നിശാഗന്ധി: ഭാഗം 30
Sep 21, 2024, 22:52 IST

രചന: ദേവ ശ്രീ
ഉച്ചഭക്ഷണം കഴിഞ്ഞു ഉമ്മച്ചിയുമ്മാ കിടക്കാൻ പോയതും കിടത്തം ശീലമില്ലാത്തത് കൊണ്ടു ശ്രീനന്ദ മുറ്റത്തൂടെ വെറുതെ നടന്നു.... അങ്ങിങ്ങായി മുരടിച്ചു നിൽക്കുന്ന ചെടികൾ... പിറക് വശത്ത് പോയി വെട്ടരിവാളും കൈകോട്ടും എടുത്തു കൊണ്ടു വന്നു... കാലി ചട്ടികൾ എടുത്തു മാറ്റി... അവിടെ നിറഞ്ഞു നിന്ന പുല്ലെല്ലാം വെട്ടി മാറ്റി കളഞ്ഞു... ചിലതെല്ലാം പറിച്ചെടുത്തു.. ആകെയൊന്നു ചെത്തി എടുത്തവൾ..... വീണ്ടും മുറ്റത്തു കാലി ചട്ടികൾ നിരത്തി... മുരടിച്ചു നിന്ന ബോഗൻ വില്ലയുടെയും റോസിന്റെയും കുറ്റിമുല്ലയുടെയും തണ്ട് വെട്ടി വേറെ വേറെ കുഴിച്ചിട്ടു... അതിന് ചുവട്ടിൽ നന്നായി മണ്ണിട്ട് കൊടുത്തു..... " എന്റെ പെണ്ണെ... അതൊക്കെ അവിടെ കെടന്നോട്ടെ... അന്റെ കയ്യും കാലും വെറുതെ ഇരിക്കില്ലേ...? " ഉമ്മച്ചിയുമ്മാ കോലായിൽ വന്നിരുന്നു.... " ഇതുവരെ ഞാനൊന്ന് കൊതിച്ചിട്ടുണ്ട് ഉമ്മച്ചിമ്മാ ഒരിത്തിരി നേരമൊന്നു ഇരിക്കാൻ കഴിഞ്ഞെങ്കിലെന്ന്.... പക്ഷേ അന്നൊന്നും അതിന് കഴിഞ്ഞില്ല.... ആദ്യമായാണ് ഞാൻ ഓരോ ജോലിയും അത്രേം സന്തോഷത്തിൽ ചെയ്യുന്നത്... ഞാൻ എന്ത് എത്ര നല്ല വൃത്തിക്ക് ചെയ്തു കൊടുത്താലും അതിന് കുറ്റമേ ഉണ്ടാകൂ.... എല്ലാത്തിനും ചീത്തയും അടിയും.... ഓരോ പണിയും കഴിയുമ്പോ പേടിയാണ്.... ഇവിടെ വന്നതിൽ പിന്നെ ചെയ്യുന്നതിലെന്തിലും സന്തോഷമാണ്..... ചെയ്യാൻ നല്ലൊരു ഉഷാറും.... ചായ ഇപ്പൊ തരാട്ടോ... " നന്ദ കൈയിലെ മണ്ണും കൈകോട്ടും എല്ലാം കഴുകി എടുക്കുന്നതിനിടെ പറഞ്ഞു.... . "ഇങ്ങനെ ഒരു പെണ്ണ്...." കോലായിൽ ഇരുന്നു കട്ടൻ ചായ കുടിക്കുമ്പോഴാണ് അമീറിന്റെ ബൈക്ക് വരുന്നത്..... ശ്രീനന്ദ എഴുന്നേറ്റു... " ഇങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ കെട്ട്യോളെ കൊണ്ടു അടിമ പണി ചെയ്യിക്കരുതെന്ന്.... " മുറ്റത്തേക്ക് നോക്കി കൊണ്ടു കപട ദേഷ്യത്തിൽ പറഞ്ഞവൻ.... ഉമ്മച്ചിയുമ്മായുടെ കണ്ണുകൾ നന്ദയിലെത്തിയതും അവൾ മുഖം കുനിച്ചു കളഞ്ഞു....... അമീർ കാലിലെ ചെരുപ്പ് ഊരി വെച്ച് ആ വൃദ്ധക്കരികിൽ വന്നിരുന്നു.... " ഉമ്മച്ചിയുമ്മോ.... " അവരുടെ മുതുകിലേക്ക് മുഖം