോ അനാവശ്യങ്ങളും..... ഇന്നോളം കണ്ട മഹിയിൽ നിന്നും വ്യത്യസ്തനായ ഒരു മനുഷ്യൻ... അതായിരുന്നു ആരോഹിക്ക് അയാൾ.....   ഫോൺ കട്ട്‌ ആയതും അവന് ബാത്‌റൂമിലേക്ക് പോകണം എന്ന് പറഞ്ഞു... ശ്രീനന്ദ അരികിലുള്ള വീൽ ചെയർ ഉരുട്ടി അവനെ പതിയെ താങ്ങി അതിലേക്ക് ഇരുത്തി... ആരോടൊക്കെയോ ഉള്ള ദേഷ്യം തീർക്കാൻ എന്ന പോലെ ഭാരം മുഴുവൻ അവൻ അവൾക്ക് മേലേക്ക് നൽകി.... വളരെ ആയാസപ്പെട്ടാണ് ആ പെണ്ണ് കരുത്തുറ്റവനെ വീൽ ചെയറിലേക്ക് ഇരുത്തിയത്.... ബാത്‌റൂമിലേക്ക് കയറ്റി അവനെ ടോയ്‌ലെറ്റിൽ ഇരുത്തി ശ്രീനന്ദ പുറത്തേക്ക് ഇറങ്ങി.... കഴിഞ്ഞെന്നവൻ വിളിച്ചു പറഞ്ഞതും ശ്രീനന്ദ വീണ്ടും അവനെ വീൽ ചെയറിലേക്ക് ഇരുത്തി കൊണ്ടുവന്ന് ബെഡിലേക്ക് കിടത്തിയതും ക്ഷീണിച്ചു പോയിരുന്നു..... നടുവിന് കൈ താങ്ങിയവൾ.... മഹിയിൽ പുച്ഛം നിറഞ്ഞു..... ഉച്ചക്ക് കഞ്ഞിയായിരുന്നു മഹിക്ക് കൊടുത്തത്... കഞ്ഞി രണ്ട് മൂന്നു ടീസ്പൂൺ കുടിച്ച ശേഷം വായയിൽ നിറച്ചു വെച്ച് ഛർദിക്കുകയാണെന്ന പോലെ പുറത്തേക്ക് തുപ്പി... നിലം ആകെ കഞ്ഞി പരന്നു.... ദേഷ്യം തോന്നിയെങ്കിലും ശ്രീനന്ദ ഒന്നും പറഞ്ഞില്ല.... അവിടെയെല്ലാം തൂത്ത് വാരി തുടച്ചവൾ.... മരുന്ന് കുടിച്ചശേഷം അവൾ ഭക്ഷണം കഴിക്കാൻ ചോറിലേക്ക് കൈ കുത്തിയതും അവന് ബാത്‌റൂമിലേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ ശ്രീനന്ദ വേഗം കൈ കഴുകി.... ബാത്‌റൂമിൽ പോയി വന്ന ശേഷമവൾ വീണ്ടും ഭക്ഷണം കഴിക്കാൻ ഇരുന്നു.... അടുത്തത് വെള്ളം വേണം എന്ന് പറഞ്ഞതും വെള്ളം എടുത്തു കൊടുത്തവൾ.... ഭക്ഷണം കഴിക്കാൻ ഇരുന്നതും തണുക്കുന്നെന്നും പറഞ്ഞു ഫാൻ ഓഫ് ചെയ്യിപ്പിച്ചു..... മടുപ്പോടെയവൾ ചോറിലേക്ക് കൈ വെച്ചതും അവന് കാല് വേദനിക്കുന്നു ന്ന് പറഞ്ഞു വല്ലാത്ത അഭിനയം... ശ്രീനന്ദ എടുത്ത ഭക്ഷണം മൂടി വെച്ച് കൈ കഴുകി... വയറിലെന്തോ ഉരുകൂടുന്നത് അറിഞ്ഞിട്ടും വെള്ളം വയറ് നിറച്ചു കുടിച്ചവൾ.... മഹിയുടെ കാല് എടുത്തു തലയിണ വെച്ച് അതിലേക്ക് എടുത്തു വെച്ചു.... വേദനക്ക് ആശ്വാസമുള്ളത് പോലെ ആയി അവന്റെ മുഖഭാവം.... ശ്രീനന്ദക്ക് പുച്ഛം തോന്നി.... ദിവസത്തിൽ രണ്ടു നേരം വയറ് നിറച്ചു പോലും കഴിക്കാൻ കിട്ടാതെ ജീവിച്ചിരുന്ന തന്റെ ഭൂതക്കാലം വല്ലാത്തൊരു കരുത്തു നൽകി അവൾക്ക്... തീയിൽ കുരുത്ത പോലെ.... രാത്രിയിൽ മഹിക്ക് ചപ്പാത്തി വേണമെന്ന നിർബന്ധം കൊണ്ടു ശ്രീനന്ദ കാന്റീനിൽ പോയി ചപ്പാത്തിയും കറിയും വാങ്ങി.... ചപ്പാത്തി കഴിക്കാനുള്ള മോഹം കൊണ്ടല്ലെന്ന് അവൾക്ക് നന്നായി അറിയാം... തന്നെ എങ്ങനെയും ബുദ്ധിമുട്ടിക്കണം കഷ്ടപെടുത്തണം എന്ന ചിന്തയിലാണവൻ.... ചപ്പാത്തി