നിശാഗന്ധി: ഭാഗം 29
Sep 21, 2024, 10:08 IST

രചന: ദേവ ശ്രീ
" എവിടെയായിരുന്നു ഇതുവരെയും.... " പരിഭവവും ആധിയും കലർന്ന ശബ്ദം.... ഇതുവരെ കാണാത്ത ഭാവമായിരുന്നു.... " ഇന്ന് അക്കുന്റെ കൂടെ ഇത്തിരി ദൂരെ പോകേണ്ടി വന്നു...." " എങ്കിൽ പറഞ്ഞു പൊക്കൂടെ.... ". ആ വാക്കുകളിൽ അവന്റെ കണ്ണുകളൊന്ന് തിളങ്ങി.... " അതല്ല... ഉമ്മച്ചിയുമ്മാ ഇപ്പോഴാണ് ഒന്ന് കിടന്നത്... ഇത്രേം നേരം നോക്കിയിരിക്കുവായിരുന്നു..... " അമീറിന്റെ കണ്ണിൽ തടഞ്ഞത് അവളുടെ കഴുത്തിലെ മഹറായിരുന്നു.... " കെടന്നെങ്കിൽ വിളിക്കണ്ട... നീ പോയി കിടന്നോ... " അമീർ അവളിൽ നിന്നും നോട്ടം മാറ്റി പറഞ്ഞു... " ഭക്ഷണം വേണ്ടേ....? " " മ്മ്... എനിക്കൊന്നു കുളിക്കണം... ഞാൻ എടുത്തു കഴിച്ചോളാം... " അമീർ അകത്തേക്ക് കയറിയതും അകത്തളത്തിലെ വ്യത്യാസങ്ങളിൽ ആകെയൊന്നു നോക്കി... പിന്നെ പുഞ്ചിരിയോടെ അകത്തേക്ക് നടന്നു.... നന്ദയിലും ആ ചിരി നിറഞ്ഞു.... അവൾ ഭക്ഷണങ്ങളെല്ലാം ചൂടാക്കി എടുത്തു.... " നിനക്ക് കിടക്കാമായിരുന്നില്ലേ...? " . മറുപടിയായി അവളൊന്നു പുഞ്ചിരിച്ചു..... ടേബിളിൽ നിരത്തി വെച്ച പാത്രങ്ങൾ കാണെ അവന്റെ കണ്ണുകൾ അതിലൂടെയെല്ലാം ഓടി.... പ്ലേറ്റിൽ വിളമ്പി വെച്ച ചോറും ഉപ്പേരിയും അവിയലും മത്തക്കറിയും കാണെ അവന്റെ ഉള്ളൊന്ന് കുളിർത്തു.... " ഇന്ന് എന്താ വിശേഷം.. വിഭവങ്ങളൊക്കെ......? " " വെറുതെ ഉണ്ടാക്കിയതാണ്.... " കണ്ണുകൾ അവളിലേക്ക് പാറി വീഴാതിരിക്കാൻ ശ്രമിച്ചവൻ.... " അമീറിന് എന്താ ജോലി... " ശ്രീനന്ദ ചോദിച്ചു.... ഇവിടെ വന്നതിൽ പിന്നെ ആദ്യമായാണ് അവൾ അടുത്തിരിക്കുന്നതും സംസാരിക്കുന്നതും..... " എനിക്ക് പ്രത്യേകിച്ച് ഒന്നുമില്ല.... " പറയുമ്പോൾ അമീറൊന്നു ചിരിച്ചു..... പിന്നീട് സംസാരങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.... എങ്കിലും സെലിനോട് എന്നത് പോലെ അമീറിനോടും അവൾക്ക് മാനസിക അടുപ്പം