നിശാഗന്ധി: ഭാഗം 34
Sep 25, 2024, 22:45 IST

രചന: ദേവ ശ്രീ
ഉമ്മച്ചിയുമ്മ കോരി കൊടുത്ത കഞ്ഞിയും കുടിച്ചു ശ്രീനന്ദ റൂമിലേക്ക് പോയി.... ലൈറ്റ് അണച്ചതും വല്ലാത്തൊരു ഭയം മൂടിയവളെ.... വീണ്ടും മഹി വരുമെന്നും തന്നെ പിടിച്ചു കൊണ്ടു പോകുമെന്നും തോന്നി.... അയാൾ തന്നെ ഉമ്മ വെച്ചതാണ്.... ശ്രീനന്ദയുടെ ഭയം ഏറി... താനും മീനാക്ഷിയെ പോലെ.... അവളുടെ കൈകൾ വയറിലേക്ക് നീണ്ടു..... ഉറക്കം കിട്ടാതെ കൈ വിരലുകൾ കൂട്ടി പിടിച്ചു.... ആരുടെയോ നിഴലനക്കം തോന്നുന്നു അവൾക്ക് ചുറ്റും... ശ്രീനന്ദ വേഗം ലൈറ്റ് ഓൺ ചെയ്തു... വല്ലാത്ത ദാഹം തോന്നിയവൾക്ക്... നന്നേ വിയർത്തു പോയി..... ജഗിലിന്ന് വെള്ളം കൊണ്ടു വെച്ചില്ല ... വെള്ളം കുടിക്കാൻ വെളിയിലേക്ക് ഇറങ്ങാൻ പേടി തോന്നി..... വാതിൽ മുട്ടുന്ന ശബ്ദം കേട്ടതും ശ്രീനന്ദ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു... " നന്ദ.... " അമീറാണ്..... അവൾ വേഗം വാതിൽ തുറന്നു..... " എന്തെ ഉറങ്ങിയില്ലെ....? " വിയർത്തു കുളിച്ചു നിൽക്കുന്നവളെ നോക്കി ചോദിച്ചവൻ... ചോദിക്കുന്ന കൂട്ടത്തിൽ ഫാൻ ഓൺ ചെയ്തിട്ടില്ലേയെന്ന് എത്തി നോക്കിയവൻ.... " എന്ത് പറ്റി... വിയർക്കുന്നു... " " വെള്ളം.... " അമീർ ഹാളിലെ ജഗ് അവൾക്ക് കൊണ്ടു കൊടുത്തു... " ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ....? " ആർദ്രമായ ശബ്ദം.... ഇന്നോളം കിട്ടാത്തൊരു കരുതൽ..... ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞില്ലവൾ.... " പോയി ഉറങ്ങിക്കൊ.... " അമീർ തിരിഞ്ഞു നടന്നു.... " അമീറെ..... " ശ്രീനന്ദ വിളിച്ചു... " എനിക്ക് പേടിയാവുന്നുണ്ട്... ആരോ ചുറ്റിനും ഉള്ളത് പോലെ.... " എങ്ങനെയൊ പറഞ്ഞൊപ്പിചവൾ.... " വാ.... " അവൻ റൂമിലേക്ക് കയറി.... ബെഡിലിരുന്നു... "ഉറങ്ങിക്കൊ... നീ ഉറങ്ങിയിട്ടേ ഞാൻ പോകുന്നള്ളൂ...." അമീർ പറഞ്ഞു.... ശ്രീനന്ദ വന്നു ബെഡിൽ കിടന്നു നെഞ്ചോളം പുതപ്പിട്ടു.... എങ്കിലും അവളുടെ കൂട്ടി പിണയുന്ന വിരലുകളും മുഖഭാവവും അവളുടെ ഉള്ളിലെ സംഘർഷാവസ്ഥ എടുത്തു കാണിച്ചു.... " നിനക്ക് വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ...? " അമീർ ചോദിച്ചതും ശ്രീനന്ദ അവനെ നോക്കി.... " എന്തുണ്ടെങ്കിലും എന്നോട് പറയാം.... " അവൻ ആത്മവിശ്വാസം നൽകി.... എങ്ങനെ പറയും... ഒന്ന് മടിച്ചവൾ.... ശ്രീനന്ദയുടെ കണ്ണിൽ നീർ പൊടിഞ്ഞു.... അവൾ മൂക്ക് വലിച്ചു.... "എന്തിനാ ഇപ്പൊ കരയുന്നത്... എല്ലാം കഴിഞ്ഞില്ലേ... ഇനി ഒന്നും ഉണ്ടാവില്ല... കണ്ണടച്ച് കിടന്നോ....?" ശ്രീനന്ദ ഇല്ലെന്ന പോലെ തലയാട്ടി.... " അയാൾ എന്നെ ഉമ്മ വെച്ചു.... " അവൾ ചുണ്ടുകൾ കൂട്ടി പിടിച്ചു സങ്കടം കടിച്ചമർത്തി.... " അതിന്....? അതൊക്കെ കഴിഞ്ഞില്ലേ.... ഇനിയും അതൊന്നും ഓർക്കേണ്ട..." അമീർ അവളുടെ മുടിയിൽ തഴുകി പറഞ്ഞു.... "ഞാൻ ഗർഭിണിയായാലോ....?" അമീറിന്റെ കൈകൾ നിശ്ചലമായി... എന്തൊക്കെയാണീ പെണ്ണ് പറയുന്നത് എന്ന് പോലും മനസിലാവാതെ... ഒരു പോറൽ പോലും ഏൽക്കാതെ അവളെ അവിടെ നിന്നും കൊണ്ട് വന്നെന്ന് അറിയാം... പിന്നെ എങ്ങനെ.....? " " നീ എന്തൊക്കെയാ പറയുന്നത്... അങ്ങനെ ഒന്നും ഉണ്ടാവില്ല........ " ശ്രീനന്ദക്ക് ആശ്വാസം തോന്നിയില്ല..... " അയാൾ എന്നെ രണ്ടു പ്രാവശ്യം ഉമ്മ വെച്ചു.....? " ശ്രീനന്ദ ഏങ്ങി കരഞ്ഞു.... " ഉമ്മ വെച്ചാൽ കുട്ടികൾ ഉണ്ടാവോ...? " അമീർ അറിയാതെ ചോദിച്ചു പോയി.... " ഉണ്ടാകും.... ഞാൻ എത്ര സിനിമകളിൽ കണ്ടിരിക്കുന്നു..... " അമീറിന് ആശ്വാസം തോന്നി... ഈ പൊട്ടി പെണിനെ എങ്ങനെ പറഞ്ഞു മനസിലാക്കും.... " ഒറ്റ വീക്ക് അങ്ങ് തന്നാലുണ്ടല്ലോ... മിണ്ടാതെ കിടക്കടി... അവളും അവളുടെ ഒരു ഉമ്മയും കുട്ടികളും.... ഇതെല്ലാം ഓപ്പൺ ആയി സിനിമയിൽ കാണിക്കാൻ പറ്റൊ...... ഇനി ഇതൊക്കെ എന്താന്ന് നിന്നോട് പറഞ്ഞു തരാൻ പറ്റോ... എന്റെ ഒരവസ്ഥ.... ഞാൻ ഇപ്പൊ എന്തൊക്കെ ആലോചിച്ചു കൂട്ടി... നിന്റെ കുഞ്ഞിന്റെ പിതൃത്വം വരെ ഞാൻ ഏറ്റെടുത്തു.... പുല്ല്.... ന്റെ പൊന്നു പെണ്ണെ ഒരു ഉമ്മ വെച്ചാലൊന്നും കുട്ടികൾ ഉണ്ടാവില്ല... അതിന് ഒരു ദിവസം നൂറു ഉമ്മയെങ്കിലും വെക്കണം.... " അല്ലാതെ എന്ത് പറഞ്ഞു മനസിലാക്കും ഈ പാവത്തിനെ..... സത്യമാണോ എന്ന രീതിയിൽ അവൾ അവനെ നോക്കി... അവൻ കണ്ണുകൾ ചിമ്മി കാണിച്ചതും ശ്രീനന്ദക്ക് ആശ്വാസം തോന്നി... അമീർ പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു.... കട്ടിലിന്റെ ഹെഡ് ബോഡിൽ ചാരിയിരുന്നു പതിയെ അവളുടെ മുടിയിലൂടെ തഴുകി.... ❤️❤️❤️❤️❤️❤️❤️❤️❤️ " വിശാലേട്ടാ ഞങ്ങൾ വെറും ഫ്രണ്ട്സ് മാത്രമാണ്.... എന്നെ വിശ്വസിക്കണം...." അടിയേറ്റ കവിൾ പൊത്തി പിടിച്ചു കൊണ്ടു ശ്രീലക്ഷ്മി പറഞ്ഞു.... " കുട്ടി ടോപ്പും കുട്ടി പാവാടയും ഇട്ട് ശ്രീലക്ഷ്മിയും... ഒരു ബനിയനും ബോക്‌സറും ഇട്ട് ഷിനോയും..... "ഇവനുമായി നിന്നെ പലയിടത്തും ആളുകൾ കണ്ടെന്ന് എന്നോട് പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല.... ഇപ്പൊ നമ്മുടെ ബെഡ് റൂമിൽ വരെ ഇവൻ കയറിയെങ്കിൽ ഞാൻ എന്ത് കരുതണം..... " " എന്നെ വിശ്വാസമില്ലേ.... " ശ്രീലക്ഷ്മി അയാളുടെ കാലിൽ വീണു.... ഒരിക്കലും പിടിക്കപ്പെടും എന്ന് കരുതിയില്ല... വെറുതെ ഒരു നേരം പോക്ക്... അതിനപ്പുറം ഒന്നുമില്ല.... പക്ഷേ നേരം പോക്ക് ശരീരങ്ങൾ തമ്മിൽ കൈ മാറുന്നത് വരെയും എത്തി.... " ഇല്ല.... അലോങ്കോലമായ നിന്റെ ഈ രൂപം പറയുന്നുണ്ട് ഇവിടെ എന്തായിരുന്നെന്നു... ഞാനും എന്റെ വീട്ടുകാരും ഇല്ലാത്ത നേരത്ത് ഇവനെ ഇവിടെ വിളിച്ചു കയറ്റാൻ നിനക്ക് ധൈര്യം വന്നില്ലേ... ഇപ്പൊ ഇറങ്ങണം ഇവിടെ നിന്ന്...." " വിശാലേട്ടൻ കൈ വിട്ടാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല..... " ശ്രീലക്ഷ്മി അവസാന അടവ് പ്രയോഗിച്ചു..... " നീ മരിക്കുകയൊ ജീവിക്കുകയൊ എന്ത് വേണേലും ചെയ്‌തോ... അതൊന്നും എന്നെ ബാധിക്കില്ല... എന്റെ താലി കഴുത്തിലിട്ട് നീ ഇവന്റെ മുന്നിൽ കിടന്നു കൊടുത്തില്ലേ .... നിന്റെ പ്രണയവും സ്നേഹവും ഒന്നും സത്യമായിരുന്നില്ല.... എന്നെ ചതിക്കുകയായിരുന്നു... ഇവനുമായുള്ള നിന്റെ ചാറ്റ് എല്ലാം ഇന്നലെ രാത്രി ഞാൻ വായിച്ചതാ... ഇവൻ ഇവിടെ വരാൻ വേണ്ടി തന്നെ മനഃപൂർവം ഞാൻ മാറിയതാ..... നിനക്ക് ഡോക്ടർ രജനിയെ അറിയോ... ഗൈനക്കോളജിസ്റ്.... എന്റെ ആന്റിയുടെ സുഹൃത്താണ്.... ആന്റി നിന്റെ ഫോട്ടോ കാണിച്ചപ്പോൾ പറഞ്ഞു നിന്റെ ചേച്ചിടെ ഭർത്താവിന്റെ കുഞ്ഞിനെ അബോർഷൻ ചെയ്യാനെത്തിയ കഥ...... ഇപ്പൊ ഇറങ്ങണം.... ഇനി