നിശാഗന്ധി: ഭാഗം 26
Sep 18, 2024, 13:43 IST

രചന: ദേവ ശ്രീ
അസ്മിയുടെ കുപ്പായമിട്ട് വരുന്നവളെ കാണെ ചിരി വന്നവന്... ഒരു ലൂസ് ചുരിദാറിട്ട് വരുന്ന ശ്രീനന്ദ... " ഇങ്ങട് ഇരുന്നോ കുട്ട്യേ...". ശ്രീനന്ദയൊന്നു മടിച്ചു കൊണ്ടു ചുറ്റും നോക്കി..... " ഇവിടെ വേറെ ആരൂല്യ... വല്ല്യേ പൊരന്നെ ഉള്ളൂ... ഞങ്ങള് രണ്ടുമാണിവിടെ താമസം.... " ഉമ്മച്ചിയുമ്മ പറയുമ്പോൾ ശ്രീനന്ദക്ക് ഒരാശ്വാസം തോന്നി... " ഇന്നലെ എങ്ങനെ കുട്ട്യേ ഇയ്യ് വഴീല് വീണ് കിടന്നത്....? " ഉമ്മച്ചിയുമ്മ ചോദിച്ചതും കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടപോലെയവൾ ഞെട്ടി.... " ഞാൻ.... അയാള് ന്നെ... " പാതി വഴിയിൽ നിർത്തി അമീറിനെ നോക്കിയവൾ..... " എന്നെ എന്റെയൊരു സുഹൃത്തിന്റെ വീട്ടിലാക്കി തരോ....? " പ്രതീക്ഷയോടെ ചോദിച്ചവൾ... " അതിനെന്താ... ഓനാക്കി തരും.... " ഉമ്മച്ചിയുമ്മ തന്നെ മറുപടി നൽകി.... " എങ്കിൽ ചായകുടിച്ചു റെഡിയായിക്കൊ... എവിടെയാ സുഹൃത്തിന്റെ വീട്...? " അമീർ ചോദിച്ചു.... " അറിയില്ല.... സെലിൻ എന്നാണ് പേര്..." ശ്രീനന്ദ അവനെ നോക്കി... " സ്ഥലം പറഞ്ഞാൽ മതി... നമ്മുക്ക് കണ്ട് പിടിക്കാം..." ഒരുവേള അവൾ പോകാതിരുന്നെങ്കിലെന്ന് വെറുതെ ചിന്തിച്ചു.... " സ്ഥലം അറിയില്ല... ബാംഗ്ലൂരിലായിരുന്നു... ഭർത്താവ് റോയി ജേക്കബ്... " അമീർ അവളെയൊന്നു നോക്കി... " ഹാ ബെസ്റ്റ്... എന്റെ പൊന്നു പെണ്ണെ, വീടറിയില്ലെങ്കിലും നാടറിഞ്ഞിരുന്നെങ്കിൽ ഞാൻ എങ്ങനെയെങ്കിലും നിന്നെ ആക്കി തന്നെനെ... ഇതിപ്പോ എത്ര സെലിൻ ഉണ്ടാകും... എങ്ങനെ കണ്ട് പിടിക്കാനാണ്.... " അമീർ നിസഹായനായി പറഞ്ഞു... " നിന്റെ വീട്ടിൽ പിന്നെ പണ്ടേ നിന്നെ ആക്കാൻ പറ്റില്ല.... നിന്നെ ഞാൻ മേലെപ്പാട്ട് ആക്കി തരാം.... " അമീർ പറഞ്ഞു.... " യ്യോ... വേണ്ടാ... അയാളെന്നെ ഉപദ്രവിക്കും.... പ്ലീസ് ഉമ്മാ ഞാൻ ഇങ്ങടെ കൂടെ ഇവിടെ ഒരു മൂലയിൽ കഴിഞ്ഞോളാം... എന്നെ കൊണ്ടു ഒരു