ഉണ്ടായിരുന്നു..... ✨✨✨✨✨✨ "എപ്പഴാ കറക്കം ഒകെ കഴിഞ്ഞു വന്നതവൻ ....?" " പതിനൊന്നു മണിയായി.... " ദോശ കല്ലിൽ മാവ് ഒഴിക്കുന്നതിനിടെ പറഞ്ഞവൾ... ചട്ട്ണിയും ചമ്മന്തിയും സാമ്പാറും പാത്രത്തിലാക്കിയവൾ... " ഉമ്മച്ചിയുമ്മാ ഞാൻ ഇറങ്ങി.... " അമീർ അടുക്കള വാതിൽ ഒന്ന് എത്തി നോക്കി പറഞ്ഞു... " അയ്യോ... ചായ... " ശ്രീനന്ദ വെപ്രാളത്തോടെ പറഞ്ഞു... വേണ്ടെന്ന് പറയാൻ തുടങ്ങിയെങ്കിലും അവളുടെ മുഖത്തു നോക്കി പറയാൻ തോന്നിയില്ലവന്... " ഇതെന്താ പുതിയ പതിവൊക്കെ..... " പറയുകയും ഒരു പ്ളേറ് എടുത്തു ചുട്ട് വെച്ച ദോശയിൽ നിന്നും രണ്ടെണ്ണം എടുത്തു പ്ളേറ്റിലിട്ട് ഇത്തിരി സാമ്പാറും ചട്നിയും ചമ്മന്തിയും ഒഴിച്ച് അതിലേക്ക് ദോശ പൊട്ട് മുക്കി കഴിച്ചവൻ.... " യ്യ് ഇതെങ്ങോട്ടാ... അന്റെ കറക്കം വല്ലാണ്ട് കൂടണ്ട്... ". അമീർ ദോശ വായയിൽ വെച്ച് ഒന്ന് പുഞ്ചിരിച്ചു... നന്ദ കൊണ്ടു വന്ന കട്ടനൊന്ന് മുത്തി.... " ഇങ്ങള് ന്റെ കെട്ട്യോളെ കൊണ്ടു അടിമ പണി ചെയ്യിപ്പിക്കുന്നുണ്ടോ...? " അമീർ ഉമ്മച്ചിയുമ്മയെ ദേഷ്യം പിടിപ്പിക്കാനെന്ന പോലെ ചോദിച്ചു.... " ഇയ്യ് പോടാ ഹംകേ... " ഉമ്മച്ചിയുമ്മ കൈ ഓങ്ങി... നന്ദക്ക് ഇഷ്ട്ടമാണ് ഇവരുടെ സംസാരം കേട്ടിരിക്കാൻ.... രണ്ടുപേരും ജോളിയായാണ് സംസാരിക്കുന്നത്.... പക്ഷെ അന്നേരം ഉടക്കിയത് അമീറിന്റെ ഇന്റെ കെട്ട്യോള് എന്ന വാക്കാണ്.... ഉള്ളിലെവിടെയോ മഞ്ഞു വീണ സുഖം... ഹേയ്... അവൻ സ്വപ്‌നത്തിൽ പോലും അങ്ങനെ കരുതി കാണില്ല..... അഭയം തന്നവരാണ്.... " എടാ ചെറുക്കാ... ഇയ്യ് ആ നാരായണനോട് പറഞ്ഞു ഇത്തിരി പാല് ഇവിടെ തരാൻ പറ... " ഉമ്മച്ചിയുമ്മാ പറഞ്ഞു... " അതിന് കാശാര് കൊടുക്കും....? " കൈ കഴുകുന്നതിനിടെ ചോദിച്ചവൻ.... കൂർത്ത നോട്ടമായിരുന്നു മറുപടി.... " ഓഹ് കൊച്ചുഗള്ളി... ഇനി ഈ വയസാംകാലത്തു പാല് കുടിക്കാഞ്ഞിട്ടാ... " അമീർ ആ ചുക്കി ചുളിഞ്ഞ കവിളിൽ ഒന്ന് വലിച്ചു വിട്ടു..... " ഞാൻ ഇറങ്ങി.... " അമീർ ബാഗ് പുറത്തിട്ടു വണ്ടിയിൽ കയറി.... വെറുതെ ഒന്ന് ഉമ്മറത്തേക്ക് നോക്കി.... കോലായിൽ നന്ദ... " ദോശ സൂപ്പറായിരുന്നു... " അമീർ വിളിച്ചു പറഞ്ഞതും നന്ദ തലയാട്ടി... " വേഗം വരാം.... " അത് പറഞ്ഞു പോകുന്നവനെ കാണെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.... "നമ്മക്ക് കഴിക്കാനുള്ള ആയാൽ നിർത്തിക്കോ.... ബാക്കി വേണേൽ നാളെ ചുടാം....." "ഇന്നലെത്തെ അവീലില്ലെ... സാമ്പാറും... അത് മതി... ഇനി വേണേൽ കൂട്ടീന്ന് നാലു മൊട്ടയെടുക്കാം..." ചായ കുടി കഴിഞ്ഞതും അടുക്കളയിൽ പാത്രം കഴുക്കുന്നവളെ നോക്കി പറഞ്ഞു.... നന്ദ അതിന് തലയാട്ടി.... പാത്രം കഴുകി അടിച്ചു തുടച്ചു ഇട്ട് ചോറും വാർത്തു ഉമ്മച്ചിയുമ്മക്ക് കളിക്കാനുള്ള വെള്ളവും ചൂടാക്കി ബാത്‌റൂമിൽ വെച്ചു.... " ഇയ്യ് ഇങ്ങനെ എടങ്ങേറാവണ്ട കുട്ട്യേ... ഞാൻ പയ്യെ ചെയ്‌തോളാം.... " " സാരമില്ല... ഞാൻ തൈലം തേച്ചു തരാം.... " ആ കുപ്പി കൈയിൽ വാങ്ങി അവരുടെ മുതുകിലൂടെയും കാലിലും കൈയിലും ഇട്ട് കൊടുത്തവൾ.... അവർക്ക് ആ പെണ്ണിനോട് വല്ലാത്ത സ്നേഹം തോന്നി.... വല്ലാത്തൊരു നിറവ്...... ഉമ്മച്ചിയുമ്മാടെ അലക്കാനുള്ളതെല്ലാം വാരി എടുത്തവൾ പുറത്തേക്ക് ഇറങ്ങി..... അവർ അലക്കി എടുക്കാം എന്ന് പറഞ്ഞിട്ടും കേട്ടില്ലവൾ..അമീറിന്റെ ബനിയനും ഷോർട്ട്സും ഷർട്ടും ജീൻസും എടുത്തവൾ.... " അതെല്ലാം ഓൻ കഴുകും ന്റെ പെണ്ണെ.... " ഉമ്മച്ചിയുമ്മാ ശ്വാസിച്ചു.... അതിന് മറുപടിയായി ഒന്ന് ചിരിച്ചവൾ.... അലക്കലും വിരിക്കലും കുളിയും കഴിഞ്ഞു ശ്രീനന്ദ മുടി വിടർത്തി കോലായിൽ ഉമ്മച്ചിയുമ്മക്കൊപ്പം വന്നിരുന്നു.... നീളം ഉണ്ടെങ്കിലും ഉള്ളില്ലാത്ത മുടിയിൽ നിന്നും വെള്ളം ഇറ്റ് വീണിരുന്നു.... 