Novel

നിശാഗന്ധി: ഭാഗം 27

രചന: ദേവ ശ്രീ

” ഇയ്യ് കേട്ടില്ലേ പൊറത്തെ വക്കാണം…
നെനക്ക് വേണ്ടിട്ടാ… നെന്റെ തീരുമാനം അറിയണം ന്ന്….
എന്ത്‌ പറയും നീ…. ”
അമീർ അകത്തു നിൽക്കുന്നവളുടെ അരികിൽ വന്നു ചോദിച്ചു…

” ഞാൻ ഇവിടെ നിന്നോളാം എന്ന് പറഞ്ഞോളാം…. ”

 

” തോന്നുന്നുണ്ടോ… അന്നെ അവരിവിടെ നിർത്തും എന്ന്….
നിർത്തില്ല…
കാരണം ഞങ്ങൾ നിന്റെ ആരുമല്ല….
പോരാത്തതിന് വയസായ ഒരു ഉമ്മയും ചോരയും നീരുമുള്ള ഞാനും മാത്രം താമസിക്കുന്ന വീട്… നീ ഇവിടെ സുരക്ഷിതയല്ലെന്ന് എല്ലാവരും പറയും…
അന്യരാണ് ഇവിടെ ഉള്ളവർ…. നിന്നെ കൂടെ കൂട്ടാൻ എന്തും ചെയ്യും…. അതിന്
മേലെപ്പാട്ട് നിനക്ക് നിൽക്കാൻ വയ്യെങ്കിൽ നിന്നെ മറ്റേവിടെയെങ്കിലും താമസിപ്പിക്കും…”
അമീർ നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞു…

” ഞാൻ അയാളുടെ സ്വഭാവം എല്ലാവരോടും പറയാം…. ”
ശ്രീനന്ദ നിസ്സഹായതയോടെ പറഞ്ഞു…

 

” നോക്ക് നന്ദ… നീ വിചാരിക്കുപോലെ അവിടെ ചെന്നു എന്തു വിളിച്ചു പറഞ്ഞാലും അവരാരും വിശ്വസിക്കില്ല…
മഹാദേവന് ഇവിടെ ഒരു ഇമേജ് ഉണ്ട്….
അയാൾ ഉണ്ടാക്കിയെടുത്തൊരു സ്വഭാവ സർട്ടിഫിക്കറ്റ് ഉണ്ട്… മറ്റുള്ളവരുടെ കണ്ണിൽ നീ അയാളെ വഞ്ചിച്ച ഒരു പെണ്ണാണ്… നിന്നെ ആരും വിശ്വസിക്കില്ല…. ”
അമീർ പറഞ്ഞു…

” ഞാൻ… ഞാനെന്താ ചെയ്യേണ്ടത് അമീറെ… എന്നെ നീ കൂടെ കൈവിട്ടാൽ പിന്നെ….

ഞാനെവിടെ പോയാലും അയാളെന്നെ വെറുതെ വിടില്ല…. ”

” നിന്റെ മുന്നിൽ രണ്ടു വഴിയുണ്ട്… ഒന്നുകിൽ നിനക്ക് അവരുടെ കൂടെ പോകാം…
അല്ലെങ്കിൽ അവനെ ഉപേക്ഷിച്ചു നീ എന്റെ കൂടെ ഇറങ്ങി വന്നതാണെന്ന് പറയണം…. “..

 

” ഞാൻ പറയാം…. ”
ഇനിയും ഒരു പരീക്ഷണത്തിനില്ലെന്ന പോലെ ശ്രീനന്ദ പറഞ്ഞു….

%%%%%%%%%%%%

 

മുറ്റത്തു കാത്തു നിൽക്കുന്നവരുടെ ഇടയിലേക്ക് അമീറിന്റെ കൂടെ ശ്രീനന്ദയും ഇറങ്ങി വന്നു….

” ഇതാ നിൽക്കുന്നു… ചോദിച്ചു നോക്ക്…. ”
അമീർ അവളെ മുന്നിലേക്ക് നീക്കി നിർത്തി……

 

” കുട്ടി… നിങ്ങൾ തമ്മിൽ എന്ത്‌ പ്രശ്നം ഉണ്ടെങ്കിലും പറഞ്ഞു തീർക്കാം… നിന്റെ ഭർത്താവാണ് അവൻ… നിന്നെ കാണാതെ നിനക്ക് വേണ്ടി നാടു നീളെ അലഞ്ഞവൻ….
ഇന്ന് വാര്യര് ഈ ചെറുക്കൻ നിന്നെ എടുത്തു കൊണ്ടു പോകുന്നു കണ്ടു എന്നറിഞ്ഞപ്പോ നിനക്ക് വേണ്ടി ഓടിയെത്തിയവനാണ്….
ആ അവന്റെ സ്നേഹം ഇനിയും കണ്ടില്ലെന്ന് വെക്കണോ… ”
മെമ്പർ ശ്രീനന്ദയോട് പറഞ്ഞു….

 

” എന്നെ ആരും അന്വേഷിക്കണ്ട… ഞാൻ എങ്ങനെയെങ്കിലും ജീവിച്ചു കൊള്ളാം… എല്ലാവരും ഒന്ന് പോയാൽ മതി…. ”
ഭയന്നു വിറച്ചു കൊണ്ടു പറഞ്ഞവൾ….
മുഖം ഉയർത്തി മഹിയെ ഒന്ന് നോക്കാൻ പോലും തോന്നിയില്ല അവൾക്ക്… എങ്ങാനും നോക്കിയാൽ ഉള്ളിൽ സ്വരുകൂട്ടി വെച്ച ധൈര്യം ചോർന്നു പോയാലോ….

 

“അങ്ങനെ ഉപേക്ഷിച്ചു പോകാനല്ല ഞാൻ വന്നത്….”
മഹാദേവൻ നന്ദക്ക് അരികിലേക്ക് വന്നു…
ഒപ്പം ഒരു കവചം പോലെ അമീറും….
അരികിലുള്ളവന്റെ ധൈര്യത്തിൽ ശ്രീനന്ദ മഹിക്ക് നേരെ നിന്നു….

” മഹി… ഒരു പ്രശ്നം ഉണ്ടാക്കാനല്ലല്ലോ വന്നത്….
നമ്മുക്ക് കാര്യങ്ങൾ സംസാരിച്ചു തീർപ്പാക്കാം… ”
മെമ്പർ അനുനയത്തോടെ പറഞ്ഞു…..

” അല്ലെങ്കിലും ഇതിലിനി എന്ത്‌ നയമാണ് മെമ്പറെ പറയാനുള്ളത്…
ഓളെ വിളിച്ചു ആ ചെക്കന്റെ കൂടെ പറഞ്ഞു വിടുന്നതിനു പകരം സംസാരിക്കാൻ ഒന്നുമില്ല… ”
നാട്ടുകാർ ഒരുപോലെ അഭിപ്രായം പറഞ്ഞു….

” ഞാനില്ല… ഞാൻ ഇവിടെ നിന്നോളാം… ”
ശ്രീനന്ദ ഉറക്കെ പറഞ്ഞു…

“നിനക്ക് മേലെപ്പാട്ട് വരാൻ വയ്യെങ്കിൽ വേണ്ട…
പക്ഷെ ഒരന്യ പുരുഷന്റെ കൂടെ, ഒരു വയസായ തള്ള മാത്രമുള്ള വീട്ടിൽ നിൽക്കാൻ പറ്റില്ല…
നിന്റെ സുരക്ഷ ഞങ്ങളും ഉറപ്പാക്കണം…
നിന്നെ പ്രതിക്ഷ ഭവനത്തിലാക്കാം…”.
ശ്രീനന്ദ അമീറിനെ ഒന്ന് നോക്കി…
അവൻ എല്ലാം മുൻകൂട്ടി കണ്ടിരിക്കുന്നു….

 

” മെമ്പർ തത്കാലം ചെല്ല്…
ഓള് ഇവിടെ സുരക്ഷിത തന്നെയാണ്…
എന്നാലും നാട്ടിലെ പെൺപിള്ളേരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശുഷ്‌കാന്തിയൊക്കെ എന്ന് തുടങ്ങി മെമ്പറേ…. ”
അമീർ അയാളുടെ തോളിൽ കൈയിട്ട് പറഞ്ഞു….

” അത് നീയല്ലല്ലോ തീരുമാനിക്കേണ്ടത്….
അവൾക്ക് വീട്ടുക്കാരും ഞങ്ങളും ഒക്കെ ഉണ്ട്… ”
മഹാദേവൻ അമീറിന്റെ നെഞ്ചിലൊന്നു ഉന്തി കൊണ്ടു പറഞ്ഞു….

 

” കയ്യാങ്കളിക്ക് നിൽക്കാനാണേൽ അമീറോട്ടും മോശമല്ല… നാട്ടുക്കാരോട് ചോദിച്ചാൽ മതി…. ”
മഹിയെ നോക്കി ആത്മവിശ്വാസത്തൊടെ പറഞ്ഞവൻ….

മെമ്പർ മഹിയെ അരുതെന്ന പോലെ തടഞ്ഞു…..

” വാ നമ്മുക്ക് തത്കാലം പോകാം… ”
മഹിയുടെ അരികിൽ വന്നു വിളിച്ചു മെമ്പർ….

ദേഷ്യം ഉച്ചസ്ഥായിലെത്തിയ മഹി മെമ്പറുടെ കൈ കുടഞ്ഞെറിഞ്ഞു ശ്രീനന്ദക്കരികിലേക്ക് പാഞ്ഞടുത്തു….

“ഞാൻ ഇവിടെ വന്നെങ്കിൽ നിന്നെ കൊണ്ടു പോകാനും അറിയാം….”
ശ്രീനന്ദക്ക് നേരെ നീട്ടിയ മഹിയുടെ കൈ തണ്ടയിൽ അമീറിന്റെ പിടുത്തം വീണു…..

പരസ്പരം പോര് കോഴികളെ പോലെ അമീറും മഹാദേവനും….
ഇന്നൊരു ഷോ കാണാം എന്ന പോലെ നാട്ടുക്കാരും…..

“എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല ചെക്കാ… നിന്റെ ചോര തിളപ്പ് തീർക്കാതെ മാറി നിൽക്കു….”.
മഹി അവനോട് ലാഘവത്തോടെ പറഞ്ഞു….

 

” എനിക്ക് നിന്നോടും ഒരു ദേഷ്യവുമില്ല മഹാദേവാ…
പക്ഷെ അറക്കലെ അമീറു മഹറ് കൊടുത്തവളാണ് ഈ നിൽക്കുന്നത്…
അവളോട് കന്നംതിരിവ് കാണിക്കാൻ നിന്നാൽ അടിച്ചു മോറ് പൊളിക്കും ഞാൻ….. ”
അമീന്റെ വാക്കുകളിൽ മഹി അയഞ്ഞു…..

ശ്രീനന്ദ പുറത്തേക്ക് ഉയർത്തി കാട്ടിയ മഞ്ഞ ലോഹം മഹിയുടെ തോൽവിയുടെ ആദ്യപടിയായിരുന്നു….

” ഓള് ന്റെ കൂടെ ജീവിക്കാനാ ഇറങ്ങി പോന്നത്… ഞാൻ കെട്ടിയ മഹറാണ് ഓൾടെ കഴുത്തിൽ… എന്റെ കെട്ട്യോള് എന്റെ കൂടെ ഇവിടെ ജീവിക്കും… അത് ചോദ്യം ചെയ്യാൻ ഒരു നാട്ടുക്കാരനും അറക്കലെ പടി ചവിട്ടി പോകരുത്…. ”
അത്‌ അമീറിന്റെ താക്കീത് ആയിരുന്നു….
അവനോട് പൊരുതി ജയിക്കാൻ മാത്രം ഉശിരുള്ള ആരും ആ നാട്ടിലില്ല…..