ഉപദ്രവവും ഉണ്ടാവില്ല... ഈ വീട്ടിലെ എല്ലാ പണിയും ഞാൻ ചെയ്യാം..... " ശ്രീനന്ദ കരയുമെന്ന പോലെ ഉമ്മച്ചിയുമ്മയുടെ കാലിൽ പിടിച്ചു..... അമീറിന്റെ നെഞ്ച് ഉലഞ്ഞു.... "നിന്നെ ഇവിടെ നിർത്താന്ന് വെച്ചാൽ ഞങ്ങൾക്ക് നിന്നിലൊരു അവകാശവുമില്ല... നിന്റെ ഭർത്താവ് വന്നു വിളിച്ചാൽ നീ പോവേണ്ടി വരും.... അതുവരെ നീ ഇവിടെ നിന്നോ...." ഉമ്മച്ചിയുമ്മ പറഞ്ഞതും അമീറിന് സന്തോഷം തോന്നി..... " എനിക്ക് അങ്ങനെ അവകാശികളാരുമില്ല.... അയാൾ എന്റെ ഭർത്താവല്ലാ... അയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ട്.... ശ്രീനന്ദ മഹിയുമായുള്ള കല്യാണവും അതിന് ശേഷമുണ്ടായതുമെല്ലാം അവരോട് പറഞ്ഞു.... തനിക്ക് ഈ ലോകത്തിൽ ഇപ്പൊ ആശ്രയം മുന്നിലിരിക്കുന്നവർ മാത്രമാണ്.... " സാരല്യ കുട്ട്യേ... അന്റെ തൊണക്കാരത്തി വരോളം ഇയ്യ് ഇവിടെ നിന്നോ.... അന്റെ കൂട്ടക്കാര് പൊല്ലാപ്പ് ഉണ്ടാക്കും... നേരിടാൻ വൈക്കോ... " ഉമ്മച്ചിയുമ്മ ചോദിച്ചു.... " ഞാൻ ഇനി അയാളുടെ കൂടെ പോകില്ല... പോയാൽ അയാളെന്നെ.... " പകുതിയിൽ നിർത്തിയവൾ... " ഇയ്യ് ഇക്ക് ന്റെ അസ്മിനെ പോലെ തന്നെയാണ്... തത്കാലം അനക്ക് ഇടാൻ അസ്മിടെ കുപ്പായം ഇണ്ട്... ഓൾടെ മുറില് മെഷീനുണ്ട്... അന്റെ പാകമാക്കിക്കോ.... " ഉമ്മച്ചിയുമ്മ കട്ടൻ ചായ കുടിച്ച കപ്പുമായി അകത്തേക്ക് നടന്നു.... " ഇന്ന് അനക്ക് ഊര് തെണ്ടാനില്ലേ...? " തിരിഞ്ഞു നിന്നവർ ചോദിച്ചു... " ദാ പോവാ ന്റെ നബീസോ.... ". അവന്റെ ചിരി അവരുടെ മുഖത്തേക്കും പടർന്നു... അമീറ് പുറത്തേക്ക് ഇറങ്ങിയതും ഉമ്മച്ചിയുമ്മാടെ കൂടെ നിന്നവൾ..... " ഇവിടെ വിഭവങ്ങളൊന്നുമുണ്ടാവില്ല... മിക്കതും കഞ്ഞിയും ചമ്മന്തിയുമായിരിക്കും.... ഇക്കും ഓനും അതെന്നെ ധാരാളം.... " " ഞാൻ.... ഞാനൊരു ബുദ്ധിമുട്ടായോ....? എനിക്ക് പോകാൻ മറ്റൊരിടമില്ലാത്തത് കൊണ്ടാ...." ശ്രീനന്ദ പറഞ്ഞു....... " ഇയ്യ് അങ്ങനെന്നും ചിന്തിക്കണ്ട.... അന്റെ വീട് പോലെ കണ്ടാൽ മതി... മേലെപ്പാട്ട് വിഭവൊന്നും ഇണ്ടാവില്ലന്ന് പറഞ്ഞതാ...." " എനിക്ക് അങ്ങനെ ഒന്നും വേണമെന്നില്ല...." ആ നരകത്തിൽ നിന്നും രക്ഷപെട്ട സമാധാനം മാത്രമായിരുന്നു.... 