നിശാഗന്ധി: ഭാഗം 28

നിശാഗന്ധി: ഭാഗം 28

രചന: ദേവ ശ്രീ

" ഞാൻ പറയണത് അറക്കലെ ഉമ്മാക്ക് മനസിലായില്ലെ... നമ്മുടെ മതത്തിൽ തന്നെ തോനെ പെൺങ്കുട്ട്യോള് ഉണ്ട്... അതിന്റെ ഇടയിൽ എന്തിനാ അമീറിന് ഒരു അന്യമതക്കാരിയെ.... അതും രണ്ടാംകെട്ട്..." " ഹാജ്യര് മതോം വർഗീയതയും പറഞ്ഞു കഴിഞ്ഞുച്ചാ പൊക്കോളിന്... ഇക്ക് ഉച്ചത്തേക്ക് ഉള്ളത് വെച്ചുണ്ടാക്കാനുണ്ട്.... "   " അതെന്ത് വർത്താനാ ഉമ്മാ... ഓനോ ഒരാറാംപറപ്പ്... ഓന്ക്ക് പള്ളിയും മഹല്ല് കമ്മിറ്റിയും വേണ്ടാ... ഇങ്ങക്കും ഇങ്ങനെ ആണേൽ സമുദായം തിരിഞ്ഞു നോക്കില്ല.... " ഹാജ്യര് പറഞ്ഞു....   " ഇക്കും ഓന്ക്കും ഇന്നോളം ഒരു പള്ളിയും മഹല്ലും ചെലവിന് തന്നിട്ടില്ല.... ഇനി ഒട്ട് വേണ്ടതാനും.... ഹാജ്യര് ചെല്ല്.. " നബീസമ്മ പറഞ്ഞു....   അവര് പോകുന്നതും നോക്കി നബീസുമ്മ അകത്തേക്ക് നടന്നു.... " ഉമ്മച്ചിയുമ്മാ... ഞാൻ എല്ലാവർക്കും ഒരു ബുദ്ധിമുട്ട് ആയല്ലേ.... "   " ഇയ്യ് അങ്ങനെ ഒന്നും ചിന്തിക്കേണ്ട പെണ്ണെ.... ഒക്കെ വിധിയാ... അനുഭവിക്കാനുള്ളതെല്ലാം അനുഭവിക്കണം.... ഒരിക്കലീ തറവാട് മുചൂടും മുടിച്ചൊരാ മേലെപ്പാട്ടുക്കാര്.... "   " ഞാൻ പോയി കോളാം.... " ...   " എവിടെക്ക്... ഇനി ഇജ് ഇവിടെന്ന് പോയിട്ട് അന്നെ കാണാതായാൽ അതിനും ന്റെ ചെക്കൻ സമാധാനം പറയണം.... ഇത്രെമേ എത്തിയില്ലേ.... തത്കാലം ഇയ്യ്വിടെ നിക്ക്....." ഉമ്മച്ചിയുമ്മ അരിയിടുന്നതും നോക്കി നിന്നവൾ......   " പണ്ട്.... ഓന്റെ ഉപ്പൂപ്പ ചോര നീരാക്കിയാ കായോണ്ടാ ആ കൂപ്പിരിക്കുന്ന മൂന്നെക്കർ സ്ഥലം മേലെപാട്ടെ ജഗനാഥന്റെ ഏട്ടൻ പത്മനാഭന്റെ കയ്യിൽ നിന്നും വാങ്ങുന്നത്..... ആക്കാലത്ത് തന്നെയായിരുന്നു മുനീറിന്റെയും നൂർജാന്റെയും കല്യാണം.... നൂർജാ ഞങ്ങടെ ഒരേയൊരു മകളാണ്.... മുനീറു മൂപ്പരുടെ പെങ്ങടെ നാലാൺമക്കളിൽ ഇളയതും.... കല്യാണം കഴിഞ്ഞതും താമസം ഇങ്ങടാക്കി... ഓന്റെ മാമന്റെ വലം കൈ തന്നെ എന്ന് പറയാം.... വൈകാതെ തന്നെ അസ്മി ഉണ്ടായി.... അമീറും..... അമീറിന് അന്ന് പ്രായം നാലാണ്... ഓന്റെ മൂത്തോൾക്ക് ഒൻപത് വയസും.... ജഗനാഥൻ, അയാളുടെ പേരിലുള്ള സ്ഥലം അയാളുടെ ഏട്ടൻ കൈ മറിച്ചതാണ് ന്ന്....   