🌕🌕🌕🌕🌕🌕🌕 തങ്ങളുടെ ഊഴം കാത്തിരിക്കുന്ന മഹേശ്വരിമ്മയിലും മഹിയിലും വല്ലാത്തൊരാത്മ വിശ്വാസം നിറഞ്ഞു.... ഇന്ന് വിധി വരുന്ന ദിവസമാണ്... ആ മൂന്നേക്കർ ജാഗ്നാഥന്റെ പേരിലേക്ക് മാറ്റി ഏഴുതാനുള്ള വിധി.... എല്ലാം കീഴടക്കിയ ഭാവത്തിൽ രണ്ടുപേര്.... പക്ഷേ അന്നേരവും മഹേശ്വരിയമ്മയുടെ ഉള്ളിൽ ആശങ്കയായിരുന്നു... നിധി പുറത്തെടുക്കാൻ അവൾക്കേ കഴിയൂ... ശ്രീനന്ദക്ക്.... കേസ് വിളിച്ചതും മഹേശ്വരിയമ്മ കയ്യിൽ കരുതിയ കടലാസ്സിലെക്ക് നോക്കി.... കടലാസ്സിൽ അബ്ദുൽ റഹ്മാന്റെ മരണ ശേഷം അവകാശികളായി മറ്റാരുമില്ലാത്ത സ്ഥിതിക്ക് അത് വാങ്ങിയ ആൾക്ക് തന്നെ ഉടമസ്ഥനായി തുടരാം എന്നും അതിന്റെ പൂർണ അവകാശം മേലെപ്പാട്ടുക്കാർക്കും ആണെന്ന് എഴുതി ചേർത്തിയ മുദ്രപേപ്പറിലേക്ക് നോക്കി.... ഇത്രേം കാലം കേസ് വിളിച്ചിട്ടും അറക്കലിൽ നിന്നും ആരും വരാത്തത് കൊണ്ട് തന്നെ അവരുടെ വക്കീലിന്റെ നിർദ്ദേശ പ്രകാരം എഴുതി ചേർത്തിയതായിരുന്നത്.... വിജയം കൈവരിച്ചവരെ പോലിരിക്കുന്ന മഹാദേവനും അമ്മയും..... " എതിർ ഭാഗത്ത് ആരെങ്കിലും ഉണ്ടോ....? " ആ ശബ്ദം മുഴങ്ങിയതും അമീർ ഇത്തിരി മുന്നോട്ട് കയറി നിന്നു... ഇന്നലെ പോയി കണ്ട വക്കീൽ പറഞ്ഞത് പോലെ അബ്ദുൽ റഹ്മാൻ സാഹിബിന്റെ സകല രേഖകളും ഇന്നലെ പഞ്ചായത്തിൽ പോയി സെക്രട്ടറിയുടെ കയ്യിൽ നിന്നും ബന്ധം തെളിയിക്കുന്ന രേഖകളും എല്ലാം അമീർ കോടതിയിൽ ഹാജരാക്കി.... വെള്ളിടി വെട്ടിയ പോലെ രണ്ടുപേര്.... ഒരിക്കലും അമീറിന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു നീക്കം സ്വപ്‌നത്തിൽ പോലും കണ്ടില്ലവർ.... എല്ലാം താളം പിഴച്ചു.... തങ്ങളായി തന്നെ അവന് എല്ലാം നേടി കൊടുത്തു എന്ന ചിന്ത രണ്ടു പേരിലും ദേഷ്യവും പകയും നിറച്ചു.... കോടതി മുറിയിൽ നിന്നും ഇറങ്ങി പോകുന്നവരെ കാണെ ഇന്നോളം തോന്നാത്ത ആത്മനിർവൃതി തോന്നിയവന്... ഉപ്പൂപ്പാടെ സ്വപ്നം... ഉമ്മച്ചിയും വാപ്പച്ചിയും ഇല്ലാണ്ടായത് ഇതോണ്ടായിരുന്നോണ്ട് ദേഷ്യമായിരുന്നു അതിനോട്.... എന്നാൽ തന്റെ പെണ്ണ് അനുഭവിച്ചതും ഉമ്മച്ചിക്കും വാപ്പച്ചിക്കും ഉപ്പൂപ്പാക്കും വേണ്ടി ഇതെങ്കിലും ചെയ്യണം