ഓരോ കഷ്ണങ്ങളാക്കി കറിയിൽ മുക്കികൊടുത്തവൾ... യാദൃശ്ചികമെന്നോണം മഹി കൈകൾ വീശിയതും പാത്രത്തിലെ കറിയും ചപ്പാത്തിയും ഉയർന്നു.... കറിയുടെ അംശം അവളുടെ മുഖത്തേക്ക് പതിച്ചതും കണ്ണുകൾ പുകഞ്ഞു.... കയ്യിലെ പാത്രം തറയിൽ വീണതും ശ്രീനന്ദ തപ്പി തടഞ്ഞു... എരിവ് കണ്ണിൽ നിന്നും തലയിലേക്ക് പടരുന്ന പോലെ തോന്നി.. ഒരുനിമിഷം തല ചുറ്റുപോലെ തോന്നി.... ആ വേദന കടിച്ചു പിടിച്ചവൾ ബാത്‌റൂമിലേക്ക് തപ്പി പിടിച്ചു കയറി.... പൈപ്പ് തുറന്നു മുഖത്തേക്ക് വെള്ളം കോരി ഒഴിച്ച് കൊണ്ടിരുന്നു... ഒരാശ്വാസം കിട്ടുന്നത് വരെ.... കണ്ണും മനസും ഒരുപോലെ നീറിയവളുടെ... കണ്ണുകളിൽ ചോര പടർന്നു..... മനഃപൂർവം.... നോവ് തോന്നി... ഇത്രേം ദ്രോഹിക്കാൻ മാത്രം എന്ത്‌ ചെയ്തു.... നീറ്റലിൽ നിന്നും ആശ്വാസം കിട്ടിയതും അവൾ പുറത്തേക്ക് ഇറങ്ങി... മഹിയെ നോക്കിയില്ല... ചിതറി കിടക്കുന്ന ഭക്ഷണം പെറുക്കിയെടുത്തു വേസ്റ്റിലേക്ക് വാരിയിട്ടവൾ... അവൾക്ക് കഴിക്കാനായി കരുതി വെച്ച ഭക്ഷണം എടുത്തു വീണ്ടും കറി പകർന്നു മഹിക്ക് നൽകുമ്പോൾ അവൻ അമ്പരന്ന് പോയി.... ഇത്‌ എന്തൊരു പെണ്ണ്.... ഇതിന് വേദനേം വിശപ്പുമൊന്നുമില്ലേ.... ഇങ്ങനേം ഉണ്ടാവോ പെണ്ണുങ്ങൾ... മഹിയുടെ ചിന്തകൾ പല വഴി തിരിഞ്ഞു... മരുന്നും കൊടുത്തു ലൈറ്റ് ഓഫ് ചെയ്യുന്നവളെ നോക്കിയവൻ.... " നിനക്ക് വല്ലതും കഴിക്കണ്ടേ.... " അന്നേരം അതാണ് ചോദിക്കാൻ തോന്നിയതവന്... " വേണ്ടാ... " ഒറ്റവാക്കിൽ പറഞ്ഞവൾ ബൈസ്ഥാൻഡർ ബെഡിലേക്ക് കയറി കിടന്നു... മനസ്സിൽ വേദന കുമിഞ്ഞു കൂടി അവളുടെ.... സെലിൻ... ഒന്ന് കാണാൻ പോലും വന്നില്ല... നോവ് തോന്നി... വല്ലാത്ത നോവ്... ഇത്രേ ഉള്ളോ ഞാൻ.... ഇന്നലെ രാവിലെ കണ്ടതാണ്... ഇന്ന് വൈകുന്നേരം വരെയും തന്നെ ഒന്ന് അന്വേഷിക്കാതിരിക്കാൻ എങ്ങനെ കഴിയുന്നു... ആദ്യമായി അവളിൽ സ്നേഹം നോവ് പടർത്തി... അവഗണന വേദന നിറച്ചു.... സ്നേഹത്തിന്റെ നോവ് തിങ്ങി... ശ്വാസം മുട്ടുമോ... സ്നേഹം കിട്ടാതെ ശ്വാസം മുട്ടി മരിക്കുന്നവൾ.... നിദ്ര പുൽകാത്ത ആ രാത്രിയിൽ സെലിൻ മാത്രമായിരുന്നു ഉള്ളിൽ.... വരും... വരാതിരിക്കാൻ കഴിയില്ല... സ്വയം ആശ്വാസിച്ചവൾ..... മറ്റൊരിടത്തു ഹോസ്പിറ്റലിന്റെ ഐ സി യു വിന് മുന്നിൽ നിന്ന് തന്റെ പ്രാണ പ്രിയന്റെ ജീവന് വേണ്ടി കേഴുന്ന സെലിൻ ശ്രീനന്ദയെ മറന്നു..... റോയിച്ചന്റെ നാമം അണുവിടെ ജപിച്ചു കൊണ്ടിരുന്നു.... എന്റെ പ്രിയപ്പെട്ടവനെ...... ഹൃദയം പൊട്ടുമാറുച്ചത്തിൽ സെലിൻ അലറി..... എന്റെ പ്രിയപ്പെട്ടവനെ................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story