ഒന്നുമില്ല ഒന്നും...." ശ്രീലക്ഷ്മിക്കൊപ്പം ഷിനോയിയും അവിടെ നിന്ന് ഇറങ്ങി...... " ഷിനോയ്..... " ശ്രീലക്ഷ്മി അവസാന പ്രതീക്ഷ പോലെ വിളിച്ചു..... ഷിനോയ് മറുപടിയൊന്നും പറയാതെ പോയപ്പോഴാണ് ശ്രീലക്ഷ്മി ചെയ്തു കൂട്ടിയ തെറ്റുകളുടെ ആഴം മനസിലാക്കിയത്.... വീട്ടിലേക്ക് കയറി ചെന്നാലും ഇപ്പൊ മേലെപ്പാട്ട്ക്കാരുടെ സഹായമുണ്ട്... ജീവിക്കാൻ അത് തന്നെ ധാരാളം..... ആ ഉറപ്പിൽ തന്റെ വസ്ത്രങ്ങളും സ്വർണവും ബാങ്ക് പാസ്സ് ബുക്കും സർട്ടിഫിക്കറ്റും എടുത്തവൾ.... ഒരു നിമിഷം വിശാൽ വിളിച്ചതും ശ്രീലക്ഷ്മി തിരിഞ്ഞു നോക്കി.... " ഇത് നിനക്ക് ഒരു അധികപ്പറ്റാകും... " കഴുത്തിലെ മാലയുടെ കൊളുത്തകറ്റി മാറ്റിയവൻ.... നെഞ്ചിൽ കൊളുത്തി വലിക്കുന്ന വേദന തോന്നി.... ഒരുപാട് ആഗ്രഹിച്ചു മോഹിച്ചു നേടിയെടുത്ത ജീവിതം ഒന്നുമല്ലാതായി പോയി.... ✨✨✨✨✨✨✨✨ കുഞ്ഞുങ്ങൾക്ക് പാല് കൊടുത്തു ഉറക്കി കിടത്തി ആരോഹി ആലോചനയോടെ കട്ടിലിൽ ഇരുന്നു.... ഇനിയെന്ത്...? മുന്നിൽ ഇരുട്ട് മാത്രമാണിപ്പോൾ.... ഒരുപാട് സ്നേഹിച്ചവൻ, വിശ്വസിച്ചവൻ... അവനിൽ നിന്നും ഇങ്ങനെയൊരു ചതി സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചില്ല..... സങ്കടം വന്നു മൂടിയവളിൽ... തന്നെ സ്നേഹത്തോടെ പൊതിഞ്ഞ മഹിയെ ഓർമ പോലുമില്ല അവൾക്ക്... അതായിരിക്കും അവന്റെ പ്രണയമെന്ന് കരുതി.... അങ്ങനെ അവനു സ്നേഹം പ്രകടിപ്പിക്കാൻ അറിയൂ എന്നായിരുന്നു ധാരണ... എന്നാൽ ഇന്ന് മറ്റൊരുവളെ പുണരുന്നതും ചുംബിക്കുന്നതും കണ്ടതും ആരോഹിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.... എന്തിനാണീ സമസ്യ... എന്തിനാണ് ഈ സ്നേഹം എന്നത് മഹിയുടെ രൂപത്തിൽ ആഴത്തിൽ വേരിറങ്ങിയത്..... സീത ചേച്ചി മുടിയിൽ തഴുകുമ്പോൾ അവരുടെ വയറിൽ വട്ടം പിടിച്ചു കരഞ്ഞവൾ.... " മറ്റൊരുവളുടെ താലി അറുത്തു എന്റെ പ്രണയം നേടിയതാണ് ചേച്ചി ഞാൻ..." അവൾ എങ്ങി കരഞ്ഞു.... ആ സ്ത്രീ അവളുടെ മുടിയിലൂടെ തഴുകി.... മഹി മീനാക്ഷിയിൽ അടിമപ്പെട്ട പോലെ അവളുടെ മടിയിൽ തല വെച്ചു കിടന്നു.... മീനാക്ഷി അവന്റെ തലയിൽ നിർവികാരമായി തഴുകി.... തന്റെ മകൻ..... എവിടെയൊ ആ ഓർമകളിൽ നെഞ്ച് കൊളുത്തി വലിക്കുന്നു..... അവനെക്കാൻ സുധിയേട്ടനേക്കാൾ താൻ സ്നേഹിച്ചത് മഹിയെ ആയിരുന്നു.... എന്റെ എല്ലാ കാര്യത്തിലും വല്ലാത്തൊരു കെയറും അഭിപ്രായവും അവനുണ്ടായിരുന്നു.... മുഖം വാടിയാൽ പോലും അറിയുന്നവൻ.... എന്നാൽ സുധി ഏട്ടൻ അങ്ങനെയല്ല.... തന്റെ ഒരു കാര്യവും ശ്രദ്ധിക്കില്ല... ഒരു ഉമ്മ പോലും റൊമാന്റിക് ആയി തരാൻ അറിയാത്തവൻ.... സൗന്ദര്യം കൊണ്ടും മഹിയുടെ ഏഴയലത്തില്ല..... തന്റെ തീരുമാനം ശരിയാണെന്നു തന്നെ ഉറപ്പിക്കാൻ അവൾ വീണ്ടും താരതമ്യങ്ങൾ നടത്തി...... എന്നാൽ താനിപ്പോൾ വീണ്ടും താനൊരു അമ്മയാകാൻ പോകുന്നു.... അതും ഒരുപാട് പ്രണയം തോന്നിയവനിൽ നിന്നു... അവന്റെ നെറ്റിയിൽ ഒരുമ കൊടുത്തു മീനാക്ഷി..... 🍁🍁🍁🍁🍁🍁🍁 എഴുന്നേറ്റത് മുതൽ മനസ്സിൽ വല്ലാത്തൊരു ഉണർവ് തോന്നി അമീറിന്... അവൻ പുലർച്ചെ നിസ്‌ക്കരിച്ചു.... കുളിയും കഴിഞ്ഞു എല്ലാവരും ഉണരും മുൻപേ വീട്ടിൽ നിന്ന് ഇറങ്ങി... കൂപ്പിലേക്ക് പുതിയ മെഷീൻ വരുന്ന ദിവസമായിരുന്നു ഇന്ന്.... ആകെ മോടി പിടിപ്പിച്ചവൻ..... ആനയും ലോറിയുമായി കൂപ്പ് വീണ്ടും പ്രവർത്തിച്ചു തുടങ്ങി..... 🍁🍁🍁🍁🍁🍁🍁 " അമീർ നേരത്തെ പോയോ....? " ശ്രീനന്ദക്ക് ആകെ നിരാശ തോന്നി... എന്തോ കുഞ്ഞി വെള്ളാരം കണ്ണുകൾ കാണാൻ കൊതി.... " ഓൻ പോയി.... ഇന്ന് പുലർച്ചെ എഴുന്നേറ്റു സുബിഹി നിസ്കരിച്ചവൻ... കൊറച്ചായി നിസ്കാരം മൊടക്ക്യോനാ.... വീണ്ടും ഓന്റെ ജീവിതത്തിൽ ഒരു വെളിച്ചം ഒക്കെ വന്നു തൊടങ്ങി.... ഇക്ക് ഇപ്പൊ വല്ലാത്തൊരു സമാധാനം..... " ഉമ്മച്ചിയുമ്മാ വല്ലാത്തൊരു ഉത്സാഹത്തിൽ പറഞ്ഞു.... " അമീറെന്തെ വിവാഹം കഴിക്കാഞ്ഞേ.... " അമീറിനെ കുറിച്ചറിയാൻ വല്ലാത്തൊരു ത്വര നിറഞ്ഞവളിൽ........ " ഓന് ഒരു ഇഷ്ട്ടണ്ടാർന്ന്... ഓള് വേറെ കെട്ടി പോയി... അതോടെ ഓനാകെ തകർന്നു.... ഓൾക്ക് മഹറ് വരെ വാങ്ങിച്ചോനാ.... " ഉമ്മച്ചിയുമ്മാടെ വാക്കുകൾ ഹൃദയം നെടുകെ പിളർത്തിയവളുടെ.... മറ്റൊരാൾക്ക് വേണ്ടി അത്രേം ആഗ്രഹിച്ചും മോഹിച്ചു വാങ്ങിയതാണ് തന്റെ കഴുത്തിൽ കിടക്കുന്നതെന്ന് ഓർക്കേ ആ ലോഹം ചുട്ട് പൊള്ളിച്ചവളെ...... കണ്ണുകൾ ഈറനായി..............തുടരും....