 

” ഓഹ്… എന്നാലും തന്തേം തള്ളേം ഇല്ലാതെ നിന്നെ വളർത്തി വലുതാക്കി നല്ലൊരു ചെക്കനെ കൊണ്ടു കെട്ടിച്ച പാവം ഗംഗാധരനും നിന്നെ സ്നേഹിച്ച ഈ ചെക്കനേം ഇങ്ങനെ പറ്റിക്കാൻ എങ്ങനെ തോന്നിയടി നന്ദിയില്ലാത്തവളെ….
നീയൊക്കെ നരകിക്കും… ആ ചെക്കന്റെ കണ്ണീരിനു നീ അനുഭവിക്കാതെ പോവില്ലെടി….”
മെമ്പർ ശ്രീനന്ദക്ക് അരികിൽ വന്നു പറയുമ്പോൾ കുഞ്ഞുനാള് തൊട്ട് കേൾക്കുന്ന വാക്കുകളിൽ അവൾക്ക് പുതുമ തോന്നിയില്ല…
പറയുന്ന ആളുകളിലെ വ്യത്യാസമേ മാറിയിട്ടള്ളൂ….
വാക്കുകൾ അന്നും ഇന്നും ഒന്ന് തന്നെ…..

പക എരിയുന്ന കണ്ണുകളോടെ അമീറിനെ നോക്കുന്ന മഹാദേവനെ കണ്ടില്ലെന്ന് നടിച്ചവൻ….

” നിന്നെ ഇതിന് അനുഭവിപ്പിക്കുമെഡി…
നീ ഇവന്റെ കൂടെ അങ്ങനെ ജീവിക്കില്ല… നിന്നെ ഞാൻ അഴിയെണ്ണിപ്പിക്കും… നീ ഒരു കാര്യം മറക്കണ്ട.. ഇപ്പോഴും നിയമ പരമായി നീ ഈ കുഞ്ഞിന്റെ ഭാര്യയാണ്… നിന്നെ കൊണ്ടു ഇതിന് സമാധാനം പറയിച്ചില്ലെങ്കിൽ എന്റെ പേര് ഗംഗാധരനെന്നല്ല…. ”
എവിടെ നിന്നോ രംഗത്തേക്ക് ഓടി വന്ന ഗംഗാധരന്റെ വകയായിരുന്നത്….

 

” ഓഹ്… ആയിക്കോട്ടേ…
അമ്മാവനിപ്പോ ചെല്ല്… എന്നിട്ട് വക്കീലുമായി വാ… അപ്പൊ നോക്കാം… അല്ലേ മഹാദേവാ…. ”
അമീറ് വിളിച്ചതും മഹാദേവനൊന്നു പരുങ്ങി….

ചെയ്തു പോയ ചില കാര്യങ്ങളിലെ പിഴവുകൾ, എടുത്തു പോയ ചില തീരുമാനങ്ങളുടെ അപാകതകൾ മഹിയുടെ ജീവിതത്തെ പിന്തുടർന്ന നിമിഷമായിരുന്നത്……

എന്തിനും തയ്യാറെന്ന പോലെ നിൽക്കുന്ന അമീറിനെ നോക്കി മഹാദേവൻ ആ പടിക്ക് പുറത്തേക്ക് നടന്നു…
ജീവിതത്തിലെ ആദ്യ തോൽവി ആയിരുന്നു… ആദ്യത്തെ അപമാനമായിരുന്നു…
അതിനയാൾ പകരം വീട്ടുക തന്നെ ചെയ്യും….

