നിശാഗന്ധി: ഭാഗം 19
Sep 10, 2024, 23:55 IST

രചന: ദേവ ശ്രീ
" എന്നായിരുപ്പാടി കൊച്ചെ നീയ്.... വന്നേ... എന്നതെലും കഴിക്ക്... " റോയിയുടെ എളേപ്പൻ ജോസ് അവളുടെ തോളിൽ തട്ടി പറഞ്ഞു... " എളേപ്പാ... ന്റെ റോയിച്ചൻ.... " സെലിൻ വിതുമ്പി.... അയാൾ അവളെ ചേർത്ത് പിടിച്ചു.... " ഞാൻ ഇട്ടേച്ചു പോയില്ലേ ന്റെ റോയിച്ചനെ.... എനിക്ക് വേണ്ടാഞ്ഞിട്ടല്ലാ എളേപ്പാ... എനിക്കും അമ്മച്ചിക്കും ഇടയിൽ കിടന്നു ആ പാവം ശ്വാസം മുട്ടുന്നത് കണ്ടിട്ടാ... എനിക്ക് എന്റെ റോയിച്ചനില്ലാതെ പറ്റില്ല.... " സെലിൻ അയാളുടെ ഷർട്ടിൽ വിരലുകൾ മുറുക്കി..... എന്ത് പറഞ്ഞു ഈ പെണ്ണിനെ സമാധാനിപ്പിക്കും.... " ഞാൻ അന്നമ്മേനെ വിളിക്കാം... നീയ് അവളുടെ കൂടെയോന്ന് വീട്ടിൽ പോയെച്ച് വാ... പോയിട്ട് ഒന്ന് ഉറങ്ങിക്കോ കൊച്ചെ... " അയാൾ വാത്സല്യത്തോടെ പറഞ്ഞു...... " വേണ്ട.... " കരച്ചിലിലും അവൾ തലയനക്കി.... " ഇന്ന് ഉച്ചക്കാണ് അടക്ക്... നിനക്കൊന്ന് കാണേണ്ടേ.... " റോയിടെ എളേപ്പൻ സെലിന്റെ കയ്യിൽ പിടി മുറുക്കി ചോദിച്ചു..... ഒന്നും മറുപടി പറഞ്ഞില്ല.... പോയി കാണാൻ മാത്രം തനിക്ക് ഒന്നും നൽകിയിട്ടില്ല അവർ... അവർ കാരണമാണ് താൻ റോയിച്ചനെ പോലും ഉപേക്ഷിച്ചു പോയത്.. അന്നേരം തെറ്റോ ശരിയോ ഉണ്ടായിരുന്നില്ല മുന്നിൽ... തന്നെ ഒരുപാട് സ്നേഹിക്കുന്നവന്റെ മാനസിക സമ്മർദ്ദം മാത്രമായിരുന്നു പരിഗണിച്ചത്.... എന്നിട്ടോ ഇപ്പൊ മരണത്തോട് മല്ലിട്ട് വെന്റിലെറ്ററിൽ കഴിയുന്നവൻ..... ദൂരെ നിന്നും നടന്നു വരുന്ന സാറാമ്മച്ചിയും സിറിലും ആന്റണിയും..... കണ്ണുകളിൽ മിഴിനീർ ഉരുണ്ട് കൂടി..... " എന്റെ കൊച്ചെ.... " സാറാമ്മച്ചി സെലിനെ കെട്ടിപിടിച്ചു കരഞ്ഞു... " അമ്മച്ചി ന്റെ റോയിച്ചൻ... " " അവന് കർത്താവ് ഒന്നും വരുത്തേലടി.... എന്നാ കോലാടി പെണ്ണെയിത്.... ഇങ്ങനെ വേദനിക്കാനാണേൽ നീയ് എന്തിനാടി അവനെ ഇട്ടേച്ചു പോയത്.... " സാറാമ്മച്ചി അവളെ ചേർത്ത് വിങ്ങി.... " ചേട്ടത്തിയെ കാണാൻ പോയോ...? " ജോസ് സെലിന്റെ അപ്പച്ചൻ ആന്റണിയും ഇച്ചായൻ സിറിലിനോടുമായി ചോദിച്ചു.... " എയർപോർട്ടിൽ നിന്നും നേരെ വീട്ടിൽ പോയുള്ള വരവാ... എന്നതാ ഉണ്ടായേ...." സെലിന്റെ അപ്പച്ചൻ ജോസിനരികിൽ വന്ന് ചോദിച്ചു.... "ഇച്ചായന്റെ ആണ്ടു കുർബാനയാണ് ഇന്ന്.... അതിന് ചേട്ടത്തിയും റോയിയും തറവാട്ടിലേക്ക് വരുവായിരുന്നു.... അതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് വരുന്നത് കണ്ടതും റോയി കാർ വെട്ടിച്ചു... പക്ഷെ എതിരെ വരുന്ന ലോറി ഇടിച്ചു തെറിപ്പിച്ചു.... ആ കൊച്ചനും ചേട്ടത്തിയും സ്പോട്ടിൽ തന്നെ...... റോയി തെറിച്ചു വീണത് കൊണ്ടു...." എളേപ്പൻ പാതിയിൽ നിർത്തി.... " ഇപ്പൊ റോയിച്ചന്റെ അവസ്ഥ....? " സിറിൽ ചോദിച്ചു.... " ഒന്നും പറയാറായിട്ടില്ല.... നിങ്ങൾ ഇവിടെ ഉണ്ടെങ്കിൽ ഞാൻ ചേട്ടത്തിടെ അടക്ക് കഴിഞ്ഞു വരാം.... " ജോസ് അവരെ നോക്കി പറഞ്ഞു... " ഞാനിവിടെ നിൽക്കാം... അപ്പനും പൊക്കോളൂ.... " സിറിൽ പറഞ്ഞു.... അവര് പോയതും സിറിൽ സെലിന്റെ അരികിൽ ചെന്നിരുന്നു... എന്നതാടി പെണ്ണെയിത്.... ഇച്ഛന്റെ അയേൺ ഗേൾ ആണോ ഇത്... വന്നേ... വല്ലതും കഴിക്കാം.... " സിറിൽ അവളെ നിർബന്ധിച്ചു കൂട്ടി കൊണ്ടു പോയി.... ആർക്കോ വേണ്ടിയെന്ന പോലെ അവൾ എന്തൊക്കെയോ നുള്ളി പെറുക്കി കഴിച്ചു.... രാവും പകലും നീങ്ങുന്നതറിയാതെ അവളാ ഹോസ്പിറ്റലിൽ തന്നെ കഴിച്ചു കൂട്ടി.... ഇന്നോളം കൊടുക്കാൻ കഴിയാതെ പോയ എല്ലാ സ്നേഹവും നൽകാൻ റോയിച്ചനെ തിരിച്ചു കിട്ടണേ എന്ന പ്രാർത്ഥനയോടെ..... 🍁🍁🍁🍁🍁🍁🍁🍁 "നാളെ വീട്ടിൽ പോകാം മഹാദേവന്.... ഒരുമാസം കഴിഞ്ഞാൽ ഒന്നൂടെ വന്നു കാണണം.. ഒരുമാസത്തേക്കുള്ള മരുന്ന് കുറിക്കുന്നുണ്ട്... എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ വന്നു കണ്ടാൽ മതി...." ഡോക്ടർ മഹിയെ ഒന്നൂടെ പരിശോധിച്ച് കൊണ്ടു പറഞ്ഞു.... ഒരാഴ്ച്ച.... അവൾക്ക് ഒരു യുഗം പോലെ ആയിരുന്നു.... മഹിയുടെ എണ്ണമില്ലാത്ത ക്രൂരതകൾ സഹിക്കാൻ കഴിയാതെ തടയാൻ കഴിയാതെ ആ ആശുപത്രി മുറിയിൽ കിടന്നു വീർപ്പു മുട്ടിയവൾ.... ലഹരി കിട്ടാതെ ഭ്രാന്തനെ പോലെ ശ്രീനന്ദയെ ഉപദ്രവിക്കുമ്പോൾ പൊട്ടിയെ പോലെ മൗനത്തേ കൂട്ട് പിടിച്ചു വേദന കടിച്ചമർത്തിയവൾ.... എവിടെയാണ് തെറ്റ് പറ്റിയത്... അല്ലെങ്കിൽ ഈ ജീവിതത്തിൽ ആരോടാണ് തെറ്റ് ചെയ്തത്.... ആരെയാണ് വേദനിപ്പിച്ചത്... അറിയില്ല.... എന്നിട്ടും പരീക്ഷിക്കപ്പെടുന്നു... അല്ല ശിക്ഷിക്കപ്പെടുന്നു.... ഒറ്റപ്പെടുന്നു... തനിച്ചാവുന്നു... നഷ്ട്ടങ്ങൾ മാത്രം സംഭവിക്കുന്നു.... മാരിവില്ലു പോലെ നിറമേകിയവൾ ആ നിറങ്ങളെ കറുപ്പാക്കി ദൂരേക്ക് മറയുന്നു... ദുഃഖം മാത്രം നൽകുന്നു... വേദനകൾ മാത്രം തന്നെ പിന്തുടരുന്നു.... കഴിഞ്ഞ ദിവസങ്ങളിലെ രാത്രികൾ സെലിനെ ഓർത്ത് എങ്ങനെ കഴിച്ചു കൂട്ടി എന്ന് പോലും അറിയില്ല.... സ്നേഹത്തിൽ മാത്രം മനുഷ്യനിങ്ങനെ എന്തിന് വീർപ്പുമുട്ടുന്നു.... ശ്രീനന്ദ സ്വയമേ ചോദിച്ചു...... മഹി എന്ത് പറയുമ്പോഴും ചെയ്യുമ്പോഴും ശ്രീനന്ദയുടെ ഉള്ളം സെലിനിൽ മാത്രമായിരുന്നു.... എന്തെ കാണാൻ വരാഞ്ഞേ... പരിഭവിച്ചു കാണും... ആ പൊട്ടി പെണ്ണ് അപ്പോഴും ആ സ്‌നേഹവലയത്തിൽ തന്നെ ഭ്രമണം നടത്തി..... ഫ്ലാറ്റിലെത്തിയതും ശ്രീനന്ദയൊന്നു ശ്വാസം വിട്ടു..... ഒരാഴ്ച്ച ഹോസ്പിറ്റൽ വാസത്തിൽ മടുത്തു പോയിരുന്നു അവൾ.... മഹിയെ അവന്റെ റൂമിലാക്കി അവളവിടെ ആകെയൊന്നു അടുക്കിപെറുക്കി വൃത്തിയാക്കി... ഇത്തിരി കഞ്ഞി വെച്ചു.... പപ്പടം കൊണ്ടൊരു ചമ്മന്തിയും ഇത്തിരി മോരും കാച്ചിയെടുത്തു.... അപ്പോഴേക്കും ഒരുമണിയും കഴിഞ്ഞു.... വേഗത്തിൽ അവന് കഞ്ഞി പാത്രത്തിലാക്കി ചമ്മന്തിയും മോര് കാച്ചിയതും എടുത്തു റൂമിലേക്ക് നടന്നു.... മഹി ദേഷ്യം അമർത്തി പിടിച്ചു... " നിനക്ക് തോന്നുമ്പോ കൊണ്ടു തരാൻ ഞാൻ വല്ല പട്ടിയോ പൂച്ചയോ ഒന്നുമല്ല... എനിക്ക് കൃത്യസമയത്ത് ഭക്ഷണം കിട്ടണം.... " അതിനവൾ തലയാട്ടി.... കഞ്ഞി കോരി അവന് നേരെ നീട്ടിയതും ഒറ്റ തട്ടായിരുന്നു.. പാത്രവും കഞ്ഞിയും ചുമരിലും നിലത്തും പരന്നു.... " കഞ്ഞിയല്ലാതെ മനുഷ്യന് വായയിൽ വെക്കാൻ കൊള്ളാവുന്ന ഒന്നുമില്ലേ..." " ഞാൻ... ഞാനിപ്പോ ചോറ് ഉണ്ടാക്കി കൊണ്ടു വരാം...." ശ്രീനന്ദ ശബ്ദം താഴ്ത്തി പറഞ്ഞു.... " രാത്രി തിന്നാൻ അല്ല... ഇപ്പൊ തിന്നാനാണ് എനിക്ക് വേണ്ടത്.... നീ ഫ്ലാറ്റിന് വെളിയിൽ ഇറങ്ങി ഒരു പത്തു മിനിറ്റ് നടന്നാൽ ഒരു ഹോട്ടലുണ്ട്.... അവിടെ പോയി ഒരു ബിരിയാണി വാങ്ങി വാ.... " " വല്ലാതെ എണ്ണയും എരിവും കൂട്ടിയാൽ മുറിവ് പഴുക്കും.... " ശ്രീനന്ദ പറഞ്ഞതും മഹി പല്ലുകൾ ഞെരിച്ചു..... ലഹരി കിട്ടാതെ ഭ്രാന്തമായ ഒരവസ്ഥയിലാണവൻ.... കൈക്കും കാലിലും വിറയലും ഞരമ്പുകളുടെയും പേശിയുടെയും പിരി മുറുക്കവും.... വല്ലാത്ത അവസ്ഥ... അതിനിയിൽ ശ്രീനന്ദ അവനെ ഭരിക്കുന്നതായി തോന്നി അവന്.... " ഇയ്യ്... വല്ലാണ്ട് ഭരിക്കാൻ നിൽക്കണ്ടന്നെ... പറഞ്ഞതങ്ങട് കേട്ടാൽ മതി.... " മഹി നീട്ടിയ പൈസയുമായി ശ്രീനന്ദ വെളിയിലേക്ക് ഇറങ്ങി..... നട്ടുച്ച വെയിലും അവൾ നടന്നു.... തിരികെ ബിരിയാണിയുമായി വരുമ്പോൾ തളർന്നു പോയിരുന്നു.... വന്നതും വെള്ളം കുടിച്ചു വേഗം മഹിക്ക് ഭക്ഷണം കൊടുത്തു..... പാത്രങ്ങളെല്ലാം കഴുക്കാൻ വാരിയിട്ടതും മഹി വിളിച്ചവളെ..... ശ്രീനന്ദ ചെയ്യുന്ന ജോലി അവിടെയിട്ട് വേഗത്തിൽ ചെന്നു... ഫോൺ എടുത്തു കൊടുക്കാനായിരുന്നു.... ഓരോ അഞ്ചു മിനിറ്റ് കഴിയുമ്പോഴും അവന്റെ വിളി വരും... വെറുതെ അവളുടെ ഈ ഓട്ടം കാണുമ്പോൾ കിട്ടുന്ന മനസുഖം.... മഹി ശ്രീനന്ദയെ ദ്രോഹിച്ചു ദ്രോഹിച്ചു ആനന്ദം കണ്ടെത്താൻ ശ്രമിച്ചു... അതായിരുന്നു അവന് ലഹരി..... അന്ന് വൈകുന്നേരം സെലിന്റെ ഫ്ലാറ്റിന് മുന്നിൽ ചെന്ന് കാളിങ് ബെൽ അടിച്ച് ഏറെനേരം നിന്നവൾ.... നിരാശയായിരുന്നു ഫലം..... പിന്നീടുള്ള ദിവസങ്ങളിലെല്ലാം സെലിന്റെ വാതിൽ മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.... ദിവസങ്ങൾ വീണ്ടും ഒരാഴ്ചയായി മാറി..... മഹിയുടെ കടിച്ചു കീറലിൽ ഇത്തിരി കുറവ് വന്നത് വല്ലാത്ത ആശ്വാസം തന്നെയാണവൾക്ക്... സെലിൻ പോലുമില്ലാതെ എങ്ങനെ അതിജീവിക്കും എന്ന് പോലും അവൾക്കറിയില്ല.... ശ്രീനന്ദ അടുക്കളയിൽ നിൽക്കുമ്പോഴാണ് മഹിയുടെ വിളി.... " പണിയെല്ലാം ഒതുങ്ങിയെങ്കിൽ ഒരു ജ്യൂസ് തരുമോ.... " ഏറ്റവും സൗമ്യമായ ശബ്ദത്തിൽ അപേക്ഷ ധ്വനിയിൽ മഹി ചോദിച്ചതും ശ്രീനന്ദ തലയാട്ടി.... മഹി ഇപ്പൊ വല്ല ആവശ്യങ്ങൾക്ക് മാത്രമേ തന്നെ വിളിക്കൂ എന്നത് അവൾക്ക് ആശ്വാസമാണ്... അല്ലെങ്കിൽ ഒന്നിരിക്കാൻ പോലും നേരമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടേണ്ടി വരും.... ഇപ്പൊ ഏതു നേരവും ചിന്തയിലാണവൻ.... ജ്യൂസ് കൊണ്ടു വെച്ചു അവനെ പിടിച്ചു നേരെയിരുത്തി ചുണ്ടോട് ചേർത്തവൾ..... തോളിലിരുന്ന ടർക്കി എടുത്തു ചൂണ്ട് തുടച്ചു കൊടുത്തു. അവനെ നേരെ കിടത്തി ശ്രീനന്ദ മുറിക്ക് പുറത്തിറങ്ങി..... അന്നേരം മഹിയുടെ ചിന്തകളിൽ മുഴുവൻ ശ്രീനന്ദയായിരുന്നു..............തുടരും....