അന്ന് മൂപ്പര് പറഞ്ഞു, അതൊക്കെ ഓര് തമ്മിലു തീർക്കണം... ന്റെ എടുത്തല്ലാ തീർക്കേണ്ടത് ന്ന്.... പിന്നെ വഴക്കായി... പൊല്ലാപ്പായി... എല്ലാത്തിനും മുന്നില് അമീറിന്റെ ഉപ്പ മുനീറായിരുന്നു.... ഓന് മാമാന്ന് വെച്ചാ ജീവനായിരുന്നു... പിന്നീട് കുറെ നാളത്തേക്ക് പൊല്ലാപ്പ് ഒന്നും ഉണ്ടായില്ല... അങ്ങനെയിരിക്കെ ആണ് ആ സ്ഥലം ഓന്റെ ഏട്ടന്റെ കയ്യിൽ നിന്നും തട്ടിയെടുത്തതാണെന്ന് പറഞ്ഞു ഒരു വക്കീൽ നോട്ടീസ് വരുന്നത്.... അന്ന് മൂപ്പരും മുനീറും കൂടി മേലെപ്പാട്ട് പോയി പത്മനാഭനുമായി വഴക്കായി.... പലരും പല കഥകളും പറഞ്ഞു... അതിലൊന്നയിരുന്നു ആ ഭൂമിയിലെ നിധി.... അതറിയാതെയാണ് അയാൾ സ്ഥലം വിറ്റത്... അയാളുടെ ധൂർത്ത് കാരണം എല്ലാം പോയി... സ്ഥലം തിരിച്ചു പിടിക്കാനുള്ള വകയുമില്ല.... ഒടുവിൽ കണ്ട വഴിയായിരുന്നത്.... മേലെപ്പാട്ടുക്കാർ വാശിക്കും കുശാഗ്രബുദ്ധിക്കും മുന്നിലായിരുന്നു.... എന്നാൽ അവിടത്തേ ഇളയമ്പ്രാട്ടി മഹേശ്വരി പകയിലും മുൻപന്തിയിലായിരുന്നു.... മൂപ്പര് മേലെപ്പാട്ട് പോയി ഉണ്ടാക്കിയ പ്രശ്നം അറിഞ്ഞു ജഗനാഥൻ, മഹാദേവന്റെ അച്ഛൻ കൂപ്പിലേക്ക് വന്നു... അന്നേരം കൂപ്പില് വെച്ചുണ്ടായ കശപിശയിൽ തടിപിടിക്കാൻ വന്ന ആനയുടെ ചവിട്ടേറ്റ് അയാൾ മരിച്ചു.... അന്ന് മഹാദേവന് പത്തു വയസ്സ് കാണും.... അന്നേരം മുതൽ മൂപ്പര് പുറത്ത് പോയാൽ നെഞ്ചിലൊരു എടങ്ങേറ് ആണ്... വൈകാതെ തന്നെ കോടതിയിൽ നിന്നുള്ള ഓഡറിൽ കൂപ്പു സീല് വെച്ചു.... കേസ് നടത്താനായി സകലതും വിറ്റ്.... ഒരിക്കൽ കോടതിയിൽ പോകാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ മുനീറും നൂർജയും കുട്ട്യോളെ ന്റെ അടുത്താക്കി പോയതാണ്..... വരും വഴി ഒരു ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു...മരണം ഉറപ്പാക്കാൻ വീണ്ടും വീണ്ടും ഇടിച്ചു.... എല്ലാം അവസാനിച്ചു... പേരകുട്ട്യോളെ കൊണ്ടു അന്ന് എങ്ങനെ ജീവിക്കും എന്നോർത്ത് നിന്ന കാലം... പിന്നെയും കേസ് നടത്തി.... ഈ വീടല്ലാത്ത എല്ലാം വിറ്റു.... കുറച്ചു അസ്മിക്കായി മാറ്റി വെച്ചു.... മൂപ്പര് ആവോളം പണിക്ക് പോയി.... കുട്ട്യോള് വളർന്നു... അവരുടെ സന്തോഷം വീണ്ടും ജീവിതത്തിൽ വെളിച്ചം കൊണ്ട് വന്നു.... പൊട്ടന്നായിരുന്നു മൂപ്പരുടെ മരണം.... അതിന് ശേഷം ന്റെ അമി ഒന്നിനും പോയിട്ടില്ല...... .." ആ വൃദ്ധയെ തന്നെ നോക്കി നിന്നു... ഇത്രേം അനുഭവിച്ചിട്ടും ജീവിതത്തിൽ യാതൊരു ദുഃഖവുമില്ലാത്ത പോലെ ജീവിക്കുന്ന സ്ത്രീ.... എല്ലാവരുടെ ജീവിതത്തിലും കാണും ഓരോരോ സങ്കടങ്ങൾ.....   🌕🌕🌕🌕🌕🌕🌕 " ഇനിയെന്താ അമ്യേ അന്റെ പരിപാടി.... " അക്കു കാര്യങ്ങളെല്ലാം കേട്ടറിഞ്ഞ ശേഷം ചോദിച്ചു.... " ഓൾടെ കൂട്ടുക്കാരി വരുന്നവരെയും തങ്ങാൻ ഒരിടം.... അങ്ങനെ പെട്ടൊന്ന് എന്തായാലും ഓൾടെ കൂട്ടുകാരി വരില്ല.... ആ സമയത്തിനുള്ളിൽ ഓൾടെ മനസ് മാറണം.... "   " മനസ് മാറീട്ട്...? " മുജീബ് ആയിരുന്നു ചോദിച്ചത്... " മനസ് മാറീട്ട്... എനിക്ക് എന്റെ അമീറിനെ വിട്ട് പോരാൻ പറ്റില്ലെന്ന് ഓള് പറയണം.... എനിക്കും വേണ്ടടാ ഒരു ജീവിതം.... "   " എന്തോ... എങ്ങനെ.... " രണ്ടുപേരും അവനെ നോക്കി ചിരിക്കുമ്പോൾ ആ വെള്ളാരം കണ്ണുകൾക്ക് വല്ലാത്ത തിളക്കമായിരുന്നു....       🍁🍁🍁🍁🍁🍁🍁🍁🍁 പുലർച്ചെ അമീർ ബൈക്കും എടുത്തു പോയതാണ്... എല്ലാവരും എഴുന്നേൽക്കും മുൻപ്....   " ഇന്ന് ചോറ് വെച്ചാലോ.... " അടുക്കളയിൽ ഉമ്മച്ചിയുമ്മടെ അടുത്ത് നിന്നവൾ ചോദിച്ചു... " ന്താ... കഞ്ഞി കുടിച്ചു മടുത്തോ നിനക്ക്.... " " ഹേയ്.. അങ്ങനെല്ലാ ഉമ്മച്ചിമ്മാ.... എന്നും ഒന്ന് തന്നെ അല്ലേ... അതോണ്ട് പറഞ്ഞതാ.... " " നെനക്ക് വയ്ക്കുച്ച ഉണ്ടാക്കിക്കൊ... എന്നെ കൊണ്ട് കൂടില്ല.... "   " ഞാൻ ഉണ്ടാക്കാം.... " ശ്രീനന്ദ ഉഷാറോടെ പറഞ്ഞു.... " കറിക്കുള്ളത് തൊടിയിൽ കാണും... എന്താ വേണ്ടത് എന്ന് വെച്ചാൽ പൊട്ടിച്ചോ.... സൂക്ഷിച്ചു പൊക്കോ.... " കയ്യിലേക്ക് ഒരു മുറം എടുത്തു കൊടുത്തു... ഒപ്പം മൂർച്ചയുള്ളൊരു കത്തിയും..... ഇതുവരെയും തൊടിയിലേക്ക് ഇറങ്ങിയിട്ടില്ലവൾ.... അതിശയം തോന്നിയവൾക്ക്... ഒട്ടുമിക്ക പച്ചക്കറിയും ഉണ്ടവിടെ... എന്നാൽ ഒന്ന് പോലും അടുക്കളയിൽ കണ്ടിട്ടില്ല ഈ ദിവസങ്ങളിൽ.... നന്ദ ഒരു കുമ്പളങ്ങയും മത്തനും പൊട്ടിച്ചു.... നിലത്ത് നിന്നും ഒരു പാകമായ ചേന പറിച്ചു... വിളഞ്ഞു നിൽക്കുന്ന പയറ് ഇത്തിരി അറുത്തു... ഒന്ന് രണ്ടു കൈപ്പക്കയും ഇത്തിരി ബീൻസും... വീണു കിടന്ന വാഴയിൽ നിന്നും നേന്ത്ര കുല വെട്ടി.... ഇത്തിരി പച്ചമുളകും കാന്താരിയും തക്കാളിയും കറിവേപ്പിലയും അറുത്തു.... മതിലിനോട്‌ ചേർന്ന് നിൽക്കുന്ന മുരിങ്ങയിൽ നിന്നും അഞ്ചാറു കായ അറുത്തു..... തിരികെ വന്നു വെട്ടിയിട്ട വാഴ പൊളിച്ചു തണ്ട് എടുത്തു.... അപ്പോഴേക്കും ഉമ്മച്ചിയുമ്മയുടെ വിളി വന്നിരുന്നു.... മുറത്തിൽ എല്ലാം നിറച്ചു തലയിൽ വേച്ചു... നേന്ത്രക്കാ കയ്യിൽ തൂക്കി നടന്നു.... അവളുടെ വരവ് കണ്ടു ഉമ്മച്ചിയുമ്മാ താടിക്ക് കൈ കൊടുത്തു.... ശ്രീനന്ദ സാധനങ്ങൾ താഴെ വെച്ച് ഇത്തിരി വെള്ളം കുടിച്ചു... അവിടെ എല്ലാം ഉണ്ടല്ലോ...? " " അതൊക്കെ വേലു നട്ടുപിടിപ്പിക്കുന്നതാ.... പാകയാൽ ഓന് അത് കടയിൽ കൊണ്ടു കൊടുത്തു പൈസ കൊണ്ടു തരും.... " നന്ദ അടുക്കളയിൽ കയറി പാത്രങ്ങൾ എടുത്തു അവിയലും ഉപ്പേരിക്കും അരിഞ്ഞു പാത്രത്തിലാക്കി.... മത്തകറിയും സാമ്പാറും.... കുപ്പിയിൽ നിറച്ചു വെച്ച പപ്പടം എടുത്തു കാച്ചി.... എല്ലാം ആയതു ഉച്ചയായി.... അമീറിനെ കാത്തിരിന്നു... എന്തിന് എന്ന് പോലുമറിയാതെ... ഒരിക്കൽ തനിക്ക് നല്ല ഭക്ഷണം തന്നവനാണ്... അവന് വേണ്ടി എന്തൊക്കെയൊ വെച്ചുണ്ടാക്കി കൊടുക്കാൻ തോന്നി അവൾക്ക്..... ഉച്ചയായിട്ടും അവനെ കണ്ടില്ല..... ഉമ്മച്ചിയുമ്മക്കൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തോട് പോലും വിരക്തി തോന്നി അവൾക്ക്.... വെറുതെ ഇരുന്നു ബോറടി തുടങ്ങിയപ്പോൾ ശ്രീനന്ദ ആ വീട് എല്ലാം അടിച്ചു വാരി വൃത്തിയാക്കി... അലങ്കോലമായി കിടന്ന സാധനങ്ങൾ അടുക്കി വെച്ച്.... എന്നിട്ടും ക്ഷീണം തോന്നാതെ ടേബിളും കസേരയുമെല്ലാം സ്ഥലം മാറ്റി വൃത്തിയിൽ ഹാള് സെറ്റ് ആക്കി.... മുഷിഞ്ഞു കിടന്ന അമീറിന്റെ വസ്ത്രങ്ങളെല്ലാം എടുത്തു അലക്കിയിട്ടു.... എത്ര ഒതുങ്ങിയിരിക്കാൻ ഉമ്മച്ചിയുമ്മ പറയുമ്പോഴും അവള് ഓരോന്ന് ചെയ്തു കൊണ്ടിരുന്നു..... എല്ലാം കഴിഞ്ഞു കുളിച്ചു വന്നപ്പോൾ സന്ധ്യയായിരുന്നു.... അന്ന് രാത്രിയായിട്ടും അവനെ കാണാഞ്ഞത് ഉമ്മച്ചിയുമ്മയിലും നന്ദയിലും പരിഭ്രമം തീർത്തു.... ഫോൺ വിളിച്ചു കിട്ടുന്നില്ലെന്ന് ഉമ്മച്ചിയുമ്മ പറയുമ്പോൾ അത് എങ്ങനെ വിളിക്കും എന്ന് പോലും അറിയാതെ നിന്നുപോയവൾ.... ആദ്യമായി ശ്രീനന്ദ ദൈവത്തെ ഉള്ള് ഉരുകി വിളിച്ചു... അവള് കാരണം അമീറിന് ഒരാപത്തും വരല്ലേന്ന്..... കാലിന് വയ്യാത്തത് കൊണ്ട് തന്നെ നന്ദ ഉമ്മച്ചിയുമ്മയുടെ കാലിൽ തൈലം ഇട്ട് കൊടുത്തു പോയി കിടന്നോളാൻ നിർബന്ധിച്ചു.... വേദന കൂടുന്നതറിഞ്ഞതും ഉമ്മച്ചിയുമ്മ പോയി കിടന്നു.... അന്ന് ഏറെ വൈകി ഗേറ്റ് കടന്നു വരുന്ന അമീറിന്റെ വണ്ടിയുടെ വെട്ടം കാണെ ശ്വാസം വീണിരുന്നവൾക്ക്... " എവിടെ ആയിരുന്നു ഇത്‌ വരെയും.... " പരിഭവവും ആധിയും കലർന്ന ശബ്ദം.... ഇതുവരെ കാണാത്ത ഭാവമായിരുന്നു അവൾക്ക്................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story