എന്ന് മനസ് പറഞ്ഞു... എല്ലാവരെയും ദ്രോഹിച്ചു, എല്ലാവരുടെയും കണ്ണീര് കണ്ടു അവർ മാത്രം വിജയിക്കണ്ട എന്ന് തോന്നി.... കോടതിയിൽ നിന്നും ഉടമസ്താവകാശവും കൂപ്പ് തുറന്നു പ്രവൃത്തിക്കാനുള്ള അനുമതിയും കൊടുത്ത രേഖകളും തിരികെ വാങ്ങി ഇറങ്ങുമ്പോൾ വല്ലാത്തൊരു നിറവ് തോന്നിയവന്..... 🌕🌕🌕🌕🌕🌕🌕🌕 തൊടിയിൽ നിന്നും പറിച്ചെടുത്ത മുരിങ്ങയിലയും കറി വേപ്പിലയും ചെമ്പരത്തിയും കഞ്ഞുണ്ണിയും ഇട്ട് എണ്ണ കാച്ചുകയായിരുന്നു ഉമ്മച്ചിയുമ്മ.... അതെല്ലാം മൂത്തു വരുമ്പോഴുള്ള മണം ആസ്വദിച്ചങ്ങനെ നിന്നു.... കാച്ചെണ്ണയുടെ സുഗന്ധം..... "നാളെ വേലു വരുകയാണേൽ ആ കൊപ്രയും വിറകും പൊളിക്കാൻ പറയണം...." ഉമ്മച്ചിയുമ്മ നന്ദയോട് പറഞ്ഞു... " ഞാൻ പൊളിക്കാം ഉമ്മച്ചിമ്മാ... " " ദേ പെണ്ണെ ഒറ്റ വീക്ക് അങ്ങ് തരും ഞാൻ... ഒര് മനുഷ്യന് ചെയ്യാവുന്ന ജോലികളിൽ ഒരു പരിധിയൊക്കെണ്ട്... ഇങ്ങനെ പേറികൊണ്ടിരിക്കണ്ട.... " " അതൊക്കെ ശീലായി പോയി ഉമ്മാ... വെറുതെ ഇരിക്കുന്നത് ഒരു മടുപ്പാണ്".... അടുക്കളയിലെ ഷെൽഫിലിരിക്കുന്ന പഴയ മോഡൽ കീപാഡ് ഫോൺ റിങ് ചെയ്തതും ശ്രീനന്ദ അതെടുത്തു ഉമ്മച്ചിയുമ്മാടെ കയ്യിൽ കൊടുത്തു.... " ഉമ്മച്ചിയുമ്മോയ്....." കാൾ എടുത്തതും ഒരു നീട്ടി വിളിയായിരുന്നു.... " ചെവി പൊളിക്കോ ന്റെ... ന്താ അന്റെ വർത്താനം....?" " സുഖം... ഇങ്ങക്ക് പുതിയ പേരമ്മക്കളെ കിട്ടിയപ്പോ ഞമ്മളെ പിടിക്കണില്ലേ.... " ചിരിയോട് കൂടി അസ്മി പറഞ്ഞു... " ഇയ്യ് ന്നെ ഇത് പറയണം... നാത്തൂൻ പോര് എടുക്കോ..... അതൊരു പാവം പിടിച്ചതാണ്...." " ആ ഇപ്പൊ ഇങ്ങക്ക് ഓളെ മതിന്ന്... ആഹാ... ഇങ്ങള് എന്താ ചെയ്യണത്...? " " ഞാൻ ഓൾക്ക് കൊറച്ചു എണ്ണ കാച്ചാ... " " അമ്പമ്പോ.... അമീർ ഉണ്ടോ അവിടെ...? " " ഇല്ല... " " ആഹാ ഓൻ വന്നാൽ വീഡിയോ കാൾ ചെയ്യിൻ... എനിക്ക് കാണാലോ... " പിന്നെയും നീണ്ടു പോയി സംസാരങ്ങൾ...... നല്ലൊരു കേൾവിക്കാരിയായിരുന്നവൾ................തുടരും....