🍁🍁🍁🍁🍁🍁🍁🍁 അമീറും ചങ്ങായി മുജീബും അക്ബറും അവരുടെ സ്ഥിരം സ്ഥലമായ ഓവുങ്ങലിൽ ഇരുപ്പ് ഉറപ്പിച്ചു.... " ഇത്രേം ആയ സ്ഥിതിക്ക് അമ്യേ ഇയ്യ് ഓളെ പറഞ്ഞു വിടണ്ടാ..." മുജീബ് പറഞ്ഞു.... " അതെന്നാ അമ്യേ ഇക്കും തോന്നണത്... ഓള് അനക്കുള്ളതാണ്... " അക്കവും ഏറ്റു പിടിച്ചു..... " എനിക്ക് ഇനി മോഹിക്കാൻ വയ്യാടാ... എനിക്കുള്ളതാണേൽ എനിക്ക് തന്നെ കിട്ടുന്നാ നബീസു പറയണത്.... " അമീർ വല്ലാത്തൊരു ചിരിയോടെ പറഞ്ഞു.... " എന്നാലും ഇപ്പൊ ജീവിക്കാനൊരു കൊതിയൊക്കെയുണ്ട്.... " അമീർ പറയുമ്പോൾ എവിടെ നിന്നും തുടങ്ങണം എന്ന ചിന്തയായിരുന്നവനിൽ.... 🍃🍃🍃🍃🍃🍃🍃🍃🍃 കാറ്റു പോലെയാണ് ശ്രീനന്ദയെ കാണാത്ത വിവരം നാട്ടിൽ പരന്നത്.... " മേലെപ്പാട്ടെ മഹാദേവന്റെ ഭാര്യ ആരെടായോ കൂടെ ഒളിച്ചോടി.... " അതായിരുന്നു രാവിലെ മുതൽ അന്നാട്ടിലെ ചർച്ച.... " മേലെപ്പാട്ടെ സുഖം വല്ലതും പുറത്ത് കിട്ടോ... ഓൾടെ കഴപ്പ്..... വേലി ചാടണ പയ്യിന് കോലൊണ്ട് ആയിരിക്കും മരുന്ന്.... എന്തിന്റെ കുറവ് ഉണ്ടായിട്ടാ ആ പെണ്ണിന്... പാവം ചെക്കന്റെ ജീവിതം നശിച്ചു.... എന്ത് നല്ല ചെക്കനാ ഓൾടെ ഭാഗ്യമായിരുന്നു... ശ്രീനന്ദയെ കുറിച്ച് ചർച്ചകൾ ഏറി..... " മോനെ..... " മഹിയെ അമ്മ ചേർത്ത് പിടിച്ചു.... " എന്തിന്റെ കുറവ് ഉണ്ടായിട്ടാ അമ്മേ അവൾക്ക്... ഞാൻ പൊന്നു പോലെയല്ലേ നോക്കിയത്... എന്നിട്ടും എന്നോട് ഇങ്ങനെ ചെയ്യാൻ എങ്ങനെ തോന്നി അവൾക്ക്.... " മഹി കരഞ്ഞു കൊണ്ടു പറഞ്ഞു..... " വിടരുത് മോനെ... അവളെ ജീവിക്കാൻ വിടരുത്.... കണ്ടു പിടിക്കണം.... അവളെ ഇവിടെ കൊണ്ടു വരണം... ഇതുവരെ അവള് എല്ലാ സുഖത്തിലും ജീവിച്ചില്ലേ... ഇനി നമ്മുടെ കാൽ ചുവട്ടിൽ കിടക്കണമവൾ..." മഹേശ്വരിയമ്മയുടെ കണ്ണുകൾ പകയോടെ എരിഞ്ഞു...... " അറക്കലെ ഉമ്മാ.... അറക്കലെ ഉമ്മാ.... " പറമ്പിൽ തേങ്ങയിടുന്ന വേലു പുറത്ത് നിന്നും വിളിച്ചു.... " ആഹാ വെല്വ... ഇപ്പൊ തേങ്ങയൊന്നു ഇടാനില്ല..." അവർ അടുക്കള കോലായിലേക്ക് ഇറങ്ങി തിണ്ണയിലേക്ക് ഇരുന്നു.... " ഇങ്ങള് അറിഞ്ഞോ ഉമ്മാ... ആഹാ മേലെപ്പാട്ടെ മരോള് ആരാണ്ടേ കൂടെ ഓടി പോയെന്ന്..... " വേലു തിണ്ണക്കരികിലേക്ക് നീങ്ങി തലയിലെ കെട്ടഴിച്ചു സ്വകാര്യം പോലെ പറഞ്ഞു.... അടുക്കളയിൽ ഇരുന്ന ശ്രീനന്ദയൊന്നു കാത് കൂർപ്പിച്ചു.... " അല്ലേലും അങ്ങനെ വരൂ... കൊണം പിടിക്കോ... സാഹിബിനെ അത്ര ദ്രോഹിച്ചവരല്ലേ.... " വേലു എരിതീയിലെ എണ്ണയെന്ന പോലെ പറഞ്ഞു..... " കർമം... അല്ലാണ്ട് എന്ത് പറയാൻ..... ഇന്നലെ ആ പെണ്ണിനെ വീടിന്റെ അവിടെ വെച്ച് കണ്ടോര്ണ്ട് ന്ന്... ഇന്നലെ കൃഷ്ണനാട്ടം കഴിഞ്ഞു വരണോര് കണ്ട് ന്ന്...... മേലെപ്പാട്ട് ആകെ പുലിവാലാണ്... ആ പെണ്ണിനെ കണ്ടു പിടിച്ചേ അടങ്ങൂ ന്ന വാശിയിലാ മഹികുഞ്ഞ്...." " വേലു പൊക്കോ ന്നാ.... " ഉമ്മച്ചിയുമ്മ അതും പറഞ്ഞു അകത്തേക്ക് നടന്നു.. " കേട്ടില്ല ഇയ്യ്... അനക്ക് വേണ്ടി മേലെപ്പാട്ടുക്കാര് നാലു പാടും തിരച്ചിലാണ്..... അന്നേ കിട്ടിയാൽ ഓര് വെച്ചേക്കില്ല... പക ന്ന് വെച്ചാൽ അയമ്മക്ക് പാമ്പിന്റെ പകയാണ്... ഓൾടെ പകയിലാണ് ന്റെ കുട്ട്യോള്...." ഓർമ്മകൾ അവരിൽ വേദന തീർത്തു....... ദിവസം രണ്ടു കഴിഞ്ഞിട്ടും ശ്രീനന്ദ എവിടെയെന്ന് ആർക്കും കണ്ടെത്താൻ കഴിഞ്ഞില്ല..... മഹേശ്വരിയമ്മ കണിയാനെ പോയി കണ്ടപ്പോൾ വേഗം കണ്ടെത്താൻ കഴിയും എന്ന് പ്രശ്നം വെച്ചു പറഞ്ഞെങ്കിലും കൂടെ കൂട്ടാൻ തടസങ്ങൾ ഏറെയുണ്ട് എന്ന് പറഞ്ഞവർ..... മഹിക്ക് ഇപ്പൊ മോശം കാലമാണെന്ന്.... ഇന്നോളം ദാമ്പത്യ ജീവിതം തുടങ്ങിയിട്ടില്ല രണ്ടുപേരും എന്ന് കണിയാൻ പറഞ്ഞത് അവരിൽ ഞെട്ടലായിരുന്നു..... രണ്ടു വർഷമായി ഒരുമിച്ച് ജീവിക്കുന്നു... എന്നിട്ടും... മഹേശ്വരിയമ്മക്ക് മകനോട് എങ്ങനെ ഈ വിഷയം ചോദിക്കണം എന്നറിയില്ലാ.... 