 

” ഇതിന് എന്ത്‌ ചെയ്യണം എന്ന് എനിക്ക് അറിയാം…. ”
പുറത്തേക്ക് ഇറങ്ങിയതും പിറകെ വന്ന മെമ്പറോടും ഗംഗാധരനോടും പറഞ്ഞവൻ….

” തത്കാലം നീ ഒന്നും ചെയ്യേണ്ട… ആ ചെക്കൻ നിസാരക്കാരനല്ല…. ”
മെമ്പർ മഹിയോട് അനുനയത്തിൽ പറഞ്ഞു….
മഹിയേക്കാൾ അഞ്ചാറ് വയസിന് ഇളയതാണ് അമീർ….

” ആ നരുന്ത് ചെക്കനെ പേടിച്ചു ജീവിക്കാൻ മേലെപ്പാട്ട് മഹാദേവനെ കിട്ടില്ല… അവന്റെ നെഗളിപ്പ് ഞാൻ തീർത്തു കൊടുക്കുന്നുണ്ട്…. ”
മഹി ദേഷ്യത്തിൽ പറഞ്ഞു കൊണ്ടു വണ്ടി മുന്നോട്ട് എടുത്തു…..

 

🍃🍃🍃🍃🍃🍃🍃🍃🍃

” ഇനി ആ ചെക്കൻ പൊല്ലാപ്പ് ഉണ്ടാക്കി വരില്ല ലെ…”
ഉമ്മച്ചിയുമ്മ അമീറിനോട്‌ ചോദിച്ചു….

” ന്റെ നബീസോ… ഓൻ മേലെപ്പാട്ടെ വിത്തല്ലേ… ഓൻ വരും…. ചിലപ്പോൾ ന്റെ നേരെ, അല്ലെങ്കിൽ ഓൾടെ നേരെ… ഓൻ എന്തും ചെയ്യും… ഇപ്പൊ ഓന് ഓളെ കൂട്ടണം എന്നത് ഒരു വാശിയാണ്…. എന്നോടുള്ള വാശി… കാലപ്പഴക്കമുള്ള കുടുംബങ്ങൾ തമ്മിലുള്ള വാശി….

നബീസുമ്മ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു….. ആ വൃദ്ധയുടെ ഉള്ള് നിറയെ ആശങ്കകളായിരുന്നു….
വീണ്ടും പഴയതൊക്കെ ആവർത്തിക്കുമോ എന്ന ഭയമായിരുന്നു….
എന്തെല്ലാം കാണണം ന്റെ റബ്ബേ… ന്റെ കുട്ട്യോൾക്ക് ഒരാപത്തും വരുത്തല്ലേ നീയ്… അഞ്ച് നേരം മുടങ്ങാതെ നിസ്‌ക്കരിക്കണോളല്ലെ ഞാന്… ഇനിയു ന്നെ പരീക്ഷിക്കല്ലേ നാഥാ……..”

“എന്താണ് ന്റെ നബീസുക്കുട്ടി ഒറ്റക്ക് നിന്ന് പിറുപിറുക്കണത്…”
അമീർ പിറകിൽ നിന്നും അവരെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ ചുളിഞ്ഞ കവിളിൽ ഉമ്മ വെച്ചു….

“അന്റെ സന്തോഷം ന്താന്നൊക്കെ ഇക്ക് അറിയാം… ചുളിവിള് ഇയ്യ് ഓളെ കെട്ടിലെ….”
അവർ പരിഭവം നടിച്ചു….

 

” ആ പാവം അത്രേം അനുഭവിച്ചോണ്ട് നിന്ന് തന്നതാണ്… സത്യത്തിൽ ഓൾടെ അവസ്ഥ ഞാനും മുതലേടുത്തു ലെ….”
അമീർ ഉമ്മച്ചിയുമ്മാടെ മുന്നിൽ തെറ്റ് ചെയ്തവനെ പോലെ നിന്നു…………..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button