ചേർത്ത് വിളിച്ചവൻ... " എന്താടാ... എന്തെ ന്റെ കുട്ടിക്ക്.... " അവൻ ബാഗ് തുറന്നു അതിൽ നിന്നും എടുത്ത കടലാസ് കെട്ടുകളിലേക്ക് നോക്കി നിന്നാ വൃദ്ധ.... " എന്താത്....? " അവരുടെ കൈ ഒന്ന് വിറച്ചു..... കൂപ്പിന്റെ ആധാരവും മറ്റു രേഖകളും.... "ഇന്നായിരുന്നു കോടതി വിധി... അത് നമ്മക്ക് അനുകൂലമായി... ഇനി അതെല്ലാം നമ്മടെ സ്വന്തമാണ്....." അമീർ സന്തോഷത്തോടെ അവരെ നോക്കി.... കണ്ണുകൾ ഈറനായെങ്കിലും അത് പൊഴിയാൻ സമ്മതിച്ചില്ലവർ..... " മേലെപ്പാട്ടുക്കാരുടെ പതനമാണ്... ഇയ്യ് സൂക്ഷിക്കണം അമ്യേ.... " ആ വൃദ്ധ ആകുലപ്പെട്ടു.... " ഞാനാ കൂപ്പ് തുറക്കാൻ തീരുമാനിച്ചു നബീസോ.... " വല്ലാത്തൊരു ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ.... "അത് മരക്കച്ചോടം ആണ് അമ്യേ... അനക്ക് അതെ കുറിച്ച് എന്തറിയാം...? അറിയാത്ത പണിക്ക് ഒന്നും നിക്കണ്ട... ഇയ്യ് അത് വിക്കാൻ നോക്ക്... എന്നിട്ട് വല്ല കടയും ഇടാം...." "ഞാൻ ഇന്നലെ ഹമീദ്ക്കാനെ കണ്ടിരുന്നു... ഇക്കയും കൂടെ ഉണ്ടാകും... എനിക്ക് ഉറപ്പ് ഉണ്ട്... ഇത്തവണ നമ്മൾ വിജയിക്കുക തന്നെ ചെയ്യും...." " അതിന് അത്രേം പണോക്കെ എവിടുന്നാ...? ഒരുപാട് കാശ് വേണ്ടേ... " നബീസുമ്മാ ആധിയോടെ പറഞ്ഞു.... " വേണം... തല്ക്കാലം അത് ലോൺ വെച്ചെടുക്കാം.... " അതിനോട് അവർക്ക് താല്പര്യമുണ്ടായിരുന്നില്ലെങ്കിലും അവന്റെ ആ ആഗ്രഹത്തിന് തടസം നിൽക്കാൻ തോന്നിയില്ല അവർക്ക്..... അവൻ കടലാസെല്ലാം ഉമ്മച്ചിയുമ്മാടെ കയ്യിൽ കൊടുത്തു അകത്തേക്ക് നടന്നു.... രാവിലെ വലിച്ചു വാരിയിട്ട് പോയ മുറിയാണ്... രണ്ടു ദിവസത്തേ അലക്കാനും കാണും... മടുപ്പോടെയവൻ മുറിയിലേക്ക് കയറി.... നീറ്റ് ആൻഡ് ക്ലീൻ ആയി കിടക്കുന്ന മുറി... കാലങ്ങൾക്ക് ശേഷമാണ് ആ മുറിക്ക് ഇത്രേം വൃത്തിയെന്ന് തോന്നി... ബെഡ് ഷീറ്റ് മാറ്റി വിരിച്ചിട്ടുണ്ട്.... തുണികൾ എല്ലാം മടക്കി കട്ടിലിന്റെ അറ്റത്തു വെച്ചതിലൂടെ വെറുതെ വിരലോടിച്ചവൻ..... വല്ലാത്തൊരു നിറവ് തോന്നിയവന്... ചുറ്റും പൂമ്പാറ്റകൾ പ്രണയ പൂമ്പൊടി വിതറും പോലെ.... അവളോട് വല്ലാത്തൊരു ഇഷ്ട്ടം..... ആ ബെഡിലേക്ക് മുഖം പൂഴ്ത്തി കിടക്കുമ്പോൾ അവന്റെ വെള്ളാരം കണ്ണുകൾ പതിവിലും തിളങ്ങി..... പിന്നീടുള്ള ദിവസങ്ങളിൽ ശ്രീനന്ദ പൂർണമായി ആ വീട്ടിലെ ഒരംഗമായി മാറിയിരുന്നു.... ഉമ്മച്ചിയുമ്മായുടെ പ്രിയപ്പെട്ടവൾ.... അസ്മിയുമായി വീഡിയോ കാളിലൂടെ പരിചയപ്പെട്ടു.... അമീർ ലോണിന്റ നടപടി ക്രമങ്ങളിലായിരുന്നു.... അതിന് വേണ്ട കടലാസുകളും മുദ്ര പേപ്പറും എല്ലാം ശരിയാക്കിയവൻ.... അറുപതു ലക്ഷത്തിനായിരുന്നു ലോൺ..... കൂപ്പിലേക്ക് ഒരു ലോറിയും ഒരാനയും പുതിയ മെഷീനുകളും വാങ്ങി അത് തുറക്കാൻ അത്ര വലിയൊരു തുക ആവശ്യമായിരുന്നു.... %%%%%%%%%%%% " ഇയ്യും കൂടി പോര്.... " മുറ്റത്തു നട്ട ചെടികൾക്ക് വെള്ളമൊഴിച്ചു കൊടുക്കുന്ന ശ്രീനന്ദയെ നോക്കി ഉമ്മച്ചിയുമ്മാ പറഞ്ഞു.. " ഞാൻ വന്നിട്ട് എന്തിനാ ഉമ്മച്ചിമ്മാ... നിങ്ങള് രണ്ടു പേരും കൂടി പോയി വരുമ്പോഴേക്കും ഞാൻ ഉച്ചത്തേക്കുള്ളത് എല്ലാം ശരിയാക്കാം.... " ശ്രീനന്ദ ഓസ് താഴെയിട്ട് പൈപ്പ് അടച്ചു കൈ ഇട്ട തുണിയിൽ തുടച്ചു അവരുടെ അടുത്തേക്ക് നടന്നു.... അമീർ കാറുമായി വന്നതും ഉമ്മച്ചിയുമ്മയെ അതിലേക്ക് കയറ്റിയിരുത്തിയവൾ..... " നീ വരുന്നില്ലേ...? " അകത്തു നിന്നും കടലാസുകൾ എടുത്തു വരുന്നവൻ ചോദിച്ചു..... " ഞാനില്ല.... നിങ്ങള് പോയി വരിൻ... " ശ്രീനന്ദ പറഞ്ഞതും അമീറിന്റെ മുഖം വാടി.... " ബാങ്കിലെ നടപടി ക്രമങ്ങൾ കഴിയാൻ സമയമെടുക്കും.... അതുവരെ നീ ഒറ്റക്ക് എങ്ങനെ... നീ വേഗം റെഡിയായി വാ...." അമീറിന്റെ മനസ് വല്ലാതെ അസ്വസ്ഥമായി..... " ഞാൻ കതക് അടച്ചു ഇവിടെ ഇരുന്നോളാം... " ശ്രീനന്ദ ആത്മവിശ്വാസത്തോടെ പറഞ്ഞു..... കാർ മുറ്റത്തു നിന്നു അകലുന്നത് വരെയും അവളുടെ കണ്ണുകൾ പിൻവലിച്ചില്ല..... 🍃🍃🍃🍃🍃🍃 " മഹേശ്വരിയമ്മേ.... " ഗംഗാധരൻ മേലെപ്പാട്ട് വന്നു നീട്ടി വിളിച്ചു..... " എന്ത് വേണം....? " വളരെ പ്രൗഡിയോടെ ഇറങ്ങി വരുന്ന സ്ത്രീയുടെ ഗൗരവമേറിയ ശബ്ദം.... " പറമ്പിലെ ആദായം ഇതുവരെ ഞങ്ങളായിരുന്നു എടുത്തിരുന്നത്.... ആകെയുള്ള വരുമാന മാർഗം അതെയുള്ളൂ... അതിപ്പോ പെട്ടൊന്ന് എടുക്കണ്ടേ ന്ന് പറഞ്ഞാൽ വയറ്റിപെഴപ്പ് മുട്ടി പോകും...." ഗംഗാധരൻ തൊഴുകയ്യോടെ പറഞ്ഞു.... " നിങ്ങള് ഇവിടുത്തെ ബന്ധുക്കാര് ആവോണ്ട് എടുത്തോളാൻ പറഞ്ഞതാണ്... ഇപ്പൊ ആ ബന്ധമില്ലല്ലോ..." കട്ടിയുള്ള ശബ്ദത്തോടെ പറഞ്ഞവർ..............തുടരും....