🍁🍁🍁🍁🍁🍁🍁🍁 " അനക്ക് നല്ലോം ചേരണ്ണ്ട് ഈ വേഷോക്കെ... " അസ്മിയുടെ പാവാടയും ടോപ്പും ഇട്ട് നിൽക്കുന്നവളെ നോക്കി പറഞ്ഞവർ... ജീവിതത്തിൽ ആദ്യമായാണ് ശ്രീനന്ദ ഇങ്ങനെയുള്ള വേഷങ്ങൾ ധരിക്കുന്നത്.... ആദ്യത്തേ മടിയെല്ലാം അവളെ വിട്ട് പോയിരിക്കുന്നു.... അവൾ ഉമ്മച്ചിയുമ്മാടെ കൂടെ അടുക്കളയിൽ തന്നെ നിന്നു... ഹാളിലിരുന്നു കട്ടൻ ചായയും കപ്പയും കഴിക്കുന്നുണ്ട് അമീർ... ഒപ്പം കയ്യിലെ ഫോൺ തോണ്ടി നോക്കുന്നുണ്ട്.... പുറത്ത് നിന്നും ഉയർന്ന ശബ്ദത്തിൽ അമീർ പുറത്തേക്ക് ഇറങ്ങി.... മഹാദേവനും അവന്റെ ആളുകളും ഇത്തിരി നാട്ടുക്കാരും..... അമീറിന്റെ കൂടെ ഉമ്മച്ചിയുമ്മയും പുറത്തേക്ക് ഇറങ്ങി.... " മ്മ്... എന്ത് വേണം...? " അമീറായിരുന്നു ചോദിച്ചത്.... " അകത്തുള്ളവളെ ഇറക്കി വിടാടാ.... " മഹി മുരണ്ടു കൊണ്ടു അവന്റെ നേരെ ചെന്നു.... " ദേ... കണ്ണിൽ കണ്ട പെണ്ണ് പിടിയനും ആഭാസനും അമീറിന്റെ ഒരു കൈ അകലം മാറി നിൽക്കണം... ഇല്ലെങ്കിൽ അടിച്ചു ചെപ്പ പൊട്ടിച്ചു കളയും.... " യാതൊരു കുലുക്കവുമില്ലാതെ പറഞ്ഞവൻ.... അല്ലെങ്കിലും അന്നാട്ടിലുള്ളവരാരും അറക്കക്കാരുമായി നേരിട്ട് ഒരങ്കത്തിന് ഇറങ്ങില്ലാ... എന്തിനും പോന്ന ആണുങ്ങളുള്ള തറവാട് അറക്കൽ.... " അമീറെ... കയ്യാങ്കളിക്ക് വന്നതല്ല ഞങ്ങള്.... ശ്രീനന്ദ അകത്തുണ്ടെങ്കിൽ അവളെ വിളിക്ക്..... ഓളെ തടഞ്ഞു വെക്കാൻ ഇങ്ങക്ക് അവകാശമില്ല... ഓള് ഇവന്റെ ഭാര്യയാണ്.... " മഹിയുടെ കൂടെ വന്ന അന്നാട്ടിലെ വാർഡ് മെമ്പർ പറഞ്ഞു.... " ഓള് ഓനെ വിട്ട് ഇവിടെ വന്നത് ഓനെ വേണ്ടാഞ്ഞിട്ട് തന്നെയാണ് മെമ്പറേ.... അതോണ്ട് ഇങ്ങള് നേരം കളയാതെ ചെല്ലിൻ.... " അമീർ എന്തിനുമെന്ന പോലെ നിന്നു..... " ഞങ്ങള് പോകാം.... പക്ഷെ അത് ശ്രീനന്ദയില്ലെ അവള് പറയണം... അല്ലാതെ നിങ്ങള് അവളെ ഇവിടെ പിടിച്ചു വെച്ചതാണോ എന്ന് അറിയില്ലല്ലോ.... " മെമ്പർ പറഞ്ഞതും അമീർ അകത്തേക്ക് നടന്നു..............തുടരും....